"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഒന്നാം വട്ടമേശ സമ്മേളനത്തിന് ശേഷം നടന്ന ഗാന്ധി - അംബേഡ്കര്‍ സംഭാഷണം
ഒന്നാം വട്ടമേശ സമ്മേളനത്തിന് ശേഷം അംബേഡ്കര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി; പഴയതുപോലെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ വ്യാപൃതനായി. ഈ കാലയളവില്‍, ബോംബെയിലെ മലബാര്‍ ഹില്ലിലെ മണിഭവനില്‍ കഴിഞ്ഞിരുന്ന ഗാന്ധി, അംബേഡ്കറുടെ അവകാശവാദങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ആഗ്രഹിച്ചു. 1931 ആഗസ്റ്റ് 14 ന് ഉച്ചക്ക് 2 മണിക്ക് ഗാന്ധിയെ കാണാന്‍ അംബേഡ്കര്‍ മണിഭവനിലേക്ക് പോയി. അദ്ദേഹ ത്തിന്റെ ഒരു സംഘം അനുയായികളും അദ്ദേഹത്തെ അനുഗ മിച്ചു. ഗാന്ധിയുടെ മുറിയിലേക്ക് ആനയിക്കപ്പെട്ട അംബേഡ്കറും സംഘവും ഗാന്ധിയെ നമിച്ച് മുന്നില്‍ വിരിച്ചിരുന്ന വിരിപ്പില്‍ ഇരുന്നു. മുസ്ലീങ്ങളും യൂറോപ്യന്മാരുമല്ലാത്ത നേതാക്കന്മാരോടും പ്രതിനിധികളോടുമുള്ള ഗാന്ധിയുടെ സ്വതസിദ്ധമായ സമീപനരീതി യനുസരിച്ച് ആദ്യം അല്പനേരത്തേക്ക് അംബേഡ്കറെ ശ്രദ്ധിക്കാതെ മിസ് ജെയ്ഡും മറ്റുള്ളവരുമായി ഗാന്ധി സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. കുറച്ചു നേരത്തെ ഉദാസീനതക്കു ശേഷം ഗാന്ധി അംബേഡ്കറുടെ നേരെ തിരിഞ്ഞു. ഉപചാരവാക്കുകള്‍ക്കു ശേഷം, പ്രധാന പ്രശ്‌നത്തില്‍, അംബേഡ്കറുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചു. ഗാന്ധിയുടെ അഭിപ്രായം കേള്‍ക്കാനാണ് താന്‍ വന്നിരിക്കുന്ന തെന്നും ആകയാല്‍ ആ അഭിപ്രായം ദയവായി പറയണമെന്നും അംബേഡ്കര്‍ അഭ്യര്‍ത്ഥിച്ചു. 

ഗാന്ധി: (അംബേഡ്കറെ തുറിച്ചു നോക്കിക്കൊണ്ട്) എനിക്കും കോണ്‍ഗ്രസിനുമെതിരായി താങ്കള്‍ക്കു ചില പരാതികളുണ്ടെന്നു ഞാന്‍ മനസിലാക്കുന്നു. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലംതൊട്ടേ - അന്ന് താങ്കള്‍ ജനിച്ചിട്ടില്ലായിരുന്നു - ഞാന്‍ അയിത്തജാതിക്കാരുടെ പ്രശ്‌നങ്ങളെപ്പറ്റി ചിന്തിച്ചിരുന്നു എന്നു പറയട്ടെ. കോണ്‍ഗ്രസ് പരിപാടിയിലെ ഒരു പ്രശ്‌നവും കോണ്‍ഗ്രസ് പ്രസംഗവേദിയിലെ ഒരു ഇനവുമാക്കി ഈ പ്രശ്‌നത്തെ ഉള്‍ക്കൊള്ളിക്കുന്നതിന് ഞാന്‍ എത്ര ബൃഹത്തായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് താങ്കള്‍ക്കു പക്ഷെ, അറിവുണ്ടാ യിരിക്കാം. അതൊരു മതപരവും സാമൂഹികവുമായ പ്രശ്‌നമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നങ്ങളുമായി കൂട്ടിക്കുഴക്കരുതെന്നുമുള്ള ന്യായത്തിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ എതിര്‍ത്തു. ഇതുമാത്രമല്ല, അയിത്തജാതി ക്കാരുടെ ഉന്നതിക്കുവേണ്ടി കോണ്‍ഗ്‌സ് ഇരുപത് (20) ലക്ഷം ഉറുപ്പികയില്‍ കുറയാത്ത തുക ചെലവഴിച്ചിട്ടുമുണ്ട്. എന്നിട്ടും താങ്കളെ പോലെയുള്ള ആളുകള്‍ എനിക്കും കോണ്‍ഗ്രസിനു മെതിരായി പ്രവര്‍ത്തിക്കുന്നു എന്നത് തികച്ചും വിസ്മയകരമാ യിരിക്കുന്നു. താങ്കളുടെ നിലപാട് ന്യായീകരിക്കാന്‍ താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അങ്ങനെ ചെയ്യാം.

അംബേഡ്കര്‍: ഞാന്‍ ജനിക്കുന്നതിന് മുമ്പുതന്നെ താങ്കള്‍ അയിത്തജാതിക്കാരുടെ പ്രശ്‌നത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയി രിക്കുന്നു എന്നത് സത്യമാണ് മഹാത്മജീ, വൃദ്ധരും മുതിര്‍ന്നവരുമായ ആളുകള്‍ എപ്പോഴും അവരുടെ പ്രായക്കൂടുതല്‍ എടുത്തുപറയാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ മുഖാന്തിരം കോണ്‍ഗ്രസ് പാര്‍ട്ടി ഈ പ്രശ്‌നത്തിന് അംഗീകാരം നല്കി എന്നതിലപ്പുറം ഒന്നും ചെയ്തില്ല എന്ന കാര്യം ഞാന്‍ താങ്കളോട് തുറന്നു പറയട്ടെ. അയിത്തജാതിക്കാരുടെ ഉന്നതിക്കു വേണ്ടി കോണ്‍ഗ്രസ് 20 ലക്ഷം ഉറുപ്പികയിലധികം ചെലവഴി ച്ചെന്നു താങ്കള്‍ പറയുന്നു. അത് തികച്ചും ദുര്‍വ്യയമായി പ്പോയെന്ന് ഞാന്‍ പറയും അത്രയും പിന്‍ബലമുണ്ടായിരു ന്നെങ്കില്‍, എനിക്ക് എന്റെ ആളുകളുടെ കാഴ്ചപ്പാടിലും സാമ്പത്തിക നിലയിലും അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞേനെ. ആ നിലക്കു താങ്കള്‍ വളരെ മുമ്പേതന്നെ എന്നെ കാണേണ്ടതായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന് പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് താത്പര്യമില്ല എന്നു ഞാന്‍ താങ്കളോട് പറയട്ടെ. ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍, കോണ്‍ഗ്രസില്‍ അംഗമാകുന്നതിന് ഖദര്‍ധാരണം ഒരു നിബന്ധനയാക്കുന്നതുപോലെ, അയിത്താചരണ നിരോധനവും, നിശ്ചയമായും ഒരു നിബന്ധനയാക്കിയേനെ. വീടുകളില്‍ അയിത്തജാതി സ്ത്രീപുരുഷന്മാരെ ജോലിക്കു നിര്‍ത്താത്തതോ, ഒരു അയിത്തജാതി വിദ്യാര്‍ത്ഥിയെ വളര്‍ത്തിക്കൊണ്ടു വരാത്തതോ, ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടില്‍വെച്ച് ഒരു അയിത്തജാതി വിദ്യാര്‍ത്ഥിയോടൊപ്പം ഭക്ഷണം കഴിക്കാത്തതോ ആയ ഒരാളെപ്പോലും കോണ്‍ഗ്രസില്‍ അംഗമാകാന്‍ അനുവദിച്ചുകൂടായിരുന്നു. അത്തരം ഒരു നിബന്ധന ഉണ്ടായിരുന്നെങ്കില്‍, ഒരു ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അയിത്തജാതിക്കാരുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ക്കുന്ന പരിഹാസ്യമായ കാഴ്ച താങ്കള്‍ക്ക് കാണേണ്ടി വരില്ലായിരുന്നു!

ബ്രിട്ടീഷ് ഗവണ്മെന്റ് മനംമാറ്റം കാട്ടാത്തതു പോലെ, കോണ്‍ഗ്രസു കാര്‍ അയിത്തജാതിക്കാരുടെ പ്രശ്‌നത്തില്‍ മനംമാറ്റം കാട്ടിയില്ല. അംബേഡ്കര്‍ തുടര്‍ന്നു: 'ഞങ്ങള്‍ സ്വാശ്രയത്തിലും അഭിമാനത്തി ലും വിശ്വസിക്കുന്നു. വലിയ നേതാക്കളിലും മഹാത്മാക്കളിലും വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. അക്കാര്യം നിശിതമായിത്തന്നെ ഞങ്ങള്‍ തുറന്നു പറഞ്ഞുകൊള്ളട്ടെ. അതിവേഗം പാഞ്ഞുപോകു ന്ന മായാരൂപങ്ങളെപ്പോലെ മഹാത്മാക്കള്‍ പൊടിപടലം ഉയര്‍ത്താറുണ്ടെങ്കിലും നിലവാരം ഉയര്‍ത്താറില്ലെന്ന് ചരിത്രം പറയുന്നു. എന്തിനാണ് കോണ്‍ഗ്രസ് ഞങ്ങളുടെ പ്രസ്ഥാനത്തെ എതിര്‍ക്കുകയും എന്നെ രാജ്യദ്രോഹി യെന്ന് മുദ്രകുത്തുകയും ചെയ്യുന്നത്?'

വികാരഭരിതനായിത്തീര്‍ന്ന അംബേഡ്കര്‍ ഒരു നിമിഷത്തെ മൗനത്തിന് ശേഷം കര്‍ക്കശവും അമര്‍ഷം നിറഞ്ഞതുമായ സ്വരത്തില്‍ തുടര്‍ന്നു:

'ഗാന്ധിജി, എനിക്ക് സ്വന്തമായൊരു നാടില്ല.' ഞെട്ടലോടെ ഗാന്ധിജി ഇടക്കു കയറി പറഞ്ഞു: 'താങ്കള്‍ക്ക് സ്വന്തം നാടുണ്ട്. വട്ടമേശ സമ്മേളനങ്ങളിലെ താങ്കളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി എനിക്കു ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്ന് താങ്കള്‍ കിടയറ്റ ഒരു ദേശാഭിമാനി യാണെന്ന് ഞാന്‍ മനസിസാക്കുന്നു.' ഇതിന് മറുപടിയായി അംബേഡ്കര്‍ പറഞ്ഞു: 'എനിക്ക് ഒരു മാതൃഭൂമിയുണ്ടെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍, ഞാന്‍ ആവര്‍ത്തിക്കുന്നു, എനിക്ക് അങ്ങനെയൊന്നില്ലെന്ന്. ഞങ്ങളെ പട്ടിയേയും പൂച്ചയേയും കാള്‍ മോശമായി കണക്കാക്കുന്നു. ഞങ്ങള്‍ക്കു കുടിക്കാന്‍ ദാഹജലം നല്കാത്ത ഈ നാടും ഈ മതവും ഞങ്ങളുടെ സ്വന്തമാണെന്ന് എനിക്കെങ്ങനെ പറയുവാന്‍ കഴിയും? ആത്മാഭിമാനമുള്ള ഒരു പട്ടികജാതിക്കാരനും ഈ നാടിനെച്ചൊല്ലി അഭിമാനം കൊള്ളാന്‍ കഴിയുകയില്ല.'

അന്തരീക്ഷം ആകെ കലുഷിതമായിക്കഴിഞ്ഞിരുന്നു. മുഖങ്ങള്‍ വിവര്‍ണമായി. ഗാന്ധി അസ്വസ്ഥനായിക്കൊണ്ടിരുന്നു. അംബേഡ്കറുടെ സംഭാഷണം ഒന്നു തിരിച്ചുവിടാന്‍ അദ്ദേഹം ആഗ്രഹിച്ചു. ആ നിമിഷത്തില്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യമായ ഏറ്റവും സംഗതമായ ചോദ്യം അംബേഡ്കര്‍ ഗാന്ധിയോട് ചോദിച്ചു: 'മുസ്ലീങ്ങളും സിക്കുകാരും സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും അയിത്തജാതിക്കാരേക്കാള്‍ മുന്നിലാണെന്ന കാര്യം ഏവര്‍ക്കും അറിയാം, ഒന്നാം വട്ടമേശ സമ്മേളനം മുസ്ലീങ്ങളുടെ അവകാശവാദങ്ങള്‍ക്ക് രാഷ്ട്രീയ അംഗീകാരം നല്കുകയും അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസ് അവരുടെ അവകാശവാദങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഒന്നാം സമ്മേളനം അധസ്ഥിത വിഭാഗങ്ങളുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കും അംഗീകാരം നല്കുകയും അവര്‍ക്ക് രാഷ്ട്രീയ പരിരക്ഷാ വ്യവസ്ഥകളും മതിയായ പ്രതിനിധ്യവും ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇത് അധസ്ഥിത വിഭാഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്. താങ്കളുടെ അഭിപ്രായമെന്താണ്?'

ഗാന്ധി ഇതിന് നല്കിയ മറുപടി ഹൃദയഭേദകമായിരുന്നു. ശ്രദ്ധിക്കുക: 'ഹിന്ദുക്കളില്‍ നിന്ന് അയിത്തജാതിക്കാരെ രാഷ്ട്രീയമായി വേര്‍തിരിക്കുന്നതിന് ഞാന്‍ എതിരാണ്. അത് തികച്ചും ആത്മഹത്യാപരമായിരിക്കും.' അംബേഡ്കര്‍ എണീറ്റ് യാത്ര ചോദിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'മര്‍മപ്രധാനമായ ഈ പ്രശ്‌നത്തില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന് എനിക്കി പ്പോള്‍ മനസിലായതു നന്നായി.'

ആ കൂടിക്കാഴ്ച ഇപ്രകാരം വിസ്‌ഫോടകമായ ഒരന്തരീക്ഷത്തി ലാണ് അവസാനിച്ചത്. ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അനിഷേധ്യ നേതാവായിരുന്നു. ഗാന്ധിയോട് മറുത്തു പറയുക എന്നതിനര്‍ത്ഥം നിതാന്തമായ വിപ്രതിപത്തിയും ആജീവനാന്ത വിദ്വേഷവും വരുത്തിവെക്കുക എന്നതാണ്. പില്ക്കാല ജീവിതത്തില്‍ അംബേഡ്കര്‍ക്ക് അളവറ്റ രീതിയില്‍ അതിന്റെ തിക്താനുഭവങ്ങള്‍ നേരിടുകയും ചെയ്തു. വിസ്മയകരമല്ലെന്നു പറയട്ടെ അംബേഡ്കര്‍ അധസ്ഥിതനല്ലെന്നാണ് ഗാന്ധി കരുതിയിരുന്നത്. അധസ്ഥിതരോട് അഗാധമായ ആഭിമുഖ്യമുള്ള ഒരു ബ്രാഹ്മണനാണ് അംബേഡ്കറെന്നും, അതുകൊണ്ടായിരിക്കാം സംയമനമില്ലാതെ സംസാരിക്കുന്നതെന്നു മാണ് ലണ്ടനിലെത്തു വോളം ഗാന്ധി കരുതിയിരുന്നത്.

കടപ്പാട്: ഡോ. അംബേഡ്കറും മഹാത്മജിയും - കെ എന്‍ കുട്ടന്‍