"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

യുദ്ധത്തിന്റെ വിജയരഹസ്യം സാഹോദര്യഹിംസ!


തെക്കന്‍ കൊറിയയില്‍ നിന്നുള്ള ചലച്ചിത്രകാരന്‍ കാങ് - ജെ ഗ്യൂവിന്റെ 'ബ്രദര്‍ഹുഡ്' പുറത്തുവന്നതോടെ സവര്‍ണ ഫാസിസ്റ്റുകള്‍ മുന്നോട്ടുവെച്ചിട്ടുള്ള പ്രത്യയശാസ്ത്ര അജണ്ടക ളിലെ യുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഏതൊരു യുദ്ധത്തേയും പോലെ, ചരിത്രത്തിന്റെ ഓര്‍മകളില്‍ നീറ്റലുകള്‍ മാത്രം അവശേഷിപ്പിച്ച കൊറിയന്‍ യുദ്ധത്തെ പശ്ചാത്തലമാക്കുന്ന 'ബ്രദര്‍ഹുഡ്' എപ്രകാരമാണ് സാഹോദര്യത്തെ ഇല്ലായ്മ ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ ഒരു യുദ്ധം ലാഭകരമായി നടത്തപ്പെടുന്നത് എന്ന് വിശദീകരിക്കുന്നു.

കൊറിയന്‍ യുദ്ധത്തിലെ വിദേശ ഇടപെടലുകളെ ന്യായീകരിക്കാ നോ മറച്ചുവെക്കാനോ കഴിയാത്തതാണെങ്കിലും അത്, സഹോദരങ്ങളായ ഒരേ ജനത തെക്കന്‍ കൊറിയ വടക്കന്‍ കൊറിയ എന്നിങ്ങനെ രണ്ടായയിത്തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടത്തിയ പോരാട്ടങ്ങളുടേത് മാത്രമാണ്. സാഹോദര്യത്തെ കൊറിയന്‍ ജനതയില്‍ നിന്ന് തുരത്തിയെറിയുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശശക്തികളുടെ നിഗൂഢതകളെപ്പറ്റിയോ ചരിത്രപരമായ അതിന്റെ നിയോഗങ്ങളെപ്പറ്റിയോ ഉള്ള നിഗമനങ്ങള്‍ക്ക് ഇടംകൊടുത്തിട്ടില്ലെങ്കിലും ഈ സിനിമ സാഹോദര്യത്തെ ഇല്ലായ്മ ചെയ്യുന്നതിലൂടെയാണ് ഒരുയുദ്ധം വിജയകരമായി നടപ്പാക്കപ്പെടുന്നതെന്ന നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെടുന്ന കാലത്ത് ഇന്നത്തെ തെക്കന്‍ കൊറിയയിലെ ഒരു ചേരിപ്രദേശത്ത് സമാധാനത്തോടെ കഴിഞ്ഞിരുന്ന സഹോദരന്മാരാണ് ലീ - ജിന്‍ തായേയും ലീ - ജിന്‍ സെയോക്കും. ലീ - ജിന്‍ സെയോക്ക് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയും ചേട്ടനായ ലീ - ജിന്‍ തായേ ചെരുപ്പുകുത്തിയു മായിരുന്നു. യുദ്ധമുന്നണിയിലേക്ക് നിര്‍ബന്ധിത സേവനത്തിനായി അനുജനെ പിടിച്ചുകൊണ്ടു പോകുന്നതു കണ്ട് ചേട്ടന്‍ ലീ - ജിന്‍ തായേ കൂടെ പോകുവാന്‍ തയാറായി. ഇതിനായി പട്ടാളക്കാരെ കയ്യേറ്റം ചെയ്യേണ്ടതായും അവരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ട തായും വന്നു, ചേട്ടന്‍ ലീ - ജിന്‍ തായേക്ക്. എങ്കിലും ചേട്ടനേയും അവര്‍ യുദ്ധ മുന്നണിയിലേക്ക് ഒരു ഭടനായി സ്വീകരിച്ചു. എന്നാല്‍ ഇരുവരേയും രണ്ട് പരിശീലന കേന്ദ്രങ്ങളിലായാണ് പാര്‍പ്പിച്ചത്. അവരിലെ സാഹോദര്യം വെട്ടിമുറിക്കുന്നതിലുള്ള ആദ്യ നടപടി ഇതായിരുന്നു. സാഹോദര്യത്തെ ഇല്ലായ്മ ചെയ്തതുകൊണ്ട് മാത്രമായില്ല, പരിശീലനകേന്ദ്രത്തില്‍ വെച്ച് കൊടിയ മുറകളിലൂടെ നിര്‍മാനവീകരിക്കുകയുംകൂടി ചെയ്താലേ യുദ്ധവിജയത്തിന് അത് പ്രയോജനപ്പെടൂ എന്ന വസ്തുതയും യുദ്ധവെറിയന്മാര്‍ക്ക് നന്നായറിയാം.

ഇടനേരത്ത് അറിയുന്നത് ചേട്ടന്‍ ലീ - ജിന്‍ തായോക്ക് വിദഗ്ധ സേവനത്തിന് രണ്ടു പതക്കങ്ങള്‍ കൂലിയായി കിട്ടുന്നതും മുറിവേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനിയന്‍ ലീ - ജിന്‍ സെയോക് സുഖം പ്രാപിച്ചു വരുന്നതു മാണ്. യുദ്ധമുന്നണിയില്‍ എങ്ങോവെച്ച് ചേട്ടന്‍ മരിച്ചിട്ടുണ്ടാ വുമെന്ന് കരുതിയിരുന്ന അനിയന്‍ ഒരു പരിചയക്കാരനില്‍ നിന്ന് അറിയുന്നത്, വടക്കന്‍ കൊറിയന്‍ ചേരിയിലേക്ക് കൂറുമാറിയ ചേട്ടന്‍ ഇപ്പോഴും യുദ്ധരംഗത്ത് സജീവമായുണ്ടെന്നാണ്. പതക്കങ്ങളോടും ബഹുമതിപത്രങ്ങളോടും ആര്‍ത്തി പെരുത്തി രുന്ന ചേട്ടന്‍ ആയവ കൂടുതല്‍ കിട്ടുന്ന ഇടമെന്നറിഞ്ഞ് അങ്ങോട്ടു പോയതാണെന്ന് അനിയന്‍ മനസിലാക്കുന്നു. പട്ടാളത്താവളത്തിലെ നിരന്തര സഹവാസവും പോരടിക്കുന്നതിലെ മിടുക്കും കൊണ്ട് തങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി 'സാഹോദര്യം തുരത്തപ്പെട്ട' ആ ചേട്ടനനിയന്മാരാകട്ടെ, അപ്പോഴേക്കും തനിപ്പോരാളികളായി നിര്‍മാനവീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

യുദ്ധരംഗം മാത്രം നൈരന്തര്യത്തിലുള്ള ഒരു സനിമ കാണുന്ന വരില്‍ യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടാന്‍ പാകത്തിന് ഒരു മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത് 'ബ്രദര്‍ഹുഡ്' പോലെ കുറച്ചു സനിമകള്‍ക്ക് മാത്രമാണ്. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ 'സേവിങ് പ്രൈവറ്റ് റ്യാന്‍' പോലെയുള്ള സിനിമകളും സാഹോദര്യത്തിന് മിതമായ ഊന്നലുകള്‍ കൊടുക്കുന്നുണ്ടെങ്കിലും അവ ശബ്ദമിശ്രണത്തിലേയും ദൃശ്യവിന്യാസത്തിലേയും പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമായാണ് അനുഭവപ്പെട്ടത്. അത്തരം സിനിമകള്‍ കാണുന്നവരില്‍ യുദ്ധത്തിനനുകൂലമായ മനോഭവം വളര്‍ന്നു വരുമെന്നുള്ള അപകടകരമായ അവസ്ഥയുണ്ടാകുന്നത് ഒരു യുദ്ധത്തോളം തന്നെ ഭീതിദമാണ്. 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്' എടുത്തിട്ടുള്ള സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് ഇതിന് തുനിഞ്ഞത് ഖേദകരമാണ്. വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക എടുത്തിട്ടുള്ള എല്ലാ സിനിമകളും നിര്‍വഹിക്കുന്നത് തങ്ങളുടെ പങ്കിനെ ന്യായീകരിക്കലും അവര്‍ നടത്തിയ ക്രൂരതകളുടെ തുടര്‍ച്ചയും കൂടിയാണ്. ജോണ്‍ വെയ്ന്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'ദി ഗ്രീന്‍ വൈറ്റ്' ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. സ്റ്റാന്‍ലി കുബ്രിക്കാണ് യുദ്ധത്തിനെതിരായി ബഹുജനവികാരം ഉണര്‍ത്തുന്നതിനായി സിനിമയെടുത്തിട്ടുള്ള ഒരു അമേരിക്കക്കാരന്‍.

ഇവിടെയാണ് '' ബ്രദര്‍ഹുഡ്'' സംവിധായകന്‍ കാങ് - ജെ ഗ്യൂ അംഗീകാരം നേടുന്നത്. സാങ്കതിക വിദ്യകളുടെ പ്രയോഗത്തില്‍ അമേരിക്കന്‍ സിനിമകളെ കടത്തിവെട്ടാനായില്ലെങ്കിലും യുദ്ധവിരുദ്ധ സിനിമ എടുക്കാന്‍ തുനിഞ്ഞതിനു പിന്നിലെ ഇച്ഛാശക്തിക്ക് പൊതുവായ സ്വീകാര്യതയുണ്ട്.