"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

സ്പാര്‍ട്ടക്കസും അംബേഡ്കറും; അടിമയില്‍ നിന്നും വ്യത്യസ്തനാണ് അസ്പൃശ്യന്‍👉ക്രിസ്തുവിന്റെ അതേകാലത്ത് റോമില്‍ ജീവിച്ചിരുന്ന സ്പാര്‍ട്ടക്കസ് യൂറോപ്യന്‍ അടിമയായിരുന്നു. എന്നാല്‍ അടിമവിമോചനപ്പോരാളിയായിരുന്നുവോ എന്ന വസ്തുത വിലയിരുത്തപ്പെടേണ്ടതാണ്. അസ്പൃശ്യനായ ഡോ. ബി ആര്‍ അംബേഡ്കറേയും സ്പാര്‍ട്ടക്കസിനേയും താരതമ്യപ്പെടുത്തി പരിശോധിച്ചാല്‍ അടിമയും അസപൃശ്യനും തമ്മില്‍ വ്യത്യസ്തരാണെന്ന് കണ്ടെത്താന്‍ സാധിക്കും. 

സ്പാര്‍ട്ടക്കസ് യോറോപ്യന്‍ അടിമയായിരുന്നു. അംബേഡ്കര്‍ ഇന്ത്യയിലെ അസ്പൃശ്യനും. യൂറോപ്യന്‍ അടിമ, പിറവികൊണ്ടതിന് ശേഷമാണ് അടിമയാകുന്നത്. എന്നാല്‍ അസ്പൃശ്യന്‍ ജനിക്കുന്നതുതന്നെ അവന്റെ വംശത്തിന് കല്പിക്കപ്പെട്ടിരിക്കുന്ന അസ്പൃശ്യനായാണ്. അടിമക്ക് സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നു.
അസ്പൃശ്യനായി ജനിച്ചാല്‍ ഒരുവന് ആ അസ്പൃശ്യതയില്‍ നിന്നും മോചനമില്ല. അടിമക്ക് ഉടമയുണ്ട്; അസ്പൃശ്യനാകട്ടെ ഉടയോനെന്ന അവകാശം അസ്പൃശ്യനല്ലാത്തവര്‍ കാലങ്ങളായി സ്വയം കല്പിച്ചെടുത്തുപോരുതാണ്. ഒരുവന്‍ യൂറോപ്യന്‍ അടിമയാകുന്നത്, ശിക്ഷ അനുഭവിക്കുന്നതിനു വേണ്ടിയോ മറ്റുള്ളവര്‍ ഉടമക്ക് വിറ്റതുകൊണ്ടോ ആണ്. (ഉദാ - അച്ഛന്‍ മകനെ വില്ക്കുന്ന സമ്പ്രദായം) അസ്പൃശ്യനെ ആരെങ്കിലും ഉടയോന് വിറ്റതുകൊണ്ടോ അവന്‍ തെറ്റു ചെയ്തതുകൊണ്ടുള്ള ശിക്ഷ അനുഭവിക്കുന്നതിനോ വേണ്ടിയല്ല ഈ അവസ്ഥയില്‍ തുടരുന്നത് (എന്റെ ജന്മം തന്നെയാണ് ഞാന്‍ ചെയ്ത കുറ്റം - രോഹിത് വെമുല) അടിമക്ക് വിശ്രമ വേളകളും ഒഴിവു ദിനങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ പാരിതോഷികമായോ മറ്റു ചിലപ്പോള്‍ വിശേഷാവസരങ്ങളിലോ ഉടമ അടിമയെ സ്വതന്ത്രരാക്കുന്നു. ഈ വകയൊന്നും അസ്പൃശ്യന് അനുവദനീയമല്ല. ഉടമ തന്റെ ആവശ്യങ്ങള്‍ക്കായി അസ്പൃശ്യന് വിദ്യാഭ്യാസം കൊടുക്കുകയും ശ്‌സ്ത്ര - കലാരംഗങ്ങളില്‍ പ്രാവീണ്യം നേടാന്‍ അനുവദിക്കുകയും ചെയ്യുന്നു. അസ്പൃശ്യന് വിദ്യാഭ്യാസം പോയിട്ട് വഴിനടക്കാന്‍ പോലും അവകാശമില്ല. അവന്‍ ഉടയോന്റെ ദൃഷ്ടിയില്‍ പെട്ടാല്‍ പോലും വധശിക്ഷ ലഭിക്കുന്നു! അടിമക്ക് അസുഖം വന്നാല്‍ ചികിത്സ നല്‌കേണ്ടതും അവന്റെ ആരോഗ്യ പരിപാലനവും ഉടമയുടെ ബാധ്യതയാണ്. അസ്പൃശ്യനെ ചൂഷണം ചെയ്യുന്നതല്ലാതെ ഈവക ബാധ്യതകളൊന്നും അസ്പൃശ്യന്റെ മേല്‍ ഉടയോനായ ജാതിഹിന്ദുവിന് ഇല്ല!

അംബേഡ്കര്‍ തന്നെ സൂചിപ്പിച്ചതു പോലെ ഒരുവന് താത്പര്യമില്ലെങ്കില്‍ അപരന് അവനെ അടിമയാക്കാനാവില്ല. (ഇവിടെ താത്പര്യമെന്നത് ശിക്ഷിക്കപ്പെട്ടാലോ വില്ക്കപ്പെട്ടാലോ മാത്രമേ ഒരുവനെ അടിമയാക്കാനാകൂ എന്ന വിശദീകരണത്തി നായാണ് പ്രയോഗിച്ചിട്ടുള്ളത്) എഴുതപ്പെട്ടതും അല്ലാത്തതുമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുവനെ അടിമയാക്കുന്നതിന് വ്യവസ്ഥകളുള്ളൂ. ആ കരാര്‍ കാലാവധി അവസാനിച്ചാല്‍ ആര്‍ക്കും മറ്റൊരാളെ അടിമയാക്കി വെച്ചുകൊണ്ടി രിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍ ഈ വക വല്ലതും അസ്പൃശ്യന്റെ കാര്യത്തില്‍ സംഭാവ്യമാണോ? അടിമത്തത്തേക്കാള്‍ നൂറിരട്ടി മെച്ചമാണ് അയിത്തമെന്ന് പറഞ്ഞ ലാലാ ലജ്പത് റായിയെ അയിത്തത്തേക്കാള്‍ നൂറിരട്ടി മെച്ചമാണ് അടിമത്തമെന്ന് സമര്‍ത്ഥിച്ച് അംബേഡ്കര്‍ തിരുത്തുന്നുണ്ട്. മലയാളത്തിലുള്ള ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികളുടെ 9 ആം വാല്യത്തില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരണങ്ങളുണ്ട്.

ഇനി സ്പാര്‍ട്ടക്കസ് എന്ന യൂറോപ്യന്‍ / റോമന്‍ അടിമയെ കുറിച്ചുള്ള വിവരണങ്ങളി ലേക്ക്; ഗ്രീക്ക് നയതന്ത്രോദ്യോഗസ്ഥ നായിരുന്ന 'ആപ്പിയന്റെ' രേഖകളിലാണ് സ്പാര്‍ട്ടക്കസിനെ ക്കുറിച്ചുള്ള ആദ്യ വിവരണങ്ങള്‍ കാണുന്നത്. എ.ഡി.72ല്‍ സ്പാര്‍ട്ടക്കസിന്റെ നേതൃത്വത്തില്‍ അടിമകള്‍ റോമന്‍ സൈന്യത്തോട് ആദ്യമായി ഏറ്റുമുട്ടിയശേഷം 40 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആപ്പിയന്‍ രേഖകള്‍ എഴുതപ്പെടു ന്നത്. ഇടമുറിഞ്ഞ രൂപത്തിലാണ് കണ്ടുകിട്ടിയതെങ്കിലും ആപ്പിയന്‍ വിവരണങ്ങള്‍ രേഖീയമായ പാരായണത്തിനുതകുന്ന പരാമര്‍ശങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഇതനുസരിച്ച് സ്പാര്‍ട്ടക്കസ് റോമന്‍ സൈന്യത്തിലെ സമര്‍ത്ഥനും സമുന്നതനുമായ ഒരു യോദ്ധാവായിരുന്നുവെന്നും പിന്നീട് ജയിലില്‍ അടയ്ക്കപ്പെടുകയും 'ഗ്ലാഡിയേറ്റര്‍' സ്‌കൂളിലേക്ക് വില്‍ക്കപ്പെടുകയുമാണുണ്ടായത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.എന്തു കുറ്റത്തിനാണ് സ്പാര്‍ട്ടക്കസ് പിടിക്കപ്പെട്ടതെന്നും എങ്ങനെയാണ് ചതിയില്‍ വീഴ്ത്തപ്പെട്ടതെന്നും ആപ്പിയന്‍ രേഖകളില്‍ നിന്ന് വ്യക്തമല്ല. ആ രേഖകളുടെ വലിയ ഗുണം അന്നത്തെ അടിമ സമ്പ്രദായത്തെക്കുറിച്ച് അത് വിലപ്പെട്ട അിറവുകള്‍ തരുന്നു എന്നതാണ്. അടിമപ്പാളയത്തില്‍നിന്ന് ഉടമകള്‍ക്കെതിരെ പടനയിച്ച സ്പാര്‍ട്ടക്കസിന്റെ നേതൃത്വത്തില്‍ അടിമകള്‍ ചേര്‍ന്ന് 'വെസൂവിയസ്' പര്‍വ്വതപ്രദേശത്തേക്ക് പലായനം ചെയ്തു എന്നത് വ്യക്തമാണ്.

റോമന്‍ ഭരണാധികാരികള്‍ വെീറണിയസ് ഗ്ലാബെര്‍, പബ്ലിയസ് വേലറിയസ് എന്നീ സൈന്യാധിപരുടെ നേതൃത്വത്തില്‍ അടിമകളെ പിടിച്ചുകൊണ്ടു വരാന്‍ ചെറുസംഘം സൈനികരെ അവിടേക്കയച്ചു വെങ്കിലും സ്പാര്‍ട്ടക്കസും കൂട്ടരും ചേര്‍ന്ന് അവരെ പരാജയപ്പെടുത്തി. അന്ന് സ്പാര്‍ട്ടക്കസിന്റെ സൈന്യത്തില്‍ 70,000 അടിമകള്‍ ഉണ്ടായിരുന്നു. ഈ സേന രണ്ടായി തിരിഞ്ഞ് ഒരുവിഭാഗം സ്പാര്‍ട്ടക്കസിന്റേയും മറുവിഭാഗം ക്രൈക്‌സസിന്റേയും നേതൃത്വത്തില്‍ ഒരേസമയം ഇരുവിഭാഗത്തുനിന്നും റോമാ സാമ്രാജ്യത്തെ ആക്രമിച്ചു. ഈ യുദ്ധത്തില്‍ ക്രൈക്‌സസ് കൊല്ലപ്പെടുകയും സേന മൊത്തം സ്പാര്‍ട്ടക്കസിന്റെ ചുമതലയില്‍ ആവുകയും ചെയ്തു. അപ്പോള്‍ അടിമസൈന്യത്തിന്റെ അംഗബലം 1,20000 ആയി വര്‍ദ്ധിച്ചിരുന്നു. റോമന്‍ കമാണ്ടറായിരുന്ന ലിസിനിയസ് ക്രാസസ് സൈന്യത്തിന് പുതിയതായി അറ് വിഭാഗങ്ങളുണ്ടാക്കി മുന്‍ സൈന്യത്തോടു കൂട്ടിച്ചേര്‍ത്ത് സംഘടിതമായി അടിമ സൈന്യത്തെ അമര്‍ച്ച ചെയ്യുന്നതിനായി പടനയിച്ചു. ഈ സൈന്യം ചെറുതും വലുതുമായ ആക്രമണ മുറകളിലൂടെ നിരന്തരം അടിമസൈന്യത്തെ എതിരിട്ടു കൊണ്ടിരുന്നു. സ്പാര്‍ട്ടക്കസാകട്ടെ ഗറില്ലാ രീതിയില്‍ ഉപരോധം ശക്തിപ്പെടുത്തി. സിസിലി ദ്വീപിലേക്കുള്ള സ്പാര്‍ട്ടക്കസിന്റെ സൈന്യത്തിന്റെ പ്രവേശനം ക്രാസസ് തടഞ്ഞു. ആ യുദ്ധത്തില്‍ വളഞ്ഞു പിടിക്കപ്പെട്ട സ്പാര്‍ട്ടക്കസ് വധിക്കപ്പെട്ടുവെ ന്നാണ് ആപ്പിയന്‍ രേഖപ്പെടുത്തുന്നത്. മൃതദേഹം പിന്നീട് കണ്ടെത്തുക യുണ്ടായില്ലപോലും.

1960 ല്‍ ഹോവാര്‍ഡ് ഫാസ്റ്റ് ഈ ചരിത്രത്തെ ആസ്പദമാക്കി 'സ്പാര്‍ട്ടക്കസ്' എന്ന പേരില്‍ത്തന്നെ ഒരു നോവലെഴുതി. ആ കൃതിയെ ആധാരമാക്കി അതേവര്‍ഷം തന്നെ വിഖ്യാത അമേരിക്കന്‍ സനിമാ സംവിധായകനായ സ്റ്റാന്‍ലി കുബ്രിക് സിനിമയു മെടുത്തു.

ആപ്പിയന്‍ രേഖകളില്‍ നിന്ന് എന്തു കുറ്റത്തിനാണ് സ്പാര്‍ട്ടക്കസ് ഗ്ലാഡിയേറ്റര്‍ സ്‌കൂളിലേക്ക് വില്ക്കപ്പെട്ടതെന്ന് വ്യക്തമല്ലെങ്കലും അടിമയല്ലാത്ത പൗരനായിരുന്നു എന്നത് ബോധ്യമാകുന്നുണ്ട്. അടിമകളെ ഉടമകള്‍ സാമ്പത്തിക അഭിവൃദ്ധിക്ക് മാത്രമായല്ല ഉപയോഗിച്ചിരുന്നത്, മറിച്ച് വിനോദങ്ങള്‍ക്കായും ഉപയോഗപ്പെടുത്തി യിരുന്നു എന്നതും വസ്തുതയാണ്. അടിമകളെ അരീനയിലെത്തിച്ച് പരസ്പരം പോരടിച്ചുകൊല്ലുന്നത് കണ്ടു രസിക്കുക എന്നതായിരുന്നു പ്രഭുക്കന്മാരുടെ പ്രധാനപ്പെട്ട വിനോദം. അത്തരം അടിമകളെ വിളിച്ചിരുന്നത് 'ഗ്ലാഡിയേറ്റര്‍' എന്നാണ്. ഇതിനായി അടിമകളെ പരിശീലിപ്പിക്കുന്ന കേന്ദ്രം 'ഗ്ലാഡിയേറ്റര്‍ സ്‌കൂള്‍' എന്നും അറിയപ്പെട്ടു. ഈ ഗ്ലാഡിയേറ്റര്‍ സ്‌കൂളില്‍ താന്‍ സഹോദരന്മാരായി കരുതിയിരുന്ന 'സഹപാഠികളെ' പ്രഭുക്കന്മാര്‍ക്ക് കണ്ടുരസിക്കുന്നതിനായി അവരുടെ മുമ്പിലിട്ട് കഴുത്തറുത്ത് കൊല്ലിച്ചതിലുള്ള ആത്മനൊമ്പരം സഹിക്കാനാവാതെയാണ് സ്പാര്‍ട്ടക്കസ് സീസറിനെതിരെ തിരിഞ്ഞത്. ആ രോഷാഗ്നിയാണ് വന്‍ കലാപമായി റോമാ നഗരത്തില്‍ കത്തിക്കാളിയത്.

സീസറിന്റെ അത്രയും തന്നെ കാലാള്‍പ്പട അടിമയായ സ്പാര്‍ട്ടക്കസിനും ഉണ്ടായിരുന്നു! ആത്യന്തികമായി സ്വതന്ത്രനല്ലെങ്കിലും ഉടമയോട് കിടപിടിക്കാനുള്ള ആള്‍ബലം ഒരു അടിമക്ക് ഉണ്ടായിരുന്നു! ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉടയോന് - ഉയര്‍ന്ന ജാതിക്കാരെന്ന് അഹങ്കരിക്കുന്ന ജാതിഹിന്ദുക്കള്‍ക്ക് - മുമ്പില്‍ അസ്പൃശ്യന്‍ ആരാണ്? സ്പാര്‍ട്ടക്കസ് അടിമകളെ വിമോചിപ്പിക്കുന്നതിനു വേണ്ടിയല്ല കലാപമുയര്‍ത്തിയത്. സീസറെ തറപറ്റിക്കുക എന്നുള്ളതായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. എന്നാല്‍ അംബേഡ്കറുടെ ലക്ഷ്യമാകട്ടെ തന്റെ കൂടെപ്പിറപ്പുകളെ മൊത്തം അയിത്തത്തില്‍ നിന്ന് വിമോചിതരാക്കുക എന്നുള്ളതായിരുന്നു. അതിനായി അംബേഡ്കറുടെ കയ്യില്‍ താന്‍ ആവിഷ്‌കരിച്ച ജാതി ഉന്മൂലനം എന്ന സിദ്ധാന്തവും അതിന്റെ കര്‍മപരിപാടികളും ഉണ്ടായിരുന്നു.

യൂറോപ്പിലെ അടിമയെ വിമോചിപ്പിച്ചത് ഉടമ അവന്റെ വ്യക്തിത്വത്തിന് നല്കിയ അംഗീകാരം നിമിത്തമാണ്. (മറ്റു പ്രകാരത്തില്‍ അടിമത്തം ലോകത്ത് എമ്പാടും നിലനില്ക്കുന്നു എന്നതിനോട് യോജിക്കുന്നു. ഇവിടെ ചര്‍ച്ച യൂറോപ്യന്‍ അടിമസമ്പ്ര ദായത്തേയും സ്പാര്‍ട്ടക്കസിനേയും കുറിച്ചാണല്ലോ) എന്നാല്‍ ജാതി ഹിന്ദു അസ്പൃ ശ്യന്റെ വ്യക്തിത്വത്തിന് അംഗീകാരം നല്‍കാത്തതിനാല്‍ അവനെ അനുയോജ്യനായ ചങ്ങാതിയായി കരുതുന്നില്ല. എക്കാലവും ഇന്ത്യയുടെ ദുര്‍വിധിയായ പരാജയത്തിന് കാരണം ജാതിവ്യവസ്ഥയാണെന്ന് അംബേഡ്കര്‍ നിരീക്ഷിച്ചു. ജാതി വ്യവസ്ഥ പൊതുവായ സംഘടിക്കലിനെ തടഞ്ഞു. ചിലര്‍ ജനിക്കുന്നതിനു മുമ്പേ അവരുടെ തൊഴിലുകള്‍ (കര്‍മങ്ങള്‍) നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണന് വേദാധ്യയനവും ക്ഷത്രിയന് യുദ്ധം ചെയ്യലും വൈശ്യന് കച്ചവടവും പശുപരിപാലനവും ശൂദ്രന് ഈ മൂന്നു വര്‍ണക്കാരേയും ഫലേച്ഛ കൂടാതെ സേവിക്കലുമാണ് ജന്മനാലുള്ള അവരുടെ കര്‍മങ്ങള്‍. അസ്പൃശ്യര്‍ പിറക്കുന്നത് മനുഷ്യാവകാശങ്ങള്‍ ലംഘി ക്കപ്പെട്ടവരാ യാണ്. സവര്‍ണരുമായി ഒരുപാട് അന്തരമുണ്ട് അസ്പൃശ്യന് എന്നതാണ് ജാതിവ്യവസ്ഥയുടെ മാരകമായ ഫലം. ഈ വ്യവസ്ഥയില്‍ അസ്പൃശ്യന് മുന്നോട്ടു പോകണമെങ്കില്‍ സംവരണം കൂടിയേ തീരൂ. പൗരന്മാര്‍ തമ്മിലുള്ള ഈ അന്തരം ഇല്ലാതാക്കുന്നതിനായാണ് സംവരണം ഏര്‍പ്പെടുത്തിയത്. അത് അമേരിക്കയിലെ നിയന്ത്രണ സന്തുലിതങ്ങള്‍ക്ക് സമാനമായാണ് നടപ്പിലാക്കേണ്ട തെന്നും അംബേഡ്കര്‍ നിരീക്ഷിച്ചു. സമത്വം വേണമെന്ന ഒറ്റ ലക്ഷ്യമേ സംവരണത്തി നുള്ളൂ. അതോടെ സ്വാതന്ത്ര്യവുമായി.

ബി സി 185 ല്‍ മൗര്യചക്രവര്‍ത്തിയായിരുന്ന ബൃഹദ്രഥനെ വധിച്ച് അധികാരം കൈക്കലാക്കിയ സംഗഗോത്രത്തില്‍ പെട്ട ബ്രാഹ്മണനായ പുഷ്യമിത്രന്‍ എന്ന ബ്രാഹ്മണ ഭരണാധികരിയാണ്, ഹിന്ദുക്കളുടെ ബൈബിള്‍ എന്നറിയപ്പെടുന്ന മനുസ്മൃതിയിലെ നിയമവയവസ്ഥകള്‍ നടപ്പിലാക്കിക്കൊണ്ട് ജാതിവ്യവസ്ഥ സ്ഥാപിച്ചത്. മിശ്രവിവാഹം, മിശ്രഭോജനം എന്നിവ നിരോധിക്കപ്പെട്ടതിലൂടെയാണ് മനുസ്മൃതി ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്നത്. മിശ്രഭോജന - മിശ്രവിവാഹങ്ങള്‍ക്കെതരിരായ നിരോധനം നീക്കം ചെയ്യപ്പെടുന്നതിലൂടെ ജാതിഉന്മൂലനം സാധ്യമാകുന്നു എന്ന് അംബേഡ്കര്‍ നിരീക്ഷിച്ചു. ജീവിതകാലമത്രയും അതിനായി പോരാടുകയും ചെയ്തു.

നിരീക്ഷണങ്ങള്‍: വിക്കിപ്പീഡിയ, ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍.