"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 8, വ്യാഴാഴ്‌ച

അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 24 ഫെബ്രുവരി 1915:പുലയര്‍ക്ക് സ്ഥിരവാസത്തിനു തടസ്സമായി നില്‍ക്കുന്ന പ്രതിബന്ധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന നടപടി
24 ഫെബ്രുവരി 1915

ഇപ്പോള്‍ പുലയര്‍ക്ക് ജനസംഖ്യാനുപാതികമായ മെമ്പറന്മാര്‍ സഭയിലില്ല , സംസ്ഥാനത്തെ മുഴുവന്‍ ജനസംഖ്യ വിലയിരുത്തിയാല്‍ പുലയര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയേ മതിയാകൂ. അവര്‍ അതിനര്‍ഹരാണ്.
ദിവാന്‍:- മേല്‍പറഞ്ഞ വിഷയം പരിഗണിക്കുന്നതായിരിക്കും.


പുലയര്‍ക്ക് സ്ഥിരവാസത്തിനു തടസ്സമായി നില്‍ക്കുന്ന
പ്രതിബന്ധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന നടപടി


ശ്രീ.അയ്യന്‍കാളി (Member Nominated)

മറ്റു സമുദായക്കാരെ ആശ്രയിച്ചാണ് തന്റെ സമുദായക്കാര്‍ കഴിയുന്നതെന്ന് അയ്യന്‍കാളി പറയുകയുണ്ടായി. ആര്‍ക്കും തന്നെ സ്വന്തമായി ഭൂമിയില്ല. നിലനില്പിനും താമസിക്കാനുമായി ഒരു തുണ്ടു ഭൂമിക്കുപോലും മറ്റുള്ളവരെ അവര്‍ ആശ്രയിക്കുന്നത് വളരെ ഗൗരവതരമായി കാണേണ്ടതാണ്. ഭൂമിയില്ലാത്ത ഈ അവസ്ഥ അവരുടെ ഭാവിജീവിതം സുഖകരമാക്കാനോ, സുരക്ഷിതത്വം ഉറപ്പുവരുത്താനോ സാധിക്കുമോ എന്ന ചിന്തയിലേക്കാണ് നമ്മെ നയിക്കുന്നത്. ഗവണ്‍മെന്റ് ഇവരുടെ ഈ ദു:സ്ഥിതി മനസ്സിലാക്കിയതിനാലാണ്, വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം പുലയര്‍ക്ക് കൊടുക്കാന്‍ നീക്കിവച്ചത് . അത് ഇന്നേക്ക് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഭൂമി നിര്‍ണ്ണയിക്കല്‍ ഇതുവരെയും തീര്‍ന്നിട്ടില്ല. ഈ ഭൂമി നാളിതു വരെയും പതിച്ചു നല്‍കപ്പെട്ടിട്ടില്ല. എത്രയും പെട്ടെന്ന് ഭൂമി പതിച്ചു നല്‍കാന്‍ അയ്യന്‍കാളി സഭയില്‍ അഭ്യര്‍ത്ഥിച്ചു.

ദിവാന്റെ മറുപടി

പറഞ്ഞതെല്ലാം രേഖപ്പെടുത്തിയുട്ടുണ്ട്.

തിരുവനന്തപുരത്ത് സ്വകാര്യമേഖലയിലോ ഗവണ്‍മെന്റിലോ
ഒരു ബാങ്ക് സ്ഥാപിക്കുന്നതിന്റെ ആവശ്യകത.


ശ്രീ ടി.എന്‍.മോത്ത (Member, Mr.T.N.Motha, Trading class, Trivandrum)

തിരുവനന്തപുരത്ത് കച്ചവടം കുറേയേറെ അഭിവൃദ്ധിപ്പെട്ടിട്ടുള്ളതിനാല്‍ ആളുകള്‍ക്ക് ഒരു ബാങ്കിന്റെ ആവശ്യം അത്യന്താപേക്ഷിതമായിരിക്കയാണെന്ന് മെമ്പര്‍ ശ്രീ മോത്ത പറയുകയുണ്ടായി. തിരുവനന്തപുരം കൊല്ലം റയില്‍വേയും, വലിയ തുറ കടല്‍പ്പാലവും പൂര്‍ത്തിയാകുന്നതോടുകൂടി തിരുവനന്തപുരം പട്ടണത്തിന്റെ പ്രാധാന്യം വളരെ വര്‍ദ്ധിക്കും. അപ്പോള്‍ എല്ലാ പ്രധാന ഭാഗങ്ങളുമായും വിശിഷ്യ വിദേശ രാജ്യങ്ങളുമായും വ്യാപാരം മെച്ചപ്പെടുക തന്നെ ചെയ്യും. ഹുണ്ടിക കച്ചവടക്കാര്‍ എന്നറിയപ്പെടുന്ന സമീപബാങ്കിലെ പണമിടപാടുകാരുടെ ഇടപാടുകള്‍ വന്‍കിടനഗരങ്ങളിലെ പണമിടപാട് നടത്തുന്ന ബാങ്ക് ഓഫ് മദ്രാസിന്റേതുപോലെ വിപുലമോ, വലിയ തരത്തിലുള്ളതോ അല്ലായെന്ന് മെമ്പര്‍ ശ്രീ റ്റി.എന്‍. മോത്ത എടുത്തുപറഞ്ഞു. ഗവണ്‍മെന്റ് ചുമതലയേറ്റാല്‍ മദ്രാസ് ബാങ്ക് അതിന്റെ ഒരു ശാഖ തിരുവനന്തപുരത്ത് തുറന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണ്. തിരുവനന്തപുരം സിറ്റിയുടെ താല്‍പര്യമനുസ്സരിച്ചു ഏതെങ്കിലും ഒരു ബാങ്കിന്റെ ശാഖ തുറക്കാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടുകയോ, അല്ലെങ്കില്‍ ഗവണ്‍മെന്റ് ഒരു ബാങ്ക് തുറക്കുകയോ ചെയ്യണമെന്ന് മെമ്പര്‍ അഭ്യര്‍ത്ഥിച്ചു.

ശ്രീ പി.ജോണ്‍ മാത്യു. (Member, Trading Classes, Aleppy)

നാടിന്റെ നാനാഭാഗത്തും കാണുന്ന ഹുണ്ടിക (പലചരക്കു കച്ചവടക്കാര്‍) (Hundi Merchants) വളരെ വലിയ പലിശയ്ക്കു കര്‍ഷകര്‍ക്കും മറ്റും പണവും നെല്ലുമൊക്കെ കടം കൊടുക്കുകയും, അവരില്‍നിന്ന് മൃഗീയമായ പലിശ ഈടാക്കുകയും ചെയ്യുന്നതിനാല്‍ ധാരാളമാളുകള്‍ നശീകരണത്തിന്റെ വഴിക്കു അകപ്പെടുകയും ചെയ്യുന്നുണ്ടെന്ന വസ്തുത മെമ്പര്‍ ശ്രീ പി.ജോണ്‍ മാത്യു ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഒരു സ്റ്റേറ്റ് ബാങ്കിന്റെ ആവശ്യകത സംജാതമായിരിക്കയാണ്. യുദ്ധം നടന്നതിനാല്‍ ആലപ്പുഴയില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടായിരിക്കുകയാണ്. ബാങ്കില്‍ നിന്ന് ധനവിനിയോഗ നോട്ടുകളും, നാണയങ്ങളും പിന്‍വലിക്കപ്പെടുകയും തല്‍ഫലമായി മാര്‍ക്കറ്റില്‍ ചെമ്പു നാണയങ്ങള്‍ മാത്രം ധാരാളമായി അവശേഷിക്കപ്പെടുകയും ചെയ്തു. ആ തരത്തിലുള്ള സാമ്പത്തിക വിനാശം ഒരു കേന്ദ്രബാങ്ക് സ്ഥാപിക്കുന്നതു വഴി മാത്രമേ പരിഹരിക്കാനാകൂ. 'അറ്ബുത്‌നോട്ട് ആന്റ് കമ്പനി' (Arbuthnot & Company) എന്ന സ്ഥാപനത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് തിരുവിതാംകൂറിനുണ്ടായ ഭീമമായ സാമ്പത്തികനഷ്ടം മെമ്പര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു. അത്തരം തകര്‍ച്ചകള്‍ ഒരു ബാങ്കിന്റെ അഭാവം കൊണ്ടുള്ളതാണെന്നും മെമ്പര്‍ പറയുകയുണ്ടായി. അദ്ദേഹം മൈസൂര്‍ സ്റ്റേറ്റ് ബാങ്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതുകൊണ്ട് അമ്പലങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഒരുപയോഗവുമില്ലാതെ കിടക്കുന്ന ഭീമമായ ധനത്തിന്റെ ഒരു ഭാഗം മാത്രം ചെലവഴിച്ചുകൊണ്ട് ഗവണ്‍മെന്റ് ഒരു സ്റ്റേറ്റ് ബാങ്ക് സ്ഥാപിക്കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.