"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

രാമചന്ദ്ര ബാബാജി മോറെ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അംബേഡ്കറൈറ്റ്കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സമുന്നതരായ ദലിത് നേതാക്കളുണ്ടാ യിരുന്നു. ആദ്യമായി ഡോ. അംബേഡ്കറെ 'ബാബാസാഹിബ്' സംബോധ ചെയ്യുകയും, ചരിത്രപ്രസക്തമായ മഹദ് സത്യാഗ്രഹം ആസൂത്രണം ചെയ്യുകയും അംബേഡ്കറോടൊപ്പം അതില്‍ പങ്കടുക്കുകയും ചെയ്ത രാമചന്ദ്ര ബാബാജി മോറെയാണ് അത്തരത്തില്‍ ഉള്ള ഒരു നേതാവ്. മഹദ് സത്യാഗ്രഹ കാലഘട്ടത്തിന് ശേഷം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച മോറെ പാര്‍ട്ടി പിളര്‍ന്നതിന് ശേഷം സിപിഐ (എം) ല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സമുന്നതനായ ഒരു ദേശീയ നേതൃത്വമായിരുന്നിട്ടും മോറെ പോളിറ്റ് ബ്യൂറോ പോലെയുള്ള ഉന്നതാധികാര സമിതിയിലേക്കൊന്നും തെരഞ്ഞെടുക്കപ്പെട്ടില്ല. അംബേഡ്കറിസം എന്നു വിട്ടുവോ അന്നുമുതല്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മോറെ അംഗീകാരം നേടുകയുണ്ടായില്ല. കാരണം ദലിത് സമുദായമായ മഹര്‍ ജാതിയിലുള്ള പിറവി തന്നെ! പ്രത്യയശാസ്ത്ര വൈരുധ്യമോ, അടിസ്ഥാനപരമായ മറ്റെന്തെങ്കിലും കാരണമോ അംബേഡ്കറില്‍ നിന്ന് വിട്ടുപോയതിനുള്ള കാരണമായി മോറെയില്‍ ആരോപിക്കാനില്ല എന്ന വസ്തുത വിചിത്രമായി തോന്നാം. 

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മഹദ് താലൂക്കിലെ ദാസ്ഗൗണില്‍ മഹര്‍ ജാതിയില്‍ പെട്ട കര്‍ഷകത്തൊഴിലാളികളായ ബാബാജി മോറെയുടേയും രമാബായിയുടേയും മകനായി 1902 ജൂണ്‍ 10 ന് രാമചന്ദ്ര ജനിച്ചു. അച്ഛന്റെ പേരുകൂടി ചേര്‍ത്ത് രാമചന്ദ്ര ബാബാജി മോറെയായി അറിയപ്പെട്ടു. ദലിതനായതി നാല്‍ സ്‌കൂള്‍ പ്രവേശനത്തിന് തടസം നിലനില്ക്കുന്ന കാലം. സ്‌കൂള്‍ പ്രവേശനം നിരോധിക്കപ്പെടതിനാല്‍, സ്‌കൂളധികാരി കള്‍ക്കുള്ള ഗ്രാന്റ് ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 11 ആം വയസില്‍ത്തന്നെ ഗവണ്മെന്റിന് കത്തെഴുതിക്കൊണ്ട് രാമചന്ദ്ര ബാബാജി മോറെ ഒരു ദലിത് വിപ്ലവകാരിയുടെ വരവറിയിച്ചു. 

ജന്മിമാരുടെ കൃഷിഭൂമിയിലെ അടിമവേലക്കാര നായിരുന്നെങ്കിലും ബാബാജി മോറെ മിച്ചം പിടിച്ചു സമ്പാദിച്ച തുക മുടക്കി കുറച്ചു ഭൂമി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ജന്മിമാരുടെ കുടിലതന്ത്രത്തിന് ഇരയായ മോറേ കുടുംബത്തിന്, പട്ടയത്തിലെ 'ഭാഷ്യം' (Khot) നിമിത്തം വാങ്ങിയ ഭൂമിയില്‍ യാതൊരു അവകാശവുമില്ലാത്ത അവസ്ഥവന്നു! ജീവിതകാലമത്രയും കഠിനാമായി അധ്വാനിച്ചു സമ്പാദിച്ച സ്വത്തിന്മേല്‍ തനിക്കും തന്റെ കുടുംബത്തിനും യാതൊരു അവകാശവുല്ലെന്നറിയുന്ന മനോവേദനയും അവശതയും നിമിത്തം 1920 ല്‍ ബോബാജി മോറെ മരണമടഞ്ഞു. രാമചന്ദ്രക്ക് അപ്പോള്‍ 12 വയസുമാത്രമേ പ്രായമായിരുന്നുള്ളൂ. 

അച്ഛനെ നഷ്ടപ്പെട്ട്, നിരാലംബരായിത്തീര്‍ന്ന രാമചന്ദ്രയും അമ്മയും മഹദില്‍ത്തന്നെയുള്ള ലദ്വാലിയിലെ അമ്മാവന്റെ വീട്ടില്‍ ചെന്ന് താമസമാക്കി. മഹദിലുള്ള ആംഗ്ലോ - വെര്‍ണാ ക്കുലര്‍ സ്‌കൂളില്‍ രാമചന്ദ്ര ബാബാജി മോറെ പഠിക്കാന്‍ ചേര്‍ന്നു. കടുത്ത ദാരിദ്ര്യം മൂലം അവിടെ രാമചന്ദ്രക്ക് പഠനം തുടര്‍ന്നുകൊണ്ടുപൊകാനായില്ല. പിന്നീട് ബോംബെയിലും പൂനെയിലുമെത്തി നഗരത്തിലെ കൂലിപ്പണിയെടുത്ത് ജീവിച്ചു. ബോംബെയില്‍ വെച്ചാണ് അംബേഡ്കറേയും മറ്റ് ദലിത് വിമോചക പ്രവര്‍ത്തകരേയും കണ്ടുമുട്ടുന്നത്. ബോംബെ പ്രവാസം തന്റെ ആളുകളുടെ ശോചനീയാവസ്ഥ എന്തെന്ന് കൂടുതല്‍ മനസിലാക്കാനും അവരുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തി ക്കാനുമുള്ള തീരുമാനമെടുക്കാനും ആര്‍ ബി മോറെയില്‍ പ്രേരണ ചെലുത്തി.

1927 മാര്‍ച്ച് 19, 20 തിയതികളില്‍ അംബേഡ്കറുടെ നേതൃത്വ ത്തില്‍ മഹദില്‍ ചേര്‍ന്ന കൊലബ ജില്ലാ ഡിപ്രസ്ഡ് ക്ലാസസ് കോണ്‍ഫറന്‍സ് നടത്താനുള്ള ചുമതല സംഭാജി തുക്കാറാം ഗെയ്ക്ക്വാദ്, സുബേദാര്‍ സാവര്‍ക്കര്‍ എന്നിവരോടൊപ്പം ആര്‍ ബി മോറേക്കായിരുന്നു. തുടര്‍ന്നു നടന്ന ചരിത്രപ്രസക്തമായ മഹദ് സത്യാഗ്രഹത്തിലെ വിജയ ഘടകം ആര്‍ ബി മോറെയുടെ പ്രവര്‍ത്തനങ്ങളാണ്. വിമോചനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട അവബോധം ദലിതരില്‍ സൃഷ്ടിക്കുന്നതിനായി കൊലബ ജില്ലയില്‍ ഉടനീളം ക്ലാസുകളും മീറ്റിംഗുകളും മോറെ സംഘടിപ്പിച്ചു. കര്‍ഷകത്തൊഴിലാളികളേയും ചറുകിട കര്‍ഷകരേയും വിളിച്ചു ചേര്‍ത്ത് കൊലബ പെസന്‍സ് യൂണിയന്‍ എന്ന പേരില്‍ ഒരു സഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവന്നു. എന്നാല്‍ ഗവണ്മെന്റ് ആര്‍ ബി മോറെയുടെ ഈ സംഘടനയെ നിരോധിച്ചു.

തന്റെ സംഘടന നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് മോറെ, ജഗന്നാഥ് അധികാരി തുടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്കിവന്നി രുന്ന തരുണ്‍ മസ്ദൂര്‍ സംഘില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ആയിടെ 'അവ്ഹാന്‍' (Avhan) എന്ന പേരില്‍ ഒരു വാരികയുടെ പ്രസിദ്ധീകരണവും മോറെ ആരംഭിച്ചു. എന്നാല്‍ അധികനാള്‍ അത് തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാതെവന്നു. 1932 ല്‍ മോറേയും മറ്റു നേതാക്കളും ചേര്‍ന്ന് Lalbavata Girani Kamgar Union എന്ന പേരില്‍ ഒരു തൊഴിലാളി വര്‍ഗ പ്രസ്ഥാനം രൂപീകരിക്കുകയുണ്ടായി. 1933 ല്‍ സംഘടനയുടെ നിര്‍ദ്ദേശമനു സരിച്ച് മോറെയുടെ നേതൃത്വത്തില്‍ ബോംബെയില്‍ പണിമുടക്കു നടന്നു. അതിന്റെ പേരില്‍ അറസ്റ്റ്‌ചെയ്യപ്പെട്ട മോറെ ഒന്നര മാസക്കാലം ജയില്‍ ശിക്ഷയും അനുഭവിച്ചു. 1937 ല്‍ കൊലബ ജില്ലയിലെ ചാരിയില്‍ ജന്മിമാരുടെ ഭരണ നടപടിയായ ഖോട്ട് (Khot) നെതിരെ മോറെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചു. പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതിനായി അന്ന് ബോംബെ ഗവണ്മെന്റില്‍ മന്ത്രിയും പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയു മായിത്തീര്‍ന്ന മൊറാര്‍ജി ദേശായി നേരിട്ട് ഇടപെട്ടു.

രണ്ടാം ലോകമഹായുദ്ധ കാലഘട്ടമായ 1940 മുതല്‍ 1943 വരെയുള്ള കാലഘട്ടത്തില്‍ തനിക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതിനാല്‍ മോറെ ഒളിവിലാണ് പ്രവര്‍ത്തിച്ചത്. യുദ്ധം അവസാനിച്ചശേഷം, 1946 ല്‍ പാരീസില്‍ വെച്ച് നടന്ന ഇന്റര്‍ നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര കോണ്‍ഫെറന്‍സില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ പ്രതിനിധീ കരിച്ച് എന്‍ എം ജോഷിയോടൊപ്പം മോറെയും പങ്കെടുത്തു.

അയിത്തത്തിനും ജാതിവ്യവസ്ഥക്കുമെതിരേ മാത്രമല്ല, ജന്മിമാര്‍ ക്കും മുതലാളിത്തത്തിനുമെതിരേ കൂടി പോരാടി വിജയം നേടിയാലേ സാമൂഹ്യ പുരോഗതി സാധ്യമാകൂ എന്ന ചിന്താഗതിയാണ് മോറെയെ നയിച്ചിരുന്നത്. അതിനായി മോറെ, ദലിതരും അദലിതരുമായ തൊഴിലാളി - കര്‍ഷകരുടെ ഒരു ഐക്യസമിതി രൂപീകരിക്കാന്‍ ശ്രമിച്ചു. പക്ഷെ അതില്‍ മോറെ വേണ്ടത്ര വിജയിക്കുകയുണ്ടായില്ല.

1933 ഏപ്രില്‍ 14 ന് ഡോ. ബി ആര്‍ അംബേഡ്കറുടെ ജന്മദിനം ബോംബെയിലെ ദിലിദെ റോഡിലുള്ള വസതിയില്‍ വെച്ച് അനുയായികള്‍ ചേര്‍ന്ന് ആഘോഷിക്കുകയുണ്ടായി. ആ വേളയില്‍ രാമചന്ദ്ര ബാബാജി മോറെയാണ് ആദ്യമായി ഡോ. അംബേഡ്കറെ 'ബാബാസാഹിബ്' എന്ന് സംബേധന ചെയ്തത്. അന്നുമുതല്‍ക്കാണ് മറ്റുള്ളവര്‍ ഡോ. അംബേഡ്കറെ ബാബാസാഹിബ് എന്ന് ചേര്‍ത്ത് സംബോധന ചെയ്യാന്‍ തുടങ്ങിയത്.

ബുദ്ധമതത്തോടും ദലിതുകള്‍ ബുദ്ധമതം സ്വീകരിക്കുന്നതിനോടും ബാബാജി മോറെ പരിപൂര്‍ണമായി യോജിച്ചു. ബുദ്ധമതം സ്വീകരിക്കുന്നവരെ നവബുദ്ധിസ്റ്റുകള്‍ എന്നു വിളിക്കുന്നതിന് പകരം നവദീക്ഷിത് ബുദ്ധിസ്റ്റുകള്‍ എന്ന് വിളിക്കണമെന്ന ഒരു നിര്‍ദ്ദശം മോറെ മുന്നോട്ടു വെക്കുകകൂടി ചെയ്തു. ദൈവിക തയിലും ആത്മാവിലും നരകത്തിലും തീരെ വിശ്വാസമില്ലാത്ത ബുദ്ധമതത്തെ അകമഴിഞ്ഞ സംതൃപ്തിയോടെയാണ് മോറെ ഉള്‍ക്കൊണ്ടിരുന്നത്.

1972 മെയ് 11 ന് ബോംബെയിലെ ഗോറഗണില്‍ വെച്ച് തന്റെ 70 ആം വയസില്‍ രാമചന്ദ്ര ബാബാജി മോറെ പരിനിര്‍വാണം പ്രാപിച്ചു. ദാസ്ഗാവോണിലെ ഒരു സ്‌കൂള്‍ രാമചന്ദ്ര ബാബാജി മോറെ സ്‌കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. ചെറുമകനായ സുബോധ് മോറെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്.

Image  Courtesy www.hindustantimes.com