"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 23, വെള്ളിയാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാ സഭാ പ്രസംഗങ്ങള്‍ ;13 ഫെബ്രുവരി 1917 - പുലയര്‍ക്ക് പതിച്ചു നല്‍കിയ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ നടപടി വേണംശ്രീ അയ്യന്‍കാളി (Member Nominated)

1917 ഫെബ്രുവരി മാസം 13-ാം തീയതി കൂടിയ അസംബ്ലി സമ്മേളനത്തില്‍ ഭൂമി പതിച്ചു കിട്ടാന്‍ പുലയരനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ശ്രീ. അയ്യന്‍കാളി വളരെ വാചാലമായി സംസാരിച്ച് അദ്ദേഹം ഒരു കാര്യം അധികൃതരെ ഗൗരവതരമായി ഓര്‍മ്മിപ്പിച്ചു. വിളപ്പില്‍ പകുതിയില്‍ പുലയര്‍ക്കു പതിച്ചു നല്‍കാന്‍ ഗവണ്‍മെന്റനുവദിച്ച ഭൂമിയില്‍ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് കാട്ടുന്ന കാലതാമസം നിമിത്തം പ്രസ്തുത ഭൂമി സമീപഭാവിയിലൊരിക്കലും പുലയരുടെ കൈവശമാകാനിടയില്ല. അതിനാലവരുടെ ഈ വിഷയത്തിലുള്ള ബുദ്ധിമുട്ടുകളും സങ്കടങ്ങളുമകറ്റാന്‍ ഗവണ്‍മെന്റ് അനുകൂല

ഉത്തരവിറക്കേണ്ടതാണ്. കൊല്ലം ഡിവിഷനിലെ കൊട്ടാരക്കരയിലും മറ്റു താലൂക്കുകളിലും അതുപോലെ തിരുവനന്തപുരം ഡിവിഷനില്‍ കഴക്കൂട്ടത്തും പുലയരുടെ പേരില്‍ പതിച്ചു നല്‍കാനുത്തരവായ ഭൂമി മറ്റു പലര്‍ക്കും നല്‍കിവരുന്നതായി ശ്രീ അയ്യന്‍കാളി മനസ്സിലാക്കിയതായി സഭയെ അറിയിച്ചു. റാന്നി,കോന്നി,മുണ്ടക്കയം എന്നീ സ്ഥലങ്ങളില്‍ ചില മലമ്പ്രദേശത്ത് ഭൂമിയില്‍ ചിലര്‍ വളരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി സജ്ജമാക്കിയെടുത്തിട്ടുണ്ട്. അവര്‍ക്ക് ആ പ്രദേശങ്ങള്‍ അവരുടെ പേരില്‍ പതിച്ചു നല്‍കാനുത്തരവുണ്ടാകണം. ഗവണ്‍മെന്റ് പുലയര്‍ക്കു പതിച്ചുനല്‍കുന്ന ഭൂമി അവരുടെ കൈകളില്‍ നിന്നു നഷ്ടപ്പെടാതിരിക്കാന്‍ എന്തെങ്കിലുമൊരു പോംവഴി ആസൂത്രണം ചെയ്യണമെന്നും അത്തരമൊരു ആസൂത്രിതപരിപാടികൊണ്ടു വിളപ്പില്‍ പകുതിയിലെ ഭൂമി പുലയര്‍ക്കു ലഭ്യമാകാനുള്ള പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്നും ശ്രീ.അയ്യന്‍കാളി വളരെ വിദഗ്ദ്ധമായി ഗവണ്‍മെന്റിനെ ഉത്‌ബോധിപ്പിച്ചു.

ദിവാന്റെ മറുപടി: - എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

അധ:സ്ഥിത ജനവിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് പുതുവല്‍, പുറംപോക്ക് എന്നീ വസ്തുക്കള്‍ പതിച്ചു നല്‍കുന്നതിനുള്ള സൗജന്യങ്ങള്‍.

ശ്രീ എബ്രഹാം ഐസക് (Member Nominated) ഇങ്ങനെ ഓര്‍മ്മിപ്പിച്ചു.

തന്റെ സമുദായം അവര്‍ക്കു വീടുവയ്ക്കാന്‍ വാസയോഗ്യമായ ഭൂമി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങള്‍ ഇതിനുമുമ്പു നല്‍കിയിരുന്നെങ്കിലും അവയൊന്നും അനുഭാവ പൂര്‍വ്വം പരിഗണിക്കപ്പെട്ടിട്ടില്ല. തരിശുഭൂമി കിട്ടാന്‍ അവര്‍ക്കു കഴിയാതെ പോയത് കൊള്ളാവുന്ന നല്ല ഭൂമിയൊക്കെ കൈക്കലാക്കുന്നതില്‍ സമൂഹത്തിലെ ഉന്നതജാതിക്കാരില്‍ സമ്പന്നരായ ആളുകള്‍ വിരുതു കാട്ടിയതിനാലാണ്. ഈ സമ്പന്നര്‍ ഭൂമി നേടിയെടുത്ത് അവരുടെയൊക്കെ പേരില്‍ പതിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ അധ:സ്ഥിതരായ ഏതാനും പേര്‍ക്ക് ഭൂമി ലഭിക്കാനിടയായത് മതപരിവര്‍ത്തനം ചെയ്യുന്ന ചില ഉപകാരികളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടു മാത്രമാണ്. ചങ്ങനാശ്ശേരി താലൂക്കിലെ മഞ്ചാടിക്കര പകുതി വൈക്കം താലൂക്കിലെ വടയാര്‍ പകുതി,മൂവാറ്റുപുഴ താലൂക്കിലെ പിറവം പകുതി, പീരുമേടു താലൂക്കിലെ കാഞ്ഞിരപ്പള്ളി പകുതി, കോട്ടയം താലൂക്കിലെ ഐമനം പകുതി, ചേര്‍ത്തല താലൂക്കിലെ അരിയാടു പകുതി, ചെങ്ങന്നൂര്‍ താലൂക്കിലെ റാന്നി പകുതി എന്നീ സ്ഥലങ്ങളിലെ ചില പ്രദേശങ്ങളിലെ ഭണ്ഢാരവക തരിശുഭൂമിയിലെ വസ്തുക്കളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അധ:സ്ഥിത ജനവിഭാഗത്തിലെ മതപരിവര്‍ത്തിതരായ ആളുകള്‍ അധിവാസമുറപ്പിക്കുകയും പ്രസ്തുത വസ്തുക്കളൊക്കെ നന്നാക്കിയെടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. എന്നാല്‍ തുടര്‍ന്നു എല്ലാത്തരത്തിലും സ്വാധീനമുള്ള ചിലയാളുകള്‍ ഈ പറഞ്ഞ ഭൂമി പുറം പോക്കും മേച്ചില്‍ സ്ഥലങ്ങളുമൊക്കെയാണെന്നയടിസ്ഥാനത്തില്‍ അവരെ അവിടെനിന്ന് ആട്ടിപ്പായിക്കയാണുണ്ടായത്. എന്നിട്ട് ഇക്കൂട്ടര്‍ ആ സ്ഥലങ്ങള്‍ അവര്‍ക്കു പതിച്ചുകിട്ടാനപേക്ഷിക്കുകയും ചെയ്ത നെറികേട് മെമ്പര്‍ ചൂണ്ടിക്കാട്ടി. കനകപ്പലം എന്നറിയപ്പെടുന്ന 369/1,370/1 എന്നീ സര്‍വ്വേ നമ്പരുകളിലുള്ള വസ്തുക്കള്‍ പുലയവിഭാഗത്തിലെ മതപരിവര്‍ത്തിതര്‍ നന്നാക്കിയെടുത്തിട്ടതും അവര്‍ അവിടങ്ങളില്‍ കൃഷിയിറക്കി ജീവിച്ചുപോന്നിരുന്നതുമാണ്. അതിനുവേണ്ട ഗവ.മെന്റിലേക്കുള്ള അവരുടെ ബാധ്യതാഫീസ് മുണ്ടക്കയം കോടതിയില്‍ കെട്ടിവച്ചിട്ടുള്ളതുമാണ്. പക്ഷേ ക്രിസ്ത്യാനികളും, മുഹമ്മദീയരുമായ ആളുകള്‍ അവരെ ബലം പ്രയോഗിച്ച് ഇറക്കി വിടുകയും അവിടങ്ങളില്‍ റബറും മറ്റും വച്ചു പിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ പറഞ്ഞ പരാതി പ്രകാരം അവരനുഭവിക്കുന്ന കഷ്ടതകളില്‍ നിന്ന് അവരെ രക്ഷിക്കുന്നതിന് ഗവണ്‍മെന്റ് മുണ്ടക്കയം മജിസ്‌ട്രേറ്റിന് അടിയന്തിര ഉത്തരവു കൊടുക്കേണ്ടതാണ്. തന്റെ സമുദായക്കാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുന്നതിനുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുകൂടി അദ്ദേഹമഭ്യര്‍ത്ഥിച്ചു. കൂടാതെ മഞ്ചാടിക്കര പകുതിയില്‍ എണ്ണക്കാച്ചിറ, വടയാര്‍ പകുതിയില്‍ കുട്ടന്‍ചിറചാല്‍ എന്നിവ മേല്‍പറഞ്ഞ മതപരിവര്‍ത്തിതര്‍ക്കു കൃഷി ചെയ്യാന്‍ മറ്റപേക്ഷകരെക്കാള്‍ മുന്‍ഗണന നല്‍കി അനുവദിച്ചു പതിച്ചു നല്‍കണമെന്നും ശ്രീ എബ്രഹാം ഐസക് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ദിവാന്റെ മറുപടി: - പറഞ്ഞതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്

ഭൂമി സര്‍വ്വേ ചെയ്ത് പാര്‍പ്പിടം നല്‍കുന്നതിലും 1091 ലെ ഭൂസംരക്ഷണ നിയമം കഢ നടപ്പാക്കുന്നതിലുമുണ്ടായ വിഷമതകള്‍.

ശ്രീ ജി.ഹരിഹര അയ്യര്‍. ബി.എ, ബി.എല്‍ (Member Perur Taluk)

. ഇങ്ങനെ പറയുകയുണ്ടായി. : - കോട്ടയം ഡിവിഷനിലെ ഒന്നിലധികം മെമ്പറന്മാര്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. അടുത്തിടെയുണ്ടായ പാര്‍പ്പിടം നല്‍കല്‍ പദ്ധതിയിലും അതിനോടനുബന്ധിച്ചു നടന്ന മാറ്റങ്ങള്‍ക്കുമെല്ലാം റവന്യൂ ഭൂമി സമ്പ്രദായത്തില്‍ സ്വീകരിച്ച തത്വമെന്നു പറയുന്നത് നല്ലവയെ ഉയര്‍ത്തിപ്പിടിക്കുക, പിശകുള്ളവയെ മാറ്റുക കേടുപാടുള്ളവയെ പരിഹരിക്കുക എന്നതാണ്. ആളുകളെ അധിവസിപ്പിക്കുന്ന പ്രക്രിയക്ക് ഒരു ശാസ്ത്രീയമായ സമീപനമാണ് സ്വീകരിച്ചത്. കൃഷിയിറക്കിയിട്ടുള്ള ഭൂമിക്കുള്ളിലുള്ള എല്ലാ സ്ഥലങ്ങളും അളന്നു തിട്ടപ്പെടുത്തി അതിന്റെ പടം വരച്ച് കൃത്യമായി രേഖപ്പെടുത്തി ഒരു പുതിയ റെക്കാര്‍ഡാക്കി അതിന്റെ കൃത്യമായ അളവും അതിരുകളുമുണ്ടാക്കി സൂക്ഷിക്കാനുള്ള ഉത്തരവിറക്കിയിട്ടുണ്ട്. 1040 ങ.ഋ. ലെ, തിരുവിതാം കൂര്‍ കര്‍ഷകരുടെ 'മാഗ്നാകാര്‍ട്ട' വിളംബരം പാട്ടക്കാരെ പാട്ടത്തില്‍ നിന്നൊഴിവാക്കി സ്വതന്ത്രമാക്കുകയുണ്ടായി. എന്ന് മെമ്പര്‍
ശ്രീ ജി.ഹരിഹരഅയ്യര്‍ വിവരിച്ചു.