"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 24, ശനിയാഴ്‌ച

രാമചന്ദ്ര ധൊന്ദിബ ബണ്ഡാരെ; ആര്‍പിഐ വിട്ടിട്ടും അംബേഡ്കറൈറ്റായി തുടര്‍ന്ന ബുദ്ധോപാസകന്‍
മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ വിതയില്‍ 1916 ഏപ്രില്‍ 11 നാണ് ആര്‍ ഡി ബണ്ഡാരെ ജനിച്ചത്. അച്ഛന്റെ പേരാണ് ധൊന്ദിബ ബണ്ഡാരെ. ഇവരുടെ സമുദായം മഹര്‍ ജാതിയില്‍ പെടുന്നു. കുടുംബം പിന്നീട് ബോംബെയിലേക്ക് താമസം മാറ്റുകയായിരുന്നു. ആര്‍ ഡി ബണ്ഡാരെയുടെ പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടില്‍ നോര്‍ത്ത് വരലി പ്രൈമറി സ്‌കൂളിലായിരുന്നു. മിഡില്‍ സ്‌കൂള്‍ ബോംബെയിലെത്തി യശേഷം കൊലബവാടി മിഡില്‍ സ്‌കൂളിലും മഹാരാഷ്ട്ര ഹൈസ്‌കൂള്‍ ബോംബെയിലും ആയിരുന്നു. തുടര്‍ന്ന് എല്‍ഫിസ്റ്റണ്‍ കോളേജില്‍ നിന്ന് ബി എ യും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും എല്‍എല്‍ബിയും കരസ്ഥമാക്കി.അതിനുശേഷം അഭിഭാഷകവൃത്തി ചെയ്യുന്നതിനോടൊപ്പം തന്നെ ലോ കോളേജില്‍ പ്രൊഫസറായും ജോലി നോക്കി. ഇക്കാലയളവില്‍ 1942 മുതല്‍ 1945 വരെ ബോംബെ മുനിസിപ്പല്‍ കാംഗര്‍ സംഘിന്റെ ജനറല്‍ സെക്രട്ടറിസ്ഥാനവും, 1952 മുതല്‍ 54 വരെ ബോംബെ ടെക്‌സ്‌റ്റൈല്‍സ് വര്‍ക്കേഴ്‌സ് യുണിയന്റെ വൈസ് - പ്രസിഡന്റ് സ്ഥാനവും നിര്‍വഹിച്ചിരുന്നു. അതിനു ശേഷം 1963 മുതല്‍ 66 വരെ നവ് - ഭാരത് മസ്ദൂര്‍ മഹാസഭയുടെ പ്രസിഡന്റ് സ്ഥാനവും നിര്‍വഹിച്ചു. അതിനിടയില്‍, 1949 മുതല്‍ 1952 വരെ ബാബാസാഹേബ് അംബേഡ്കറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫീരിയര്‍ വില്ലേജ് സര്‍വന്റ്‌സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്ത് സേവനം തുടരുന്നുണ്ടായിരുന്നു.

അക്കാലത്ത് ബണ്ഡാരെ, ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വന്നു. എസ് സി എഫ് ബോംബെ പ്രദേശ് പ്രസിഡന്റായിരിക്കെ, അസ്പൃശ്യരോടുള്ള തന്റെ സാഹോദ്യ മനോഭാവം പ്രകടിപ്പിക്കാനായി വരലിയിലെ ഒരു മേത്തരുടെ വീട്ടില്‍ വന്ന് താമസമാക്കിയ മഹാത്മാ ഗാന്ധിയെ അനുയായികളോടൊപ്പം ചേര്‍ന്ന് ബണ്ഡാരെ കരിങ്കൊടി കാണിക്കുകയും, ഗാന്ധിയുടേത് വെറും 'പ്രകടനം' മാത്രമാണെന്ന് കുറ്റാരോപണം നടത്തുകയും ചെയ്തു. ബണ്ഡാരെയുടെ ഈ പ്രവര്‍ത്തനം ജാതിഹിന്ദുക്കളും അസ്പൃശ്യരുമായുള്ള ഒരു തുറന്ന യുദ്ധത്തിന് വഴിതെളിച്ചു. ഈ സമരത്തില്‍ അസ്പൃശ്യരോടൊപ്പം അടിയുറച്ചു നിന്ന ബണ്ഡാരെ ബോംബെയിലെ അവരുടെ സമുന്നതനായ വിമോചകപ്രവര്‍ത്തകനായി അറിയപ്പെടുകയും ചെയ്തു.

1945 ല്‍ ബണ്ഡാരെ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1946 ല്‍ വരലിയിലും തരള്‍ സംഘിലും ഓരോ വൈയനശാലകള്‍ സ്ഥാപിക്കാന്‍ ബണ്ഡാരെ മുന്‍കയ്യെടുത്തു. ഏതാണ്ട് ബോംബെയുടെ മുഴുവന്‍ പ്രദേശങ്ങളിലും ഈ വായനശാലയുടെ പ്രയോജനം ലഭ്യാകുമാറായിരുന്നു അതിന്റെ സ്ഥാപനം. അംബേഡ്കറുടെ ജന്മദിനങ്ങള്‍ ഒരു വന്‍ ആഘോഷമങ്ങളാക്കി മാറ്റുന്നതിന് കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നതില്‍ അതീവ തത്പരനായിരുന്നു ബണ്ഡാരെ. 1950 ല്‍ അംബേഡ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 ന് 'നിര്‍ധര്‍' എന്നൊരു പ്രസിദ്ധീകരണം ആരംഭിക്കുകകൂടി ചെയ്തു. രണ്ടു വര്‍ഷം അതിന്റെ പ്രസിദ്ധീകരണം തുടര്‍ന്നു.

ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1952 ല്‍ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പില്‍ നയ്ഗണ്‍ - വദല മണ്ഡലത്തില്‍ നിന്നും എസ് സി എഫ് സ്ഥാനാര്‍ത്ഥിയായി ബണ്ഡാരെ മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസിലെ എസ് എന്‍ ശിവതാര്‍ക്കറോട് പരാജയപ്പെട്ടു. ശിവതാര്‍ക്കറാകട്ടെ അംബേഡ്കറുടെ ഒരു മുന്‍ അനുയായിയായിരുന്നു. എന്നാല്‍ 1957 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ് സി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ബണ്ഡാരെ ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയി ലെത്തി. 1960 മുതല്‍ 62 വരെ പ്രതിപക്ഷ നേതാവുമായി.

1962 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി മിറാജ് പൊതുമണ്ഡലത്തില്‍ നിന്നും ലോക് സഭയിലേക്ക് ബണ്ഡാരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1967 ല്‍ ബോംബെ സെന്‍ട്രല്‍ പൊതുമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇത് പക്ഷെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഇതേ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിത്തന്നെ 1971 ലും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1977 ല്‍ പരാജയപ്പെട്ടു.

1973 മുതല്‍ 76 വരെ ബീഹാര്‍ ഗവണ്‍ണറായും 1976 മുതല്‍ 78 വരെ ആന്ധ്രാ പ്രദേശ് ഗവര്‍ണറായും നിയമിതനായി.

1942 മുതല്‍ 57 വരെ മാത്രമേ ബണ്ഡാരെ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളളൂ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ ബണ്ഡാരെയായിരുന്നു. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 1966 ആഗസ്റ്റ് 15 ന് ആര്‍പിഐ വിട്ട ആര്‍ ഡി ബണ്ഡാരെ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ആര്‍പിഐ വിട്ടതിനു ശേഷവും അടിയുറച്ച അംബേഡ്കറൈറ്റായി ബണ്ഡാരെ തുടര്‍ന്നു. 1956 ഒക്ടോബര്‍ 14 ന് നാഗ്പൂരില്‍ ബാബാസാഹെബ് ഡോ. ബി ആര്‍ അംബേഡ്കര്‍ ദീക്ഷ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കാര്‍ ആര്‍ ഡി ബണ്ഡാരെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അന്ന് ദീക്ഷ സ്വീകരിച്ച ബണ്ഡാരെ ബുദ്ധിസത്തിന്റെ പ്രചാരത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് പിന്നീട് നടത്തിയത്. 1968 ല്‍ ഒരു ബുദ്ധിസ്റ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കി. നവ ബുദ്ധിസ്റ്റുകള്‍ക്ക് പട്ടികജാതിക്കാരുടെ അവകാശങ്ങളും പരിരക്ഷകളും ലഭ്യമായത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആ ഡി ബണ്ഡാരെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന്റെ വിജയഫലമായാണ്.

ജീവിതകാലത്ത് ഉടനീളം ദലിത് വിമോചനത്തിനായി ലോക്‌സഭാ - നിയമസഭാ സാമാജികനായും ഗവര്‍ണറായും ബുദ്ധോപാസകനായും സേവനമനുഷ്ഠിച്ച് കുറ്റമറ്റ രീതിയില്‍ തന്റെ പൗരധര്‍മം വിനിയോഗിച്ച് രാമചന്ദ്ര ധൊന്ദിഭാ ബണ്ഡാരെ ചരിത്രത്തിന്റെ ഭാഗമായി മാറി.

ഒരു സൈനികന്റെ മകളായ ശകുന്തളയാണ് ബണ്ഡാരെയുടെ ജീവിത പങ്കാളി. 1939 ഏപ്രില്‍ 23 നായിരുന്നു ഇവരുടെ വിവാഹം. മൂന്ന് ആണ്‍മക്കളും ഒരു മകളും ഈ ദമ്പതികള്‍ക്ക് പിറന്നു.

1988 സെപ്തംബര്‍ 5 ന് തന്റെ 72 ആം വയസില്‍ ആര്‍ ഡി ബണ്ഡാരെ പരിനിര്‍വാണം പ്രാപിച്ചു.