"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 17, ശനിയാഴ്‌ച

പിണറായി വിജയന് അഭിനവ 'ഗീതോപദേശം'
📄തീവ്രവലതു സാമ്പത്തിക നയങ്ങളുടെ വക്താവും പ്രയോക്താവും അമേരിക്കന്‍ ഫെഡറല്‍ ബാങ്കിന്റെ ഉപദേഷ്ടാവും ജി - 20 രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മോദി സര്‍ക്കാരിന്റെ ഉപദേശകയുമായ ഹാര്‍വാര്‍ഡ് സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി അഞ്ചു വര്‍ഷക്കാലത്തേക്ക് നിയമിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം വാര്‍ത്താപ്രാധാന്യം കൈവരിക്കുന്നത് ഇപ്പോഴും അതു ഇടതുവേഷം കെട്ടാന്‍ 

ശ്രമിക്കുന്നതുകൊണ്ടു മാത്രമാണ്. എന്നാല്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ, അതിനു നേതൃത്വം കൊടുക്കുന്ന സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നയപ്രഖ്യാപനങ്ങളും നിലപാടുകളും സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അസ്വാഭാവികത തോന്നില്ലെന്നതാണ് വസ്തുത. വാസ്തവത്തില്‍, 34 വര്‍ഷത്തെ സിപിഐ(എം) ഭരണത്തില്‍ അതിനെ നയിച്ച ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയുമാണ് പിണറായിയുടെയും മാതൃക. ഉദാഹരണത്തിന്, കാല്‍നൂറ്റാണ്ടിനു മുമ്പ് മന്‍മോഹന്‍സിങ്ങ് ഇന്ത്യന്‍ ധനമന്ത്രിപദമേറ്റെടുക്കുകയും നെഹ്രുവിയന്‍ വികസനപരിപ്രേഷ്യം കുഴിച്ചു മൂടി നവഉദാരനയങ്ങള്‍ രാജ്യം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ഇന്ത്യയിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ പോലും സ്തബ്ധരായി നിന്നവേളയില്‍, നവഉദാരവല്‍ക്കരണം ശാശ്വതസത്യമാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രഖ്യാപിച്ച് മന്‍മോഹന് പിന്തുണകൊടുത്തയാളായിരുന്നു ബസു. ഇതിന്റെ പേരിലാണ് ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍, അവരുടെ വിദേശ യജമാനന്‍മാര്‍ മന്‍മോഹണോമിക്‌സ് തുടര്‍ന്നു കൊണ്ടുപോകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതി ബസുവിനെ സഹര്‍ഷംസ്വാഗതം ചെയ്തത്. ബസുവിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പദമേറ്റെടുത്ത ബുദ്ധദേവ് സോഷ്യലിസം മണ്ണാങ്കട്ടയാണെന്നും മുതലാളിത്തം ശ്വാശതസത്യമാ ണെന്നും പറയുന്നതിന് ഒരു മടിയും കാണിച്ചില്ല. എന്നുമാത്രമല്ല, സോഷ്യലിസത്തി ന്റെ പേരുപറഞ്ഞ് തങ്ങളെ വിഡ്ഢികളാക്കാന്‍ ആരും നോക്കേണ്ടതില്ലെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്തോനേഷ്യയില്‍ 15 ലക്ഷം കമ്മ്യൂണിസ്റ്റ്കാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ പങ്കുകാരെന്നു കുപ്രസിദ്ധി നേടിയ സലിം ഗ്രൂപ്പിനെയും ഇന്ത്യയിലെ ടാറ്റയെയും ക്ഷണിച്ചു വരുത്തി നന്ദിഗ്രാമും സിംഗൂരും ആവിഷ്‌ക്കരിച്ച് ബംഗാളില്‍ സിപിഐ (എം) നെ ഒരു പരുവത്തിലാക്കിയെടുത്തത്. 

വസ്തുതകള്‍ പരിശോധിക്കുന്നപക്ഷം പിണറായി വിജയനും ഇതേ പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നു കാണാം. ഇക്കാര്യത്തില്‍ ഇതര സിപിഐ(എം) നേതാക്കന്മാരില്‍ നിന്നു വ്യത്യസ്തമായി കാര്യങ്ങള്‍ നേരെചൊവ്വേ പറയുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടനെ ഡെല്‍ഹിയിലെത്തി മോദിയെ കണ്ടതിനുശേഷം നടത്തിയ പ്രസ്താവനയില്‍ വളച്ചുകെട്ടില്ലാതെ തന്നെ മോദിയുടെ നവഉദാരനയങ്ങള്‍ തന്നെയാണ് താന്‍ നടപ്പാക്കുകയെന്ന സൂചനയും നല്‍കി. ഇതിലേറ്റവും പ്രധാനപ്പെട്ടത് സിപിഐ(എം) കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി ചരക്കുസേവന നികുതി കേരളത്തില്‍ നടപ്പാക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനമായിരുന്നു. ഒരുവേള ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും തീവ്രവലതുസ്വഭാവമുള്ള നയപരിപാടിയെന്ന് ലോക മൂലധന കേന്ദ്രങ്ങള്‍ തന്നെ വിശേഷിപ്പിച്ച ചരക്കുസേവന നികുതി ഒരുളുപ്പുമില്ലാതെ, സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ പാടേ തള്ളി നടപ്പാക്കുമെന്നു പറയാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവം ഒന്നു വേറെ തന്നെയാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും സംസ്ഥാനങ്ങളുടെ നികുതി സമാഹരണ സാധ്യതകള്‍ അവസാനിപ്പിക്കുന്നതും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഒരു ഏകീകൃതവിപണിയായി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുന്നതും എല്ലാമായ ചരക്കുസേവന നികുതി നടപ്പാക്കുമെന്ന പിണറായിയുടെ പ്രസ്താവന അത്ഭുതത്തോടെയാണ് മോദി സര്‍ക്കാര്‍ വീക്ഷിച്ചത്. മോദി കേന്ദ്രത്തില്‍ തീവ്ര നവവലതു വല്‍ക്കരണത്തിന് തെരഞ്ഞെടുത്തിട്ടുള്ള പിപിപി പാത തന്നെയാണ് ദേശീയപാത വികസനമടക്കം എല്ലാ അടിസ്ഥാന മേഖലയിലും പിണറായി സര്‍ക്കാര്‍ പിന്‍തുടരുന്നത്. ഇതിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ എന്തു വില കൊടുത്തും നടപ്പാക്കുമെന്ന ജനങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ വെല്ലുവിളിയും മോദിയുടെ പാതതന്നെയാണ് അദ്ദേഹം പിന്‍തുടരുന്നതെന്ന് വ്യക്തമാക്കി. ഗീതോപദേശത്തിന് അനുസൃതമാണ് ഇതെല്ലാം.

നാലാം കേരളപഠന കോണ്‍ഗ്രസ്സിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തെ കോര്‍പ്പറേറ്റ് നിക്ഷേപസൗഹൃദ സംസ്ഥാനമാക്കേണ്ടതിനെപ്പറ്റിയാണ് അദ്ദേഹം പ്രസംഗിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കേരളത്തിലേക്കു കടന്നു വന്നത് 102 കോടി രൂപ വിദേശ നിക്ഷേപം മാത്രമായിരുന്നുവെന്നും തൊട്ടടുത്ത സംസ്ഥാനത്ത് 27000 കോടി രൂപ വിദേശനിക്ഷേപം വന്നിരുന്നുവെന്നുമുള്ള പരിദേവനത്തോടെ കോര്‍പ്പറേറ്റ് മൂലധനത്തിന് ഏകജാലക സംവിധാനം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ചുരുക്കത്തില്‍, ഇപ്രകാരം കേരളത്തില്‍ നിക്ഷേപമിറക്കാന്‍ വിദേശ ഊഹകുത്തകകളെ പ്രേരിപ്പിക്കുന്നതിനും അതിനുള്ള നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഇപ്പോള്‍ ഗീതാഗോപിനാഥ് എന്ന നവ ഉദാര സാമ്പത്തികവിദഗ്ദയെ ത്തന്നെ തെരഞ്ഞുപിടിച്ച് സാമ്പത്തിക ഉപദേഷ്ടാവാക്കി യിരിക്കുന്നുത്. കേരളത്തെ ലോക കമ്പോളത്തില്‍ വില്‍പ്പനക്കു വെക്കുകയെന്ന വിദഗ്ധമായ മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് ഇതിനു പിന്നില്‍. കോര്‍പ്പറേറ്റ് സാമ്പത്തിക തട്ടിപ്പുകാരുടെയും മാഫിയകളുടെയും വക്കാലത്തുകാരനെ നിയമോപദേഷ്ടാവാ ക്കിയതിന്റെയും കോര്‍പ്പറേറ്റ് മാധ്യമ പ്രതിനിധിയെ മാധ്യമോപദേഷ്ടാവാക്കിയ തിന്റെയും തുടര്‍ച്ചയായി തന്നെയാണ് ഇപ്പോള്‍ ഇപ്രകാരം കോര്‍പ്പറേറ്റ് സാമ്പത്തിക വിദഗ്ധയെത്തന്നെ സാമ്പത്തികോപദേഷ്ടാവാക്കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും ഉചിതമായ ഒരു നടപടിയാണിത്. പിണറായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവലതു സാമ്പത്തിക അജണ്ട നടപ്പാക്കുന്ന കാര്യത്തില്‍ ഉചിതമായ ഉപദേശം നല്‍കാന്‍ അവര്‍ക്കു കഴിയുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. അതേസമയം ഇടതുപക്ഷ ലേബല്‍ ഉപയോഗിക്കുന്നതു വഴി ജനങ്ങള്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണ നീക്കം ചെയ്യുമെന്ന നല്ലവശവും ഇതിനുണ്ട്. ബുദ്ധദേവ് പറഞ്ഞതുപോലെ സോഷ്യലിസത്തിന്റെ പേരു പറഞ്ഞ് തികഞ്ഞ കോര്‍പ്പറേറ്റ് വികസനവാദിയും പ്രായോഗികമതിയുമായ പിണറായി വിജയനെ പറ്റിക്കാമെന്ന് ആരും കരുതേണ്ടതില്ല.