"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

സ്വാമി സഹജാനന്ദ: ആത്മീയമാര്‍ഗത്തിലെ ദലിത് വിമോചനപ്പോരാളി




തമിഴ്‌നാട്ടിലെ അരണിക്കടുത്ത് പുതുപക്കത്തുള്ള മുനുസ്വാമിയുടെ മകനായി 1890 ലാണ് സഹജാനന്ദ ജനിച്ചത്. തിണ്ടിവനത്തുള്ള ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ പഠിക്കാനെത്തിയിരുന്ന വിദ്യാര്‍ത്ഥികളെ ക്രിസതുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്ന് മനസിലാക്കിയ സഹജാനന്ദ സ്‌കൂള്‍ വിട്ട് ഒളിച്ചോടി. സ്‌കൂളില്‍ നിന്ന് ഭക്ഷണച്ചെലവിനത്തില്‍ പറ്റിയിരുന്ന തുക മടക്കി കൊടുക്കേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും ഇതേത്തുടര്‍ന്ന് പിന്നീടുണ്ടായില്ല. 




കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യം തേടി സഹജാനന്ദയുടെ കുടുംബം കോലാറിലേക്ക് താമസം മാറ്റി. അവിടെവെച്ച് ഒട്ടേറെ ആത്മീയ ഗുരുക്കന്മാരുമായി അടുത്തിടപഴകാനിടയായി. വ്യാസാര്‍പദിയിലെ കരപ്പാടി സ്വാമിയുടെ ഉപദേശമനു സരിച്ച് ചിദംബരത്തുള്ള ദലിതരുടെ വിമോചന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകാന്‍ സ്വാമി സന്നദ്ധനായി. കരപ്പാടി സ്വാമിയാണ് സഹജാനന്ദക്ക് ആ പേര് നല്കിയത്.

1916 ല്‍ ചിദംബരത്ത്, ദലിത് ആത്മീയഗുരുവും 64 ശൈവഗുരുക്കന്മാരില്‍ പ്രധാനിയുമായ നന്ദനാരുടെ പേരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് സഹജാനന്ദ ദലിത് വിമോചനപ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിച്ചു. ആദ്യഘട്ടത്തില്‍ ഇവിടെ 24 കുട്ടികള്‍ വിദ്യതേടിയെത്തി. ദലിത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്വാമി മുന്‍കയ്യെടുത്തു പ്രവര്‍ത്തിച്ചു. 1926 ലും, തുടര്‍ന്ന് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന വി ഒ ചിദംബരംപിള്ളൈയുടെ കുടുംബസഹായഫണ്ട് സമാഹരിക്കുന്നതിനായി വന്ന 1934 ലും മഹാത്മാ ഗാന്ധി ഇവിടം സന്ദര്‍ശിക്കുകയുണ്ടായി.

ശൈവസിദ്ധാന്തം പ്രചരിപ്പിക്കുന്നതിനായി സ്വാമി സിങ്കപ്പൂര്‍, മലേഷ്യ എന്നിവിട ങ്ങളില്‍ സഞ്ചരിച്ചു. ദലിതുകളോട് മാംസാഹാരം വര്‍ജിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കി. ഹിന്ദി ഭാഷയോട് തമിഴ്‌നാട്ടിലുള്ളവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്ന കാലത്ത് സ്വാമി ദലിതുകളോട് ആ ഭാഷ പഠിക്കുവാനാണ് ഉപദേശിച്ചത്. സ്വാതന്ത്യത്തെ ത്വരിതപ്പെടുത്തുന്നതിന് ദലിതുകള്‍ മറ്റുഭാഷകളിലുള്ള പരിജ്ഞാനം ആര്‍ജിക്കേ ണ്ടതുണ്ടെന്ന പക്ഷക്കാരനായിരുന്നു സ്വാമി. ദലിത് വിദ്യാര്‍ത്ഥികളെ സംസ്‌കൃതവും സ്വാമി പഠിപ്പിച്ചു.

രാഷ്ട്രീയ രംഗത്തും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായിരുന്നു സഹജാനന്ദ. 1926 മുതല്‍ 32 വരേയും 1936 മുതല്‍ 47 വരേയും തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. സ്വാതന്ത്ര്യാനന്തരം 1952വലും 57 ലും തമിഴ്‌നാട് അംസംബ്ലിയി ലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ചിദംബരം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1959 ല്‍ അന്തരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടര്‍ന്നു.