"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 18, ഞായറാഴ്‌ച

എന്താണ് മതം? മനുസ്മൃതി മതഗ്രന്ഥമാകുന്നത് എന്തുകൊണ്ട്?



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 227)

👉മതം ഒരു ചാലകശക്തിയെന്ന നിലയില്‍ ധാര്‍മിക മനോഭാവത്തെ പല രീതികളില്‍ ദൃഢീകരിക്കുന്നു. ചിലപ്പോള്‍ അത് മരണാനന്തരം ലഭിക്കുന്ന പ്രതിഫലങ്ങളുടേയും ശിക്ഷകളുടേയും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സദാചാര നിയമത്തിന്റെ രൂപമാര്‍ജി ക്കുന്നു; ചിലപ്പോള്‍ അത് ധാര്‍മികതയുടെ നിയമങ്ങള്‍ ദൈവകല്പനകളാണെന്ന് വരുത്തിത്തീര്‍ക്കുന്നു; ചിലപ്പോള്‍ അത് ആ നിയമങ്ങള്‍ക്ക് അലംഘനീയത കല്പിച്ച് അവയോടുള്ള അനുസരണ മനോഭാവത്തെ തട്ടിയുണര്‍ത്തുന്നു. പക്ഷെ, ഇവയെല്ലാം മതം സൃഷ്ടിച്ച ചാലകശക്തി ധാര്‍മിക ജീവിതത്തെ പ്രവര്‍ത്തനത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യത്യസ്ത രീതികള്‍ മാത്രമാണ്.



നീതിശാസ്ത്രവും ധാര്‍മികതയും കടമകളാണെങ്കില്‍ മനുസ്മൃതി ഒരു നീതിശാസ്ത്ര ഗ്രന്ഥമാണെന്നതില്‍ സംശയമില്ല. മനുസ്ൃതിയില്‍ പ്രാമുഖ്യം നല്കിയിട്ടുള്ള ഏതെങ്കിലും വിഷയമുണ്ടെങ്കില്‍ അത് കടമകളുടെ വിഷയമാണെന്ന് അത് വായിക്കാന്‍ മിനക്കെടുന്ന ഏതൊരാളും സമ്മതിക്കേണ്ടിവരും. ഒരു ഹിന്ദു നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട കടമകള്‍ ഇദംപ്രഥമമായി ചിട്ടപ്പെടുത്തുകയും ക്രോഡീകരിക്കുകയും ചെയ്തത് മനുവാണ്. അദ്ദേഹം വര്‍ണാശ്രമധര്‍മങ്ങളേയും സാധാരണ ധര്‍മങ്ങളേയും വേര്‍തിരിച്ചു. ഒരാളുടെ ജീവിതത്തിലെ സ്ഥാനവുമായി - അതായത്, അയാളുടെ വര്‍ണത്തിന്റെ, അഥവാ ജാതിയുടെ, അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന സ്ഥാനവുമായും, അയാളുടെ ജീവിതത്തിലെ പ്രത്യേക ഘട്ടവുമായും (ആശ്രമവുമായും) - ബന്ധപ്പെട്ട പ്രത്യേക കടമകളാണ് വര്‍ണാശ്രമധര്‍മങ്ങള്‍. അതേസമയം, ഒരാള്‍ അയാളുടെ പ്രായമോ, ജാതിയോ, വിശ്വാസമോ കണക്കിലെടുക്കാതെ അനുഷ്ഠിക്കേണ്ട കടമകളാണ് - അതായത്, ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലും കാലയളവിലും എത്തിയെന്ന അടിസ്ഥാനത്തിലോ, അല്ലാതെ മനുഷ്യനെന്ന നിലയില്‍ ചെയ്യേണ്ട കടമകളാണ് - സാധാരണ ധര്‍മങ്ങള്‍. മനുവിന്റെ ഗ്രന്ഥത്തില്‍ ആദ്യന്തം പ്രതിപാദിക്കുന്നത് കടമകളെപ്പറ്റിയാണ്, മറ്റൊന്നിനേയും പറ്റിയല്ല.

അങ്ങനെ നോക്കുമ്പോള്‍ മനുസമൃതി, നിയമവും മതവും നീതിശാസ്ത്രവും ഒരുമിച്ചു ചേര്‍ത്ത് ചുരുളാക്കിയ ഒരു ഗ്രന്ഥമാണ്. മനുഷ്യരുടെ കടമകളെപ്പറ്റി പ്രതിപാദിക്കുന്നതു കൊണ്ട് അത് നീതിശാസ്ത്രമാണ്. ഹിന്ദുമതത്തിന്റെ ആത്മാവായ ജാതിയെപ്പറ്റി പ്രതിപാദിക്കുന്നതുകൊണ്ട് അത് മതമാണ്. കടമകള്‍ ലംഘിക്കുന്നതിന് ശിക്ഷകള്‍ വിധിക്കുന്നതുകൊണ്ട് അത് നിയമമാണ്. അപ്പോള്‍ ഹിന്ദുക്കളുടെ ധാര്‍മിക നിലവാരങ്ങളേയും മതത്വങ്ങളേയും പരിശോധിച്ചറിയുന്നതിനു വേണ്ടി മനുസ്മൃതിയെ അവലംബിക്കുന്നതില്‍ ഒരു തെറ്റുമില്ല.

മനുസമൃതി ഒരു മതഗ്രന്ഥമാണെന്നത് തികച്ചും സ്പഷ്ടമല്ലായിരിക്കാം. ഹിന്ദുമതം എന്നത് മഥ്യാഭ്രമം ഉളവാക്കുന്ന ഒരു പദമായതാണ് ഇതിന് കാരണം. ഹിന്ദുമതത്തെ പ്പറ്റി എഴുതിയിട്ടുള്ള വിഭിന്ന വ്യക്തികള്‍ വിവിധ രീതികളിലാണ് അതിനെ നിര്‍വചി ച്ചിട്ടുള്ളത്.