"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

സാധുജനപരിപാലന സംഘത്തിന്റെ പതനവും പുലയര്‍ മഹാസഭയുടെ ആവിര്‍ഭാവവും - കുന്നുകുഴി എസ് മണിഊരുട്ടമ്പലം കലാപവും, അതെ തുടര്‍ന്നുണ്ടായ തൊണ്ണൂറാമാണ്ട് ലഹളയും, കൊല്ലം പെരിനാട് കലാപവുമൊക്കെ കെട്ടടങ്ങിക്കഴിഞ്ഞപ്പോള്‍ സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അയ്യന്‍കാളി കൂടുതല്‍ ബന്ധപ്പെട്ടു. തിരുവിതാംകൂറിലാകമാനം ആയിരത്തില്‍പ്പരം ശാഖകള്‍ സാധുജനപരിപാലന സംഘത്തിനുണ്ടായി. സാധുജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിലുപരി ജനങ്ങളുടെ സാമൂഹിക മുന്നേറ്റവും അയ്യന്‍കാളി ഈ സംഘടനയിലൂടെ ലക്ഷ്യമിട്ടിരുന്നു. 

ഇങ്ങനെ സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളു മായി സന്തതസഹചാരിയായ ടി.വി.തേവനുമൊത്ത് പോകുമ്പോഴായിരുന്നു വെള്ളിടിവെട്ടിയതുപോലെ പ്രജാസഭ മെമ്പറായിരുന്ന പാമ്പാടിക്കാരന്‍ ജോണ്‍ജോസഫ് എന്ന സി.എം.എസ്.സുവിശേഷകന്‍ 1921 ല്‍ തിരുവല്ല ഇരവിപേരൂരില്‍ പൊടിപ്പാറയെന്ന സ്ഥലത്ത് മതപരിവര്‍ത്തനം നടത്തിയ പുലയ ക്രിസ്ത്യാനികളുടെ യോഗം വിളിച്ചു ചേര്‍ത്ത് 'ചേരമര്‍ സംഘം' രൂപീകരിച്ചത്. ചേരമന്‍ സംഘത്തിന്റെ പിറവിയോടെ വടക്കന്‍ തിരുവിതാംകൂറിലെ സാധുജനപരിപാലനസംഘത്തിന്റെ ആദ്യപതനത്തിന് കാഹളമൂതി. സാധുജനപരിപാലന സംഘത്തിന്റെ പതനത്തെക്കുറിച്ച് വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അയ്യന്‍കാളിയുടെ ആദ്യ ചരിത്രകാരന്‍ തന്നെയാണ് അതിന് പ്രധാന കാരണക്കാരന്‍. ആ ഗ്രന്ഥം ഉപയോഗിച്ച് ചരിത്ര രചന നടത്തുന്നവരും ലേഖനം ചമയ്ക്കുന്നവരുമെല്ലാം ചരിത്രത്തിനു നിരക്കാത്ത കാര്യങ്ങളാണ് എഴുതിപ്പിടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ സത്യാവസ്ഥ തേടിപ്പിടിച്ചാണ് സ്‌തോഭജനകമായ ഈ അദ്ധ്യായം എഴുതാന്‍ ശ്രമിക്കുന്നത്. അതിന് വേണ്ടത് പാമ്പാടി ജോണ്‍ജോസഫ് ആരായിരുന്നു എന്തായിരുന്നുവെന്ന് മനസ്സിലാക്കിയിട്ടുവേണം പ്രധാന പ്രശ്‌നത്തിലെത്തേണ്ടത്.

കോട്ടയം ജില്ലയുടെ വടക്കന്‍ മേഖലയില്‍പ്പെട്ട മാഞ്ഞൂര്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ ഒരു കര്‍ഷക പുലയ കുടുംബത്തിലാണ് പാപ്പന്‍ എന്ന ജോണ്‍ ജോസഫ് ജാതനായത്. പാരമ്പര്യമായി ഹിന്ദുമതവിശ്വാസികളായിരുന്നു പാപ്പന്റെ കുടുംബം. ഈ സന്ദര്‍ഭത്തിലാണ് ഒരു കൈനോട്ടക്കാരന്‍ അവരുടെ വീടിനു സമീപം വന്നത്. അയാള്‍ കുട്ടിയെകണ്ടശേഷം മുഖലക്ഷണമായി ഇങ്ങനെ പ്രവചിച്ചതായി പറയുന്നു. 'ഇവന്‍ ജീവിതത്തില്‍ വലിയവനാകും. പ്രസിദ്ധനുമാകും. ഇവന് നല്ല വിദ്യാഭ്യാസം നല്‍കണം.' ആ കാലത്ത് അയിത്ത ജാതിക്കാരായ പുലയര്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. അയിത്തവും അനാചാരങ്ങളും കൊടികുത്തി വാഴുന്നു. എങ്ങനെയെങ്കിലും തന്റെ മകന്‍ പാപ്പനെ പഠിപ്പിക്കണം. അച്ഛനും അമ്മയും ആലോചിച്ചു. അവര്‍ പാപ്പനെയും മറ്റ് കുട്ടികളെയും കൊണ്ട് പാമ്പാടിയിലെത്തി താമസിച്ചുകൊണ്ട് അതിനുള്ള വഴി തേടി നടന്നു. ആ കാലത്ത് ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ കഴിയുമായിരുന്നു. അവര്‍ അടുത്തുള്ള ചര്‍ച്ച് മിഷന്‍ സൊസൈറ്റി വഴിക്രൈസ്തവമതം സ്വീകരിക്കുകയും പാപ്പനെ ജോണ്‍ ജോസഫ് എന്ന് പേരിടുകയും ചെയ്തു. തുടര്‍ന്ന് ചര്‍ച്ച് മിഷന്‍ സ്‌കൂളില്‍ ജോസഫിനെ ചേര്‍ത്തു. പഠിക്കാന്‍ മിടുക്കനായ ജോസഫ് ബൈബിള്‍ പഠനത്തില്‍ അതീവ താല്പര്യം കാണിച്ചു. സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ അഞ്ചുവര്‍ഷത്തെ മിഷനറി പ്രവര്‍ത്തനത്തിനായി ജോണ്‍ ജോസഫിനെ സി.എം.എസുകാര്‍ സിലോണിലേയ്ക്ക് അയച്ചു. അഞ്ചു വര്‍ഷം സിലോണില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയ ജോസഫ് കാലാവധി അവസാനിച്ചതോടെ സ്വദേശത്തേയ്ക്ക് മടങ്ങാനായി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് ഏതാനും ദിവസം തങ്ങുമ്പോഴായിരുന്നു അയ്യന്‍കാളിയെക്കുറിച്ചും, അദ്ദേഹത്തിന്റെ സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജോസഫ് കേട്ടത്. അതോടെ പാമ്പാടിയിലേയ്ക്കുള്ള മടക്കം മതിയാക്കി കുന്നുകുഴി മുടുമ്പില്‍ വീട്ടില്‍ വിശ്രമിച്ചിരുന്ന അയ്യന്‍കാളിയെ നേരിട്ടു കണ്ട് ജോസഫ് സംസാരിച്ചു. അന്ന് പ്രജാസഭ മെമ്പറെന്ന നിലയില്‍ പേരും പ്രശക്തിയുമായി കഴിയുകയായിരുന്നു അയ്യന്‍കാളി. തന്റെ സമുദായത്തിന്റെ (ഹിന്ദു-ക്രിസ്ത്യന്‍) ക്ഷേമത്തിനുവേണ്ടി ജോണ്‍ ജോസഫ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും പ്രജാസഭ മെമ്പറാക്കുന്നതിന് ഗവണ്‍മെന്റിലേയ്ക്ക് ശുപാര്‍ശ നടത്തുകയും ചെയ്യാമെന്നേറ്റു.

ഇതിനിടെ സെക്രട്ടേറിയറ്റില്‍ ചീഫ് അക്കൗണ്ടന്റ് ഓഫീസറും തമിഴ് പറയ സമുദായക്കാരനും പരിവര്‍ത്തിത ക്രിസ്ത്യാനിയുമായ ജ്ഞാന ജോഷ്വയുമായി പാമ്പാടി ജോണ്‍ജോസഫ് പരിചയപ്പെട്ടിരുന്നു. ജോഷ്വ അന്ന് താമസിച്ചിരുന്നത് ഗ്യാസ് ഹൗസ് ജംഗ്ഷന് (എ.കെ.ജി സെന്റര്‍) വടക്കുഭാഗത്ത് കുന്നുകുഴിയിലായിരുന്നു. ഇങ്ങനെ ജോഷ്വായുമായുള്ള നിരന്തര സമ്പര്‍ക്കത്തിന്റെ ഫലമായി ചേര രാജാക്കന്മാരെ സംബന്ധിക്കുന്ന രേഖകള്‍ ജോണ്‍ ജോസഫിന് സെക്രട്ടറിയേറ്റില്‍ നിന്നും ജോഷ്വ കൊണ്ടു കൊടുത്തു. അങ്ങിനെ പുലയര്‍ എന്ന് പറയുന്നവര്‍ പുലയരല്ലെന്നും അവരെല്ലാം ചേരവംശജരാണെന്നും ജോഷ്വാ ജോണ്‍ ജോസഫിനെ ധരിപ്പിച്ചു. വില്യം ലോഗന്റെ മലബാര്‍ മാന്വലും ജോഷ്വ ലൈബ്രറിയില്‍ നിന്നും എടുത്തു കൊടുത്തു. ഇതോടെ അയ്യന്‍കാളിക്കും അദ്ദേഹം രൂപം കൊടുത്ത സാധുജനപരിപാലന സംഘത്തിനും എതിരെ ഒരു ബദല്‍ സംഘടന രൂപീകരിക്കാന്‍ ജോഷ്വ പ്രേരിപ്പിച്ചു. അങ്ങിനെയാണ് തിരുവിതാംകൂറില്‍ പുലയ ക്രിസ്ത്യാനികള്‍ ഏറെയുള്ള തിരുവല്ല ഇരവിപേരൂരിലെ പൊടിപ്പാറ തെരഞ്ഞെടുത്തത്. 1921 ല്‍ പൊടിപ്പാറയില്‍ പാമ്പാടി ജോണ്‍ ജോസഫും സംഘവും വിളിച്ചു ചേര്‍ത്ത പുലയ ക്രിസ്ത്യാനികളുടെ വന്‍പിച്ച യോഗത്തില്‍ 'മതം നോക്കാതെ കുലം നോക്കി സംഘടിക്കുവിന്‍' എന്ന് ജോണ്‍ജോസഫ് ജനത്തെ ഇളക്കിമറിച്ച പ്രസംഗത്തിനൊടുവില്‍ പ്രഖ്യാപിച്ചു. അങ്ങിനെയാണ് പുലയ ക്രിസ്ത്യാനികളുടെ 'ചേരമര്‍ സംഘം' രൂപീകൃതമായത്. അതെസമയം ശൈവവംശക്കാരായ ചേരരാജാക്കന്മാര്‍ ആരും തന്നെ ക്രിസ്ത്യാനികള്‍ ആയിരുന്നില്ലെന്നും ഓര്‍ക്കണം. ചേരമര്‍ സംഘത്തിന്റെ പ്രസിഡന്റായി പ്രജാസഭ മെമ്പര്‍ പാറാടി എബ്രഹാം ഐസക്കും ജനറല്‍ സെക്രട്ടറിയായി പാമ്പാടി ജോണ്‍ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കോട്ടയം, ചങ്ങനാശ്ശേരി, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉലച്ചില്‍ തട്ടി.

1922-ല്‍ അയ്യന്‍കാളിയുടെ ശുപാര്‍ശ പ്രകാരം പാമ്പാടി ജോണ്‍ ജോസഫിനെ പ്രജാസഭ മെമ്പറായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. ഇതിനിടെ തങ്ങള്‍ പുലയരല്ലെന്നും ജാതിപ്പേര് ചേരമര്‍ എന്നാക്കണമെന്നും കാണിച്ച് മെമ്മോറാണ്ടം നല്‍കി. തുടക്കത്തില്‍അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘത്തെ എതിര്‍ക്കുകയായിരുന്നു ചേരമര്‍ സംഘത്തിന്റെ ലക്ഷ്യമെങ്കിലും ഒടുവില്‍ പുലയര്‍ക്കു തന്നെ ഈ സംഘടന ഭീഷണി ഉയര്‍ത്തി. അയ്യന്‍കാളിയോട് അരിശം തീരാത്ത പാമ്പാടിയും കൂട്ടരും പറയ സമുദായംഗമായ ജ്ഞാനജോഷ്വയെ കൂട്ടുപിടിച്ചു കൊണ്ട് സര്‍ക്കാരിനെ സ്വാധീനിച്ച് പുലയര്‍ എന്ന പേരു മാറ്റി ചേരമര്‍ എന്നാക്കി മാറ്റിയെടുത്തു. കോട്ടയം ആസ്ഥാനമായി 'ചേരമര്‍ദൂതന്‍' എന്നൊരു മാസികയും ജോണ്‍ ജോസഫ് പ്രസിദ്ധീകരിച്ചു.

പൊടിപ്പാറ യോഗത്തില്‍ പങ്കെടുക്കുകയും പുലയക്രിസ്ത്യാനി കളെ ചേര്‍ത്ത് ചേരമര്‍ സംഘം രൂപീകരിക്കുകയും ചെയ്ത നടപടിക്കെതിരെ ആ യോഗത്തില്‍ നിന്നും ശബ്ദം ഉയര്‍ത്തി ഇറങ്ങിപ്പോക്കു നടത്തിയ തിരുവല്ല പി.കെ.ചോതി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്റെ മരണശേഷം പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയിരുന്ന ഡയറിക്കുറിപ്പില്‍ പൊടിപ്പാറ യോഗ സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പ്രശക്തമായ ആ ഡയറിക്കുറിപ്പ് ഇങ്ങനെ തുടരുന്നു. 'പ്രജാസഭ സമാജിക സ്ഥാനം നേടിയെടുക്കുവാന്‍ ഒരു സംഘടന വഴി സാധിക്കുമെന്ന് ജോണ്‍ജോസഫിനെ പ്രേരിപ്പിച്ചത് സെക്രട്ടറിയേറ്റില്‍ ചീഫ് അക്കൗണ്ടന്റായ ജ്ഞാനജോഷ്വയാണ്. പൊടിപ്പാറ യോഗത്തില്‍ കൊക്കോതമംഗലത്തെ പുലയറാണിയുടെ സൗന്ദര്യവതിയായ പുത്രിയെ ആറ്റിങ്ങല്‍ കൊട്ടാരത്തിലെ കൊച്ചുതമ്പുരാന്‍ തട്ടിക്കൊണ്ടുപോയ കഥ. പുലയനാര്‍ കോട്ടയിലെ ചിത്തിര രാജകുമാരിയെ ചേരരാജാവായ വേണാട്ടരചന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും പുലയനാര്‍ കോട്ട രാജാവ് വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ചേരഭടന്മാര്‍ കത്തിയേറു നടത്തി രാജകുമാരിയെ മൃത്യുവിന് ഇരയാക്കിയതിനെ തുടര്‍ന്ന് രാജവംശം നശിച്ചകഥ. അനന്തന്‍ കാട്ടിലെ നെല്‍പ്പാടത്ത് കൃഷി കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പെരുമാട്ടുകാളി വൃക്ഷച്ചുവട്ടില്‍ കിടന്ന് കൈകാലിട്ടടിച്ച് കോമള ശിശുവിന്റെ ദീനരോധനം കേട്ട് ഓടി നീങ്ങിയതും, മുലപാലൂട്ടി വൃക്ഷച്ചുവട്ടില്‍ കിടത്തിയിട്ട് ഭര്‍ത്താവുമായി തിരിച്ചെത്തിയ പ്പോള്‍ അഞ്ചുതലയുള്ള ഒരു ഉഗ്രസര്‍പ്പം (അനന്തന്‍) ശിശുവിന്റെ മുകളില്‍ നിന്ന് ആടുന്നതു കണ്ട ഉടന്‍ അപ്രത്യക്ഷമാകുകയും മഹാവിഷ്ണുവായ കോമള കുമാരനെ അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞ് അനന്തന്‍ കാട്ടിലെത്തിയ സന്യാസിവര്യന്‍ വില്വമംഗലത്ത് സ്വാമിയാരെ ഭാര്യ (പെരുമാട്ടുകാളി) വിവരം ധരിപ്പിച്ചു. അതേ രൂപത്തില്‍ പ്രതിഷ്ഠനടത്തുകയും, കര്‍ണാകര്‍ണ്ണികയാ വിവരം കേട്ടറിഞ്ഞ ചേര രാജാവായ വേണാട്ടരചന്‍ പത്മനാഭപുരത്തുനിന്നും എഴുന്നെള്ളി ക്ഷേത്രദര്‍ശനം നടത്തുകയും, മുലപാലൂട്ടി ശിശുവിനെ കാത്തുസൂക്ഷിച്ച പെരുമാട്ടുകാളിക്ക് പുത്തരിക്കണ്ടം കരമൊഴിവായി നടത്തുകയും ചെയ്ത രസകരമായ ചരിത്രകഥകള്‍ വാചാലവും അതീവ ശ്രേഷ്ഠവുമായി പ്രസംഗിച്ചു പുലയക്രിസ്ത്യാനികളെ ആവേശഭരിതരാക്കുകയായിരുന്നു ജോണ്‍ ജോസഫിന്റെ പദ്ധതി. അതിന് സ്റ്റേറ്റ് മാന്വലും, ഭരണ റിപ്പോര്‍ട്ടുകളും ഉപോല്‍ബലകമായി ഉദ്ധരിച്ചുപോന്നു. കോയിപ്രത്തെ തട്ടയ്ക്കാട്, കവിയൂര്‍, കണിയാംപാറ, തിരുവല്ലയിലെ പെരുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ തുടര്‍ന്നു സംഘടിപ്പിച്ച ഗംഭീര യോഗങ്ങളിലെ പ്രസംഗവിഷയം ഇതായിരുന്നു. ചേരരാജാക്കന്മാരുടെ ഭരണകാലത്ത് പുലയരും പുലയരാജാക്കന്മാരും ഉണ്ടായിരുന്നിരിക്കെ എങ്ങിനെ പുലയര്‍ ചേരമരായി എന്ന് ജോണ്‍ജോസഫിനോട് ചോദ്യം ചെയ്യുവാന്‍ ആവശ്യമായ വിദ്യാഭ്യാസമോ, ചരിത്രപരമായ പഠനമോ ഉള്ളവരാരും തന്നെ ക്രിസ്ത്യാനികളിലും ഹിന്ദുക്കളിലും പെട്ട പുലയരില്‍ ഉണ്ടായിരുന്നില്ല. അനുഭവത്തില്‍ ഈ പറയപ്പെട്ട ചരിത്രകഥകള്‍ പറഞ്ഞ് പുലയ ക്രിസ്ത്യാനികളെ സംഘടിപ്പിച്ച ജോണ്‍ജോസഫ് ചേരരാജാക്കന്മാരെ അടിച്ചമര്‍ത്തി പുലയരാക്കിയെന്നും അടിമത്വം ഉണ്ടായത് അങ്ങിനെയാണെന്നും കൂടി പ്രചരിപ്പിച്ചു.' 2 ഇത്തരത്തില്‍ പുലയ ക്രിസ്ത്യാനികളെ ചേര്‍ത്ത് ചേരമര്‍ സംഘം ഉണ്ടാക്കിയ പാമ്പാടി പിന്നീട് മതപരിവര്‍ത്തനം നടത്തിയ പുലയരോട് സൂറിയാനി ക്രിസ്ത്യാനികള്‍ ജാതിവിവേചനവും അയിത്തവും കാട്ടുന്നതില്‍ പ്രതിഷേധിച്ച് പുലയര്‍ക്കായി ചേരമര്‍ സംഘം പ്രത്യേക പള്ളികള്‍ സ്ഥാപിക്കുകയും അവരില്‍ നിന്നു തന്നെ വികാരിമാരേയും മറ്റും തെരഞ്ഞെടുക്കുകയും ചെയ്തു. 1928-ല്‍ ഹിന്ദു ചേരമര്‍ സംഘവും തിരുവല്ലയില്‍ തന്നെ രൂപീകരിക്കുകയുണ്ടായി.

ക്ഷേത്രപ്രവേശന അന്വേഷണ കമ്മീഷനില്‍ അംഗമായതോടെ റ്റി.റ്റി.കേശവന്‍ ശാസ്ത്രികള്‍ തിരുവിതാംകൂര്‍ രാജപ്രമുഖ ന്റെയും, ദിവാന്‍ജിയുടെയും പ്രശംസകള്‍ പിടിച്ചുപറ്റി. ദിവാന്‍ മന്നത്തു കൃഷ്ണന്‍നായരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ശ്രീമൂലം അസംബ്ലിയിലേക്ക് 1933-ല്‍ റ്റി.റ്റി. കേശവന്‍ ശാസ്ത്രിയെ നോമിനേറ്റ് ചെയ്തു. അതോടെ അദ്ധ്യാപക ജോലി രാജിവച്ച് ശാസ്ത്രികള്‍ അസംബ്ലി മെമ്പറായി തീര്‍ന്നു. കീഴാള ജനതയുടെ ഉന്നമനത്തിനായുള്ള കാര്യങ്ങള്‍ശ്രീമൂലം അസംബ്ലിയിലൂടെ ഉന്നയിക്കുകയും കോട്ടയം ജില്ലയിലെ കുറുച്ചിയില്‍ 'സചിവോത്തമപുരം' കോളനി സ്ഥാപിച്ചു. ഓരോ അധഃസ്ഥിത കുടുംബത്തിനും 75 സെന്റ് ഭൂമിയും, ഓരോ വീടും വീതം 80 കുടുംബങ്ങള്‍ക്ക് അനുവദിച്ചുകൊടുത്തു. സചിവോത്തമപുരം കോളനിയോടൊപ്പം ഒരാശുപത്രി, വായനശാല, ഭജനമഠം, ക്ഷേത്രം, പള്ളിക്കൂടം എന്നിവയും നിര്‍മ്മിക്കുകയുണ്ടായി. നിയമോപദേഷ്ടാ വായ സി.പി.രാമസ്വാമിയുമായി കേശവന്‍ ശാസ്ത്രികള്‍ക്കുണ്ടാ യിരുന്ന ബന്ധമാണ് സചിവോത്തമപുരമെന്ന പേരില്‍ തന്നെ കോളനി സ്ഥാപിക്കാന്‍ ശാസ്ത്രികള്‍ തയ്യാറായത്. ഇന്നത്തെ ജനകീയ മന്ത്രിമാര്‍ക്കോ, നിയമസഭ സാമാജികന്മാര്‍ക്കോ കഴിയാത്ത കാര്യമാണ് വെറുമൊരു നോമിനേറ്റ് മെമ്പറായ ശാസ്ത്രികള്‍ അന്നത്തെ കാലത്ത് അധഃസ്ഥിതകര്‍ക്കുവേണ്ടി ചെയ്തത്. പില്‍ക്കാലത്ത് അതേ അധഃസ്ഥിതര്‍ തന്നെ കേശവന്‍ ശാസ്ത്രികളെ പിന്നില്‍ നിന്നും കുത്തുകയും ചെയ്ത കാര്യം വിസ്മരിക്കത്തക്കതല്ല.

ഹിന്ദുമതത്തിലെ അയിത്തവും അനാചാരവും കൊണ്ട് പൊറുതിമുട്ടിയ പുലയരില്‍ ഒരു വിഭാഗം മതപരിവര്‍ത്തനം നടത്തി പുതുക്രിസ്ത്യാനികളായെങ്കിലും സുറിയാനി പള്ളികളില്‍ സുറിയാനി ക്രിസ്ത്യാനികള്‍ വീണ്ടും വേര്‍തിരിവും അയിത്തവും വ്യാപകമായി അനുവര്‍ത്തിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ പാമ്പാടി ജോണ്‍ ജോസഫ് സുറിയാനികളുടെ മനുഷ്യത്വരഹിത മായ പ്രവര്‍ത്തികളെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടും, ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1934-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ഒരു മെമ്മോറാണ്ടം അയച്ചു. ജോണ്‍ജോസഫിന്റെ മെമ്മോറാണ്ടം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വലിയ ബഹളവും ഒച്ചപ്പാടുമുണ്ടാക്കി. ബ്രിട്ടീഷ് രാജ്ഞി തിരുവിതാംകൂര്‍ മഹാരാജാവിന് കത്തെഴുതി വിവരം തിരക്കി. രാജഭരണകൂടം ഒരു സമൂഹസദ്യ നടത്തി അവര്‍ണരെയും സവര്‍ണരേയും സദ്യയ്ക്ക് ഒന്നിടവിട്ട് ഇരുത്തി ഫോട്ടോ എടുപ്പിച്ചശേഷം സവര്‍ണര്‍ അവര്‍ണരോടൊപ്പം സദ്യക്കിരിക്കാതെ എഴുന്നേറ്റുപോയി. ഫോട്ടോ ബ്രിട്ടീഷ് രാജ്ഞിക്ക് അയച്ചു കൊടുത്തു. ഇതേസമയത്തുതന്നെ മെമ്മോറാണ്ടത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം തെറ്റാണെന്ന് കാണിച്ച് സുറിയാനികള്‍ മദ്രാസ് ഗവര്‍ണര്‍ക്കും എഴുതി അയച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ നിലപാടിനെ ശരിവച്ചുകൊണ്ട് മദ്രാസ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ബ്രിട്ടീഷ് പാര്‍ലമെന്റിന്‌സമര്‍പ്പിച്ചു. 'ഇതിനിടെ തിരുവിതാംകൂര്‍ രാജപ്രമുഖന്‍ ജോണ്‍ജോസഫിനെ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടു. ജോണ്‍ജോസഫ് രാജകൊട്ടാരത്തില്‍ എത്തിയത് ഭയന്നായിരുന്നു. മഹാരാജാവ് ജോസഫിനോട് 'നാമറിയാതെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മെമ്മോറാണ്ടം അയച്ചുവല്ലേ?' ജോസഫ് 'അതെ' യെന്ന് ഉത്തരം പറഞ്ഞു. 'ശരി നാം ക്ഷമിച്ചിരിക്കുന്നു. ജോസഫിന് പോകാം' മഹാരാജാവിന്റെ മറുപടി കേട്ടപ്പോള്‍ ഭയം വിട്ടകന്ന ജോണ്‍ ജോസഫ് നന്തന്‍കോട്ടുവഴി കുറവന്‍ കോണത്തെ വീട്ടിലേയ്ക്കു നടന്നു. പക്ഷെ രണ്ട് കുതിര പോലീസിനെ കൊട്ടാരത്തില്‍ നിന്നും നിയോഗിച്ചിരുന്ന കാര്യം ജോസഫ് അറിഞ്ഞില്ല. മ്യൂസിയം കഴിഞ്ഞ് നന്തന്‍കോട് റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ കുതിര പോലീസുകാര്‍ ജോണ്‍ജോസഫിനെ കുതിരയെ കൊണ്ട് മൃഗീയമായി ചവിട്ടിപ്പിച്ചു. റോഡില്‍ ആരുമുണ്ടായിരുന്നില്ല. അവശനാക്കിയ ശേഷം കുതിര പോലീസുകാര്‍ തിരികെ പോയപ്പോള്‍ ജോസഫ് റോഡില്‍ നിന്നും ഉരുണ്ടു പിരണ്ടെണീറ്റു. അപ്പോള്‍ റോഡരുകിലെ പുളിമരത്തില്‍ പുളി അടിച്ചിരുന്ന ഒരാള്‍ 'എന്തായെന്ന്' വിളിച്ചു ചോദിച്ചു. ജോസഫ് 'ഈ സംഭവം മറ്റൊരാളും അറിയരുത്' എന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് പോയി. ജോണ്‍ജോസഫ് വളരെ പെട്ടെന്ന് മരിക്കാന്‍ തന്നെ കാരണം ഈ കുതിര ചവിട്ടായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ജോണ്‍ജോസഫിനെ സഹായിക്കാന്‍ ചേരമര്‍ വാദിളോ പുലയ ക്രിസ്ത്യാനികളോ രംഗത്തു വന്നില്ല. ഇതില്‍ മനംനൊന്ത് മൂന്നാലു മാസത്തിനുശേഷം പാമ്പാടി ജോണ്‍ ജോസഫ് കോട്ടയം നല്ലയിടയന്‍ പള്ളിയില്‍ ചേരമര്‍ സംഘത്തിന്റെ ജനറല്‍ ബോഡിയോഗം വിളിച്ചു ചേര്‍ത്തു താന്‍ 1921 ല്‍ പൊടിപ്പാറ വച്ച് രൂപം നല്‍കിയ 'ചേരമര്‍ സംഘം' പിരിച്ചു വിടുകയായിരുന്നു.'3 ഈ സംഭവത്തിനുശേഷം പാമ്പാടി ജോണ്‍ജോസഫിന് രേഖകള്‍ കടത്തി കൊടുക്കുകയും ഒത്താശ നല്‍കുകയും ചെയ്തിരുന്ന ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ ജ്ഞാനജോഷ്വയെ ഉല്ലാസ യാത്രയ്ക്കായി വേളീക്കായലില്‍ കൊണ്ടു പോയി വള്ളം മറിച്ച് രാജഭരണാധികാരികള്‍ കൊലപ്പെടുത്തുകയാണുണ്ടായത്. സംഭവം അന്നറിഞ്ഞത് ഉല്ലാസയാത്രയ്ക്കു പോയ ജ്ഞാനജോഷ്വ വള്ളം മറിഞ്ഞ് മരണപ്പെട്ടുവെന്നാണ്. പോലീസ് റിപ്പോര്‍ട്ടും അങ്ങിനെ തന്നെ. പക്ഷെ ഉല്ലാസയാത്രയുടെ പേരില്‍ അപകടപ്പെടുത്തുകയായിരുന്നു.

അധഃസ്ഥിതരുടെ ശക്തനായ നേതാവായി അംഗീകാരം പിടിച്ചെടുത്ത് അയ്യന്‍കാളിയുടെ കാലടികളെ പിന്തുടര്‍ന്ന കേശവന്‍ ശാസ്ത്രികളോട് അയ്യന്‍കാളിക്ക് വലിയ മതിപ്പും വിശ്വാസവും അതിരറ്റ സ്‌നേഹവും ജനിച്ചിരുന്നു. തന്റെ കാലശേഷം അധഃസ്ഥിതരെ നയിക്കാന്‍ തക്ക പ്രാപ്തനും, വിദ്യാസമ്പന്നനും, ധീരനുമായിരുന്ന ശാസ്ത്രികളെ അയ്യന്‍കാളി തന്റെ ശിഷ്യനായി അംഗീകരിച്ചിരുന്നു. തിരിച്ച് ശാസ്ത്രികളും അയ്യന്‍കാളിയെ തന്റെ പ്രിയപ്പെട്ട ഗുരുവായി സ്വീകരിച്ചു. രാഷ്ട്രീയ രംഗത്തും സാമുദായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശാസ്ത്രികള്‍ തിരുവിതാംകൂര്‍ രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുമായും ദിവാന്‍ജിയുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒരര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജകൊട്ടാരവുമായി ആ കാലത്ത് ബന്ധം സ്ഥാപിച്ചിരുന്ന ഒരേ ഒരു പുലയ നേതാവ് ആദ്യാവസാനം കേശവന്‍ ശാസ്ത്രികളായിരുന്നു. ശാസ്ത്രികളോടുള്ള സ്‌നേഹം മൂലം അമ്മ മഹാറാണി തന്നെ മുന്‍കൈയെടുത്ത് അയ്യന്‍കാളിയുടെ മകള്‍ തങ്കമ്മയെ ശാസ്ത്രിയുടെ വധുവായി തെരഞ്ഞെടുത്തു. ശാസ്ത്രികള്‍ക്കും ഇതിഷ്ടമായി. അയ്യന്‍കാളിക്കും മറുത്തൊരക്ഷരം പറയാന്‍ കഴിഞ്ഞില്ല. കെ.പൊന്നു, കെ.ചെല്ലപ്പന്‍, കെ.കൊച്ചുകുഞ്ഞ്, കെ.ശിവതാണു എന്നീ മക്കള്‍കൂടി അയ്യന്‍കാളിക്കുണ്ടായിരുന്നു. അഞ്ചുമക്കളില്‍ ആകെകൂടി ഉണ്ടായിരുന്ന ഒരു പെണ്‍തരിയായിരുന്നു തങ്കമ്മ. തങ്കമ്മയ്ക്ക് പറ്റിയ വരന്‍ ആയിരുന്നു റ്റി.റ്റി.കേശവന്‍ ശാസ്ത്രികള്‍. അങ്ങിനെ 1936- (1112 ചിങ്ങം 24) തങ്കമ്മയും, ടി.ടി.കേശവന്‍ ശാസ്ത്രിയും തമ്മിലുള്ള വിവാഹം വെങ്ങാനൂര്‍ പുതുവല്‍ വിളാകം എല്‍.പി.സ്‌കൂള്‍ അങ്കണത്തില്‍ കെട്ടി ഉയര്‍ത്തിയ വിവാഹപന്തലില്‍ വച്ച്, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെയും, മഹത് വ്യക്തികളുടെയും, വലിയൊരു പുരുഷാരത്തിന്റെയും മഹാനീയ സാന്നിദ്ധ്യത്തില്‍ സമംഗളം നടന്നു. അമ്മ മഹാറാണി കൊട്ടാരത്തില്‍ നിന്നും പുതുപെണ്ണിന് ധരിക്കാന്‍ വിലകൂടിയ ഒരു കാഞ്ചീപുരം സാരി പ്രത്യേക സമ്മാനമായി കൊടുത്തയച്ചിരുന്നു. ഈ വിവാഹത്തെ തിരുവിതാംകൂറിലെ രണ്ടാമത്തെ പള്ളിക്കെട്ടെന്നാണ് അന്ന് വിശേഷിപ്പിച്ചിരുന്നത്. എല്ലാറ്റിനും കാരണവസ്ഥാനം അലങ്കരിച്ച് അയ്യന്‍കാളിയും സന്നിഹിതനായിരുന്നു. ഈ മംഗളകര്‍മ്മത്തില്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയ്ക്കും നെയ്യാറ്റിന്‍കര ജി.രാമചന്ദ്രനും, ജൂബാരാമകൃഷ്ണപിള്ളയ്ക്കുമൊപ്പം മഹാത്മഗാന്ധിയുടെ ചെറുമകന്‍ കാന്തിലാല്‍ ഗാന്ധിയും പങ്കെടുക്കുകയും അധഃസ്ഥിതരോടൊപ്പം ഒരു പന്തിയിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തതായി പില്‍ക്കാലത്ത് ജൂബാരാമകൃഷ്ണപിള്ള തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. വിവാഹാനന്തരം ഗൃഹപ്രവേശം നടത്തുന്നതിന് വധൂവരന്മാര്‍ക്ക് യാത്രയ്ക്കായി മുന്‍ദിവാന്‍ വി.എസ്.സുബ്രഹ്മണ്യ അയ്യരാണ് തന്റെ സ്വന്തം കാറ് വിട്ടുകൊടുത്തത്.

ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ നിയമോപദേഷ്ടാവായി 1931-ല്‍ നിയമിതനായ സര്‍.സി.പി.രാമസ്വാമി അയ്യരെ ഓസ്റ്റിന്‍, സര്‍ ഹബീബുള്ള എന്നിവര്‍ക്കു ശേഷം 1936 സെപ്തംബറില്‍ തിരുവിതാംകൂര്‍ ദിവാനായി മഹാരാജാവ് നിയമിച്ചു. രണ്ടുമാസം കഴിഞ്ഞ് നവംബര്‍ 12ന് ആയിരുന്നു പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം മഹാരാജാവ് തിരുമനസ്സുകൊണ്ട് പ്രഖ്യാപിച്ചത്. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കു വാന്‍ സി.പി.രാമസ്വാമിക്കുള്ള പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് സി.പി.യെ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് ചരിത്രകാരന്മാര്‍ ചരിത്രരചന നടത്തിയിട്ടുള്ളത്.

മകളുടെ വിവാഹശേഷം പുതുവല്‍ വിളാകം ലോവര്‍ പ്രൈമറി സ്‌കൂളിന്റെ കാര്യങ്ങള്‍ നോക്കിയും സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും അയ്യന്‍കാളി സ്‌കൂളിനു മുകളിലെ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. തെക്കേവിളയിലെ പ്ലാവറത്തലവീട്ടില്‍ പോകാതെ വെങ്ങാനൂര്‍ സ്‌കൂളില്‍ തന്നെ കഴിയാന്‍ കാരണം ആ കാലത്ത് സാധുജനപരിപാലന സംഘത്തിന്റെ കാര്യങ്ങള്‍ക്കായി പലരും വടക്കന്‍ ജില്ലകളില്‍ നിന്നും എത്തുമായിരുന്നു. പിന്നെ സമുദായ കോടതി കാര്യങ്ങള്‍. ഇവയ്‌ക്കെല്ലാം അയ്യന്‍കാളിയുമായി ബന്ധപ്പെടുവാന്‍ വേണ്ടിയാണ് അദ്ദേഹം വെങ്ങാനൂര്‍ സ്‌കൂളില്‍ തന്നെ കഴിഞ്ഞത്. ഈ കാലത്താണ് അയ്യന്‍കാളി സ്ഥാപിച്ച സ്വന്തം സ്‌കൂളില്‍ ആദ്യമായി ഒരു അദ്ധ്യാപികയെ അയ്യന്‍കാളി നേരിട്ട് നിയമനം നല്‍കിയത്. തെക്കേവിളയിലെ തന്റെ വീടിനു സമീപത്തെ കല്യാണിയെ ആണ് അയ്യന്‍കാളി വെങ്ങാനൂര്‍ പുതുവല്‍ വിളാകം ലോവര്‍ പ്രൈമറി സ്‌കൂളില്‍ 1937-ല്‍ ടീച്ചരായി നിയമിച്ചത്. പുലയ സമുദായക്കാരിയായ കല്യാണി ആദ്യത്തെ വനിത അദ്ധ്യാപികയായി ആറുവര്‍ഷത്തോളം അയ്യന്‍കാളി സ്‌കൂളില്‍ പഠിപ്പിച്ചു. അയ്യന്‍കാളിയുടെ മരണം കഴിഞ്ഞ് 1943-ല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപികയായി അവര്‍ വെങ്ങാനൂര്‍ സ്‌കൂളിനോട് വിട പറഞ്ഞു. വെങ്ങാനൂര്‍ സുരേഷിന്റെ മാതാവാണ് കല്യാണിടീച്ചര്‍. അവരും ഇപ്പോള്‍ കഥാവശേഷയായി.

സാധുജനപരിപാല സംഘത്തിന്റെ ശാഖകളുടെ പ്രവര്‍ത്തനം ഏതാണ്ടെല്ലാം ഈ കാലത്തോടെ മന്ദീഭവിച്ചു തുടങ്ങിയത് അയ്യന്‍കാളിയെ ഏറെ വേദനിപ്പിച്ചു കൊണ്ടിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ നെടുംതൂണുകളായിരുന്നത് ശാഖാ മാനേജര്‍മാരായിരുന്നു. അവരില്‍ കുന്നുകുഴി മുടുമ്പില്‍ അയ്യന്‍ മാനേജര്‍, എ.പരമുമാനേജര്‍, മാതുമാനേജര്‍, നാരായണന്‍മാനേജര്‍, പാച്ചന്‍മാനേജര്‍,കാളിമാനേജര്‍, അയ്യപ്പന്‍ മാനേജര്‍, പപ്പുമാനേജര്‍,പേരില മാനേജര്‍, കുറുഞ്ചേരിമാനേജര്‍, വെള്ളംകൊള്ളിമാനേജര്‍, കുഞ്ഞന്‍മാനേജര്‍, ചിന്നന്‍മാനേജര്‍, പൊന്നുമാനേജര്‍, ചെല്ലപ്പന്‍മാനേജര്‍, പുത്തന്‍കാനം രാമന്‍ മാനേജര്‍ എന്നിവരാണ് തിരുവിതാംകൂര്‍ പ്രദേശത്തെ ശാഖാമാനേജര്‍മാര്‍. അതുപോലെ തിരുവല്ല ചങ്ങനാശ്ശേരി മേഖലകളില്‍ സാധുജനപരിപാലന സംഘത്തെ നയിച്ചിരുന്നത് തൃക്കൊടിത്താനം ചെമ്പുന്തറ കാളി ചോതിക്കുറുപ്പന്‍, (സാധുജനപരിപാലന മാസികയുടെ പത്രാധിപര്‍), കട്ടത്തറ പാപ്പന്‍, മേച്ചേരിത്തറ പാപ്പന്‍, പെരുന്ന മൈലന്‍, മാന്തറകുട്ടി, പി.വാസുദേവന്‍, വി.എം. പരമേശ്വരന്‍, പാലപ്പറമ്പില്‍ പാപ്പന്‍, വല്യതറപാപ്പന്‍ എന്നിവരും കോട്ടയത്ത് തിരുവാര്‍പ്പ് റ്റി.സി.കുട്ടന്‍, തിരുവല്ലയില്‍ വെള്ളിക്കര ചോതി, കൊമ്പാടി, അണിച്ചന്‍, തലക്കേരി കണ്ടന്‍ കാളി, ആറന്മുള കുറുമ്പന്‍ ദൈവത്താന്‍, കൊല്ലത്ത് ഗോപാലദാസന്‍, ആലപ്പുഴയില്‍ കെ.സി. ശീതങ്കന്‍, മൂലയില്‍ സോമനാഥന്‍ എന്നിവരായിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും, മറ്റുജാതിക്കാര്‍ അവരുടേതായ സംഘടനകള്‍ രൂപീകരിക്കുകയും ചെയ്തതോടെ സാധുജനപരിപാല സംഘം ശാഖകള്‍ പരുങ്ങലിലായി. ഈ സന്ദര്‍ഭത്തില്‍ ടി.ടി.കേശവന്‍ ശാസ്ത്രികള്‍, തിരുവല്ല പി.കെ.ചോതി, ആറന്മുള പി.കെ.കൃഷ്ണദാസ്, ടി.വി.തേവന്‍ എന്നീ യുവതലമുറയില്‍ പ്പെട്ടവര്‍ ചെങ്ങന്നൂര്‍ സ്‌കൂളില്‍ ചേര്‍ന്ന് സംഘടനയില്ലാത്ത പുലയര്‍ക്ക് ഒരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ചില ആലോചനകള്‍ നടത്തിയെങ്കിലും പ്രാവര്‍ത്തികമായില്ല. തുടര്‍ന്ന് '1937 ജൂലൈ ആദ്യം അടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വച്ച് ദിവാന്‍ സര്‍.സി.പി.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 'ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ'യെന്ന പേരില്‍ സംഘടന രൂപീകരിക്കുകയും റ്റി.റ്റി.കേശവന്‍ ശാസ്ത്രി പ്രസിഡന്റായും, ആറന്മുള പി.കെ.കൃഷ്ണദാസ് ജനറല്‍സെക്രട്ടറിയായും റ്റി.വി.തേവന്‍, കേശവന്‍ റൈട്ടര്‍, കുഞ്ഞുകൃഷ്ണന്‍ മാനേജര്‍, വി.ഐ.വേലുക്കുട്ടി എന്നിവര്‍ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുപ്പു നടത്തിയെങ്കിലും ഈ സംഘടനയെ അംഗീകരിക്കാന്‍ അയ്യന്‍കാളി തയ്യാറായില്ല. എല്ലാ വിഭാഗം അയിത്ത ജാതികള്‍ക്കുംവേണ്ടിയാണ് താന്‍ 1907-ല്‍ സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അതില്‍ നിന്നും വേറിട്ടൊരു സംഘടന രൂപീകരിക്കുന്നത് അംഗീകരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മരുമകന്‍ റ്റി.റ്റി.കേശവന്‍ ശാസ്ത്രികളോട് അയ്യന്‍കാളി തുറന്നു തന്നെ പറയേണ്ടിവന്നുവെന്നാണ് റ്റി.വി.തേവന്‍ സ്വാമിയും, തിരുവല്ല പി.കെ.ചോതിയും പില്‍ക്കാലത്ത് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ രജിസ്‌ട്രേഷന്‍ തല്‍ക്കാലം നടന്നില്ല. ചില ചരിത്ര രചിതാക്കള്‍ 1938-ല്‍ കമ്പനി ആക്ട് അനുസരിച്ച് രജിസ്ട്രര്‍ ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണ്. റ്റി.റ്റി.കേശവന്‍ ശാസ്ത്രികളോട് ഒപ്പം പുലയര്‍ മഹാസഭ രൂപീകരണവുമായി ബന്ധപ്പെട്ടിരുന്ന പി.കെ.ചോതി തന്റെ ഡയറിക്കുറിപ്പുകളില്‍ തന്നെ അത് വ്യക്തമാക്കിയിട്ടുള്ള താണ്. പുലയര്‍ മഹാസഭ രൂപീകരണത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് റ്റി.റ്റി.കേശവന്‍ ശാസ്ത്രികള്‍ സാധുജനപരിപാലന സംഘത്തെ സര്‍.സി.പി.യുടെ ഒത്താശയോടെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചത്. പുലയര്‍ മഹാസഭ രൂപീകരണം അന്നത്തെ കാലഘട്ടത്തില്‍ ആവശ്യഘടകമായിരുന്നെങ്കില്‍ പോലും സാധുജനപരിപാലന സംഘത്തിന്റെ പതനം 1921-ല്‍ പാമ്പാടി ജോണ്‍ജോസഫിന്റെ ചേരമര്‍ സംഘം രൂപീകരണത്തോടൊപ്പം തന്നെ ആരംഭിച്ചുകഴി ഞ്ഞിരുന്നതാണ്. അതിന്റെ ഗതിവേഗം കൂട്ടുന്നതിന് ആലപ്പുഴയിലെ സാധുജനപരിപാലന സംഘം നേതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച കര്‍ഷക സംഘവും നല്ലൊരു പങ്കു വഹിച്ചിരുന്നതാ യി കാണാവുന്നതാണ്.

'ഇക്കാലത്ത് സാധുജനപരിപാലന സംഘം എന്ന ഹരിജന്‍ സംഘടനയുടെ ചെറിയ ശാഖ പള്ളാത്തുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഹരിജന്‍ തൊഴിലാളിയായ കെ.സി. ശീതങ്കനായിരുന്നു അതിന്റെ നേതാവ്. ശീതങ്കന്‍ പ്രസിഡന്റും, മൂലയില്‍ സോമനാഥന്‍ സെക്രട്ടറിയുമായിട്ടാണ് ആ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഹരിജനങ്ങളായ കര്‍ഷകത്തൊഴിലാളി കളുടെയിടയിലെ നിരപദ്രവകരമായ ചില പ്രശ്‌നങ്ങളിലും ഈ സംഘടന ഇടപെട്ടിരുന്നു. ഇവര്‍ പുരോഗമന ചിന്താഗതിക്കാരാ യിരുന്നു. കേശവദാസും ശീതങ്കനും കൂട്ടായി ആലോചിച്ച് കര്‍ഷകത്തൊഴിലാളികളുടെ ഒരു സംഘടന രൂപീകരിക്കുവാന്‍ നിശ്ചയിച്ചു. അങ്ങിനെ 1939 ഡിസംബര്‍ 8ന് വെള്ളിയാഴ്ച സന്ധ്യക്ക് പള്ളാത്തുരുത്തിയില്‍ കാലത്തുമാത്രം കച്ചവടമുള്ള ഉമ്മറിന്റെ ചായക്കടയില്‍ കര്‍ഷകത്തൊഴിലാളികളുടെ ഒരു യോഗം വിളിച്ചുകൂട്ടി. നല്ല നിലാവുള്ള രാത്രിയായിരുന്നു. വളരെ രഹസ്യമായിട്ടാണ് ഈ യോഗം കൂടുന്നത്. അങ്ങിനെ മാത്രമേ അന്ന് കൂടാന്‍ നിവൃത്തിയുള്ളൂ. കര്‍ഷക മുതലാളിമാരറിഞ്ഞാല്‍ വലിയ എതിര്‍പ്പുണ്ടാകും. കേശവദാസും ശീതങ്കനും ഒരുമിച്ചു നടന്ന് കര്‍ഷകത്തൊഴിലാളികളുടെ വീടുകളില്‍ കയറിയിറങ്ങി യാണ് ഈ യോഗം വിളിച്ചത്.' 4 പള്ളാത്തുരുത്തിയില്‍ ഉമ്മറിന്റെ ചായക്കടയില്‍ പിറന്നുവീണ ഭാരതത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം പെറ്റുവീണത് ആലപ്പുഴയിലെ സാധുജനപരിപാലന സംഘത്തെ തകര്‍ത്തു തരിപ്പണമാക്കിക്കൊ ണ്ടായിരുന്നുവെന്ന വസ്തുതയും ചരിത്രത്തിന്റെ ഭാഗമാണ്. ഗ്രന്ഥകര്‍ത്താവായ എന്‍.കെ.കമലാസനന്‍ ആ കാര്യം വ്യക്തമാക്കുന്നില്ലെങ്കിലും അയ്യന്‍കാളിയുടെ മഹത്തായ സ്വപ്നത്തെയാണ് പുലയനായ ശീതങ്കനും, മൂലയില്‍ സോമനാഥനും ചേര്‍ന്ന് തച്ചുടച്ചത്. ഒടുവില്‍ ഈ കര്‍ഷകത്തൊ ഴിലാളി പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകള്‍ സ്വകാര്യവല്‍ക്കരി ക്കുകയും ശീതങ്കന്റെ ജാതിക്കാരെ അതിന്റെ നേതൃത്വത്തില്‍ നിന്നും നിരപ്പേ വെട്ടിമാറ്റുകയും ചെയ്ത സ്ഥിതിയാണ് ഇന്നുള്ളത്. ഈ നൂറ്റാണ്ടില്‍ തന്നെ നമ്പൂതിരി കമ്മ്യൂണിസം കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെ മുച്ചൂടും വിഴുങ്ങിയെന്നും വരാം.

സാധുജനപരിപാലന സംഘത്തെ ചേരമര്‍ സംഘവും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും അല്പാല്പം വിഴുങ്ങുന്നത് കണ്ടു നില്‍ക്കാനെ വര്‍ദ്ധക്യകാലത്ത് മഹാനായ അയ്യന്‍കാളിക്ക് കഴിയുമായിരുന്നുള്ളു. അയിത്തത്തിനും അനാചാരത്തിനുമെതിരെ സവര്‍ണ മാടമ്പിമാരോട് ഈറ്റപ്പുലിയെപ്പോലെ ചാടി വീണിരുന്ന അയ്യന്‍കാളിക്ക് തന്റെ തന്നെ ജനനേതാക്കള്‍ കാട്ടിയ നെറികേട് നിശബ്ദം കണ്ടുനില്‍ക്കാനെ സാധിച്ചുള്ളു. വേദനയും നൊമ്പരവും കടിച്ചമര്‍ത്തി ശാരീരികാസ്വസ്ഥതകളുമായി അദ്ദേഹം വെങ്ങാനൂരില്‍ കഴിഞ്ഞു. തന്നോടൊപ്പം പ്രജാസഭയില്‍ മെമ്പറായിരുന്ന പലനേതാക്കളും അയ്യന്‍കാളിയെ വെങ്ങാനൂരി ലെത്തി സന്ദര്‍ശിച്ചിരുന്നതാണ് അല്പമെങ്കിലും ആശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നത്. 1912 മുതല്‍ 1933 വരെഅയ്യന്‍കാളി യോടൊപ്പം ശ്രീമൂലം പ്രജാസഭയില്‍ മെമ്പറായിരുന്ന അധഃസ്ഥിത മെമ്പര്‍മാരില്‍ പലരും തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളെയും സമുദായങ്ങളെയും പ്രതിനിധീകരിച്ചെത്തി യവരാണ്. ഇവരില്‍ തന്നെ ക്രിസ്ത്യാനി മതം സ്വീകരിച്ച അധഃസ്ഥിതരും കുറവല്ല. അയ്യന്‍കാളി (1912 മുതല്‍ 1933 വരെ 22 വര്‍ഷം), സി.ചരതന്‍ സോളമന്‍ (1913), വെള്ളിക്കര ചോതി (1914), കണ്ടന്‍ കുമാരന്‍ (1915, 1920, 1923, 1926,1932), പാറാടി എബ്രഹാം ഐസക് (1916, 1921, 1923, 1924, 1927, 1928, 1930, 1932), കുറുമ്പന്‍ ദൈവത്താന്‍ (1917, 1918, 1921, 1926) പാഴൂര്‍ രാമന്‍ ചേന്നന്‍ (1919, 1920), എം.എ.രത്‌നസ്വാമി (1921), യോഹന്നാന്‍ (1921), കെ.മാധവന്‍ (1922, 1923), പാമ്പാടി ജോണ്‍ ജോസഫ് (1922, 1925, 1929), പി.എന്‍.ശങ്കരന്‍ (1924), ദൈവത്താന്‍കുഞ്ഞന്‍ (1928, 1930), കുഞ്ഞന്‍ വെളുമ്പന്‍ (1930), പൊയ്കയില്‍ യോഹന്നാന്‍ (1931), നെടുന്തറ ജോഷ്വാ (ഭാഗീരഥ പെരുമാള്‍) (1931) എന്നിവരാണ് പ്രജാസഭയില്‍ മെമ്പറന്മാരാ യിരുന്നത്. ഇതില്‍ നെടുന്തറ ജോഷ്വാ ആലപ്പുഴ കുട്ടനാട്ടില്‍ നിന്നാണ് പ്രജാസഭയില്‍ എത്തിയതെങ്കിലും മതപരിവര്‍ത്തിത ക്രിസ്ത്യാനി പട്ടികയിലാണ് അംഗത്വം നേടിയത്. അയ്യന്‍കാളി കുട്ടനാട് സന്ദര്‍ശിച്ചശേഷമാണ് അവരുടെ പ്രതിനിധിയായി ജോഷ്വായെ കൊണ്ടുവന്നത്. അയ്യന്‍കാളി പ്രജാസഭയില്‍ നിന്നും ഒഴിഞ്ഞതോടെ പ്രജാസഭ ശ്രീമൂലം അസംബ്ലിയായി മാറ്റം വരുത്തുകയായിരുന്നു. ശ്രീമൂലം അസംബ്ലിയിലാണ് ടി.ടി.കേശവന്‍ ശാസ്ത്രികള്‍ മെമ്പറായി തീര്‍ന്നത്. തുടര്‍ന്ന് തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലും, തിരുവിതാംകൂര്‍-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലും ടി.ടി.കേശവന്‍ ശാസ്ത്രി മെമ്പറായിരുന്നു. 1952-ല്‍ തിരു-കൊച്ചി മന്ത്രിസഭയില്‍ ശാസ്ത്രികള്‍ ഡെപ്യൂട്ടി സ്പീക്കറായും, സ്പീക്കറായും സേവനമനുഷ്ഠിക്കുകയുണ്ടായി.

സഹായഗ്രന്ഥങ്ങള്‍/ റിപ്പോര്‍ട്ടുകള്‍/ സൂചനകള്‍:
1. തിരുവല്ല പി.കെ.ചോതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും
2. കോട്ടയം റബ്ബര്‍ ബോര്‍ഡിനു സമീപം താമസിക്കുന്ന തമ്പി നല്‍കിയ വിവരണങ്ങളില്‍ നിന്നും
3. എന്‍.കെ.കമലാസനന്‍ 'കുട്ടനാടും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും' സാംസ്‌കാരികവകുപ്പ്, കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം 1999, പേജ്: 57.