"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

അഭിഭാഷക -പോലീസ് വിളയാട്ടം അടഞ്ഞ അധ്യായമായി കണക്കാക്കാതെ ജനകീയ വിചാരണക്കു വിധേയമാക്കണം👌കേരളജനതക്ക് ഒരു തരത്തിലും അവഗണിക്കാനോ പൊറുക്കാനോ കഴിയാത്തവിധം കൊച്ചിയിലും തിരുവനന്തപുരത്തും സ്ത്രീകള്‍ ഉള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു മേല്‍ ഗുണ്ടാവിളയാട്ടം നടത്തിയ വക്കീല്‍ വേഷധാരികള്‍ക്കെതിരെ ങ്ങള്‍ക്കെതിരെ താമസ്സം വിനാ കേസ്സെടുത്തു വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍കൈ 
എടുക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി പിണറായി വിജയന്‍, ഈ അഴിഞ്ഞാട്ടം ''അടഞ്ഞ അധ്യായമായി കാണണമെന്ന്'' പറഞ്ഞതും 'അടിക്കാനും അടികൊള്ളാ നുമായി ആരും അങ്ങോട്ട് പോകണ്ടെന്ന്' പ്രസ്താവിച്ച് വിഷയത്തില്‍ മധ്യസ്ഥ വേഷം കെട്ടിയതും പ്രശ്‌നംകൂടുതല്‍ വഷളാക്കുകയാണുണ്ടായത്. സ്ഥാനം നഷ്ടമായ നിയമോപദേഷ്ടാവിന് സ്‌പോണ്‍സര്‍ഷിപ്പുള്ള അഴിഞ്ഞാട്ടമെന്നുകൂടി മാധ്യമ വാര്‍ത്തകള്‍ വന്നിരിക്കെ വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമിടയില്‍ മധ്യസ്ഥവേഷം കെട്ടുന്ന മുഖ്യമന്ത്രിയുടെ റോള്‍ കോര്‍പ്പറേറ്റാഭിമുഖ്യ ഭരണത്തിനുള്ള മറ്റൊരു പൊന്‍തൂവല്‍ കൂടിയായി അതേസമയം, വക്കീല്‍ ഗൗണ്‍ അണിഞ്ഞാല്‍ ഏതു സാമൂഹ്യവിരുദ്ധ ഏര്‍പ്പാടിനുമുള്ള ഇമ്മ്യൂണിറ്റിയായി അതെന്നു കരുതുന്ന ചുരുക്കം ഗൗണ്‍ ധാരികള്‍ക്ക് കോര്‍പ്പറേറ്റ് - രാഷ്ട്രീയ അധികാരത്തിന്റെയും പോലീസിന്റെയും പിന്‍ബലം കൂടിയായതോടെ ഏതു തെമ്മാടിത്തരത്തിനുമുള്ള ലൈസന്‍സാണ് പിന്നീട്‌ലഭിച്ചത്. ഇതിനിടയില്‍ തങ്ങളുടെ പ്രൊഫഷനെ മാന്യമായി കരുതുന്ന ജനപക്ഷത്തുനില്‍ക്കുന്ന പ്രഗത്ഭരായ അഭിഭാഷകര്‍ ഈ അഴിഞ്ഞാട്ടത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നത് വക്കീല്‍ ഗൗണ്‍ മറ്റേര്‍പ്പാടുകള്‍ക്കുള്ള മറയാക്കി കൊണ്ടുനടക്കുന്ന അധമന്മാര്‍ക്ക് ജനപക്ഷനിന്നു കിട്ടിയ മുഖമടച്ചുള്ള പ്രഹരമായി.

രാജ്യത്തുണ്ടെന്നു പറയുന്ന ജുഡീഷ്യല്‍ സംവിധാനത്തിന്റെയും നിയമവ്യവസ്ഥ യുടെയും (ഡെല്‍ഹി കോടതിയില്‍ വക്കീല്‍ ഗൗണിട്ട പരിവാര്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ രാജ്യമെങ്ങും ഇതിന്റെ സാംഗത്യത്തെപ്പറ്റി സംശയം ഉന്നയിക്കപ്പെട്ടതാണ്) കാവലാളുകള്‍ എന്ന പട്ടവും പേറി നടക്കുന്ന വക്കീലന്മാര്‍ നിയമം അനുശാസിക്കുന്ന വ്യവസ്ഥാപിത ക്രമത്തിനു വിധേയരാകാനും ജനങ്ങള്‍ക്ക തിലുള്ള ബോധ്യം ഉറപ്പുവരുത്താനും ബാധ്യസ്ഥാരാണെന്നാണ് വെപ്പ്. എന്നാല്‍ വക്കീല്‍ വേഷം സ്വന്തം സങ്കുചിത സ്വാര്‍ത്ഥപൂരണത്തിനും മറ്റുലക്ഷ്യങ്ങള്‍ക്കുമുള്ള കവറായി ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുറവല്ല. ഒരു സ്ത്രീയെ അപമാനി ച്ചതിന്റെ പേരില്‍ കുറ്റാരോപിതനാകുകയും കേസ് തേച്ചുമായ്ച്ചുകളയാന്‍ നെറികെട്ടരീതിയില്‍ സ്വന്തം അഭിഭാഷക വൃത്തി ദുരുപയോഗം ചെയ്തു പോരുകയും ചെയ്ത ധനേഷ് മാഞ്ഞൂരാനു വേണ്ടിയുള്ള ഒറ്റപ്പെട്ടതോ യാദൃഛികമോ ആയ ഇടപെടല്‍ എന്ന നിലയില്‍ ചുരുക്കികാണാനാവാത്ത വിധം മാനങ്ങളുള്ളതാണ് കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ഒടുവില്‍ കോഴിക്കോട്ടും അരങ്ങേറിയ അഴിഞ്ഞാട്ടങ്ങള്‍. നിയമവ്യവസ്ഥയെയും ജുഡീഷ്യല്‍ സംവിധാനത്തെയും ഹൈജാക്ക് ചെയ്ത് മദ്യക്കുപ്പികളുമായി വക്കീല്‍ വേഷധാരികള്‍ ആഭാസനൃത്തമാടിയപ്പോള്‍ പോലീസ് സംവിധാനം അപ്പാടെ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധ കൃത്യമാണ് ഇയാള്‍ ചെയ്തതെന്ന സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടും ഗവ. പ്ലീഡര്‍ സ്ഥാനത്തിരുത്തി ഇയാളെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നാല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ വക്കീല ന്മാര്‍ പിന്‍നിരയിലേക്കു മാറി. പോലീസ്തന്നെ അതിക്രമം അഴിച്ചുവിട്ടതോടെ സംഭവങ്ങള്‍ക്കു പിന്നിലെ ഭരണകൂട മാഫിയ അജണ്ടയാണ് തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്. ഗവ.പ്ലീഡറും സ്ഥാനഭ്രഷ്ടനായ നിയമോപദേശകനുമെല്ലാം പിന്നണിയിലുണ്ടെന്നു കേള്‍ക്കുന്നു.

ഡല്‍ഹിയില്‍ വക്കീല്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ കേരളം ഇതിനൊക്കെ അതീതമാണെന്ന് നമ്മള്‍ ഇവിടെ മേനി നടിക്കുകയായിരുന്നു. എന്നാല്‍ മറ്റു പലകാര്യങ്ങളിലുമെന്ന പോലെ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ മ്ലേച്ഛമാണെന്ന് ഈ അഴിഞ്ഞാട്ടങ്ങള്‍ തുറന്നു കാട്ടുന്നു. പോലീസുകാര്‍ നോക്കു കുത്തികളായി നിന്നപ്പോള്‍, തെരുവില്‍ ഓട്ടോ ഓടിച്ച് ഉപജീവനം കഴിക്കുന്ന തൊഴിലാളികള്‍ ഈ തെമ്മാടികളെ കൈകാര്യം ചെയ്യാന്‍ മുന്നോട്ടു വന്നു എന്നത് അഭിമാനകരമായ നിമിഷമാണെന്ന് പറയേണ്ടിയിരിക്കുന്നു. സ്വന്തം രക്തവും വിയര്‍പ്പും കൊടുത്ത് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന തൊഴിലാളികള്‍ തന്നെ രംഗത്തിറങ്ങുകയും കാര്യങ്ങള്‍ ഏറ്റെടുക്കു കയും ചെയ്യുന്ന ഈ ഉദാത്തമാതൃകയാണ് വളര്‍ന്നു വരേണ്ടത്. വ്യവസ്ഥാ ജീര്‍ണ്ണതയുടെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന നാനാതരം ലുമ്പന്‍ ഘടകങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുക തൊഴിലാളിവര്‍ഗ്ഗത്തിനാണ്.

കോര്‍പ്പറേറ്റ് മൂലധന വ്യവസ്ഥയും അതിന്റെ ഭരണ നിയമസംവിധാനങ്ങളുമെല്ലാം അപ്പാടെ ജീര്‍ണ്ണിച്ചു നാറുന്നതിന്റെ ഭാഗമായിട്ടു തന്നെ ഈ അഴിഞ്ഞാട്ടങ്ങളെ നോക്കി കാണേണ്ടതുണ്ട്. വളരെ കൃത്യമായി പറഞ്ഞാല്‍മന്ത്രിസഭാ തീരുമാനങ്ങള്‍ മുതല്‍ കോടതി വ്യവഹാരങ്ങള്‍ വരെ ലുബന്‍ ഘടകങ്ങളെ അഴിച്ചുവിട്ട് മാധ്യമങ്ങളില്‍നിന്നും, അതുവഴി ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുകയെന്ന കോര്‍പ്പറേറ്റ് - ഭരണകൂട ലക്ഷ്യമാണ് ഇത് അനാവരണം ചെയ്യുന്നത്. തന്നിമിത്തം, യൂണിഫോമും ഗൗണുമിട്ട വ്യവസ്ഥാ പാലകര്‍ തന്നെ അവരുടെ തനിനിറം തുറന്നുകാട്ടി ക്രിമിനലുകളായി രംഗത്തു വരുന്നു. ജനജീവിതത്തെ തൊട്ടറിയുന്ന മാധ്യമരംഗത്തെ കൂലിതൊഴിലാളികളായ ഭൂരിപക്ഷമൊഴിച്ചാല്‍ മാധ്യമമുതലാളിമാരെല്ലാം കോര്‍പ്പറേറ്റ് - മാഫിയ പക്ഷത്താ ണെന്ന് അസന്നിഗ്ധമായി തുറന്നു കാട്ടുന്നതുകൂടിയാണ് ഈ അഴിഞ്ഞാട്ടം. തങ്ങളുടെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റാലും ഒന്ന് പ്രതിഷേധിക്കാന്‍ പോലും ഒരു കോര്‍പ്പറേറ്റ് മാധ്യമ മുതലാളിയും രംഗത്തു വന്നില്ല. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമ ഉപദേഷ്ടാവുണ്ടല്ലോ. പക്ഷേ, വക്കീല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം മാധ്യമ ങ്ങള്‍ക്കെ തിരെയെന്നതേക്കാള്‍ ജനങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പിണറായി വിജയന്‍ ആവശ്യപ്പെടുന്നതുപോലെ ഇത് അടഞ്ഞ അധ്യായമായിക്കൂടാ. ഈ അധ്യായം കേരള ചരിത്രത്തില്‍ തുറന്നു തന്നെയിരിക്കണം. ജനപക്ഷത്തുനിന്ന് ഈ സംഭവം നിരന്തരം വിചാരണ ചെയ്യപ്പെടേണ്ടത് ജനാധിപത്യശക്തികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.