"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 17, ശനിയാഴ്‌ച

സന്ത് റാം : ജഠ്-പഠ് തോഡക് മണ്ഡല്‍ സ്ഥാപകനായ ദലിത് വിമോചനപ്പോരാളി
1887 ഫെബ്രുവരി 14 ന് പഞ്ചാബിലെ ഹോസിയാപൂര്‍ ജില്ലയിലെ പുരാണി ബസ്സിയിലാണ് സന്ത് റാം ജനിച്ചത്. രാംദാസ് ഗോഹലും മാലിനീ ദേവിയുമായിരുന്നു അച്ഛനമ്മമാര്‍. മേഘവംശി (Megh) എന്നറിയപ്പെടുന്ന ദലിത് സമുദായത്തില്‍ പെട്ടതാണ് ഇവരുടെ കുടുംബം. ബി എ ഡിഗ്രി സമ്പാദിച്ചതിനുശേഷം സന്ത് റാം ദലിത് വിമോചന പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.
ദലിത് വിമോചനം ജാതി ഉന്മൂലനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ സന്ത് റാം സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യ സമാജത്തില്‍ ചേര്‍ന്നു. എന്നാല്‍ തന്റെ ലക്ഷ്യത്തിന് അനുയോജ്യമായ മാര്‍ഗമല്ല ആര്യ സമാജം പിന്തുടരുന്നതെന്ന് വൈകാതെ മനസിലാക്കിയ സന്ത് റാം അതില്‍ നിന്നും അകന്നു. അതേ തുടര്‍ന്ന് 1922 ല്‍ സന്ത് റാമിന്റെ നേതൃത്വത്തില്‍ ജഠ്-പഠ് തോഡക് മണ്ഡല്‍ (ജാതി ഉന്മൂലന പ്രസ്ഥാനം) രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മേല്‍ജാതി - കീഴ്ജാതി അന്തരങ്ങള്‍ പോലെ തന്നെ കീഴിജാതികളുടെ ഇടയില്‍ നിലനിന്നിരുന്ന ഉപജാതി വൈരുധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി കീഴ്ജാതികള്‍ തമ്മിലുള്ള മിശ്രവിവാഹങ്ങള്‍ സംഘടിപ്പിക്കു ന്നതിനു വേണ്ടിയായിരുന്നു മണ്ഡല്‍ ആദ്യം മുന്‍കയ്യെടുത്തത്. ആദ്യ ഘട്ടത്തില്‍ ആര്യ സമാജത്തിന് മണ്ഡലിന്റെ പ്രവര്‍ത്തനങ്ങളോട് യോജിപ്പുണ്ടായിരുന്നു. അത് പിന്നീട് കടുത്ത എതിര്‍പ്പായി മാറിയപ്പോള്‍ ജഠ്-പഠ് തോഡക് മണ്ഡല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തു.

1936 ല്‍ ജഠ്-പഠ് തോഡക് മണ്ഡല്‍ ലാഹോറില്‍ സംഘടിപ്പിക്കാനിരുന്ന വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ എന്ന നിലയില്‍ ജാതിഉന്മൂലനത്തെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറെ ക്ഷണിച്ചു. ഡോ. അംബേഡ്കര്‍ മുന്‍കൂറായി പ്രബന്ധം തയ്യാറാക്കി മണ്ഡലിന് അയച്ചു കൊടുത്തു. അതുവായിച്ച ജഠ്-പഠ് തോഡക് മണ്ഡലിന്റെ ഏതാനും വക്താക്കള്‍ പ്രബന്ധത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ഒരു ആവശ്യം ഡോ. അംബേഡ്കറെ അറിയിച്ചു. എന്നാല്‍ ഡോ. അംബേഡ്കര്‍ അതിന് തയാറായില്ല. അതിനാല്‍ പ്രസ്തുത സമ്മേളനം തന്നെ റദ്ദുചെയ്യേണ്ടി വന്നു. ഇതേ പ്രബന്ധം പഞ്ചാബില്‍ വെച്ചു നടന്ന സിഖുകാരുടെ കോണ്‍ഫെറന്‍സിലും അവതരിപ്പിക്കാന്‍ ഡോ. അംബേഡ്കര്‍ക്ക് ക്ഷണം ലഭിച്ചുവെങ്കിലും, എതിര്‍പ്പുകളെ തുടര്‍ന്ന് അവതരണത്തില്‍ നിന്ന് പിന്‍വാങ്ങേണ്ട തായി വന്നു.

പിന്നീട് 1936 ല്‍ ഡോ. അംബേഡ്കര്‍ ആ പ്രബന്ധം 'ജാതി ഉന്മൂലനം' എന്ന പേരില്‍ സ്വന്തം നിലക്ക് പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ 1500 കോപ്പികള്‍ ഉടന്‍തന്നെ വിറ്റുതീര്‍ന്നു. തമിഴ്, ഗുജറാത്തി, മറാത്തി, ഹിന്ദി, പഞ്ചാബി, മലയാളം എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റിയ ഈ കൃതിയുടെ പതിപ്പുകള്‍ അതിവേഗം പ്രചരിച്ചു. രണ്ടാം പതിപ്പ് ഇറങ്ങിയത്, ഗാന്ധി തന്റെ 'ഹരിജന്‍' വാരികയില്‍ ഈ കൃതിയെക്കുറിച്ചെഴുതിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ഉള്‍പ്പെടുത്തിക്കൊ ണ്ടായിരുന്നു.

സന്ത് റാം ഈ കൃതി ഹിന്ദിയിലേക്ക് മൊഴിമാറ്റി. ഉറുദുവിലേക്ക് മൊഴിമാറ്റിയ പ്രസ്തുത പ്രബന്ധം 'ക്രാന്തി' എന്ന മാസികയിലും പ്രസിദ്ധീകരിച്ചു. ഉറുദുവിലുള്ള ക്രാന്തി മാസികയുടേയും ഹിന്ദിയിലുള്ള 'യുഗാന്തറി'ന്റേയും എഡിറ്ററും സന്ത് റാമായിരുന്നു. രണ്ടും ജഠ്-പഠ് തോഡക് മണ്ഡലിന്റെ മുഖപത്രങ്ങളായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ് സന്ത് റാം. അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള കൃതിയാണ് 'ഹമാരാ സമാജ്; മേരേ ജീവന്‍ അനുഭവ്.'

ഹിന്ദി ഭാഷക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വാര്‍ധയിലെ രാഷ്ട്ര ഭാഷ്യ പ്രചാര്‍ സമിതി 'മഹാത്മാ ഗാന്ധി സമ്മാനം' നല്‍കി സന്ത് റാമിനെ ആദരിച്ചു.

1938 ല്‍ ജലന്ഥറിലെ മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളുടെ ഒരു വന്‍ പണിമുടക്ക് സന്ത് റാമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. 1945 മുതല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1946 ല്‍ പഞ്ചാബ് ലെസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1962 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

സന്ത് റാമിന്റെ ആദ്യ ജീവിതപങ്കാളി 1929 ല്‍ അന്തരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര യില്‍ നിന്നുള്ള സുന്ദര്‍ബായ് എന്ന വിധവയെ വിവാഹം ചെയ്തു. സന്ത് റാമിന് ഒരു മകള്‍ മാത്രമേയുള്ളു.

1988 ജൂണ്‍ 5 ന് തന്റെ 101 ആമത്തെ വയസില്‍ ന്യൂഡെല്‍ഹിയില്‍ വെച്ച് സന്ത് റാം അന്തരിച്ചു.