"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 8, വ്യാഴാഴ്‌ച

ആര്യന്‍ സമൂഹത്തിന് സ്ത്രീകളോടുണ്ടായിരുന്ന സമീപനം....അംബേഡ്കര്‍ പറഞ്ഞു....


👉അംബേഡ്കര്‍ പറഞ്ഞു....
(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 30, 31)

സ്വന്തം സ്ത്രീകളെ കുറച്ചുകാലത്തേക്ക് മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുന്ന സമ്പ്രദായം ആര്യന്മാരുടെ ഇടയിലുണ്ടായിരുന്നു. മാധവിയുടെ കഥ ഇതിനുദാഹരണമായി എടുത്തുകാട്ടാം. യയാതി മഹാരാജാവ് തന്റെ പുത്രിയായ മാധവിയെ തന്റെ ഗുരുവായ ഗാലവന് കാഴ്ചവെച്ചു. ഗാലവന്‍ അവളെ ഒരു നിശ്ചിതകാലത്തേക്ക് മൂന്നു രാജാക്കന്മാര്‍ക്ക് വാടകക്ക് കൊടുത്തു. പിന്നീടയാള്‍ അവളെ വിശ്വാമിത്രന് വിവാഹം ചെയ്തു കൊടുത്തു. ഒരു കുട്ടി ജനിക്കുന്നതുവരെ മാധവി വിശ്വാമിത്രനൊപ്പം താമസിച്ചു. അതിന് ശേഷം ഗാലവന്‍ വന്ന് മാധവിയെ കൂട്ടിക്കൊണ്ടുപോവുകയും അവളുടെ പിതാവായ യയാതിക്ക് അവളെ തിരിച്ചു കൊടുക്കുകയും ചെയ്തു. 




സ്ത്രീകളെ താത്കാലികമായി മറ്റുള്ളവര്‍ക്ക് വാടകക്കു കൊടുക്കുന്ന സമ്പ്രദായം കൂടാതെ, തങ്ങളുടെ ഇടയിലുള്ള ഉത്തമന്മാരെക്കൊണ്ട് അവള്‍ക്ക് സന്തത്യുത്പാദനം നടത്തിക്കുകയെന്ന മറ്റൊരു സമ്പ്രദായവും ആര്യന്മാരുടെ ഇടയിലുണ്ടായിരുന്നു. കുടുംബം വളര്‍ത്തുകയെന്നത് സസ്യപ്രജനനം പോലെയോ, വളര്‍ത്തു മൃഗങ്ങള്‍ക്ക് വംശമേന്മ വളര്‍ത്തുന്നതുപോലെയോ ഉള്ള ഒരു കാര്യമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. ആര്യന്മാരുടെ ഇടയില്‍ ദേവന്മാര്‍ എന്നൊരു വര്‍ഗം ഉണ്ടായിരുന്നു; അവര്‍ ആര്യന്മാര്‍ തന്നെയായിരുന്നുവെങ്കിലും അവര്‍ക്ക് കൂടുതല്‍ അന്തസ്സും പൗരുഷ്യവുമുണ്ടായിരുന്നു. ദേവവര്‍ഗത്തില്‍ ആരുമായും ലൈംഗിക വേഴ്ച നടത്താന്‍ ആര്യന്മാര്‍ അവരുടെ സ്ത്രീകളെ അനുവദിച്ചിരുന്നു; നല്ല കുട്ടികള്‍ ജനിക്കട്ടെ എന്ന താത്പര്യമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഈ സമ്പ്രദായം വളരെ വ്യാപകമായിരുന്നു. ആര്യസ്ത്രീകളെ ആദ്യം അനുഭവിക്കുക എന്നത് തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള അവകാശമാണെന്ന് ദേവന്മാര്‍ കരുതിവന്നു. ഈ അവകാശത്തില്‍ നിന്ന് വീണ്ടെടുത്ത് ദേവന്മാരുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിട്ടല്ലാതെ ആര്യസ്ത്രീയുടെ വിവാഹം നടത്താന്‍ കഴിയുമായിരുന്നില്ല. ഇതിനുവേണ്ടി ദേവന്മാരെ പ്രസാദിപ്പിക്കാന്‍ 'അവദാനം' എന്നറിയപ്പെടുന്ന കര്‍മം അനുഷ്ഠിക്കണമായിരുന്നു. ഹിന്ദുക്കള്‍ എല്ലാ വിവാഹങ്ങലിലും നടത്താറുള്ള 'ലാജഹോമം' (ഇതിന്റെ വിശദവിവരങ്ങള്‍ അശ്വലായനഗൃഹ്യസൂത്രത്തിലുണ്ട്). ആര്യസ്ത്രീയെ ദേവന്മാരുടെ അവകാശത്തില്‍ നിന്ന് വീണ്ടെടുക്കുന്ന ഈ നടപടിയുടെ അവശിഷ്ടമാണത്. ലാജഹോമത്തിലെ അവദാനം ദേവന്മാര്‍ക്ക് വധുവിന്റെ മേലുള്ള അവകാശം ഇല്ലാതാക്കാന്‍ നല്കുന്ന കൈക്കൂലിയ ല്ലാതെ മറ്റൊന്നുമല്ല. എല്ലാ ഹിന്ദു വിവാഹങ്ങളിലും 'സപ്തപദി' എന്നൊരു ചടങ്ങുണ്ടല്ലോ; ഏറ്റവും അത്യന്താപേക്ഷിതമായ ചടങ്ങായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. സപ്തപദിയില്ലാതെ നിയമാനുസൃത വിവാഹമില്ല; ഈ ചടങ്ങിന് ദേവന്മാരുടെ അവകാശവുമായി അവിഭാജ്യബന്ധമുണ്ട്; സപ്തപദിയെന്നാല്‍ വരന്‍ വധുവിനോടൊത്ത് ഏഴ് ചുവട് നടക്കുക എന്നര്‍ത്ഥം. എന്തുകൊണ്ടാണ് ഇത് അത്യന്താപേക്ഷിതമായിത്തീര്‍ന്നത്? അതിന്റെയുത്തരം ഇതാണ്: ദേവന്മാര്‍ തങ്ങള്‍ക്കു കിട്ടിയ നഷ്ടപരിഹാരംകൊണ്ട് സംതൃപ്തരായിട്ടില്ലെങ്കില്‍ ഏഴാമത്തെ ചുവടുവെക്കുന്നതിന് മുമ്പ് അവര്‍ക്ക് വധുവിനെ അവകാശപ്പെടാം. ഏഴാമത്തെ ചുവടുവെച്ചുകഴിഞ്ഞാല്‍ അവരുടെ അവകാശം ഇല്ലാതാകും; അപ്പോള്‍ വരന് വധുവിനെ കൂട്ടിക്കൊണ്ടുപോയി ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാം; ദേവന്മാര്‍ അതിന് പ്രതിബന്ധമുണ്ടാക്കുകയോ, അവരെ ഉപദ്രവിക്കുകയോ ചെയ്യുകയില്ല.