"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

അമ്മിണി പീറ്റര്‍: ദലിത് വിമോചനപ്പോരാട്ടത്തിലെ ഇതിഹാസ നായിക


കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമൂഹ്യ വിപ്ലവകാരിയായ കല്ലറ സുകുമാരന്റെ ജീവിക്കുന്ന പതിപ്പാണ് അമ്മിണി പീറ്റര്‍ എന്ന എഴുപത് വയസുകാരി. കല്ലറ സുകുമാരന്റെ കൈപിടിച്ച് ദലിത് വിമോചന സമരരംഗത്തെത്തിയ അമ്മിണി യുടെ ജീവിതം ഒറ്റവാക്കിലുള്ള ഒരു വിശേഷണം കൊണ്ട് ഒതുക്കാനാവില്ല. ആയിരത്തിലേറെ കവിതകള്‍, ലേഖനങ്ങള്‍ എഴുതിയിട്ടുള്ള, എഴുത്തു തുടരുന്ന ഈ ദലിത് വിമോചനപ്പോരാളിവനിത മറ്റൊരു ലോകാത്ഭുതമാണ്! വിപുലമായ ഗ്രന്ഥശേഖരത്തിന് ഉടമയായിരുന്നു. 'ഇപ്പൊത്തരാമെന്നു' പറഞ്ഞ് പുസ്തകം കടംവാങ്ങിപ്പോയവരെല്ലാം തരികെ കൊണ്ടുവന്നേല്പ്പിച്ചില്ല. കവിതകള്‍ പുസ്തകമാക്കുന്നതിനായി സംശോധനം നടത്താന്‍ തയാറാണെന്നു പറഞ്ഞ് ഏറ്റെടുത്തവര്‍ ആ കവിതകള്‍ സ്വന്തം പേരില്‍ പുസ്തകമാക്കി അടിച്ചിറക്കി! എന്നിട്ട് അമ്മിണി പീറ്ററിനു തന്നെ അതിന്റെ പ്രതി വിറ്റു! താനെഴുതിയ കവിതകള്‍ മറ്റൊരാളുടെ പേരില്‍ അച്ചടിച്ച പുസ്തകം വിലകൊടുത്തുവാങ്ങേണ്ടി വന്ന ഗതികേടും ലോകത്ത് മറ്റാര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്.

കോട്ടയം ജില്ലയിലെ കണ്ണന്‍ചിറയില്‍ വി ജെ ജോസഫിന്റേയും മറിയാമ്മയുടേയും മകളായി 1947 ആഗസ്റ്റ് 17 ന് അമ്മിണി ജനിച്ചു.

1966 മുതല്‍ സാമൂഹ്യ വിപ്ലവകാരിയായിരുന്ന കല്ലറ സുകുമാരനോടൊപ്പം ദലിത് വിമോചന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 1948 ല്‍ വനിതാ വിമോചന പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. 1990 ല്‍ ഒരു സ്ത്രീവിമോചന സംഘത്തിന് രൂപം നല്കി. 1989 ല്‍ ന്യൂഡെല്‍ഹിയില്‍ നിന്നും ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേഡ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചു. കേരളത്തില്‍ നിന്നും ആദ്യമായി ഒരു വ്യക്തിക്ക് ലഭിക്കുന്ന ഫെല്ലോഷിപ്പാണ് ഇത്. തുടര്‍ന്ന് കേരളത്തില്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമിക്ക് രൂപം നല്കുകയും പ്രസിഡന്റായി ചുമതല നിര്‍വഹിക്കുകയും ചെയ്തു. 1990 മുതല്‍ അക്കാദമിയുടെ സതേണ്‍ സ്റ്റേറ്റ്‌സ് ഓര്‍ഗനൈസിങ് കോ ഓര്‍ഡിനേറ്ററായി. 1992 ല്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമി ന്യൂഡെല്‍ഹിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളും നാഷനല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പറുമായിത്തീര്‍ന്നു. 1999 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. അതേവര്‍ഷം തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തി.

ഈ കാലയളവില്‍ മറ്റുപല സംഘടനകള്‍ക്കും രൂപം നല്കി പ്രവര്‍ത്തിച്ചു പോന്നു. 1995 ല്‍ ദലിത് എംപ്ലോയ്‌സ് ആന്റ് അണ്‍എംപ്ലോയ്‌സ് ഓര്‍ഗനൈസേഷനു രൂപം നല്കി. സംഘടന നടത്തിയ സമരത്തിന്റെ ഫലമായി എസ് സി / എസ് ടി, ഒബിസി, ഒഇസി എന്നിവരിലെ 1996 വരെയുള്ള സിനിയോറിറ്റി ലിസ്റ്റ് അനുസരിച്ച് താത്കാലികമായും പിന്നീട് സ്ഥിരമായും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. 1984 മുതല്‍ ആരോഗ്യവകുപ്പില്‍ എഎന്‍എം മാരിലും ഫീല്‍ഡില്‍ സേവനമനുഷ്ഠിച്ചവരിലും പെട്ട പ്രായം കവിഞ്ഞുപോയവരുള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുകയുണ്ടായിരുന്നില്ല. 1997 ല്‍ അത്തരത്തില്‍ പെട്ടവര്‍ക്ക് ഓണറേറിയവും 100 രൂപ മുതല്‍ 500 രൂപവരെയുള്ള തുക പെന്‍ഷനായി ലഭ്യമാക്കുന്നതിനുള്ള നടപടി എടുക്കുന്നതിന് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി വിജയിപ്പിച്ചു.. 1998 ല്‍ കേരളത്തിലെ അന്ധര്‍ക്കുവേണ്ടി ഒരു സംഘടനക്ക് രൂപം കൊടുക്കുകയും അതുവഴി ആദ്യമായി അന്ധര്‍ക്ക് റെയില്‍വെ കണ്‍സെഷന്‍ അനുവദിച്ചുകിട്ടുകയും ചെയ്തു. 1992 ല്‍ കൊല്ലം ജില്ലയിലെ കിളിമാനൂരില്‍ വേട്ടുവ മഹാസഭക്ക്, രണ്ടര ഏക്കര്‍ സ്ഥലം ശ്മശാനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അനുവദിച്ചു കിട്ടുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇത് അനുവദിച്ചുകൊണ്ടുള്ള രേഖ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, വേട്ടുവ മഹാസഭ പ്രസിഡന്റായിരുന്ന ഇളമാട് ചെല്ലപ്പന് കൈമാറി.

തുടര്‍ന്ന് ദലിത് ജനതയുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അനേകം കേസുകള്‍ നടത്തിയും നിവേദനങ്ങള്‍ സമര്‍പ്പിച്ചും ദലിത് ജനതക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് അവരുടെ ഇടയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഇടുക്കി ജില്ലയിലെ ചപ്പാത്തിലെ 90 വയസുള്ള ഒരു ദലിത് സ്ത്രീയുടെ ഒരേക്കര്‍ സ്ഥലം കയ്യേറിയവരില്‍ നിന്നും സമരവും നിയമയുദ്ധം ചെയ്ത് തിരികെ വാങ്ങിക്കൊടുത്തതാണ്. റോഡുപുറംപോക്കുകളിലെ ദലിതരുടെ കുടിലുകള്‍ പൊളിച്ചു മാറ്റുന്നതിനെതിരെ കോടതിയിലും മറ്റ് ഉന്നത കേന്ദ്രങ്ങളിലും നേരിട്ടു ചെന്നും പരാതികൊടുത്തും ഇടപെടലുകള്‍ നടത്തി വിജയിപ്പിച്ചു.

സ്ത്രീപീഢനങ്ങള്‍ക്കെതിരെ അനേക കേസുകള്‍ കൈകാര്യം ചെയ്തു. അതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന്, സര്‍വീസിലിരിക്കുമ്പോള്‍ തന്റെ മേലുദ്യാഗസ്ഥരാല്‍ പീഢിപ്പിക്കപ്പെട്ട ഒരു കുട്ടിയെ സംരക്ഷിക്കാത്തതിനെതിരെ സമരം ചെയ്ത് വിജയിപ്പിച്ചതാണ്. കേന്ദ്രത്തില്‍ നടത്തിയ സമരത്തിന്റെ വിജയഫലമായി, കേരളത്തില്‍ നിന്നുള്ള ദലിതാളുകള്‍ക്ക് റെയില്‍വെയില്‍ കണ്‍സെഷനോടുകൂടി യാത്രചെയ്ത് ദലിത് സാഹിത്യ അക്കാദമിയുടെ നാഷനല്‍ കോണ്‍ഫ്രന്‍സില്‍ പങ്കടുക്കാന്‍ അവസരമൊരുക്കി. അതില്‍ 21 നാഷനല്‍ എക്‌സിക്യുട്ടീവുകളില്‍ ആകെ ഒരു സ്ത്രീമാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റാരുമായിരുന്നില്ല എന്ന് ഊഹിക്കാമല്ലോ.


1996 സീതാറാം കേസരി കേന്ദ്രത്തില്‍ അവതരിപ്പിച്ച ദലിത് ക്രൈസ്ത്രവ ബില്ലിന്റെ കരടു രേഖ സമ്പാദിക്കാനായത് അമ്മിണി പീറ്ററിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവുതന്നെ. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മെമ്പര്‍ എന്ന നിലയിലും കേന്ദ്ര ദലിത് ക്രിസ്ത്യന്‍ യൂണിയനിലെ മെമ്പര്‍ എന്ന നിലയിലും ദലിത് ക്രൈസ്തവ മെമ്മോറാണ്ടം ഡെല്‍ഹിയില്‍ എത്തിക്കുന്നതിന് മുന്‍കൈയെടുത്തു. അക്കാദമിയടെ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഗവര്‍ണര്‍മാര്‍, എംഎല്‍എമാര്‍, പ്രധാനമന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് സീതാറാം കേസരിയെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ഇതിന്റെ പിന്‍ബലം ഭാരതീയ ദലിത് സാഹിത്യ അക്കാദമിയില്‍ 1989 മുതല്‍ പ്രവര്‍ത്തിച്ചതിലൂടെ, ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും പ്രധാനപ്പെട്ടവരുമായി അമ്മിണി പീറ്റര്‍ സ്ഥാപിച്ച പരിചയമാണ്.

തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ജനനാവകാശ സംരക്ഷണ സമിതിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. 'ഭ്രൂണഹത്യ അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി 2012 ഓഗസ്റ്റില്‍ ഡെല്‍ഹിയിലെത്തി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. അതിന്‍ പ്രകാരം സെപ്തംബര്‍ മാസം തന്നെ അബോര്‍ഷന്‍ സ്‌റ്റോപ്പ് ഒര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഉടനെ തന്നെ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റേഡിയത്തില്‍ വന്‍പിച്ച ജനാവലിയുടെ മധ്യത്തില്‍ വെച്ച് ഈ ഉത്തരവ് പ്രഖ്യാപിക്കുകയും ചെയ്തു. 2013 നവംബര്‍ 2 ആം തിയതി ഈ ഉത്തരവ് ഇറക്കുന്നതിന് മുന്‍കൈയെടുത്ത അമ്മിണി പീറ്റര്‍ക്ക് കേരള ഗവണ്‍മെന്റ് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും നല്‍കി അമ്മിണി പീറ്ററെ ആദരിക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ ഏറ്റും പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമായി അമ്മിണി പീറ്റര്‍ ഇതിനെ വിലയിരുത്തുന്നു.

ദലിത് വിമോചകപ്രവര്‍ത്തക എന്നുമാത്രമായി അമ്മിണി പീറ്ററെ വിശേഷിപ്പിക്കാ നാവില്ല. ദലിതേതരിലെ ദുര്‍ബല വിഭാഗങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളും അധികാരി കളുടെ മുമ്പിലെത്തിക്കാന്‍ സമരങ്ങളും പൊതുജനമധ്യത്തില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിനായി നിരവധധി ലേഖങ്ങളിലൂടെയും അവര്‍ ശ്രമിച്ചിട്ടുണ്ട്. ലോകാരാധ്യയായ ഒരു സാമൂഹ്യ പ്രവര്‍ത്തകയായിമാറാന്‍ ഒരു ദലിത് പെണ്ണാളിന് എങ്ങനെ കഴിഞ്ഞു എന്നുള്ളതിന് അമ്മിണി പീറ്റിന്റെ ജീവിതം തന്നെയാണ് ഉദാഹരണം.

നേഴ്‌സിങ് അസിസ്റ്റന്റായിരിക്കെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് 2002 ജൂണ്‍ 30 ന് സര്‍വീസില്‍ നിന്നും വിരമിച്ചു. കുറേ നാള്‍ എല്‍ഐസി ഏജന്റായി ചങ്ങനാശേരി ബ്രാഞ്ചില്‍ ജോലിചെയ്തു. ജീവിതപങ്കാളിയായിരുന്ന കെ എം പീറ്റര്‍ മുട്ടത്തുകര 2010 ജൂലൈ 19 ന് അന്തരിച്ചു. അദ്ദേഹം നാട്ടില്‍ ഒരു പീടിക നടത്തുകയായിരുന്നു. 1986 വരെ ഈ പീടിക നോക്കി നടത്തിയിരുന്നു.


''അമ്മച്ചി എന്ന് എല്ലാവരാലും സംബോധന ചെയ്ത് ബഹുമാനിക്കപ്പെടുന്ന അമ്മിണി പീറ്റര്‍ വാകത്താനത്തിനടുത്ത് കണ്ണന്‍ചിറയിലെ സ്വന്തം വീട്ടില്‍ ഒറ്റക്കു കഴിയുകയാണ്. പീറ്റര്‍ അമ്മിണി ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. മൂത്തമകള്‍ ജെസ്സി പീറ്റര്‍, രണ്ടാമത്തെ മകന്‍ സജി പീറ്ററും ഇളയ മകള്‍ രംഗിമോള്‍ പീറ്ററും അടുത്തുതന്നെ സകുടുംബം മാറിത്താമസിക്കുന്നു. സജി പീറ്റര്‍ ഫോട്ടോഗ്രാഫറാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ വലുതായിട്ടില്ല, കേള്‍വിക്കുറവ് ബാധിച്ചിട്ടുണ്ടെന്നേയുള്ളു. ഇപ്പോഴും വായിക്കുകയും അതിലേറെ എഴുതുകയും ചെയ്യുന്നു. നന്നായി പാചകം ചെയ്യാനും അമ്മച്ചിക്ക് സവിശേഷമായ ഒരു കഴിവുണ്ട്. അമ്മച്ചി ഉണ്ടാക്കി വിളമ്പിത്തരുന്ന ഭക്ഷണം ആവശ്യത്തിലേറെ കഴിക്കാന്‍ പ്രേരിപ്പിക്കുന്നവിധം രുചികരമാണ്!

'ദലിത് ദര്‍ശനം' എന്ന ടാബ്ലോയിഡ് പ്രസിദ്ധീകരണം സ്വന്തം പെന്‍ഷന്‍ തുകമുടക്കി അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു വന്നിരുന്നു. അത് തുടര്‍ന്നും പ്രസിദ്ധീകരിക്കുമെന്നും ദലിത് സമരനിരയില്‍ ഊര്‍ജ്വസ്വലയായിത്തന്നെ തുടരുമെന്നും അമ്മച്ചി ഉറച്ച ശബ്ദത്തില്‍ത്തന്നെ പ്രഖ്യാപിക്കുന്നു.


*
ഈ കുറിപ്പിന്റെ മധ്യഭാഗത്ത് കൊടുത്തിട്ടുള്ള ജീവിതരേഖയില്‍ നിന്നുള്ള വിവരങ്ങള്‍, അമ്മച്ചി തന്റെ ഒരു കവിതാ പുസ്തകത്തിന്റെ അവതാരികക്കു വേണ്ടി എഴുതിയതാണ്. പ്രസ്തുത കയ്യെഴുത്തു പ്രതിയില്‍ നിന്നും അതേപടി പകര്‍ത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. കൂടാതെ അമ്മച്ചി എഴുതിയ ആത്മകഥയുടെ കയ്യെഴുത്തു പ്രതിയും ഏല്‍പ്പിച്ചിട്ടുണ്ട്. അത് പ്രസിദ്ധീകൃതമാകുന്നതോടെ അമ്മച്ചിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറാനാവുമെന്ന് പ്രതീക്ഷിക്കുന്നു.