"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മധുരൈ പിള്ളൈ



കപ്പല്‍വ്യസായിയായിരുന്ന ദലിതന്‍. മദ്രാസിലെ സമ്പന്നരായ പറയ - വള്ളുവ കുടുംബത്തിലാണ് പിള്ളൈ ജനിച്ചത്. 

ഇന്ത്യയില്‍ ഒരാളുടെ സാമൂഹ്യ പദവി നിര്‍ണയിക്കുന്നത് സമ്പത്തല്ലല്ലോ, ജാതിയാണ്. ജാതിവ്യവസ്ഥയുടെ ഇരയായതിനാല്‍ സമ്പന്നരായ പിള്ളൈ കുടുംബം വര്‍ഷങ്ങളോളം ബര്‍മയിലെ റങ്കൂണിലാണ് കഴിഞ്ഞിരുന്നത്. അവിടെ ജാതിവ്യവസ്ഥ ഇല്ലാതിരുന്നതിനാല്‍ കപ്പല്‍ വ്യവസായത്തിന് അനുകൂലമായ സാഹചര്യവുമുണ്ടായിരുന്നു. 

ബര്‍മയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരെ ജാതിപരിഗണന നോക്കാതെ സാമ്പത്തികമായി സഹായിച്ചിരുന്നത് ഈ പറയനായിരുന്നു. സ്വന്തം തുകമുടക്കി അങ്ങനെയുള്ളവരെ പാര്‍പ്പിക്കുന്നതിനായി 'റെസ്റ്റ് ഹൗസ്' എന്ന പേരില്‍ ഒരു ലോഡ്ജും പിള്ളൈ സ്ഥാപിച്ചിരുന്നു. 1881 ല്‍ ശൈവവിശ്വാസ സാഹിത്യം പ്രചരിപ്പിക്കുന്നതിനായി പ്രിന്റിംങ് പ്രസ് ആരംഭിച്ചതും ഈ പറയനാണ്. 1886 ല്‍ ജന്മനാടായ തമിഴിനാട്ടില്‍ തിരിച്ചെത്തിയ ശേഷം ജാതിവൈരങ്ങളും അനാചാരങ്ങളും തുടച്ചുനീക്കുന്നതിനായി വിഷയദാന സംഘ എന്ന പേരില്‍ ശൈവ - വൈഷ്ണവരുടെ സംയുക്ത സഭ രൂപീകരിച്ചു പ്രവര്‍ത്തിച്ചു. പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി യുവാക്കളുടെ ഒരു നാടക സംഘത്തിനും നേതൃത്വം നല്കി.

മധുരൈ പിള്ളൈയുടെ മകന്‍ വി ജി വാസുദേവ പിള്ളൈ ആദി - ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്നു. പറയ - ദ്രാവിഡരുടെ പുനഃസംഘടനയാണ് ആദി - ദ്രാവിഡ പ്രസ്ഥാനം. ജി വി വാസുദേവ പിള്ളൈ ഡോ. അംബേഡ്കറു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. മദ്രാസ് കോര്‍പ്പറേഷനിലേക്ക് അധകൃത വര്‍ഗക്കാരില്‍ നിന്നും പ്രതിനിധിയായി തെരഞ്ഞെടു ക്കപ്പെട്ട ആദ്യത്തെയാള്‍ ജി വി വാസുദേവ പിള്ളൈയാണ്. ദീര്‍ഘകാലം തമിഴ്‌നാട് നിയമസഭയിലും അംഗമായിരുന്നു.

വാസുദേവ പിള്ളൈക്ക് ബര്‍മയില്‍ വെച്ചുണ്ടായ മകളാണ് മീനാംബാള്‍. മീനാംബാള്‍ വിദ്യാഭ്യാസം നേടിയത് ബര്‍മയില്‍ വെച്ചാണ്. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് മീനാംബാളും ദലിത് വിമോചന രാഷ്ട്രീയ നിരയിലെത്തി. എന്‍ ശിവരാജാണ് മീനാംബാളെ വിവാഹം ചെയ്തത്. 1942 ല്‍ അംബേഡ്കറുടെ നേതൃത്വത്തില്‍ നാഗ്പൂരില്‍ വെച്ച് രൂപീകൃതമായ ദലിതരുടെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ ആള്‍ഇന്ത്യാ ഷെഡ്യൂള്‍ഡ് ക്ലാസ് ഫെഡറേഷന്റെ ആദ്യത്തെ പ്രസിഡന്റ് എന്‍ ശിവരാജായിരുന്നു. ഷെഡ്യൂള്‍ഡ് ക്ലാസ് ഫെഡറേഷന്റെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് മീനാംബാള്‍ ശിവരാജുമായിരുന്നു. 

അംബേഡ്കര്‍ മീനാംബാളെ സഹോദരി (ബഹന്‍) എന്നാണ് വിളിച്ചിരുന്നത്. അത് പിന്നീട് ദലിത് - ബഹുജനങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്ന പൊതുസംജ്ഞയായി മാറി. എന്‍ ശിവരാജ് അംബേഡ്കറുടെ വലംകൈ ആയും അറിയപ്പെട്ടു. മീനാംബാളെ അമ്മ എന്ന എര്‍ത്ഥത്തില്‍ 'അന്നൈ' എന്ന് പൊതുജനങ്ങളും വിളിച്ചു.

മീനാംബാളിന്റേയും ശിവരാജിന്റേയും മകന്‍ ദയാശങ്കര്‍ (ഐപിഎസ്) റിട്ടയര്‍ ചെയ്തു. തമിഴ്‌നാട് ഗവണ്മെന്റ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിസിസ് ഡി സബിത ഐഎഎസ് ഇവരുടെ ചെറുമകളാണ്.