"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കാഞ്ചിഭായ് റാത്തോഡ്: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സാമ്പത്തികവിജയം നേടുന്ന ആദ്യത്തെ സംവിധായകന്‍ ദലിതന്‍!


ലോക സിനിമാ ചരിത്രത്തിലെ സംവിധായകരില്‍ ആദ്യത്തെ ഇന്ത്യന്‍ സാമ്പത്തിക വിജയി ഗുജറാത്തില്‍നിന്നുള്ള കാഞ്ചിഭായ് റാത്തോഡാണ്. അമേരിക്കയില്‍ പിറന്ന് യൂറോപ്പില്‍ വളര്‍ന്ന സിനിമയുടെ ശൈശവദശയില്‍ ആ ഭൂഖണ്ഡങ്ങള്‍ക്കൊപ്പം ഇന്ത്യാമഹാരാജ്യത്തിന് പിടിച്ചു നില്ക്കാനായത് കാഞ്ചിഭായ് റാത്തോഡ് എന്ന ദലിതന്റെ ശേഷികൊണ്ടാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് സിനിമയിലെന്നല്ല, സര്‍വമേഖലകളിലും ഈ ദലിത് ശേഷികള്‍ക്ക് തുടര്‍ച്ച കിട്ടുകയുണ്ടായില്ല എന്നത് മറ്റൊരു ദേശിക ദുരന്തം! ദലിതര്‍ ശേഷിയില്ലാത്തവരും ആയതിനാല്‍ത്തന്നെ അവരോടുള്ള സഹതാപം മൂലം നല്കപ്പെടുന്ന ആനുകൂല്യമായ സംവരണത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമായി അവര്‍ അട്ടിമറിക്കപ്പെടുകയുമായിരുന്നു ആ കാലഘട്ടത്തില്‍. ദലിതന്‍ രാഷ്ട്രീയമായി അധികാരത്തിലെത്തുമായിരുന്ന കമ്മ്യൂണല്‍ അവാര്‍ഡിനെ പൂനാ പാക്ട്‌കൊണ്ട് തോല്പിക്കപ്പെട്ട 1924 ല്‍ത്തന്നെയാണ് 'കാലാ നാഗ്' എന്ന സിനിമയിലൂടെ ലോകത്തെ ആദ്യത്തെ ക്രൈം ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ കൂടി കാഞ്ചിഭായ് റാത്തോഡ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. 

സിനിമ പിറവികൊണ്ട അമേരിക്കയില്‍പ്പോലും വര്‍ണവിവേചനം കൊടികുത്തിവാഴുന്ന അക്കാലത്ത്, കറുത്ത വര്‍ഗക്കാരനെ സിനിമയിലവതരിപ്പിക്കാന്‍ വെളുത്തവര്‍ഗക്കാര്‍ കരിപൂശിയെ ത്തുന്ന അതേ നാളുകളിലാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥയെ മറികടന്ന ദലിതന്‍ സിനിമയില്‍ വിജയക്കൊടി പാറിക്കുന്നത്! കാഞ്ചിഭായ് റാത്തോഡ് എന്ന ആ അതിമാനുഷന്റെ കുടുംബജീവിതത്തെപ്പറ്റിയുള്ള കൂടുതല്‍ അറിവുകള്‍ ലഭ്യമല്ല. സിനിമാ ചരിത്രകാരനായ വീര്‍ചന്ദ് ധരംസേയ് എഴുതുന്നത്: ഒരു ദലിത് കുടുംബത്തില്‍ നിന്നുമാണ് കാഞ്ചിഭായ് റാത്തോഡ് സിനിമാ ലോകത്ത് എത്തുന്നത്. അദ്ദേഹമാണ് ഇന്ത്യയില്‍ സാമ്പത്തികമായി വിജയിച്ച ആദ്യത്തെ സിനിമാ സംവിധായകന്‍ - ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തെക്കന്‍ ഗുജറാത്തിലെ മാറോലി ഗ്രാമത്തിലാണ് കാഞ്ചിഭായ് റാത്തോഡ് ജനിച്ചത്. ഓറിയന്റല്‍ ഫിലിം കമ്പനിയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് കാഞ്ചിഭായ് റാത്തോഡ് കലാജീവിതം ആരംഭിക്കുന്നത്. ഈ അറിവ് കോഹിനൂര്‍ ഫിലിം കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് റാത്തോഡിന് സഹായകമായി. 1918 ല്‍ ദ്വാരകാദാസ് നരന്‍ദാസ് സമ്പത്താണ് (1884 - 1958) ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. ദ്വാരകാദാസ് നരന്‍ദാസ് സമ്പത്താണ് സിനിമാ സംവിധാനത്തില്‍ റാത്തോഡിന് പ്രേരണയായത്.

സിനിമാ രംഗം ഉദയം കൊണ്ടകാലത്ത്, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അതിന്റെ വ്യാകരണവ്യവസ്ഥകളൊന്നും രൂപപ്പെട്ടിരുന്നില്ലല്ലോ. ഈ ബാലാരിഷ്ടതയും പ്രതിഭയുടെ പോരായ്മയും നിമിത്തം ഈ രംഗത്ത് എത്തിപ്പെട്ടവര്‍ അരങ്ങൊഴിയുന്ന കാലത്ത് റാത്തോഡിന് വിജയിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ ചരിത്രത്തില്‍ സ്ഥാനപ്പെടുത്തിയ സവിശേഷ ഘടകം എന്ന് നിരീക്ഷിക്കപ്പെടുന്നു.

വിശ്വോത്തര ക്ലാസിക് സിനിമയായ 'ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍' 1925 പുറത്തിറങ്ങുന്നതിന് മുമ്പാണ് റാത്തോഡിന്റെ 'ഭക്ത വിദുര്‍' 1921 ല്‍ പ്രദര്‍ശനത്തിനെത്തുന്നത്. കഥാചിത്രങ്ങള്‍ തന്നെ വിരളമായ കാലത്ത് പിറവികൊണ്ട ഭക്ത വിദുര്‍ ആദ്യത്തെ മിത്തോളജിക്കല്‍ അലിഗറി എന്ന നിലയിലും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന നിലയിലും ഈ സിനിമ ആദ്യ സ്ഥാനത്താണ്. ബ്രിട്ടീഷ് കോളനി വാഴ്ചയേയും വിശിഷ്യാ 1919 ലെ റൗലത്ത് ആക്ടിനേയുമാണ് ഈ സിനിമയിലൂടെ വിമര്‍ശിക്കപ്പെട്ടത്. മഹാഭാരതത്തെ ആധാരമാക്കി എടുത്ത ഈ സിനിമ ബ്രിട്ടീഷ് അധികാരികളെ ഏറെ ചൊടിപ്പിച്ചു. സിനിമയില്‍ വിദുരരെ എം കെ ഗാന്ധിയായാണ് അവതരിപ്പിച്ചത്. ഖദര്‍ഷര്‍ട്ടും ഗാന്ധിത്തൊപ്പിയും ധരിച്ച്, ഫിലിം കമ്പനിയുടെ ഉടമ ദ്വാരകേശ്വര്‍ സമ്പത്ത് തന്നെയാണ് വിദുരരായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷ് ഭരണാധികാരികളെ കൗരവന്മാരായും ചിത്രീകരിച്ചു. സിനിമയുടെ പ്രദര്‍ശനം വന്‍ കോളിളക്കമാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ സൃഷ്ടിച്ചത്. ബോംബെയിലും കറാച്ചിയിലും മദ്രാസിലും സിനിമയുടെ പ്രദര്‍ശനം നിരോധി ക്കപ്പെട്ടു. അങ്ങനെ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിക്ക പ്പെടുന്ന ആദ്യത്തെ സിനിമയുടെ സംവിധായകനായും കാഞ്ചിഭായ് റാത്തോഡ് അറിയപ്പെട്ടു.

1923 ല്‍ കോഹിനൂര്‍ ഫിലിം കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ അവിടെ സൂക്ഷിച്ചിരുന്ന നെഗറ്റീവുകളെല്ലാം കത്തി നശിച്ചു. ഈസ്റ്റ്മാന്‍ കൊഡാക് കമ്പനി വസ്തുവകകള്‍ കടമായി നല്‍കി സ്റ്റുഡിയോയെ സഹായിക്കുകയുമുണ്ടായി.

ലോകത്തെ ആദ്യത്തെ ക്രൈം ത്രില്ലര്‍ സിനിമയും റാത്തോഡിന്റെ പേരിലാണ്. 1924 ല്‍ സമകാലിക സംഭവവികാസങ്ങളെ ആധാരമാക്കി എടുത്ത 'കാലാ നാഗ്' ആണ് പ്രസ്തുത സിനിമ. ബോംബെയില്‍ അക്കാലത്തു നടന്ന ഒരു ഇരട്ടക്കൊലപാതകമാണ് ഇതിവൃത്തം. ആ വര്‍ഷം തന്നെ 'ഗുല്‍ബകവാലി' എന്ന സിനിമയിലൂടെ സുബൈദ എന്ന നടിയേയും റാത്തോഡ് കലാലോകത്തിന് പരിചയപ്പെടുത്തി.

1924 ല്‍ത്തന്നെ റാത്തോഡ് കോഹിനൂര്‍ സ്റ്റുഡിയോ വിട്ട് രാജ്‌കോട്ടിലെ സൗരാഷ്ട്ര ഫിലിം കമ്പനിയിലെത്തി. 1931 ല്‍ കൃഷ്ണ ഫിലിം സ്റ്റുഡിയോ ആദ്യത്തെ ശബ്ദസിനിമയുടെ പ്രദര്‍ശന ശാല (ടാക്കീസ്) സ്ഥാപിച്ചപ്പോള്‍ അവിടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി റാത്തോഡ് ബോംബെയില്‍ തിരിച്ചെത്തി.

'ലൈറ്റ് ഓഫ് ഏഷ്യ: ഇന്ത്യന്‍ സൈലന്റ് സിനിമ 1912 - 1934' എന്ന തന്റെ കൃതിയില്‍ വീര്‍ചന്ദ് ധരംസേയ് രേഖപ്പെടുത്തുന്നത്, 1931 വരെ റാത്തോഡ് സംവിധാനം ചെയ്ത 17 സിനിമകളില്‍ 5 എണ്ണം മാത്രമാണ് ശബ്ദ സിനിമകള്‍, 1940 വരെ സിനിമാ സംവിധാന രംഗത്ത് റാത്തോഡ് സജീവമായി തുടര്‍ന്നുവെങ്കിലും ശബ്ദസിനിമയില്‍ അദ്ദേഹം വിജയിക്കുകയുണ്ടായില്ല എന്നാണ്.

ഒട്ടാകെ 76 സിനിമകള്‍ കാഞ്ചിഭായ് റാത്തോഡ് സംവിധാനം ചെയ്യുകയുണ്ടായി. സതി അഞ്ജനി (1934), മഠ് നോ സാധു (1930), സദ്ഗുനി സുശീല (1924) എന്നീ സിനിമകളില്‍ റാത്തോഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കാഞ്ചിഭായ് റാത്തോഡ് ദലിതനോ എന്ന് ചിലര്‍ സംശയം ഉന്നയിച്ചേക്കാം. പ്രാമാണികരായ സിനിമാചരിത്ര രചയിതാ ക്കളില്‍ വെച്ച് നിരീക്ഷണപടുതയില്‍ അദ്വിതീയനായ വീര്‍ചന്ദ് ധരംസേയ് യുടെ വാക്കുകള്‍ക്ക് വേണ്ടത്ര ശക്തിസാന്ദ്രതയുണ്ട ന്നറിയുക. ചരിത്രത്തില്‍ സവിശേഷ ഇടം പിടിച്ചിട്ടും 76 സിനിമകള്‍ സംവിധാനം ചെയ്ത ഒരു വ്യക്തി ദലിതനല്ലായിരു ന്നുവെങ്കില്‍ വിസ്മൃതനാകുമായിരുന്നില്ല. തിരക്കേറിയ സിനിമാജീവിതത്തിനിടയില്‍ റാത്തോഡ് വിവാഹം കഴിക്കാന്‍ വിട്ടുപോയിട്ടുണ്ടാകാം. അതുകൊണ്ട് സന്തതിപരമ്പര നിലനിന്നു കിട്ടിയിട്ടുണ്ടാകാനിടയില്ല. വിസ്മൃതനാകാന്‍ ഇതുമൊരു കാരണമായേക്കാം. അടുത്ത ബന്ധുക്കളല്ലാതെ ആരെങ്കിലും ഒരു ദലിതന്റെ ചരിത്രം എഴുതിയിട്ടുണ്ടോ?