"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

'കമ്മ്യൂണല്‍ അവാര്‍ഡും' 'പൂനാ പാക്ടും' ഗാന്ധി ദലിതരോട് ചെയ്ത ചതിയുംഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി റംസെ മക്‌ഡോണാള്‍ഡ് പ്രസിദ്ധമായ 'കമ്മ്യൂണല്‍ അവാര്‍ഡ്' 1932 ആഗസ്റ്റ് 13 പ്രഖ്യാപിച്ചു. അതനുസരിച്ച്, മുഹമ്മദീയര്‍ക്കും യൂറോപ്യന്മാര്‍ക്കും സിക്കുകാര്‍ക്കും പ്രത്യേക നിയോജക മണ്ഡലങ്ങള്‍ അനുവദിച്ചു. എന്നാല്‍ 10 വര്‍ഷത്തിനു ശേഷം ഈ സംവിധാനം ഏതൊരു സമുദായങ്ങളെയാണോ പ്രതികൂലമായി ബാധിക്കുന്നത്, അവരുടെ സമ്മതിയോടുകൂടി പുതുക്കുന്നതാണ് എന്ന് വ്യവസ്ഥ ചെയ്തിരുന്നു (ഖണ്ഡിക 6)

പ്രസ്തുത അവാര്‍ഡിലെ ഖണ്ഡിക 9 പ്രകാരം, അധസ്ഥിത വിഭാഗങ്ങളിലെ വോട്ടുചെയ്യാന്‍ യോഗ്യതയുള്ള അംഗങ്ങള്‍ പൊതു നിയോജകമണ്ഡലങ്ങളില്‍ വോട്ടു ചെയ്യേണ്ടതാണ്. ഈ ഒരു സംവിധാനം കൊണ്ടുമാത്രം, ഈ വിഭാഗത്തിലെ ആളുകള്‍ക്ക് ഒരു ഗണ്യമായ കാലത്തേക്ക് നിയമനിര്‍മാണ സഭകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാനിടയില്ല എന്ന വസ്തുത കണക്കിലെടുത്ത്, അവര്‍ക്ക് നിശ്ചിതമായ പ്രത്യേക സീറ്റുകള്‍ വേര്‍തിരിച്ചു നല്കുന്നതാണ്. സമ്മതിദാനത്തിന് യോഗ്യത നേടിയിട്ടുള്ള 'അധസ്ഥിത വിഭാഗങ്ങ'ളിലെ അംഗങ്ങള്‍ മാത്രം വോട്ടു രേഖപ്പെടുത്തി പ്രത്യേക നിയോജകമണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പിലൂടെയായിരിക്കും സീറ്റുകള്‍ പൂരിപ്പിക്കുന്നത്. പ്രത്യേക നിയോജകമണ്ഡലത്തില്‍ വോട്ടു രേഖപ്പെടുത്തുന്ന ഏതൊരാള്‍ക്കും മുകളില്‍ പ്രസ്താവിച്ചതു പോലെ, പൊതു നിയോജകമണ്ഡലത്തില്‍ വോട്ടു ചെയ്യാനും അര്‍ഹതയുണ്ടായിരിക്കും. ഈ നിയോജകമണ്ഡലങ്ങള്‍ അധസ്ഥിത വിഭാഗങ്ങള്‍ വളരെ കൂടുതലുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ രൂപീകരിക്കാനും, മദ്രാസ് ഒഴികെ, മറ്റൊരു പ്രവിശ്യയുടേയും മുഴുവന്‍ പ്രദേശവും ഉള്‍പ്പെടുന്നതല്ലെന്നും ഉദ്ദേശിക്കപ്പെട്ടിരുന്നു.

ചക്രവര്‍ത്തി തിരുമേനിയുടെ ഗവണ്മെന്റ് അധസ്ഥിത വിഭാഗങ്ങള്‍ക്കുള്ള പ്രത്യേഗ നിയോജകമണ്ഡലങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സമ്മതിദാനം പുതുക്കുന്നതിനുള്ള പൊതുവായ അധികാരങ്ങള്‍ അനുസരിച്ച് അതിന് മുമ്പേതന്നെ അവ നിര്‍ത്തലാക്കാത്ത പക്ഷം, അവ 20 വര്‍ഷത്തിന് ശേഷം അവസാനിക്കുന്നതാണെന്ന് ഭരണഘടന പ്രകാരം വ്യവസ്ഥ ചെയ്യാനും അവര്‍ ഉദ്ദേശിക്കുന്നു.

രണ്ടാം വട്ടമേശ സമ്മേളനത്തിനു ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധി ഗത്യന്തരമില്ലാതെ നിയമലംഘന പ്രസ്ഥാനം വീണ്ടും ആരംഭിച്ചു. ഇതിനോടകം തന്നെ ലോകത്തെ മുഴുവന്‍ ഗ്രസിച്ചുകഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിന്റെ സ്വാഭാവിക പരിണാമമെന്ന നിലയില്‍, ഇന്ത്യയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവവേദ്യമായി. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിയുകയും ഭൂനികുതിയുടേയും പാട്ടത്തിന്റേയും ഭാരം കര്‍ഷകരെ ഞെരിച്ചമര്‍ത്തുകയും ചെയ്തു. തല്ഭലമായി കര്‍ഷകര്‍ അസ്വസ്ഥരാകുകയും അത് വ്യാപകമായ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തു. 1932 ജനുവരി 4 ന് ഗാന്ധിയേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുകയും കോണ്‍ഗ്രസ് സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. 

അങ്ങനെ ഗാന്ധിജി പൂനയിലെ യെര്‍വാദ ജയിലില്‍ കഴിയുമ്പോഴാണ് 'കമ്മ്യൂണല്‍ അവാര്‍ഡ്' പ്രഖ്യാപിച്ചത്. പ്രസ്തുത അവാര്‍ഡു പ്രകാരം അയിത്ത ജാതിക്കാര്‍ക്കു നല്കിയ പ്രത്യേകാവശ്യങ്ങള്‍ പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ മരണംവരെ നിരാഹാരം അനുഷ്ഠിക്കുമെന്നും ഗാന്ധി പ്രഖ്യാപിച്ചു. അത്തരം ആനുകൂല്യങ്ങള്‍ ലഭിച്ചാലല്ലാതെ അധസ്ഥിത വര്‍ഗങ്ങള്‍ക്കു മോചനമുണ്ടാവില്ല എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി റംസെ മക്‌ഡൊണ്‍ള്‍ഡ് ഗാന്ധിയുടെ മര്‍ക്കടമുഷ്ടിക്കു മുമ്പില്‍ കീഴടങ്ങാന്‍ തയാറായില്ല. തന്മൂലം ഗാന്ധി 1932 സെപ്തംബര്‍ 20 ന് മരണം വരെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അതോടെ അന്തരീക്ഷം ചൂടുപിടിച്ചു. ഗാന്ധിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടി തിരക്കിട്ട കൂടിയാലോചനകള്‍ ബോംബെയിലും പൂനയിലുമായി നടന്നു. എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം അംബേഡ്കറായിരുന്നു. ഒരു പക്ഷെ, ആ കലയളവില്‍ അദ്ദേഹം അനുഭവിക്കാനിടയായ മാനസികവ്യഥയും സംഘര്‍ഷവും മറ്റൊരു പൊതുപ്രവര്‍ത്തകനും അനുഭവിച്ചിരി ക്കാനിടയില്ല! അദ്ദേഹം ഘനീഭുതമായ ദഃഖത്തോടുകൂടി ചോദിച്ചു: എന്തുകൊണ്ട് മഹാത്മജി ഈ നിലപാട് വട്ടമേശ സമ്മേളനത്തില്‍ സ്വീകരിച്ചില്ല? എന്തുകൊണ്ടാണ് ന്യൂനപക്ഷ പ്രശ്‌നത്തിന് തീര്‍പ്പുകല്പിക്കുന്നതിലേക്കായി അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വിട്ടുകൊടുക്കുന്നതിന് സമ്മതിച്ചത്? തുറന്ന മനസോടെ ആയിരുന്നില്ലെങ്കില്‍ എന്തിനാണ് ആ അധികാര പത്രത്തില്‍ ഗാന്ധി ഒപ്പുവെച്ചത്? 'അന്നദ്ദേഹം ഇതേ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇതുപോലുള്ള ഒരു പരീക്ഷണത്തിന് വിധേയനാകേണ്ടി വരുമായിരുന്നില്ലല്ലോ', അംബേഡ്കര്‍ തീക്ഷ്ണമായ ദുഃഖത്തോടെ പ്രതികരിച്ചു. ജീവിതത്തിനും മരണത്തിനുമിടയില്‍, അത്യഗാധമായ ഒരു ഗര്‍ത്തത്തിനു മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഒരു നൂല്പ്പാല ത്തിലൂടെ, പാലത്തിനക്കരെ പര്‍വത മുനമ്പുകളിലെവിടെയോ സ്ഥിതിചെയ്യുന്ന വാഗ്ദത്ത ഭൂമിയെ ലക്ഷ്യമാക്കി വ്യാമഗ്ന ഹൃദയരായി നടന്നു നീങ്ങുന്ന തന്റെ ജനതതിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസിനെ എന്നും നൊമ്പരപ്പെടുത്തിക്കൊ ണ്ടിരുന്നു. അദ്ദേഹം തന്റെ എതിരാളികളോടു പറഞ്ഞു: വേണമെങ്കില്‍ നിങ്ങള്‍ അടുത്തുകാണുന്ന വിളക്കുകാലില്‍ എന്നെ തൂക്കിക്കൊന്നോളൂ; പക്ഷെ, എന്റെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ബലികഴിക്കാന്‍ ഞാന്‍ തയാറല്ല. ഏതായാലും, അവസാനം മഹാത്മജിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അംബേഡ്കര്‍ വിട്ടുവീഴ്ചക്ക് തയാറായി. അങ്ങനെ 'പൂനാ ഉടമ്പടി' ഒപ്പു വെക്കപ്പെട്ടു. ഈ ഉടമ്പടിപ്രകാരം കമ്മ്യൂണല്‍ അവാര്‍ഡിലൂടെ ലഭ്യമായ 78 സംവരണ സീറ്റുകള്‍ 148 ആയി ഉയര്‍ന്നു എന്നത് സത്യം തന്നെ. (അപ്പോള്‍ ഇരട്ട വോട്ട് എന്ന സമ്പദായം നഷ്ടമായി!) പക്ഷെ, അയിത്തജാതിക്കാരുടെ ദീനരോദനങ്ങള്‍ ഹൃദയസ്പൃക്കായി നിയമസഭാവേദികളില്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരായിട്ടുള്ള അയിത്തജാതിയില്‍ പെട്ട പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അതിനു പകരം രാഷ്ട്രീയപാര്‍ട്ടി കളുടെ 'ചട്ടുക'ങ്ങളെ മനസില്ലാ മനസോടെ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

കടപ്പാട്: ഡോ. അംബേഡ്കറും മഹാത്മജിയും - കെ എന്‍ കുട്ടന്‍