"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അയ്യന്‍കാളിയുടെ വിമോചന വിപ്ലവത്തിന്റെ പ്രസക്തി - കുന്നുകുഴി എസ് മണി


കേരളത്തിന്റെ കഴിഞ്ഞുപയോ സാമ്പ്രദായിക ചരിത്രം പരിശോധിച്ചാല്‍ അവര്‍ണ ജാതികള്‍ക്കെതിരെ സമസ്ത തലങ്ങളിലും സവര്‍ണര്‍ അടിച്ചേല്പിച്ചിരുന്ന സാമൂഹ്യ അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യുവാന്‍ വീറോടെ പൊരുതി കയറിയ മഹാനാണ് അയ്യന്‍കാളി. പൊതുവില്‍ അയ്യന്‍കാളി നയിച്ച സമരമുറകളെ ലഹളകള്‍, പൊരുതലുകള്‍, വിപ്ലവങ്ങള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നുവെങ്കിലും കേരളത്തിന്റെ സാമൂഹ്യ പരിണാമ പ്രക്രിയയില്‍ പുരോഗമനാത്മക തിരുത്തലുകളാണ് തന്റെ വിമോചന വിപ്ലവത്തിലൂടെ നടപ്പക്കാന്‍ കഴിഞ്ഞത്. പക്ഷെ രാജ്യം ഭരിച്ച ഭരണാധികാരി കളുടെ ഒത്താശ ഈ പുരോഗമന പ്രക്രിയയില്‍ അഭിഭാജ്യ ഘടകമായിരുന്നപ്പോള്‍ ചരിത്രപരമായ കടമ നിര്‍വഹിക്കുന്നതില്‍ പലപ്പോഴും പിന്നോക്കം പോയിരുന്നു. അതാണ് അയ്യന്‍കാളി യുടെ വിമോചന വിപ്ലവം പൂര്‍വ്വാധികം ശക്തിയോടെ ആഞ്ഞടിക്കാന്‍ കാരണീയമായി തീര്‍ന്നത്.

വിദ്വാന്‍ന്മാര്‍ പറയുന്നത് ചരിത്രം തുടങ്ങുന്നത് അധ്വാനത്തില്‍ നിന്നെന്നാണ്. അധ്വാനത്തിന്റെ പരിണാമമാണ് സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടം. സാമ്പത്തികാടിത്തറയിലെ പരിവര്‍ത്ത നങ്ങളാണ് ഉപരിഘടനയില്‍പ്പെട്ട സാമൂഹ്യ- സാംസ്‌കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗങ്ങളിലെ മാറ്റങ്ങള്‍ക്ക് നിദാനമായി പരിഗണിത്തപ്പെട്ടിരുന്നത്. അയ്യന്‍കാളി തന്റെ ജീവിതത്തിലൂടെ കീഴാളര്‍ക്കുവേണ്ടി ചരിത്രത്തില്‍ ക്വാറിയിട്ടതും ഈ മുല്യാവബോധമാണ്. പക്ഷെ അയ്യന്‍കാളി കാലയവനികയ്ക്കു ള്ളില്‍ മണ്‍മറഞ്ഞ് ആറുപതിറ്റാണ്ട് പിന്നിടുമ്പോഴും ഇവയൊക്കെ കേരള ചരിത്രത്തിന്റെ ചാലക ശക്തികള്‍ക്ക് അപഗ്രഥിച്ചെടുക്കു വാന്‍ സാദ്ധ്യമായിട്ടില്ല. നവോത്ഥാന കേരളത്തിന്റെ ചരിത്രം അപഗ്രഥിച്ച ചരിത്രകാരന്മാര്‍ക്കാകട്ടെ അയ്യന്‍കാളിയുടെ നവോത്ഥാന ശ്രമങ്ങളെ കാണാനായിട്ടില്ല. പക്ഷെ കാലപ്രവാഹ ത്തില്‍ ചരിത്രാംശങ്ങളില്‍ സംഭവിച്ച മാറ്റിമറിക്കലുകള്‍ മൂലം ആ ചരിത്രാംശങ്ങളില്‍ പലതും പുറത്തു വന്നുകൊണ്ടിരിക്കുന്നു.

നൂറ്റാണ്ടുകളോളം സാമൂഹ്യ അസമത്വങ്ങളുടെ ചങ്ങലക്കെട്ടു കളാല്‍ നിബന്ധമായി നിഷ്ചലാവസ്ഥയിലായിരുന്നു കേരള സമൂഹം. പക്ഷെ എന്തെങ്കിലും ചലനാത്മകഭാവം കൈവരിച്ചത് 18-ാം നൂറ്റാണ്ടു മുതല്‍ക്കാണ്. അന്ന്‌നിലനിന്നിരുന്ന രാഷ്ട്രീയ കാരണങ്ങളാലാണ് സമൂഹത്തില്‍ മാറ്റത്തിന്റെ കാറ്റുവീശാന്‍ ആരംഭിച്ചിരുന്നത്. ടിപ്പുസുല്‍ത്താന്‍ വടക്കന്‍ കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌ക്കരണങ്ങളാണ് ഭൂസ്വത്ത് സംബന്ധിച്ച് കേരളീയരില്‍ മൗലിക മാറ്റത്തിന് നന്ദി കുറിച്ചത്. ആ കാലത്തെ കാര്‍ഷിക സാമൂഹ്യ ഘടനയില്‍ സംഭവിച്ച മാറ്റങ്ങളാണ് കേരളത്തിലെ സാമൂഹ്യഘടനയില്‍ വന്‍ വിള്ളല്‍ വീഴ്ത്തിയതും ജനങ്ങളെ മൂന്നു വിഭാഗങ്ങളായി വേര്‍തിരിച്ചതും. ജന്മിമാര്‍, പാട്ടക്കാര്‍, അടിമകള്‍ എന്നിവരുടെ വേര്‍തിരിവു സംഭവിച്ചത് ടിപ്പു സുല്‍ത്താന്റെ ഭൂപരിഷ്‌ക്കരണ പ്രക്രിയ മൂലമാണ്. ആ കാലത്ത് നെല്‍പ്പാടങ്ങളില്‍ കൃഷിപ്പണികള്‍ മുഴുവന്‍ നടത്തിയിരുന്നത് ഈ അടിമകളായിരുന്നു. ഇവരില്‍ ഏറെയും പുലയരും ചെറുമരുമായിരുന്നു. ബ്രാഹ്മണരില്‍പ്പെട്ട നമ്പൂതിരിമാരായിരുന്നു ഭൂസ്വത്തുക്കള്‍ നിയന്ത്രിച്ചിരുന്നത്. ഇവര്‍ക്കുതാഴെ അയിത്തം കല്പിച്ച് അകറ്റിയ പുലയര്‍ തുടങ്ങിയ ജാതികളും ഇവര്‍ക്ക് മീതെയായിരുന്നു മേലനങ്ങാതെ സാമ്പത്തിക സ്രോതസ് കൈകാര്യം നടത്തിയ പാട്ടക്കാര്‍. ഇവരില്‍ ഭൂരിഭാഗവും നായന്മാരായിരുന്നു. ഈ പാട്ടക്കാരാണ് കൃഷിക്കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതും അടിമകളെകൊണ്ട് കൃഷിപ്പണികള്‍ ചെയ്യിച്ചിരുന്നതും. അന്ന് കൃഷിപ്പണികള്‍ മാത്രം ചെയ്യാന്‍ വിധിച്ചിരുന്ന വെറും ഉപകരണം (യന്ത്രം) മാത്രമായിരുന്നു അടിമകള്‍. അടിമപ്പണിയാണ് ആ കാലത്ത് ഇവിടത്തെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനശില. ഈ അടിസ്ഥാനശിലയെ തകര്‍ക്കുകയായിരുന്നു അയ്യന്‍കാളി തന്റെ കാലത്ത് വിമോചന വിപ്ലവത്തിലൂടെ സാദ്ധ്യമാക്കിയത്. ആ സാമ്പ്രദായിക ജന്മിത്വത്തിനെതികെ വീറോടെ പൊരുതിക്കയറു വാന്‍ വേണ്ടിയാണ് അയ്യന്‍കാളിയെന്ന നിരക്ഷര വിദ്വാന്‍ 1898-ല്‍ രണ്ട് വെള്ളക്കാളകളെ പൂട്ടിയ ഒരു വില്ലുവണ്ടി വാങ്ങിയത്.