"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

എലേനര്‍ സെലിയറ്റ്: ഇതിഹാസമായി മാറിയ അധ്യാപികയും വിശ്വോത്തരയായ അംബേഡ്കറൈറ്റും2016 ജൂണ്‍ 5 ന് അമേരിക്കയിലെ മിന്നസോട്ടയില്‍ വെച്ച് പരിനിര്‍വാണം പ്രാപിച്ച എലേനര്‍ സെലിയറ്റ് ഡോ. ബി ആര്‍ അംബേഡ്കറുടെ അടുത്ത അനുയായിയും അംബേഡ്കറൈറ്റ് ബുദ്ധിസ്റ്റ് പ്രസ്ഥാനത്തിലെ അറിയപ്പെടുന്ന ഉപാസകയുമായിരുന്നു. 1926 ഒക്ടോബര്‍ 7 നാണ് സലിയറ്റ് ജനിച്ചത്. ഇന്ത്യാ ചരിത്രം, തെക്കനേഷ്യന്‍ സാംസ്‌കാരിക ചരിത്രം, ഏഷ്യന്‍ വനിതകള്‍, ദലിത് സംസ്‌കാര പാരമ്പര്യം തുടങ്ങിയവയാണ് സെലിയറ്റിന്റെ പഠന മേഖലകള്‍. വില്യം പെന്‍ കോളേജില്‍ നിന്നും ബി എ, ബ്രിന്‍ മൗര്‍ കോളേജില്‍ നിന്നും എം എ, പെനിസില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച് ഡി എന്നിവ നേടി 1969 മുതല്‍ 1997 വരെ മിന്നസോട്ട, നോര്‍ത്ത്ഫീല്‍ഡ് കാര്‍ലറ്റന്‍ കോളേജില്‍ ചരിത്രവിഭാഗം പ്രൊഫസറായി എലേനര്‍ സെലിയറ്റ് സേവനമനുഷ്ടിച്ചു.

സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഇന്ത്യയെപ്പറ്റി കൂടുതലായി പഠിക്കുന്ന വേളയിലാണ് അംബേഡ്കറുടെ പേര് ശ്രദ്ധയില്‍ വരുന്നത്. 14 വയസുള്ളപ്പോള്‍ മുതല്‍ ആഫ്രിക്കന്‍ - അമേരിക്കന്‍ വിമോചന പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു സെലിയറ്റ് അപ്പോള്‍. അംബേഡ കറുടെ ഉദയവും ഉയര്‍ച്ചയും ബാലികയായ സെലിയറ്റില്‍ അത്ഭുതമുളവാക്കി. അതേ തുടര്‍ന്നാണ് സെലിയറ്റ് ഇന്ത്യയിലെ ദലിതുകളെ കുറിച്ചും അവരുടെ സാംസ്‌കാരിക ചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയ മുന്നേങ്ങളെയും നിരീക്ഷിക്കാനും പഠിക്കുവാനും തുടങ്ങിയത്.

1962 മുതല്‍ രണ്ടുവര്‍ഷക്കാലം പൂനെയിലെ ഡെക്കാന്‍ കോളില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു എലേനര്‍ സെലിയറ്റ്. പൂനെയുടെ സാംസ്‌കാരിക ചരിത്രത്തില്‍ സെലിയറ്റിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞു. ദലിതരുടെ സാംസ്‌കാരിക പരിപാടികളില്‍ ഇടപെട്ട് പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തു തുടങ്ങി. സമയം കിട്ടുമ്പോഴെല്ലാം ദലിത് ഗ്രാമങ്ങളിലൂടെ സൈക്കിളില്‍ ചുറ്റിത്തിരിഞ്ഞു. ദലിതരുടെ വിദ്യാഭ്യാസ പുരോഗതിക്ക് അംബേഡ്കറൈറ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി എന്താണെന്ന് അന്നാണ് സെലിയറ്റ് മനസിലാക്കിയത്. 1965 ല്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോയെങ്കിലും മിക്കപ്പോഴും ഇന്ത്യ സന്ദര്‍ശിച്ചു കൊണ്ടുമിരുന്നു. അതിനിടെ ദലിത് സാഹിത്യത്തിലും ഭക്തിപ്രസ്ഥാനത്തിലും താത്പര്യം വര്‍ദ്ധിച്ചു.

കാര്‍ലറ്റന്‍ കോളേജില്‍ പ്രൊഫസറായിരിക്കുന്ന കാലത്തുതന്നെ 'അധ്യാപക ഇതിഹാസം' എന്ന ബഹുമതിക്ക് സെലിയറ്റ് അര്‍ഹയായിരുന്നു. രണ്ടു തലമുറയിലെ പഠിതാക്കള്‍ക്ക് സെലിയറ്റ് അറിവിന്റെ വെളിച്ചം പകര്‍ന്നു. അംബേഡ്കറേയും ദലിത് മുന്നേറ്റ പ്രസ്ഥാനങ്ങളേയും കുറുച്ചുള്ള പഠനം എലേനര്‍ സെലിയറ്റിനെ കുറിച്ചുള്ള വിശേഷണത്തെ അതിന്റെ പാരമ്യത്തില്‍ എത്തിച്ചു. സര്‍വകലാശാലയിലെ നിരവധി പഠിതാക്കളെ അംബേഡ്കറൈറ്റ്, ദലിത് പഠനങ്ങള്‍ക്കുവേണ്ടി അവര്‍ ഇന്ത്യയിലെത്തിച്ചു. 1971 മുതല്‍ ആ പരിപാടിയുടെ ഡയറക്ടറും എലേനര്‍ സെലിയറ്റായിരുന്നു. 1996 വരെ ആ പരിപാടി തുടര്‍ന്നു. 2009 ഏപ്രില്‍ 22 ന് മിന്നസോട്ട യൂണിവേഴ്‌സിറ്റിയില്‍ നടന്ന സെമിനാറില്‍ സെലിയറ്റ് അവതരിപ്പിച്ച 'കണക്ടഡ് പീപ്പിള്‍സ്: ദി റോള്‍ ഓഫ് പില്‍ഗ്രിമേജ് ഇന്‍ ദി സ്ട്രക്ചര്‍ ഓഫ് ദി അംബേഡ്കര്‍ മൂവ്‌മെന്റ്' എന്ന പ്രബന്ധം പ്രസിദ്ധമായിരുന്നു. 

ദലിത് വിമോചനത്തിനായി ഡോ. ബി ആര്‍ അംബേഡ്കര്‍ നയിച്ച പ്രസ്ഥാനത്തെക്കുറിച്ച് എട്ടിലേറെ പഠന പ്രബന്ധങ്ങള്‍ തയാറാക്കുകയും മൂന്ന് പുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയു മുണ്ടായിട്ടുണ്ട്. ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം അത് മാനസികമായ അടിമത്തത്തില്‍ നിന്ന് മോചനം ലഭിക്കുമെങ്കിലും ദലിതര്‍ അതിനെ സാമൂഹ്യ മാറ്റത്തിനായുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായി സ്വീകരിക്കണമെന്നാണ് അതിനെ സംബന്ധിച്ച് എലേനര്‍ സെലിയറ്റ് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. അതിനായി അവര്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ പഠനക്ലാസുകള്‍ നടത്തുന്ന ബുദ്ധപണ്ഡിതന്‍ തിച് ഞാത് താന്‍ (Thich Nat Than) എന്ന വിയറ്റ്‌നാമീസ് ബുദ്ധപണ്ഡിതന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയായി ചൂണ്ടിക്കാണിക്കുന്നു.

പരിനിര്‍വാണം പ്രാപിക്കുമ്പോള്‍ എലേനര്‍ സെലിയറ്റിന് 89 വയസായിരുന്നു. മിന്നസോട്ടയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വിവാഹിതയായിരുന്നില്ല. ഇന്ത്യയേയും ദലിതുകളേയും അംബേഡ്കറേയും അറിഞ്ഞ് ആദരിച്ച സെലിയറ്റ് പരിനിര്‍വാ ണം പ്രാപിച്ചവിവരം അമേരിക്കയിലെ അവരുടെ ഒരു വിദ്യാര്‍ത്ഥി പൂനയില്‍ ആര്‍ട്ടിസ്റ്റായ സുധീര്‍ വാഘ്മാറെയെ വിളിച്ചറിയിക്കുകയായിരുന്നു എന്ന് 'ദി ഹിന്ദു' പത്രം റിപ്പോര്‍ട്ട് ചെയ്തു. അംബേഡ്കര്‍ വ്യവഹാരങ്ങള്‍ക്കും വിമോചന രാഷ്ട്രീയത്തിനും കീഴാളബുദ്ധിസ്റ്റ് പ്രസ്ഥാനത്തിനും അവര്‍ നല്കിയിട്ടുള്ള അളവറ്റ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്ന ഡോ. സുരേഷ് മാനെയേയും പത്രം ഉദ്ധരിക്കുന്നുണ്ട്. 2010 ല്‍ അമേരിക്കയില്‍ വെച്ച് ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയെ ഉടച്ചുവാര്‍ക്കുന്നതിന് അംബേഡ്കര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്ന തിനെക്കുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ചചെയ്തു എന്ന വിവരവും പത്രം കൂട്ടിച്ചേര്‍ക്കുന്നു.