"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

അയ്യന്‍കാളിയുടെ പ്രത്യയശാസ്ത്രം


സാധുജന ജീവിതത്തെയും ജീവിത സംരക്ഷണത്തെയുമാണ് അയ്യന്‍കാളി സ്വന്തം മതമായി സ്വീകരിച്ചിരുന്നത്. ഈ മത ആചാരങ്ങളുടെ തീവ്രമായ പാലനംകൊണ്ടു സ്ഫുടം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അയ്യന്‍കാളിയുടെ ജീവിതം പ്രത്യയ ശാസ്ത്രം എന്നു പറയാതെതന്നെ ഒരു പ്രത്യയശാസ്ത്രം ഇവിടെ അവശേഷിപ്പിക്കുന്നു. അത് തിരിച്ചറിവിന്റെ പ്രത്യയ ശാസ്ത്രം ആണ്. എല്ലാ പ്രത്യയശാസ്ത്രങ്ങളും അറിയപ്പെടുന്നത് അതാതിന്റെ ഉപജ്ഞാതാക്കളുടെ പേരിനോടു ചേര്‍ത്തുകൊണ്ടാണ്. അയ്യന്‍കാളി അവശേഷിപ്പിച്ചു പോയ അലിഖിതമായ പ്രത്യയശാസ്ത്രത്തെ അതുകൊണ്ടു തന്നെ അയ്യനിസം എന്നു പേരിട്ടു വിളിക്കാം.

ജീവിതവും ജീവിത സംരക്ഷണവും അടങ്ങിയതാണ് അയ്യനിസം. ആത്മാഭിമാനവും സ്വാശ്രയത്വവുമാണ് അതിന്റെ ശക്തി സ്രോതസ്സുകള്‍. ഭീരുത്വത്തിന്റെ ജീര്‍ണ്ണതയായ വിധേയത്വം അതില്‍ വിലക്കപ്പെട്ടതാകുന്നു. ദാസ്യഭാവവും യാചനയും അതിന്റെ അരുതായ്മകളാകുന്നു . സ്വന്തം ജീവിതത്തെ എന്നപോലെ അന്യരുടെ ജീവിതത്തെയും മാനിക്കുക. അവസര സമത്വവും, അനുഭവ സമത്വവും സംരക്ഷിക്കുക. യാതൊരാളിന്റെയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാതിരിക്കുക. സഹാനഭൂതി, സമഭാവന, സഹവര്‍ത്തിത്വം, സാമൂഹിക ഇരകളുടെയും ചട്ടുകങ്ങളുടെയും വിമോചനം ഇതെല്ലാം അയ്യനിസത്തിന്റെ മാനുഷിക മുഖങ്ങളാണ്.

ജാതി വ്യവസ്ഥയിലെ ഗുണഭോക്താക്കളുടെയും ഇരകളുടെയും തുല്യത. തകര്‍ത്തവരുടെ മേലുള്ളതകര്‍ക്കപ്പെട്ടവരുടെ വിജയം. കവര്‍ച്ചക്കാരുടെ മേലുള്ള കവര്‍ച്ച ചെയ്യപ്പെട്ടവരുടെ വിജയം. പതിതജനത്തിന്റെ ഉത്ഥാനവും മുന്നേറ്റവും. ഇതിനായുള്ള കര്‍മ്മ പരിപാടികള്‍ സദാചാരമൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ട് മാനവ നന്മയ്ക്കായി സത്യസന്ധമായി നടപ്പാക്കുക. അതാണ് അയ്യനിസത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം.

ലക്ഷ്യങ്ങളെ മുന്‍കൂട്ടി കണ്ടറിയുക. അവയ്ക്ക് പ്രാധാന്യമനുസരിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കുക. ഒരു ലക്ഷ്യം നേടാനുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക. അതിനായുള്ള സംഘാടനവും പരിശീലനവുംനല്‍കുക. അതുനേടിയെടുത്ത ശേഷം അടുത്ത ലക്ഷ്യത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക. അതു നേടിയെടുത്തുകൊണ്ട് അതിനടുത്തതിലേക്ക്. ഓരോ ലക്ഷ്യത്തിന്റേയും അനിവാര്യതയും വ്യക്തതയും അണികളുടെ മനസ്സില്‍ ആഴത്തില്‍ പതിയിക്കുക. ലക്ഷ്യങ്ങളെകൂട്ടിക്കുഴച്ച് അവ്യക്തത സൃഷ്ടിക്കാതിരിക്കുക. ദീര്‍ഘകാലം കൊണ്ടു നേടേണ്ട ലക്ഷ്യങ്ങള്‍ക്ക് ഘട്ടങ്ങള്‍ നിശ്ചയിക്കുക. അതുസമയബന്ധിതമായി പൂര്‍ത്തിയാക്കുക. അതിനായുള്ള സ്വയം സമര്‍പ്പണം ,പ്രവര്‍ത്തനം അതാണ് അയ്യനിസത്തിന്റെ രീതി ശാസ്ത്രം.

ശത്രുസൈന്യം അധീനതയിലാക്കിയ സ്വന്തം ദ്വീപിനെ വിമോചിപ്പിക്കുവാന്‍ യോദ്ധാക്കളുമായെത്തിയ പടനായകന്‍ തങ്ങളെക്കാളേറെ അംഗബലമുണ്ടായിരുന്ന ശത്രുസൈന്യത്തെ കണ്ട് ജീവനുംകൊണ്ടു മടങ്ങിപ്പോരുവാന്‍ തര്‍ക്കംപാര്‍ക്കുന്ന തന്റെ പടയാളികളോടായി അവര്‍ സഞ്ചരിച്ച ബോട്ടുകളിലേക്കു വിരല്‍ ചൂണ്ടി ഉഗ്ര സ്വരത്തില്‍ ആജ്ഞാപിച്ചു. നമ്മളുടെബോട്ടുകളെല്ലാം കത്തിച്ചു കളയൂ. ആജ്ഞ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരായ പടയാളികള്‍ അവര്‍ വന്ന ബോട്ടുകളെല്ലാം ക്ഷണ നേരം കൊണ്ട് അഗ്നിക്കിരയാക്കി. ബോട്ടുകളിലല്ലാതെ അവിടെ നിന്നും തന്റെ പടയാളികള്‍ക്ക് പേടിച്ചോടി രക്ഷപ്പെടാന്‍ കഴിയില്ലെന്നറിയാമായിരുന്ന സേനാനായകന്‍ അവരുടെ രക്ഷാമാര്‍ഗ്ഗം പഴുതുകളില്ലാതെ അടയ്ക്കുകയായിരുന്നു ആ കല്പനയിലൂടെ. ഇനി എന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍, നാട്ടില്‍ തിരിച്ചെത്തണമെങ്കില്‍ ശത്രുസൈന്യത്തെ പരാജയപ്പെടുത്തണം. അവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കണം. അതിനായി വിജയംമാത്രം മുന്നില്‍ കണ്ടുകൊണ്ട് അവര്‍ പോരാടും.

ശത്രുസൈന്യത്തിന്റെ അംഗബലം അവര്‍ വിസ്മരിക്കും. ആത്മധൈര്യം കൈവിടാതെ വര്‍ദ്ധിത വീര്യത്തോടെ അവര്‍ ശത്രുക്കളെ പരാജയപ്പെടുത്തും. പ്രതിയോഗിയുടെ കരുത്തിനെപറ്റിയുള്ള ചിന്ത അവരെ ദുര്‍ബലപ്പെടുത്തുകയില്ല. ചഞ്ചലമാനസരാകുകയില്ല.

അതിജീവനത്തിനായുള്ള പോരാട്ടങ്ങളില്‍ നിന്നും ഭീരുത്വംമൂലം ഒളിച്ചോടുന്നവര്‍ രക്ഷപ്പെടുകയല്ല., നാശത്തില്‍ പതിക്കുകയാണ് അത് ആരെയും ഓര്‍മ്മിപ്പിക്കുന്ന കല്പനയാണ്‌ബേണ്‍ ദി ബോട്ട് ഇത് അനുസ്മരിച്ചുകൊണ്ട് സാമൂഹ്യ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന യാതൊരാളും സ്വീകരിച്ചിരിക്കുന്ന തത്വമാണ് ബേണ്‍ ദി ബോട്ട് തീയറി. ഇതു തന്നെയാണ് അയ്യനിസത്തിന്റെ പ്രവര്‍ത്തനതത്വം. സംഖ്യാബലവും സാമ്പത്തികശേഷിയും ആയുധബലവും സാമ്പത്തികശേഷിയും ആയുധ ബലവും ഏറെയുണ്ടായിരുന്ന ജാതിഹിന്ദുക്കളുടെമേല്‍ വിജയം നേടാന്‍ അയ്യന്‍കാളി സ്വീകരിച്ച പ്രവര്‍ത്തന തത്വം. അയ്യന്‍കാളി പ്രയോഗത്തില്‍ വരുത്തിയതു Burn the Boat Theory ആണ്. ഈ തിയറിയ്ക്ക് ഇന്നും പ്രസക്തിയുണ്ട്.

പട്ടികവിഭാഗം ജനത സാമൂഹ്യ പുരോഗതി കൈവരിക്കണമെങ്കില്‍ അവര്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വിധേയത്വമാകുന്ന ബോട്ടുകള്‍, ഭീരുത്വത്തിന്റെ ബോട്ടുകള്‍ , അജ്ഞതയുടെ ബോട്ടുകള്‍ ഇവ കത്തിച്ചു നശിപ്പിക്കണം. ആത്മാഭിമാനത്തിന്റെ ബോട്ടുകള്‍, ധീരതയുടെ ബോട്ടുകള്‍, വിജ്ഞാനത്തിന്റെ ബോട്ടുകള്‍ ഇവയെല്ലാം കരഗതമാക്കണം. ആയിപ്പോയ ചട്ടുകങ്ങള്‍ അല്ലാതാകണം. വിജയം മാത്രം ലക്ഷ്യമാക്കണം കര്‍മ്മ പഥത്തിലെ പ്രതിബന്ധങ്ങളോ ശത്രുവിന്റെ കരുത്തോ കണ്ട് ഭീരുക്കളെപ്പോലെ ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍, പിന്നിലെ ആഴക്കടലില്‍ പതിച്ച് സര്‍വ്വനാശം സംഭവിക്കുമെന്നു തിരിച്ചറിഞ്ഞ് പൊരുതുക, വിജയിക്കുക, മുന്നേറുക, ബേണ്‍ ദി ബോട്ട് അതായിരിക്കട്ടെ പ്രവര്‍ത്തന തത്വം.

അയ്യന്‍കാളിയുടെ പ്രത്യയശാസ്ത്രത്തിന്റെ ചലനാത്മകത (Dynamism of Ayyanism)


അയ്യനിസത്തിനൊരു ചടുതലയുണ്ട്, ചാരുതയുണ്ട്, ചലനാത്മകതയുണ്ട്, ഈ ചലനാത്മകത സാഹചര്യവും കാലഘട്ടവും ആവശ്യപ്പെടുന്നതും അതിന്റെഗുണഫലം സാമൂഹ്യ നന്മയുടെ അനിവാര്യതയും ആയിരിക്കും.

1. 1893 - ലെ വില്ലുവണ്ടി യാത്ര അഥവാ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കല്‍

സഞ്ചാരസ്വാതന്ത്ര്യം പ്രകൃതി മനുഷ്യനു നല്‍കിയ വരദാനമാണ്. ഇത് മറ്റെന്തിനെക്കാളും മുഖ്യമായിട്ടുള്ളതാണ്. മനുഷ്യരാശിക്കുണ്ടായിട്ടുള്ള എല്ലാ പുരോഗതിക്കും സഹായമായത് ഈ സ്വാതന്ത്രമാണ്. ഇതു നിഷേധിയ്ക്കപ്പെട്ട കിളികളുടേതിനു തുല്യമാകും. യാതൊരു പുരോഗതിയും കൈവരിക്കാനാവാതെ അവര്‍ക്ക് മരിച്ചു മണ്ണടിയേണ്ടിവരും. ഈ തിരിച്ചറിവാണ് അയ്യന്‍കാളിയെ കര്‍മ്മധീരനാക്കിയത് തന്റെമുന്‍ഗാമികള്‍ക്ക് ഈ തിരിച്ചറിവ് ഉണ്ടായിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യം തന്നെയാണ് ആദ്യം നേടേണ്ടത്. അതിനായി ആലോചിച്ചുറച്ചെടുത്ത തീരുമാനത്തിന്റെ ഫലമാണ് വെങ്ങാനൂര്‍ തെരുവിലൂടെ നടത്തിയ വില്ലുവണ്ടി യാത്രയും തുടര്‍ സമരങ്ങളും അവയുടെ വിജയവും.

1893 -ല്‍ അമേരിക്കയിലെ ചിക്കാഗോയിലെ വിശാലമായ കൊളംബസ് ഹാളില്‍ നടന്ന ലോക മത സമ്മേളനത്തില്‍ ഇന്‍ഡ്യയെയും ഹിന്ദുമതത്തെയും പ്രതിനിധീകരിച്ചുകൊണ്ട് ഒരു മഹത്വം മറ്റൊരു മതത്തെക്കാള്‍ വലുതല്ലെന്നും ഒരു മതവും മറ്റൊരു മതത്തെക്കാള്‍ ചെറുതല്ലെന്നും, ഒരു മതവും ഒരു മനുഷ്യനെയും നശിപ്പിക്കാനുള്ളതല്ലെന്നും , എല്ലാ മതങ്ങളും മാനവനന്മയ്ക്കു വേണ്ടിയുള്ളതാണെന്നും, മറിച്ചു സംഭവിക്കുന്നത് സ്വന്തം മത പ്രമാണങ്ങളാണ് സര്‍വ്വ ശ്രേഷ്ഠമായിട്ടുള്ളത് എന്ന അന്ധമായി വിശ്വസിച്ച് ബാഹ്യലോകമെന്തെന്നു കാണാതെ, അറിയാതെ ജീവിക്കുന്ന പൊട്ടക്കുളത്തിലെ തവളകളെപ്പോലെ ജീവിക്കുന്ന മനുഷ്യരുടെ ദുഷ്പ്രവര്‍ത്തികളാണെന്നു സ്വാമി വിവേകാനന്ദന്‍ ലോകത്തെ ബോദ്ധ്യമാക്കുന്ന അതേ കാലഘട്ടത്തില്‍ തന്നെയാണ് ഹിന്ദുമതം അയിത്തജാതിക്കാരാക്കി സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന അനേകലക്ഷം ആളുകളുടെ പൊതുവഴി സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യന്‍കാളിക്ക് കേരളത്തിലങ്ങോളമിങ്ങോളമുള്ള വഴികളില്‍ നടന്നു കയറേണ്ടി വന്നതും ശാരീരിക പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതും.

വിവേകാനന്ദ സ്വാമികള്‍ സംസാരിച്ചതും അയ്യന്‍കാളി പ്രവര്‍ത്തിച്ചതും മാനവനന്മയ്ക്കായി തന്നെ. മത ഭ്രാന്തമാര്‍ സ്വാമികളുടെ സതുപദേശങ്ങള്‍ അനുസരിക്കുവാന്‍ തയ്യാറകാതെ വന്നപ്പോള്‍ കൈക്കരുത്തു പ്രയോഗിച്ചു അനുസരിപ്പിക്കേണ്ടിവന്നു അയ്യന്‍ കാളിക്ക്. മാര്‍ഗ്ഗം രണ്ടായിരുന്നുവെങ്കിലും വിവേകാനന്ദ സ്വാമികളുടെയും അയ്യന്‍ കാളിയുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. മനുഷ്യനന്മ.

2. 1904 ലെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങല്‍

അനുഭവജ്ഞാനം മാത്രം പോരാ അക്ഷരജ്ഞാനം കൂടി ഉണ്ടെങ്കില്‍ മാത്രമേ ആധുനിക ലോകജീവിതത്തിന് ഒരാള്‍ യോഗ്യനാകുന്നുള്ളൂ. അക്ഷരാഭ്യാസത്തിലൂടെയേ അറിവും വിജ്ഞാനവും നേടാനാകൂ. അതു നേടിയെങ്കിലേ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതി കൈവരിക്കാനാകൂ. അക്ഷരം പഠിക്കുവാനുള്ള അവകാശം നിഷേധിച്ചവരുടെ ലക്ഷ്യം തന്റെ ജനത്തിന്റെ നന്മയല്ല നാശമാണ് എന്ന തിരിച്ചറിഞ്ഞ അയ്യന്‍കാളി തന്റെ സമുദായത്തിലെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം ചെയ്യാന്‍ വെങ്ങാനൂരില്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ അവകാശ സമരങ്ങള്‍ നടത്തിയതും വിജയിച്ചതും.

3. സാധുജന പരിപാലന സംഘം - 1907

സംഘശക്തിയുടെ വിജയത്തിലൂടെ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കാനാവുകയുള്ളൂ എന്ന തിരിച്ചറിവാണ് സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണത്തിനു വഴിയൊരുക്കിയത്. ഇന്നു പോലും ആര്‍ക്കും കഴിയാത്തതരത്തില്‍ സാധുജനങ്ങളെ ഒരുമിച്ച് അണിനിരത്താന്‍ കഴിഞ്ഞത് ലക്ഷ്യങ്ങള്‍ നേടാനുള്ള അര്‍പ്പണബോധം ഒന്നുകൊണ്ടുമാത്രമാണ്.

4. ജോലിക്കു കൂലിയും വിശ്രമവും

തന്റെ മുന്‍തലമുറക്കാര്‍ ചെയ്തതുപോലെ അദ്ധ്വാനിച്ചു തളരാനും, മരിച്ചു മണ്ണടിയാനും മാത്രം തന്റെ പിന്‍തലമുറയെയും വിട്ടാല്‍ ഒരു ജനതയുടെ എക്കാലത്തെയും സര്‍വ്വനാശമായിരിക്കുമെന്ന തിരിച്ചറിവു സമരായുധമാക്കിയാണ് ന്യായമായ കുലിക്കും, ജോലിക്ക് ആവശ്യമായ വിശ്രമത്തിനുമായി പണിമുടക്കു സമരം നടത്തിയതും ആ സമരം മുന്നോട്ടു വച്ചലക്ഷ്യം നേടിക്കൊണ്ട് പര്യവസാനിപ്പിച്ചതും.

5. വൃത്താന്തപത്രം (സാധുജനപരിപാലിനി) പ്രസിദ്ധീകരണം.

സാമുഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ത്താമാദ്ധ്യമങ്ങള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് സാധുജന പരിപാലിനി പത്രം പ്രസിദ്ധീകരണം തുടങ്ങിയത്.

6. സമാന്തര നീതിന്യായക്കോടതി

അയിത്തജാതിക്കാരന്റെ പരാതിക്കു ചെവിതരാന്‍ വിമ്മതിച്ച സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം ജനതയില്‍ നീതി ബോധവും അച്ചടക്കവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നീതിന്യായ കോടതികള്‍ക്കു സമാന്തരമായി സമുദായക്കോടതികള്‍ സ്ഥാപിക്കല്‍. അച്ചടക്കവും നീതിബോധവും കൊണ്ടേ സാംസ്‌കാരിക പുരോഗതി കൈവരിക്കാനാകൂ എന്ന തിരിച്ചറിയല്‍. ഒന്നില്‍മാത്രം ഒതുങ്ങി നില്‍ക്കാതെ ഓരോ മനുഷ്യാവകാശവും നേടിയെടുത്തുകൊണ്ട് അടുത്തതിലേക്കുള്ള ചുവടുവയ്പ്. ഈ കൃത്യമായ, ശാസ്ത്രീയമായ നേടിയെടുക്കലുകളാണ് ഒരു ജനതയുടെ വിമോചനം സാദ്ധ്യമാക്കിയത്. ഇത് അയ്യനിസത്തിന്റെ ചലനാത്മകതയാണ്. മുമ്പൊരു ലോകനേതാവിനും അവകാശപ്പെടാന്‍ ഇല്ലാത്ത നേട്ടങ്ങളാണിവ. ഇത് അയ്യനിസത്തിന്റെ വിജയമാണ്.

അയ്യന്‍കാളിയുടെ കാലഘട്ടത്തില്‍ ജനാധിപത്യ ഭരണമാണു നിലനിന്നിരുന്നെങ്കില്‍ തീര്‍ച്ചയായും സാധുജന പരിപാലനസംഘത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയാക്കി രൂപാന്തരപ്പെടുത്തി അതിനെ പ്രതിനിധീകരിച്ച് ഇവിടെ ഭരണകര്‍ത്താക്കളെ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. അയ്യനിസത്തിന്റെ ഈ ചലനാത്മകത അംബേദ്കറിസത്തിലും കാന്‍ഷിറാം പ്രതിഭാസത്തിലും നമുക്ക് കാണാന്‍ കഴിയും.

1920-ല്‍ 'മൂകനായക്' എന്ന പത്രം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ബാബാസാഹിബ് ഡോ. ബി.ആര്‍. അംബേദ്കര്‍ അയിത്തജാതിക്കാരുടെ വിമോചന പ്രവര്‍ത്തനങ്ങളുമായി മാധ്യമപ്രവര്‍ത്തനത്തെ ബന്ധിക്കുന്നത്. 'ബഹിഷ്‌കൃത ഭാരത്' എന്ന പേരില്‍ 1927-ല്‍പ്രസിദ്ധീകരണത്തെ നവീകരിച്ചുകൊണ്ടാണ് തന്റെ മാധ്യമപ്രവര്‍ത്തനങ്ങളെ അദ്ദേഹം വിപുലപ്പെടുത്തിയത്. 1950-ല്‍ കുറെക്കൂടി പ്രചാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനത പത്രം പ്രസിദ്ധീകരിച്ചു. 1955-ല്‍ എത്തുമ്പോള്‍ കാലഘട്ടത്തിനാവശ്യമായ തരത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി പ്രബുദ്ധ ഭാരതം എന്ന പത്രം പ്രസിദ്ധീകരിച്ച് മാധ്യമ സ്വാധീനം വര്‍ദ്ധീപ്പിച്ചു.

അയ്യനിസത്തിലെ ഈ ചലനാത്മകത അംബേഡ്കറുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചു നില്‍ക്കുന്നു. അയിത്തജാതിക്കാരെയും തൊഴിലാളികളെയും ഭരണാധികാരികളാക്കാന്‍ ലക്ഷ്യമിട്ട് 1936-ല്‍ സ്വാതന്ത്ര്യ തൊഴിലാളി പാര്‍ട്ടി (Independent Labour party) ഉണ്ടാക്കിക്കൊണ്ടാണ് അദ്ദേഹം കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് കണ്ടറിഞ്ഞ് അദ്ദേഹം 1942-ല്‍ ഇതിനെ അഖിലേന്ത്യാ പട്ടിക ജാതി/വര്‍ഗ്ഗ ഫെഡറേഷന്‍ എന്ന രൂപാന്തരപ്പെടുത്തി. (All India SC/ST Federation) തുടര്‍ന്ന് ജനാധിപത്യ വിശ്വാസികളെ എല്ലാവരെയും മനുവാദി പാര്‍ട്ടികള്‍ക്ക് എതിരെ അണിനിരത്തികൊണ്ട് 1955-ല്‍ Republican Party of India രൂപീകരിച്ച് സര്‍വ്വ വിജയങ്ങളുടെയും താക്കോലായ ഭരണാധികാരം നേടിയെടുക്കുക എന്ന ലക്ഷ്യതതിലേക്ക് സ്വന്തം ജനത്തെ നയിച്ചു.

അയ്യനിസത്തിന്റെ ചലനാത്മകത തന്നെയാണ് കാന്‍ഷീറാം പ്രതിഭാസത്തിലും പ്രതിഫലിച്ചുകൊണുന്നത്.

ബാബാ സാഹിബ് ഡോ. ബി.ആര്‍. അംബേദ്കറുടെ ജാതി നശീകരണം (Anaihilation of caste) എന്ന ഗ്രന്ഥം ഒറ്റ രാത്രികൊണ്ട് മൂന്നു പ്രാവശ്യം വായിച്ചു തീര്‍ത്ത് ഇന്ത്യന്‍ ജനസമൂഹത്തെ ബാധിച്ചിരിക്കുന്ന ജാതിയെന്ന കാന്‍സറിനെതിരെ പൊരുതുവാന്‍ തന്റെ ഉദ്യോഗം വലിച്ചെറിഞ്ഞ് അയിത്തജാതിക്കാരെയും പിന്നോക്ക ജാതിക്കാരെയും ഇന്ത്യയുടെ ഭരണാധികാരികളാക്കാന്‍ പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ആളായിരുന്നു ദാദാ സാഹിബ് കാന്‍ഷിറാം.

1. ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല.
2. ഞാന്‍ ഒരിക്കലും വസ്തുവകകള്‍ സമ്പാദിക്കില്ല.
3. ഞാന്‍ വിവാഹസത്ക്കാര പരിപാടികളിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കില്ല.
4. ഞാന്‍ ഒരിക്കലും എന്റെ ജന്മഗ്രഹം സന്ദര്‍ശിക്കില്ല.
5. ഞാന്‍ എന്റെ ജിവിതത്തിന്റെ ശേഷിച്ച കാലം ജ്യോതിഭാഭൂലെയുടെയും ബാബാ സാഹിബ് ഡോ. ബി.ആര്‍അംബേദ്കറുടെയും ലക്ഷ്യസാക്ഷാത്കാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.

എന്നീ ഭീഷ്മ പ്രതിജ്ഞ എടുത്തുകൊണ്ട് ഭാരതജനസംഖ്യയുടെ 85% വരുന്ന പട്ടികജാതി/വര്‍ഗ്ഗ മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെ ഏകീകരണത്തിനുംഅവരെ ഇന്ത്യയുടെ ഭരണാധികാരികളാക്കുന്നതിനും അക്ഷീണം പ്രവര്‍ത്തിച്ചു. 1978 ഡിസംബര്‍ മാസം 6-ാം തീയതി BAMCEF (Backward and Minorities communities Employees Federation എന്ന മതരഹിത, രാഷ്ട്രീയ പാര്‍ട്ടി രഹിത, സമര രഹിത, രജിസ്‌ട്രേഷന്‍ രഹിത സംഘടന രൂപീകരിച്ചുകൊണ്ടാണ് തന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രവര്‍ത്തനത്തിനു തുടക്കംകുറിച്ചത്. ''അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരുമായ പട്ടികജാതി/വര്‍ഗ്ഗ അംഗങ്ങളില്‍ നിന്നും അവരുടെ സമുദായത്തിന് ഏറെ പ്രയോജനമുണ്ടാകുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും, പക്ഷേ അവര്‍തന്നെ നിരാശരാക്കികൊണ്ട് സ്വന്തം ഉദരപൂരികളായി മാത്രം നില നില്‍ക്കുന്നു.'' എന്നുമുള്ള ബാബാ സാഹിബ് ഡോ. അംബേദ്കറുടെ പ്രസംഗഭാഗം വായിച്ചു കഴിഞ്ഞുണ്ടായ ചിന്തയാണ് ഇങ്ങനെ ഒറു സംഘടനയ്ക്കു രൂപം നല്‍കാന്‍ കാന്‍ഷിറാമിനു പ്രചോദനമായത്.

അവരെക്കൊണ്ട് അവര്‍ ജനിച്ച സമുദായങ്ങള്‍ക്ക് പ്രയോജനമുണ്ടാകണമെന്ന തീരുമാനവും ഇതിന്റെ പിന്നിലുണ്ടായിരുന്നു. താന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക ശ്രോതസ് എന്ന നിലയിലും, ഇവരുടെ കൂട്ടായ്മ എന്ന നിലയിലുമാണ് BAMCEF രൂപീകൃതമായത്. തന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചലനവേഗം വര്‍ദ്ധിപ്പിക്കുന്നതിനായി 1981 ഡിസംബര്‍ 6-ാം തീയതി അദ്ദേഹം D-S4 (ദളിത് ശോഷിത് സംഘര്‍ഷസമിതി) എന്ന സംഘടനയുണ്ടാക്കി. പട്ടികജാതിക്കാരെയും വര്‍ഗ്ഗക്കാരെയും പിന്നോക്കക്കാരെയും അംഗങ്ങളാക്കിക്കൊണ്ടായിരുന്നു ഇത്. ''ബ്രാഹ്മിന്‍ ബനിയാ താക്കൂര്‍ ചോര്‍, ബാക്കി സബ്‌ഹെ D-S4 എന്ന മുദ്രാവാക്യം അംഗങ്ങളുടെ മനസ്സിലേക്കു ആഴത്തില്‍ പതിപ്പിച്ചു. ഈ പടവുകള്‍ ഓരോന്നും വിജയപൂര്‍വ്വം ചവിട്ടിക്കയറി 1984 ഏപ്രില്‍ 14-ാം തീയതി BSP എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ഇന്ത്യയുടെ ഭരണാധികാരം SC/ST, OBC കളുടെ കൈകളിലെത്തിക്കാനുള്ള പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. കേവലം 11 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് 20 കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിലെ മുഖ്യമന്ത്രി പദത്തില്‍ ഒരു പട്ടികജാതി വനിതയെ അവരോധിക്കുവാന്‍ ബി.എസ്.പിയ്ക്ക് കഴിഞ്ഞു.

1995-ല്‍, 1997-ല്‍, 2002-ല്‍, 2007 മേയ് മുതല്‍ 2012 വരെ അങ്ങനെ 4 പ്രാവശ്യം ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുവാന്‍ ഒരു പട്ടികജാതിവനിതയെ പ്രാപ്തയാക്കിയത് കാന്‍ഷിറാം പ്രതിഭാസത്തിന്റെ വിജയമാണ്. മറ്റുള്ളവര്‍ അസാദ്ധ്യമെന്ന് കരുതുന്നത് സാധ്യമാക്കുകയെന്നതാണ് കാന്‍ഷിറാം പ്രതിഭാസം. അയ്യനിസത്തിന്റെയും അംബേദ്കറിസത്തിന്റെയും ചലനാത്മകത സന്നിവേശിപ്പിച്ചുകൊണ്ടു കാന്‍ഷിറാം നടത്തിയ പ്രവര്‍ത്തിയുടെ വിജയമാണിത്.

കാന്‍ഷിറാം മണ്‍മറഞ്ഞു കാന്‍ഷിറാം പ്രതിഭാസത്തിന്റെ ചലനാത്മകത, അയ്യനിസത്തിന്റെ ചലനാത്മകത, അംബേഡ്കറിസത്തിന്റെ ചലനാത്മകത എന്നിവ ഇന്ത്യയിലെ മനുവാദി പാര്‍ട്ടികളെ ആകെ ഞെട്ടിച്ചു മുന്നേറുന്നു. ഓരോ സമുദായത്തിനും (ജാതിക്കും) അവരവര്‍ക്ക് അര്‍ഹമായ രാജ്യനന്മയുടെ പങ്ക് ലഭ്യമാക്കി, സാമൂഹ്യനീതി ഉറപ്പുവരുത്തി, ''സര്‍വ്വജന്‍ ഹിതായാ, സര്‍വ്വജന്‍ സുഖയ'' എന്ന ശ്രീബുദ്ധസന്ദേശത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ഉത്തര്‍പ്രദേശിനെ നയിക്കുകയാണ് കാന്‍ഷിറാം പ്രതിഭാസം ഇന്ന്.

അയ്യനിസവും അംബേദ്കറിസവും, കാന്‍ഷിറാം പ്രതിഭാസവും ഇന്‍ഡ്യയില്‍ ബ്രാഹ്മണിസം തകര്‍ത്തെറിഞ്ഞ പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങളുടെ ജീവിതത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമാക്കി പുരോഗതിയിലേക്കു നയിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളാണ്. ഇതിന്റെ ഉപജ്ഞാതാക്കുളുടെ ജീവിതം സാമൂഹ്യനന്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അവരുടെ പ്രത്യയ ശാസ്ത്രങ്ങളിലെ ചലനാത്മകത എന്ന പൊതുസ്വഭാവം, മഹാന്മാര്‍ ഒരേപോലെ ചിന്തിക്കുന്നു (Great men think alike) എന്നസാമാന്യ പ്രസ്താവത്തെ സാധൂകരിക്കുന്നതാവാം.

''പട്ടികജാതിക്കാരുടെ മുഴുവന്‍, സാമൂഹ്യ സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതി കൈവരിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയുമാണ് ലക്ഷ്യ''മെന്നുആണയിട്ടു പറഞ്ഞ് പ്രത്യേകം പ്രത്യേകം സംഘടനകള്‍ ഉണ്ടാക്കി നേതാക്കളാകുന്നവര്‍ അവരുടെ പ്രഖ്യാപിത ആ ലക്ഷ്യം നേടാനുള്ള ഒരു പ്രവര്‍ത്തനവും നടത്താതെ കുറ്റിച്ചോട്ടില്‍ കെട്ടിയിടപ്പെട്ട വളര്‍ത്തു മൃഗങ്ങളെപോലെ സംഘടനയെയും അംഗങ്ങളെയും വട്ടം ചുറ്റിക്കുന്നു. സാമൂഹ്യപുരോഗതിക്കായി ഒരടിപോലും മുന്നോട്ടുപോകാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നില്ല. അംഗങ്ങളെകൊണ്ട് ചെയ്യിക്കുന്നുമില്ല. ഇവര്‍ ആരെയും മുഖ്യധാരയിലേക്കെന്നല്ല ഒരു ധാരയിലേക്കും നയിക്കുന്നുമില്ല. ഇവരുടെ കുറ്റിച്ചോട്ടിലിട്ടു വട്ടം കറക്കുന്ന 'ചലനാത്മകത' തിരിച്ചറിയുവാന്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങള്‍ക്കു കഴിയണം. അയ്യനിസത്തിന്റെ പ്രത്യയ ശാസ്ത്രമായ ''തിരിച്ചറിവിവിനെ ആയുധമാക്കണം പുരോഗതിയിലേക്കുള്ള ചലനത്തെ നയിക്കുന്നത് ഈ തിരിച്ചറിവാകട്ടെ.