"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 15, വ്യാഴാഴ്‌ച

മനുസ്മൃതിയുടെ രചനാകാലഘട്ടമേതാണ് ? ഉദ്ദേശ്യമെന്തായിരുന്നു?



👉അംബേഡ്കര്‍ പറഞ്ഞു.....
(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 147,148)


👉ഈ സമുതിഭാര്‍ഗവന്‍ എന്നാണ് ഈ സംഹിതയെഴുതിയത്? അതിന്റെ രചനാകാലം കൃത്യമായിപ്പറയാന്‍ സാധ്യമല്ല. പക്ഷെ, ഏറെക്കുറേ കൃത്യമായ ഒരു കാലഘട്ടം അതിന് നല്കാന്‍ കഴിയും. സുമതിഭാര്‍ഗവന്‍ മനുസ്മൃതിയെന്ന് മനഃപൂര്‍വം പേരിട്ട കൃതി രചിച്ചത്, ബി സി 170 നും 150 നും ഇടക്കാണെന്ന് ചോദ്യം ചെയ്യാനാകാത്ത പ്രാമാണികത്വമുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പുഷ്യമിത്രന്റെ നേതൃത്വത്തില്‍ ബ്രാഹ്മണ വിപ്ലവം നടന്നത്, ബി സി 185 ലായിരുന്നുവെന്ന വസ്തുത അനുസ്മരിച്ചാല്‍ ബുദ്ധമത വിശ്വാസികളായ മൗര്യന്മാരുടെ ഭരണകൂടത്തിനെതിരേ ബ്രാഹ്മണര്‍ നടത്തിയ വിപ്ലവത്തിന്റെ തത്വങ്ങള്‍ക്ക് മൂര്‍ത്തീഭാവം നല്കിക്കൊണ്ട് മനുസ്മൃതി എന്നറി യപ്പെടുന്ന സംഹിത വിളംബരപ്പെടുത്തിയത് പുഷ്യമിത്രനാണെന്ന കാര്യത്തില്‍ സംശയമുണ്ടാവുകയില്ല. മനുസമൃതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രത്യേകതകള്‍ ശ്രദ്ധിച്ചാല്‍ ബ്രാഹ്മണമതത്തിന്റെ വ്യവസ്ഥാപിത നിയമങ്ങളാണ് മനുസമൃതിയെന്നും പുഷ്യമിത്രന്റെ വിപ്ലവം കേവലം വ്യക്തിപരമായ ഒരു സാഹസികസംരംഭമല്ലായിരുന്നുവെന്നും ഏതൊരാള്‍ക്കും ബോധ്യമാകും.

ഒന്നാമതായി ശ്രദ്ധിക്കേണ്ട സംഗതി, പുഷ്യമിത്രന്റെ ഭരണകാലത്ത് ഇദംപ്രഥമമായി വിളംബരപ്പെടുത്തിയ പുതിയൊരു നിയമസംഹിതയാണ് മനുസ്മൃതി എന്നതത്രെ. മാനവധര്‍മസൂത്രം എന്നറിയപ്പെട്ടിരുന്ന ഒരു സംഹിതയുണ്ടായിരുന്നുവെന്നും അതിന്റെ രൂപം മാറ്റിയുണ്ടാക്കിയതാണ് മനുസ്മൃതി എന്നറിയപ്പെടുന്ന സംഹിത യെന്നും ഒരഭിപ്രായം ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. മാനവധര്‍മസൂത്രമെന്ന കൃതിയുടെ ഒരു ലാഞ്ജനപോലും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് കാലാന്തരത്തില്‍ ഈ അഭിപ്രായം ഉപേക്ഷിക്കപ്പെട്ടു. ഇന്നത്തെ മനുസ്മൃതിക്ക് മുമ്പ് രണ്ട് കൃതികളുണ്ടായിരുന്നു. അവയിലൊന്ന് മാനവഅര്‍ത്ഥശാസ്ത്രമെന്നോ മാനവരാജശാസ്ത്ര മെന്നോ മാനവരാജധര്‍മശാസ്ത്രമെന്നോ അറിയപ്പെട്ടിരുന്നു. രണ്ടാമത്തെ കൃതിയുടെ പേര്, മാനവഗൃഹ്യസൂത്രം എന്നായിരുന്നു. പണ്ഡിതന്മാര്‍ മനുസമൃതിയെ ഈ കൃതികളുമായി താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ട്. ഇവ തമ്മില്‍ സാദൃശ്യമില്ലെന്നു മാത്രമല്ല, ഉള്ളടക്കങ്ങള്‍ തികച്ചും പരസ്പര വിരുദ്ധങ്ങളുമാണ്. പുതിയ ഭരണകൂട ത്തിന്റെ പുതിയ നിയമമാണ് മനുസ്മൃതിയിലടങ്ങിയിരിക്കുന്നതെന്ന് തെളിയിക്കാന്‍ ഇത് ധാരാളം മതിയാകും.

പുഷ്യമിത്രന്റെ ഭരണകൂടം ബുദ്ധമതത്തിനെതിരായിരുന്നുവെന്ന് ബുദ്ധമതത്തിനും ബുദ്ധമതാനുയായികള്‍ക്കുമെതിരായി മനുസ്മൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വകുപ്പുകള്‍ തുറന്നുകാട്ടുന്നു.