"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 17, ശനിയാഴ്‌ച

സാമ്രാജ്യത്വ കോര്‍പ്പറേറ്റ് സേവക്കായി ഇടതു മുഖംമൂടി അഴിച്ചുമാറ്റുന്ന പിണറായി ഭരണം
🚐സ്വന്തം പ്രതിച്ഛായയില്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയെന്നത് മൂലധനത്തിന്റെ അടിസ്ഥാന സ്വഭാവമാണെന്ന് മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നിരന്തരമായ പ്രത്യയശാസ്ത്ര - രാഷ്ട്രീയ സമരങ്ങളിലൂടെ ഫിനാന്‍സ് - കോര്‍പ്പറേറ്റ് മൂലധന വ്യവസ്ഥക്കെതിരെ രാഷ്ട്രീയ ബദല്‍ മുന്നോട്ടുവെച്ചുകൊണ്ട് അതിനെ മറികടക്കാന്‍ ശ്രമിക്കാത്ത പ്രസ്ഥാനങ്ങളെയും സംഘടനകളെയും മൂലധനവ്യവസ്ഥ യുമായി ഉദ്ഗ്രഥിച്ച് സ്വന്തം മുഖച്ഛായയില്‍ മാറ്റിത്തീര്‍ക്കുകയെന്നതാണ് മൂലധന 

ത്തിന്റെ ചലനനിയമം. സോവിയറ്റ് യൂണിയനും ചൈനയും മുന്‍സോഷ്യലിസ്റ്റ് രാജ്യങ്ങളും വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമെല്ലാമടക്കം സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒന്നര നൂറ്റാണ്ടിലേറെക്കാലത്തെ അനുഭവങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയെ സംബന്ധിച്ചു പറയുകയാണെങ്കില്‍ കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാതെ, കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ ചരിത്രം മാത്രം പരിശോധിച്ചാല്‍, വിശേഷിച്ചും ബംഗാളിലെയും കേരളത്തിലെയും സിപിഐ(എം) ന്റെ ഭരണതലത്തിലെ നയസമീപനങ്ങളും ഒന്നാം യുപിഎ ഭരണത്തെ താങ്ങി നിര്‍ത്തിയതും വിശകലനം ചെയ്താല്‍, നവഉദാരനയങ്ങളുടെ വിശ്വസ്തരായ നടത്തിപ്പുകാരാകാന്‍ ഇതര ഭരണവര്‍ഗ്ഗപാര്‍ട്ടികളുമായി സിപിഐ(എം) മത്സരിക്കു കയായിരുന്നുവെന്ന് കാണാം. ഇന്നാകട്ടെ, കഴിഞ്ഞ രണ്ടു മാസത്തെ കേരളത്തിലെ പിണറായി ഭരണം ഇക്കാര്യത്തില്‍ ആര്‍ജ്ജിച്ചിട്ടുള്ള ഗതിവേഗം സമാനതകളില്ലാ ത്തതാണെന്നു തിരിച്ചറിയാവുന്നതാണ്. തന്നിമിത്തം നവഉദാര വ്യവസ്ഥ മുന്നോട്ടു വെക്കുന്ന വികസന പരിപ്രേക്ഷ്യം അഥവാ കോര്‍പ്പറേറ്റ് വല്‍ക്കരണം കേരളത്തില്‍ നടപ്പാക്കുന്നതില്‍ ഇന്ത്യയിലെ മറ്റേതൊരു മുഖ്യമന്ത്രിയെക്കാളും മെച്ചപ്പെട്ട രീതിയില്‍ നരേന്ദ്രമോദിയെ അനുകരിക്കുന്നതില്‍ പിണറായി വിജയന്‍ മുന്‍നിരയി ലേക്കു വന്നിരിക്കുകയാണ്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിനും ഇന്ത്യയിലെ മോദി സര്‍ക്കാരിനും ഒരേ സമയം സാമ്പത്തിക ഉപദേശം നല്‍കുകയും സാമ്രാജ്യത്വത്തിന്റെ നയരൂപീകരണ വേദിയായലോകസാമ്പത്തിക ഫോറത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരിക്കുകയും ചെയ്യുന്ന ഹാര്‍വാഡിലെ അക്കാദമിക് സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥിനെ തന്റെ സാമ്പത്തിക ഉപദേഷ്ടാവായി കിട്ടിയത് പിണറായി വിജയന്‍ ''ഭാഗ്യ''മായി കൊണ്ടാടുന്നത് ഇതുമായി ബന്ധപ്പെട്ടുതന്നെ കാണേണ്ടതുണ്ട്. ഇതുവഴി, ആമുഖമായി സൂചിപ്പിച്ചതുപോലെ, മൂലധനത്തിന്റെ ചലനക്രമങ്ങള്‍ ആവശ്യപ്പെടുന്നതുപ്രകാരം തന്റെ ഇടതുമുഖംമൂടി വലിച്ചു നീക്കി നവഉദാര വ്യവസ്ഥയുമായുള്ള തുറന്ന ഉദ്ഗ്രഥത്തിന് അദ്ദേഹം തയ്യാറായിരിക്കുന്നു.

തീര്‍ച്ചയായും സിപിഐ(എം) ഇപ്പോഴും ഒരു ഇടതു പാര്‍ട്ടിയാണെന്ന് ആത്മസംതൃപ്തി കണ്ടെത്തുന്ന ആ പാര്‍ട്ടിയിലെ ചിലരെങ്കിലും ഇക്കാര്യത്തില്‍ വലിയ ഉല്‍ക്കണ്ഠാ കുലരാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു നിരീക്ഷണം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ജൂലൈ 26 ന് തെലുങ്കാനയിലെ ഹൈദരാബാദില്‍ ഭൂമി ഏറ്റെടുക്കലിനെതിരായ കര്‍ഷക ധര്‍ണയെ അഭിസംബോ ധന ചെയ്തുകൊണ്ടു നടത്തുകയുണ്ടായി. ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും പ്രധാന സേവകനായ മോദി മുഖ്യമന്ത്രിമാരെ ''ജൂണിയര്‍ പങ്കാളികള്‍'' ആക്കി ഈ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമം നടത്തുന്നു എന്നാണവര്‍ പ്രസംഗിച്ചത്. ഇപ്രകാരം മുഖ്യമന്ത്രിമാര്‍ മോദിയുടെ ''ജൂണിയര്‍ പങ്കാളികള്‍'' ആണെന്ന ഗൗരവമായ അര്‍ത്ഥതലങ്ങളുള്ള ഒരു പുതിയ പ്രയോഗം നടത്താന്‍ വൃന്ദയെ പ്രേരിപ്പിച്ചത് ഗീതയെ പിണറായി സാമ്പത്തികോ പദേഷ്ടാവാക്കിയത് പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാ ണെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു വേള പല മുഖ്യമന്ത്രിമാരെയും ഉദ്ദേശിച്ചാണ് അവര്‍ ഇതു പറഞ്ഞെതെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ കേരളമുഖ്യമന്ത്രി പിണറായിയും ഈ വ്യാഖ്യാനത്തില്‍ പെടുമെന്ന് കാര്യഗൗരവമുള്ളവര്‍ക്കറിയാം. വിശേഷിച്ചും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ഒരേ സാമ്പത്തിക വിദഗ്ധ തന്നെ ഉപദേശിക്കുമ്പോള്‍ അതിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ''ജൂണിയര്‍ പാര്‍ട്‌നര്‍'' എന്ന പ്രയോഗത്തിനു വഴങ്ങുന്നതാണെന്നു വ്യക്തം.

ഉദാഹരണത്തിന്, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് പിണറായി മോദിയുടെ ജൂണിയര്‍ പാര്‍ട്‌നറാകുന്നതെങ്ങനെയെന്നു നോക്കുക. പദ്ധതികളുടെ പേരില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴുപ്പിക്കലിനു വിധേയരാകുന്നവരില്‍ ഭൂരിപക്ഷത്തിന്റെ അംഗീകാരം ആവശ്യമാക്കുന്നതും ശാസ്ത്രീയമായ പുനരധിവാസം അനിവാര്യമാക്കു ന്നതുമായ 2013 ലെ നിയമം അട്ടിമറിച്ച് റോഡുവികസനമടക്കമുള്ള പിപിപി പദ്ധതികള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ലാതാക്കാനാണ് പുതിയൊരു ഭൂമിയേറ്റെടുക്കല്‍ നിയമത്തിന് മോദി ശ്രമിച്ചത്, എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തിനാല്‍ ഈ നിയമം പാസ്സാക്കുതില്‍ മോദി പരാജയപ്പെട്ടു. എന്നാല്‍ ''ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിന് പരാജയം നേരിട്ടതോടെ മുഖ്യമന്ത്രിമാരെ ജൂണിയര്‍ പങ്കാളികളാക്കി റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ പ്രധാന സേവകനായ മോദി ഈ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമം നടത്തുന്നു'' വെന്നാണ് ഹൈദരാബാദില്‍ വൃന്ദ പ്രസംഗിച്ചത്.വൃന്ദ പറഞ്ഞതുതന്നെയാണ് കേരളത്തില്‍ പിണറായി പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. അതായത്, ജനങ്ങള്‍ എതിര്‍ത്താലും അതു വകവെക്കാതെ പിപിപി മോഡല്‍ (കോര്‍പ്പറേറ്റ് സമ്പത്തു സമാഹരണത്തിനുള്ള നവഉദാര പദ്ധതി) ദേശീയപാത വികസനത്തിനും അദാനിയുടെ വിഴിഞ്ഞം പദ്ധതിക്കും മറ്റും ഭൂമി ഏറ്റെടുക്കുമെന്നുതന്നെയാണ് പിണറായിയുടെ വെല്ലുവിളി. എന്നുവെച്ചാല്‍, പാര്‍ലമെന്റില്‍ സിപിഐ(എം) ഉം കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും സംയുക്തമായി പരാജയപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കേരളത്തില്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കി മോദിവല്‍ക്ക രണം നടപ്പാക്കാനാണ് പിണറായി ഭരണം തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ പലയാവര്‍ത്തി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.

സാമ്രാജ്യത്വ - കോര്‍പ്പറേറ്റ് മൂലധനത്തിന് ദല്ലാള്‍ പണിചെയ്യുന്ന കേന്ദ്ര - സംസ്ഥാന ഭരണത്തില്‍ മുഖ്യമന്ത്രിമാരെ 'ജൂണിയര്‍ പങ്കാളികള്‍' ആക്കുന്ന പണി ഏറ്റവും വിദഗ്ധമായി അരങ്ങേറിയത് ഇക്കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ സമ്മേളനം തന്നെയാണ്. അവിടെ അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന് മോദിയെ ഉപദേശിച്ചുകൊണ്ടിരിക്കുന്ന അരവിന്ദ് സുബ്രഹ്മണ്യം (പിണറായിക്ക് ഒരു അമേരിക്കന്‍ സാമ്പത്തിക വിദഗ്ധ മാത്രമാണ് ഉപദേശം നല്‍കുന്നതെങ്കില്‍, മോദിയെ പല അമേരിക്കന്‍ വിദഗ്ധരാണ് ഉപദേശിച്ചുകൊണ്ടിരിക്കുന്നത്.) എന്ന നവഉദാരവാദിയുടെ പ്രസംഗത്തില്‍ എല്ലാ മുഖ്യമന്ത്രിമാരും (കേരളധനമന്ത്രി ഐസക്കടക്കം) മയങ്ങിവീണു പോയി. വാസ്തവത്തില്‍ പിണറായി വിജയന് ഈ പ്രസംഗത്തിന്റെ ആവശ്യം പോലും വേണ്ടിവന്നില്ല. മുഖ്യമന്ത്രി പദമേറ്റയുടനെ അദ്ദേഹം ഡല്‍ഹിയിലെത്തി ജിഎസ്ടി നടപ്പാക്കുമെന്ന് മോദിക്ക് വാക്കു കൊടുത്തു കഴിഞ്ഞിരുന്നു. ഇവിടെയും പോളിറ്റ് ബ്യൂറോയിലെ കാരാട്ടുമാരെയും ജനറല്‍ സെക്രട്ടറി യെച്ചൂരിയെയുമെല്ലാം അക്ഷരംപ്രതി പിണറായി വെട്ടിലാക്കിയെന്നു പറയാം. കാരണം നാളിതുവരെ ജിഎസ്ടി ഒരു കോര്‍പ്പറേറ്റ് - നവ ഉദാര അജണ്ടയാണെന്നാണ് സിപിഐ(എം) നേതൃത്വം പറഞ്ഞു പോന്നിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നവഉദാര നികുതി പരിഷ്‌ക്കാരമായ ജിഎസ്ടി ഇന്ത്യയെ ഒരേകീകൃത വിപണിയാക്കി ഉദ്ഗ്രഥിക്കുമെന്നും കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ ഇനിയും കുറക്കുന്നതിനു സഹായകരമായി (ഗീതാഗോപിനാഥും മറ്റും ആവശ്യപ്പെടുന്നതിതാണ്) നികുതിഭാരം വിശാല ജനവിഭാഗങ്ങളുടെ ചുമലുകളിലേക്കു (ംശറലിശിഴ ീള വേല മേഃ ില)േ തള്ളുമെന്നും നവ ഉദാര കേന്ദ്രങ്ങള്‍ തന്നെ അവകാശപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ# പ്രത്യേക സാഹചര്യത്തില്‍, അതു ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഇതുവരെ സിപിഐ(എം) ജിഎസ്ടിയെ എതിര്‍ത്തു പോന്നത്. എന്നാല്‍ ജിഎസ്ടി വഴിയുണ്ടാകുന്ന സംസ്ഥാന നികുതി നഷ്ടം അഞ്ചു വര്‍ഷത്തേക്ക് കേന്ദ്രം നികത്തുമെന്ന മോദിയുടെ ഉറപ്പിന്മേല്‍ മുഖ്യമന്ത്രിമാര്‍ വൃന്ദാകാരാട്ട് പറഞ്ഞതുപോലെ പ്രധാനമന്ത്രിയുടെ ''ജൂണിയര്‍ പങ്കാളികളാ''യിരിക്കുന്നു.

കോര്‍പ്പറേറ്റ് - ഭൂമാഫിയകളുടെ ''പ്രധാനസേവകന്‍'' എന്ന് വൃന്ദാകാരാട്ട് മോദിയെ വിശേഷിപ്പിച്ചതുപോലെ തന്നെ കേരളത്തില്‍ അവരുടെ ''വിശ്വസ്ത സേവകന്‍'' പിണറായിയാണെന്ന് എം കെ ദാമോദരനെ നിയമോപദേഷ്ടാവ് സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് (ജനരോഷത്തെയും മാധ്യമ ഇടപെടലുകളെയും തുടര്‍ന്ന് പോസ്റ്റ് ഒഴിയാന്‍ നിര്‍ബന്ധിതനായ ദാമോദരന്‍ വക്കീല്‍ ഗുണ്ടകളെ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്തതായി വാര്‍ത്ത) തെളിയിച്ചതാണല്ലോ. മുഖ്യമന്ത്രിയുടെ ഉപദേശകസ്ഥാനത്തിരുന്നുകൊണ്ട് നാണവും മാനവും ഇല്ലാതെ (കോര്‍പ്പറേറ്റു മൂലധനത്തിനു ഇതു രണ്ടുമില്ല) സാന്റിയാഗോ മാര്‍ട്ടിനെന്ന കോര്‍പ്പറേറ്റ് ലോട്ടറിമാഫിയയെയുംഭൂമിയും പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ച് സമ്പത്തു വാരിക്കൂട്ടുന്ന ക്വാറി മാഫിയയെയും ഇയാള്‍ വിശ്വസ്തതയോടെ സേവിച്ചു വരികയായിരുന്നു. ഈ മാഫിയ സൗഹൃദം പിണറായി സര്‍ക്കാരിന്റെ ബജറ്റിലും നിഴലിക്കുന്നുണ്ട്. ക്വാറിമാഫിയയെ നികുതി വലയില്‍ കൊണ്ടുവന്നാല്‍ പ്രതിവര്‍ഷം 8000 കോടി രൂപയോളം വരുമാനമുണ്ടാക്കാമെന്ന് നിര്‍ദ്ദേശിച്ചത് ഉമ്മന്‍ഭരണ കാലത്തെ വാണിജ്യനികുതി കമ്മീഷണറായിരുന്നു. ഇക്കാര്യത്തെപ്പറ്റി ഐസക്കിന്റെ ബജറ്റില്‍ ഒന്നും പറയുന്നില്ല പ്രതിവര്‍ഷം 1,13,000 കോടി രൂപയുടെ സ്വര്‍ണ്ണക്ക ച്ചവടം നടക്കുന്ന കേരളത്തില്‍ നിലവിലുള്ള 4 ശതമാനം നികുതിനിരക്കുകള്‍ (ഭക്ഷണത്തിന്മേലുള്ള നികുതി 12 ശതമാനത്തിനു മുകളിലും!) വച്ചുപോലും 5000 കോടി രൂപ പിരിക്കാമെന്നിരിക്കെ, കഷ്ടിച്ച് 300 കോടി രൂപ പിരിച്ചെടുത്ത് അവിടെയും മാഫിയാ സേവയാണു നടത്തുന്നത്. ഇതൊന്നും പോരാഞ്ഞിട്ടാണ് ഗീതാ ഗോപിനാഥും മറ്റും പറയുന്നതുപോലെ, ബജറ്റിനുപുറത്ത് (ബജറ്റിനെ നോക്കുകുത്തിയാക്കി വിഭവ സമാഹരണം ബജറ്റേതര മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തുകയെന്നത് ഐ എം എഫിന്റെയും ലോകബാങ്കിന്റെയും നവഉദാര നിര്‍ദേശമാണ്) പണസമാഹരണം നടത്തി അടിസ്ഥാന സൗകര്യ വികസനമുണ്ടാക്കുകയെന്ന പദ്ധതി ബജറ്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതുവഴി ഒരു ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ്‌വല്‍ക്കര ണമാണ് അഞ്ചുവര്‍ഷത്തേക്കായി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് മൂലധന കേന്ദ്രങ്ങളെ ആശ്രയിച്ചുകൊണ്ട് വികസനം കൊണ്ടുവരികയെന്ന ഈ നവഉദാരപദ്ധതിയുടെ വിജയത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിനും നിക്ഷേപസൗഹൃദസംസ്ഥാനമായി കേരളത്തെ വിദേശ ഊഹകുത്തകകള്‍ക്കു മുമ്പില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുമാണ് ഗീതയെ സാമ്പത്തികോപദേഷ്ടാവാക്കിയിരിക്കുന്നത്. പ്രഭാത് പട്‌നായിക്കിന്റെ മാര്‍ക്‌സിസ്റ്റ് സാമ്പത്തികശാസ്ത്രപാണ്ഡിത്യമൊക്കെ ഇവിടെ വെറും മണ്ണാങ്കട്ടയാണെന്ന് പിണറായി വിജയനറിയാം.

കോര്‍പ്പറേറ്റ് മാഫിയയോടുള്ള അചഞ്ചലമായ ഈ പക്ഷപാതിത്വമാണ് ഭൂമാഫിയകള്‍ക്കെതിരായ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും പ്രഗത്ഭയായ ജനപക്ഷ അഭിഭാഷക സുശീല ഭട്ടിനെ നീക്കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മരിച്ചാല്‍ കുഴിച്ചിടാന്‍ കൂരയുടെ തറ മാന്തേണ്ടി വരുന്ന കോളനികളിലും പുറമ്പോക്കുകളിലും കനാല്‍ - തോടു തീരങ്ങളിലുമായി കഴിയുന്ന ലക്ഷോപലക്ഷം ദളിതരുടെയും ഭൂരഹിതരുടെയും ആദിവാസികളുടെയും പക്ഷത്തല്ല മറിച്ച്, ദേശവിരുദ്ധരായ ഭൂമാഫിയകള്‍ക്ക് കങ്കാണിപ്പണി ചെയ്യുന്നതില്‍ തല്പരരാണ് സിപിഐ - സിപിഐ(എം) നേതൃത്വമെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയൊരറിവല്ല. കേരളം മാറി മാറി ഭരിച്ച ഇടതു - വലതു മുന്നണിഭരണങ്ങളിലൂടനീളം അഞ്ചര ലക്ഷത്തോളം ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന എസ്റ്റേറ്റ് ഭൂമാഫിയകള്‍ക്ക് പാദസേവ ചെയ്തുപോരുകയായിരുന്നു. ഈ മാഫിയകള്‍ക്കും ഇടതു - വലതു മേലങ്കിയണിഞ്ഞ അവരുടെ കങ്കാണിമാര്‍ക്കും ഉറക്കം കെടുത്തുന്നവിധം കോടതിയില്‍ ജനപക്ഷത്തുനിന്ന് കേസ് നടത്തിപ്പോന്ന സുശീല ഭട്ടിനെ ഒഴിവാക്കാന്‍ ഉമ്മന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം ജനകീയ രോഷത്തെ തുടര്‍ന്ന് പരാജയപ്പെട്ടെങ്കിലും ചെങ്കൊടി പിടിക്കുന്ന പിണറായി ഭരണത്തില്‍ മാഫിയകള്‍ വിജയിച്ചിരിക്കുകയാണ്. പ്രത്യയശാസ്ത്രം നഷ്ടപ്പെട്ട 'കമ്മ്യൂണിസ്റ്റ്കാരന്‍' വര്‍ഗ്ഗശത്രുവിനെക്കാള്‍ അപകടകാരിയാണെന്ന് മുമ്പ് എകെജി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്.

ഇപ്രകാരം മറയില്ലാത്ത കോര്‍പ്പറേറ്റ് സേവക്കായി പിണറായി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുമ്പോള്‍ പെട്ടന്നുണ്ടായ നയംമാറ്റമല്ല അതെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചുള്ള കാഴ്ച്ചപ്പാട് ഇടതുമുന്നണി അതിന്റെ മാനിഫെസ്റ്റോയിലും അതിനുമുമ്പ് സിപിഐ(എം) തിരുവനന്തപുരത്ത് നടത്തിയ നാലാം കേരള പഠന കോണ്‍ഗ്രസ്സിലും വ്യക്തമാക്കിയതാണ്. നരേന്ദ്രമോദി കേന്ദ്രത്തില്‍ നടപ്പാക്കിക്കൊണ്ടികൊണ്ടിരിക്കുന്ന, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്പത്തു സമാഹരണത്തെ വികസനമായി കൊണ്ടാടുന്ന, അതേ വികസന കാഴ്ചപ്പാടുതന്നെയാണ് സിപിഐ(എം) നുള്ളതെന്ന് ഇവ വ്യക്തമാക്കിയതാണ്. അതിന്‍പ്രകാരം ഇതിനു മുമ്പ് പല സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, കേരളത്തെ വിദേശ കോര്‍പ്പറേറ്റ് മൂലധനനിക്ഷേപകരുടെ ഒരു ഹബ്ബ് ആക്കി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമാം വിധം വിദേശ ഊഹകുത്തകകള്‍ ആവശ്യപ്പെടുന്ന ഉദാരമായ വ്യവസ്ഥയില്‍ ഭൂമിയേറ്റെടുത്തു നല്‍കുന്നതടക്കമുള്ള ഉറപ്പുകള്‍ നല്‍കി കേരളത്തെ ഒരു 'നിക്ഷേപ സൗഹൃദ' സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോള്‍ സാമ്രാജ്യത്വ മൂലധനത്തിന്റെ സൈദ്ധാന്തികപട്ടം കെട്ടുന്ന ഹാര്‍വാര്‍ഡ് വിദഗ്ധയെത്തന്നെ തന്റെ ഉപദേഷ്ടാവാക്കി വാഴിച്ച് പിണറായി സായൂജ്യമടയുന്നത്. ഇടതുമുഖംമൂടി തുടര്‍ന്നും ഉപയോഗിക്കാനാവാത്ത വിധം മൂലധന വ്യവസ്ഥയിലേക്കുള്ള സിപിഐ(എം) ന്റെ ജീര്‍ണ്ണത അതിന്റെ പാരമ്യത്തിലെത്തി ക്കഴിഞ്ഞുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.