"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്കെതിരായ കോപ്പറേറ്റ് ഭീകരാക്രമണം - പി.ജെ ജെയിംസ്ആമുഖം


തീവ്രവലതുവാദികളും കോര്‍പ്പറേറ്റ് അനുകൂലികളുമായ ഹിന്ദുത്വവാദികള്‍ നിയന്ത്രിക്കുന്ന മോദിഭരണം രാജ്യത്തിന്റെ ദീര്‍കാലചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത ഒരു കടന്നാക്രമണമാണ് നോട്ട് നിരോധനം എന്ന പേരില്‍ ജനങ്ങള്‍ക്ക് മേല്‍ നടത്തിയിരിക്കുന്നത്. കള്ളപ്പണം കള്ളനോട്ട്, ഭീകരവാദം എന്നിവയെല്ലാം കോര്‍ത്തിണക്കി അവക്കെതിരായ ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന നിലയില്‍ അവതരിപ്പിച്ച 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള നടപടി തികച്ചും നാടകീയം കൂടിയായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെയോ ധനവകുപ്പ് സെക്രട്ടറിയുടെയോ പ്രസ്താവനയിലൂടെ അവതരിപ്പിക്കാമായിരുന്നു ഇക്കാര്യം മോദി സ്വയം ഏറ്റെടുത്ത് നടപ്പാക്കിയത് പാക്കിസ്ഥാന്‍ വിരോധത്തിന്റേയും 
ദേശസ്‌നേഹത്തിന്റേയും മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചത് വിമര്‍ശകരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയെന്ന പതിവ് തന്ത്രത്തിന്റെകൂടി ഭാഗമായിരുന്നു. അംഗീകൃത സമ്പദ്ശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങള്‍ അനുസരിച്ച് പോലും ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത ഈ നടപടി രഘുരാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നാല്‍ നടപ്പാക്കാനാ വില്ലെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തെ അവിടെനിന്നും പുകച്ച് പുറത്ത്ചാടിച്ച് തല്‍സ്ഥാനത്ത് റിലയന്‍സ് ജീവനക്കാരനും അംബാനിയുടെ കുടുംബബന്ധുവും മോദിയുടെ ഏറാന്‍മൂളിയുമായ ഊര്‍ജിത്ത് പട്ടേലിനെ അവരോദിച്ചത് ഈ നീക്കത്തിന്റെ മുന്നോടിയായിരുന്നു. ഇതുവഴി അംബാനി, അദാനി തുടങ്ങിയ കള്ളപ്പണക്കുത്തകള്‍ക്കും പി.ജെ.പിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കും അവരുടെ കള്ളപ്പണം വെളിപ്പിച്ചെടുക്കാനാവും വിധം 'അതീവ രഹസ്യ' മെന്ന് കൊണ്ടാ ടപ്പെടുന്ന ഈ വിവരം മുമ്പേതന്നെ ചോര്‍ന്നുകിട്ടിയിരുന്നുവെന്നും പറയപ്പെടുന്നു. 130 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ ഒരുമാസമായി ക്യൂ നില്‍ക്കുന്നൊരിടത്തും ഒരു കോര്‍പ്പറേറ്റ് കള്ളപ്പണക്കാരനേയും കാണുന്നില്ലെന്നത് യാദൃച്ഛികമല്ല. കോര്‍പ്പറേറ്റ് സേവയുടെ കാര്യത്തില്‍ ഏത് നെറികെട്ട നീക്കത്തിനും മടിക്കാത്ത മോദിഭരണം ഇതിലപ്പുറം ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല.

കള്ളപ്പണത്തിന് പരിഹാരം നോട്ട് റദ്ദാക്കലോ?

2014ലെ തിരഞ്ഞെടുപ്പ് ക്യാമ്പെയിനുടനീളം മോദി പ്രസംഗിച്ചിരുന്നത് താന്‍ അധികാരത്തില്‍ എത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപാ വീതം നിക്ഷേപിക്കാനാകും വിധം സ്വിസ് ബാങ്കുകളടക്കമുള്ള വിദേശ നികുതി വെട്ടിപ്പു കേന്ദ്രങ്ങളില്‍ പുകഴ്ത്തിവെച്ചിട്ടുളള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു. എന്നാല്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഈ ഇനത്തില്‍ ഒരു പൈസപോലും കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നുവെന്ന് മാത്രമല്ല ലലിത് മോദിയേയും വിജയ് മല്യയേയും പോലുള്ള കോര്‍പ്പറേറ്റ് കള്ളന്മാര്‍ ഇതിനിടയില്‍ ഇന്ത്യയില്‍ നിന്ന് അവരുടെ നിക്ഷേപവുമായി വിദേശത്തേയ്ക്ക് കടക്കുന്നതിന് എല്ലാ ഒത്താശയും ചെയ്ത്‌കൊടുക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് എന്ന ഏജന്‍സിയുടെ 3 വര്‍ഷം മുമ്പുള്ള കണക്ക് അന്താരാഷ്ട്ര നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ ഏകദേശം 33 ട്രില്യണ്‍ ഡോളര്‍ (അമേരിക്കയുടെ ദേശീയ വരുമാനത്തിന്റെ ഇരട്ടിവരുന്ന തുക) നിക്ഷേപിച്ചിട്ടുണ്ടെന്നും ഏകദേശം 2ട്രില്യണ്‍ ഡോളര്‍ (ഏകദേശം130കോടിരൂപക്ക് തുല്യം) നിക്ഷേപവുമായി ഇപ്രകാരമുള്ള രാജ്യാന്തര കള്ളപ്പണശേഖരത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം ഉണ്ടെന്നുമാണ്. ഒരു വേള ഈ കണക്കുകളുടേയും നിഗമനങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കണം മേല്‍ സൂചിപ്പിച്ച 15 ലക്ഷം രൂപയുടെ പ്രതിശീര്‍ഷ നിക്ഷേപ വാഗ്ദാനം മോദി നടത്തിയത്. ഇന്ത്യയുടെ കള്ളപ്പണത്തിന്റെ ഏറ്റവും കുറഞ്ഞത് 80% എങ്കിലും വിദേശ കേന്ദ്രങ്ങളിലാണെന്നും മൗറീഷ്യസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന 'വിദേശ'നിക്ഷേപത്തിലൂടെ ഈ കള്ളപ്പണം നിരന്തരം വെളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പരക്കെ അറിവുള്ളതാണ്. ''മേക്ക് ഇന്‍ ഇന്ത്യ'' പദ്ധതിയുടേയും മറ്റും പുകമറയ്ക്കുള്ളില്‍ രാജ്യത്തേയ്ക്ക് കടന്നുവരുന്ന കള്ളപ്പണത്തിന് ഇപ്രകാരം ചുവപ്പുപരവതാനിവിരിച്ചുകൊണ്ടിരിക്കുകയാണ്‌മോദി.

അവശേഷിക്കുന്ന 20% കള്ളപ്പണമാണ് ആഭ്യന്തരമായിയുള്ളത് ഏകദേശം 35 ലക്ഷം കോടി രൂപയെന്ന് കണക്കാക്കുന്ന ഈ തുകയുടെ സിംഹഭാഗവും റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, ഓഹരി നിക്ഷേപങ്ങള്‍, കച്ചവട വ്യാപാരാദികള്‍, മയക്കുമരുന്ന് കച്ചവടം തുടങ്ങിയവയിലൂടെ യഥാര്‍ത്ഥ സമ്പത്തായി വെളുപ്പിച്ച് കഴിഞ്ഞുവെന്നുവേണം കരുതാന്‍ മോദിയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ പ്രചരിപ്പിക്കുന്നതും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും രാജ്യത്തെ കോര്‍പ്പറേറ്റ് കള്ളപ്പണക്കാര്‍അവരുടെ പണം ചാക്കുകളിലും ഭൂഗര്‍ഭ അറകളിലും സ്യൂട്ട്‌കേസുകളിലും തലയിണക്കവറുകളിലും സൂക്ഷിച്ചിരിക്കുകയാണെന്നാണ്. എന്നാല്‍ ആഭ്യന്തര വിപണിയിലുള്ള കള്ളപ്പണ ത്തിന്റെ കേവലം 5% മാത്രമേ പണമായി നിലനില്‍ക്കുന്നുള്ളൂ എന്നാണ് കണക്ക്. ഈ കള്ളപ്പണം പിടിച്ചെടുക്കാന്‍ ഇപ്പോഴത്തെ നോട്ട് അസാധുവാക്കലിനു കഴിയുമെന്ന് അംഗീകരിച്ചാല്‍ പോലും സാമ്പത്തിക ശാസ്ത്രപരമായി ഒരിക്കലും അംഗീകരിക്കാനാ വാത്ത ഒരു ജനവിരുദ്ധ നീക്കമായിപ്പോയി ഇതെന്ന് വ്യക്തമാണ്. കാരണം രാജ്യത്തു സര്‍ക്കുലേറ്റ് ചെയ്യുന്ന മൊത്തം കറന്‍സിമൂല്യത്തിന്റെ 86 % ആണ് ഈ അര്‍ദ്ധരാത്രി പ്രഖ്യാപനത്തിലൂടെ മോദി റദ്ദാക്കിയിരിക്കുന്നത്. രാജ്യത്ത് 40% ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍പോലും ഇല്ലാതിരിക്കുകയും 80% സാമ്പത്തിക ഇടപാടുകള്‍ കറന്‍സി ഇടപാടുകളില്‍ അധിഷ്ടിതമായിരിക്കുകയും ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ - ഇലക്‌ട്രോണിക്ക് പണകൈമാറ്റം നഗരകേന്ദ്രീകൃത ഉപരി - മധ്യവര്‍ഗ - 'ടെക്കി'കളില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്ന രാജ്യത്ത് ജനങ്ങളുടെ ദൈനംദിന ഇടപാടുകളുടെ ഭാഗമായി മാറിയ 500, 1000 നോട്ടുകള്‍ അസാധുവാക്കി ഒരു 'തുഗ്ലക്ക്' പരിഷ്‌ക്കാര മെന്നതില്‍ ഉപരി ജനങ്ങളോടുള്ള ഒരു യുദ്ധപ്രഖ്യാപനമാണ്. ഈ സാഹചര്യത്തില്‍ കള്ളപ്പണം, കള്ളനോട്ട്, ഭീകരപ്രവര്‍ത്തനത്തിനുള്ള പണമൊഴുക്ക് എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടിയല്ല നോട്ട് റദ്ദാക്കല്‍ എന്നത് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്.

കള്ളപ്പണത്തിനെതിരായ മോദി സര്‍ക്കാരിന്റെ ഗീര്‍വാണപ്രസംഗങ്ങള്‍ വെറും കാപട്യം മാത്രമാണെന്നതിന് ഒരു ഉദാഹരണം മാത്രം ശ്രദ്ധിച്ചാല്‍ മതി. 1990 കളില്‍ നവ ഉദാര നയങ്ങള്‍ ആരംഭിക്കുന്നത് വരെ ഗുജറാത്തിലെ അദാനി, ഒരു വട്ടിപ്പണക്കാരന്‍ മാത്രമായിരുന്നു. എന്നാല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഒരു ദശാബ്ദം കൊണ്ട് രാജ്യസമ്പത്ത് കൊള്ളയടിച്ച് അദാനി ഇന്ത്യന്‍ കോര്‍പ്പറേറ്റ് കുത്തകകളുടെ മുന്‍നിരയിലെത്തിയത് 21-ാം നൂറ്റാണ്ടിലെ അഭൂതപൂര്‍വ്വ പ്രതിഭാസമാ യിട്ടാണ് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന 'ഫോര്‍ബ്‌സ്' മാസിക വിലയിരുത്തിയിരിക്കുന്നത്. ഒരു ദശാബ്ദം കൊണ്ട് അദാനിയുടെ സമ്പത്ത് 13 ഇരട്ടികണ്ടാണ് വളര്‍ന്നത്. ഇന്ത്യന്‍ ജനത ചോര നീരാക്കി പടര്‍ത്തുയര്‍ത്ത രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്നും 'കിട്ടാക്കടം' എന്ന പേരില്‍ അദാനി അടിച്ചുമാറ്റി യിരിക്കുന്നത് 1 ലക്ഷം കോടി രൂപയോളമാണ്. രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുത്തകയായ അംബാനി അടിച്ചുമാറ്റിയിരിക്കുന്നത് ഒന്നേകാല്‍ ലക്ഷം കോടി രൂപയോളമാണ്. അംബാനി, അദാനി, എസ്സാര്‍, മല്യ തുടങ്ങിയ കോര്‍പ്പറേറ്റ് കള്ളന്മാര്‍ 11 ലക്ഷം കോടി രൂപയോളം പൊതുമേഖല ബാങ്കുകളില്‍ നിന്നും കൊള്ളയടിച്ചിട്ടുണ്ടെന്നാണ് ഏകദേശം കണക്ക് ഈ അടുത്തകാലത്ത്, മൗറീഷ്യസിലേയ്ക്ക് 5,000 കോടി രൂപയിലധികം അദാനി നികുതിവെട്ടിച്ച് കടത്തിയത് തൊണ്ടി സഹിതം പിടികൂടിയിട്ടും മോദിയുടെ ഉറ്റ തോഴനായതിന്റെ പേരില്‍ അയാള്‍ വിലസുകയാണ്. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നു. പൊതുമേഖലാ സ്ഥാപനമായ എണ്ണ പ്രകൃതിവാതക കമ്മീഷന്റെ ലക്ഷക്കണക്കിനുകോടി രൂപ വിലയുള്ള പ്രകൃതിവാതകം കട്ടെടുത്തതിന്റെ പേരില്‍ പിടിക്കപ്പെട്ട അംബാനിയുടെ മേല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ 10,000 കോടി രൂപയുടെ 'നാമമാത്ര' പിഴയാണ് മോദി സര്‍ക്കാര്‍ ചുമത്തിയത്.

ഇതേ കോര്‍പ്പറേറ്റുകള്‍ക്ക് മന്‍മോഹന്‍ ഭരണകാലത്ത് പ്രതിവര്‍ഷം ശരാശരി 5 ലക്ഷം കോടി രൂപാ വീതമാണ് നികുതിയിളവകള്‍ നല്‍കിപ്പോന്നതെങ്കില്‍ മോദി അധികാരത്തില്‍ എത്തിയതോടെ അതു ശരാശരി 6 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. മന്‍മോഹന്‍ ഭരണകാലത്ത് ഇത്തരം കോര്‍പ്പറേറ്റ് ഇളവുകള്‍ പ്രത്യേക അനുബന്ധ രേഖയായി ബജറ്റിനൊപ്പം പാര്‍ലമെന്റില്‍ വെക്കുന്ന പതിവുണ്ടായിരുന്നുവെങ്കില്‍, മോദിയുടെ അധികാരാരോഹണത്തോടെ അത് പോലും ഒഴിവാക്കി കോര്‍പ്പറേറ്റ് സേവ ഈര്‍ജ്ജിതമാക്കിയിരിക്കുന്നു. മന്‍മോഹന്‍- മോദി ഭരണക്കാലത്തുടനീളം ഏകദേശം 40 ലക്ഷം കോടി രൂപ ഇപ്രകാരം കോര്‍പ്പറേറ്റു കള്‍ക്ക് നികുതിയിളവ് നല്‍കിക്കഴിഞ്ഞു. നികുതിവെട്ടിച്ചും രാജ്യസമ്പത്തു കട്ടെടുത്തും തടിച്ച് കൊഴുത്ത ഈ കോര്‍പ്പറേറ്റുകളുടെ തോഴനായി അധികാരത്തി ലിരിക്കുന്ന മോദി കള്ളപ്പണത്തിന്റെപേരില്‍ നടത്തിയ ഈ കടന്നാക്രമണത്തിലൂടെ ജനങ്ങളുടെ നിലനില്‍പ്പു പോലും അസാധ്യമാക്കിയി രിക്കുകയാണ്. കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ജനാര്‍ദ്ദനന്‍ റെഡ്ഡി മകളുടെ കല്യാണത്തിന് പ്രചരണത്തിനും സല്‍ക്കാര ത്തിനും മാത്രമായി ചിലവഴിക്കുന്നത് 500 കോടി രൂപയാണെന്ന് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നു. ചോര നീരാക്കി തങ്ങള്‍  
അധ്വാനിച്ചുണ്ടാക്കിയ പണത്തിനായി ജനകോടികള്‍ ക്യൂ നില്‍ക്കുകയും അവര്‍ കള്ളപ്പണക്കാരായി കരിമഷിപ്രയോഗത്തിന് വിധേയരാവുകയും ചെയ്യുമ്പോള്‍ 'ദേശവിരുദ്ധ'നായ ജനാര്‍ദ്ദനന്‍ റെഡ്ഡിക്ക് വാരിവിതറാന്‍ 500 കോടി എവിടെ നിന്ന് കിട്ടിയെന്ന് മോദി വിശദീകരിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം മാത്രം കോര്‍പ്പറേറ്റുകള്‍ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള 1.14 ലക്ഷം കോടി രൂപ എഴുതിതള്ളിയ മോദിയുടെ 'കള്ളപ്പണവേട്ട'യുടെ തനിനിറം ഇതോടൊപ്പം തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 

നോട്ട് റദ്ദാക്കല്‍ കള്ളനോട്ട് ഇല്ലാതാക്കുമെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദവും പൊള്ളയാണ്. ഔദ്യോഗിക നോട്ടുകളില്‍ നിന്നും വേര്‍തിരിച്ചറിയാനാകാത്ത വിധം കള്ളനോട്ടുകള്‍ പ്രചരിക്കുന്നുവെങ്കില്‍ അത് നോട്ടടിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷിതത്വ സംവിധാനങ്ങളുടേയും അവ നടപ്പാക്കുന്ന ഏജന്‍സികളുടേയും അഴിമതിയും കെടുകാര്യസ്ഥതയും നിമിത്തമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അയല്‍ രാജ്യത്തെ ചാരസംഘടനയും മറ്റും രാജ്യത്തേക്ക് വന്‍തോതില്‍ കള്ളനോട്ടുകള്‍ അടിച്ചുവിടുന്നുണ്ടെന്ന പ്രചരണത്തിന് സങ്കുചിത ദേശീയ വികാരങ്ങളെ ഉണര്‍ത്താന്‍ കഴിയുമെങ്കിലും ശരിയായ കണക്കുകളുടെ പിന്‍ബലത്തോടെയുള്ള ഒരു വിലയിരുത്തലും ഇക്കാര്യത്തില്‍ ഔദ്യോഗികമായി മുന്നോട്ട് വെക്കപ്പെട്ടിട്ടില്ല. കല്‍ക്കട്ടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കാക്കിയതു ഇപ്രകാരം സര്‍ക്കുലേഷനിലുള്ളത് 0.002 ശതമാനത്തോളം വ്യാജ 500,1000 നോട്ടുകളാണെന്നായിരുന്നു. അതായത്, 1 ലക്ഷം നോട്ടുകളില്‍ 2 നോട്ടുകള്‍ കള്ളനോട്ടുകളാണെന്നുസാരം രാജ്യത്തിനകത്ത് സാമൂഹ്യവിരുദ്ധ ശക്തികള്‍ അച്ചടിക്കുന്നതും പുറത്തുനിന്നും ഭീകരപ്രവര്‍ത്തനത്തിനും മറ്റും വരാന്‍ സാധ്യതയുള്ളതുമായ മൊത്തം വ്യാജനോട്ടുകളുടെ ഏകദേശകണക്കാണിത്. അപ്രകാരം തിട്ടപ്പെടുത്തിയത്,ഇന്ത്യയില്‍ പ്രചാരത്തിലുള്ള പരമാവധി കള്ളനോട്ട്400 കോടിരൂപയ്ക്ക് തുല്യമാണെന്നാണ്. ഇതേ കണക്ക് കഴിഞ്ഞവര്‍ഷം പാര്‍ലമെന്റിലും ഉന്നയിക്കപ്പെടുകയുണ്ടായി. രാജ്യത്ത് നോട്ട് പരിശോധനാ സംവിധാനങ്ങള്‍ ഫലപ്രദമാക്കിയാല്‍ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി വന്നേക്കാവുന്ന 400 കോടിയുടെ കള്ളനോട്ട് ഇല്ലാതാക്കാന്‍ 14 ലക്ഷം കോടി രൂപയോളം വരുന്ന 500, 1000 നോട്ടുകള്‍ റദ്ദാക്കുന്നത് എലിയെ തോല്‍പ്പിച്ച് ഇല്ലത്തിന് തീ വെക്കുന്നതുപോലെയാണ്. എന്നുമാത്രവുമല്ല, ആവശ്യമായ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 15,000 കോടി രൂപയോളം സര്‍ക്കാരിന് ചെലവ് വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനുശേഷവും പുതിയതായി വരുന്ന നോട്ടുകള്‍ക്ക് വ്യാജന്‍ ഉണ്ടാകില്ലെന്നതിന് ഒരു ഉറപ്പുമില്ല. ജനങ്ങള്‍ക്കാവശ്യമുള്ള 500, 1000 നോട്ടുകള്‍ അടിച്ചിറക്കാതെ നോട്ടുനിരോധനം വന്ന പിറ്റേദിവസം 2000 രൂപയുടെ പുതിയ നോട്ട് വിപണിയില്‍ ഇറക്കി അതിന്റെ കോര്‍പ്പറേറ്റ് ആഭിമുഖ്യം മോദി സര്‍ക്കാര്‍ തെളിയിക്കുകയും ചെയ്തു. എന്നാല്‍ അതൊടൊപ്പം തന്നെ അതിന്റെ 'ഡിസൈന്‍' ചോര്‍ന്നതായി വിവരം പുറത്തുവരികയും സര്‍ക്കാര്‍ അതിനെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചതായി അറിയിപ്പുണ്ടാവുകയും ചെയ്തു. കള്ളനോട്ടുകാരെ സംബന്ധിച്ചിടത്തോളം 500,1000 നോട്ടുകളെക്കാള്‍ 2000 ത്തിന്റെ നോട്ട് അടിക്കുന്നത് കൂടുതല്‍ ലാഭകരമാണെന്ന് എടുത്തുപറയേണ്ടതില്ല. എന്നാല്‍ ജനങ്ങള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ചെറിയ നോട്ടുകള്‍ക്കായി ഇതെഴുതുമ്പോഴും നെട്ടോട്ടമോടുകയാണ്.

ഇപ്രകാരം കള്ളപ്പണക്കാര്‍ക്കോ കള്ളനോട്ടുകാര്‍ക്കോ കാര്യമായ അലോസരമൊന്നും ഉണ്ടാക്കുന്നില്ലാത്ത നോട്ട് അസാധുവാക്കല്‍ പരിപാടി, അഥവാ സംഘികളുടെ വാക്കുകള്‍ പ്രകാരം 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ജനങ്ങള്‍ക്കെതിരായ കോര്‍പ്പറേറ്റ് പക്ഷത്തുനിന്നുള്ള ഒരു കടന്നാക്രമണമാണെന്നും അതൊരു സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നുമുള്ള യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് വരാനിരിക്കുന്ന യു.പി, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണ് ദേശ സ്‌നേഹത്തിന്റെ മേമ്പൊടി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചത്. 'ഏതൊരു തെമ്മാടിയുടേയും അവസാനത്തെ അഭയമാണ് ദേശസ്‌നേഹമെന്ന 19 -ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായിരുന്ന സാമുവല്‍ ജോണ്‍സണ്‍സിന്റെ ഉധ്ധരണിയാണ് ഇവിടെ ഓര്‍മ്മവരിക. കള്ളപ്പണം വീണ്ടെടുത്ത് ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപാ വീതം നിക്ഷേപിക്കുമെന്ന വീണ്‍ വാക്കുമായി അധികാരത്തിലേയ്ക്ക് വരികയും എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍കള്ളപ്പണത്തിലൂടെ ശതകോടീശ്വരന്മാരും കോര്‍പ്പറേറ്റുകളുമായ അംബാനിമാരേയും അദാനിമാരേയും രാജ്യത്തെ കൊള്ളയടിക്കാന്‍ വീണ്ടും കയറൂരി വിടുകയും ചെയ്തതിന്റെ ജാള്യത മറയ്ക്കാന്‍ ഇത്തരമൊരു 'നമ്പര്‍' കൂടിയേ തീരു എന്ന ഘട്ടത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ - കാശ്മീര്‍, ഏറ്റുമുട്ടല്‍, കൊലകള്‍ ഇറച്ചിയുടേയും മറ്റും പേരില്‍ ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ കടന്നാക്രമണങ്ങള്‍, ജെ. എന്‍. യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം, സൈനിക താവളം അനുവദിക്കുക വഴി രാജ്യത്തെ അമേരിക്കയുടെ കാല്‍ക്കീഴില്‍ കെട്ടിയത്, എന്നിത്യാദി - ഒറ്റയടിക്ക് മാധ്യമചര്‍ച്ചകളില്‍ നിന്നൊഴിവാക്കുകയെന്ന ധര്‍മ്മവും അത് നിറവേറ്റി. ഇതെല്ലാമടക്കം സമഗ്രമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ നോട്ട് അസാധുവാക്കല്‍ ഒറ്റപ്പെട്ട ഒരു നീക്കമാണെന്ന് കാണാതെ മോദിയുടെ ഒട്ടുമൊത്തത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക അജണ്ടയുടെ ഭാഗമായി അതിനെ വിലയിരുത്തേണ്ടതുണ്ട്.

ജനങ്ങള്‍ നേരിടുന്ന പ്രത്യാഘാതങ്ങള്‍

നോട്ട് നിരോധനത്തിലൂടെ 8 ലക്ഷം കോടി രൂപയോളം ബാങ്കുകളിയേല്ക്ക് വന്നുവെന്നും 2ലക്ഷം കോടിരൂപയോളം ബാങ്കുകളില്‍നിന്ന് തിരിച്ചുകൊടുത്തിട്ടുണ്ടെന്ന് ഏറ്റവുമൊടുവിലത്തെ കണക്ക്. ഒരു സാമാന്യവത്ക്കരണത്തിന് ഉപയോഗിച്ചാല്‍ ജനങ്ങളുടെ ക്രയശേഷി നാലിലൊന്നായി ചുരുങ്ങിയെന്നും വിലയിരുത്താവുന്നതാണ്. ജനാര്‍ദ്ദനന്‍ റെഡ്ഡിയെപ്പോലുള്ള കള്ളപ്പണക്കാര്‍ക്ക് ധൂര്‍ത്തടിക്കാന്‍ 500 കോടി നിര്‍ബാധം എത്തിച്ചുകൊടുക്കുന്ന ഭരണകൂടം നോട്ട് കൈമാറ്റത്തിന് വരുന്ന ഒരു സാധാരണ പൗരന് പരമാവധി കൊടുക്കുന്നത് 2000 രൂപയാണ്. ഇപ്രകാരം കിട്ടുന്ന തുച്ഛമായ തുകകൊണ്ട് ഭക്ഷ്യവസ്തുക്കളുടേയും ചികിത്സയുടേയും വിദ്യാഭ്യാസത്തിന്റേയും ചിലവുകള്‍ കൂട്ടിമൂട്ടിക്കാനാകില്ലെന്ന് വ്യക്തമാണ്. തീര്‍ച്ചയായും മോദി സ്തുതി നടത്തുന്ന, ഡിജിറ്റല്‍ ബാങ്കിലും മറ്റും സവിശേഷ വത്ക്കരിച്ചിട്ടുള്ള വരേണ്യ വിഭാഗങ്ങള്‍ക്ക് നോട്ട് റദ്ദാക്കല്‍ സമ്പദ്ഘടനയിലുണ്ടാക്കിയിട്ടുള്ള പണച്ചുരുക്കത്തിലൂടെ സാധാനങ്ങളും സേവനങ്ങളും തുച്ഛവിലയ്ക്ക് ലഭ്യമാകുകയും ചെയ്യും.

ദൈനംദിന പണകൈമാറ്റത്തില്‍ അധിഷ്ടിതമായ ചില്ലറ വ്യാപാരം ഒന്നടങ്കം നിശ്ചലമാവുകയും ഇ-കൊമേഴ്‌സിലും മൊബൈല്‍ വ്യാപാരത്തിലും ഊന്നുന്ന ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികള്‍ ഈ രംഗം കൈയ്യടക്കുകയും ചെയ്യും. പ്രത്യേകിച്ചു ജി. എസ്. ടി പോലുള്ള നികുതി പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ തന്നെ ലക്ഷ്യമായിട്ടുള്ള കോര്‍പ്പറേറ്റ് നിയന്ത്രണത്തി ലുള്ള ഉദ്ഗ്രഥിത വിപണിയെന്ന പദ്ധതിയെ ശകതിപ്പെടുത്തുന്ന രാസത്വരകമായി നോട്ട് അസാധുവാക്കല്‍ മാറിയിരിക്കുന്നു. 47 കോടിയോളം വരുന്ന ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തില്‍ കേവലം 3 കോടി മാത്രമാണ് സംഘടിത തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നത്. ഏകദേശം 95 % തൊഴിലാളികളും പണിയെടുക്കുന്നത് അനൗപചാരികമെന്ന് വിശേഷിക്കപ്പെടുന്ന അസംഘടിത മേഖലയിലാണ്. ഇവയെല്ലാം വലത് ബുദ്ധിജീവികള്‍ അവകാശപ്പെടുന്നതുപോലെ ഡിജിറ്റല്‍ ഇടപാടുകളില്‍ അധിഷ്ഠിതമല്ല. പൂര്‍ണ്ണമായും കറന്‍സി കൈമാറ്റത്തില്‍ അധിഷ്ഠിതമായ ഇത്തരം മേഖലകള്‍ തകര്‍ക്കപ്പെടുന്നതിനുള്ള പശ്ചാത്തലം ഈ നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ചിരിക്കുന്നു. മത്സ്യം, തോട്ടം, കശുവണ്ടി, ബീഡി, ലോട്ടറി, കെട്ടിടനിര്‍മ്മാണം തുടങ്ങിയവയെല്ലാം തകര്‍ന്നു. സെപ്റ്റംബര്‍ 2 ന്റെ പണിമുടക്ക് നടന്നപ്പോള്‍ അന്ന് രാജ്യത്തിന് 15,000 കോടി നഷ്ട്ടപ്പെട്ടുവെന്ന് വിളിച്ചുകൂവിയ അരാ.#്ട്രീയ മാന്യന്മാര്‍ ഇപ്പോള്‍ പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ ഉദ്പാദന നഷ്ടത്തെപ്പറ്റിയും ജനങ്ങളുടെ ക്രയശേഷിയുടെ തകര്‍ച്ചയെപ്പറ്റിയും നിശബ്ദത പുലര്‍ത്തുന്നത് കൃത്യമായ ഒരു വര്‍ഗനിലപാടിന്റെ ഭാഗമായിക്കൂടിയാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഫെഡറല്‍ ഘടനയെ തകര്‍ക്കും വിധം ജി. എസ്.ടി അടിച്ചേല്‍പിച്ചത് സംസ്ഥാന സമ്പദ് ഘടനയ്ക്ക് ഏല്‍പിച്ച ആഘാതം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ സംസ്ഥാന ട്രഷറിപോലും ആഴ്ച്ചകളായി നിശ്ചലമാക്കിയ ഈ നോട്ട് റദ്ദാക്കല്‍ വിവരണാതീതമായ പ്രതിസന്ധിയാണ് സംജാതമാക്കിയിരിക്കുന്നത്. ഭരണം തന്നെ നിശ്ചലമായ അവസ്ഥയാണുള്ളത്. ട്രഷറികളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുമുള്ള എല്ലാ കൊടുക്കല്‍ വാങ്ങലുകളും സ്തംഭിച്ചിരിക്കുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വിയി ല്ലാത്ത സംഭവങ്ങളാണ് ഇവയെല്ലാം. ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ തനത് രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക പരിവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച സഹകരണമേഖല നേരിടുന്ന പ്രതിസന്ധി. ഏകദേശം ഒന്നരലക്ഷം കോടി രൂപയോളം നിക്ഷേപിക്കപ്പെട്ടിട്ടുള്ളതും കേരളത്തിന്റെ കാര്‍ഷിക പരമ്പരാഗത, സ്വയം തൊഴില്‍, അസംഘടിത മേഖലകളുടെ 'ലൈഫ് ലൈന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ സഹകരണമേഖലക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മുമ്പേതന്നെ തിരിഞ്ഞിട്ടുള്ള പശ്ചാത്തലത്തില്‍ നോട്ട് അസാധുവാക്ക ലിന്റെ മറവില്‍ സഹകരണബാങ്കുകളെ പണക്കൈമാറ്റത്തില്‍ നിന്ന് അപ്പാടെ അകറ്റിനിര്‍ത്തിയിരിക്കുന്നത് ആസൂത്രിതമായ ഒരു അജണ്ടയുടെ കൂടി ഭാഗമാണെന്ന് കരുതാം. അതേ സമയം രാജ്യത്ത് വന്‍കോര്‍പ്പറേറ്റ് അഴിമതികള്‍ക്കും കള്ളപ്പണ കേന്ദ്രീകരണത്തിനും കൂട്ടുനില്‍ക്കുന്ന ഉന്നത ബ്യൂറോക്രറ്റുകള്‍ നടത്തുന്ന സഹകര ണസംഘങ്ങള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടുത്തെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളെ സംബന്ധിച്ചൊന്നും ഒരു ചര്‍ച്ചപോലും കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നടക്കുന്നില്ല. 

 'നോട്ട് പിന്‍വലിക്കല്‍' പുതിയ കാര്യമാണെന്നും'മോദിയുടെ മാസ്റ്റര്‍ ഷോക്ക്' ആണെന്നും സംഘികള്‍ പ്രചരിപ്പിക്കുന്നു. വാസ്തവ വിരുദ്ധമാണത്. ഏകീകൃത നാണയമായ യൂറോയിലേയ്ക്ക് 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മാറിയത് ചരിത്രത്തിലെ ഏറ്റവും വലിയ നോട്ട് റദ്ദാക്കലും പുനഃസ്ഥാപനവും ഒരുമിച്ചുനടന്ന വിജയകരമായ പ്രക്രിയയായിരുന്നു. ദീര്‍ഘകാലത്തെ തയ്യാറെടുപ്പുകള്‍ ഇതിനാവശ്യമായി വന്നു. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുന്നതിനും ചിലനടപടികള്‍ ഉണ്ടായിട്ടുണ്ട്. 1946 ല്‍ 1000, 10,000 നോട്ടുകളും 1978 ല്‍ 1000,5000,10,000 നോട്ടുകളും കള്ളപ്പണത്തിനെതിരായുള്ള നടപടിയെന്ന നിലയില്‍ ഇന്ത്യാ ഗവണ്‍മെന്റ് റദ്ദാക്കി. പക്ഷെ അന്ന് രാജ്യത്തെ 99 ശതമാനത്തിലധികം ജനങ്ങളുടേയും ജീവിതവുമായി ഇതിനൊരുബന്ധവുമില്ലായിരുന്നു. അവരാരും ഇത് അറിഞ്ഞതുമില്ല. 1978 ലാകട്ടെ രാജ്യത്തെ കറന്‍സിയുടെ 2% മാത്രമായിരുന്നു റദ്ദാക്കിയ നോട്ടുകള്‍ ഇന്നാകട്ടെ, രാജ്യത്ത് സര്‍ക്കുലേറ്റ് ചെയ്യുന്ന നോട്ടുകളുടെ 86 % ആണ് ഒറ്റയടിക്ക് ഒരു മുന്നൊരുക്കവും ഇല്ലാതെ മോദി ഒരു പ്രഖ്യാപനത്തിലൂടെ ഇല്ലാതാക്കിയത്.

1000 ത്തിന്റെ നോട്ടുകള്‍ പോലും ഇന്ത്യയിലെ പരമദരിദ്രര്‍ ജീവസന്ധാരണത്തിനായി സൂക്ഷിക്കേണ്ടിവരുന്ന വിധം കറന്‍സി ഘടന മാറിയ സാഹചര്യത്തില്‍ ഇതേ സംബന്ധിച്ച് ഒരു പഠനം നടത്താതെയും റദ്ദാക്കിയ നോട്ടുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാനുള്ള സംവിധാനമൊരുക്കാതെയും നടത്തിയ ഈ പ്രഖ്യാപനം രാജ്യത്തെ ജനകോടികള്‍ക്കെതിരായ ഒരു യുദ്ധപ്രഖ്യാപനമല്ലാതെ മറ്റൊന്നുമല്ല. മോദി ഭരണത്തെ താങ്ങിനിര്‍ത്തുന്ന അദാനിയെപ്പോലെയുള്ള കോര്‍പ്പറേറ്റ് കള്ളപ്പണക്കാരും 'മൂഡീസ്' പോലുള്ള സാമ്രാജത്വ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളും ഈ ജനവിരുദ്ധ പരിപാടിക്ക് പിന്തുണയുമായി ഹിന്ദുത്വനേതാക്കന്മാര്‍ക്കൊപ്പം അണിനിരന്നിരിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ പണദൗര്‍ലഭ്യം സൃഷ്ടിച്ച്, സമ്പദ് ഘടനയിലെ പണമത്രയും ബാങ്കുകളിലൂടെ സമാഹരിച്ച്, അവയുടെ മൂലധനാടിത്തറ ശക്തിപ്പെടുത്തിയും കോര്‍പ്പറേറ്റ് കള്ളന്മാരെ കിട്ടാക്കടമെന്ന പേരില്‍ വീണ്ടും കൊഴുപ്പിച്ചും അരങ്ങേറുന്ന ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം പൊതുമേഖലാ ബാങ്കുകളെയപ്പാടെ ബഹുരാഷ്ട്ര - കോര്‍പ്പറേറ്റ് നിയന്ത്രണത്തിലാക്കുക, പേരിനെങ്കിലും നിലനില്‍ക്കുന്ന 'ജനകീയ ബാങ്കിംഗ്' സംവിധാനം അവസാനിപ്പിക്കുക എന്നതാണ്. ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ ചലനക്രമങ്ങള്‍ക്കനുസൃതമായി ബാങ്കിംഗ് മേഖലയെ 'ഡിജിറ്റിലൈസേഷന്' വിധേയമാക്കി കേന്ദ്രീകരിക്കുകയെന്നതാണ് ഇതിന്റെ ഒരു വശം. മറുഭാഗത്ത് ഇതേ പ്രക്രിയയുടെ മറുവശം എന്ന നിലയില്‍ 'മൈക്രോഫിനാന്‍സി'ലൂടെ ജനങ്ങളെ മൂലധന കേന്ദ്രങ്ങളുടെ നിയന്ത്രണത്തില്‍ തന്നെ തളച്ചിട്ട് അവരുടെ രക്തമൂറ്റിയെടുക്കുക. മൊബൈല്‍ ബാങ്കിംഗും ഇലക്‌ട്രോണിക്ക് പണകൈമാറ്റങ്ങള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരത്തിനും മാള്‍ സംസ്‌കാരത്തിനും വഴങ്ങാത്ത ബഹുഭൂരിപക്ഷത്തേയും ആധുനിക ബാങ്കിംഗ് സംവിധാനത്തിന് പുറത്തുനിര്‍ത്തി ലോക ബാങ്കിന്റേയും ഫണ്ടിംഗ് കേന്ദ്രങ്ങളുടേയും എന്‍. ജി. ഒകളുടേയും മറ്റും നിയന്ത്രണത്തില്‍ തന്നെ മൈക്രോഫിനാന്‍സ് സംവിധാനങ്ങള്‍ വളര്‍ത്തിയെടുത്ത് വ്യവസ്ഥയ്‌ക്കെതിരായ സമരത്തെ നിര്‍വീര്യമാക്കാന്‍ അവരെ അരാഷ്ട്രീയ വല്‍ക്കരിക്കുകയെന്നതാണു ലക്ഷ്യം.. കേരളത്തില്‍ ഇപ്പോള്‍ കുടുംബശ്രീയും ജനശ്രീയും ഇതര മതജാതിശക്തികളുടെ മൈക്രോഫിനാന്‍സ് സംഘങ്ങളും ഏറ്റെടുത്തിരിക്കുന്നത് ഈ കോര്‍പ്പറേറ്റ് സേവയാണ്.

സര്‍ക്കുലേഷനിലുള്ള 86% മൂല്യം വരുന്ന നോട്ടുകള്‍ പിന്‍വലിക്കുകയും ചെറിയ മൂല്യമുള്ള നോട്ടുകള്‍ അടിക്കാതിരിക്കുകയും ജനങ്ങള്‍ക്കാവശ്യമില്ലാത്ത 2000 ത്തിന്റെ നോട്ടുകള്‍ ഉടന്‍ എത്തിക്കുകയുംഅതിനുംപുറമേജനങ്ങള്‍ ഡിജിറ്റല്‍ കൈമാറ്റത്തിലേയ്ക്ക് തിരിയണമെന്ന് ആഹ്വാനം ചെയ്തതും ''അപ്പമില്ലെങ്കില്‍ കേക്ക് തിന്നുകൂടേ'' എന്ന് ചോദിച്ച ഫ്രഞ്ച് ചക്രവര്‍ത്തിനിയെ അനുസ്മരിപ്പിക്കുന്നതായി. വാസ്തവത്തില്‍, 2000ത്തിന്റെ നോട്ടുകള്‍ അടിച്ചിറക്കുകയും അതേ സമയം ചെറിയ തുകയുടെ നോട്ടുകള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്നത് മോദി ഭരണം എത്രമാത്രം ജനവിരുദ്ധമാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ്. ചെറിയ നോട്ടുകള്‍ രാജ്യത്ത് വളരെ കുറവാണെന്നുള്ള വിഷയം വര്‍ഷങ്ങളായി റിസര്‍വ്വ് ബാങ്കില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുള്ളതാണ്. അതുപോലും മറച്ചുവെച്ചു. ഈ അടിയന്തരഘട്ടത്തില്‍ പോലും ചെറിയ നോട്ടുകള്‍ അടിച്ചിറക്കാതെ ജനകോടികളെ പിഴിഞ്ഞൂറ്റണമെങ്കില്‍ എത്രമാത്രം 'സാഡിസ്റ്റ്' ആയ ഒരു ഭരണസംവിധാനമാണ് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതോടകം 80 % ലധികം ഡിജിറ്റല്‍ പണമിടപാടുകളിലേയ്ക്ക് തിരിഞ്ഞ ചില യൂറോപ്യന്‍ രാജ്യങ്ങള്‍പോലും ആവശ്യത്തിന് ചെറിയ നോട്ടുകള്‍ വിപണിയില്‍ ലഭ്യമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കാര്യം കൂടി കാണേണ്ടതുണ്ട്. അതേ സമയം പല സാമ്രാജ്യത്വ രാജ്യങ്ങളും - അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, കാനഡ - 500 ഡിനോമിനേഷനു മുകളിലുള്ള നോട്ടുകളുടെ അച്ചടി മുമ്പേ നിര്‍ത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ,് പാവങ്ങളുടെ മുറിവില്‍ ഉപ്പുതേക്കുന്നമാതിരി മോദി ഭരണം 2000 രൂപയുടെ നോട്ട് അടിച്ചിറക്കിയിരിക്കുന്നത.് അതേ സമയം അസാധുവാക്കിയ 500, 1000 നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുമനിലവാരം കുറഞ്ഞതാണ് 2000ത്തിന്റെ നോട്ടെന്നും കള്ളനോട്ടടിക്കുന്നവര്‍ക്ക് അത് കൂടുതല്‍ സഹായകരമാണെന്ന വിമര്‍ശനവും ഉയര്‍ന്നു വന്നിട്ടുണ്ട്.

രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ ക്രയശേഷിയും തൊഴിലും ഉല്‍പാദന മേഖലകളുമെല്ലാംഅഭൂദപൂര്‍വ്വമായ തോതില്‍ ചുരുക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്ന ഈ നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സമസ്ത മേഖലകളിലേയ്ക്കും കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് പൂര്‍വ്വാധികം ശക്തിയോടെ കടന്ന് കയറുന്നതിനുള്ള ഒരു 'ശുദ്ധീകരണ പ്രക്രിയ' തന്നെയാണ.് ആഗോളവത്ക്കരി ക്കപ്പെട്ട കമ്പോളവ്യവസ്ഥയുമായി ഇനിയും ഉദ്ഗ്രഥിക്കപ്പെട്ടിട്ടില്ലാത്ത ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷിക, പരമ്പരാഗത മേഖലകളെ നിര്‍ബന്ധിതമായും ഉദ്ഗ്രഥിക്കുന്നതിനും ഉല്‍പാദനവും വിപണനവുമടക്കം എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സമഗ്രാധിപത്യത്തില്‍ കൊണ്ടുവരുന്നതിനുള്ള ആസൂത്രിത നീക്കമാണ്. തീവ്രവലത് സാമ്പത്തിക നിലപാടുകളുള്ള ഹിന്ദുത്വഫാസിസ്റ്റുകളുടേയും കോര്‍പ്പറേറ്റ് മീഡിയാകളുടെയും സംഘി ബുദ്ധിജീവികളുടേയുമെല്ലാം പിന്തുണയോടെ അഴിമതിക്കാരും കള്ളപ്പണക്കാരുമായ ഇന്ത്യന്‍ഭരണ വര്‍ഗം അതിന്റെ ഇപ്പോഴത്തെ സിഇഒ ആയ മോദിയെ ഉപയോഗിച്ച് കോര്‍പ്പറേറ്റ് കൊള്ളയുടെ പുതിയൊരു ഘട്ടത്തിന് തുടക്കമിടുന്നതിന്റെ ഭാഗമാണ് ഈ നോട്ട് അസാധുവാക്കല്‍. രാജ്യത്ത് തൊഴില്‍, നികുതി, പരിസ്ഥിതി, നിയമങ്ങളും പ്രാഥമിക ജനാധിപത്യാവ കാശങ്ങളും ദ്രുതഗതിയില്‍ കടന്നുകയറിക്കൊണ്ടിരിക്കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് മൂലധനത്തിനും അതിന്റെ ജൂനിയര്‍ പങ്കാളികളായ ഇന്ത്യന്‍ കുത്തകകള്‍ക്കും അനുകൂലമായി പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന മോദി ഭരണം കള്ളപ്പണത്തെ സംബന്ധിച്ച എല്ലാ അംഗീകൃത നിലപാടുകളും അവഗണിച്ചുകൊണ്ടാണ് ഈ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കള്ളപ്പണത്തിനുത്തരവാദികള്‍ ഇന്നാട്ടിലെ രാപകലന്തിയോളം പണിയെടുക്കുന്ന തൊഴിലാഴികളോ കര്‍ഷകരോ ഇടത്തരക്കാരോ വിവിധ തുറകളില്‍ അധ്വാനിക്കുന്ന വിശാലജനവിഭാഗങ്ങളോ അല്ല. കള്ളപ്പണത്തി ന്റെ ഉറവവിടം ഇവിടുത്തെ ഭരണകൂടവും ഭരണവ്യവസ്ഥയുമാണ്. നാഴികയ്ക്കു നാല്‍പതുവട്ടം ദേശസ്‌നേഹത്തെപ്പറ്റി വാചാടോപം നടത്തുകയും രാജ്യത്തെ ഒറ്റുകൊടുത്ത് വിദേശനികുതി വെട്ടിപ്പുകേന്ദ്രങ്ങളിലും രാജ്യത്തിനകത്ത് ഭരണസംവിധാനങ്ങള്‍ ഉപോയോഗിച്ചും സമ്പത്തു കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ സമ്പന്ന, വരേണ്യ, സവര്‍ണ്ണ വര്‍ഗമാണ് കള്ളപ്പണത്തിന്റെ സ്രോതസ്സ്. ഈ വര്‍ഗത്തെ വീണ്ടും കൊഴുപ്പിക്കുന്ന നവഉദാര - കോര്‍പ്പറേറ്റ് നയങ്ങളാണ് അഴിമതിയും കള്ളപ്പണവും പുനരുല്‍പാദിപ്പിക്കുന്നത്. കേവലം 31 % വോട്ട് നേടി കേവലഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ 237 ലോകസഭാ എം.പിമാര്‍ ശതകോടീശ്വരന്മാരാണ് രാജ്യസഭയിലേയ്ക്ക് അത് നോനിനേറ്റു ചെയ്ത 55 എം.പിമാരും അങ്ങനെതന്നെ. അവരില്‍ ഒരാളാണ് സഹസ്രകോടികള്‍ അടിച്ചുമാറ്റി ഭരണത്തിന്റെ ഒത്താശയോടെ വിദേശത്ത് സസുഖം വാഴുന്ന വിജയമല്യ. പ്രതിവര്‍ഷം കോര്‍പ്പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതി കുടിശ്ശിഖ എഴുതിത്തള്ളുന്നതും ഇവരാണ്. ഇവരാണ് കള്ളപ്പണവും അഴിമതിയും കെട്ടുപിണഞ്ഞ ഈ ഭരണ വ്യവസ്ഥയെ ഇപ്പോള്‍ നിലനിര്‍ത്തുന്നത്.

വസ്തുതകള്‍ ഇതായിരിക്കെ, കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരെ ചിന്തിക്കുന്ന, നന്മ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് കള്ളപ്പണത്തിനെതിരെയെന്ന പേരില്‍ മോദി നടത്തിക്കൊണ്ടിരിക്കുന്ന 'കുരിശുയുദ്ധത്തില്‍' ചില സംശയങ്ങള്‍ ഉണ്ടാകാവുന്നതാണ് ഭരണകൂടത്തിന്റെ കപടപ്രചരണത്തില്‍ അങ്ങനെയുള്ളവര്‍ സ്വാധീനിക്കപ്പെടാതി രിക്കണമെങ്കില്‍ അത്തരം സംശയങ്ങള്‍ക്ക് വ്യക്തത വരേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുമ്പേ പരാമര്‍ശിക്കപ്പെട്ടവയെങ്കിലും പൊതുവേ ഉന്നയി ക്കപ്പെടാറുള്ളതും വിശദീകരണം ആവശ്യപ്പെടുന്നതുമായ കാര്യങ്ങള്‍ ചുരുക്കി പ്രതിപാദിക്കാം.

1 കള്ളപ്പണമെന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്.

ഏതെങ്കിലുമൊരു സ്ഥലത്ത് കുമിഞ്ഞുകൂടിക്കിടക്കുന്ന പണമെന്നല്ല കള്ളപ്പണമെന്ന തുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കള്ളപ്പണം അഥവാ കണക്കില്‍പ്പെടാത്ത പണമെന്നതുകൊണ്ട് അതിനു രൂപം നല്‍കുന്ന സാമൂഹ്യ സാമ്പത്തിക പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്. വാസ്തവത്തില്‍ കള്ളപ്പണമെന്നത് വെള്ളപ്പണത്തില്‍ നിന്ന് അഥവാ ശരിയായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച പണത്തില്‍ നിന്ന് വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ നിലനില്‍ക്കുന്നില്ല. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെയും നികുതിവെട്ടിപ്പിലൂടെയും സമാഹരിക്കുന്ന പണവും അദ്ധ്വാനിച്ചുണ്ടാക്കുന്ന പണവും തമ്മില്‍ വേര്‍തിരിച്ചറിയാനാവില്ല. യഥാര്‍ത്ഥത്തില്‍ നിലവിലുള്ള രാഷ്ട്രീയ സമ്പദ്ഘടനയും ഭരണവ്യസ്ഥയുമാണ് കള്ളപ്പണത്തിന്റെ ഉറവിടം. കണക്കില്‍പ്പെടാത്ത 
പണം അഥവാ കള്ളപ്പണം പെട്ടികളിലോ തലയിണക്കടിയിലോ സൂക്ഷിച്ചുവെക്കുന്നതിനു പകരം ഭൂമിയും കെട്ടിടവും സ്വര്‍ണവും കമ്പനി ഓഹരികളും നിക്ഷേപങ്ങളുമായി നിരന്തരം വെളുപ്പിക്കുകയും വീണ്ടും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പലമടങ്ങു വര്‍ദ്ധിപ്പിക്കുകയുമാണ് കള്ളപ്പണക്കാരും കോര്‍പ്പറേറ്റുകളും ചെയ്യുന്നത്. രാജ്യത്തെ നികുതിവകുപ്പിന്റെയും പോലീസ്, ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും അഴിമതിയും കെടുകാര്യസ്ഥതയും കോര്‍പ്പറേറ്റ് കള്ളപ്പണക്കാരുമായുള്ള അവിഹിത ബാന്ധവത്തിലൂടെയുമാണ് കള്ളപ്പണം, കള്ളസമ്പത്ത് പെരുകുന്നത്. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം ഇല്ലാതാക്കാമെന്നവ്യാമോഹം പ്രചരിപ്പിക്കുന്നതിനു പിന്നില്‍ കള്ളപ്പണത്തിനു കാരണമായ കോര്‍പ്പറേറ്റ് നയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കിയതായി ചരിത്രത്തിലോരിടത്തും രേഖപ്പെടുത്തിയിട്ടില്ല. 

2 വിദേശത്തേക്കു കടത്തിയ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യാക്കാരെന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം മോദി മറന്നതെന്തുകൊണ്ട്.?

മോദിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനത്തെപ്പറ്റിയും കഴിഞ്ഞ രണ്ടുവര്‍ഷമായി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിശബ്ദതയെപ്പറ്റിയും നേരത്തെ വിശദീകരിച്ചതാണ്. ഒന്നുകൂടി വിശദമാക്കിയാല്‍ കള്ളപ്പണക്കാരുടേയും നികുതുവെട്ടിപ്പുകാരുടെയും പിന്‍ബലത്തില്‍ അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാരിന് കള്ളപ്പണക്കാര്‍ക്കെ തിറെ ഫലപ്രദമായി ഒരു നടപടിയും കൈക്കൊള്ളാനാവില്ല. ഉദാഹരണത്തിന് മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ'പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിക്ഷേപിക്കുന്ന വിദേശ മൂലധനത്തിന്റെ 60ശതമാനത്തോളം മൗറീഷ്യസ് എന്ന പരമദരിദ്ര രാജ്യത്തുനിന്നാണ്. അതായത് സാമ്രാജ്യത്വകേന്ദ്രങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചി രിക്കുന്ന കോര്‍പ്പറേറ്റുകള്‍ മൗറീഷ്യസുമായി ഇന്ത്യാഗവണ്മന്റ് ഉണ്ടാക്കിയിട്ടുള്ള 'നികുതി ഒഴിവാക്കല്‍'സംവിധാനം ഉപയോഗിച്ച് വിദേശ നിക്ഷേപമെന്ന പേരില്‍ രാജ്യത്തേക്ക് തിരിച്ചുവിടുകയാണു ചെയ്യുന്നത്. വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യാക്കാരുടെയും അക്കൗണ്ടില്‍ 15ലക്ഷം രുപ ഇടുമെന്ന തെരഞ്ഞെടുപ്പുവാഗ്ദാന ത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി ബി ജെ പി പ്രസിഡണ്ട് അമിത് ഷാ പറഞ്ഞത് 'അതൊരു തെരഞ്ഞെടുപ്പു സ്റ്റണ്ട്'മാത്രമായിരുന്നു എന്നാണ്. വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള 648 പേരുകളും 'പനാമാപേപ്പേഴ്‌സില്‍'ഉല്‍പ്പെട്ട ബച്ചനടക്കമുള്ളവരുടെ വിശദവിവരങ്ങളും മോദി സര്‍ക്കാരിന്റെ കൈകളിലുണ്ടെ ങ്കിലും ആ പട്ടിക പ്രസിദ്ധീകരിക്കാന്‍ പോലും മോദി തയ്യാറല്ല. അങ്കനെ ചെയ്താല്‍ രാജ്യം 'നിക്ഷേപസൗഹൃദം'അല്ലാതാകുമെന്നാണ് ഭരണകേന്ദ്രങ്ങള്‍ പറയുന്നത്. രാജ്യത്തെ വെട്ടിച്ച് മൗറീഷ്യസിലേക്ക് 5000 കോടിയിലധികം കടത്തിയ അദാനിയെ മോദി സംരക്ഷിക്കുന്നകാര്യം മുമ്പു സൂചിപ്പിച്ചതാണല്ലോ.

3 നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണവും അഴിമതിയും ദൂരികരിക്കാനാകുമോ?

ലിഖിത സാമ്പത്തിക ചരിത്രത്തില്‍ കേട്ടുകേഴ്‌വി ഇല്ലാത്ത കാര്യമാണിത്. അപൂര്‍വ്വം ചില വ്യക്തികളൊഴിച്ചാല്‍ അനധികൃത മാര്‍ഗ്ഗളിലൂടെ ലക്ഷക്കണക്കിനുകോടി രൂപയുടെ കണക്കില്‍പ്പെടാത്ത കള്ളപ്പണം ഉണ്ടാക്കിയിട്ടുള്ള കോര്‍പ്പറേറ്റുകളാരും അതു പണമായി സൂക്ഷിക്കുന്നില്ല. രാജ്യത്തെ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് ഘടനയുടെ ഉറവിടമായിട്ടുള്ള ഈ കോര്‍പ്പറേറ്റ് കള്ളപ്പണക്കാര്‍ക്ക് ഒരു പോറലു പോലും ഏല്‍പ്പിക്കാന്‍ നോട്ട് അസാധുവാക്കലിലൂടെ കഴിയില്ല. ഭരണവ്യവസ്ഥയും ഭരണകൂടവുമായി താദാത്മ്യം പ്രാപിച്ചിട്ടുള്ള ഈ വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും നികുതിവെട്ടിപ്പുകളും കൈക്കൂലിയും കമ്മീഷനുകളും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കള്ളക്കടത്തും ഹവാല ഇടപാടുകളും ഓഹരി നാണയ വിപണികലിലെ തിരിമറികളും ഐ പി എല്‍ പോലുള്ള വാതുവെപ്പുകളും ചൂതാട്ടങ്ങളുമെല്ലാം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് നോട്ട് അസാധുവാക്കല്‍ പോലുള്ള ചെപ്പടിവിദ്യകൊണ്ട് കഴിയില്ല. ഇപ്പോള്‍ സുപ്രീംകോടതി സമക്ഷം ഫയല്‍ചെയ്തിട്ടുള്ള കേസില്‍ ബിര്‍ള സഹാറ കമ്പനികളില്‍നിന്നും കൈക്കൂലി വാങ്ങിയെന്നതിന് മോദിപോലും ആരോപണ വിധേയനായി നിലകൊള്ളുന്നു. നിലവിലുള്ള വ്യവസ്ഥയും അതിന്റെ നയങ്ങളും അടിമുടി മാറാതെ നോട്ടു റദ്ദാക്കി അഴിമതി ഇല്ലാതാക്കാമെന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കുതന്ത്രം മാത്രമാണ്.

4 ഇത് കള്ളനോട്ടും ഭീകരപ്രവര്‍ത്തനവും തടയുമോ?

മുമ്പു സൂചിപ്പിച്ചതുപോലെ രാജ്യത്ത് സര്‍ക്കുലേറ്റുചെയ്യുന്ന കറന്‍സിയുടെ മൂല്യത്തിന്റെ കേവലം 0.002ശതമാനം അഥവാ 400കോടി രൂപയാണ് ഔദ്യോഗിക കണക്കു പ്രകാരം കള്ളനോട്ടായിട്ടുള്ളത്. അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളുടേയും കറന്‍സിക്കു പകരമായി കള്ളനോട്ടുകള്‍ പ്രചാരത്തിലുണ്ട്. പക്ഷേ ഈ രാജ്യങ്ങളൊന്നും കള്ളനോട്ടുകള്‍ക്കെതിരെ രാജ്യത്തിന്റെ കറന്‍സി റദ്ദാക്കുന്ന ഏര്‍പ്പാടിന് മുതിര്‍ന്നിട്ടില്ല. ഇവിടെ 0.002ശതമാനത്തെ ഇല്ലാതാക്കാന്‍ 99.008 ശതമാനം നശിപ്പിക്കുന്ന ഒരുസാമ്പത്തിക യുക്തിക്കും വഴങ്ങാത്ത പണിയാണ് മോദിയും ഉപദേശകരും ചെയ്തിരിക്കുന്നത്. നിലവിലുള്ള പോലീസ് സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണ് അയല്‍രാജ്യത്തുനിന്നും ഇന്ത്യയിലേക്കു കള്ളനോട്ടു വരുന്നതിന്റെ മുഖ്യകാരണമെന്നു തിരിച്ചറിയുക പ്രധാനമാണ്. അതേസമയം കള്ളനോട്ടടിക്കാനുള്ള പ്രേരണ കുറക്കാനുള്ള പലമാര്‍ഗ്ഗങ്ങളിലൊന്ന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അടിക്കാതിരിക്കുകയെന്നതാണ്. എന്നാല്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കിയ മോദി സാധാരണക്കാര്‍ക്കാവശ്യമുള്ള ചെറിയ മൂല്യമുള്ള നോട്ടുകള്‍ അടിച്ചിറക്കാതെ 2000ത്തിന്റെ നോട്ടുകള്‍മുന്‍കൂട്ടി അടിച്ചിറക്കിയത് ആരെ സഹായിക്കാനാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അംഗീകൃത യുക്തി അനുസരിച്ച് കള്ളനോട്ടുകാര്‍ക്കും കള്ളപ്പണക്കാര്‍ക്കും സന്തോഷകരമായ ഒരു നീക്കമാണിത്. മറ്റുലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കറന്‍സിയുടെ വ്യാജപ്പതിപ്പുകള്‍ ഇറക്കാനുള്ള സാധ്യതകൂടുന്നത് ആവശ്യമായ നോട്ടിന്റെ മൂന്നിലൊന്നും ഇപ്പോഴും വിദേശത്തുതന്നെ അടിക്കുന്നു എന്നതാണ്. കൂടാതെ നോട്ടടിക്കാനുള്ള മഷിയും പേപ്പറും ഇന്ത്യ ഇപ്പോഴും ഇറക്കുമതി ചെയ്യുന്നത് നാറ്റോ രാജ്യങ്ങളില്‍നിന്നാണ്. നോട്ട് അടിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെയും സാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ പോലും സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കാതെ ദേശസ്‌നേഹത്തെപ്പറ്റി ഗീര്‍വാണപ്രസംഗം നടത്തിയതുകൊണ്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല.

5 നോട്ട് അസാധുവാക്കല്‍ തീരുമാനം മോദി പ്രഖ്യാപിക്കണമായിരുന്നോ?

ധനകാര്യ സെക്രട്ടറിയോ റിസര്‍വ് ബാങ്ക് ഗവര്‍ണറോ പ്രഖ്യാപിക്കേണ്ട ഇക്കാര്യം മോദി നേരിട്ടവതരിപ്പിച്ചത് യു പി, പഞ്ചാബ് തരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ പരമാവധി രാഷ്ട്രീയ മുതലെടുപ്പു നടത്തുകയെന്ന ലക്ഷ്യത്തോ ടെയായിരുന്നു. മുമ്പ് ഇന്ത്യയില്‍ നടന്ന രണ്ടു നോട്ട് അസാധുവാക്കലുകളും ഓര്‍ഡിനന്‍സുകളിലൂടെയായിരുന്നു എന്ന വസ്തുതയും കാണേണ്ടതുണ്ട്. എന്നു മാത്രമല്ല, രാജ്യത്തിന്റെ കറന്‍സിയുടെ 86.4% ഒറ്റയടിക്കില്ലാതാക്കുന്ന, അതുവഴി ജനങ്ങളുടെ സ്വത്തിനേയും ജീവനേയും അടിമുടി ഉലക്കുന്ന ഒരു തീരുമാനം പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ സ്വന്തം വ്യക്തിപ്രഭാവം സ്ഥാപിച്ചെടുക്കാന്‍ ഒരു പ്രധാമന്ത്രി പ്രഖ്യാപിക്കുന്നതിന്റെ നിയമപരവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണരായി തുടര്‍ന്നിരുന്നെങ്കില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ മോദിക്കു കഴിയുമായിരുന്നില്ല. രാജ്യത്തിന്റെ ''70 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ധീരമായ പ്രഖ്യാപന''മെന്ന് മോദി ഭക്തന്മാര്‍ വിളിച്ചുകൂവുമ്പോള്‍, ഒരു മുന്നൊരുക്കങ്ങളും നടത്താത്ത പിടിപ്പുകേടാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുറന്നു കാട്ടപ്പെട്ടത്. തീര്‍ച്ചയായും കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കാന്‍ ജനങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുന്നതോടൊപ്പം രാജ്യസ്‌നേഹത്തിന്റെയും കള്ളപ്പണ വിരുദ്ധതയുടെയും പേരില്‍ അടിച്ചെടുക്കാവുന്ന രാഷ്ട്രീയ മുതലെടുപ്പും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് മോദിയുടെ പ്രഖ്യാപനം.

6 പ്രഖ്യാപനം അറിയേണ്ടവര്‍ നേരത്തെ അറിഞ്ഞിരുന്നു?

പരമ രഹസ്യമായി നടപ്പാക്കിയ ഒരേര്‍പ്പാടായിരുന്നു നോട്ട് അസാധുവാക്കല്‍ എന്ന അവകാശവാദമാണ് തുടക്കത്തില്‍ ഭരണപക്ഷം മുന്നോട്ടുവച്ചത്. എന്നാല്‍ ക്രമേണ ബി ജെ പി പാളയത്തില്‍ നിന്നുതന്നെ ഈ വാദഗതിയെ ഖണ്ഡിക്കുന്ന സൂചനകളും പുറത്തുവന്നുതുടങ്ങി. ഭരണസിരാകേന്ദ്രത്തോട് അടുത്തു നില്‍ക്കുന്നവര്‍ക്ക് വിവരം നേരത്തെ ചോര്‍ത്തിക്കിട്ടിയതിന്റെ തെളിവെന്നോണം സെപ്തംബര്‍ 30ന് അവസാനിച്ച ചതുര്‍പക്ഷത്തില്‍, ഇന്ത്യന്‍ ബാങ്കുകളില്‍ അസാധാരണമാംവിധം 6 ലക്ഷം കോടി രൂപയിലധികം നിക്ഷേപമാണ് വന്നുചേര്‍ന്നത്. കേന്ദ്രഗവണ്മെന്റ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണമാണ് ഇതിനു കാരണമെന്ന ധനമന്ത്രിയുടെ വാദം തൃപ്തികരമല്ല.കാരണം, ശമ്പള പരിഷ്‌ക്കരണത്തിലൂടെ ജീവനക്കാര്‍ക്കു നല്‍കിയത് ഏകദേശം ഒരുലക്ഷംകോടി രൂപ മാത്രമാണ്. ഇതു മുഴുവനായി ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടില്ലെന്നുമുറപ്പാണ്. നോട്ട് റദ്ദാക്കല്‍ റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ അറിഞ്ഞിരുന്നു എന്ന വസ്തുതയും പുറത്തു വന്നിരിക്കുന്നു. 21 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ പുതുതലമുറ ബാങ്കായ ഐ സി ഐ സി ഐ, ടാറ്റ കണ്‍സല്‍ട്ടന്‍സി, മഹീന്ദ്ര തുടങ്ങിയ സ്വകാര്യകോര്‍പ്പറേറ്റുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഐ സി ഐസി ഐ യുടെ പ്രതിനിധിയായ നചികേത് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ ചുമതല വഹിക്കുന്ന ഡയറക്ടര്‍ കൂടിയാണ്. അതിനുമുപരി അംബാനിയുടെ മുന്‍ ഉദ്യോഗസ്ഥനും കുടുംബന്ധുവും അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ആളുമായ ഊര്‍ജ്ജിത് പട്ടേല്‍ റിസര്‍വു ബാങ്ക് ഗവര്‍ണര്‍ ആയിരിക്കേ വിവരം ചോരാനുള്ള സാധ്യത കൂടുതലാണെന്ന് പലരും ഇതോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുജറാത്തിലേയും യു പി യിലേയും പ്രാദേശിക പത്രങ്ങളും നവ മാധ്യമങ്ങളും 'നോട്ടുറദ്ദാക്കല്‍'മുമ്പേ വാര്‍ത്തയാക്കിയിരുന്നു. കോടികള്‍ വരുന്ന 500, 1000 നോട്ടുകള്‍ ബി ജെ പി ബംഗാള്‍ ഘടകം മോദിയുടെ പ്രസ്താവന വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പേ ബാങ്കില്‍ നിക്ഷേപിച്ചു. അമിത്ഷായടക്കമുള്ള ബി ജെ പി നേതാക്കള്‍ ബീഹാറിലും ഒഡീ.യിലും രാജ്യത്തിന്റെ പലഭാഗത്തും കോടികളുടെ വിലവരുന്ന ഭൂമി നവംബര്‍ ആദ്യവാരവും അതിനുമുമ്പും വാങ്ങിക്കൂട്ടിയതായി 'ക്യാച്ച്‌ന്യൂസും' ബീഹാര്‍ എം എല്‍എ ആയ സജൈയ് ചൗരസ്യയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭവാനിസിംങ് രജാവത് എന്നാ രാജസ്ഥാന്‍ ബി ജെ പി എം എല്‍ എ പരസ്യമായി പറഞ്ഞത് അംബാനിക്കും അദാനിക്കും നോട്ടു റദ്ദാക്കല്‍ മുന്‍കൂട്ടി അറിയാമായിരുന്നു എന്നതാണ്. (സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹം ഇതു തിരുത്തി)പിന്നീടു മോദിയുടെ അടുത്ത സുഹൃത്തായിരുന്ന യതിന്‍ഓജയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ സന്‍ജീവ് കംബോജ് എന്ന പഞ്ചാബില്‍നിന്നുള്ള ബി ജെ പി നേതാവ് 2000 നോട്ടിന്റെ മാതൃകപ്രദര്‍ശിപ്പിക്കുകയുണ്ടായി. എന്തിനധികം കാശ്മീരില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ലഷ്‌ക്കര്‍-ഇ- തയ്ബ പ്രവര്‍ത്തകരുടെ കയ്യില്‍നിന്ന് സുരക്ഷാസേന രണ്ട് 2000 നോട്ടുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. കോര്‍പ്പറേറ്റ്- കള്ളപ്പണ കേന്ദ്രങ്ങള്‍ക്ക് അവരുടെ കൈവശമുള്ള'കള്ളപ്പണം' വെളുപ്പിക്കാന്‍ കഴിയുംവിധം വിവരം നേരത്തെ ചോര്‍ത്തിക്കിട്ടിയിരുന്നുവെന്ന ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണിവയെല്ലാം.

7 സഹകരണബാങ്കുകള്‍ക്കെതിരായ നീക്കത്തിനു പിന്നിലെ അജണ്ട?

11 ലക്ഷം കോടിരൂപയുടെ 'കിട്ടാക്കടം'വരുത്തി കോര്‍പ്പറേറ്റ് കള്ളപ്പണക്കാരെ സേവിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കും വിനാശം വരുത്തിവെക്കുന്ന വന്‍കിട ബാങ്കുമേധാവികള്‍ക്കെതിരെയോ, സാമ്പത്തിക തട്ടിപ്പുകള്‍ക്കും നികുതിവെട്ടിപ്പിനും പ്രസിദ്ധിയാര്‍ജിച്ച പുതുതലമുറ ബാങ്കുകള്‍ക്കെതിരെയോ ഒരു വിമര്‍ശനവും ഉന്നയിക്കാതെ സഹകരണ ബാങ്കുകളെ കള്ളപ്പണകേന്ദ്രമാക്കി മുദ്രകുത്തുന്നതിനു പിന്നില്‍ ആസൂത്രിതമായ കോര്‍പ്പറേറ്റ് അജണ്ടയുണ്ട്. അഴിമതിയും കെടുകാര്യ സ്ഥതയും നികുതിവെട്ടിപ്പും സാര്‍വത്രികമായ ഇന്ത്യയില്‍ സഹകരണ ബാങ്കുകള്‍ മാത്രം അതില്‍നിന്ന് മുക്തമായിരിക്കണമെന്ന ബി ജെ പി ക്കാരുടെ വാദം വിചിത്രമാണ്. രാജ്യത്തെ കള്ളപ്പണ സമ്പദ് വ്യവസ്ഥക്ക് നെടുനായകത്വം വഹിക്കുന്ന വമ്പന്‍ സ്രാവുകളെ കയറൂരി വിടുകയും തരികിടകളായ പുതുതലമുറ ബാങ്കുകള്‍ക്കു വരെ കറന്‍സി ഇടപാടുകള്‍ക്ക് നിര്‍ബാധം അവസരം നല്‍കുകയും ചെയ്യുമ്പോള്‍ ഗ്രാമീണ കാര്‍ഷിക പരമ്പരാഗത അസംഘടിത സ്വയം തൊഴില്‍ മേഖലകളുടെ അത്താണിയായിട്ടുള്ള സഹകരണ ബാങ്കുകള്‍ക്ക് പണം കൈമാറുന്നതിന് അവസരം നല്‍കാതെ സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് കോര്‍പ്പറേറ്റ് 'ന്യൂജന്‍ 'ബാങ്കിങ്ങിന് ചുവപ്പുപരവതാനി വിരിക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ബി ജെ പി ക്കുള്ളത്. ഒട്ടേറെ പരിമിതികളുള്ളപ്പോള്‍ തന്നെ ഇന്ത്യയുടെ ഇതരമേഖലകളില്‍നിന്നും വ്യത്യസ്തമായി കേരളത്തിലെ സാമൂഹ്യ ജീവിതത്തിലുണ്ടായ താരതമ്യനേട്ടത്തിന്റെ ഒരു ഘടകം സഹകരണ പ്രസ്ഥാനം തന്നെയാണ്. കേരളത്തിലെ ഇടതുവലതു മുന്നണികള്‍ നയിക്കുന്ന ഈ മേഖല ഈ പാര്‍ട്ടികളുടെ ജീര്‍ണ്ണതയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന കാര്യം വസ്തുതയാകുമ്പോള്‍ത്തന്നെ രാജ്യത്തെ അപ്പാടെ ദേശവിരുദ്ധന്മാരായ കോര്‍പ്പറേറ്റ് കൊള്ളക്കാര്‍ക്ക് അടിയറവെക്കുന്ന ഹിന്ദുത്വ ശക്തികള്‍ സഹകരണ ബാങ്കുകള്‍ക്കും മറ്റുമെതിരെ തിരിഞ്ഞിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തെപ്പോലും അട്ടിമറിക്കുന്ന അപലപനീയമായ നീക്കമാണെന്ന് തിരിച്ചറിയണം. ബഹുരാഷ്ട്രകുത്തകകളെ കൂടി ബാങ്കിങ്ങ് രംഗത്തേക്കു കടത്തിക്കൊണ്ടുവന്ന് പൊതുമേഖലബാങ്കുകളെ തകര്‍ത്ത് ബാങ്കിങ്ങ് മേഖല അപ്പാടെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുകയെന്ന ഹീന നീക്കത്തിന്റെ ഭാഗമാണ് സഹകരണ ബാങ്കുകളെ ഒറ്റപ്പെടുത്തിയുള്ള ആക്രമണം.

8 നേട്ട് സാധുവാക്കല്‍ ദേശസ്‌നേഹമാണെന്ന വാദം ?

''ദേശസ്‌നേഹം ഒരു തെമ്മാടിയുടെ അവസാനത്തെ അഭയമാണെ'ന്ന സാമുവല്‍ ജോണ്‍സണ്‍ന്റെ പ്രസ്താവനയെ അനുസ്മരിപ്പിക്കുന്നതാണ. നോട്ട് റദ്ദാക്കലിന് ദേശസ്‌നേഹത്തിന്റെ മേലങ്കി അണിയിക്കാനുള്ള മോദിയുടെ നീക്കം. രാജ്യത്തെ ഒറ്റുകൊടുത്ത് സ്വിസ്ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന 648 കോര്‍പ്പറേറ്റ് കള്ളന്മാരുടെ പേരു വിവരങ്ങളും പനാമാ ലിസ്റ്റില്‍ പെട്ടവരുടെ വിവരങ്ങളും മോദി രഹസ്യമാക്കി വച്ചിരിക്കുന്ന കാര്യം മമ്പു സൂചിപ്പിച്ചുന്നല്ലോ. അത്താഴപ്പട്ടിണിക്കാരും കര്‍ഷകരും നാട്ടിലെ ബാങ്കില്‍നിന്നും വായ്പയെടുത്തു കുടിശിക വന്നാല്‍ അവരുടെ സ്ഥാവര ജംഗമസ്വത്തുക്കള്‍ ജപ്തിചെയ്ത് ജയിലിലടക്കുന്ന ഭരണകൂടം രാജ്യദ്രോ ഹികളായ കോര്‍പ്പറേറ്റുകള്‍ക്കു മുമ്പില്‍ മുട്ടിലിഴയുകയാണ്. ഈയടുത്തകാലത്തുപോലും മൗറീഷ്യസിലേക്ക് 5500കോടി കടത്തിയ അദാനി ഇപ്പോള്‍ കള്ളപ്പണത്തിനെ തിരായ മോദിയുടെ നീക്കത്തിന് അഭിവാദ്യം ചെയ്യുന്ന മനംപുരട്ടലുണ്ടാക്കുന്ന ഏര്‍പ്പാടുകളാണ് അരങ്ങേറുന്നത്. ആയതിനാല്‍ നോട്ട് റദ്ദാക്കല്‍ പരിപാടി ദേശസ്‌നേഹത്തിന്റെ മൂടുപടമിട്ട ജനദ്രോഹമാണ്.

9 നോട്ടുറദ്ദാക്കലിന്റെ ബാക്കിപത്രം?
ചരിത്രത്തിലാദ്യമായി ജനങ്ങള്‍ പണിയെടുത്തു കൈവശംവെക്കുന്ന പണം കള്ളപ്പണമായി മുദ്രകുത്തപ്പെടുന്ന, ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനാ വാത്ത അസാധാരണമായ സാഹചര്യമാണ് ഈഫാസിസ്റ്റു നടപടിയിലൂടെ സംജാതമായിരിക്കുന്നത്. ദേശീയ വരുമാന വളര്‍ച്ച രണ്ടു ശതമാനംകണ്ട് ഇടിയുമെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ പറയുമ്പോള്‍ അത് മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞ് നിലവിലുള്ളതിന്റെ പകുതിയാകുമെന്ന് പലരും അഭിപ്രായപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദേശീയ വരുമാനത്തിന്റെ 50%വും മൊത്തം തൊഴിലിന്റെ 90ശതമാനത്തിലേറെയും രൂപംകൊടുക്കുന്ന അസംഘടിതമേഖല- കൃഷി, മത്സ്യം,ചില്ലറവ്യാപാരം, ചെറുകിട പരമ്പരാഗത വ്യവസായങ്ങള്‍, സ്വയംതൊഴില്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇത്യാദി-86.4% പണവും മരവിപ്പിച്ചതോടെനിശ്ചലമായിരിക്കുന്നു. ഔപചാരിക ബാങ്കിങ് സംവിധാനത്തിനു പുറത്തു നില്‍ക്കുന്ന ഈ മേഖലയുടെ ജീവരക്തമായിട്ടുള്ള കറന്‍സി കൈമാറ്റം നിശ്ചമാക്കിയതോടെ ഒരു മഹാദുരന്തത്തിലേക്ക് രാജ്യം പതിച്ചിരിക്കുന്നു. കറന്‍സി രഹിത സമ്പദ്ഘടന എന്ന അവകാശവാദങ്ങള്‍ വെ റും വ്യാമോഹമാണെന്ന് ജനങ്ങള്‍ ഇത്രമാത്രം ദുരിതം നേരിടുമ്പോഴും തിരിച്ചറിയാന്‍ കഴിയാത്തവിധം ഭരണകൂടം ജനവിരുദ്ധരായിരിക്കുന്നു. നൂററിമുപ്പതുകോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയിലെ എ ടി എംകളുടെ കാര്യംതന്നെ എടുക്കുക, പ്രതിശീര്‍ഷ എ ടി എം ഉപയോഗം കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രണ്ടേകാല്‍ ലക്ഷം എ ടി എം രാജ്യത്തുണ്ടെന്ന അവകാശവാദം അംഗീകരിച്ചാല്‍ ഒരുലക്ഷം പേര്‍ക്ക് 18 എ ടി എം എന്നതാണ് സ്ഥിതി. ബ്രിക്‌സ് രാജ്യങ്ങളുടെ കണക്കുപ്രകാരം ഒരുലക്ഷം ആളുകള്‍ക്ക് റഷ്യയില്‍ 184 ഉം ബ്രസീലില്‍ 129 ഉം ദക്ഷിണാഫ്രിക്കയില്‍ 66 ഉം ചൈനയില്‍ 55 ഉം ഉണ്ട്. ലോക ശരാശരി 43 ആണ്. കാനഡയിലാകട്ടെ ഒരുലക്ഷം പേര്‍ക്ക് 222എ ടി എംകളുണ്ട്. എന്നാല്‍ ലോകത്തെ പരമദരിദ്ര രാജ്യങ്ങളുടെ നിലവാരത്തെക്കാള്‍ കുറഞ്ഞ അളവില്‍ ക്രഡിറ്റ്- ഡബിറ്റ് കാര്‍ഡ് ഉപയോഗമുള്ള, പകുതുയോളം ജനങ്ങള്‍ ബാങ്കിങ് സംവിധാനത്തിനു പുറത്തുള്ള ഇന്ത്യയെ കറന്‍സി രഹിത സമൂഹമാക്കി ക്കളയാമെന്ന വിടുവായത്തം വിളമ്പാന്‍ ബോധമുള്ളവര്‍ക്കാര്‍ക്കും കഴിയില്ല. 2000നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആവുംവിധം മൂന്നിലൊന്ന് എ ടി എം കള്‍ മാത്രമേ ഇപ്പോഴും പ്രര്‍ത്തന സജ്ജമായിട്ടുള്ളു. മൂന്നില്‍രണ്ടു ഭാഗവും റീകാലിബറേഷന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിസര്‍വു ബാങ്കു പറയുന്നത്. പ്രാഥമിക നാണയ കൈമാറ്റത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത രാജ്യത്ത് കോര്‍പ്പറേറ്റുകളേയും സാമ്രാജ്യത്വ മൂലധനത്തേയും സേവിക്കുകയെന്ന തീവ്ര വലതു നിലപാടുള്ള ഭരണവര്‍ഗ്ഗത്തിന് എത്ര ജനവിരുദ്ധമായ നടപടി കൈക്കൊള്ളുന്നതിനും ഉളുപ്പുണ്ടാകുകയില്ലെന്ന് നേട്ട് അസാധുവാക്കല്‍ വ്യക്തമാക്കുന്നു. കൊളോണിയല്‍ ഭരണാധികാരികള്‍പോലും ഇത്തരം ഒരു മഹാ ദുരന്തത്തിന് ജനങ്ങളെ വിധേയരാക്കിയിട്ടില്ല. ഈ പരിപാടിക്കൊപ്പം ഫെഡറല്‍ ഘടയെ ഇല്ലാതാക്കുംവിധം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ജി എസ് ടി കൂടി പ്രാബല്യത്തിലാകുന്നതോടെ മേല്‍വിവരിച്ച അസംഘടിതമേഖലകളെ പൂര്‍ണ്ണമായും പിഴിഞ്ഞൂറ്റി തടിച്ചു കൊഴുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. മോദിയുടെ നോട്ടു റദ്ദാക്കല്‍ നടപടി കള്ളപ്പണക്കാര്‍ക്കെതിരല്ല, അവര്‍ക്കുവേണ്ടി ജനങ്ങള്‍ക്കുമേല്‍ നടത്തുന്ന കടന്നാക്രമണം തന്നെയാണ്. സമ്പത്തിന്റെ കേന്ദ്രീകരണവും സാമൂഹിക സാമ്പത്തിക അസമത്വങ്ങളും അഭൂതപൂര്‍വ്വമായ തോതില്‍ ഉയരുന്നതിനുള്ള പശ്ചാത്തലമാണ് ഒരുക്കപ്പെടുന്നത്. നിലവിലുള്ള വ്യവസ്ഥയും അതിന്റെ നയങ്ങളും അടിമുടി പൊളിച്ചെഴുതാതെ കള്ളപ്പണം ഇല്ലാതാക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് രാജ്യസ്‌നേ ഹത്തിന്റെ പുകമറക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്കെതിരെ കെട്ടഴിച്ചുവിട്ട കോര്‍പ്പറേറ്റ് കടന്നാക്രമണത്തിനെതിരെ തെരുവിലിറങ്ങുകമാത്രമാണ് ജനങ്ങള്‍ക്കുള്ള പോംവഴി അതോടൊപ്പം ഈ അജണ്ടക്കു പിന്തുണയുമായി രംഗത്തുള്ള അദാനിമുതല്‍ ആനക്കൊമ്പുകള്ളന്മാര്‍ വരെയുള്ളവരെ തുറന്നുകാട്ടി വിപുലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കുന്നതിനും ഈ അവസരം വിനിയോഗിക്കണം.എല്ലാറ്റിനുമുപരി കോണ്‍ഗ്രസും പ്രാദേശിക കക്ഷികളും മുതല്‍ സി പി ഐ(എം) വരെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ട് റദ്ദാക്കലിനെതിരെ ഘോര പ്രസംഗങ്ങള്‍ നടത്തിയിട്ടും അവരുടെ പ്രവര്‍ത്തനങ്ങള്‍ ചിതറിപ്പോകുന്നത് നവഉദാര- കോര്‍പ്പറേറ്റ് നയങ്ങള്‍ക്കും അവ സൃഷ്ടിക്കുന്ന കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ഫലപ്രദമായൊരു ബദല്‍ മുന്നോട്ടുവെക്കാന്‍ അവര്‍ക്കില്ലാത്തതുകൊണ്ടാണ്. 'ലക്ഷ്യം നല്ലതാണ്, നടത്തിപ്പിലെ വൈകല്യമാണ് പ്രശ്‌നം' എന്നതരത്തില്‍ തുടക്കംമുതല്‍ ഇവര്‍ എടുത്തുപോന്ന സമീപനം ഇവരുടെ രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണ്. ആയതിനാല്‍ നോട്ട് റദ്ദാക്കല്‍ അടക്കമുള്ള കോര്‍പ്പറേറ്റ് കടന്നാക്രമണങ്ങളെ ചെറുത്തു പരാജയപ്പെടു ത്താന്‍ ഒരു രാഷ്ട്രീയ ബദല്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായ വിപുലമായ മുന്നണി വളര്‍ത്തിക്കൊണ്ടു വരികയാണ് ഇന്ന് രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന മഹാദുരന്തത്തെ നേരിടാനുള്ള മാര്‍ഗ്ഗം.