"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 15, വ്യാഴാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 29 ബുവരി 1916


വിദ്യാഭ്യാസകാര്യത്തില്‍ പുലയരോട് സര്‍ക്കാര്‍ കൂടുതല്‍ കരുണ കാണിക്കണം


പൊതുവിദ്യാഭ്യാസത്തോടൊപ്പം സ്‌കോളര്‍ഷിപ്പു നല്‍കി കൃഷിയും വ്യവസായവും കൂടി പരിശീലിപ്പിക്കുകയാണെങ്കില്‍ അങ്ങനെ പരിശീലനം ലഭിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതനിലനില്പിന് അതു സഹായകകരമായിരിക്കും. ഓരോ താലൂക്കിലും ഒരു വിദ്യാര്‍ത്ഥിക്ക് എന്ന തരത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാം. തിരുവല്ല താലൂക്കില്‍ മാറം കുളത്ത് ഇത്തരത്തില്‍ ഒരു പ്രാഥമിക പള്ളിക്കൂടം ആരംഭിക്കാവുന്നതാണെന്ന പൊതുവായൊരാവശ്യം ആവശ്യം ഉയര്‍ന്നുവന്നു.

ദിവാന്‍ : ആ അഭിപ്രായം രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചു.പുലയരുടെ വിദ്യാഭ്യാസം

ശ്രീ അയ്യന്‍കാളി 1916 ഫെബ്രുവരി 29 ലെ പ്രജാസഭാസമ്മേളനത്തിന്റെ ആരംഭത്തില്‍ തന്നെ ഇപ്രകാരം പറയുകയുണ്ടായി. ഓരോ വര്‍ഷവും തങ്ങളുടെ സമുദായത്തില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം 3-ആണ്. അതില്‍ നിന്ന് ഒന്നായി ഇത്തവണത്തെ സമ്മേളനത്തില്‍ കുറഞ്ഞതായി കണ്ടു., അയ്യന്‍കാളി തന്റെ പ്രസംഗം തുടര്‍ന്നത് ഇങ്ങനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ; അതായത് കഴിഞ്ഞ വര്‍ഷത്തെ പുലയരുടെ വിദ്യാഭ്യാസത്തിന്റെ പുരോഗതി വിലയിരുത്തിയാല്‍ ഇനിയും കുറേക്കൂടി പുരോഗതി കൈവരിക്കാന്‍ ഗവണ്‍മെന്റിന്റെ സഹായവും, കരുണയും ആവശ്യമാണെന്നാണ് വന്നിരിക്കുന്നത്. പൊതുസ്ഥാപനങ്ങളും മിക്ക ഗവമെന്റു വകുപ്പുകളും സ്‌കൂളുകളുമൊക്കെ പുലയര്‍ക്കും മറ്റും പ്രവേശിക്കാവുന്ന തരത്തില്‍ വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും കേവലം 25 സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ കൂടുതല്‍ ഇതുവരെ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. ഈ സമുദായത്തിന്റെ പുരോഗതിക്കു തടസ്സമായി നില്ക്കുന്നത് സമുദായത്തിലെ വിദ്യാഭ്യാസമില്ലാത്തവരാണ്. വിദ്യാഭ്യാസ മുള്ളവരും വിശിഷ്യാ ഗവണ്‍മെന്റും ഈ സമുദായത്തോടു കൂടുതല്‍ കരുണ കാണിച്ചാല്‍ ഈ തകര്‍ച്ച മാറികിട്ടുമെന്ന് ശ്രീ അയ്യന്‍കാളി പ്രത്യാശ പ്രകടിപ്പിച്ചു. ഒരു പുലയ കുട്ടി സ്‌കൂളില്‍ പോകുമ്പോള്‍ ഒരിക്കലും വൃത്തിയില്ലാതെ പോകുകയില്ല. അതുകൊണ്ട് വൃത്തിയില്ലായ്മ ആരോപിച്ച് കുട്ടിയെ സ്‌കൂളില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ കഴിയുകയില്ല. അവരുടെ സംസ്‌ക്കാരമില്ലായ്മയും കുറവുകളുമൊക്കെ കാരണമായെടുത്ത് അവര്‍ക്ക് സ്‌കൂള്‍ പ്രവേശനം കൊടുക്കാതിരുന്നാല്‍ അത്തരം അവഗണന അവരെ മതം മാറ്റത്തിനു തന്നെ പ്രേരിപ്പിക്കുന്ന തരത്തിലെത്തിക്കും. മതം മാറിയാലവര്‍ക്കു സൗജന്യമായും വളരെ പെട്ടെന്നും അഡ്മിഷന്‍ ലഭിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടാകും. ഈ കുട്ടികള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊടുത്താല്‍ വയല്‍പണിയെയും മറ്റും സാരമായി ബാധിക്കുമെന്നുപറയുന്നതടിസ്ഥാനരഹിതമാണ്. അടിമത്തം അവസാനിപ്പിച്ചതിനു ശേഷം വ്യവസായികമായും കാര്‍ഷികമായുമുണ്ടായ അഭിവൃദ്ധി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. രാജ്യത്തുടനീളം അധ:സ്ഥിതര്‍ക്കു വേണ്ടി പ്രത്യേക സ്‌കൂളുകള്‍ തുടങ്ങുന്നത് അസാധ്യവും അനുയോജ്യമല്ലാത്തതുമായ സംഗതികളാണ്. തന്നെയുമല്ല അങ്ങനെ ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് പബ്ലിക്ക് സ്‌കൂളുകളില്‍ അഡ്മിഷന്‍ നിഷേധിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ തന്നെ 30 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും പുലയവിഭാഗത്തില്‍ നിന്ന് പകുതി ഫീസ് സൗജന്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതവര്‍ക്കു യഥാര്‍ത്ഥത്തില്‍ പ്രയോജന പ്രദമല്ല. അവര്‍ക്കു ഇനിയും നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയാല്‍ മാത്രമേ ഉന്നതവിദ്യാഭ്യാസം സുഗമമായി നടത്താന്‍ കഴിയുകയുള്ളൂ. അധ:സ്ഥിതരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ഉയര്‍ന്ന സമുദായമായ മുസ്ലീങ്ങള്‍ പകുതി ഫീസ് സൗജന്യം അനുഭവിക്കുമ്പോള്‍ മുഴുവന്‍ ഫീസാനുകൂല്യങ്ങളും പുലയ സമുദായക്കാര്‍ക്കു നല്‍കുന്നത് അധികമല്ല. പുലയ പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പെണ്‍പള്ളിക്കൂടങ്ങളില്‍ പ്രവേശനം ലഭിക്കുന്നതേയില്ല. ഈ സ്ഥിതി മാറ്റണം. പൊതുവിദ്യാഭ്യാസത്തോടൊപ്പം പ്രത്യേകമായ ചില തൊഴിലുകളിലോ, കലാപരമായ കൈവേലകളിലോ പുലയകുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് ശ്രീ അയ്യന്‍കാളി കാര്യമായി അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ദിവാന്റെ മറുപടി:- എല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീ.സി.കൃഷ്ണന്‍വൈദ്യന്‍ :- (Member Nominated)

വടക്കന്‍ തിരുവിതാംകൂറിലുള്ള ഒരു സാങ്കേതികവിദ്യാലയത്തില്‍ പോലും യാതൊരു സഹായവും ഗവണ്‍മെന്റ് ചെയ്യുന്നില്ലെന്നും, വൈക്കം ചേര്‍ത്തല എന്നീ താലൂക്കുകളിലെ പൊതുവിദ്യാഭ്യാസം വളരെ മോശമായതിനാല്‍ അവിടത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മെമ്പര്‍ ശ്രീ സി.കൃഷ്ണന്‍വൈദ്യന്‍ പറയുകയുണ്ടായി. അല്പസ്വല്പം ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ധാരാളം പുരുഷന്മാരെ അവരുടെ ആ പരിജ്ഞാനം ഉപയോഗപ്പെടുത്തി അവരെ സാങ്കേതിക വിദ്യ പരിശീലിപ്പിച്ചാല്‍ അങ്ങനെയുള്ള പരിശീലനം അവരുടെ ഉപജീവനത്തിനു മാര്‍ഗ്ഗമാകും. അതുകൊണ്ട് സംസ്ഥാനം മുഴുവന്‍ സാങ്കേതിക വിദ്യാഭ്യാസം അഭിവൃത്തിപ്പെടുത്തുവാന്‍ നടപടിയെടുക്കണമെന്നും ശ്രീ സി.കൃഷ്ണന്‍ വൈദ്യന്‍ അഭ്യര്‍ത്ഥിച്ചു.

തോവാളതാലൂക്കിലെ വിദ്യാഭ്യാസാവശ്യങ്ങള്‍.

ശ്രീ എസ്.ലക്ഷ്മി നാരായണ അയ്യര്‍ (Member, Tovala Taluk)

തോവാള താലൂക്കില്‍ മേല്‍ത്തരം പ്രാഥമിക സ്‌കൂളുകളില്ലാത്തതിനാല്‍ അവിടത്തെ ആളുകള്‍ ദൂരെ സ്ഥലങ്ങളില്‍ കുട്ടികളെ അയച്ച് അഞ്ചാം ക്ലാസ്സില്‍ പഠിപ്പിക്കുന്നതില്‍ വളരെ പ്രയാസമനുഭവിക്കുന്നുവെന്ന കാര്യം ശ്രീ എസ്.ലക്ഷ്മി നാരാ യണ അയ്യര്‍ ശ്രദ്ധയില്‍ പെടുത്തി. അതുകൊണ്ട് മെമ്പര്‍ പരിഹാരമായി നിര്‍ദ്ദേശിച്ചത് ഒന്നുകില്‍ ഒരു ഹയര്‍ഗ്രേഡ് സെക്കന്ററി സ്‌കൂള്‍ അടുത്ത പ്രദേശത്തു സ്ഥാപിക്കുകയോ, ഓരോ വര്‍ഷവും ഒരു ഹയര്‍ ഡിവിഷന്‍ ക്ലാസ് അനുവദിക്കുകയോ ചെയ്യേണ്ടതാണ്. ഇപ്പോള്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ ധാന്യപ്പുരകെട്ടിടങ്ങളും മറ്റും നല്ല വിലയ്ക്കു ലേലം ചെയ്യാന്‍ പോലും പറ്റാത്തവയാണ്. അതുകൊണ്ട് ജനങ്ങളില്‍ നിന്നു സംഭാവനപിരിച്ചും ഗവണ്‍മെന്റിന്റെ സഹായധനമുപയോഗിച്ചും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്, അത്തരം സ്‌കൂളുകളുണ്ടാക്കണം. തോവാളതാലൂക്കിലെ എല്ലാ പ്രാഥമിക സ്‌കൂളുകളിലും മലയാളവും തമിഴും പഠിപ്പിക്കുകയും വേണമെന്ന് അദ്ദേഹമഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ നാലാം ക്ലാസ്സില്‍ നിന്നു വിജയിക്കുന്ന കുട്ടികള്‍ സെക്കന്ററി സ്‌കൂളില്‍ പ്രിപ്പറേറ്ററി ക്ലാസ്സില്‍ ചേരുന്ന സമ്പ്രദായമുണ്ട്. എന്നാല്‍ ഒരു പ്രൈവറ്റ് സ്‌കൂളില്‍ നിന്ന് ~ഒരു കുട്ടിക്ക് ആ കുട്ടിയുടെ പ്രാപ്തിയനുസരിച്ച് ഏതു ഉയര്‍ന്ന ക്ലാസിലും പ്രവേശനം നേടാം. ആ ഒരു പ്രയോജനം മറ്റ് അംഗീകൃതസ്‌കൂളുകളിലുള്ളവര്‍ക്കു കൂടി നല്‍കേണ്ടതാണ്.

ദിവാന്റെ മറുപടി:- പറഞ്ഞതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.