"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

അയ്യന്‍കാളി ഇല്ലാത്ത പതിറ്റാണ്ടുകള്‍ - കുന്നുകുഴി എസ് മണിമഹാനായ നവോത്ഥാന നായകന്‍ അയ്യന്‍കാളി 1941-ല്‍ നിര്യാതനായെങ്കിലും അവശ ജനവിഭാഗത്തിന്റെ ഉന്നമനത്തില്‍ ക്രമാനുഗതമായ പുരോഗതി ദൃശ്യമായിരുന്നു. സാമൂഹ്യ മാറ്റത്തിലും വിദ്യാഭ്യാസ രംഗത്തും വന്‍ മാറ്റങ്ങളാണ് ഇക്കാലയളവില്‍ സംഭവിച്ചത്. ധാരാളം സാധുജനകുട്ടികള്‍ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്നുണ്ടായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യങ്ങളും ഫീസിളവുകളും പട്ടിണി പാവങ്ങളുടെ കുട്ടികള്‍ക്ക് ആശ്വാസമായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1956 നവംബര്‍ ഒന്നിന് സംസ്ഥാന പുനഃസംഘടന വഴിക്ക് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്നുള്ള ഐക്യകേരളം രൂപപ്പെട്ടു. 1956 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുകയും ഇന്ത്യ റിപ്പബ്ലിക്കായി തീരുകയും ചെയ്തിരുന്നു. ഭരണഘടനയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് സംവരണവും വിദ്യാഭ്യാസാനു കൂല്യങ്ങളും വിഭാവനം ചെയ്തിരുന്നു. ഈ വിദ്യാഭ്യാസാനു കൂല്യങ്ങള്‍ ഭരണഘടന രൂപം കൊള്ളുന്നതിന് നാല്പതു വര്‍ഷം മുന്‍പു തന്നെ അയ്യന്‍കാളിയുടെ പ്രജാസഭ പ്രവര്‍ത്തനഫലമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞിരുന്നു.

തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഈ നടപടികള്‍ ഒരുപക്ഷേ ഡോ.അംബേദ്ക്കറെ ഭരണഘടന നിര്‍മ്മാണ കാലത്ത് സ്വാധീനിച്ചിട്ടുണ്ടാവാം. എന്തായാലും സാധുജനങ്ങള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും, ജോലി സമ്പാദിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍ ഉണ്ടായികണ്ടതില്‍ മഹാനായ അയ്യന്‍കാളിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം. പക്ഷെ കാലം ക്വാറിയിട്ട അവശത മാറ്റുന്നതിന് ജനായത്ത ഭരണ സംവിധാനത്തില്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അവശജനവിഭാഗങ്ങളെ തടയുകയായിരുന്നു. അയ്യന്‍കാളിക്കു ശേഷം അവശജനവിഭാഗങ്ങളെ നേര്‍വഴിക്കു നയിക്കുവാന്‍ പോന്ന സുശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവവും അവരെ നേര്‍വഴിക്കു നയിക്കാന്‍ ഉണ്ടായിരുന്നില്ല. സാധുജനപരിപാലന സംഘത്തിന്റെ പതനത്തിനു ശേഷമുണ്ടായ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയ്ക്ക് ഈ ജനവിഭാഗത്തിന്റെ പുരോഗതി ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ വലുതായിട്ടൊന്നും സാധിച്ചിരു ന്നുമില്ല. മാറിമാറി നേതാക്കള്‍ വന്നുവെങ്കിലും അയ്യന്‍കാളി യെപ്പോലെ ആജ്ഞാസ്വരത്തില്‍ നിയന്ത്രിക്കാന്‍ ഒരു നേതൃത്വമി ല്ലാതെ പോയി. അങ്ങിനെ സമുദായത്തിലെ ഒരുവിഭാഗം ചില ഇടതുപക്ഷ രാഷ്ട്രീയക്കാരുടെയും, മറ്റൊരു വിഭാഗം മതക്കെട്ടു കളിലുമായി തളയ്ക്കപ്പെട്ടുപോയി. ഇതുകാരണം സമുദായ ശക്തി ത്രയങ്ങള്‍ ചോര്‍ന്നു കൊണ്ടിരുന്നു.

സാധുജനങ്ങളുടെ വിദ്യാഭ്യാസ വിഷയത്തില്‍ അടിസ്ഥാനമിട്ടു കൊണ്ട് 1905-ല്‍ വെങ്ങാനൂരില്‍ അയ്യന്‍കാളി സ്ഥാപിച്ച പുതുവല്‍ വിളാകം എല്‍.പി.സ്‌കൂളിന്റെ അവസ്ഥയും ആശാവഹമായിരുന്നില്ല. അയ്യന്‍കാളിക്കുശേഷം മാനേജരായ ടി.ടി.കേശവന്‍ ശാസ്ത്രികള്‍ക്കും തുടര്‍ന്ന് മാനേജരായ ഭാര്യ തങ്കമ്മയ്ക്കും സ്‌കൂളിന്റെ നിലനില്‍പ്പിനായി കാര്യമായിട്ടൊന്നും ചെയ്യാനായില്ല. ഈ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് യു.പി.സ്‌കൂ ളാക്കി ഉയര്‍ത്തണമെന്ന് നിരന്തരം മറിമാറി വന്ന സര്‍ക്കാരു കളോട് അപേക്ഷിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. തങ്കമ്മയുടെ മരണശേഷം മൂത്തമകന്‍ അപ്പന്‍ വഞ്ചിയൂരിന്റെ ഭാര്യ കെ.ശാന്തകുമാരി മാനേജരായി. ഈ കാലത്താണ് 1983-ല്‍ പുതുവല്‍ വിളാകം എല്‍.പി.സ്‌കൂള്‍ യു.പി.സ്‌കൂളായി വിദ്യാഭ്യാസ വകുപ്പ് അപ്‌ഗ്രേഡ് ചെയ്തത്. അപ്‌ഗ്രേഡ് ചെയ്തിട്ടും അയ്യന്‍കാളി സ്‌കൂള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലെത്തി. അതെക്കുറിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സ്‌കൂള്‍ മാനേജര്‍ കെ.ശാന്തകുമാരി ശ്രീ അയ്യന്‍കാളി സ്മാരക യു.പി.സ്‌കൂളിന്റെ 85-ാം വാര്‍ഷികം പ്രമാണിച്ച് 1991ല്‍ പ്രസിദ്ധീകരിച്ച സ്മരണികയുടെ പത്രാധിപക്കുറിപ്പില്‍ ഇങ്ങനെ എഴുതുന്നു:

''ശ്രീ അയ്യന്‍കാളി സ്മാരക യു.പി.സ്‌കൂള്‍ വില നല്‍കി ഏറ്റെടുത്ത് അയ്യന്‍കാളിയുടെ സ്മാരകമായി എക്കാലവും നിലനിറുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.' - എന്ന ഹെഢിംഗോടു കൂടി തുടരുന്നു. ശ്രീ അയ്യന്‍കാളി സ്മാരക സ്‌കൂള്‍ അതിന്റെ 85-ാം വര്‍ഷത്തെ മഹത്തായ സേവനം പിന്നിട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രസ്തുത സ്‌കൂളിന്റെ കഴിഞ്ഞകാല ചരിത്രത്തിലേക്ക് നമുക്കൊന്നു തിരിഞ്ഞു നോക്കാം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കൈതൊട്ടനുഗ്രഹിച്ച കേരളത്തിലെ ഏക സ്‌കൂളാണ് ഇത് എന്ന വസ്തുത വിസ്മരിച്ചു കൂടാ.

നൂറ്റാണ്ടുകളായി അടിമത്തത്തിലും സാമ്പത്തിക ചൂഷണത്തിനും വിധേയരായി മൃഗതുല്യം നികൃഷ്ട ജീവികളായി കഴിയേണ്ടിവന്ന ഒരു വിഭാഗം ജനങ്ങളുടെ മോചനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിഹരിക്കാനാവുയെന്ന് സ്വയം ചിന്തിച്ചറിഞ്ഞ നിരക്ഷര കുക്ഷിയായ സമുദായാചാര്യന്‍ ശ്രീ അയ്യന്‍കാളി അധഃസ്ഥിത വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനത്തിനുവേണ്ടി നിരന്തരം സമരങ്ങളും വിപ്ലവങ്ങളും സംഘടിപ്പിച്ചു. രക്തച്ചൊരിച്ചിലുകളിലൂടെയും വിപ്ലവത്തിലൂടെയും നിര്‍വിഘ്‌നം തുടര്‍ന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അധഃസ്ഥിത കുട്ടികള്‍ക്കു സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവു പറപ്പെടുവിച്ചുവെങ്കിലും ആ ഉത്തരവു നടപ്പാക്കുന്നി ല്ലെന്നു കണ്ടപ്പോള്‍ ആ കര്‍മ്മ ധീരന്‍ അധഃസ്ഥിതരുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി സ്വന്തം നാടായ വെങ്ങാനൂരില്‍ പതിനെട്ടു സെന്റ് സ്ഥലം ഒറ്റിവാങ്ങി. അവിടെ പുതുവല്‍ വിളാകം എല്‍.പി.സ്‌കൂള്‍ എന്ന പേരില്‍ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ഈ രാജ്യത്തെ സവര്‍ണ്ണ മേധാവികളുടെ സ്‌കൂളിലോ സര്‍ക്കാര്‍ സ്‌കൂളിലോ അധഃസ്ഥിത കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചപ്പോഴാണ് അയ്യന്‍കാളി സ്വന്തമായി ഈ സ്‌കൂള്‍ സ്ഥാപിച്ചത്. എന്നാല്‍ സവര്‍ണ മേധാവികള്‍ ആ സ്‌കൂളിനെ (1905-ല്‍ ഇവിടെ സ്ഥാപിച്ചിരുന്ന നിലത്തെഴുത്തു പള്ളിക്കൂടം) ഒന്നിലേറെ പ്രാവിശ്യം അഗ്നിക്കിരയാക്കി. അയ്യന്‍കാളി അത് വീണ്ടും പുനഃസ്ഥാപിച്ചു. സമൂഹത്തിലെ അധഃസ്ഥിതരെ സവര്‍ണ്ണ മേധാവിത്വത്തിനെതിരെ സജ്ജരാക്കുന്നതിനു വിദ്യാഭ്യാസം അനിവാര്യമാണെന്ന് അയ്യന്‍കാളി ദീര്‍ഘദര്‍ശനം ചെയ്തു.

അധഃസ്ഥിത വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധപൂര്‍വ്വം വിദ്യാഭ്യാസം ചെയ്‌തേ മതിയാവുവെന്ന് അയ്യന്‍കാളി ശഠിക്കുകയും അധഃസ്ഥിതരുടെ വീടുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കുട്ടികളെ നിര്‍ബന്ധമായും സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. പട്ടിണിക്കോലങ്ങളായ അവര്‍ക്ക് പഠനോപകരണങ്ങളും, വസ്ത്രവും ഉച്ചഭക്ഷണവും അദ്ദേഹം നല്‍കി അവരുടെ വിദ്യാഭ്യാസത്തിനുതകുന്ന എല്ലാ സഹായങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയുണ്ടായി. അങ്ങിനെ അധഃസ്ഥിതരെ വിദ്യാസമ്പന്നരാക്കുവാനും ഇന്നവര്‍ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങള്‍ക്കും കാരണഭൂതന്‍ അയ്യന്‍കാളിയാണ്.

സ്‌കൂള്‍ സ്ഥാപകനായ അയ്യന്‍കാളിയായിരുന്നു ആദ്യത്തെ മാനേജര്‍. അദ്ദേഹത്തിന്റെ അന്ത്യകാലത്ത് മരുമകന്‍ ടി.ടി.കേശവന്‍ ശാസ്ത്രിയെ അരുകില്‍ വിളിച്ച് ഈ സ്‌കൂള്‍ എക്കാലവും നിലനിറുത്തണമെന്നു പറഞ്ഞുകൊണ്ട് തുടര്‍ന്നുളള നടത്തിപ്പ് അദ്ദേഹത്തെ ഏല്പിക്കുകയാണ് ഉണ്ടായത്. ശാസ്ത്രിയാണ് സ്‌കൂള്‍ നിലനില്‍ക്കുന്ന ഒറ്റിവാങ്ങിയ സ്ഥലം പില്‍ക്കാലത്ത് വിലയാധാരമായി പതിച്ചു വാങ്ങിയത്.

അതോടെ അദ്ദേഹം സ്‌കൂളിന്റെ രണ്ടാമത്തെ മാനേജരായി ചാര്‍ജ്ജെടുത്തു. ശാസ്ത്രിയുടെ കാലശേഷം ഭാര്യ തങ്കമ്മയും അവര്‍ക്കുശേഷം ഇളയമകന്‍ ടി.കെ.ലായനും സ്‌കൂളിന്റെ മാനേജര്‍മാരായിരുന്നു. 1983-ലാണ് ഈ സ്‌കൂള്‍ യു.പി.സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് ഗവണ്‍മെന്റ് സ്‌പെഷ്യല്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഈ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ പിന്നില്‍ അയ്യന്‍കാളിയുടെ ചെറുമകന്‍ അപ്പന്‍ വഞ്ചിയൂര്‍ വഹിച്ച പങ്കും നിരന്തരമായ പരിശ്രമവും അഭിനന്ദനമര്‍ഹി ക്കുന്നു.

ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഈ സ്‌കൂളിന്റെ കാര്യത്തില്‍ മുഖം തിരിച്ച നിലപാടാണ് സ്വീകരിച്ചു പോന്നിരുന്നത്. സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ അയ്യന്‍കാളിയും രണ്ടാമത്തെ മാനേജര്‍ ടി.ടി.കേശവന്‍ ശാസ്ത്രിയും ദീര്‍ഘകാലം ശ്രീമൂലം അസംബ്ലിയിലും, തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭകളിലും അംഗമായിരുന്നിട്ടുണ്ട്. അവര്‍ സ്വാര്‍ത്ഥ മതികളാ യിരുന്നുവെങ്കില്‍ ഈ രാജ്യത്തെ ഭൂവുടമകളും പണക്കാരും അവരുടെ പിന്‍ഗാമികളായ ഞങ്ങളായിരുന്നേനെ. എന്നാല്‍ അയ്യന്‍കാളിയും കേശവന്‍ സാസ്ത്രിയും നിസ്വാര്‍ത്ഥ രായ ജനസേവകരായിന്നു. സമുദായത്തിന്റെ ഉയര്‍ച്ച മാത്രമായി രുന്നു അവരുടെ ലക്ഷ്യം. അക്കാരണത്താല്‍ സ്വന്തം കുടുംബത്തിന് വേണ്ടി അവര്‍ സ്വന്തമായി ഒന്നും കരുതിയിട്ടില്ല. അവരുടെ കാലടികളെ പിന്‍തുടര്‍ന്നതുകാരണം തുടര്‍ന്നുള്ള മാനേജര്‍മാരും സാമ്പത്തിക പരാധീനതകളാല്‍ സ്‌കൂളിന്റെ തുടര്‍ന്നുള്ള നടത്തിപ്പുമായി ബന്ധപ്പെട്ട് വളരെയേറെ സാമ്പത്തിക ബാദ്ധ്യത കള്‍ക്കടിമയായിത്തീരുകയുണ്ടായി.

എല്‍.പി.സ്‌കൂള്‍ സെക്ഷന്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടനുഭവിച്ച ഒരു കാലഘട്ടത്തില്‍-സ്‌കൂള്‍ ഓലകെട്ടി മേയുവാന്‍ പോലും നിവൃത്തിയില്ലാതിരുന്ന സാഹചര്യത്തില്‍ ഈ സ്‌കൂളിലെ കുട്ടികളുടെ അംഗസംഖ്യ ആകെ 17 ആയി കുറയുകയും മഴ നനഞ്ഞു ചോര്‍ന്നൊലിച്ച് കെട്ടിടം നിലംപൊ ത്തേണ്ട ഒരു സ്ഥിതി വിശേഷം സംജാതമാകുകയും ചെയ്തപ്പോള്‍ 1970-ല്‍ അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ ഈ സ്‌കൂള്‍ കെട്ടിടം ഓടിട്ടു സംരക്ഷിക്കുന്നതിന് 8000 രൂപ ഗ്രാന്റായി അനുവദിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണ്. അച്യുതമേനോന്‍ സര്‍ക്കാര്‍ അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അയ്യന്‍കാളി പള്ളിക്കൂടം ഇന്നുണ്ടാകുമായി രുന്നില്ല. അതിന് അദ്ദേഹത്തോട് ഈ സ്ഥാപനത്തിന്റെ മാനേജരും നാട്ടുകാരും എക്കാലവും കടപ്പെട്ടിരിക്കുന്നു. ഇന്ന് ഈ സ്‌കൂളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ഈ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുവാനുള്ള കരടു ലിസ്റ്റില്‍ ഇതിന്റെ പേരും കൂടി ഉള്‍പ്പെടുത്തിയതു നായനാര്‍ സര്‍ക്കാ രിന്റെ കാലത്തായിരുന്നുവെങ്കിലും അപ്‌ഗ്രേഡ് ചെയ്തു കൊണ്ടുള്ള സ്‌പെഷ്യല്‍ ഉത്തരവു പുറപ്പെടുവിച്ചത് കെ.കരുണാ കരന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

സമ്പൂര്‍ണ്ണ സാക്ഷരത യജ്ഞവുമായി സര്‍ക്കാരും ജനങ്ങളും നിരന്തരം ശ്രമം നടത്തുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. എന്നാല്‍ 85 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ രാജ്യത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ/പിന്നോക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സാക്ഷരതയ്ക്കു വേണ്ടി യത്‌നിച്ച ഈ സരസ്വതീക്ഷേത്രം ലോകമുള്ളിടത്തോളം കാലം നിലനില്ക്കുക തന്നെ വേണം. ഇതൊരു ചരിത്ര സ്മാരകമാകണം. അയ്യന്‍കാളിയുടെ സ്മാരകമായി ഈ സ്‌കൂള്‍ എക്കാലവും നിലനില്ക്കണം.

സാമ്പത്തിക പരാധീനതകളാല്‍ ഈ സ്‌കൂള്‍ നടത്തിക്കൊണ്ട് പോകുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ സ്‌കൂള്‍ സര്‍ക്കാര്‍ വിലനല്‍കി ഏറ്റെടുത്ത് അയ്യന്‍കാളിയുടെ സ്മാരകമായി നിലനിറുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി പ്രസ്തുത ഫയലിന്‍മേല്‍ തീരുമാനമാകാതെ കിടക്കുന്നു. സ്‌കൂള്‍ വിലനല്‍കി ഏറ്റെടുക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ നിയമമില്ലെന്നാണ് ഉദ്യോഗസ്ഥ മേധാവികളുടെ നിലപാട്. ഒരിഞ്ചുഭൂമിയോ കയറിക്കിടക്കുവാന്‍ ഒരു കൂരയോ സ്വന്തമായി ഇല്ലാത്ത എനിക്കും എന്റെ കുടുംബത്തിനും ഈ സ്‌കൂള്‍ സര്‍ക്കാരിന് സൗജന്യമായി നല്‍കുക അസാദ്ധ്യമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ ഈ സ്‌കൂള്‍ പൊതുമരാമത്ത് നിശ്ചയിക്കുന്ന വില നില്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് അയ്യന്‍കാളിയുടെ സ്മാരകമായി എക്കാലവുംനിലനിറുത്തുക എന്നതാണ് ഞങ്ങളുടെ ആവശ്യം.

ഈ സ്‌കൂള്‍ വില നല്‍കി ഏറ്റെടുക്കുവാന്‍ പലരും മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങളിതു സ്വകാര്യക്കാര്‍ക്ക് നല്‍കാന്‍ തയ്യാറല്ല. ഇതു സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ. അയ്യന്‍കാളി സ്ഥാപിച്ച ചരിത്ര പ്രസിദ്ധമായ ഈ സ്‌കൂള്‍ തകരാന്‍ ഇടവരുത്തിയെന്നോ കണ്ടവര്‍ക്കു നല്‍കി നശിപ്പിച്ചു വെന്നോ ഉള്ള പേരുദോഷം സമ്പാദിക്കുവാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഈ സ്‌കൂള്‍ തകര്‍ന്നുവീഴുകയോ, നശിക്കുകയോ ചെയ്യാനിട വരുന്ന പക്ഷം അതിനുത്തരവാദി സര്‍ക്കാര്‍ തന്നെ ആയിരിക്കും. വിദ്യാഭ്യാസ ചട്ടങ്ങളില്‍ നിയമമില്ലെങ്കില്‍ ഈ സ്‌കൂളിന്റെ നിലനില്‍പ്പിനു വേണ്ടി ഒരുപുതിയ നിയമം കൊണ്ടുവന്ന് ഈ സ്‌കൂളിന്റെ കാര്യത്തില്‍ സ്‌പെഷ്യല്‍ കേസായി പരിഗണിക്കു വാന്‍ മന്ത്രിസഭ തീരുമാനമുണ്ടായേ മതിയാകൂവെന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും സര്‍ക്കാരിനോടപേക്ഷിക്കുകയാണ്.

ഈ രാജ്യത്ത് എത്രയോ മഹത് വ്യക്തികള്‍ മണ്‍മറഞ്ഞിട്ടുണ്ട്. എത്രയോ സ്ഥാപനങ്ങള്‍ മണ്ണടിഞ്ഞിട്ടുണ്ട്. ആ വ്യക്തികളും സ്ഥാപനങ്ങളും നിലനില്‍ക്കുമ്പോള്‍ അവരുടെ മഹത്വം വെളിപ്പെടുത്തുന്ന സമ്പ്രദായം നമുക്കില്ലല്ലോ. മരിച്ചു കഴിയുമ്പോള്‍ അവരെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍ കൂടി അവരെ വാനോളം പുകഴ്ത്തുന്ന നടപടിയാണ് നമ്മുടെയിടയില്‍ ഇന്നും നിലനിന്നുവരുന്നത്.

അതുപോലെ ഈ സ്‌കൂളിന്റെ മഹത്വവും പ്രാധാന്യവും ഇതു നശിച്ചു കഴിയുമ്പോള്‍ പറയുന്നതിലും പ്രസംഗിക്കുന്നതിലും സങ്കടപ്പെടുന്നതിലും യാതൊരര്‍ത്ഥവുമില്ല. അപ്പോള്‍ അതിനുവേണ്ടി ഗ്രാന്റു നല്‍കാനും പുനരുദ്ധരിപ്പിക്കാനും കാത്തുനില്‍ക്കാതെ ഇത് നശിക്കാനിടവരാത്ത വിധം ഈ സരസ്വതീക്ഷേത്രത്തെ ഉടന്‍ എക്കാലത്തും നിലനിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ഒരിക്കല്‍കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.' 1.

നിവേദനങ്ങള്‍ നല്‍കുകയും പത്രങ്ങളില്‍ പ്രസ്താവനകള്‍ കൊടുക്കുകയും ചെയ്തിട്ടും അയ്യന്‍കാളി സ്ഥാപിച്ച പുതുവല്‍ വിളാകം യു.പി.സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജനാധിപത്യ സര്‍ക്കാരുകള്‍ അയ്യന്‍കാളി സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ എന്നും മുഖം തിരിച്ച് നില്‍ക്കാനാണ് ശ്രമിച്ചിരുന്നത്. ഒടുവില്‍ സ്‌കൂള്‍ മാനേജര്‍ കെ.ശാന്തകുമാരി അറ്റകൈയെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 1991 ജനുവരി 14ന് ഒരു നിവേദനം കൂടി കൊടുത്തു. ആ നിവേദനംഇവിടെ ചേര്‍ക്കുന്നു.

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി മുന്‍പാകെ

സര്‍,
അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാപ്രിയ ദര്‍ശിനി' ഇന്ത്യയുടെ മഹാനായ പുത്രന്‍' എന്ന് വിശേഷിപ്പിച്ച് ധന്യനാക്കിയ കേരളത്തിന്റെ വീരപുത്രന്‍ ശ്രീ അയ്യന്‍കാളി ഹരിജനങ്ങള്‍ക്കു വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിച്ച കാലഘട്ടത്തില്‍ ഹരിജനങ്ങളുടെ ഉദ്ധാരണം വിദ്യാഭ്യാസം ഒന്നു കൊണ്ടുമാത്രമേ പരിഹരിക്കാനാവൂവെന്ന് മനസ്സിലാക്കി വെങ്ങാനൂരില്‍ സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ഇവിടുത്തെ സവര്‍ണ മേധാവികള്‍ ആ സ്‌കൂളിനെ അന്നു രാത്രി തന്നെ അഗ്നിക്കിരയാക്കിയെങ്കിലും അയ്യന്‍കാളി അത് പുനര്‍നിര്‍മ്മിച്ചു. പ്രസ്തുത അയ്യന്‍കാളി പള്ളിക്കൂടം ഇന്നതിന്റെ 85 വര്‍ഷത്തെ മഹത്തായ സേവനം പിന്നിട്ടിരിക്കുകയാണ്.

കേരളത്തിലെ ഹരിജന നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതാവായ അയ്യന്‍കാളിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് അതില്‍ ആകൃഷ്ടനായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇവിടെ-വെങ്ങാനൂരിലെത്തി അയ്യന്‍കാളിയേയും അദ്ദേഹം സ്ഥാപിച്ച സ്‌കൂളിനേയും കൈ തൊട്ടനുഗ്രഹിച്ചതും ചരിത്ര സംഭവമാണ്.

അതെ അയ്യന്‍കാളി സ്‌കൂളിന്റെ സ്ഥിതി ഇന്നുവളരെ ശോചനീയമായ അവസ്ഥയിലാണ്. ഇതിന്റെ ഇന്നത്തെ മാനേജരായ എനിക്കും എന്റെ കുടുംബത്തിനും ഒരിഞ്ചുഭൂമി യോ, ഒരു കിടപ്പാടമോ സ്വന്തമായിട്ടില്ലാത്തവരാണ്. ഇന്നും വാടകയ്ക്കാണ് താമസിക്കുന്നത്. ഈ സ്‌കൂളിന്റെ കഴിഞ്ഞ കാലനടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ കടക്കാരിയായിത്തീര്‍ന്നിരിക്കുകയാണ് ഞാന്‍. ഈ അവസ്ഥയില്‍ സ്‌കൂള്‍ കേരള പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് അയ്യന്‍കാളിയുടെ സ്മാരകമായി എക്കാലവും നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വകുപ്പു മേധാവികള്‍ എന്നിവര്‍ക്ക് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും അതിന്മേല്‍ യാതൊരു തീരുമാനവുമാകാതെ കഴിഞ്ഞ നാലുവര്‍ഷമായി ഭരണശിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ അതിന്റെ ഫയലുകള്‍ പൊടിപിടിച്ചുകിടക്കുന്നു. സാമ്പത്തിക പരാധീനതകളാല്‍ പ്രസ്തുത സ്‌കൂളിന്റെ പ്രവര്‍ത്തനവുമായി ഒരിഞ്ചുപോലുംമുന്നോട്ടുപോകാന്‍ ഞങ്ങള്‍ അശക്തരാണ്. അത്ര കടക്കാരായിത്തീര്‍ന്നിരിക്കുകയാണ് ഞങ്ങള്‍.

ഇന്ത്യയൊട്ടുക്കും സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞവും, ഡോ.അംബേദ്ക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളും നടക്കുന്ന ഒരു ഘട്ടമാണല്ലോ ഇത്. നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടത്തെ ജനങ്ങളുടെ സാക്ഷരതയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഈ സ്‌കൂള്‍ കെട്ടിടങ്ങള്‍ പഴകി ദ്രവിച്ചു നശിക്കാറായി നില്ക്കുമ്പോള്‍ ഇവിടത്തെ സര്‍ക്കാര്‍ സാക്ഷരതായജ്ഞത്തിനുവേണ്ടി എന്തൊക്കെ ചെയ്താലും അത് അപൂര്‍ണമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ സ്‌കൂള്‍ എക്കാലവും നിലനിര്‍ത്തേണ്ടത് ഇവിടത്തെ സര്‍ക്കാരിന്റെ മാത്രം കടമയാണ്.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കൈതൊട്ടനുഗ്രഹിച്ചതും ഇന്ത്യയുടെ മഹാനായ പുത്രന്‍ അയ്യന്‍കാളി വളരെ ത്യാഗങ്ങളും ക്ലേശങ്ങളും അനുഭവിച്ച് തന്റെ സ്വന്തം കൈ കൊണ്ടു നിര്‍മ്മിച്ച ഈ സ്‌കൂള്‍ നശിക്കാനിടയായാല്‍ അതൊരു ദയനീയമായ അവസ്ഥയായിരിക്കും. ഗാന്ധിജിയോടും അയ്യന്‍കാളിയോടും ഇവിടത്തെ ഹരിജനങ്ങളോടും കാട്ടുന്ന കടുത്ത ക്രൂരതയായി രിക്കും അത്.

അതിനാല്‍ അങ്ങയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്നും ഈ സ്‌കൂള്‍ സര്‍ക്കാല്‍ വിലനല്‍കി ഏറ്റെടുത്ത് അയ്യന്‍കാളിയുടെ സ്മാരകമായി എക്കാലവും നിലനിറുത്തണമെന്നും സംസ്ഥാന ഗവണ്‍മെന്റിന് അടിയന്തിര നിര്‍ദ്ദേശം നല്‍കി മഹാനായ അയ്യന്‍കാളിയോടും ഇവിടത്തെ ഹരിജനങ്ങളോടും നീതികാട്ടണ മെന്ന് വിനയപൂര്‍വ്വം അപേക്ഷിച്ചുകൊള്ളുന്നു.


തിരുവനന്തപുരം 
14.01.1991. (ഒപ്പ്)
കെ.ശാന്തകുമാരി (മാനേജര്‍) 2.

പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്ത ഈ നിവേദനവും കാര്യമായ യാതൊരു ഫലവും ഉണ്ടായില്ല. അയ്യന്‍കാളി സ്മാരക സ്‌കൂള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ മാനേജര്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചു. അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കാത്ത ദുഃസ്ഥിതിയില്‍ സ്‌കൂള്‍ ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്അയ്യന്‍കാളി കുടുംബത്തില്‍പ്പെട്ട സി.പി.രാജേന്ദ്രന്‍ സ്‌കൂള്‍ വാങ്ങി സംരക്ഷിക്കാന്‍ തയ്യാറായത്. സ്‌കൂള്‍ വാങ്ങിയെങ്കിലും കെ.ശാന്തകുമാരി മാനേജരായി തുടര്‍ന്നു. അങ്ങിനെയായിരുന്നുവത്രെ വ്യവസ്ഥ. ഒടുവില്‍ പൊടുന്നനെയുണ്ടായ അസുഖത്തെത്തുടര്‍ന്ന് 1997 ജൂണ്‍ 13ന് ശാന്തകുമാരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നിര്യാതയായി. പിന്നീട് വഞ്ചിയൂര്‍ അപ്പന്‍തന്നെയായിരുന്നു മാനേജര്‍. സ്‌കൂള്‍ ഒരുവിധം മുന്നോട്ടുപോകുമ്പോള്‍ വീണ്ടും കാലദോഷം പിടിപെട്ടു. പിതാവിനെപ്പോലെ പ്രമേഹരോഗം അപ്പന്‍ വഞ്ചിയൂരിനേയും കടന്നാക്രമിച്ചു. കാലക്രമേണ ഒരു കാല്‍ മുറിക്കുകയുണ്ടായി. ഇതോടെ സി.പി.തന്നെ സ്‌കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വഞ്ചിയൂര്‍ അപ്പന്റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി. പിന്നീട് അധികകാലം കിടന്നില്ല. അങ്ങിനെ ദീര്‍ഘകാലം സ്‌കൂളിന്റെ ഉന്നതിക്കുവേണ്ടി അധികാര കേന്ദ്രങ്ങളില്‍ പൊരുതിക്കൊണ്ടിരുന്ന വഞ്ചിയൂര്‍ അപ്പനും കാല യൗവനികയില്‍ മറഞ്ഞു. സി.പി.രാജേ ന്ദ്രന്റെ നിയന്ത്രണത്തില്‍ മുന്നോട്ടു പോയ അയ്യന്‍കാളി സ്‌കൂളിന് പിന്നെയും കാലക്കേടു ബാധിച്ചു. ഇതിനിടെ 2004- ല്‍ അയ്യന്‍കാളി സ്‌കൂളിന്റെ ശതാബ്ദിയും കടന്നുവന്നു. ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴായിരുന്നു അയ്യന്‍കാളി അയിത്ത ജാതിക്കാരുടെ മക്കള്‍ക്കായി സ്ഥാപിച്ച പുതുവല്‍വിളാകം യു.പി.സ്‌കൂള്‍ നിലനിറുത്തണമെന്ന ആശയം കെ.പി.എം.എസ്. നേതൃത്വത്തിനുണ്ടായത്. അവര്‍ സി.പി.രാജേന്ദ്രനുമായി സംഭാഷണം നടത്തുകയും സ്‌കൂള്‍ വിലകൊടുത്ത് ഏറ്റെടുക്കാന്‍ തയ്യാറാവുകയും ചെയ്തു. അങ്ങിനെ ഒരു നൂറ്റാണ്ട് പിന്നിട്ട അയ്യന്‍കാളി സ്മാരക സ്‌കൂള്‍ കെ.പി.എം.എസ്. സി.പി.രാജേന്ദ്ര നില്‍ നിന്നും വിലയ്ക്കുവാങ്ങുകയും 2009- ജൂണ്‍ മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതോടെ സ്‌കൂള്‍ അയ്യന്‍കാ ളിയുടെ എക്കാലത്തേയും സ്മാരകമായി നിലനിറുത്താന്‍ അയ്യന്‍കാളിയുടെ സമുദായത്തിന് സാധിച്ചു. കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ അവസരോചിതമായ ഇടപെടലും പ്രവര്‍ത്തനവുമായിരുന്നു നൂറുവര്‍ഷം മുന്‍പ് അയ്യന്‍കാളി സ്ഥാപിച്ച സ്‌കൂള്‍ നിലനിറുത്താനായത്.

നിരക്ഷരനായ അയ്യന്‍കാളി ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പോരാടിയത് അയിത്ത ജാതിക്കാരുടെ വിദ്യാലയ പ്രവേശന കാര്യത്തിനുവേണ്ടിയായിരുന്നു. വിദ്യാഭ്യാസ വിഷയത്തില്‍ അദ്ദേഹം കൈക്കൊണ്ട കര്‍ക്കശമായ നിലപാടുകളായിരുന്നു അധഃസ്ഥിതരുടെഇന്നത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായി തീര്‍ന്നത്. മഹാനായ അയ്യന്‍കാളി പെരുങ്കാറ്റുവിളയിലെ അയ്യന്റെയും മാലയുടെയും മകനായി ജനിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ കീഴാളക്കാരുടെ സാമൂഹ്യസ്ഥിതി മറ്റൊന്നാകുമായിരുന്നേനെ. കേരളത്തിന്റെ സാമൂഹ്യനവോത്ഥാന രംഗത്ത് അയ്യന്‍കാളിയെന്ന നിരക്ഷരന്‍ ജാതി-മതാന്ധത ബാധിച്ചവര്‍ക്കെതിരെ നിരന്തരം നടത്തിയ പോരാട്ടങ്ങളാണ് ജാതിയ അസമത്വങ്ങള്‍ക്ക് അറുതികണ്ടെത്താന്‍ കാരണമായത്. ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണഗുരു വിന്റെയും ആത്മീയ പ്രബോധനങ്ങള്‍ കൊണ്ട് കേരളത്തില്‍ സാമൂഹ്യ നവോത്ഥാനം സാധിച്ചുവെന്ന് ഊറ്റം കൊള്ളുന്നവര്‍ മൂഢ സ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരാണ്. തീണ്ടലും, തൊടീലും, അയിത്തവും, അടിമത്വവും ആത്മീയ മാര്‍ഗ്ഗത്തില്‍ ഇല്ലാതാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍ വേണ്ടായിരുന്നു. ഈ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയതു കൊണ്ടു തന്നെയാണ് അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചത്. അതിന് കാരണക്കാരന്‍ അയ്യന്‍കാളിയല്ലാതെ മറ്റാരുമല്ല. അയ്യന്‍കാളിയുടെ ശാരീരികമായ ഇടപെടലും, ധീരമായ പൊരുതിക്കയറ്റവുമാണ് സാമൂഹ്യ അസമത്വങ്ങള്‍ തച്ചുതകര്‍ക്കുവാന്‍ സാധിച്ചത്. തെക്കന്‍ തിരുവിതാംകൂറിന്റെ ഒരറ്റം മുതല്‍ സാമൂഹ്യനീതിക്കുവേണ്ടി അയ്യന്‍കാളിയും അദ്ദേഹത്തിന്റെ അനുചരസംഘവും നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ പില്‍ക്കാലത്ത് മുന്നോക്ക-പിന്നോക്കക്കാരേയും ഉയര്‍ന്നെണീക്കാന്‍ സാഹചര്യമൊരുക്കി. സംസ്ഥാന രൂപീകരണത്തോടെ മുന്നോക്ക-പിന്നോക്കക്കാര്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ അധികാരസ്ഥാനങ്ങള്‍ പങ്കിട്ടെടുത്തു. മുന്നോക്ക-പിന്നോക്ക സാമ്പത്തിക നില ഭദ്രമാക്കിയത് രാഷ്ട്രീയ സ്രോതസ്സ് പ്രയോജനപ്പെടുത്തി കൊണ്ടായിരുന്നു. അതെസമയം ഡോ.അംബേദ്ക്കര്‍ ഭരണഘടന വഴി രാഷ്ട്രീയാധികാരം കൈയ്യടക്കാന്‍ അവര്‍ണന് നല്‍കിയതോ സംവരണ തുണ്ട്. അതും രാഷ്ട്രീയ വാലാട്ടികള്‍ക്ക്. അവര്‍ രാഷ്ട്രീയാധികാരത്തിലെത്തിയാല്‍ സ്വതന്ത്രമായി വായ്തുറക്കാന്‍ മേല. അവന്‍ നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നിഷ്‌കര്‍ഷിക്കുന്ന തരത്തിലേ അവര്‍ണന്റെ കാര്യങ്ങള്‍ നിയമസഭയിലോ, പാര്‍ലമന്റിലോ, രാജ്യസഭയിലോ ഉന്നയിക്കാന്‍ പറ്റു. ഭരണഘടന വഴി അവര്‍ണര്‍ക്ക് അനുവദിച്ച സംവരണ സീറ്റുകൊണ്ട് സ്വതന്ത്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയില്ല. ഒന്നാമത്തെ പരാജയം അവിടെ തുടങ്ങുന്നു. രണ്ടാമത്തെ കാരണം മതക്കെട്ടില്‍ തളച്ചിടലാണ്. മതക്കെട്ടില്‍ തളഞ്ഞു പോയാല്‍ സ്വന്തം ജാതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവന് അവകാശം നിഷേധിക്കുന്നു. സാമൂഹ്യ പ്രതിബദ്ധത കൈമോശം സംഭവിക്കുന്ന അവര്‍ണര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ഭയക്കുന്നതുകൊണ്ടാണത് സംഭവിക്കുന്നത്.

മാറ്റങ്ങള്‍ അനിവാര്യമായ അധഃസ്ഥിതരുടെ സാമൂഹ്യജീവിതം കൃഷിമേഖലയില്‍ നിന്നാണ് ആരംഭിച്ചത്. പഴയ ഗോത്ര വ്യവസ്ഥ യിലൂടെ നേടിയെടുത്ത കൃഷി വിജ്ഞാനങ്ങള്‍ ഇല്ലായ്മ ചെയ്യു ന്നിടത്താണ് കമ്മ്യൂണിസ്റ്റുകള്‍ കൊണ്ടുവന്ന കാര്‍ഷിക ബന്ധബില്‍. ആ ബില്ലിന്റെ അവതരണത്തിലൂടെ പുലയര്‍ തുടങ്ങിയ കൃഷിക്കാര്‍ നെല്‍വയലുകളില്‍ നിന്നും എന്നന്നേയ്ക്കുമായി തുടച്ചു മാറ്റപ്പെട്ടു. പകരം കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കര്‍ഷകര്‍ നെല്‍പ്പാടങ്ങള്‍ കൈയ്യടക്കി. 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതല്ലേ പൈങ്കിളിയേ' എന്ന തനത് നാടന്‍ പാട്ടുകള്‍ക്കു പകരം വിപ്ലവ ഗീതങ്ങള്‍ ഉയര്‍ന്നു. നെല്‍പ്പാടങ്ങള്‍ ചെങ്കൊടികള്‍ കൊണ്ടുനിറഞ്ഞു. ജന്മിമാര്‍ക്കെതിരെ ഒരു പുത്തന്‍ രണഭേരി മുഴങ്ങി. പക്ഷെ നെല്‍വയലുകള്‍ പുലയന്റെ നാടന്‍ പാട്ടുകളുടെ മര്‍മ്മരവും അവന്റെ കറുത്ത ശരീരത്തിലൂടെ ഒഴുകി വീഴുന്ന വിയര്‍പ്പിന്റെ ഗാന്ധവുമില്ലാത്തതുകൊണ്ട് നെല്‍ച്ചെടികള്‍ ശരിയായ വിധത്തില്‍ പൂത്തില്ല കായ്ചുമില്ല. നഷ്ടം പേറിയ ജന്മിമാര്‍ നെല്‍പ്പാടങ്ങള്‍ തരിശിട്ടു. യഥാര്‍ത്ഥ കര്‍ഷകന്‍ നെല്‍പ്പാടങ്ങള്‍ വിട്ടൊഴിഞ്ഞതോടെ കൃഷി ഡിപ്പാര്‍ട്ടുമെന്റ്ശാസ്ത്രീയ കൃഷിയും സങ്കരയിനം വിത്തുകളും കാളയ്ക്കും കലപ്പയ്ക്കും പകരും ട്രാക്ടറുകളും നടീല്‍ യന്ത്രങ്ങളും കൊയ്ത്ത് യന്ത്രങ്ങളുമായി പുലയ കര്‍ഷകരെ തോല്പിക്കാന്‍ രംഗത്തെത്തി. ഫലം വിനാശകരമായിരുന്നു. ഒറ്റപ്പൂവോടെ നെല്‍കൃഷി എന്നുന്നേയ്ക്കുമായി അന്യം നിന്നു. നെല്‍പാടങ്ങള്‍ ആദായകരമല്ലാത്തതുകൊണ്ട് തരിശിട്ടു. പിന്നെ പലരും നിയമത്തെ ധിക്കരിച്ചുകൊണ്ട് നികത്തിപുരയിടമാക്കി. ഭൂമിയുടെ ആവാസവ്യവസ്ഥയാകെ തകിടം മറിഞ്ഞു. വെള്ളപ്പൊക്കം, വരള്‍ച്ച. ഇന്നും നിലം നികത്തല്‍ പ്രക്രിയ തുടരുന്നു. പുലയ കര്‍ഷകന്റെ കൃഷിയും കൃഷി സമ്പ്രദായ ങ്ങളും അന്യം നിന്നു പോയിരിക്കുന്നു. അരിക്കും മറ്റും നാം അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട ഗതികേട്. ഈ ആശ്രയം എന്നും കണ്ടെന്നുവരില്ല. നെല്‍വയലുകള്‍ നികത്തി മാറ്റിമറിച്ച തിന്റെ ദുരന്തം ഈനൂറ്റാണ്ടില്‍ തന്നെ അനുഭവിക്കേണ്ടിവരും. 1904-ല്‍ അയിത്തജാതിക്കാരന്റെ കുട്ടികളുടെ വിദ്യാലയ പ്രവേശനത്തിനു വേണ്ടി നെല്‍കൃഷിപ്പണികള്‍ നിറുത്തിവയ്ക്കാന്‍ അയ്യന്‍കാളി ആഹ്വാനം മുഴക്കിയപ്പോള്‍ നായര്‍ ജന്മിമാര്‍ കൃഷിപ്പണികള്‍ക്കായി 12 നായന്മാരെ പാടത്തിറക്കിയെങ്കിലും അതേവേഗതയില്‍ തന്നെ അവര്‍ക്ക് തിരിച്ചു കയറിപ്പോരേണ്ടിവന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണെങ്കിലും ദൂരെ വ്യാപകഫലങ്ങള്‍ ആ സംഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞിരുന്നു.

അധഃസ്ഥിതരുടെ സമുദായവല്‍ക്കരണ പ്രക്രിയയില്‍ അയ്യന്‍കാളി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സാധുജനപരിപാലസംഘം വഴിക്കായിരുന്നു സമുദായവല്‍ക്കരണം സാദ്ധ്യമാക്കാന്‍ അയ്യന്‍കാളി യത്‌നിച്ചത്. പക്ഷെ യത്‌നം വൃഥാവിലാണെന്നതാണ് യാഥാര്‍ത്ഥ്യം. അയ്യന്‍കാളിക്കുശേഷം രൂപം പൂണ്ട അധഃസ്ഥിത ബുദ്ധി രാക്ഷസന്മാരും ബുദ്ധിജീവികളും ഇവരുടെ സമുദായ വല്‍ക്കരണ പ്രക്രിയ സാദ്ധ്യമാക്കുന്ന വിഷയത്തില്‍ ദയനീയമായ പരാജയമായിരുന്നു. ഈ ബുദ്ധിജീവികളും ബുദ്ധിരാക്ഷസ്സസേന യുമൊന്നുമില്ലായിരുന്ന അയിത്തവും അനാചാരങ്ങളും കൊടികുത്തി വാണിരുന്നകാലത്താണ് അക്ഷരാഭ്യാസമില്ലാത്ത അയ്യന്‍കാളി അധഃസ്ഥിത സമുദായവല്‍ക്കരണം സാധ്യമാക്കാന്‍ സാധുജനപരിപാലനസംഘം രൂപവത്ക്കരിച്ചു കൊണ്ട് സവര്‍ണ ജാതിരാക്ഷസന്മാരോട് പൊരുതിക്കയറിയത്. പക്ഷേ, അന്നും അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളെ നല്ലതാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും തുരങ്കം വയ്ക്കാനും തളര്‍ത്താനും അധഃസ്ഥിതരിലെ ഒരുവിഭാഗം ക്രിസ്ത്യന്‍ ബെല്‍റ്റുകള്‍ അരയും തലയും മുറുക്കി തയ്യാറെടുത്തിരുന്നുവെന്നത് വിസ്മരിക്കാന്‍ കഴിയില്ല. അന്നും മഹാനായ അയ്യന്‍കാളി റോസ ഹെന്‍ട്രിയെന്ന പുലയ ക്രിസ്ത്യാനി പെണ്‍കുട്ടിയുടെ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം അനുവദിക്കണമെന്നാണ് പ്രജാസഭയിലെ അവസാന പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. അതെസമയം ക്രൈസ്തവ വല്‍ക്കരിച്ച പുലയര്‍ ഇങ്ങനെയൊരാവശ്യം ഉന്നയിക്കുകയില്ല. എന്നിട്ടും അയ്യന്‍കാളി മനുഷ്യത്വം കാണിക്കാനും കീഴാളകുട്ടി യെന്ന സ്‌നേഹം തുറന്നുകാട്ടാനുമാണ് ശ്രമിച്ചത്. കീഴാള ജനതയുടെ സമുദായവല്‍ക്കരണത്തെ തുരങ്കം വച്ചുകൊണ്ട് മതപരിവര്‍ത്തനം ചെയ്ത അധഃസ്ഥിതരിലെ ഒരുവിഭാഗം നിലനില്ക്കുന്നിടത്തോളം അസാധ്യമായ ഒരു സപര്യയായി തന്നെ അധഃസ്ഥിത സമുദായവല്‍ക്കരണ പ്രക്രിയ തുടരും. ഈ പ്രക്രിയകള്‍ക്ക് ഇടം കോലിടുന്ന അധഃസ്ഥിതരിലെ ക്രൈസ്തവ വത്ക്കരണത്തെ മുച്ചൂടും നശിപ്പിക്കാതെ സമുദായവല്‍ക്കരണം പുനഃസ്ഥാപിക്കാന്‍ ബുദ്ധിരാക്ഷസന്മാര്‍ക്കുപോലും അസാദ്ധ്യമാണിന്ന്.

സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ വാളോങ്ങുന്നുവെന്ന വ്യാജേന കീഴാളരെ മുച്ചൂടും ഉഴുതുമറിക്കുന്നിടത്താണ് കമ്മ്യൂണിസ്റ്റുകാരുടെ നവ വറട്ടു വാദ സിദ്ധാന്തം വിജയിക്കു ന്നത്. ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന കര്‍ഷക വേട്ടയിലൂടെ പുത്തന്‍കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്മാര്‍ ആവര്‍ത്തിച്ചതും ഈ ഉഴുതുമറിക്കലായിരുന്നില്ലെ? അധഃസ്ഥിത-പിന്നോക്ക-ന്യൂനപക്ഷമെന്നത് കല്പിത തന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷ പരിഗണനയില്‍ ഉള്‍പ്പെടുന്നവരല്ല. മറിച്ച് ഭൂരിപക്ഷ സമുദായ ങ്ങളാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ അവരുടെ കണക്കെടുത്തു നോക്കട്ടെ. മാറ്റത്തിന്റെ കണക്കെടുക്കാതെ ലോകമുള്ളിടത്തോളം ന്യൂനപക്ഷമെന്ന പേരില്‍ മഹാഭൂരിപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തിക്കൊടുക്കുന്ന ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലിന്ന് നടക്കുന്നത്. മതമൗലികവാദം പരിരക്ഷിക്കുന്നതിനു പോലും സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്നു. ഇതിവിടത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിച്ചി രുന്നുവെങ്കില്‍ മഹത്തായ ഒരു നവോത്ഥാനം ഇന്ത്യയില്‍ സംഭവിക്കുമായിരുന്നേനെ. അത് സംഭവിക്കാതിരി ക്കാനുള്ള കുറുക്കുവിദ്യയാണ് ന്യൂനപക്ഷ പ്രീണനനയം കൊണ്ട് സാധിക്കുന്നത്. നവോത്ഥാന കാലഘട്ടത്തില്‍ അധഃസ്ഥിതര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളിലൊന്ന് അവരിലൊരു ബുദ്ധി ജീവിവിഭാഗമില്ലായിരുന്നുവെന്നതാണ്. എങ്കിലും വൈജ്ഞാനിക ജ്ഞാനകൂലിവേലക്കാര്‍ വന്നാലും വന്നില്ലെങ്കിലും കീഴാളന്റെ സമുദായവല്‍ക്കരണ പ്രക്രിയ സംഭവിക്കുന്ന ഒന്നല്ല. കാരണം കീഴാളര്‍ ജ്ഞാനവേലയെക്കാള്‍ മുന്തിയ പരിഗണന ജീവിതത്തില്‍ കൊടുത്തിരുന്നത് കാര്‍ഷിക പ്രധാനമായ വേലയ്ക്കായിരുന്നു. മറ്റ് മേലാള പരിഷകള്‍ക്ക് ഉണ്ടുറങ്ങുന്ന തിനും ബുദ്ധിരാക്ഷസ സന്തതികളെ ഉല്പാദിപ്പിക്കാനുള്ള സുഖഭോഗ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കീഴാള കുശ്മാണ്ഡ ങ്ങള്‍ പാടത്തും പറമ്പത്തും ചേറിലും ചെളിയിലും ജീവിതം പുതച്ചൊടുക്കിയിരുന്നു.

1960-കളില്‍ കര്‍ഷകത്തൊഴിലാളികളെന്ന നിലയില്‍ സാമ്പത്തിക അവകാശങ്ങള്‍ക്കും ജോലി സമയം കുറയ്ക്കുന്നതിനും നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അടിത്തട്ടിലെ ജീവിതം അങ്ങേയറ്റം ദുര്‍വഹവും ശൈഥില്യം നിറഞ്ഞതുമായിരുന്നു.പക്ഷേ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരണതലത്തില്‍ പങ്കാളിത്തമുണ്ടായിട്ടും ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നതിനെ തടയാന്‍ കഴിഞ്ഞിരുന്നില്ലെന്ന് രോഷപ്പെടുമ്പോള്‍ പോലും, ആദിവാസി ഭൂപ്രശ്‌നത്തില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണനേതൃത്വം രാഷ്ട്രീയവല്‍ക്കരിക്കാനുംസങ്കീര്‍ണ്ണമാക്കാനുമാണ് ശ്രമിക്കുന്നത്. ഒടുവില്‍ എല്ലാം ഞങ്ങളിലൂടെ സാദ്ധ്യമാക്കിയെന്ന മുദ്രാവാക്യം ഉയര്‍ത്തി പരമ്പരാഗത ആദിവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തച്ചു തകര്‍ക്കാനാണ് കമ്മ്യൂണിസ്റ്റ് മേലാള വര്‍ഗ്ഗം അരയും തലയും മുറുക്കി രംഗത്ത് അവതരിച്ചിരി ക്കുന്നത്. അടുത്തിടെ വയനാട്ടില്‍ കണ്ട ഭൂസമരങ്ങള്‍ അതാണ് തെളിയിച്ചത്. ഭൂസമരത്തിനെത്തി കൊടിനാട്ടികുടില്‍ തീര്‍ത്ത് സമരം നടത്തിയ ആദിവാസികള്‍ നിയമത്തിന്റെ പിടിയില്‍പ്പെട്ട് ജയിലിലായപ്പോള്‍ വിപ്ലവവീര്യം പകര്‍ന്ന് നേതൃത്വം നല്‍കിയ സഖാക്കള്‍ എങ്ങും പെടാതെ തലയൂരി രക്ഷപ്പെട്ടു. അതെസമയം ആദിവാസികളുടെ കൈയ്യിലിരുന്ന ഏക്കര്‍കണക്കിന് ഭൂമി തട്ടിപ്പറിച്ചവര്‍ക്കെതിരെ കോടതി ഇടപെട്ടുവെങ്കിലും കൈയ്യേറ്റം നടത്തിയ മലയോരമാഫിയകളെ പരിരക്ഷിക്കാനാണ് ഒടുവില്‍ വിധി പുറപ്പെടുവിക്കാന്‍ നീതിസ്ഥാനങ്ങള്‍ തയ്യാറായത്. അതെ നീതിസ്ഥാനങ്ങള്‍ തന്നെ ആദിവാസികള്‍ കൈയ്യേറ്റം പാടില്ലെന്ന് കല്പിച്ചിരിക്കുന്നതും. ആദിവാസികളെ ആര്‍ക്കും അമ്മാനമാടു വാനുള്ള വസ്തുവല്ല. വനഭൂമികളുടെ അവകാശികള്‍ ആദിവാസികളാണ്. അവിടെ സര്‍ക്കാരോ നീതിസ്ഥാനങ്ങളോ കയറി കിളയ്ക്കണ്ട.

കേരളത്തിലെ ജന്മികുടിയാന്‍ വാഴ്ചയെ ബ്രാഹ്മണിസ്റ്റ് കാഴ്ചപ്പാടിലൂടെയാണ് ഇ.എം.എസ്.എന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കണ്ടിരുന്നത്. അതു കൊണ്ടാണല്ലോ മഹാനായ അയ്യന്‍കാളിയെക്കുറിച്ചും അദ്ദേഹം നടത്തിയ കാര്‍ഷിക സമരം ഉള്‍പ്പെടെയുള്ള പ്രതിപ്രവര്‍ത്തനങ്ങളൊന്നും തന്നെ ഇ.എം.എസ് കാണാതെ കേള്‍ക്കാതെ പോയത്. അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇ.എം.എസ് പൊട്ടനായി അഭിനയിക്കുക യായിരുന്നു. മനഃപൂര്‍വ്വമായിരുന്നു ഈ നാട്യമെങ്കിലും ഇന്ത്യന്‍ ഭരണഘടനാശില്പി ഡോ.അംബേദ്ക്കറെക്കുറിച്ച് ഇ.എം.എസ് വാചാലനാകുന്നത് കാണുക. 'അധഃസ്ഥിതജാതികളില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ബൂര്‍ഷ്വാ നേതാവാണ് അംബേദ്ക്കര്‍. ബൂര്‍ഷ്വ നേതൃത്വത്തിനുള്ള ഗുണവശങ്ങളും ദോഷവശങ്ങളും ഒരേപോലെ അംബേദ്ക്കറില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.' 3. ഒരുപക്ഷേ, അയ്യന്‍കാളിയെ ഒരു ബൂര്‍ഷ്വജാതിനേതാവായി കാണാന്‍ ഇ.എം.എസിനു സാദ്ധ്യമായില്ല. അങ്ങിനെ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.എം.എസിന് ഒരിക്കലും ഒരു സൈദ്ധാന്തിക പിന്‍ബലം സിദ്ധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഇ.എം.എസ് മരിക്കുവോളം അയ്യന്‍കാളിയുടെ കാര്യത്തില്‍ മൗനം ദീക്ഷിച്ചിരുന്നത്. പക്ഷെ മറ്റൊരു കാര്യം ഇ.എം.എസ്.ചെയ്തു. ഭൂപരിഷ്‌കരണ പ്രക്രിയയില്‍ യഥാര്‍ത്ഥ അധഃസ്ഥിത കര്‍ഷകനെ ഒഴിവാക്കപ്പെടുകയും ഭൂവുടമസഥതയില്‍ നിന്നും അധഃസ്ഥിതനെ പിന്‍തള്ളപ്പെടുകയും ചെയ്തത് ഇ.എം.എസിന്റെ മുന്‍ചൊന്ന കാഴ്ചപ്പാടു തന്നെ. ഭൂപരിഷ്‌ കരണ ക്രിയയിലൂടെ ഒന്നുമല്ലാത്ത ഭൂവുടമതന്നെ നൂറ്റാണ്ടുക ളായി പാരമ്പര്യ കൃഷിക്കാരായിരുന്ന അധഃസ്ഥിതരെ പിന്‍തള്ളി കര്‍ഷക തൊഴിലാളിയാക്കി അംഗീകാരം പിടിച്ചെടുക്കുക യായിരുന്നു. ഇത് ഇ.എം.എസിന്റെ ബ്രാഹ്മണിസമെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം കൈവരിച്ച നേട്ടമെന്ന് പറയാതിരിക്കാന്‍ വയ്യ. അപ്പോഴും യഥാര്‍ത്ഥ കര്‍ഷകന്‍ കമ്പിവേലിക്കു പുറത്താക്കപ്പെട്ടു.

മഹാനായ അയ്യന്‍കാളി അധഃസ്ഥിതരുടെ സാമൂഹ്യമായ അഭ്യുന്നതിക്കും അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാനും വേണ്ടിയാണ് പൊരുതിയത്. നൂറ്റാണ്ടുകളായി ജന്മിമേലാളന്മാരുടെ ആട്ടും തുപ്പുമേറ്റ് നാല്‍ക്കാലി മൃഗങ്ങളെക്കാള്‍ നികൃഷ്ട അടിമകളായി ജീവിച്ച അധഃസ്ഥിത ജനകോടികളെ മറ്റ് മനുഷ്യര്‍ക്കൊപ്പം ജീവിക്കാന്‍ പ്രാപ്തരാക്കിയത് കണ്‍ക്കെട്ട് വിദ്യ കൊണ്ടൊന്നുമല്ല. നിരന്തരമായ പ്രവര്‍ത്തനം കൊണ്ടും അസമത്വങ്ങള്‍ക്കെതിരെയുള്ള ശക്തമായ പോരാട്ടം കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത സമരങ്ങള്‍ കൊണ്ടുമൊക്കെയായിരുന്നു. പക്ഷെ ഇന്നത്തെ അധഃസ്ഥിതര്‍ അതൊക്കെ മറന്ന് ആധുനിക വത്ക്കരണത്തോടും, ആഗോളീകരണത്തോടും, പുത്തന്‍ സാമ്പത്തികനയങ്ങളോടും പൊരുത്തപ്പെടുവാന്‍ പൊരുതുമ്പോള്‍ മറ്റൊരു വിഭാഗം അധഃസ്ഥിത കൂട്ടങ്ങള്‍ ആധുനിക ഐ.ടി.യുഗ ത്തിലും ദൈവരാജ്യത്തിന്റെ വരവിനായും, സ്വര്‍ഗ്ഗരാജ്യം പിടിച്ചടക്കാനുമായും ഇരുന്നും, കിടന്നും, ഇഴഞ്ഞും കൈയ്യോടു കൈയ്യടിച്ചു പാടുകയും ഉറഞ്ഞുറഞ്ഞു തുള്ളുകയും ചെയ്യുമ്പോഴും അതിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ മറ്റൊരുവിഭാഗത്തെ തോണ്ടിയും, ഞെക്കിയും കൊല്ലുന്ന തരത്തില്‍ ചില നവീന കീഴാളജ്ഞാനവേലക്കാര്‍ എഴുതിക്കൊ ല്ലാന്‍ തുനിയുന്നു. ഇവരെയൊക്കെ മുഖമടച്ച് അടികൊടുക്കാതെ കീഴാള സാമൂഹ്യവ്യവസ്ഥിതിക്ക് അന്ത്യം കാണുകയില്ല ഒരിക്കലും. കീഴാളരിലെ ക്രൈസ്തവധ്രുവീകര ണമാണിന്ന് അധഃസ്ഥിതരുടെ മുന്നോട്ടുള്ള പ്രയാണക്രിയയെ അവരുടെ തന്നെ ശേഷക്രിയയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ഈ നിലപാടിന് മാറ്റം സംഭവിക്കാത്തിടത്തോളം അധഃസ്ഥിതരുടെ സാമൂഹ്യ നവോത്ഥാനം ഒരിക്കലും സംഭവിക്കാത്ത ഒരു പ്രകേളികയായി തന്നെ നിലനില്‍ക്കും. അയ്യന്‍കാളി നേടിയെടുത്തതെല്ലാം അദ്ദേഹത്തിന്റെ അന്ത്യകാലത്തോടെ വിധേയത്വം പ്രകടിപ്പിച്ച് മേലാളന്മാര്‍ക്ക് അധഃസ്ഥിതര്‍ പണയംവച്ചുകൊണ്ടിരുന്നത് അയ്യന്‍കാളിയെ ഏറെ ക്ഷോഭിപ്പിക്കുകയും നൊമ്പരപ്പെടുത്തു കയും ചെയ്തിരുന്നു.

കാലത്തേയും ചരിത്രത്തേയും വെല്ലുവിളിച്ചുകൊണ്ട് മഹാനായ അയ്യന്‍കാളി നേടിയ നേട്ടങ്ങളല്ലാതെ മറ്റൊരു നേട്ടം ഈ ചരിത്ര ജനതയ്ക്കിന്നില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. മതപരിവര്‍ത്തനവും രാഷ്ട്രീയപാര്‍ട്ടികളുടെ പിണിയാള്‍ പ്രവര്‍ത്തനവുമാണ് കീഴാളരെ എന്നും കീറിപ്പിളര്‍ന്നിരുന്നത്. ആ പിളര്‍പ്പില്‍ നിന്നും മോചനമുണ്ടോ കീഴാളരേ എന്നെങ്കിലും.......?

സഹായഗ്രന്ഥങ്ങള്‍/കുറിപ്പുകള്‍/സൂചനകള്‍

1. അയ്യന്‍കാളി സ്മാരക യു.പി.സ്‌കൂളിന്റെ 85-ാം വാര്‍ഷികം പ്രമാണിച്ച് 1990-91ല്‍ പ്രസിദ്ധീകരിച്ച സ്മരണികയില്‍ സ്‌കൂള്‍ മാനേജര്‍ കെ.ശാന്തമ്മ എഴുതിയ പത്രാധിപകുറിപ്പ്
2. അയ്യന്‍കാളി സ്മാരക സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ കെ.ശാന്തകുമാരി 1991 ജനുവരി 14ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ കോപ്പി.
3. 'അംബേദ്ക്കറുടെ വര്‍ഗ്ഗപരിമിതി' ഇ.എം.എസ് ചിന്തയിലെഴുതിയ ചോദ്യോത്തരം 1991 ജൂലായ് 5