"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 25, ഞായറാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 23 ഫെബ്രുവരി 1917

തിരുവിതാംകൂറിലെ പുലയരുടെ അവശതകള്‍

ശ്രീ അയ്യന്‍കാളി (Memebr Nominated)

1917 ഫെബ്രുവരി 23-ാം തീയതിയിലെ പ്രജാസഭാ സമ്മേളനത്തില്‍ ശ്രീ.അയ്യന്‍കാളി ഇപ്രകാരം തന്റെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുണ്ടായി.വിദ്യാഭ്യാസ പുരോഗതിക്കായി ഗവണ്‍മെന്റ് ധാരാളം നല്ല കാര്യങ്ങള്‍ പുലയര്‍ക്കായി ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് അതിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കാത്തയവ സ്ഥയുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങളൊക്കെ നടപ്പിലാക്കേണ്ട സ്‌കൂള്‍ ഹെഡ്മാസ്റ്ററന്മാരും, ഇന്‍സ്‌പെക്ടറന്‍മാരും പുലയരോട് യാതൊരനുകമ്പയുമി ല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പുലയരോടുള്ള അവരുടെ ഉചിതമല്ലാത്ത അത്തരം പെരുമാറ്റങ്ങളില്ലായിരുന്നുവെങ്കില്‍ പുലയ സമുദായത്തിനു കൂടുതല്‍ വിദ്യാഭ്യാസ പുരോഗതിയുണ്ടാകുമായിരുന്നെന്നതു തര്‍ക്കമറ്റ സംഗതിയാണ്.

ശ്രീ.അയ്യന്‍കാളി തുടര്‍ന്നു പറഞ്ഞു:- വ്യവസായകാര്യങ്ങളില്‍ വേണ്ടത്ര പരിശീലനം നല്‍കിയിരുന്നെങ്കില്‍ അത് ഈ സംസ്ഥാനത്തിനാകെ തന്നെ നല്ല ഉല്‍പ്പാദന പരമാകുമായിരുന്നു. കൃഷിയിലും കുടില്‍ വ്യവസായത്തിലും ശാസ്ത്രീയമായ പരിശീലനം നല്‍കണം. അതിനായി പുലയ കുട്ടികള്‍ക്ക് നിരവധി സ്‌കോളര്‍ഷിപ്പുകള്‍ കൊടുക്കുക തന്നെ വേണം.

അനുകൂലമായ ഗവണ്‍മെന്റുത്തരവുകളുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ ചെല്ലുന്നതില്‍ മറ്റുള്ളവര്‍ അതൃപ്തി കാട്ടുന്നതില്‍ തന്റെ സമുദായക്കാര്‍ വിഷമതകളനുഭവിക്കേണ്ടി വരുന്ന കാര്യം ശ്രീ അയ്യന്‍കാളിയറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കരുദ്യോഗസ്ഥര്‍ വേണ്ട സഹായനടപടികള്‍ ചെയ്യുന്നില്ലെന്നും അതുകൊണ്ട് തന്റെ സമുദായക്കാരോട് കൂടുതല്‍ അനുകമ്പ കാട്ടാന്‍ മറ്റുള്ളവര്‍ ശ്രമിക്കേണ്ടതാണെദ്ദേഹം എല്ലാവരേയു മോര്‍മ്മിപ്പിച്ചു. എന്നാല്‍ അവസാനമായി, മെമ്പര്‍ പുലയരുടെ നന്മയ്ക്കായി ഗവണ്‍മെന്റു ചെയ്ത എല്ലാ കൃപകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗമവസാനി പ്പിച്ചത്.

ശ്രീമൂലം പ്രജാസഭയുടെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തണമെന്ന
നിര്‍ദ്ദേശങ്ങള്‍ 


ശ്രീ ഇ.കെ.വേലായുധന്‍പിള്ള ആഅആഘ (Member Nominated)

ഇങ്ങനെ അഭിപ്രായപ്പെട്ടു: ഈ സഭ നിലവില്‍ വന്നിട്ട് ഇന്നേക്കു പന്ത്രണ്ട് വര്‍ഷമായി. ഇക്കാലഘട്ടത്തില്‍ സഭയ്ക്ക് ഉപയോഗപ്രദമായ പ്രവര്‍ത്തനങ്ങളുടെ വളരെശ്രേഷ്ഠമായ ചരിത്രമാണുള്ളത്. സഭാമെമ്പറന്മാര്‍ അവരുടെ സഭ്യവും മിതവുമായ ഭാഷകളിലൂടെ പ്രകടിപ്പിച്ചിട്ടുള്ള പൊതു താല്പര്യങ്ങളും, ദേശസ്‌നേഹവുമെല്ലാം തുടരെ തുടരെ വന്ന എല്ലാ ദിവാന്മാരും അഭിനന്ദിച്ചിട്ടുണ്ടെന്നു കാണാവുന്നതാണ്. ഇത്തരം മെമ്പറന്മാര്‍ തങ്ങള്‍ക്കു കിട്ടിയ പ്രത്യേകവകാശത്തിന്മേല്‍ പ്രകടിപ്പിക്കുന്ന നന്മയും മിതവ്യയവുമെല്ലാംകൊണ്ട് അസംബ്ലി തന്നെ സ്വയം കരുത്താര്‍ജ്ജിച്ച് പൊതുഭരണ ത്തിലിടപെട്ട് പൊതുകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. കൂടാതെ ഇക്കൊല്ലം അസംബ്ലി അതിന്റെ വളരെ നിര്‍ണ്ണായകമായ ഒരു സ്ഥിതി വിശേഷത്തിലിരിക്കയാണ്. കഴിഞ്ഞ കാലങ്ങളില്‍ അസംബ്ലിക്കുണ്ടായ അഭിമാനകരമായ ഉന്നത നേട്ടങ്ങളില്‍ പൊതുജനങ്ങള്‍ പ്രകടിപ്പിച്ച താല്പര്യം വളരെ വേഗത്തില്‍ നഷ്ടപ്പെട്ടിരിക്കുകയും അസംബ്ലിയുടെ നടപടിയുടെ പ്രയോഗവല്‍ക്കരണത്തില്‍ ജനങ്ങള്‍ക്ക് കടുത്ത സംശയമുണ്ടായിരിക്കുകയുമാണ്. ആളുകള്‍ സങ്കടപരിഹാരത്തിനായി വകുപ്പു തലവന്മാര്‍ക്കു പരാതി കൊടുത്തു കൊണ്ടിരുന്ന നടപടി ഇപ്പോള്‍ അസംബ്ലിയുടെ പരിപാടിയാക്കി മാറ്റിയതു ചെലവേറിയ ഒന്നായി ജനങ്ങള്‍ മനസ്സിലാക്കുന്നു. തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥരും അനുദ്യോഗസ്ഥരുമായ പൊതുജനങ്ങള്‍ക്കായി വര്‍ഷം തോറും നടത്തുന്ന ഘോഷയാത്ര വളരെ ഭീമമായ പണച്ചെലവുണ്ടാക്കു ന്നതാണ്. ഇതു നിര്‍വ്വഹിക്കുന്നതു പൊതുതാല്പര്യത്തിന്മേലല്ല. അതിനാല്‍ ജനങ്ങളുടെ പൊതുവിശ്വാസമാര്‍ജ്ജിക്കാനായി മെമ്പര്‍ മുമ്പോട്ടു വച്ച ലഘുവായൊരു നിര്‍ദ്ദേശമെന്നു പറയുന്നത് അസംബ്ലിയുടെ ഭരണഘടനയിലും അതിന്റെ നടത്തിപ്പിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തണമെന്നതാണ്.

മേല്‍പറഞ്ഞ കാര്യത്തിന് ആദ്യമായി ചെയ്യേണ്ടത് എല്ലാ വകുപ്പു തലവന്മാരും അസംബ്ലിയുടെ നടപടി ക്രമങ്ങളില്‍ വളരെ സജീവമായി പങ്കെടുക്കണമെന്നതാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ ഇന്നുവരെ വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു-കളിക്കാരാ യിരുന്നില്ല. പൊതുജനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരുദ്യോഗസ്ഥരും തെരഞ്ഞെടുക്കപ്പെട്ട അംഗീകൃത മെമ്പര്‍മാരും തമ്മില്‍ പ്രശ്‌നങ്ങള്‍ പ്രജാസഭ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച ചെയ്യുന്ന രീതി ആരോഗ്യകരമായ ഒരു പുതിയ തുടക്കമായിരിക്കുമെന്നു മെമ്പര്‍ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ളൊരു മാറ്റം അസംബ്ലിയുടെ തന്നെ കുറ്റമറ്റതും യഥാര്‍ത്ഥവുമായ ഒരു രീതിയായി മാറുമ്പോള്‍ അത് അസംബ്ലിയുടെ അഭിമാനമുയര്‍ത്തുക തന്നെ ചെയ്യും.

രണ്ടാമതായി അനുവര്‍ത്തിക്കേണ്ടത് ഗവണ്‍മെന്റും പ്രജകളും തമ്മില്‍ കൂടുതല്‍ ചോദ്യങ്ങള്‍ കൈമാറാനുള്ള കൂടുതലവസരങ്ങളുണ്ടാക്കണമെന്നതാണ്. അതിനുവേണ്ടി സഭ വര്‍ഷത്തില്‍ രണ്ടു തവണ സമ്മേളിക്കുന്നതു നല്ലതാണ്. ഈ ലക്ഷ്യത്തോടെ ആദ്യമാരംഭിക്കുന്ന സഭയുടെ ജന്മദിനം അതായത് ആദ്യസഭ ഈ കന്നിമാസത്തില്‍ തന്നെ തുടങ്ങാം. അത്, ഇപ്പോഴത്തെ സഭാസമ്മേളനത്തിന്റെ കൂടെത്തന്നെ കൂട്ടിച്ചേര്‍ത്തുകൊണ്ടായിക്കൊള്ളട്ടെ. ഒരു തവണ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കൂടാതെ തന്നെ തുടര്‍ച്ചയായി മൂന്നു വര്‍ഷക്കാലം തുടരാനുള്ള ചട്ടമുണ്ടകണം.


ഇത്യാദി വിദഗ്ധമായ നിര്‍ദ്ദേശങ്ങളാണ് മെമ്പര്‍ ശ്രീ ഇ.കെ.വേലായുധന്‍ പിള്ള ബി.എ.ബി.എല്‍.നിര്‍ദ്ദേശിച്ചത്.

ദിവാന്റെ മറുപടി:- ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ആളുകള്‍ ഇഷ്ടപ്പെടുന്നതായി താങ്കള്‍ കരുതുന്നുണ്ടോ?.
മെമ്പര്‍ : അതെ സര്‍.