"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

പൊതുനിരത്തുകള്‍ വില്പനക്കു വെയ്ക്കുമ്പോള്‍ - നാമൂസ്നീണ്ട നൂറ്റാണ്ടുകളുടെ അടിമത്വത്തില്‍ നിന്നും പതിറ്റാണ്ടുകളിലൂടെ തുടര്‍ന്നു വന്ന സമരങ്ങളിലൂടെയാണ് കഴിഞ്ഞകാല കേരളം നാമിന്നനുഭവിക്കുന്ന പല അവകാശ ങ്ങളും നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ നവോത്ഥാന കാലഘട്ടമെന്നറി യപ്പെടുന്ന അക്കാലയളവില്‍ ജനതയെ ബോധവല്‍ക്കരിക്കുകയും കൃത്യമായ ഇടപെടലൂകളിലൂടെ കേരളത്തെ നയിക്കുകയും ചെയ്ത വിശാല ഇടതുപക്ഷ മനസും ബോധവും ആ സമരങ്ങള്‍ക്ക് അമരത്ത്വം നല്‍കിക്കൊണ്ടിരുന്നു. ഒരേ സമയം 

ജാതീയവും അതുവഴിയുണ്ടാകുന്ന അസമത്വങ്ങള്‍ക്ക് നേരെയും സാംസ്‌ക്കാരിക പോരാട്ടം നടത്തിയും അതോടൊപ്പം കൃത്യമായ രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയും കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിരന്തരം ഇടപെട്ടുകൊണ്ട് ഈ പുരോഗമന ബോധം മലയാളത്തിനു മേല്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുകയായിരുന്നു. എന്നാല്‍ പുരോഗമനം എന്നത് ഒരു തുടര്‍ പ്രക്രിയയാണെന്നു കണ്ട് അതിന്റെ തുടര്‍ച്ചയില്‍ ശ്രദ്ധ നല്‍കാതെ പാതിയില്‍ വലതുപക്ഷ താല്‍പര്യങ്ങളോട് സമരസപ്പെട്ട് മാറ്റത്തിന്റെ വഴിയില്‍നിന്നും ജനതയെ അനാഥരാക്കിക്കൊണ്ട് സ്വയം ഷണ്ഡീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കാണുന്നത്. അതിന്റെ കെടുതി അത്ര ചെറുതല്ലാത്തവിധത്തില്‍ കേരളം ഇന്നനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

മതപൗരോഹിത്യവും വലതുപക്ഷ മുതലാളിത്ത താല്‍പര്യങ്ങളും ഒരു മനസ്സും ശരീരവുമായി കളം നിറഞ്ഞാടുന്ന വര്‍ത്തമാന കേരളത്തില്‍ ഒരു ബദലായി സ്വയം ഉയരേണ്ടിയിരുന്ന ഇടതുപക്ഷ വ്യവസ്ഥാപിത രാഷ്ട്രീയങ്ങളുടെ ആലയങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ സര്‍വ്വമാന ദുര്‍ഗന്ധങ്ങളോടും കുടി സ്വയം നാറിക്കൊണ്ടിരിക്കുന്നു. പൂര്‍വ്വകാലത്ത് വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിടത്തുനിന്ന് പൊതുനിരത്തെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കേരള ജനത അവകാശം സ്ഥാപിക്കുമ്പോള്‍ അതിന് ബഹുമുഖ മാനങ്ങളുണ്ടായിരുന്നു. സവര്‍ണ്ണാധിപത്യത്തില്‍ നിന്നുമുള്ള മോചനം എന്ന അര്‍ത്ഥത്തില്‍ സര്‍വ്വതന്ത്ര സ്വതന്ത്രന്‍ എന്ന വിശാല തലത്തിലേക്കുള്ള മനുഷ്യന്റെ സാമൂഹിക /സാംസ്‌ക്കാരിക/രാഷ്ട്രീയ/ സാമ്പത്തിക പുരോഗതികള്‍ക്ക് അത് വേഗം വര്‍ദ്ധിപ്പിച്ച ഒരു ചാലകമായി വര്‍ത്തിക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷ്യം.

കഴിഞ്ഞതുമാത്രമല്ല, നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതും ഓരോ ചരിത്രമാണ്. ആ ചരിത്രത്തിലേക്കാണ് കേരളീയ സമരഭൂമിയില്‍ നിന്നും പുതിയ താളുകള്‍ ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുപേക്ഷിക്കപ്പെട്ട രാഷ്ട്രീയത്തിന്റെയും അനാഥമാക്കപ്പെട്ട ജനതയുടെയും ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയുടെയും ഭയം, ഭരിക്കുന്ന ലോകത്തിന്റെയും ദൈന്യമുഖത്ത് നിന്നുമാണ് വരക്കപ്പെടുന്നത്. അതിലെ ഏറ്റവും ഭീകരമായ അനീതിയുടെ വാസ്തവ കഥകളാണ് നാമിന്നു പാലിയേക്കരയില്‍ നിന്നും കേള്‍ക്കുന്നത്.

പാലിയേക്കര സമരം, ബി ഒ ടി വിരുദ്ധ ജനകീയ സമരം അതുയര്‍ത്തുന്നൊരു വലിയ രാഷ്ട്രീയമുണ്ട്. അത് ഈ ചരിത്രത്തിലേക്കുള്ള ഒരു ആമുഖമാണ്. കഴിഞ്ഞകാല കേരളം തന്റെ ജനതക്ക് വഴിതുറന്നിട്ടുകൊടുത്തുവെങ്കില്‍ വര്‍ത്തമാനകേരളം തന്റെ ജനതയുടെ വഴിയിലുള്ള അവകാശത്തെ, സഞ്ചാര സ്വാതന്ത്ര്യത്തെ മുതലാളിക്കു തീറു കൊടുക്കുകയാണ്. പൊതുനിരത്ത് മുതലാളിക്ക് തീറാകുമ്പോള്‍ ഇടതും വലതും അടങ്ങുന്ന ഭരണവര്‍ഗ്ഗം ഒന്നെന്നുകണ്ട് തുല്യംചാര്‍ത്താന്‍ തിടുക്കം കൂട്ടുകയാണ്. ഇവിടെയാണ് ജനമെന്ന യഥാര്‍ത്ഥ ഉടമ വിസമ്മതത്തിന്റെ തലവെട്ടിക്കലിലൂടെ സ്വയമൊരു മുദ്രാവാക്യമായി മാറുന്നതും പ്രതിരോധം തീര്‍ക്കുന്നതും. വാസ്തവത്തില്‍ എന്താണിന്റെ പ്രേരണ? അന്വേഷിക്കേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന യാത്രാക്ലേശവും അപകട നിരക്കും മതിയായ ഗതാഗത സൗകര്യമില്ലാത്തതുകൊണ്ടെന്ന കാരണത്തെ ചൂണ്ടുകയും ആദ്യം 'എക്‌സ്പ്രസ് ഹൈവേ' എന്നും പിന്നീട് തെക്ക് വടക്ക് പാതയെന്നും ഒടുക്കം 'നാലുവരി പാത' ബി ഒ ടി എന്നുമുള്ള പരിഹാരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്തു. ഏറെ ജനസാന്ദ്രതയുള്ള കേരളത്തിന്റെ ജീവിത പരിസരത്തുനിന്ന്, ഒരുപക്ഷേ ജീവിയ ലോകത്തിന്റെ ആവാസവ്യവസ്ഥയെത്തന്നെ തകിടംമറിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ചൊല്ലി ഈ ആലോചനയുടെ പ്രാരംഭ ഘട്ടങ്ങളില്‍ത്തന്നെ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുള്ളതാണ്. ആ സമയം തന്നെ മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതയില്‍ നിന്നും ഒരു മറുചോദ്യം ഉയര്‍ത്തുകയും അതിനുള്ള ഉത്തരമായി പ്രകൃതിയെത്തന്നെ നശിപ്പിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങളെ നിസാരവല്‍ക്ക രിച്ചും തന്റെ മാത്രം കേവല താല്‍പര്യത്തിലേക്ക് ചുരുങ്ങി ഏറെ വൈകല്യം നിറഞ്ഞ വികസന കാഴ്ചപ്പാടിലേക്ക് പോകുകയാണുണ്ടായത്. അത്തരം ഒരു വികസനത്തിന്റെ പുതിയ പേരാണ് നാലുവരിപ്പാത. എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും അവസാനിക്കു ന്നില്ല. ചൂഷണം ചെയ്യപ്പെടുന്നത് പ്രകൃതി മാത്രമല്ല. ഹേ, മനുഷ്യാ... നിന്റെയും നിന്റെ നാടിന്റെയും സമ്പത്തിനെയും കൂടെയാണെന്നും അതിനിടനിലക്കാരനാകുന്നത് നിന്റെ തന്നെ ഭരണകൂടമാണെന്നു മനസിലാക്കുമ്പോഴാണ് പുതിയ കാലത്തെ അധിനിവേശായുധത്തിന് മൂര്‍ച്ച വെളിവാകുന്നത്.

ഈ നാലുവരി പാത എന്നത് പുതിയൊരു ആശയമല്ല. മൂന്നര പതിറ്റാണ്ടു മുന്‍പ് തന്നെ ഇതേ ആവശ്യത്തിനായി അഥവാ മുപ്പതുമീറ്റര്‍ വീതിയില്‍ ദേശീയപാത വികസനത്തിന് ഇതേ കേരളക്കരയില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അന്നുതൊട്ടീന്നേവരെ ഒരിഞ്ചുഭൂമി പോലും റോഡുനിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടാതെ പണ്ട് അവകാശി കളൊഴിഞ്ഞു കൊടുത്ത ഭൂമി വെറുതെ കിടക്കുന്നു. ദേശീയപാത വികസനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുത്തരവാദിത്തത്തിലാണെന്നിരിക്കെ പ്രത്യേകിച്ചും ഇക്കാലമത്രയും നാടു ഭരിച്ച ഒരു സര്‍ക്കാരിനും ഈ നിഷ്‌ക്രിയത്വത്തിന് മറുപടി നല്‍കാതിരിക്കാനാവില്ല. എന്നിട്ടൊടുക്കം ദേശീയപാതയിലെ ഗതാഗത കുരുക്കും വര്‍ദ്ധിച്ചുവരുന്ന അപകടനിരക്കും ചൂണ്ടി മുപ്പതുമീറ്റര്‍ എന്നത് നാല്‍രപ്പത്തിയഞ്ചും നാലുവരിപ്പാത എന്നത് ബി ഒ ടി എന്നും പൊതുനിരത്തെന്നത് സ്വകാര്യ മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു വ്യവസായമായും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതും ഇടനിലക്കാരാകുന്നതും ഇതേ ഭരണകൂടങ്ങളും

എന്താണീ മാറ്റങ്ങളുടെ പ്രേരകം.

രാജ്യത്തെ റോഡു നിര്‍മ്മാണവും ഉപയോഗവും സംബന്ധിച്ചുള്ള വേള്‍ഡ്ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ മുതല്‍ മുടക്ക്, ലാഭം, വ്യവസായം എന്നതില്‍ നിന്നാരംഭിച്ച് പ്രണബ് മുഖര്‍ജി കേന്ദ്ര ധനകാര്യമന്ത്രിയായിരിക്കേ അമേരിക്ക സന്ദര്‍ശനത്തില്‍ രാജ്യത്തെ സേവനമേഖലകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാത്തരം സബ്‌സിഡി കളും നിര്‍ത്തലാക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് എന്ന പ്രഖ്യാപനവും തുടര്‍ന്നുവന്ന എന്‍ ഡി എ സര്‍ക്കാരിന് ഇതില്‍നിന്നും വ്യത്യസ്ഥമായ ഒരു നിലപാടില്ല എന്നതുമാണ ്ഇതിനു പ്രേരകമെന്ന് അര്‍ത്ഥം. രാജ്യത്തെ പൊതു സ്വത്തുകള്‍ക്കു മേലുള്ള സാമ്രാജ്യത്വ മൂലധനശക്തികളുടെ കടന്നുകയറ്റവും അതെളുപ്പമാക്കുന്ന രാജ്യാധികാ രികളുടെ ഉദാര നയ സമീപനങ്ങളും മാത്രമാണ് ഈ നിലപാടുമാറ്റത്തിന്റെ കാതല്‍. അതായത് പൊതു ഖജനാവ് കാലിയാണ്. മൂലധന നിക്ഷേപം ഇല്ലാതെ രാജ്യത്തൊരു വികസനവും സാദ്ധ്യമല്ല. അതിനാല്‍ മൂലധന ശക്തികളുടെ സഹായം സ്വീകരി ക്കുകയല്ലാതെ വേറെ വഴിയില്ലെന്ന ശുദ്ധമായ കള്ളം തന്നെയാണ് ബി ഒ ടി യും.

കേരളത്തിലെ ദേശീയപാത വികസനത്തിനായി നേരത്തെയുള്ളതില്‍നിന്നും ബി ഒ ടി സംവിധാനത്തിലേക്ക് മാറുമ്പോള്‍ എന്താണു സംഭവിക്കുന്നത്. അതുതന്നെയാണ് പാലിയേക്കര അടക്കം ഉയര്‍ത്തുന്ന സമരവും ചരിത്രവും. ബി ഒ ടി അടിസ്ഥാനത്തില്‍ പാത നിര്‍മ്മിക്കാന്‍ ബി ഒ ടി ക്കാര്‍ പറയുന്നത് മുപ്പതുമീറ്റര്‍ വീതിയിലുള്ള ഭൂമി മതിയാകില്ല, നാല്‍പ്പത്തിയഞ്ച് മീറ്റര്‍ത്തന്നെ വേണമെന്നാണ്. അതിനായ് നേരത്തെ കുടിയിറക്കിയവരെ കൂടാതെ ഇരു ദേശീയ പാതകളിലുമായി ഏതാണ്ട് ഇരുപത്തിയഞ്ചു ലക്ഷത്തോളം ആളുകള്‍ വീണ്ടും കുടിയിറക്കപ്പെടുന്നു. പാതക്കിരുവശവുമുള്ള ചെറുകിട കച്ചവടക്കാരും അനുബന്ധജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ദശലക്ഷക്കണക്കിനാളുകള്‍ വേറെയും. ഇനിയൊരിക്കലും തിരിച്ചുവരാന്‍ സാധിക്കാതെ കണ്ട് തന്റെ ജീവിത പരിസരങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നു. എന്ത് പുനരധിവാസമാണ് സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കുന്നത്. മൂലംപള്ളിയിലെ കേവലം ഇരുപ്പത്തിനാല് കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വീടുപോലും വെച്ചുകൊടു ക്കാന്‍ ഇന്നേവരെ സാധിക്കാത്ത ഒരു കൂട്ടത്തിന്റെ ഉറപ്പില്‍ എങ്ങനെയാണ് കൂടൊഴിയാന്‍ സാധിക്കുക.

സര്‍ക്കാര്‍ ഇങ്ങനെയെല്ലാം ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയുടെ കാര്യമാണ് ഏറെ രസം നല്‍കുന്നത്. ഏറ്റെടുത്തു നല്‍കുന്ന ഭൂമിക്കുമേലുള്ള പൂര്‍ണ്ണ അവകാശം കമ്പനിക്ക്. ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടം സഹിക്കുന്നതോ ബാധിക്കപ്പെടുന്ന ജനതയും. പിന്നെ മൊത്തം ജനതക്കും അവകാശപ്പെട്ട പൊതുഖജനാവും ഭൂമിയും ഒരു സ്വകാര്യ മുതലാളിക്ക് മാത്രം സ്വന്തം. ഈ ഭൂമിയില്‍ റോഡിനു പുറമേ എന്തെന്തു മാതൃകയില്‍ ഏതേത് നിര്‍മ്മാണങ്ങള്‍ വേണമെന്ന് നിശ്ചയിക്കാനും അതു നടപ്പില്‍ വരുത്താനുമുള്ള പൂര്‍ണ്ണ അധികാരം കമ്പനിക്ക് ഉണ്ടായിരിക്കുന്നതാണ്. അഥവാ, പൊതുനിരത്തില്‍ മുലാളിയുടെ നേതൃത്വത്തില്‍ഒരു സമാന്തര ഭരണകൂടം.

ബി ഒ ടി അടിസ്ഥാനത്തില്‍ നാല്‍പ്പത്തിയഞ്ചു മീറ്റര്‍ പാത നിര്‍മ്മിക്കുന്നതിന് മൊത്തം നിര്‍മ്മാണചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി കമ്പനിക്കു നല്‍കും. നീണ്ട മുപ്പതുവര്‍ഷം ചുങ്കം പിരിക്കാനും വേണ്ടിവന്നാല്‍ ചുങ്കം കാലാവധി നീട്ടിക്കിട്ടാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്. ഈ മുപ്പതു കൊല്ലത്തിനിടക്ക് ചുങ്കം റോഡിനു സമാന്തരമായി മറ്റൊരു പാതയും സര്‍ക്കാര്‍ പണികഴിക്കാന്‍ പാടില്ല. കമ്പനിക്കാരന്‍ നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡുകള്‍, കനാലുകള്‍ തുടങ്ങിയവക്കും ഇവ്വിധം ചുങ്കം ഏര്‍പ്പെടുത്താനും ടോള്‍ തുക പുതുക്കാനും കമ്പനിക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്. ചുരുക്കത്തില്‍ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയും ആ ഭൂമിയില്‍ പണിയുന്ന റോഡും ആ റോഡിന് ഇരുവശവുമുള്ള വ്യാപാരങ്ങളും ജീവിതങ്ങളുമെല്ലാം മുതലാളിയുടെ സ്വന്തം. അഥവാ, ദേശീയപാത എന്നത് മാറി സ്വകാര്യ മുതലാളിയുടെ സ്വത്ത് എന്ന അര്‍ത്ഥത്തിലേക്ക് നമ്മുടെ പൊതു നിരത്തുകള്‍ മാറുന്നു. ഇതാണ് ബി ഒ ടി.

ഇനി റോഡ് നിര്‍മ്മാണാവശ്യത്തിനായി ചിലവഴിക്കുന്ന പണം ആരുടേതാണ്? കിലോമീറ്ററ് ഒന്നിന് 17.5 കോടി രൂപ ചെലവ് കണക്കാക്കുന്ന ബി ഒ ടി റോഡിന് ആദ്യഘട്ടമെന്ന നിലയില്‍ പ്രവര്‍ത്തി തുടങ്ങാന്‍ ആലോചിക്കുന്ന ചേര്‍ത്തലമുതല്‍ കഴക്കൂട്ടം വരെയുള്ള 172 കി മീ ദൂരം നാലുവരിയില്‍ പാത നിര്‍മ്മിക്കാന്‍ 3027കോടി രൂപ. എന്നാല്‍, പൊതുമരാമത്തു വകുപ്പിന്റെ കണക്കനുസരിച്ച് ഇതേ നാലുവരിപ്പാത ഇതേ ഇടത്ത് പണിയാന്‍ കിലോമീറ്ററിന് ഒന്നിന് 6കോടി രൂപ. ബി ഒ ടി ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുമ്പോള്‍ ആ തുക കിലോമീറ്ററ് ഒന്നിന് 7.2 കോടി. അപ്പോള്‍ ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിന്നും 6കോടി രൂപ ചിലവഴിച്ചാല്‍ തന്നെ ഒരുകോടി രണ്ടുലക്ഷം രൂപ കിലോമീറ്റര്‍ ഒന്നെന്ന കണക്കിന് കമ്പനിക്ക് വെറുതേ(ലാഭമെന്ന പേര്)ലഭിക്കുന്നു. അപ്പോള്‍ ഈ പറയുന്ന മുലാളിയുടെ പണം കൊണ്ടല്ല റോഡു നിര്‍മ്മാണം. ഇങ്ങനെ കേരളത്തിലെ ഇരു ദേശീയ പാതകളുടെയും നീളം ഒന്നളന്ന് ഈ തുക 
കൊണ്ട് പെരുക്കുമ്പോള്‍ അക്കം മാത്രമല്ല നമ്മുടെ തലയും പെരുക്കും. പൊതുമരാമത്തു വകുപ്പ് തന്നെ സര്‍ക്കാര്‍ ചെലവില്‍ പാതനിര്‍മ്മാണം ഏറ്റെടുത്തു നടപ്പിലാക്കിയാല്‍ ബി ഒ ടി യെക്കാള്‍ രണ്ടിരട്ടി കുറവില്‍ പണി തീര്‍ക്കുകയും ബാക്കി തുക പൊതു ഖജനാവിന് ലാഭിക്കുകയും ചെയ്യാമെന്നിരിക്കെ പിന്നെന്തിനീ പെരും കൊള്ളക്ക് അവസരമൊരുക്കുന്നു.

ഇതു കൂടാതെയാണ് ചുങ്കം പിരിക്കുന്നത്. ചു ങ്കം എത്രയെന്നു തീരുമാനിക്കുന്നതും റോഡിന്റെ മുതലാളിയായിരിക്കും. ഒരു കാറിന് ഈ പറയുന്ന മുതലാളിയുടെ റോഡിലേക്കു കടക്കാന്‍ തന്നെ 40 രൂപ മുതലാളിക്കു നല്‍കണം. കിലോമീറ്റര്‍ ഒന്നിന് മൂന്നു രൂപ കണക്കിനു വേറെയും മുപ്പതുകൊല്ലം ഓരോ കാറുകാരനില്‍ നിന്നും മുതലാളിക്കിവ്വിധം പണം പിരിക്കാം. വേണ്ടിവന്നാല്‍ അതില്‍ കൂടുതല്‍ കാലവും ഈ തുക ഇഷ്ടാനുസരണം കൂട്ടുകയുമാവാം. അത് മുതലാളിയുടെ അവകാശങ്ങ ളില്‍പ്പെട്ടതാണ്. ഹെവി വാഹനങ്ങള്‍ കിലോമീറ്ററ് ഒന്നിന് 4.50 ഉം ഭാരം കയറ്റിയ വണ്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള ഭാരത്തെക്കാള്‍ പത്തുശതമാനം കൂടുതല്‍ കയറ്റിയാല്‍ 6.45രൂപയും അത് ഇരുപതു ശതമാനമെങ്കില്‍ ഇരട്ടിയും നല്‍കണം. വാഹനങ്ങളിലെ ചരക്ക് കമ്പോളത്തിലും പിന്നീടു വാങ്ങുന്നവന്റെ കയ്യിലെത്തുമ്പോള്‍ വ്യാപാരി അതിനനുസരിച്ച് വില ഈടാക്കി അവന്റെ നഷ്ടം നികത്തും. അപ്പോഴും വിലവര്‍ദ്ധനവിന്റെ കെടുതി അനുഭവിക്കേണ്ടിവരുന്നതും ജനങ്ങള്‍ തന്നെ. ജനങ്ങളുടെ ചെലവില്‍ നിര്‍മ്മിച്ച റോഡുവഴിയുള്ള വികസനവും പുരോഗതിയും ഇവ്വിധം ജനങ്ങളെ സന്തോഷത്തിലാക്കും.

നാലുവരിപ്പാതയിലൂടെ വേഗത്തില്‍ വണ്ടിയോടിച്ചു കിട്ടുന്ന ഇന്ധനലാഭത്തില്‍ നിന്ന് ടോള്‍ കൊടുത്തുകൂടെ എന്നൊരു ചോദ്യവും നിലനില്‍ക്കുമ്പോള്‍ ഒരു വാഹനത്തിനു ഇന്ധനക്ഷമത ഉണ്ടാവുന്നത് അത് ശരാശരി വേഗത്തിലോടുമ്പോള്‍ ആണെന്നും അമിതവേഗം ഇന്ധനക്ഷമത കുറക്കും എന്ന വാദഗതിയും അതോടൊപ്പം നിലനില്‍ക്കുന്നു.

പണമില്ലെന്ന പ്രശ്‌നം

ഒരു വാഹനം മേടിക്കുമ്പോഴും വര്‍ഷാവര്‍ഷം വാഹന ഉടമ ഒടുക്കുന്ന റോഡ് നികുതിയും ആവാഹനം ഓടിക്കാന്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് ലിറ്റര്‍ ഒന്നിന് മൂന്നു രൂപ എന്ന കണക്കില്‍ റോഡ് ടാക്‌സായും ഈടാക്കുന്ന നാട്ടില്‍ (ഇന്ധനം മറ്റെന്ത് ആവശ്യത്തിനുപയോഗിച്ചാലും ശരി) ഈ പണംതന്നെ യഥാവിധി ഉപയോഗിക്കപ്പെ ട്ടാല്‍ത്തന്നെ ഒരു പരിധിവരെയുള്ള പ്രശ്‌നങ്ങള്‍ പരിഹൃതമാകുമെന്നാണ് കണക്കാക്കുന്നത്.

ബി ഒ ടി യുടെ കാര്യത്തില്‍ പണമില്ലെന്ന വാദം പൊള്ളയാണ്. കണക്കുകള്‍ അനുസരിച്ച് റോഡുപണിക്ക് ആവശ്യമായ ചെലവും 25ശതമാനം ലാഭവും ഗവണ്മന്റ് ബി ഒ ടി ക്കാരനു നല്‍കുന്നുണ്ട്. അതിനു മുകളിലാണ് റോഡ് മുതലാളി ടോള്‍ പിരിവുകളിലൂടെ ഉണ്ടാക്കുന്ന ലാഭം. നമുക്കില്ലാത്തതും പണമാണ് എന്ന നിലപാടാണ് തകരാറ്. ഭരണകൂടം ജനതയെ കള്ളംപറഞ്ഞു പറ്റിക്കുന്നുവെന്നാണ് സത്യം. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ വേണ്ടിമാത്രം സര്‍ക്കാരില്‍ പണമില്ലെന്നുവേണം മനസിലാക്കാന്‍.

കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ കിഴിവു നല്‍കാനും അവരുടെ എഴുതി തള്ളാനും നമ്മുടെ സര്‍ക്കാരില്‍ പണമുണ്ട്. 650000 കോടി രൂപയാണ് കഴിഞ്ഞ ബജറ്റുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റുകള്‍ക്ക് ചെയ്ത കിഴിവുകള്‍. (ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളില്‍നിന്നും വന്‍കിട മുതലാളിമാര്‍ എടുത്തിട്ടുള്ള കിട്ടാക്കടം ഇതിലും മുകളിലുള്ള സംഖ്യയാണ്.) സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുവദിച്ചിട്ടുള്ള തുക 30000 കോടി. ആദായനികുതി ഇനത്തില്‍ മാത്രം രാജ്യത്തിനു പിരിഞ്ഞുകിട്ടാനുള്ള കുടിശിഖ നാലരലക്ഷം കോടി. ഇതില്‍ റിലയന്‍സിന്റെ 3000 കോടിയടക്കം 85കോടി രൂപ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന അതേ സര്‍ക്കാര്‍ പറയുന്നു വികസനത്തിനു പണമില്ലെന്ന്. അതുകൊണ്ട് മുതലാളി ശരണം. ഇതിനുമൊക്കെ പുറമേ, 120 ലക്ഷം കോടി രൂപ വരെ ഇക്കാലത്തോളം രാജ്യത്തെ സേവിച്ച രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സിസ്ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുന്‍പൊരു പ്രതിപക്ഷ നേതാവ്.

ഇതെല്ലാം നടക്കുന്നത് ഏതു ജനതക്കു മുമ്പിലാണ് എന്നതാണ് ഇതിലെ വിരോധാഭാസം. രാജ്യത്തെ മുപ്പതുശതമാനം വരുന്ന ജനതക്ക് വര്‍ഷത്തില്‍ നൂറു തൊഴില്‍ ദിനങ്ങള്‍ പോലും ഉറപ്പാക്കാന്‍ കാലമിന്നോളമായിട്ടും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. അതില്‍ത്തന്നെ വലിയൊരു ശതമാനം ആളുകള്‍ക്കും ഇരുപതിനും മുപ്പതിനും രൂപക്കിടക്കാണ് ദിവസ വേതനം. അവരുടെ മക്കള്‍ക്ക് പഠിക്കാനുള്ള ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍പോലും പണമില്ല എന്ന കാരണം പറഞ്ഞ് അടച്ചു പൂട്ടിയിരിക്കുന്നു. അവരുടെ മക്കള്‍ പഠിക്കേണ്ടപോലും. രാജ്യത്തെ ലക്ഷക്കണക്കിനു ഗ്രാമങ്ങളും അവിടുത്തെ ജനതയും കുടിവെള്ളം ലഭിക്കാതെ തൊണ്ട വരണ്ടാണ് കഴിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു അഞ്ചാണ്ടു കഴിയുമ്പോഴും നമ്മുടെ വികസന ഭൂപടത്തില്‍ നിന്നും ജനസംഖ്യയുടെ ഏതാണ്ട് തൊണ്ണൂറു ശതമാനവും പുറത്ത്.

ഇങ്ങനെ ഒരു വികസനം നമുക്കാവശ്യമുണ്ടോ?
ഇത്രയും കാലം പൊതു സ്വത്തെന്ന ഗണത്തില്‍ രാജ്യ നിവാസികള്‍ക്ക് മൊത്തം അവകാശപ്പെട്ടതും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതുമായിരുന്ന ഇടങ്ങളാണ് ഇനി സ്വകാര്യ സ്വത്തായി മാറാന്‍ പോകുന്നത്. ഇങ്ങനെ ഒരു ഒളിച്ചുകടത്ത് കൂടി ബി ഒ ടി ക്കുള്ളിലുണ്ട്. പൊതു സ്വത്തുക്കളെ വ്യവസായവല്‍ക്കരിക്കുകയും വ്യവസായികാ വശ്യാര്‍ത്ഥം ഏതാനും ചില വ്യക്തികളിലേക്ക് പൊതുനിരത്തുകളടക്കമുള്ള നമ്മുടെ സ്വത്തുക്കള്‍ (വിഭവങ്ങള്‍) കേന്ദ്രീകരിക്കുകയും ചെയ്യുന്ന തികഞ്ഞ മുതലാളിത്ത താല്‍പര്യത്തെ മാത്രമാണ് ഭരണകൂടം സംരക്ഷിച്ചു പിടിക്കുന്നത്. ഇത് ബി ഒ ടി യുടെ കാര്യത്തില്‍ മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയവയിലെല്ലാം ഇത് ഏറിയും കുറഞ്ഞും രാജ്യത്തനുഭവപ്പെടുന്ന വലിയ സത്യങ്ങളാണ്. ഇവ്വിധം രാജ്യം സ്വയം അതിന്റെ ജനതയെ, അവിടുത്തെ പൊതു വിഭവങ്ങളെ അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതിനുള്ള ഉദാഹരണങ്ങള്‍ അനവധിയാണ്.

നാം ചിന്തിക്കണം. ഇങ്ങനെ ഒരു വികസനം നമുക്കതാവശ്യമുണ്ടോ? അല്ലെങ്കില്‍ ആരാണ് ഇതിനെ വികസനം എന്നു വിളിക്കുന്നത്. മുടക്കു മുതലും അതിന്റെ ആറിരട്ടി ലാഭവുമെന്ന മൂലധന ശക്തികളുടെ കച്ചവട നയത്തിന്റെ ഭാഗമായി ഒരു രാജ്യം അതിന്റെ ജനതക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ക്ക് മേലേ വിശേഷിച്ചും സേവനമേഖലയിലെ പൊതു സ്വത്തുക്കള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വ ങ്ങളില്‍നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങുന്നതും എന്നിട്ടവയത്രയും മൂലധന ശക്തികള്‍ക്ക് യഥേഷ്ടം കച്ചവടം ചെയ്യാന്‍ പാകത്തില്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നതിന്റെ പേരാണ് വികസനമെങ്കില്‍ ആ വികസനം ഞങ്ങള്‍ക്കു വേണ്ടെന്നും അതിനു കൂട്ടു നില്‍ക്കാന്‍ ഞങ്ങളൊരുക്കമല്ലെന്നും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതുമാണ് ബി ഒ ടി വിരുദ്ധ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയം. പാലിയേക്കര അടക്കമുള്ള സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നതിങ്ങനെയാണ്.

അതുകൊണ്ടുതന്നെ ബി ഒ ടി വിരുദ്ധ സമരമെന്നത് ജനങ്ങളുടെ സമരമാണ്. നമ്മുടെ സേവനമേഖലകളെ അതേപടി തിരിച്ചു പിടിക്കാനുള്ള, ഇനിയും പൊതുസ്വത്ത് കൊള്ളയടിക്കാതിരിക്കാനുള്ള, പൊതു നിരത്ത് അന്യാധീനപ്പെടാതിരിക്കാനുള്ള , പൗരന്റെ പൊതു ജീവിത പരിസരത്തു സ്വതന്ത്രനായി ജീവിക്കാനുള്ള അവകാശ ത്തിനായുള്ള സമരമാണ് . ഇനിയും ഒരു നാളിലും ഭീതിയേതുമില്ലാതെ തലഉയര്‍ത്തി നില്‍ക്കാനുള്ള/ ജീവിക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്യത്തിനുവേണ്ടിയുള്ള സമരം അതുകൊണ്ടുതന്നെ വിജയിക്കേണ്ടതുണ്ട്. കാരണം ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇടതുവലതു ഭേദമെന്യേയുള്ള എല്ലാ ഭരണ വര്‍ഗ്ഗവും അവരാല്‍ നയിക്കപ്പെടുന്ന ഭരണകൂടവും ഇങ്ങുകേരളത്തിലും അങ്ങ് കേന്ദ്രത്തിലും അതിന്റെ മൊത്തം സംവിധാനവും ഉപയോഗിച്ച് ഈ കള്ളത്തരത്തിന് കൂട്ടു നില്‍ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ കാര്യങ്ങളെ പഠിച്ചും ജനതയെ ബോധവല്‍ക്കരിച്ചും മൊത്തം ജനതയുടെയും പിന്തുണ ഉറപ്പാക്കിയും സമരമുഖത്ത് ഉറച്ചു നില്‍ക്കേണ്ടതുണ്ട്. പൂര്‍വ്വകാലത്തെ സവര്‍ണ്ണ മേല്‍ക്കോയ്മയിലും പിന്നീടു നീണ്ടവര്‍ഷങ്ങളുടെ കോളനി ഭരണത്തിലും ഈനാട്ടിലെ വിഭവങ്ങളത്രയും കൊള്ളയടിക്കപ്പെടുകയും ജനത കാലങ്ങളോളം അടിമകളെപ്പോലെ കഴിഞ്ഞുകൂടുകയുമായിരുന്നു. ഇവിടെയിപ്പോള്‍ ജനായത്ത ഭരണത്തിലും അതേ അടിമ- ഉടമ സമ്പ്രദായത്തെ സഹിക്കേണ്ടിവരുന്നത് വലിയ ദുരന്തമാണ്. ഈ ദുരന്തമുഖത്തുനിന്നു നടത്തുന്ന പോരാട്ടത്തിന് ഇനിയും അടിമകളായി തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന ഉറച്ച പ്രഖ്യാപനം ഉയര്‍ത്തുന്ന ബി ഒ ടി വിരുദ്ധ സമരത്തിന് നമ്മുടെ ഓരോരുത്തരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാകേണ്ടതുണ്ട്.

പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനുശേഷം ബി ഒ ടി അടിസ്ഥാനത്തില്‍ റോഡുവികസനം 45 മീറ്റര്‍ വീതിയില്‍ നടപ്പിലാക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരും പിന്തുടരുന്ന വികസന നയങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നും ഞങ്ങള്‍ക്കും പ്രഖ്യാപിക്കാനില്ലെന്നതിന്റെ തെളിവുകൂടിയാണിത്. ഈ തീരുമാനം വന്നതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സമരങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്ത് സംസ്ഥാന തലത്തില്‍ തന്നെ സമരം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ സമരം വികസിപ്പിക്കുന്നതിന് എല്ലാജനാധിപത്യ വിശ്വാസികളുടെയും ഐക്യപ്പെടല്‍ അത്യാവശ്യമാണ്. അത്തരം ഒരു സമര ഐക്യത്തിനു എല്ലാ രീതിയിലുമുള്ള ഐക്യദാര്‍ഢ്യം നേരുന്നു.