"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഗുജറാത്തിലെ ദലിത് മുന്നേറ്റം - മൃദുലാദേവി ശശിധരന്‍


ബ്രാഹ്മണന്‍ ലോകത്തിന്റെ സ്രഷ്ടാവും, ശിക്ഷകനും, ഗുരുവും അതുകൊണ്ട് സര്‍വ്വ സൃഷ്ടി ജാലകങ്ങളുടേയും ഉപകാരിയാണെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു. അവന് പ്രതികൂലമായി യാതൊന്നും പറയരുത് . അവനോട് പരുഷ വാക്കുകള്‍ ഉപയോഗിക്കയുമരുത്.

ഭൂമിയില്‍ എന്തുണ്ടെങ്കിലും അത് ബ്രഹ്മാണന്റെ സ്വത്താണ്. തന്റെ ഉത്ഭവത്തിന്റെ വൈശിഷ്ട്യം കൊണ്ട്, ബ്രാഹ്മണന്‍ നിശ്ചയമായും അതിനെല്ലാം അവകാശിയാകുന്നു.

മനു എഴുതിവച്ച എത്രയോ ഭോഷ്‌ക്കുകളില്‍ ചിലതു മാത്രമാണിത് എല്ലാത്തിലും അധീശത്വം നേടി, സമ സ്ത മേഖലകളും കയ്യടക്കി വച്ച്, ബ്രാഹ്മണ ശാപം കിട്ടും എന്ന് ഭയപ്പെടുത്തി ഇന്ത്യന്‍ മനസുകളിലെ അന്ധവിശ്വാസങ്ങളുടെ മറപിടിച്ച് ജൈത്രയാത്ര നടത്തുമ്പോഴാണ്. ഗുജറാത്തില്‍ തികച്ചു വ്യത്യസ്തമായ സമര ശൈലിയുമായി കാല്‍ ചുവട്ടിലെ മണ്ണു നഷ്ടപ്പെട്ടര്‍ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ അസ്തിത്വം നഷ്ടപ്പെടുമെന്നുറപ്പായ ദേശീയജനത തിരിച്ചടിച്ചത്. ഒരു ജനതയെ എക്കാലവും ചവിട്ടിത്താഴ്ത്താമെന്നും, അവര്‍ക്ക് അധികാരങ്ങള്‍ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ സഹിച്ചുകൊള്ളും എന്നുമുള്ള കൂപമണ്ഡൂക വിശ്വാസത്തിനാണ് അടിത്തറ ഇളകിയിരിക്കുന്നത്.

മാധ്യമങ്ങള്‍, അമര്‍ചിത്ര കഥകള്‍ തുടങ്ങിയ വഴി രാജരക്തമുള്ള ക്ഷത്രിയനേ പോരാട്ട വീര്യമുള്ളൂ എന്ന വിശ്വാസമാണ് തകര്‍ത്തെറിയപ്പെട്ടിരിക്കുന്നത്.

ജനശ്രദ്ധ പിടിച്ചു പറ്റിയ കലാപങ്ങള്‍ എന്നും എപ്പോഴും ബുദ്ധി ജീവികള്‍ നയിച്ചതായിരുന്നില്ല. സി.കെ.ജാനു, ളാഹ ഗോപാലന്‍ എന്നിവരാരും ബുദ്ധിജീവികളായിരുന്നില്ല എന്നാല്‍ സമൂഹനന്മയ്ക്കായി സമാന്തരമായി ചിന്തിച്ചവരാണവര്‍. സൈദ്ധാന്തിക ഭാഷണങ്ങള്‍ പറഞ്ഞ് മാളങ്ങളില്‍ ഒളിച്ചല്ല അവര്‍ സമര മുഖങ്ങളിലെത്തിയത്.

ഗുജറാത്തിലും അതുതന്നെയാണുണ്ടായത്. India is a soveriegn Secular Democratic Country എന്നു വാദി ക്കുമ്പോള്‍തന്നെ ഈ നാട്ടില്‍ യാതൊരു വിധ്വംസക പ്രവര്‍ത്തനവും ചെയ്യാത്ത ജനതയുടെ പ്രതിനിധിക്കളായ ചെറുപ്പക്കാര്‍ പശുവിന്റെ തോല്‍ ഉരിഞ്ഞു എന്ന കാരണത്താല്‍ വര്‍ഗ്ഗീയ വെറി പൂണ്ട് നാല്‍ക്കാലി സംരക്ഷണത്തിനായുള്ള 'പശു രാഷ്ട്രീയത്തിനു'വേണ്ടി അവരെ നിരത്തി നിര്‍ത്തി മര്‍ദ്ദിച്ചു. ആ ദൃശ്യങ്ങള്‍ Online Media യില്‍ വൈറല്‍ ആക്കിയത് ഭരണകൂട ഭീകരത അല്ലെന്ന് ആര്‍ക്ക് പറയാന്‍ പറ്റും? ഭരണകൂടത്തെയോ, ജൂഡീഷറിയെയോ ഭയമുണ്ടായിരുന്നെങ്കില്‍, അധഃസ്ഥിത വിഭാഗത്തെ സഹോദരങ്ങളായി കരുതിയിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം ഇന്ത്യയില്‍ നടക്കില്ലായിരുന്നു. ഒരു സാംസ്‌കാരിക നായകന്‍മാരും അതിന് ചെറുവിരല്‍ പോലുമനക്കിയില്ല. ഒച്ചയുണ്ടായില്ല, ഒരനക്കവുമുണ്ടായില്ല എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന മഹാശ്വേതാദേവി അധഃസ്ഥിതര്‍ക്കു വേണ്ടി നിലകൊണ്ട ആ പ്രതിഭയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന തിരക്കില്‍, അടികൊണ്ട അധഃസ്ഥിതരെ എല്ലാവരും വിസ്മരിച്ചു. സത്യമായും ആ മഹദ്‌വനിത നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രതികരിക്കുമായിരുന്നു.

ഗുജറാത്തിലെ ബഹുജനപ്രക്ഷോഭം ഇന്ത്യ യെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചു. സ്വന്തം പത്രമോ, ചാനലോ, ഇല്ലാതെ നിരാലംബരായ ജനത Your mother you take of it എന്ന ശക്തമായ താക്കീതുമായി ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നിരത്തിലിറങ്ങിയത്. ഭരണകൂടം കണ്ടില്ലെന്നു നടിച്ച ആ പ്രക്ഷോഭം ഓണ്‍ലൈന്‍ മീഡിയ ഏറ്റെടുത്ത് ജനങ്ങളില്‍ എത്തിച്ചു. ഉന ദലിത് അത്യചാര്‍ ലഡ്തായി സമിതിയുടെ ആഭിമുഖ്യത്തില്‍ ദലിത് ആക്ടവിസ്റ്റ് ജിഗ്നേഷ് മേവാനി ഗുജറാത്തിലെ ഉനയില്‍ 2016 ആഗസ്റ്റ് 15 ന് നടത്തിയ സ്വതന്ത്ര്യ പ്രഖ്യാപന റാലി ആവേശോജ്വലമായി ജനം നെഞ്ചിലേറ്റി. പട്ടികവിഭാഗക്കാരുടെ നേട്ടത്തെ സവര്‍ണന്റെ ലോബിയില്‍ കെട്ടാന്‍ കനയ്യയുടെ പാക്കിസ്ഥാന്‍ യാത്ര പറഞ്ഞ്, മുസ്ലീം അവിശുദ്ധ ബന്ധത്തിന്റെ ഉപ ഉത്പന്നം എന്ന് പറഞ്ഞ് ഈ ജനകീയ മുന്നേറ്റത്തെ തള്ളിക്കളയുന്നവരോട് ഒന്നേ പറയാനുള്ളു. ഇലക്ട്രിസിറ്റി വന്നതുകൊണ്ട് നിന്നുപോയ സംബന്ധത്തിന്റെയും ചൂട്ടുകറ്റപ്രയോഗത്തിന്റെയും ബാക്കിപാത്രക്കാര്‍ക്ക് ഇങ്ങനെ പറയാനേ അറിയൂ. ഇത് പറഞ്ഞതല്ല, പറയിച്ചാണ്

ബഹുജനപ്രക്ഷോഭങ്ങള്‍ രൂപീകരിക്കുക
സംവാദങ്ങള്‍ വഴി ജനങ്ങളെ പ്രബുദ്ധരാക്കുക
ദളിത് സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമം
മുന്നോട്ട് കൊണ്ടുപോകുക

ഇത് യഥാര്‍ത്ഥ സമയമാണ്. ഇപ്പോള്‍ തിരിച്ചു പിടിച്ചില്ലെങ്കില്‍ ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല.