"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഒക്‌ടോബർ 1, ശനിയാഴ്‌ച

അയ്യന്‍കാളി എന്ന വിമോചകന്‍ – കല്ലറ സകുമാരന്‍
1855 ജൂണ്‍ 24 നാണ് തിരുവിതാംകൂര്‍ പണ്ടാരവക അടിമകളെ മോചിപ്പിച്ചത്., പിന്നേയും ഏറെ ദശാബ്ദങ്ങള്‍ സ്വകാര്യ ഉടമസ്ഥതയില്‍ അടിമത്തം നിലനിന്നിരുന്നു. ഈ കാലഘട്ടത്തിലാണ് (1863 ആഗസ്റ്റ് 28 ആം തിയതി) അയ്യന്‍കാളി ജനിച്ചത്. തീണ്ടലും തൊടീലും അടിമത്തവുമെല്ലാം നേരിട്ടനുഭവിച്ചുകൊണ്ടാണ് അയ്യന്‍കാളി മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചത്. അയ്യന്‍കാളി കേരളത്തിലെ മണ്ണില്‍ നടത്തിയ സാമൂഹ്യ കലാപവും അതില്‍ നിന്നുണ്ടായ നേട്ടവും മറ്റാര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തതാണ്. അയ്യന്‍കാളിയുടെ നേട്ടങ്ങളില്‍ പങ്കുപറ്റാനും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവരുടെ തന്നെ പിന്തുണയും അനുഗ്രഹാശി സ്സുകളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വരുത്തിത്തീര്‍ക്കാനും ഈ അടുത്ത കാലത്തായി ബൂര്‍ഷ്വാസികളും വര്‍ഗീയവാദികളും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഭാവിയില്‍ മര്‍ദ്ദിത വര്‍ഗങ്ങളെ വഴിതെറ്റിക്കാനും അവരുടെ യജമാനന്മാരായി തുടരാനും ആഗ്രഹിക്കുന്ന വഞ്ചകവര്‍ഗങ്ങളാണ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും അവരുടെ കള്ളപ്രചരണങ്ങള്‍ ആവര്‍ത്തിച്ചു അധഃസ്ഥിതരെ കബളിപ്പിക്കുന്നത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മുഫപത്രമായ 'ദേശാഭിമാനി'യില്‍ ഇതേ ഉദ്ദേശത്തോടുകൂടി അയ്യന്‍കാളിയെ സംബന്ധിച്ച ഒരു കല്ലുവെച്ച നുണ പ്രസിദ്ധീകരിച്ചിരിക്കുന്നു. സവര്‍ണരുടേയും പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ആദര്‍ശവാദികളുടേയും പിന്തുണയും സഹായവും അയ്യന്‍കാളിക്ക് ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഗൂഢാലോചന മാര്‍ക്‌സിസ്റ്റുകള്‍ എങ്ങനെ പ്രയോഗിക്കുന്നുവെന്ന് മനസിലാക്കാന്‍ ഇത് ഉപകരിക്കും.

1994 ജനുവരി 31 ന് ദേശാഭിമാനി ദിനപത്രം കണ്ണൂര്‍ എഡിഷന്‍ സപ്ലിമെന്റില്‍ 'സ്വദേശാഭിമാനിക്ക് അയ്യന്‍കാളിയുടെ കത്ത്' എന്ന ശീര്‍ഷകത്തിലുള്ള ടി വേണുഗോപാലന്റെ ലേഖനവും അയ്യന്‍കാളി എഴുതിയതെന്ന് അവകാശപ്പെടുന്ന കത്തും പ്രസിദ്ധീകരിച്ചു കണ്ടു. ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്ന ദേശാഭിമാനിയും വേണുഗോപാലനും ഒരുപോലെ ഇളിഭ്യരാകുകയാണ് ഈ അതിസാഹസികത്വം കൊണ്ടുണ്ടായത്. 'തിരുവിതാംകൂര്‍ സാധുജനപരിപാലനസംഘം സിക്രാട്ടറി ബോധിപ്പിച്ചുകൊള്ളുന്നത്' എന്നു തുടങ്ങുന്ന പ്രസ്തുത കത്ത് 16-7-1886 ല്‍ വെങ്ങാനൂര്‍, നെയ്യാറ്റില്‍കര നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളക്ക് അയ്യന്‍കാളി എഴുതിയതാ ണെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. ലേഖകന്‍ പറയുന്നതുപോലെ 'തിരുവിതാംകൂര്‍ സാധുജനപരിപാലനസംഘം' എന്നൊരു സംഘടന ഉണ്ടായിരുന്നി ല്ലെന്നതോ പോകട്ടെ, സാധുജനപരിപാലനസംഘം രൂപീകരിക്കപ്പെട്ടതുതന്നെ 1905 ലുമാണ്. അയ്യന്‍കാളിയുടെ ജീവചരിത്ര സമരചരിത്ര ഗ്രഥങ്ങളിലോ മറ്റ് ആധികാരിക രേഖകളിലോ തിരുവിതാംകൂര്‍ സാധുജനപരിപാലന സംഘം എന്ന സംഘടനയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അതുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ അയ്യന്‍കാളിയുടേതെന്ന് അവകാശപ്പെട്ടുകൊണ്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന കത്ത് കളവായും കൃത്രിമമായും ദുരുദ്ദേശപൂര്‍വം ചമച്ചിട്ടുള്ളതും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അധസ്ഥിതരുടെ ആത്മമിത്രമാ യിരുന്നുവെന്ന് സ്ഥാപിക്കാനുള്ള ദുരുപദിഷ്ടമായ ശ്രമത്തിന്റെ ഭാഗവുമാണ്.

പ്രസ്തുത കത്തില്‍ കാണുന്ന തിയതിയനുസരിച്ച് 'അയ്യന്‍കാളിയുടെ' ടി കത്ത് ലഭിക്കുന്നത് രാമകൃഷ്ണ പിള്ളക്ക് കേവലം 8 വയസുമാത്രം പ്രായമുള്ളപ്പോഴായി രിക്കണം. രാമകൃഷ്ണപിള്ള ജനിച്ചത് 1878 മെയ് 25 നും മരിച്ചത് 1916 മാര്‍ച്ച് 28 നുമാണ്. രാമകൃഷ്ണപിള്ള 8 വയസുമാത്രം പ്രായമുള്ള ബാലനായിരുന്നപ്പോള്‍ 1886 ജൂലൈ 16 ന് അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് അയ്യന്‍കാളി എഴുതിയതെന്ന രീതിയില്‍ വ്യാജക്കത്ത് തയാറാക്കിയ ലേഖകന്‍ വേണുഗോപാ ലന്റേയും അതു പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടേയും ചങ്കൂറ്റം അപാരം തന്നെ. പ്രസ്തുത കത്തു 'കിട്ടി' 20 കൊല്ലം കഴിഞ്ഞാണ് രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപരാകുന്നതും പിന്നീട് 4 വര്‍ഷം കഴിഞ്ഞാണ് നാടുകടത്തപ്പെടുന്നതും എന്ന തിയതി കണക്കുകള്‍ തങ്ങളുടെ കാപട്യം വെളിപ്പെടുത്തുമെന്ന് ദേശാഭിമാനിയും ലേഖകനും ഓര്‍ത്തില്ല. ഇത്തരം കള്ളക്കളികള്‍ ദേശാഭിമാനിയെ ദേശാപമാനി യാക്കിത്തീര്‍ക്കുമെന്നതില്‍ സംശയമില്ല.

കൂടാതെ 'സിക്രാട്ടറി' എന്ന പദം തിരുവിതാംകൂറില്‍ ഇന്നോളം പ്രയോഗത്തിലി ല്ലാത്തതും മലബാറില്‍ മാത്രം നിലനില്ക്കുന്നതുമായ ഭാഷാ പ്രയോഗമാണ്. മുക്കാല്‍ ശതകത്തിനു മുമ്പ് നമ്മുടെ രാജ്യത്തെ രാജാക്കന്മാരോ സാഹിത്യകാരന്മാരോ പോലും പ്രയോഗിച്ചിട്ടില്ലാത്ത ഭാഷയാണ് നിരക്ഷരകക്ഷിയായ അയ്യന്‍കാളിയുടേതാക്കി അവതരിപ്പിച്ചിരിക്കുന്നത്. 'അവര്‍ണനീയ' 'നിഷ്പക്ഷവാദി' 'നീതിജ്ഞനായ' 'സര്‍വശ ക്തനായ ജഗദീശ്വരന്‍' തുടങ്ങിയ പദങ്ങള്‍ അയ്യന്‍കാളി ഉപയോഗിച്ചിരുന്നതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ പ്രജാസഭാ പ്രസംഗങ്ങളില്‍ പോലും കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ല.

നാടുകടത്തപ്പെട്ട കുറ്റവാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതു കണ്ടുപിടി ക്കപ്പെട്ടാല്‍ കത്തുകളയച്ചവര്‍ ഭീകരദണ്ഡനകള്‍ക്ക് വിധേയരാകുമെന്ന് അറിയാ മായിരുന്നതുകൊണ്ട് കത്തുകളുടെ പ്രസക്തഭാഗങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തിട്ട് ഒറിജിനല്‍ കത്തുകള്‍ സ്വദേശാഭിമാനിതന്നെ നശിപ്പിച്ചു കളയുകയായിരുന്നുവെന്നാണ് ലേഖകന്റെ വാദം. അങ്ങനെ രാമകൃഷ്ണപിള്ള എഴുതി സൂക്ഷിച്ചിരുന്ന അയ്യന്‍കാളിയുടെ കത്താണ് വേണുഗോപാലന്‍ കണ്ടെടുത്ത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതായി ഘോഷിക്കുന്നത്. അതു സത്യമാണെങ്കില്‍ 'വെങ്ങാനൂരില്‍ നിന്നും തിരുവിതാംകൂര്‍ സാധുജനപരിപാലനസംഘം സിക്രാട്ടറി ബോധിപ്പിച്ചു കൊള്ളുന്നത്' എന്ന് കത്തിന്റെ ആദ്യഭാഗത്ത് കാണുന്നതില്‍ നിന്നും, പൊലീസ് തന്റെ വീട് പരിശോധിക്കുമ്പോള്‍ അയ്യന്‍കാളിയുടേതെന്ന് തെറ്റിദ്ധരി ക്കാവുന്ന കത്ത് അവര്‍ക്ക് കിട്ടുകയും, അങ്ങനെ അയ്യന്‍കാളിയെ ചതിവില്‍പ്പെടുത്തി മഹാരാജാവിനെക്കൊണ്ട് പീഢിപ്പിക്കുവാനുള്ള രാമകൃഷ്ണപിള്ളയുടെ ബോധപൂര്‍വമായ കുതന്ത്രത്തിന്റെ സൃഷ്ടിയായിരിക്കാം പ്രസ്തുത കത്തെന്നു കരുതുന്നതില്‍ തെറ്റില്ല. എന്തായാലും അയ്യന്‍കാളി അത്തരമൊരു കത്ത് രാമകൃഷ്ണപിള്ളക്ക് എഴുതിയെന്നു വിശ്വസിക്കാന്‍ യാതൊരു അടിസ്ഥാനവുമില്ല. മറിച്ചു വിശ്വസിക്കാന്‍ കാരണങ്ങ ളുണ്ടുതാനും.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അയിത്തജാതിക്കാരുടെ എതിരാളി ആയിരുന്നുവെന്ന ആരോപണം വളരെക്കാലമായി നിലനില്ക്കുന്നതും ഉന്നതരായ വളരെപ്പേര്‍ അത് സമര്‍ത്ഥിക്കുകയും ചെയ്തുപോന്നിട്ടുള്ളതുമാണ്. വഴിനടക്കുവാനുള്ള സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും വേണ്ടി അയ്യന്‍കാളി 1889 മുതല്‍ 1910 വരെ സുദീര്‍ഘമായ 21 വര്‍ഷത്തിനിടയില്‍ നിരവധി സമരങ്ങള്‍ നത്തിയിട്ടുണ്ട്. ഇന്ത്യയി ലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്കു മുതല്‍ 90 റാമാണ്ട് ലഹളവരെയുള്ള സമരങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. മാപ്പിള ലഹള, വയലാര്‍ ലഹള എന്നിവക്കൊ പ്പം നിരവധി കാരണങ്ങളാല്‍ പ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു പുല്ലാട്ടു ലഹള, പെരിനാട്ടു ലഹള, ഊരൂട്ടമ്പലം ലഹള തുടങ്ങിയ അയ്യന്‍കാളിയുടെ ഐതിഹാസി കമായ സമരങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി മാര്‍ക്‌സിസത്തിന് അവതാരിക എഴുതിയെന്ന് അവകാശപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുലയര്‍ക്കോ അവരുടെ സ്വാതന്ത്ര്യത്തിനോ അനുകൂലമായി ഒരു വാക്കെങ്കിലും എഴുതിയിട്ടുള്ളതായി വേണുഗോപാലന് ഈ ലേഖനത്തില്‍ ഉദ്ധരിച്ചു ചേര്‍ക്കാന്‍ കഴിയാതെ പോയതുതന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ തൂലിക അധസ്ഥിതര്‍ക്ക് അനുകൂലമായി ചലിപ്പിച്ചിരുന്നില്ലെന്നതിനുള്ള തെളിവാണ്.

കെ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായി ചുമതലയേറ്റത് 1906 ജനുവരി 17 നാണ്. അദ്ദേഹത്തെ നാടുകടത്തുന്നതും പത്രം കണ്ടുകെട്ടുന്നതും 1910 സെപ്തംബര്‍ 26 ന് ആയിരുന്നു. ഏതാണ് 5 വര്‍ഷം കെ രാമകൃഷ്ണപിള്ള ഒരു പ്രബലമായ പത്രത്തിന്റെ പത്രാധിപരായിരുന്നിട്ട് അയ്യന്‍കാളിക്കോ അയിത്തജാ തിക്കാര്‍ക്കോ അനുകൂലമായി ഒരക്ഷരമെങ്കിലും എഴുതിയിട്ടുള്ളതായി ദേശാഭിമാനി പത്രത്തിനോ വോണുഗോപാലനെപോലെയുള്ള വ്യാജപ്രചാരകന്മാര്‍ക്കോ തെളിയിക്കാന്‍ കഴിഞ്ഞി്ില്ല. മാത്രമല്ല, വേണുഗോപാലന്‍ തന്റെ ലേഖനത്തില്‍ നിഷേധിക്കാന്‍ ശ്രമിക്കുന്ന അയിത്തജാതിക്കാരുടെ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ സ്വദേശാഭിമാനി സ്വീകരിച്ച നിലപാട് ലേഖകന്‍ പറയുന്നതും രാമകൃഷ്ണപിള്ള എഴുതിയിട്ടുള്ളതും കപട പ്രചാരകന്മാരുടെ പൊയ്മുഖം പിച്ചിച്ചീന്താന്‍ പര്യാപ്തവുമാണ്. 

'പുലയന്‍ പഠിക്കാന്‍ പാടില്ല, അവര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ചത് തെറ്റാണ്, അവര്‍ കൃഷിപ്പണി തന്നെ ചെയ്യട്ടെ, സവര്‍ണക്കുട്ടികളുടെ കൂടെ പുലയക്കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത് സാംസ്‌കാരിക വിരുദ്ധതയാണ് എന്നൊക്കെ രാമകൃഷ്ണപിള്ള എഴുതിയെന്നാണല്ലോ ആരോപണങ്ങള്‍' എന്ന് വേണുഗോപാലന്‍ ചോദിക്കുന്നു. മാത്രമല്ല, മേല്പ്പറഞ്ഞവയെല്ലാം കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും 'രാമകൃഷ്ണപിള്ള അധഃസ്ഥിത സമുദായ വിരോധിയാണെന്നും സവര്‍ണ ഹിന്ദു മനസ്ഥിതിക്കാരനാണെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ മനപ്പൂര്‍വമായി ചിലര്‍ കെട്ടിച്ചമച്ച് അധഃസ്ഥിതരുടേയും അയ്യന്‍കാളിയുടേയും ആത്മമിത്രമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തേജോവധം ചെയ്യുന്നതില്‍ മനംനൊന്ത് ദേശാഭിമാനി' പത്രവും ടി വേണുഗോപാലനും അയ്യന്‍കാളിയുടേതായി ഒരു വ്യാജക്കത്ത് ചമച്ച് സ്വദേശാഭിമാനിയുടെ അവശജനോദ്ധാരണത്തിനുള്ള സാക്ഷിപത്രമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ താന്‍ പത്രാധിപരായിരുന്ന പത്രത്തില്‍ക്കൂടി 1907 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ഉദ്യോഗസ്ഥന്മാര്‍ മറച്ചുവെക്കുകയും ചെയ്ത അയിത്തക്കാരുടെ സ്‌കൂള്‍ പ്രേവശനാനുവാദ ത്തെക്കു റിച്ചോ, 1908 ല്‍ അയ്യന്‍കാളി സ്ഥാപിച്ച പുലയ പള്ളിക്കൂടത്തെക്കുറിച്ചോ, 1909 ലെ വിദ്യാഭ്യാസ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ രാമകൃഷ്ണപിള്ള അധസ്ഥിതര്‍ക്ക് അനുകൂലമായി ഒരക്ഷരം ഉരിയാടിയതായി രേഖയില്ല! വീണ്ടും 1910 ല്‍ അധഃകൃത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനാനുമതി ലഭിക്കുകയും അത് നടപ്പിലാവുകയും ചെയ്തപ്പോള്‍ രാമകൃഷ്ണപിള്ള ജ്വലിക്കുകയും തൂലിക ചലിക്കുകയും താഴെപ്പറയും പ്രകാരം 1910 മാര്‍ച്ച് 2 ആം തിയതി തന്റെ പത്രത്തില്‍ മുഖപ്രസംഗമായി എഴുതുകയും ചെയ്തു.

'........ ആചാര്യകാര്യത്തില്‍ സാര്‍വജനീനമായ സമത്വം അനുഭവപ്പെടണമെന്നു വാദിക്കുന്നവര്‍ ആ സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളില്‍ അവരുടെ കുട്ടികളെ അവരുടെ വര്‍ഗയോഗ്യതകളെ തരം തിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്ന് ശഠിക്കുന്നതിനെ അനുകൂലിക്കാന്‍ ഞങ്ങള്‍ യുക്തികാണു ന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷിചെയ്തിട്ടുള്ള ജാതിക്കാരേയും എത്രയോ തലമുറകളായി നിലംകൃഷിചെയ്തു വന്നിരുന്ന ജാതിക്കാരേയും തമ്മില്‍ ബുദ്ധികൃഷി കാര്യത്തിന് ഒന്നായി ചേര്‍ക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു'* (ടി എച്ച് പി ചെന്താരശ്ശേരി - അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യ സമരങ്ങള്‍ - മാതൃഭൂമി പ്രസിദ്ധീകരണം - പേജ് 111)

ആരെയെല്ലാമാണ് രാമകൃഷ്ണപിള്ള കുതിരയായും പോത്തോയും നിര്‍വചിച്ചിരി ക്കുന്നതെന്ന് മനസിലാക്കാന്‍ ജാതിബാധയേറ്റ് ഉറഞ്ഞു തുള്ളുന്നവര്‍ക്ക് കഴിയാതെ പോകുന്നതില്‍ പരിതപിക്കുകയേ മാര്‍ഗമുള്ളൂ. ഇനിയും 1911 മുതല്‍ 34 വരെ 23 വര്‍ഷം നിയമസഭാംഗമായിരുന്ന അയ്യന്‍കാളി, അദ്ദേഹം സാമാജികനായിരുന്ന കാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളയുടെ നിലപാട് ശരിയും, അയാളെ നാടുകടത്തിയ രാജാവിന്റെ നിലപാട് തെറ്റും ആയി ചിത്രീകരിക്കുന്ന ഒരു കത്ത് എഴുതുകയില്ലായെന്നും, അങ്ങനെ എഴുതിയാല്‍ എംഎല്‍സി സ്ഥാനം നഷ്‌പ്പെടുക മാത്രമല്ല, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടാനും ഇടയാകുമെന്ന് മനസിലാക്കാനുള്ള വിവേകം അയ്യന്‍കാളിക്ക് ഇല്ലായിരുന്നുവെന്ന് കരുതാന്‍ പറ്റില്ല. അയ്യന്‍കാളിയുടേതായി ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന കത്ത് ശ്‌രദ്ധിക്കുക:-

കത്ത് ഇതാണ്:-

'... തിരുവിതാംകൂര്‍ സാധുജനപരിപാലന സംഘം സിക്രാട്ടറി ബോധിപ്പിച്ചുകൊള്ളുന്നത്. ഈ തിരുവിതാംകൂറില്‍ പൊതുജന പ്രാതിനിധ്യം വഹിക്കുന്നവരായി ഒട്ടനവധി വര്‍ത്തമാന പത്രപ്രവര്‍ത്തകന്മാര്‍ ഉണ്ട്. എന്നിരുന്നാലും പൊതുജന പ്രതിനിധി എന്നുള്ള നിലയില്‍ ഉള്ളവണ്ണം ഏതുകാര്യങ്ങളും സധൈര്യം പ്രസ്താവിച്ചുകൊള്ളു ന്നതായി അവിടുത്തെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല എന്നുള്ളതും ഈ രാജ്യത്തിലെ സ്വദേശികളും അഗതികളുമായ ഞങ്ങള്‍ക്കുവേണ്ടി ആനുകൂല്യമായ ലേഖനങ്ങള്‍ അധികമായി പ്രസിദ്ധപ്പെടുത്തീട്ടുള്ളത് അവിടെ ഒഴികെ മറ്റാരും ഇല്ലെന്നുള്ളതും തീര്‍ച്ചയാണ്. ഉള്ളതു പറയുന്നവര്‍ക്കു കഞ്ഞിക്കു പറ്റില്ല എന്നു പറഞ്ഞകൂട്ടത്തില്‍ നിഷ്പക്ഷവാദിയും, നീതിജ്ഞനുമായ എജമാന്‍ അവര്‍കളെ ഈ രാജ്യത്തുനിന്നും അകറ്റുന്നതിന് മറ്റുള്ളവര്‍ ഇടയാക്കിയതില്‍ വിശേഷിച്ചും പുലയജാ തിക്കാരായ ഞങ്ങള്‍ എല്ലാവര്‍ക്കും ഏതാപല്‍പര്യന്തമുള്ള അവര്‍ണനീയ സങ്കടത്തെ സര്‍വശക്താനായ ജഗദീശ്വരന്‍ തന്നെ തീര്‍ക്കുമെന്ന് ആശംസിക്കുന്നു. എജമാനന്‍ അവര്‍കളുടെ ബഹിഷ്‌കരണത്തെ സംബന്ധിച്ച് ഇക്കഴിഞ്ഞ പ്രജാസഭയില്‍ പോലും എന്തെങ്കിലും പ്രസ്താവിക്കത്തക്ക വിധത്തില്‍ ആരും ശ്രമിച്ചിട്ടില്ലാത്ത സ്ഥിതിക്ക് എന്റെ സങ്കടത്തെ ഈ ലേഖനത്തില്‍ തുറന്നു പറയുന്നതിനു തന്നെയും ഞാന്‍ വളരെ ഭയപ്പെടുന്നു.

യജമാനന്‍ അവര്‍കളുടെ മുഖത്തെ ഒരിക്കല്‍ക്കൂടി കാണ്‍മാന്‍ ജഗദീശ്വരന്‍ ഇടവരുത്തുമെന്നു വിശ്വസിക്കയും അതിനായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു......'

കാല്പനിക സൃഷ്ടിയായ ഈ കത്തിലൂടെ ഇതിന്റെ ഉപജ്ഞാതാക്കള്‍ ശ്രമിക്കുന്നത് കെ രാമകൃഷ്ണപിള്ളയെപ്പോലെയുള്ള സവര്‍ണരുടെ പിന്തുണകൊണ്ടാണ് അയ്യന്‍കാളിയും സാധുജനപരിപാലന സംഘവും അവര്‍ നടത്തിയ മനുഷ്യാവകാശ - വിമോചന സമരങ്ങളും മുന്നോട്ടു നീങ്ങിയതെന്ന് സ്ഥാപിക്കാനാണ്. മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അയിത്തജാതിക്കാരനായ തന്നെ നിയമസഭാ സാമാജികനാ ക്കുകയും നിവേദനങ്ങള്‍ സ്വീകരിച്ചുകൊണ്ട് വഴിനടക്കാനും വിദ്യാഭ്യാസത്തിനും മറ്റും സ്വാതന്ത്ര്യം അനുവദിച്ചു തന്ന, സ്വദേശാഭിമാനിയെപ്പോലുള്ള സവര്‍ണ ഫാസിസ്റ്റു കളുടെ ക്രൂരദംഷ്ട്രങ്ങളില്‍ നിന്നും അല്പമെങ്കിലും മോചനം തന്ന, രാജാവിനേയും ദിവാനേയും അവഹേളിക്കുന്ന നന്ദികെട്ടവനായി അയ്യന്‍കാളിയെ നാളെയുടെ ചരിത്രവിദ്യാര്‍ത്ഥികള്‍ കാണണമെന്നും, രാമകൃഷ്ണപിള്ളയെപ്പോലുള്ളവരുടെ ആശ്രിതനായിരുന്നു അയ്യന്‍കാളിയെന്ന് വരുത്തിത്തീര്‍ക്കണമെന്നതുമാണ് ദേശാഭിമാ നിയുടേയും മറ്റും ഇത്തരം 'കണ്ടെത്തലുകള്‍'ക്ക് പിന്നിലുള്ളത്. അയ്യന്‍കാളിയേയും, കെ വി പത്രോസിനേയും മറ്റും മറന്നുകൊണ്ട് അയിത്തജാതിക്കാരെ മുണ്ടുടുക്കാന്‍ പഠിപ്പിച്ചതുവരെ തങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്ന എട്ടുകാലി മാമ്മൂഞ്ഞുമാരുടെ പട്ടിക നീണ്ടതാണല്ലോ.

സ്വദേശാഭിമാനിയുടെ ബുദ്ധികൗശലത്തെക്കുറിച്ച് ഒരു കഥയുണ്ട്. ദിവാന് എതിരായി ഒരിക്കലദ്ദേഹം പത്രത്തിലെഴുതിയപ്പോള്‍ 'രാജമാന്യരാജരാജശ്രീ' എന്നതിനു പകരം 'രാജമാന്യരാജ ജാരശ്രീ' എന്നെഴുതി. ദിവാന്‍ ക്ഷോഭിച്ച് നപടികളാരം ഭിച്ചപ്പോള്‍ 'ജാരശ്രീ' എന്ന് പത്രത്തില്‍ വന്നത് 'അച്ചി' പിശകുകൊണ്ടാണെന്ന് തിരുത്തു കൊടുത്തു. അതോടെ ദിവാന്‍ വാളുവെച്ച് കീഴടങ്ങിപോലും. 

അയ്യന്‍കാളിയോടു മാത്രമല്ല സ്വദേശാഭിമാനി വര്‍ഗീയതവെച്ച് പെരുമാറിയത്. അയിത്തജാതിക്കാര്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്കി അറിവും സംസ്‌കാരവും ഉള്ളവരാക്കി മാറ്റി സ്വന്തദേശത്തിന് അഭിമാനകരമായ അവസ്ഥയുളവാക്കാന്‍ സ്വദേശാഭിമാനി ആഗ്രഹിച്ചില്ല എന്നു മാത്രമല്ല രാജ്യത്തു നിലവിലിരുന്ന തീണ്ടലും തൊടീലും മറ്റനാചാരങ്ങളും അവസാനിപ്പിക്കുന്നതിനും അദ്ദേഹം എതിരായിരുന്നു. മനു സിദ്ധാന്തങ്ങളിലധിഷ്ഠിതമായി അസമത്വങ്ങള്‍ നിലനില്ക്കുന്നതും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ആചരിക്കുന്നതുമായ ഒരു സവര്‍ണ ഫാസിസ്റ്റ് വ്യവസ്ഥിതിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രതിനിധീകരിച്ചിരുന്നത് എന്നതിന് മറ്റൊരു തെളിവുകൂടി ചുവടെ ചേര്‍ക്കുന്നു.

ചണ്ഡാലസമുദായത്തില്‍ നിന്നും ഉയര്‍ന്നുവന്നവരില്‍ ഏറ്റവും ശ്രദ്ധേയനായ കവിതിലകനാണ് കെ പി കറുപ്പന്‍ (1885 - 1938). ഉന്നത വിദ്യാഭ്യാസം നേടിയ പണ്ഡിറ്റ് കറുപ്പന്‍ 17 ആം വയസില്‍ ആദിശങ്കരാചാര്യരുടെ മനീഷാപഞ്ചകത്തിന് ബദല്‍ 'ജാതിക്കുമ്മി' എഴുതിയ വിപ്ലവകാരിയാണ്. അദ്ദേഹം 'ബാലകലേശം' എന്ന പ്രസിദ്ധമായ ഒരു നാടകം എഴുതി അവതരിപ്പിച്ചു. അതില്‍ അയിത്തമാചരിച്ച ഒരു ബ്രാഹ്മണനെ തൂക്കിക്കൊല്ലാന്‍ മഹാരാജാവ് വിധിക്കുന്നതായി എഴുതിയിരുന്നു. ബ്രാഹ്മണന്‍ എന്തുകുറ്റം ചെയ്താലും ശിക്ഷാവിധി ഇല്ലാതിരുന്ന രാജ്യമാണ് കേരളം. മാത്രമല്ല 1861 ലാണ് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് മോഡല്‍ ക്രിമിനല്‍ പ്രസീഡിയന്‍ കോഡ് അംഗീകരിക്കപ്പെട്ടത്. അതിന്റെയര്‍ത്ഥം 1861 വരെ ബ്രാഹ്മണനോ നായരോ സമാനജാതിക്കാരോ ചെയ്യുന്ന കുറ്റങ്ങളൊന്നും ശിക്ഷയര്‍ഹിക്കുന്നവയോ അവരെ ശിക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ കൊലപാതകവും മറ്റും ചെയ്താല്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഇടപെട്ട് ശാസിക്കുക മാത്രം ചെയ്തിരുന്നു. പണ്ഡിറ്റ് കെ പി കറുപ്പന്‍ ജനിക്കുന്നതിന് 24 കൊല്ലം മുമ്പുമാത്രം ഉണ്ടായ ക്രിമിനല്‍ ശിക്ഷാ നിയമംകൊണ്ട് കൊലപാതകമോ, ബലാത്സംഗമോ നടത്തിയാല്‍ സവര്‍ണരെ ചോദ്യം ചെയ്യാനുള്ള അധികാരം പണ്ഡാരം വക ഉദ്യോഗസ്ഥന്മാര്‍ക്കും രാജാവിനും ലഭിച്ചത്. ആ നിലക്ക് അയിത്തം ആചരിക്കുന്നത് നിയമവിധേയമായിരിക്കുന്ന രാജ്യത്ത് അയിത്തമാചരിക്കുന്ന ബ്രാഹ്മണനെ തൂക്കിക്കൊല്ലണമെന്ന് കഥയെഴുതിയ പണ്ഡിറ്റ് കറുപ്പനെ തൂക്കിക്കൊല്ലണ മെന്നായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നിലപാട്. അദ്ദേഹം കറുപ്പനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വദേശാഭിമാനിയില്‍ മുഖപ്രസംഗമെഴുതി (*കുട്ടനാട്ടെ രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന ഗ്രന്ഥത്തിന്റെ 166 ആം പേജില്‍ കെ പി കറുപ്പനും രാമകൃഷ്ണപിള്ളയും തമ്മില്‍ നടന്ന 'ബാലകലേശവാദം' പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. * ഈ ലേഖകന്റെ 'വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം' കാണുക.) അങ്ങനെ അയിത്തജാതിക്കാരന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനെതിരെ മാത്രമല്ല അയിത്താചാര വിരുദ്ധ ശ്രമങ്ങളെത്തന്നെ എതിര്‍ത്ത സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പോലും അയ്യന്‍കാളിയുടേയും കെ പി കറുപ്പന്റേയും അധഃസ്ഥിതരുടേയും മത്രമാണെന്ന് സ്ഥാപിക്കുകയും സവര്‍ണരുടെ യജമാനത്തം അവര്‍ണരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യാന്‍ ദേശാഭിമാനിയും മറ്റും പരമാവധി ശ്രമങ്ങളിലേര്‍പ്പെ ട്ടിരിക്കുകയാണ്. 

* കല്ലറ സുകുമാരന്റെ 'വൈക്കം സത്യാഗ്രഹം' എന്ന ഗ്രന്ഥത്തില്‍ നിന്നും