"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 14, ബുധനാഴ്‌ച

ക്ലാഷ്: വിപ്ലവകാരി ഒരുക്കിയ കറുത്ത നര്‍മത്തിലെ കാഴ്ചവിരുന്ന്🎬പ്രസിദ്ധ ബ്രസീലിയന്‍ കവിയും നോവലിസ്റ്റുമായ പൗലോ കൊയ്‌ലോ ഈ സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടത് 'ബ്രില്ലിയന്റ്' എന്നാണ്. സ്വന്തം വിശ്വാസങ്ങളോടും സംസ്‌കാരത്തോടും ബഹുമാനമില്ലാത്ത ആളുകള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഈജിപ്തിലെ വിപ്ലവകാരികളില്‍ ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ മുഹമ്മദ് ദിയാബിന്റെ രണ്ടാമത്തെ സിനിമയാണ് 'ക്ലാഷ്'. തീരെ ഇടുങ്ങിയ സ്ഥലത്ത് വെച്ച് വിശാലമായൊരു ക്യാന്‍വാസില്‍ രചനകൊണ്ട ചിത്രം എന്ന് ഒറ്റവാചകത്തില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം. എട്ട് ചതുരശ്ര മീറ്റര്‍ മാത്രം വ്യാസമുള്ള പൊലീസ് ട്രക്കില്‍ ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ മാത്രം ഉപയോഗിച്ച്, 1013 ലെ ഈജിപ്തിലെ കലാപകലുഷിതമായ നാളുകളിലെ ഒരു ദാരുണ സംഭവത്തെ പകര്‍ത്തുകയാണ് ക്ലാഷ്. ഇത്തരം ഒരു ദൃശ്യതന്ത്രം പിന്‍തുടരുമ്പോള്‍ അതിസമീപ ദൃശ്യങ്ങള്‍ മാത്രമേ സാധ്യമാകൂ എന്നും മറ്റമുള്ള പ്രാഗ്ധാരണകളെ, വിദൂര ദൃശ്യങ്ങളെ തരംപോലെ പകര്‍ത്തിച്ചേര്‍ത്തുകൊണ്ട് മൊഹമ്മദ് ദിയാബ് തിരുത്തുകയും ചെയ്യുന്നു. ഈ സവിശേഷ ഘടകം വിലയിരുത്തുമ്പോഴാണ് മൊഹമ്മദ് ദിയാബിലെ പ്രതിഭയുടെ ആഴം അളന്നെടുക്കാനാവുക. 'സവിശേഷത' എന്നത് സിനിമാ രംഗത്തെ വെറും അടയാളപ്പെടുത്തല്‍ മാത്രമല്ലെന്നും സൃഷ്ടിപരതയുടെ ഉന്നത നിലയാണെന്നും തങ്ങളുടെ രചനകളിലൂടെ പ്രഖ്യാപിച്ചുകൊണ്ട്, ക്ലൊസപ്പുകള്‍ മാത്രം കോര്‍ത്തിണക്കി നിര്‍മിതികൊണ്ട കാള്‍ തിയോദര്‍ ഡ്രേയറിന്റെ 'ജോണ്‍ ഓഫ് ആര്‍ക്ക്, ഒരിക്കലും നിശ്ചലമാകാത്ത ക്യാമറയും കഥാപാത്രങ്ങളുമുള്ള മൈക്കിളോസ് യാംങ്‌ചോ, നിശ്ചലമായ ക്യാമറയില്‍ നിരന്തരം ചലിക്കുന്ന കാഥതാപാത്രങ്ങളെ നിരത്തി നിറച്ച് 'ഡെത്ത് ബൈ ഹംഗിംഗ്' തീര്‍ത്ത കോണ്‍ ഇച്ചിക്കാവ, ആയിരത്തിലേറെ കഥാപാത്രങ്ങളുമായി ഒറ്റ ഷോട്ടില്‍ 'റഷ്യന്‍ ആര്‍ക്ക്' തീര്‍ത്ത അലക്‌സാണ്ടര്‍ സുഖറോവ്, ഹിഡന്‍ ക്യാമറയുടെ ദൃശ്യതന്ത്രത്തിലൂടെ 'നോട്ട് വണ്‍ ലെസ്' എടുത്ത ഷാങ് യി മൂ തുടങ്ങിയവരുടെ നിരയില്‍ സ്ഥാനം പിടിക്കുകയാണ് ക്ലാഷിലൂടെ മൊഹമ്മദ് ദിയാബ്.

പട്ടാള അട്ടിറിയിലൂടെ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന മൊഹമ്മദ് മര്‍സി പുറത്താക്കപ്പെടുന്ന 2013 ലെ കെയ്‌റോ. പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധിക്കാനായും എതിര്‍ക്കുന്നവര്‍ ആഘോഷിക്കാനായും തെരുവുകള്‍ കീഴടക്കുന്നു. ഇരുകൂട്ടരേയും ഒരേപോലെ നേരിടുന്ന പൊലീസ് സംശയം തോന്നുവരെയെല്ലാം പിടികൂടി എട്ട് ചതുരശ്ര അടി മാത്രം വ്യാസമുള്ള ട്രക്കിനകത്താക്കുന്നു. അമേരിക്കന്‍/ ഈജിപ്ഷ്യന്‍ വംശജരായ രണ്ട് പത്ര റിപ്പോര്‍ട്ടര്‍മാര്‍, കൗമാരപ്രായക്കാരനും നഴ്‌സായ അവന്റെ അമ്മയും, മുസ്ലീം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിലെ അംഗങ്ങള്‍, പുരോഹിതനും പര്‍ദ്ദ ശരിച്ച മകളും എന്നിങ്ങനെ വിവിധ തുറകളിലും പ്രായത്തിലുമുള്ള സ്ത്രൂപുരുഷന്മാരടക്കമുള്ളവരും വിശ്വാസപ്രമാണങ്ങളില്‍ വൈവിധ്യമുള്ളവരുമൊക്കെ ചേര്‍ന്ന് ട്രക്കില്‍ അകപ്പെട്ടവര്‍ ഒരു ചെറു സമൂഹവുമായി രൂപപ്പെട്ടു. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. ശാന്തശീലരായ മുസ്ലീം ബ്രദര്‍ഹുഡ് പ്രസ്ഥാനക്കാര്‍ മറ്റുള്ളവരോട് സംസാരിക്കാന്‍ മടികാണിക്കുന്നവരാണ്. തങ്ങളില്‍ത്തന്നെ സംസാരിക്കുന്നവരാകയാല്‍ പൊതു ആവശ്യങ്ങള്‍ക്കായി സംഘടിക്കാന്‍ ഇവര്‍ക്കാകുന്നില്ല. റിപ്പോര്‍ട്ടര്‍മാര്‍ രഹസ്യമായി കൈകാര്യം ചെയ്യുന്ന റിസ്റ്റ് വാച്ച് ക്യാമറ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇക്കൂട്ടര്‍ പുറത്തുള്ള പൊലീസിനെ വിവരമറിയിക്കാന്‍ ഒരുമ്പെടുന്നു.... ആപല്‍ഘട്ടത്തെ ദുരന്തമായിക്കണ്ട് അതിനെ മറികടക്കുന്നതിനായി പൊതുവായി സംഘടിക്കാന്‍ ഇവര്‍ക്കാകുന്നില്ല.

ജയിലുകള്‍ നിറഞ്ഞുകവിഞ്ഞതിനാലാണ് ഇവരെ പിടികൂടി ട്രക്കിലാക്കിയത്. ഇതു നിമിത്തം ജയിലിലുള്ളവരേക്കാള്‍ കൊടിയ ദുരന്തത്തിന് ഇരയാകുകയാണ് ഇവര്‍. കുടിവെള്ളം പോലും ലഭ്യമല്ല. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവുമില്ല, അതിന് അനുവദിക്കുന്നുമില്ല. എങ്ങാനും പുറത്തിറങ്ങിയാല്‍ അനുകൂലികളുടേയോ കലാപകാരികളുടേയോ വെടിയുണ്ടകള്‍ക്ക് ഇരയായേക്കാം. ഈ നരകം ഒരു പോലീസ് ട്രക്കായതിനാല്‍ അതിലകപ്പെട്ടുപോയ മനുഷ്യര്‍ തങ്ങളെ അനുകൂലിക്കുന്നവരാണോ എതിര്‍ക്കുന്നവരാണോ എന്നൊന്നും പുറത്തുള്ള ഇരുകൂട്ടര്‍ക്കും അറിയാനും പാടില്ല. അതുകൊണ്ട് തരംകിട്ടുമ്പോഴെല്ലാം ഇരുകൂട്ടരും പക തീര്‍ക്കുന്നത് ട്രക്കിന് നേര്‍ക്ക് കല്ലെറിഞ്ഞുകൊണ്ടാണ്! ഒട്ടും സഞ്ചാരയോഗ്യമല്ലാത്തെ റോഡിലൂടെ ട്രക്ക് നിരങ്ങി നീങ്ങുമ്പോള്‍ കുലുക്കം മൂലവും മാരകമായ പരിക്കുകള്‍ പറ്റുന്നു. അന്തസംഘര്‍ഷം മൂത്തപ്പോള്‍ ഒരിക്കല്‍ പൊലീസിനുതന്നെ, ട്രക്കിനകത്തേക്ക് വെള്ളം ചീറ്റിച്ച് അവരെ ശിക്ഷിക്കേണ്ടതായി വന്നു.

സാമ്പ്രദായികമായ ഒരു അന്ത്യമാണ് ക്ലാഷിനും ഉള്ളത്. പ്രതീക്ഷിച്ചതുപോലെ ട്രക്ക് മറിയുന്നു. മറ്റൊരു ട്രക്ക് വന്ന് അതിലുള്ളവരെ രക്ഷപ്പെടുത്തുന്നു. ഇത് രക്ഷാപ്രവര്‍ത്തനമാണോ ശിക്ഷാനടപടികളുടെ തുടര്‍ച്ചയാണോ എന്ന നിശ്ചയമില്ലാത്ത തുറവിലെ അന്ത്യം മാത്രമാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയമായ അംശം. പക്ഷെ ക്ലുസോട്ടിന്റെ 'വെയ്ജസ് ഓഫ് ഫിയറി'ലേതുപോലെ മേല്‍ക്കുമേല്‍ പിരിമുറുക്കം അനുഭവിപ്പിക്കുന്ന ദൃശ്യതന്ത്രം ക്ലാഷ് പിന്‍തുടരുന്നില്ല. എന്നാല്‍ ഒരര്‍ത്ഥത്തിലും പ്രസ്തുത സിനിമയുമായി ക്ലാഷ് താരതമ്യം അര്‍ഹിക്കുന്നില്ല. എന്നാല്‍ ക്ലാഷിലെ ചില ദൃശ്യനിര്‍മിതികള്‍ക്ക്, 1994 ല്‍ ജാന്‍ ഡി ബോണ്ട് എടുത്ത ഹോളിവുഡ് സിനിമയായ 'സ്പീഡ്' നോട് കടപ്പാടുണ്ട്. ഒന്നാമത് വാഹനത്തില്‍ അകപ്പെട്ടവര്‍ അനുഭവിക്കേണ്ടി വന്ന സംഘര്‍ഷങ്ങള്‍ തന്നെ. മറുത്തു സംസാരിച്ച ഒരാളെ പൊലീസ് വാഹനത്തിലെ ജനലഴിയോട് ചേര്‍ത്ത് വിലങ്ങിടുന്നതും, മറ്റൊരാള്‍ക്ക് വെടിയേറ്റ് മാരകമായി പരിക്കുപറ്റുന്നതും, ആളുകളിലെ വ്യതിരിക്തതകളും മറ്റും സ്പീഡിലെ ദൃശ്യങ്ങളില്‍ ചിലതിനെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ സ്പീഡിലേതുപോലെ അസ്വാഭാവിക ദൃശ്യങ്ങളൊന്നും ക്ലാഷിലില്ലെന്ന വസ്തുത എടുത്തു പറയേണ്ടതാണ്.

ക്ലാഷിലെ ഹാസ്യമുഹൂര്‍ത്തങ്ങളുടെ ധാരാളിത്തം ലണ്ടന്‍ ഫിലിം ഫെസ്റ്റിവെലില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ടു. ഈജിപ്തുകാര്‍ പൊതുവെ ഫലിതപ്രിയരാണ്, അതുകൊണ്ടാണ് അങ്ങനെ വന്നത് എന്ന് മൊഹമ്മദ് ദിയാബും നിര്‍മാതാവും പ്രേക്ഷകര്‍ക്കുമുമ്പാകെ ഇക്കാര്യത്തില്‍ വിശദീകരണം കൊടുക്കുകയുണ്ടായി. ഈ വിശദീകരണം പക്ഷെ, സിനിമാ നിരൂപകരെ തൃപ്തിപ്പെടുത്തുകയുണ്ടായില്ല. സെര്‍സര്‍ഷിപ്പ് മറികടക്കാനുള്ള തന്ത്രമായിരിക്കാം ഒരു പക്ഷെ ഇതെന്ന് അവര്‍ കരുതുന്നു.

മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ആദ്യ സനിമ 'കെയ്‌റോ 678' ആണ്. 2011 ലെ വിപ്ലവത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന ദിയാബ് ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധേയമാകുകയും അത് അദ്ദേഹത്തിന് ഒരു വെബ്ബി ആവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു. ഈ ഗാന - പ്രഘോഷണങ്ങള്‍ ഉള്ളടങ്ങുന്ന 'റൈസിംഗ് ഫ്രം ദി താഹ്രിര്‍' ആമസോണ്‍ ബെസ്റ്റ് സെല്ലറാണ്. ദിയാബ് ആദ്യം രചന നിര്‍വഹിച്ച 'എല്‍ ഗെസീറ' (ദി ഐലന്റ്) ഈജിപ്തിലേയും, പൊതുവേ അറിബിക് സനിമകളിലേയും എക്കാലത്തേയും വലിയ ബ്ലോക്ബസ്റ്ററായി ഉയര്‍ന്നു. ഈ സിനിമ 2007 ല്‍ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള ഓസ്‌കാര്‍ നോമിനേഷനും നേടിയിരുന്നു. ക്ലാഷ് ആകട്ടെ സാന്‍ഫ്രാന്‍സിസ്‌കോ ഫിലിം സൊസൈറ്റിയുടേയും ഫ്രാന്‍സിലെ സിനിമാ ആസ്വാദകരുടേയും ആദരവുകള്‍ അങ്ങേയറ്റം വാരിക്കൂട്ടി. 2016 ലെ കാന്‍ഫിലിം ഫെസ്റ്റിവെലില്‍ അണ്‍സെര്‍ട്ടണ്‍ റിഗാര്‍ഡിലാണ് ക്ലാഷ് തെരഞ്ഞെടുക്കപ്പെട്ടത്. 2009 ല്‍ ഗെഹദ് അബ്ദെല്‍ നാസ്സെര്‍ സംവിധാനം ചെയ്ത ഹ്രസ്വസിനിമയില്‍ മൊഹമ്മദ് ദിയാബ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഈജിപ്തിലെ ഇസ്മാലിയയില്‍ ജനിച്ച മൊഹമ്മദ് ദിയാബ് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും സിനിമാ സാങ്കേതികശാസ്ത്രം അഭ്യസിച്ചിട്ടുമുണ്ട്. അഹ്മദ് ഗാബറാണ് സിനിമാട്ടോഗ്രാഫര്‍. അഹ്മദ് ഹഫീസ് എഡിറ്റംഗും നിര്‍വഹിച്ചു. ഈജിപ്ത്, ഫ്രാന്‍സ്, യുഎഇ, ജെര്‍മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ക്ലാഷ്.