"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഫ്രീദ: വംശസ്മൃതിയുടെ ദുഃഖചിഹ്നംഹോളിവുഡ് സംവിയായികയായ ജൂലി ടൈമര്‍ എണ്ണത്തിലധികം വരുന്ന ചലച്ചിത്രങ്ങള്‍ക്കൊന്നും സാക്ഷാത്കാരം കൊടുത്തിട്ടില്ല. 1999 ല്‍ എഴുതി നിര്‍മിച്ച് അഭിയയിച്ച് സാക്ഷാത്കരിച്ച 'ടൈറ്റസി'ന് മുമ്പ് ഷേക്‌സ്പീരിയന്‍ നാടകങ്ങള്‍ക്കും യവനേതി ഹാസ ങ്ങള്‍ക്കും കൊടുത്തിട്ടുള്ള ടി വി ആവിഷ്‌കാര ങ്ങള്‍ മാത്രമേ സര്‍ഗക്രമരേഖയില്‍ ഉള്‍പ്പെടുത്തുവാനായി ഉണ്ടായിരു ന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍, ലാറ്റിനമേരിക്ക ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇതിഹാസ നായിക യായി അറിയപ്പെടുന്ന ഫ്രീദ കാലോ എന്ന ചിത്രകാരിയുടെ ജീവചരിത്രത്തെ ആധാരമാക്കിയെടുത്ത 'ഫ്രീദ' എന്ന സിനിമയി ലൂടെ മുന്‍നിര സംവിധായകരില്‍ ഇടംപിടിക്കുകയാണ് ജൂലി ടൈമര്‍. 

മെക്‌സിക്കോ സിറ്റിയില്‍ ജനിച്ച് 40 ആം വയസില്‍ (1956) അന്തരിച്ച ഫ്രീദാ കാലോ കേവലം ചിത്രകാരിയായി മാത്രം ജീവിച്ച ഇതിഹാസമല്ല. ഏറിയവയും ഛായാചിത്രങ്ങള്‍ തന്നെയായ, 200 ല്‍ ഏറെ വരുന്ന സൃഷ്ടികള്‍ നല്കി കാലം കവര്‍ന്ന ഫ്രീദയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരിക്കല്‍ മാത്രമേ മെക്‌സിക്കോ സിറ്റിയില്‍ അരങ്ങേറിയിരുന്നുള്ളൂ. സ്ത്രീസ്വത്വ സമരരൂപങ്ങള്‍ക്ക് മാതൃകയായി സ്വീകരിക്കാവുന്ന അതിശക്തമായ ആവിഷ്‌കാരങ്ങളാണ് ഫ്രീദ ചിത്രങ്ങളെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മെക്‌സിക്കന്‍ സംസ്‌കൃതിയുടെ തനത് ഭേദങ്ങളിലുള്ള അവിഛിന്നമായ ആഭിമുഖ്യം, മാര്‍ക്‌സിയന്‍ വിശ്വാസപ്രമാണങ്ങളിലുള്ള രാഷ്ട്രീയേഛ, പ്രണയകല്പനകളുടെ അനിര്‍വചനീയത എന്നിവയുടെ സാകല്യമാണ് ഫ്രീദാ കാലോ എന്ന ചിത്രകലാ ഇതിഹാസം. വിദ്യാഭ്യാസകാലത്ത് സതീര്‍ത്ഥ്യനുമയി പ്രണബന്ധമുണ്ടായിരുന്ന ഫ്രീദ പിന്നീട് വിവാഹം ചെയ്തത്, ചിത്രകലയിലെ മറ്റൊരു ലാറ്റിനമേരിക്കന്‍ ഇതിഹാസമായ ഡീഗോ റിവേരയെയാണ്. സോവിയറ്റ് യൂണിയനില്‍ നിന്ന് രക്ഷപ്പെട്ട് മെക്‌സിക്കോയില്‍ ഒളിവില്‍ താമസിച്ചിരുന്ന ലിയോണ്‍ ട്രോട്‌സ്‌കിയുമായും ഫ്രീദ പ്രണയം പങ്കുവെച്ചു. ട്രോട്‌സ്‌കിയുടെ ഭാര്യ നതാല്യയും കൂടെയുണ്ടായിരുന്നുവെങ്കിലും അവര്‍ ഈ ബന്ധത്തോട് യാതൊരെതിര്‍പ്പും പ്രകടിപ്പിക്കുകയുണ്ടായില്ല. ട്രോട്‌സ്‌കി അവിടെ വെച്ച് കൊല്ലപ്പെട്ടു. സ്റ്റാലിന്‍ പറഞ്ഞയച്ച കൂലിക്കൊലയാളി കോടാലിക്ക് വെട്ടിയാണ് ട്രോട്‌സ്‌കിയെ കൊന്നത്.

ചിത്രകലയിയിലെ കണ്ടുപിടുത്തങ്ങളാണ് ഫ്രീദയുടെ ചിത്രങ്ങളെങ്കില്‍ അവരുടെ ജീവിതം കണ്ടെത്തേണ്ടുന്ന മറ്റൊരു പ്രഹേളികയുടെ ഉത്തരമാണ്. ഇതുകണ്ടെത്തുന്നതിനാണ് തന്റെ പുറപ്പാടെന്ന് സിനിമയുടെ സങ്കലനഭാഷയില്‍ അവര്‍ വ്യക്തമാക്കുന്നു. 1925 ല്‍ മെക്‌സിക്കോ സിറ്റിയിലുണ്ടായ ഒരു ട്രോളി അപകടത്തില്‍ ഫ്രീദക്ക് അതിമാരകമായി പരിക്കേറ്റിരുന്നു. പൃഷ്ടഭാഗത്തുകൂടി തുളച്ചുകയറിയ ഒരു കമ്പി യോനിയിലൂടെ പുറത്തുവരികയുണ്ടായി. അതില്‍ നിന്നുള്ള തീരാവേദനയോടെ യാണ് ഫ്രീദ ജീവിതകാലമത്രയും കഴിച്ചുകൂട്ടിയത്. ശയ്യാവലംബി യായിരുന്ന ആദ്യകാലത്ത് കട്ടിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന കണ്ണാടിയില്‍ നോക്കിയാണ് ഫ്രീദ ചിത്രരചന അഭ്യസിക്കുന്നത്. അതിനാലാവണം രചനകളില്‍ ഏറിയകൂറും തന്റേതന്നെ ഛായാചിത്രങ്ങളായിരുന്നു. എന്നാല്‍ ഇവകളിലാകട്ടെ ആവൃത്തിവരകളുടെ വൈരസ്യങ്ങളില്‍ നിന്നകന്നുമാറിയ ഭാവവൈവിധ്യങ്ങളുടെ അനൈക്യം നല്‍കുന്ന അമൂര്‍ത്തതയാണ് ആസ്വാദ്യകരമായിട്ടുള്ളതെന്ന് പഠിക്കപ്പെട്ടിട്ടുണ്ട്. വേദനയെ ചെറുക്കുന്നതിനുള്ള പ്രതിരോധ തന്ത്രമായി ആവിഷ്‌കാരം കൊണ്ട ഫ്രീദ ചിത്രങ്ങള്‍ ജീവിതത്തേയും ചിത്രരചനാ സങ്കേതങ്ങളേയും പരസ്പം അടയാളപ്പെടുത്തുന്നു. 

1984 ല്‍ മെക്‌സിക്കോയില്‍ നിന്നുതന്നെ ഫ്രീദാ കാലോ യുടെ ജീവിതസമരങ്ങളെ ആധാരമാക്കി ഇതേ പേരില്‍ തന്നെ പോള്‍ ലീഡക്ക് ഒരു സനിമ എടുത്തിരുന്നു. സ്പാനിഷ് ഭാഷയിലുള്ള ഈ സിനിമക്ക് 108 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഫ്രീദയുടെ ജീവിതത്തെ ആധാരമാക്കി 100 ല്‍ ഏറെ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ ഫ്രീദയുടെ അന്തഃസംഘര്‍ഷ ങ്ങളെ അളന്നെടുക്കുകയും രചനകളിലെ ദാര്‍ശനിക സമസ്യകളെ കൃത്യമായി പൂരിപ്പിക്കുകയും ചെയ്യുന്നവ വിരളമാണ്. ജൂലി ടൈമര്‍ ആധാരമാക്കുന്നത് ഹെയ്ഡന്‍ ഹെരേര എഴുതിയ 'എ ബയോഗ്രഫി ഓഫ് ഫ്രീദ കാലോ' എന്ന പുസ്തകത്തെയാണ്. ആഖ്യാനരീതിയില്‍ അപരന്റെ രചനയെ അതിശയിപ്പിക്കുന്ന തിനുള്ള കഴിവൊന്നുകൊണ്ടുതന്നെ പുനരാവിഷ്‌കാരമായിരു ന്നിട്ടുകൂടി ഫ്രീദ 2003 ലെ ഓസ്‌കാറിന് പരിഗണിക്കപ്പെട്ടു.

സമ്മിശ്രണവ്യവസ്ഥയില്‍ രൂപപ്പെടുത്തിയ അതിനൂതനമായ ദൃശ്യതന്ത്രങ്ങളില്‍ വെച്ചാണ് ജൂലിയുടെ ഫ്രീദ വിരചിക്കപ്പെടു ന്നത്. ജീവചരിത്ര ചിത്രണങ്ങള്‍ക്കായുള്ള ദൃശ്യവ്യവസ്ഥകളെ പ്പോഴും യഥാതഥ സങ്കേതങ്ങള്‍ക്ക് അനുരൂപമായിരിക്കണമെന്ന് പരമ്പരാഗത ധാരണകളെ ഈ സിനിമ തിരുത്തുന്നു. മെക്‌സിക്കന്‍ സംഗീതത്തിന്റെ ഇടകലര്‍പ്പ്, സാംസ്‌കാരിക ചിഹ്നങ്ങളുടെ കൂടിച്ചേരല്‍ ഫ്രീദ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ എന്നിവയും സിനിമയുടെ വാര്‍പ്പിലെ ഘടകങ്ങളാകുന്നു. ട്രോളി അപകടം ചിത്രണം ചെയ്തിരിക്കുന്നിടത്തു തന്നെ സാമ്പ്രദായിക രീതികളുടെ തിരസ്‌കാരം ദര്‍ശിക്കാം. ചീറ്റിത്തറിക്കുന്ന ചില്ലുകഷണങ്ങളു ടേയും മാറിലൊതുക്കപ്പെട്ട പിഞ്ചുപൈതലിന്റേയും വണ്ടിത്തട്ടില്‍ ഉരുണ്ടുവീഴുന്ന പഴങ്ങളുടേയും കൈക്കൂടുതുറന്ന് പറന്നകലുന്ന കിളിക്കുഞ്ഞിന്റെയും ഒടുവില്‍ ചില്ലുകഷണങ്ങള്‍ വര്‍ഷിക്കപ്പെ ടുന്ന ഫ്രീദയുടേയും ദൃശ്യങ്ങളുടെ മിശ്രണത്തിലൂടെ ജീവന്റെ ചാഞ്ചാട്ടം അനുഭവിപ്പിക്കുന്നതിനുള്ള സര്‍വിധ ശേഷികളും സിനിമയുടെ ശില്പികള്‍ അങ്ങേയറ്റം വിനിയോഗിച്ചിട്ടുണ്ട്.കാലത്തിന്റെ പ്രവണതകള്‍ക്കൊത്ത് കാര്യങ്ങള്‍ അവതരിപ്പി ക്കുന്നതിന് സാമ്പ്രദായിക ദൃശ്യഭാഷക്കു സംഭവിക്കാറുള്ള വൃദ്ധിക്ഷയത്തെ സംബന്ധിച്ച് ജൂലി ടൈമറിനുള്ള അവഗാഹം, അതിനെ നിഷേധിക്കുന്ന പരികല്പനകള്‍ കൊണ്ട് പ്രശോഭിതമായ ചിത്രാദ്യത്തില്‍ നിന്നുതന്നെ തിരിച്ചറിയാം. ഫ്രീദ ആരംഭിക്കുന്നത് ആഖ്യാന നൈരന്തര്യത്തില്‍ മധ്യഭാഗത്തുനിന്നാണ്. മെക്‌സിക്കോ സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട ഏക പ്രദര്‍ശനം വീക്ഷിക്കുന്നതി നായി ഫ്രീദയെ വീട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യമാണിത്. അവിടെ നിന്ന് ഓര്‍മകളിലൂടെ പുറകോട്ട് സഞ്ചരിക്കുന്ന ഫ്രീദ, വാഹനാപകടത്തില്‍ പെടുന്ന കൗമാരകാലവും കടന്ന് ഇണക്കവും ഇടര്‍ച്ചയും ഇടകലര്‍ന്ന പ്രണയ - വൈവാഹിക ജീവിതവും താണ്ടി മരണത്തിലവസാ നിക്കുന്നു. തീപിടിക്കുന്ന ഒരു ഫ്രീദ ചിത്രം അവസാന ദൃശ്യത്തില്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ജൂലി തന്റെ സ്വയംകൃത ദൃശ്യഭാഷയുടെ സംവേദക ശേഷിയെ വിളംബരം ചെയ്യുന്നത്. ചിത്രസന്ധികളില്‍ ഈ ദൃശ്യശകലിതങ്ങള്‍ ആ ശാക്തേയ നീക്കത്തിന്റെ കണ്ണികളായി ചേര്‍ക്കപ്പെടുന്നുണ്ട്. അപകടാനന്തരം ആശുപത്രിക്കിടക്കയില്‍ കിടന്ന് ഫ്രീദ ആളുകളെ കാണുന്നത് വികൃതവും പൈശാചികവുമായ രൂപത്തിലാണ്. കണ്ണുതുറക്കു മ്പോള്‍ കൃഷ്ണമണിയില്‍ പതിഞ്ഞുകാണുന്ന തലയോട്ടികളുടെ ബിംബനം മരണവുമായി അഭിമുഖം നടത്തുന്നയാളുടെ അരള്‍ച്ചകളെ ആലേഖനം ചെയ്യുന്നതിന് പര്യാപ്തമാണ്. ഡീഗോയുമായി ഉലയുന്ന ഫ്രീയുടെ ദൃശ്യത്തിനു ശേഷം ആലപിച്ചുചേര്‍ക്കുന്ന ഗാനത്തോടൊപ്പം ചലിക്കുന്ന ഛായാ ചിത്രത്തിന്റേയും മുടിയറുക്കുന്ന ഫ്രീദയുടേയും ദൃശ്യശകലിത ങ്ങളുടെ സമ്മിശ്രണം സിനിമക്ക് നല്കുന്ന അര്‍ത്ഥതലം അന്യാദൃശമാണ്. ഈ തന്ത്രപ്രയോഗത്തിന്റെ പാരമ്യത്തിലാണ് ട്രോട്‌സ്‌കിയുടെ വധം ചിത്രീകരിച്ചിരിക്കുന്നത്. നാടന്‍പാട്ടുപാടുന്ന വൃദ്ധയുടേയും ഫ്രീദ ചിത്രങ്ങള്‍ പരത്തുന്ന ഇരുളിന്റേയും മറപറ്റി പതുങ്ങിയെത്തുന്ന കൊലയാളിയുടെ ആഗമനവും മഷിതുപ്പുന്ന പേനയും ചീറ്റിവീഴുന്ന ചോരത്തുള്ളികളും, പിന്നീടതിന്റെ ചോരപ്പൂക്കളായുള്ള പരിണതിയും ചേര്‍ന്ന ദൃശ്യസങ്കലനം സാമ്പ്രദായിക ഭാഷയുടെ പരിധിയെ അതിലംഘി ക്കുന്ന പരികല്പനകളാണ്.

ഫ്രീദാ കാലോയെ അവതരിപ്പിക്കുന്നതിനായി മെക്‌സിക്കന്‍ നടി സെല്‍മാ ഹായെക്കിനെ തെരഞ്ഞെടുത്തതും അവധാനതാപൂര്‍വ മാണ്. ജൂലിയെ പോലെ സെല്‍മയും അല്പമാത്ര സിനിമകളി ലൂടെ ശ്രദ്ധേയയായി വന്നയാളാണ്. ലെബനീസ് വംശജനായ പിതാവിനും മെക്‌സിക്കോക്കാരിയായ മാതാവിനും തെക്കു കിഴക്കന്‍ മെക്‌സിക്കോയില്‍ വെച്ചു പിറന്ന സെല്‍മാ ഹായക് ടി വി പ്രോഗ്രാമുകളിലൂടെ മികവു തെളിയിച്ചതിനു ശേഷം ലോക സിനിമയുടെ വാഗ്ദത്തഭൂമിയായ ഹോളിവുഡിലേക്ക് കുടിയേറി. അവിടെ വെച്ച് പങ്കെടുത്ത 'ഡെസ്‌പെറാഡോ' (1995) ലെ പാത്രാവതരണത്തിനു ശേഷം മെക്‌സിക്കോവില്‍ തിരിച്ചുവന്ന് 'കാലജന്‍ ഡി ലോസ് മിലാ ഗോസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മെക്‌സിക്കന്‍ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഏരിയല്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം നേടുകയും ചെയ്തു. ഇപ്പോള്‍ ഫ്രീദക്ക് ഓസ്‌കാറിനായി നാമനിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അത് മെക്‌സിക്കോയുടെ മൊത്തം വിജയമായി ആ നാട്ടുകാര്‍ അതിനെ വിലയിരുത്തുന്നു. ദീര്‍ഘനാളുകള്‍ക്കു മുമ്പേ ഹോളിവുഡില്‍ താരമായിപ്പോയഡോളോറസ് ഡെല്‍ റിയോവിന് ശേഷം ഇപ്പോള്‍ ഫ്രീദയിലൂടെ ആദ്യമായി ഒരു മെക്‌സിക്കോക്കാ രി താരമായി അവിടെ അംഗീകരിക്കപ്പെടുകയാണ്. 

ഫ്രീദ എന്ന കഥാപാത്രത്തിനുപരിയായി സെല്‍മാ ഹായെക്കിന്റെ റെഡ് ഇന്ത്യന്‍ ഗാത്രഭംഗി ദുഃഖം നിറഞ്ഞ മറ്റുചില ചരിത്ര സംഭവങ്ങളെക്കൂടി അനുസ്മരിപ്പിക്കുണ്ട്. അധിനിവേശങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുതിക്കിരയായ റെഡ് ഇന്ത്യന്‍ ജനതയുടെ ഗാത്രങ്ങള്‍ പേറുന്നത് വംശസ്മൃതിയുടെ ദുഃഖ ചിഹ്നങ്ങളാണ്. വംശോന്മൂലനത്തിന്റേയും ബഹിഷ്‌കര ണത്തി ന്റേയും കാര്യമെടുത്താല്‍ ലോകത്ത് അവരോട് തുല്യതയുള്ളത് ആര്യന്‍ അധിനിവേശകാരികളില്‍ നിന്ന് തുരത്തപ്പെട്ട സൈന്ധവ ജനത മാത്രമാണ്. ഫ്രഞ്ച്, അമേരിക്കന്‍ യുദ്ധവെറിയന്മാരില്‍ നിന്നും അടുത്തകാലത്തായി വിയറ്റ്‌നാം ജനതയും ഈ മാരക വ്യവസ്ഥിയുടെ ഇരകളായിട്ടുണ്ട്.

പോള്‍ ലീഡക്കിന്റെ സിനിമയില്‍ ഫ്രീദയായി വേഷമിട്ട ഒഫേലിയ മേദിനക്ക് ഏതായാലും സെല്‍മാ ഹായെക്കിന്റെ സവിശേഷത അവകാശപ്പെടാനില്ല. സെല്‍മയോടൊപ്പം ഭര്‍ത്താവായ ഡീഗോ റിവേരയെ അവതരിപ്പിക്കുന്ന ആല്‍ഫ്രെഡ് മോളിനക്കും ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മറ്റു കഥാപാത്രങ്ങളില്‍ ലിയോണ്‍ ട്രോട്‌സ്‌കിയെ ജിയോഫ്‌റേ റഷും നതാല്യ ട്രോട്‌സ്‌കി യെ മാര്‍ഗരീറ്റ സാന്‍സും അവതരിപ്പിക്കുന്നു. തിരക്കഥാ രചനയില്‍ പങ്കെടുത്ത എഡ്വാര്‍ഡ് നോര്‍ട്ടണ്‍, നെല്‍സന്‍ റോക്കഫെല്ലറെന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. എന്നാല്‍ പൂര്‍ണമായ തിരക്കഥ ക്ലാന്‍സി സിഗാളിന്റേതാണ്. എഡിറ്റിങ് റോഡ്രിഗോ പ്രിയേറ്റോവും ഛായാഗ്രഹണം ഫ്രാങ്കോയിസ് ബോണറ്റും നിര്‍വഹിക്കുന്നു. മിറാമാക്‌സ് കമ്പനി പ്രദര്‍ശനത്തി നെത്തിക്കുന്ന സിനിമയുടെ സഹനിര്‍മാതാക്കളില്‍ !ഒരാള്‍കൂടി യാണ് സെല്‍മാ ഹായെക്ക്.

* സമീക്ഷ 2003 ഏപ്രില്‍