"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 24, ശനിയാഴ്‌ച

മനുസ്മൃതി ആവിഷ്‌കരിച്ചത് ബ്രാഹ്മണര്‍ക്ക് ഭൗതികനേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി - ഡോ. അംബേഡ്കര്‍



👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 163, 164)

മനു നിര്‍ദ്ദേശിച്ചിട്ടുള്ള പ്രയശ്ചിത്തങ്ങള്‍ നിരവധിയാണ്. കൂടുതലറിയാന്‍ താത്പര്യമുള്ളവര്‍ നേരിട്ട് മനുസ്മൃതി വായിച്ചു നോക്കിയാല്‍ അവയെന്തൊക്കെയാ ണെന്ന് മനസ്സിലാകും. ഏതായാലും ഈ പ്രായശ്ചിത്തങ്ങളില്‍ വിശേഷിച്ചും ശ്രദ്ധാര്‍ഹമായ ഒരു സംഗതി, ബ്രാഹ്മണര്‍ക്ക് ഭൗതികനേട്ടം ഉണ്ടാക്കുന്നതിനുവേണ്ടി മനഃപൂര്‍വം ആവിഷ്‌കരിച്ചിട്ടുള്ളവയാണ് എന്നതാണ്. ചില പ്രായശ്ചിത്തങ്ങള്‍ ബ്രാഹ്മണര്‍ക്ക് ദാനം നല്കല്‍ മാത്രമാണ്. മറ്റുചില പ്രായശ്ചിത്തങ്ങളില്‍ മതപരമായ ചില ചടങ്ങുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. പക്ഷെ, ബ്രാഹ്മണനൊഴികെ മറ്റാര്‍ക്കും മതപരമായ ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതുകൊണ്ടും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് പ്രതിഫലം നല്‌കേണ്ടതുകൊണ്ടും ദാനം എന്ന ഏര്‍പ്പാ ടിന്റെ ഗുണഭോക്താവാകാന്‍ ബ്രാഹ്മണന് മാത്രമേ കഴിയൂ.



അതുകൊണ്ട്, താഴ്മയുടേയും ദാരിദ്ര്യത്തിന്റേയും സേവനത്തിന്റേയും ആദര്‍ശം ബ്രാഹ്മണരുടെ മുമ്പില്‍ വെക്കാന്‍ മനു ആഗ്രഹിച്ചുവെന്ന് പറയുന്നത്, ശുദ്ധ അസംബന്ധമാണ്. തീര്‍ച്ചയായും ബ്രാഹ്മണര്‍ മനുവിനെ ആ രീതിയില്‍ മനസിലാക്കിയതുമില്ല. തങ്ങളെ വിശേഷാവകാശങ്ങളുള്ള ഒരു പ്രത്യേക വര്‍ഗമാക്കിയിരിക്കുന്നുവെന്ന് നിശ്ചയമായും അവര്‍ വിശ്വസിച്ചു. അവരത് വിശ്വസിച്ചുവെന്ന് മാത്രമല്ല, അവരുടെ വിശേഷാവകാശങ്ങള്‍ മറ്റ് ദിശകളിലേക്ക് വ്യാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്കാര്യം നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. അവരുടെ ഈ വീക്ഷണത്തിന് ശരിയായ നീതീകരണമുണ്ട്. മനു ബ്രാഹ്മണരെ വിളിച്ചത് ഭൂമിയുടെ പ്രഭുക്കള്‍ എന്നാണല്ലോ; അവര്‍ അങ്ങനെതന്നെയായിരിക്കണമെന്ന ശ്രദ്ധയോടുകൂടിയാണ് അദ്ദേഹം തന്റെ നിയമങ്ങള്‍ക്ക് രൂപം നല്കിയത്.

'രാജാവ് വേണ്ടുവോളം ദക്ഷിണ നല്കിക്കൊണ്ട് വിവിധതരം ശ്രൗതയജ്ഞങ്ങള്‍ നടത്തണം. കൂടാതെ ബ്രാഹ്മണര്‍ക്ക് ഉല്ലാസോപാധികളും ധനവും ദാനം ചെയ്യുകയും വേണം (മനുസ്മൃതി VII.79.)'

'വേദജ്ഞരായ ബ്രാഹ്മണര്‍ യജ്ഞങ്ങള്‍ ചെയ്യുന്നതിനു വേണ്ടി രാജാവ് അവര്‍ക്ക് എല്ലാത്തരം രത്‌നങ്ങളും പാരിതോഷികങ്ങളും നല്‌കേണ്ടതാണ് (മനുസ്മൃതി XI .4.)'

'വിവിധ തൊഴിലുകളുടെ കൂട്ടത്തില്‍ ബ്രാഹ്മണന് വേദാധ്യാപനവും ക്ഷത്രിയന് ജനരക്ഷയും വൈശ്യന് വ്യാപാരവുമാണ് ഏറ്റവും വിശ്ഷ്ടമായ തൊഴിലുകള്‍ ( മനുസ്മൃതി X.80.)'

'എന്നാല്‍ ഇപ്പോള്‍ പറഞ്ഞ പ്രത്യേക തൊഴിലുകൊണ്ട് ഒരു ബ്രാഹ്മണന് ഉപജീവനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അവന് ക്ഷത്രിയന്റെ തൊഴില്‍ ചെയ്ത് ജീവിക്കാം. കാരണം, ക്ഷത്രിയനാണല്ലോ അവന്റെ തൊട്ടടുത്ത പദവിയിലുള്ളത് (മനുസ്മൃതി X.81.)'

'വേദജ്ഞരും ഒറ്റക്ക് ജീവിക്കുന്നവരുമായ ബ്രാഹ്മണര്‍ക്ക് ഒരാള്‍ തന്റെ കഴിവിനനുസരിച്ച് സമ്പത്ത് ദാനം ചെയ്യണം. അങ്ങനെ ചെയ്യുന്നവന് മരമാനന്തം സ്വര്‍ഗത്തില്‍ പരമാനന്ദം ലംഭിക്കും (മനുസ്മൃതി XI. 6.)'

'പുഷ്യമിത്രസംഗന്‍ ബ്രാഹ്മണര്‍ക്കു കൊടുത്ത പരിരക്ഷകളാണ് ഇത് (മനുസ്മൃതി) ശൂദ്രര്‍ക്ക് മറ്റ് മൂന്ന് വര്‍ണക്കാരേയും സേവിക്കുക എന്ന കര്‍മം മാത്രമാണ് വിധിച്ചിട്ടുള്ളത്. അത് അനുസരിക്കുന്നവരാണ് ഇന്നത്തെ ശൂദ്രര്‍. അവര്‍ ബ്രാഹ്മണാജ്ഞ പാലിക്കുകയാണ്. അതിന്റെ തെളിവാണ് ഈ എഴുന്നെള്ളിപ്പ്.'