"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഗാന്ധിയോ അയ്യന്‍കാളിയോ, ആരാണ് യഥാര്‍ത്ഥ ഹീറോ?2014 ജൂലൈ 17 ന് കേരള സര്‍വകലാശാലയില്‍ അരുന്ധതി റോയി നിര്‍വഹിച്ച മഹാത്മ അയ്യന്‍കാളി സ്മാരക പ്രഭാഷണം.


വേദിയിലുള്ള എന്റെ സഖാക്കളെ, സുഹൃത്തുക്കളെ,

ഇത്തരമൊരു വലിയ സദസിനെ അപ്രതീക്ഷിതമായിട്ടാണ് അഭിമുഖീകരിക്കേണ്ടി വന്നത് എന്നതുകൊണ്ട് ഞാന്‍ ഒത്തിരി ഉത്കണ്ഠാകുലയാണ്. ഇവിടെ വന്ന് വെറുതെ ചില അഭിപ്രായങ്ങള്‍ പറയുക എന്ന് മാത്രമേ ഞാന്‍ ചെയ്യാന്‍ പോകുന്നുള്ളൂവെന്ന് മഹാത്മാ അയ്യന്‍കാളി ചെയറിന്റെ ഡയറക്ടറായ ഡോ. സുരേഷ് ജ്ഞാനേശ്വരനോട് പറഞ്ഞിരുന്നു. ഏകദേശം ഒരു നൂറു പേരെ മാത്രമേ ഞാന്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഇവിടെ വരാന്‍ നിങ്ങള്‍ കാണിച്ച സന്മനസിന് നന്ദി. ഞാന്‍ ഏതായാലും ഒരു ശ്രമം നടത്താം. എന്നാല്‍ ഞാന്‍ ഇവിടെ ചെയ്യാന്‍ പോകുന്ന കാര്യം നിങ്ങളില്‍ അസ്വാരസ്യം നിറക്കുകയാണെങ്കില്‍ ദയവായി പൊറുക്കുക. ഒന്നാമത്തെ കാര്യം, ഞാനിവിടെ നില്ക്കുന്നത് ഒരു വിദഗ്ധയോ പണ്ഡിതയോ എന്ന നിലക്കല്ല. കഥകള്‍ പറയുന്ന ഒരാള്‍ എന്ന നിലക്കാണ്. ഏതൊരു സമൂഹത്തിനും അവരുടേതായ വീരനായകന്മാരെ ആവശ്യമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ അത്തരം വീരനായകന്മാര്‍ കുറവല്ല. എന്നാല്‍ ഞാന്‍ വിചാരിക്കുന്നത് ശരിയായ ആളുകളെയല്ല, ഇങ്ങനെ വീരനായകന്മാരായി വാഴ്ത്തുന്നത് എന്നാണ്. മഹാത്മാ അയ്യന്‍കാളിയെ പോലെ ഒരാളുടെ ജീവിതത്തിലേക്ക് നാം കണ്ണോടിക്കുമ്പോള്‍, ഒരു നോവലിസ്റ്റ് എന്ന നിലയില്‍, തിരക്കഥകള്‍ എഴുതിയ വ്യക്തി എന്ന നിലയില്‍, എന്നില്‍ അത്ഭുതം നിറക്കുന്നത് ഇത്തരമൊരു വീര നായകനെക്കുറിച്ച് ഇതുവരെയും നല്ല ഒരു മുഖ്യധാരാ സിനിമ ഉണ്ടായില്ല എന്ന വസ്തുതയാണ്. ശരിക്ക് പറഞ്ഞാല്‍ ഒരു തിരക്കഥാകൃത്തിന്റെ ആവശ്യകത പോലുമില്ല. അദ്ദേഹത്തെപ്പറ്റി പറയുമ്പോള്‍ നമുക്ക് കാര്യങ്ങളെ അതിശയോക്തി കലര്‍ത്തിപ്പറയുകയോ കൂട്ടിച്ചേര്‍ക്കുകയോ വേണ്ടതില്ല. ഒരു ജനതയെന്ന നിലക്ക്, ഒരു രാജ്യമെന്ന നിലക്ക്, നമുക്ക് അഭിമാനം തോന്നേണ്ടുന്ന നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും കേരളത്തിനു പുറത്ത് അദ്ദേഹത്തെക്കുറിച്ച് ഒട്ടുമറിയില്ല. കേരളത്തില്‍ പോലും അതാണ് സ്ഥിതി. പല പ്രസംഗകരും നടേ സൂചിപ്പിച്ചതു പോലെ റഷ്യന്‍ വിപ്ലവത്തിന് മുമ്പ്, റഷ്യന്‍ വിപ്ലവത്തിനും നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പ്, ജന്മിമാര്‍ക്കെതിരെ കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ വിജയിച്ച അയ്യന്‍കാളിയെ കുറിച്ച് പ്രബുദ്ധ കേരളത്തിന് തീരെ അറിവില്ല. ഗ്രാമപ്രദേശങ്ങളിലെ സാമൂഹ്യ ബഹിഷ്‌കരണത്തിനെതിരെ നിയമനിര്‍മാണത്തിന് ശ്രമിക്കുകയായിരുന്നു ആദ്യത്തെ വട്ടമേശ സമ്മേളനത്തില്‍ (1930 ല്‍) അംബേഡ്കര്‍, എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് അടിസ്ഥാന തലത്തില്‍ അയ്യന്‍കാളി അതിനുവേണ്ടി പൊരുതുകയായിരുന്നു. എന്തൊരു കഥ! പൊതുജനത്തിന്റെ ഭാവനയില്‍ നിന്നും തമ്മില്‍ തികച്ചും അത്ഭുതം നിറക്കുന്ന ഈ വ്യക്തിയെ മാറ്റി നിര്‍ത്തിയത് വല്ലാത്തൊരു രാഷ്ട്രീയ ഗൂഢാലോചന തന്നെ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് നാം തെറ്റായ വ്യക്തികളെയാണ് വീരനായകരായി പലപ്പോഴും വാഴ്ത്തുന്നത് എന്ന്. 1904 ല്‍ അയ്യന്‍കാളി പുലയക്കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനായി ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടു. 

ഏറെ അനാരോഗ്യം നേരിടുന്ന ഒരു രാഷ്ട്രമാണ് നമ്മുടേത്. ജാതിവ്യവസ്ഥ താഴ്ന്ന ജാതിക്കാരെന്ന് വിളിക്കുന്നവരെ, ദലിതരെ അടിച്ചമര്‍ത്തിയെന്ന് മാത്രമല്ല അധീശവര്‍ഗങ്ങളെ രോഗാതുരരാ ക്കിത്തീര്‍ക്കുകയും ചെയ്തു. ജാതി നിര്‍മൂലനമെന്നത് അതുകൊണ്ടുതന്നെ നിര്‍ദോഷമായ ഒരു ചാരിറ്റി പ്രവര്‍ത്തനമല്ല. നമ്മുടെ സമൂഹത്തിലെ ഓരോരുത്തര്‍ക്കും ഇക്കാര്യത്തില്‍ പ്രതിബദ്ധത വേണ്ടതാണ്. നമ്മുടെ ആത്മാവില്‍ ജാതീയത എന്ന രോഗം കുടികൊള്ളുന്നിടത്തോളം കാലം ചൈനയെപോലെയോ, അമേരിക്കയെപോലെയോ ആകുന്ന കാര്യം നമുക്ക് മറക്കാം.

നമുക്ക് യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാം
നമ്മുടെ വീരനായകന്മാരെ മാറ്റുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് ഒരു കാര്യം നിങ്ങളെ വായിച്ചു കേള്‍പ്പിക്കേണ്ടതുണ്ട്. 1904 ല്‍ ദലിതരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി അയ്യന്‍കാളി പൊരുതുന്ന ഒരു പ്രസ്ഥാനത്തിന് നേതൃത്വം നല്കുമ്പോള്‍ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. എന്താണ് മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെക്കുറിച്ചുള്ള ഐതിഹാസികമായ വിവരണങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ വംശീയവെറിക്കെതിരെ, ജാതിക്കെതിരെ അദ്ദേഹം പൊരുതുകയായിരുന്നു. 1913 ല്‍ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തുന്നതിനകം തന്നെ മഹാത്മാവ് എന്ന് വിളിക്കപ്പെട്ടു തുടങ്ങിയിരുന്നു. സ്‌കൂളില്‍ നാം പഠിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ കഥ, നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കുന്ന കഥ, ഒരു നുണയാണ്. നാം യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരി ക്കേണ്ട സമയമായി എന്നാണ് എനിക്ക് പറയാനുള്ളത്. ചില യഥാര്‍ത്ഥ സത്യങ്ങളെ അനാവരണം ചെയ്യാന്‍ സമയമായി. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മളെ കുറിച്ചുള്ള ആശയങ്ങള്‍ക്ക് ഒരു നുണ ഒരിക്കലും അടിസ്ഥാനമായിക്കൂടാ. മഹാത്മാ അയ്യന്‍കാളി ദലിത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഇവിടെ പൊരുതുന്ന കാലത്ത് ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ദലിത് ജനതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് എന്തായിരുന്നുവെന്ന് ഞാനിവിടെ വായിച്ചു കേള്‍പ്പിക്കാം. അക്കാലത്ത് ദക്ഷിണാഫ്രിക്കയില്‍ രണ്ടുതരത്തിലുള്ള ഇന്ത്യക്കാരുണ്ടായിരുന്നു. കച്ചവടത്തിനായി എത്തിച്ചേര്‍ന്നവരാ യിരുന്നു ഒരു കൂട്ടര്‍, മറ്റൊരു കൂട്ടരാകട്ടെ നിര്‍ബന്ധിത വേലക്ക് നിയോഗിക്കപ്പെട്ടവരായിരുന്നു. അടിയാള വര്‍ഗത്തില്‍ നിന്നും കീഴ്ജാതികളില്‍ നിന്നുമുള്ളവരായിരുന്നു ഇക്കൂട്ടരിലേറെയും. ഇത്തരുണത്തില്‍ എന്താണ് നിര്‍ബന്ധിത വേലയെക്കുറിച്ച് ഗാന്ധി പറയുന്നതെന്നു നോക്കാം.

'അവര്‍ ഹിന്ദുക്കളോ മുഹമ്മദീയരോ ആകട്ടെ, പേരിനുപോലും സദാചാരപരമോ മതപരമോ ആയ ശിക്ഷണം ലഭിച്ചവരല്ല. പരസഹായം കൂടാതെ വിദ്യാഭ്യാസമാര്‍ജിക്കുന്നതിന് അവര്‍ വേണ്ടത്ര പഠിച്ചിട്ടില്ല. ആ ഒരു അവസ്ഥയിലായതുകൊണ്ട് നുണപറയാനുള്ള നേരിയ ഒരു പ്രലോഭനത്തിനു പോലും അവര്‍ വഴങ്ങും. അങ്ങനെ കുറച്ചുകാലത്തിനു ശേഷം നുണപറയല്‍ അവര്‍ക്ക് ഒരു ശീലവും രോഗവുമാകുന്നു. കാരണമൊന്നും കൂടാതെ അവര്‍ നുണപറയും. തീര്‍ച്ചയായും അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ തന്നെ. ഭൗതികമായ പുരോഗതിയെന്ന കൃത്യമായ ഭവിഷ്യത്ത് വിലയിരുത്താതെ തന്നെ. നിരന്തരമായി അവഗണിക്കപ്പെടുക മൂലം ധാര്‍മികതയുടേതായ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതമായിത്തീരുന്ന ഒരു ഘട്ടത്തില്‍ ജീവിതത്തില്‍ അവര്‍ എത്തിച്ചേരുന്നു.......' (CWMG, 1,200)

ഇത് ഇക്കണക്കില്‍ മുന്നോട്ടു പോകുന്നു. ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെക്കുറിച്ച് സംസാരിക്കുമ്പോഴും ഗാന്ധിക്ക് ഇതേ സ്വരം തന്നെയാണുള്ളത്. ഭയം ജനിപ്പിക്കും വിധം തന്നെയാണ് ജയിലിലായിരിക്കുമ്പോഴും ഗാന്ധി ആഫ്രിക്കക്കാരെക്കുറിച്ച് സംസാരിക്കുന്നത്. കറുമ്പന്മാരും കാപ്പിരികളുമായി ജയില്‍ പങ്കിടാന്‍ നിര്‍ബന്ധിതമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെ:

'നമ്മളെല്ലാവരും ക്ലേശങ്ങള്‍ക്ക് തയാറായിത്തന്നെയാണ്. എന്നാല്‍ തീര്‍ച്ചയായും ഈ അനുഭവത്തിനായിട്ടല്ല, വെള്ളക്കാര്‍ക്കൊപ്പം നമ്മെ പരിഗണിക്കുന്നില്ലെന്നത് നമുക്ക് മനസിലാക്കാം. പക്ഷെ, ഇന്നാട്ടുകാര്‍ക്കൊപ്പം നമ്മെ പരിഗണിക്കുന്നത് സഹിക്കാവുന്നതി നപ്പുറമാണ്. നമ്മള്‍എനിക്കിപ്പോള്‍ തോന്നിപ്പോകുന്നു. ഇന്ത്യക്കാരെ ഷണ്ഡീകരിക്കാനുദ്ദേശിച്ചുള്ളതാണ് അറപ്പുളവാക്കുന്ന ഈ നിയമം എന്നതിന് ഇത് കൂടുതല്‍ തെളിവ് നല്കുന്നു. ഇടിച്ചുതാഴ്ത്തുക എന്നത് ഉദ്ദേശിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിനപ്പുറം ഇത് അപകടകരമാണ് എന്നു ഞാന്‍ പറയുക തന്നെ വേണം. കാപ്പിരികള്‍ പൊതുവേ സംസ്‌കാരശൂന്യരാണ്. അവരിലെ കുറ്റവാളികള്‍ കൂടുതലായും. അവര്‍ കുഴപ്പക്കാരാണ്. വൃത്തികെട്ടവരാണ്. മൃഗങ്ങലെപ്പോലെ ജീവിക്കുന്നവരുമാണ്. ഏതായാലും ഇന്ത്യന്‍ തടവുകാരെ കാപ്പിരികള്‍ക്കും അവര്‍ക്ക് സമാനരായവര്‍ക്കുമൊപ്പം പാര്‍പ്പിക്കരുതെന്ന് ഉറപ്പാക്കാനായി ഒരു പ്രക്ഷോഭം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. നമുക്കും അവര്‍ക്കും ഇടയില്‍ പങ്കുവെക്കപ്പെടാനായി സമാനതകളൊന്നു മില്ലെന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല. അവര്‍ക്കൊപ്പം ഒരേ മുറിയിലുറങ്ങണമെന്ന് ശഠിക്കുന്നവരാരായാലും അവര്‍ക്ക് ചില ഗൂഢോദ്ദേശ്യങ്ങള്‍ ഉണ്ടെന്നുള്ളതും.' (CWMG 9, 256-57)

ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് ഗാന്ധിജി എഴുതിയത് ഞാന്‍ പരിശോധിച്ചിട്ടുണ്ട്. ഗാന്ധിയും അംബേഡ്കറും തമ്മില്‍ നടന്ന സംവാദങ്ങളിലാണ് ഞാന്‍ തുടങ്ങിയത്. ജാതിയോടുള്ള ഗാന്ധിയുടെ സമീപനത്തിലും. പിന്നീട് ഞാന്‍ പിറകോട്ടുപോയി വംശീയതയോടുള്ള അദ്ദേഹത്തിന്റെ സമീപനമെന്തെന്ന് പരിശോധിച്ചു. ലോകത്തില്‍ വെച്ച് ഏറ്റവും ക്രൂരമായ ശ്രേണീബദ്ധമായ സാമൂഹ്യക്രമത്തെ, ജാതിവ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹം അക്രമരാഹിത്യം എന്ന സിദ്ധാന്തത്തിന് രൂപം നല്കിയത്. എന്താണ് ഇതിന്റെ അര്‍ത്ഥം? എന്താണ് ഇത് നമ്മോട് പറയുന്നത്? ഏത് ജാതിയിലാണോ ജനിച്ചത് ആ ജാതിയുടെ പരമ്പരാഗത തൊഴില്‍ തന്നെ ഒരാള്‍ ചെയ്യണമെന്ന് വിശ്വസിച്ച ഒരാള്‍, അതുകൊണ്ട് ഞാന്‍ ചോദിക്കുന്നു, തോട്ടിപ്പണി ചെയ്യുന്ന ജാതിയില്‍ ജനിച്ച ഒരാള്‍, ജീവിതത്തിലുടനീളം തോട്ടിപ്പണി ചെയ്യണമെന്ന് ശഠിച്ച ഒരാള്‍.... ദി ഐഡിയല്‍ ഭാംഗി, മാതൃകാ തോട്ടിയെന്ന തലക്കെട്ടില്‍ ഗാന്ധി എഴുതിയത് ഞാന്‍ വായിച്ചു കേള്‍പ്പിക്കാം. അതുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊരു ചോദ്യമുന്നയിക്കേണ്ടി വരുന്നത്. ഗാന്ധിയെപ്പോലുള്ള ഒരാളുടെ പേരാണോ യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‌കേണ്ടത്? അതോ അയ്യന്‍കാളിയെപ്പോലെ ഒരാളുടെ പോരോ...?

നമ്മുടെ സത്യസന്ധതയില്ലായ്മക്ക് എവിടെയെങ്കിലും ഒരു അറുതിയുണ്ടായേ മതിയാകൂ. ചരിത്രത്തിന്റെ ഏതെങ്കിലുമൊരു സമയബിന്ദുവില്‍ നമുക്ക് നൂറ്റാണ്ടുകളായി പറഞ്ഞു കേള്‍ക്കുന്ന നുണകളെ അഭിമുഖീകരിച്ചേ മതിയാകൂ. ഇവിടെ പറയുന്ന ഒരു കാര്യവും ആധികാരികത ഇല്ലാത്തവയല്ല. ഗാന്ധിതന്നെ എഴുതിയവയില്‍ നിന്നാണ് ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നത്. ഞാന്‍ ഒരു എതിര്‍പ്പും ഇവിടെ കല്പിക്കുന്നില്ല. 1936 ല്‍ ഒരു പക്ഷെ, ഏറ്റവും വിപ്ലവകരവും പ്രശസ്തവുമായ ജാതിനിര്‍മൂലനം ഡോ. അംബേഡ്കര്‍ എഴുതുമ്പോള്‍ - ഏറ്റവും ഉജ്വലവും ബൗദ്ധികോ ന്നതി യും പണ്ഡിതോചിതവും ഇന്നു നിലനിന്നുപോരുന്ന ഒരു വ്യവസ്ഥയോടുള്ള അരിശം നിറയെ പ്രകടിപ്പിക്കുന്നതും ആണ് ഇത് - അതേവര്‍ഷം ദി ഐഡിയല്‍ ഭംഗി എന്ന പ്രബന്ധമായി രുന്നു ഗാന്ധി എഴുതിയത്. നിങ്ങള്‍ക്കറിയാമല്ലോ വടക്കേ ഇന്ത്യയില്‍ ഭംഗി എന്നു വിളിക്കുന്നത് തോട്ടിപ്പണി ചെയ്യുന്നയാളെയാണ്.

'എങ്ങനെയാണ് ശരിയായ രീതിയില്‍ ഒരു കക്കൂസ് പണിയേണ്ടത് എന്ന് അയാള്‍ അറിഞ്ഞിരിക്കണം. അത് ശരിയായ രീതിയില്‍ വൃത്തിയാക്കുന്നത് എങ്ങനെയെന്നും. മലത്തിന്റെ ദുര്‍ഗന്ധം എങ്ങനെ ഇല്ലാതാക്കണമെന്നും അവയെ രോഗവിമുക്തമാക്കുന്ന തിന് വ്യത്യസ്തതരം രോഗാണുനാശിനികള്‍ എന്തെല്ലാമെന്നും. അതുപോലെ മൂത്രത്തേയും മലത്തേയും നല്ല വളമാക്കി മാറ്റുന്നതെങ്ങനെയെന്നും ഒരു മാതൃകാ തോട്ടിപ്പണിക്കാരന്‍ അറിഞ്ഞിരിക്കണം. പക്ഷെ ഇതെല്ലാംകൊണ്ടായില്ല. മലത്തിന്റേയും മൂത്രത്തിന്റേയും ഗുണനിലവാരമെന്തെന്നുകൂടി ഒരു മാതൃകാ തോട്ടിപ്പണിക്കാരന്‍ അറിഞ്ഞിരിക്കണം. അവയെ ശ്രദ്ധാപൂര്‍വം അയാള്‍ വീക്ഷിക്കണം. ബന്ധപ്പെട്ട വ്യക്തിക്ക് സമയത്ത് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കുകയും വേണം' (ഹരിജന്‍, നവംബര്‍ 1936)

നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍മയോഗി എന്നൊരു പുസ്തകമെഴുതി. അദ്ദേഹവും ഭംഗികളെക്കുറിച്ച്. ബാല്‍മീകി സമുദായത്തെ ക്കുറിച്ചാണ് എഴുതിയിട്ടുള്ളത്. അതിലിങ്ങനെയാണ് അദ്ദേഹം പറയുന്നത്.

'അവര്‍ ഈ ജോലി ചെയ്യുന്നത് ഒരു ഉപജീവനത്തിനു വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയായിരുന്നു വെങ്കില്‍ തലമുറതലമുറകളായി ഇത്തരമൊരു ജോലിയില്‍ തുടരുമായിരുന്നില്ല. ഏതോ ഒരു സമയബിന്ദുവില്‍ അവരിലാര്‍ക്കോ മുഴുവന്‍ സമൂഹത്തിന്റേയും ദൈവങ്ങളുടേ യും സന്തോഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് അവരുടെ (ബാല്‍മീകി സമുദായത്തിന്റെ) കടമ എന്ന് തോന്നിക്കാണണം. അതുകൊണ്ട് ദൈവനിയോഗത്താലുള്ള ഈ ജോലിയില്‍ അവര്‍ തുടര്‍ന്നു. അതുകൊണ്ട് വൃത്തിയാക്കുക എന്ന ഈ ജോലി നൂറ്റാണ്ടുകളോളം തുടരേണ്ടതുണ്ട്....' (കര്‍മയോഗി, നരേന്ദ്ര മോദി)

ഇങ്ങനെയാണ് നമ്മുടെ രാജ്യത്തെ അധികാരശേഷിയുള്ള ആളുകള്‍ വിശ്വസിച്ചു പോരുന്നത്. യൂണിവേഴ്‌സിറ്റികള്‍, ബസാറുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവക്കൊക്കെ ഇങ്ങനെയുള്ള ആളുകളുടെ പേരു നല്‍കണമോ എന്നാണ് നാം സ്വയം ചോദിക്കേണ്ട ചോദ്യം. നാം കുറച്ചുകൂടി സത്യസന്ധരാ കേണ്ടുന്ന സമയം വന്നു ചേര്‍ന്നിരിക്കുന്നു.

ഇന്നത്തെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ചെറിയൊരു വിശകലനത്തോടെ ഞാന്‍ വിരാമമിടട്ടെ. ഹിന്ദുരാഷ്ട്ര സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ഒരു ഗവണ്മെന്റാണ് ഇന്ന് നമുക്കുള്ളത്. എങ്ങനെയാണ് ഹിന്ദുത്വ എന്ന ആശയം ആരംഭിക്കുന്നത്. 17 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും അതിന് മുമ്പും കീഴാള ജാതികള്‍, ദശലക്ഷക്കണ ക്കിന് ദലിതര്‍ ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കുമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. അതിലൊരു പ്രശ്‌നവുമില്ലായി രുന്നു. ആരും അക്കാര്യം ശ്രദ്ധിച്ചിരുന്നതു പോലുമില്ല. പക്ഷെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരിക്കുകയെന്ന ആശയം ദേശ - രാഷ്ട്രം എന്ന ആശയത്താല്‍ പകരം വെക്കപ്പെട്ടപ്പോള്‍, ഒരു കുതിരപ്പുറത്തു കയറി ഡെല്‍ഹിയിലേക്ക് സവാരി ചെയ്ത്; ഞാനാണ് ഇന്ത്യയുടെ സാമ്രാട്ട് എന്ന പ്രഖ്യാപനം തികയാതെ വന്നപ്പോള്‍, പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം ആരംഭിച്ചപ്പോള്‍, സംഖ്യകളെ ക്കുറിച്ചുള്ള വലിയ ഉത്കണ്ഠയുണ്ടായി. ആ സന്ദര്‍ഭത്തില്‍ മേല്‍ജാതി ഹിന്ദുക്കള്‍ - കൂടുതല്‍ അവകാശങ്ങള്‍ ഉള്ള ഹിന്ദുക്കള്‍ എന്നു ഞാന്‍ പറയും - 40 ദശലക്ഷം വരുന്ന ഹിന്ദുക്കള്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും സൃഷ്ടിക്കുക എന്നു കരുതി. അപ്പോഴാണ് മേല്‍ജാതി ഹിന്ദുക്കളുടേതായ നവോത്ഥാനപ്രസ്ഥാനം ആരംഭിക്കുന്നത്. അതിന്റെ നേരവകാശിയാണ് ഗാന്ധി.

അതിനു മുമ്പ് ഹിന്ദുക്കള്‍ ഹിന്ദു എന്ന് സ്വയം പരാമര്‍ശിച്ചിരു ന്നില്ല. ജാതിപ്പേരുകളിലാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. പക്ഷെ, പൊടുന്നനെ ഹിന്ദു എന്നത് ഒരു മതപരമായ സ്വത്വം എന്ന നിലവിട്ട് രാഷ്ട്രീയ സ്വത്വം എന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടു. അവര്‍ ഒരു ഹിന്ദു രാഷ്ട്രത്തെക്കുറിച്ചും ഹിന്ദു വംശത്തെക്കുറിച്ചും സംസാരിക്കാനാരംഭിക്കുകയും ഹിന്ദുത്വ ആശയങ്ങള്‍ക്ക് സമാരംഭമാവുകയും ചെയ്തു. ഇന്ന് നമുക്ക് ഉദാര - മതേതര വാദികളുണ്ട്. ഇസ്ലാം എങ്ങനെ ഇന്ത്യയിലെത്തി എന്നത് സംബന്ധിച്ചുള്ള സംവാദത്തിലാണ് ഹിന്ദുത്വ ബ്രിഗേഡു മായുള്ള ഇവരുടെ വ്യത്യസ്തത നമുക്ക് അനുഭവപ്പെടുന്നത്. മതേതരവാദികള്‍ ഹിന്ദുത്വവാദികളോട് പറയുന്നത് അവര്‍ കാര്യങ്ങളെ അതിശയോക്തിപരമായി വിവരിക്കുകയാണ് എന്നാണ്. അങ്ങനെയൊരു അക്രമപരമ്പരയൊന്നും അവര്‍ അഴിച്ചുവിട്ടില്ല. പക്ഷെ, ഹിന്ദുത്വ ബ്രിഗേഡ് ഉടന്‍തന്നെ ഇത് ഖണ്ഡിക്കും. ഇസ്ലാമിസ്റ്റുകള്‍ കടന്നുവരുകയും അമ്പലങ്ങള്‍ നശിപ്പിക്കുകയും നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്തു. പക്ഷെ, ജ്യോതിബാ ഫൂലെയെപ്പോലെ ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ആദ്യകാല പഥികര്‍കൂടി നമുക്കുണ്ട്. ശരിയാണ്. 

അവര്‍ അമ്പലങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ദൈവത്തിന് നന്ദി. അവര്‍ തകര്‍ത്തത് അമ്പലങ്ങളെയാണ്. അവര്‍ ഞങ്ങളെ അവരുടെ ഊണ്മുറികളിലേക്ക് കൂടിയിരുന്ന് അത്താഴം കഴിക്കാനായി ക്ഷണിക്കുകയും അവരുമായി വിവാഹബന്ധത്തിന് അനുവദിക്കു കയും ചെയ്തു. തീര്‍ച്ചയായും ജാതിവ്യവസ്ഥയുടെ ലംഘനം അവിടെ ഉണ്ടായിരുന്നു. അതിനെയാണ് ജനങ്ങള്‍ ആഘോഷിച്ചത്. വസ്തുതകളുടെ ഉള്‍ക്കാമ്പിനോട് നീതിപുലര്‍ത്താത്തതിനാല്‍ നമ്മുടെ സമകാലികങ്ങളായ സംവാദങ്ങള്‍ ഏറെ ദുര്‍ബലമാ യിരിക്കുന്നു.

നിശബ്ദമാക്കുക എന്ന കുറ്റകൃത്യം

പ്രാന്തവത്കരിക്കപ്പെട്ടവരോടൊപ്പം എന്നും നിലകൊണ്ടയാള്‍ എന്നാണ് ഡോ. ജ്ഞാനേശ്വര്‍ സദസിന് പരിചയപ്പെടുത്തുന്ന വേളയില്‍ എന്നെ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ എനിക്ക് എന്നെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാടാണ് ഉള്ളത്. ശബ്ദമില്ലാത്ത വരുടെ ശബ്ദം എന്ന് ഒരു എഴുത്തുകാരി എന്ന നിലയില്‍ എന്നെ വിശേഷിപ്പിക്കുന്നത് അങ്ങേയറ്റമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ശബ്ദമില്ലാത്തവര്‍ എന്നൊരു കൂട്ടര്‍ ഇല്ലെന്നാണ് എന്റെ പക്ഷം. ബോധപൂര്‍വം നിശബ്ദമാക്കപ്പെട്ടവര്‍ എന്നൊരു കൂട്ടരേയുള്ളൂ. ആരും ശബ്ദമില്ലാത്തവരായി ഇല്ല. എന്നെയല്ലാതെ മറ്റാരെയെങ്കിലും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഞാന്‍ അവകാശപ്പെടുന്നുമില്ല. എന്റെ അഭിപ്രായത്തില്‍ നമ്മള്‍ സ്വയം ചോദിക്കേണ്ട ഒരു കാര്യം എന്തുതരത്തിലുള്ള ആളുകളാണ് നമ്മള്‍ എന്നതാണ്. നീതിയെ സമൂഹത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നവരാണോ നമ്മള്‍? അതോ അനീതിയെ സ്ഥാപനവത്കരിക്കുന്നത് ആസ്വദിക്കുന്ന ഒരു ജനതയാണോ? നമ്മില്‍ ചിലര്‍ക്ക് കൂടുതല്‍ ്‌വകാശങ്ങള്‍ അനുവദിച്ചു കൊടുക്കേണ്ടതുണ്ട് എന്ന് യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന തരത്തില്‍ രോഗബാധിതമായ മനസുള്ളവരാണോ നമ്മള്‍? എന്നാല്‍ കേന്ദ്രസ്ഥാനത്ത് നീതിയെ നാം പ്രതിഷ്ഠിക്കുകയാണെ ങ്കിലോ, അപ്പോള്‍ നാം പറയുന്ന കഥകളും വ്യത്യസ്ഥമായിരി ക്കും.

ഇന്ന് പുതു സമ്പദ് വ്യവസ്ഥ എങ്ങനെ ജാതിവ്യവസ്ഥയെ തകര്‍ത്തുവെന്നത് സംബന്ധിച്ച് ആളുകള്‍ ഒരുപാട് സംസാരിക്കു ന്നുണ്ട്. പുതിയ ചിലതരം പരസ്പര ബന്ധത്തിലൂന്നിയ വ്യവസ്ഥകള്‍ ഉണ്ടായിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണി ക്കുന്നു. എന്താണ് കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റേയും ജാതിവ്യവസ്ഥയുടേയും പാരസ്പര്യമെന്ന് ചുരുക്കത്തില്‍ വിവരിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജാതി സംബന്ധിച്ച സംവാദമാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വത്തെ - ദലിതരെക്കൂടി ഹിന്ദുവാക്കുകയെന്ന ആശയത്തെ സൃഷ്ടിക്കുന്നത്. ഇന്ന് നമുക്കുള്ളത് ഒരു ഹിന്ദുത്വ സര്‍ക്കാരാണ്. മുസ്ലീം വോട്ടോ ദലിത് വോട്ടോ വേണ്ടെന്ന് തെളിയിച്ചുകൊണ്ട് അധികാരത്തിലേറിയ ഹിന്ദുത്വ ഗവണ്മെന്റ്. എന്തെന്നാല്‍ അവര്‍ക്ക് അശ്ലീല ദ്യോതകമായിട്ട് എന്ന മട്ടില്‍ പിന്നോക്ക ജാതിക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ഹിന്ദുത്വത്തിനോടുള്ള ചായ്‌വ് പ്രയോജനപ്പെടുത്താനായി. ആയതിനാല്‍ പ്രാന്തവത്കൃതര്‍ എന്ന വിശേഷണത്തില്‍ എന്തര്‍ത്ഥമാണുള്ളത്? നൂറ് കോടിയിലധികം ജനങ്ങളുള്ള ഈ രാജ്യത്ത് 800 ദശലക്ഷം പേര്‍ 20 രൂപയില്‍ താഴെ ഒരു തുകകൊണ്ട് ഒരു ദിവസം തള്ളിനീക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ഗാന്ധി അണിനിരത്തിയ ദണ്ഡിമാര്‍ച്ചിനെ നാം വാഴ്ത്തുന്നു. എന്തുവിമര്‍ശനമുണ്ടെങ്കിലും ശരി, ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ ഗാന്ധി വിജയിച്ചിരുന്നു എന്ന വ്‌സതുത വിസ്മരിക്കാവതല്ല. ബ്രിട്ടീഷുകാരേര്‍പ്പെടുത്തിയ ഉപ്പുനികുതി ക്കെതിരെ ദശലക്ഷക്കണക്കിനാളുകളെ അദ്ദേഹം സംഘടിപ്പിച്ചു. പക്ഷെ, മഹദ് സത്യാഗ്രഹത്തെക്കുറിച്ച് നാം മറക്കുന്നു. നമ്മുടെ സ്വന്തം ആളുകളായ മുന്തിയ ജാതി ഹിന്ദുക്കള്‍ നമ്മുടെ സ്വന്തം ആളുകള്‍ തന്നെയായ ദലിതരെ പൊതു ജലസംഭരണികളില്‍ നിന്ന് ദാഹമകറ്റുന്നത് തടഞ്ഞ വേളയായിരുന്നു അത്. അതാണ് ശരായായ സത്യാഗ്രഹം. പക്ഷെ, അതിനെ ദുരാഗ്രഹം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മഹദ് സത്യാഗ്രഹത്തില്‍ അംബേഡ്കര്‍ ജലത്തിനുവേണ്ടി പൊരുതി. ഉപ്പുസത്യാഗ്രഹത്തില്‍ ജനങ്ങള്‍ ഉപ്പുനികുതിക്കെതിരേയും.

ഇന്ന് ഉപ്പിന്റെ വിപണി നിയന്ത്രിക്കുന്ന ഒരു കോര്‍പ്പറേറ്റ് - ടാറ്റ - നമുക്കുണ്ട്. നമ്മുടെ മുന്നില്‍ ഗുജറാത്ത് മാതൃകയും ഉണ്ട്. അറപ്പുളവാക്കുന്ന രീതിയില്‍ ജാതിവ്യവസ്ഥ ആചരിക്കുന്നവ യാണ് ഗുജറാത്തിലെ 98 ശതമാനം ഗ്രാമങ്ങളുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പൊതുജല സംഭരണികളുടെ സമീപത്തേക്ക് ചെല്ലാന്‍ ദലിതര്‍ക്ക് അവകാശമില്ല. അവര്‍ കൊലചെയ്യപ്പെടുന്നു. ജാതിവ്യവസ്ഥയുടെ നികൃഷ്ടമായ ആചരണം നടക്കുന്ന ഗുജറാത്താണ് വികസനത്തിന്റെ മഹത്തായ മാതൃകയെന്ന് എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ പറയുന്നു. ജിഡിപിയുടെ 25 ശതമാനത്തിലധികം സമ്പത്തിന് ഒരു നൂറ് ഇന്ത്യക്കാര്‍ ഉടമസ്ഥരായിരിക്കുന്നു. ഇനി ഈ വലിയ കോര്‍പ്പറേറ്റുകളെ നോക്കൂ. റിലയന്‍സ്, അദാനി, ഷാങ്ഗവി, മിത്തല്‍ എല്ലാ വലിയ കോര്‍പ്പറേറ്റുകളും സമ്പത്തും നിയന്ത്രിക്കുന്നത് ബനിയകളാണ്.

സാമൂഹ്യശ്രേണിയുടെ താഴെപ്പടവില്‍, അത് ദണ്ഡകാരണ്യത്തിലു ള്ള മാവോയിസ്റ്റുകളോ ആദിവാസികളോ ആകട്ടെ. ബനിയ വ്യാപാരികളാല്‍ വലംചെയ്യപ്പെട്ടിരിക്കുന്നു. ജനസംഖ്യയുടെ വെറും 2.7 ശതമാനം വരുന്ന ബനിയകളാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. ആരാണ് വര്‍ത്തമാനപ്പ ത്രങ്ങളുടെ ഉടമസ്ഥര്‍?

മാധ്യമലോകം പോലും ബനിയകളുടെ ഉടമസ്ഥതയിലും ബ്രാഹ്മണരുടെ നിയന്ത്രണത്തിലുമാണ്. ബനിയകളാണ് കോര്‍പ്പറേ റ്റുകളുടെ ഉടമസ്ഥര്‍. ആയതുകൊണ്ട് മുതലാളിത്തവും ജാതിവ്യവസ്ഥയും ലയിച്ചൊന്നായിരിക്കുന്നു. മുതലാളിത്തത്തിന്റെ മാതാവ് എന്ന നിലയിലേക്ക് അത് വളര്‍ന്നിരിക്കുന്നു.

ഹിന്ദുയിസം എന്ന തടവറ

അതേയമയം ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഓരോ 16 മിനുട്ടിലും ഒരു ദലിതന്‍ ദലിതനല്ലാത്തവരാല്‍ ആക്രമിക്കപ്പെടുന്നു. മുതിര്‍ന്ന ജാതിക്കാരാല്‍ ഓരോ ദിവസവും നാല് ദലിത് സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടുന്നു.

ഓരോ ആഴ്ചയിലും 13 ദലിതുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ലോകം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദില്ലിയിലെ കൂട്ട ബലാത്സംഗം നടന്ന അതേവര്‍ഷം - 2012 ല്‍ - 1574 ദലിത് യുവതികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. എന്നാല്‍ ഇത്തരം കേസുകളില്‍ 10 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് നമുക്ക് കണക്കുകള്‍ പരിശോധിക്കുക. 1919 ല്‍ അമേരിക്കയില്‍ ചുവന്ന ഗ്രീഷ്മം എന്നറിയപ്പെട്ട കാലത്ത് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കറുത്ത വര്‍ഗക്കാരായ 76 പേരെ വെള്ളക്കാരുടെ സംഘം തല്ലിച്ചതച്ചു. 1012 ല്‍ ഇന്ത്യയില്‍ 651 ദലിതര്‍ കൊല്ലപ്പെട്ടു. ബലാത്സംഗത്തേയും കൂട്ടക്കശാപ്പിനേയും തുടര്‍ന്നായിരുന്നു ഇതെങ്കില്‍, ഇതിന് പുറമേ നഗ്നരാക്കി നടത്തല്‍, ബലം പ്രയോഗിച്ച് മലംതീറ്റിക്കല്‍. ഭൂമി കയ്യേറ്റം, സാമൂഹ്യ ബഹിഷ്‌കരണം എന്നിങ്ങനെ മറ്റ് കുറ്റകൃത്യങ്ങള്‍ വേറേയുമു ണ്ടായി.

അംബേഡ്കര്‍ പറഞ്ഞതുപോലെ ഹിന്ദുയിസം അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം ഭീകരതയുടെ യഥാതഥമായ ഒരു തടവറതന്നെയാണ്. നാം സ്വതന്ത്രരായെന്ന് കരുതുന്ന 1947 തൊട്ട് സ്വന്തം ജനതക്കെതിരേ ഇന്ത്യന്‍ ആര്‍മിയെ വിന്യസിക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല. 1947 തൊട്ട് കാശ്മീരിലോ മിസോറോമിലോ മണിപ്പൂരിലോ നാഗലാന്റിലോ തെലങ്കാന യിലോ ഗോവയിലോ ആകട്ടെ വര്‍ഷത്തിലെല്ലാ ദിവസവും സ്വന്തം ജനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ആര്‍മി പൊരുതിക്കൊണ്ടി രിക്കുകയാണ്. ആരാണ് ഈ ജനങ്ങള്‍! മുസ്ലീംകള്‍, ക്രിസ്ത്യാ നികള്‍, സിഖുകാര്‍, ആദിവാസികള്‍, ദലിതര്‍. അതായത് ഇതിന്റെ ഡിഎന്‍എയില്‍ മേല്‍ജാതി ഹിന്ദുത്വം ഉണ്ട്. മേല്‍ജാതി ഹിന്ദുവിന്റെ ഭരണകൂടം കീഴ്‌പ്പെടുത്തപ്പെട്ട വിഭാഗങ്ങള്‍ക്കെ തിരെ, ന്യൂനപക്ഷ മതവിശ്വാസികള്‍ക്കെതിരെ സ്ഥിരമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഈ അവസ്ഥയെ നാം മാറ്റാന്‍ പോകുന്നത്? ഒരു നൂറ് വഴികളുണ്ട്. പക്ഷെ, അത് നാം ചെയ്യേണ്ടത് നാം നമ്മുടെ വീരനായകന്മാരേയും നായികമാരേയും മാറ്റിക്കൊണ്ടാണ്. അയ്യന്‍കാളി, പണ്ഡിത രമാബായി, സാവിത്രി ബായി ഫൂലെ, ജ്യോതി റാവു ഫൂലെ, നമ്മുടെ ആളുകള്‍ കേട്ടിരിക്കണ്ട പേരുകളാണ് ഇവര്‍. യൂണിവേഴ്‌സിറ്റികളു ടേയൊക്കെ പേരില്‍ മാറ്റം വരുത്തിക്കൊണ്ടായിരിക്കണം നമ്മുടെ തുടക്കം.

* മലയാള വിവര്‍ത്തനത്തിന് 'മലയാളം വാരിക'യോട് കടപ്പാട്.