"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 25, ഞായറാഴ്‌ച

മനുസ്മൃതി: ശൂദ്രനെ വെറും ദാസ്യവൃത്തിക്കാരനായി കണക്കാക്കണം




👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 198, 199)

പഴയകാലത്ത് വിദ്യാഭ്യാസത്തിന് പകരമായിരുന്നു വേദാധ്യയനം. എന്നിട്ടും വേദാധ്യയനം അവകാശത്തിന്റെ പ്രശ്‌നമല്ലെന്നും വിശേഷാവകാശത്തിന്റെ പ്രശ്‌നമാണെന്നുമാണ് മനു പ്രഖ്യാപിക്കുന്നത്. വേദാധ്യയനത്തിനുള്ള അവകാശം അദ്ദേഹം ശൂദ്രനില്‍നിന്ന് തട്ടിപ്പറിച്ച് മൂന്ന് ഉയര്‍ന്ന വര്‍ഗങ്ങളുടെ വിശേഷാവകാശ മാക്കി. അദ്ദേഹം ശൂദ്രന് വേദാധ്യയനത്തില്‍ വിലക്ക് കല്പിച്ചുവെന്ന് മാത്രമല്ല, വേദജ്ഞാനം നേടാന്‍ ശൂദ്രനെ സഹായിക്കുന്നവര്‍ക്ക് ശിക്ഷയേര്‍പ്പെടുത്തുകയും ചെയ്തു. വേദാധ്യയനത്തിന് വിശേഷാവകാശമുള്ള വ്യക്തിയോട് മനു കല്പിക്കുന്നു;

IV.99. അവന്‍ ശൂദ്രന്റെ സാന്നിധ്യത്തില്‍ ഒരിക്കലും..... വേദാധ്യയനം ചെയ്യാന്‍ പാടില്ല.



വീണ്ടും അദ്ദേഹം പറയുന്നു;

III.156. ശൂദ്രശിഷ്യന്മാരെ പഠിപ്പിക്കുന്നവനും, ശൂദ്രന്‍ ഗുരുവായിട്ടുള്ളവനും ശ്രാദ്ധത്തിന് ക്ഷണിക്കപ്പെടാന്‍ യോഗ്യതയില്ലാത്തവരായിത്തീരുന്നു.

..............................

ശൂദ്രന്റെ സ്വത്ത് മാത്രമല്ല, ശൂദ്രന്റെ അധ്വാനവും ബ്രാഹ്മണന് അപഹരിക്കാമെന്നും മനു പറയുന്നു;

VIII.413. വിലക്ക് വാങ്ങിയവനായാലും ശരി, അല്ലെങ്കിലും ശരി, ശൂദ്രന്‍ ദാസ്യവൃത്തി ചെയ്യണമെന്ന് ബ്രാഹ്മണന് നിര്‍ബന്ധിക്കാം. എന്തുകൊണ്ടെന്നാല്‍ ബ്രാഹ്മണന്റെ ദാസ്യവൃത്തിക്കു വേണ്ടിയാണ് സൃഷ്ടാവ് അവനെ സൃഷ്ടിച്ചത്.

ശൂദ്രന്‍ അവന്റെ സംസാരത്തില്‍ ദാസ്യഭാവം പ്രകടിപ്പിക്കണമെന്ന് മനു ആവശ്യപ്പെട്ടു. അവന്‍ എത്രയേറെ ദാസ്യഭാവം കാട്ടണമെന്ന് താഴെപ്പറയുന്ന നിയമങ്ങള്‍ വ്യക്തമാക്കുന്നു:

VIII.270. ദ്വിജജാതിയില്‍പ്പെട്ട ഒരുവനെ ദാരുണവാക്കുകള്‍കൊണ്ട് ആക്ഷേപിക്കുന്ന ശൂദ്രന്റെ നാവ് മുറിച്ചു കളയണം; കാരണം അവന്‍ താഴ്ന്നജാതിയില്‍ പിറന്നവനാണല്ലോ.

VIII.271. അവന്‍ ദ്വിജജാതിയില്‍പ്പെട്ടവരുടെ പേരോ ജാതിയോ നിന്ദാപൂര്‍വം പറഞ്ഞാല്‍ പത്തംഗുലം നീളമുള്ള ചുട്ടുപഴുത്ത ഇരുമ്പുകമ്പി അവന്റെ വായില്‍ തള്ളിക്കയറ്റണം.

ശൂദ്രനെ വെറും ദാസ്യവൃത്തിക്കാരനായി കാണണമെന്നല്ലായിരുന്നു, പിന്നെയോ, സര്‍വഥാ നിന്ദ്യനായ വ്യക്തിയായിക്കാണണമെന്നായിരുന്നു മനുവിന്റെ ഉദ്ദേശ്യം.