"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

ടി എ പരമന്‍: മജിസ്‌ട്രേറ്റായ ദലിതന്‍, മുന്‍ എംഎല്‍എ, ആകാശവാണി അനൗണ്‍സര്‍, അധ്യാപകന്‍
കൈവെച്ച മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ വ്യക്തിമുദ്രപതിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്നു 1924 ആഗസ്റ്റ് 24 ന് എറണാകുളം ജില്ലയില്‍ കൊച്ചി താലൂക്കില്‍ എടവനക്കാട് വില്ലേജില്‍ തിട്ടയില്‍ കുഞ്ഞന്റേയും കാളിയുടേയും മകനായി ജനിച്ച ടി എ പരമന്‍ എക്‌സ് എം എല്‍ എ.


https://www.facebook.com/idaneram/


പഴയ കൊച്ചി സംസ്ഥാനത്ത് 1908 ല്‍ സ്ഥാപിതമായ എടവനക്കാട് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് എടവനക്കാട് വില്ലേജില്‍ ഹൈസ്‌കൂളുകളൊന്നും ഉണ്ടായിരുന്നില്ല. ആകയാല്‍ തുടര്‍വിദ്യാഭ്യാസ ത്തിനായി ഒരു കി. മി അകലെയുള്ള ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം കവിതാരചനയില്‍ പ്രാവീണ്യം പ്രകടിപ്പിക്കുമായിരുന്നു. മികച്ച നിലയില്‍ എസ്എസ്എല്‍സി പാസായി എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്നു. 1945 ല്‍ ബി എ ഡിഗ്രി കരസ്ഥമാക്കി. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും അതിനുശേഷവും തന്റെ സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കെപിഎംഎസ് ന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യവാസന പോലെതന്നെ അദ്ദേഹം നല്ല പ്രസംഗകനും വആയിരുന്നു.

ബിഎ ഡിഗ്രി കരസ്ഥമാക്കിയ ഉടനെതന്നെ അദ്ദേഹത്തിന് കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചു. ജോലി ഉപേക്ഷിച്ച് അദ്ദേഹം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിയമപഠനത്തിന് ചേര്‍ന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ എംഎന്‍ റോയിയുടെ 'റാഡിക്കല്‍ ഹ്യൂമണിസ്റ്റ്' പ്രസ്ഥാനവുമായി അടുത്തു ബന്ധപ്പെടുകയും പിന്നീട് അതിന്റെ പ്രചാരകനും ഉറച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായി നിലകൊണ്ടു.

നിയമപഠനം കഴിഞ്ഞ് വന്ന ഉടനെ ഞാറക്കലിലെ ഹൈസ്‌കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചു. ഒരു വര്‍ഷം അവിടെ ജോലി ചെയ്തതിനു ശേഷം മദിരാശിയില്‍ പോയി. മദിരാശി കോര്‍പ്പറേഷന്‍ ആഫീസിലും ജോലി ചെയ്തു. ഇതിനിടെ ഓള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറുടെ ജോലിക്ക് അപേക്ഷിച്ചു. ടെസ്റ്റും ഇന്റര്‍വ്യൂവും കഴിഞ്ഞ ഉടനെ മദിരാശിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നു. നാട്ടില്‍ തിരിച്ചു വന്നതിനു ശേഷം മഹാരാജാസില്‍ ആദ്യമായി ആരംഭിച്ച എം എ കോഴ്‌സിന് ചേര്‍ന്നു. അതോടൊപ്പം എറണാകുളത്ത് പ്രശസ്തമായ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനായി ജോലി ചെയ്തു. ആ സമയത്ത് ഡെല്‍ഹിയില്‍ ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായി നിയമന ഉത്തരവ് വന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ആണെന്ന തെറ്റായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോലി നിഷേധിക്കപ്പെട്ടു. നാട്ടിലേക്ക് തിരിച്ചു പോന്ന് എറണാകുളത്ത് വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. പത്തു മാസത്തിനു ശേഷം മജിസ്‌ട്രേറ്റ് നിയമനത്തിന് ട്രെയിനിയായി തെരഞ്ഞെടുക്കപ്പെട്ടു. ആള്‍ ഇന്ത്യാ റേഡിയോയിലെ ജോലികാര്യത്തില്‍ നെഹ്‌റു മുമ്പാകെ നല്കിയ പരാതി പരിഗണിച്ച് അനൗണ്‍സറായി പുനര്‍നിയമനം ലഭിച്ചുവെങ്കിലും ഒരു മാസത്തോളം അവിടെ ജോലിചെയ്ത് നാട്ടിലേക്ക് തന്നെ തിരിച്ചു പോന്നു. തുടര്‍ന്ന് നാലഞ്ച് മാസത്തെ മജിസ്‌ട്രേറ്റ് ട്രെയിനിംഗ് പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റായി വടക്കാഞ്ചേരി, തിരൂര്‍, തിരുവനന്തപുരം, പെരുമ്പാവൂര്‍, തലശ്ശേരി, കണ്ണൂര്‍, പുനലൂര്‍, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ മജിസ്‌ട്രേറ്റായി ജോലി ചെയ്തു. ആറുമാസത്തെ സര്‍വീസിനിടക്ക് പത്ത് സ്ഥലം മാറ്റം പതിനാറു മാസക്കാലം ലീവ്.

കടുത്ത ദാരിദ്ര്യത്തിലൂടെ ജീവിതം ആരംഭിച്ച് ജീവിതത്തിന്റെ കാണാക്കയങ്ങളില്‍ ഗുരുതരങ്ങളായ പ്രതിസന്ധികള്‍ തരണം ചെയ്ത് കടുത്ത ക്ലേശങ്ങള്‍ക്ക് ഒടുവില്‍ ഒരു 'ഫിനിക്‌സ്' പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് അദ്ദേഹം കേരളീയ പൊതുജീവിതത്തിലെ അനുകരണീയവും ആദരണീയവുമായ സജീവ സാന്നിധ്യമായി മാറി.

പൊതുസമൂഹത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന സത്യസന്ധത, ആദര്‍ശം, ധീരത എന്നിവ വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിച്ച 75 വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതം എന്നും പോരാട്ടത്തിന്റേതായിരുന്നു. ന്യായമായ രീതിയില്‍ നീതിനിര്‍വഹണം നടത്തിയിരുന്ന ന്യായാധിപന്‍ എന്ന നിലക്ക് ഒരു ശക്തിക്കും വഴങ്ങിക്കൊടുക്കുവാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ച്ചയായ സ്ഥലം മാറ്റവും സംഘര്‍ഷപൂരിതമായ ജീവിതാനുഭവങ്ങളും, ഇന്നും നിലനില്‍ക്കുന്ന ജാതിസ്പര്‍ദ്ധയും കാരണം ജുഡീഷ്യറി സര്‍വീസില്‍ തുടരാന്‍ കഴിയാതെ വരികയും, നിവൃത്തിയില്ലാതെ ജോലി രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം അഭിഭാഷകവൃത്തി പുനരാരംഭിച്ചു. കൂട്ടത്തില്‍ സാമൂഹ്യ പ്രവര്‍ത്തനവും. 1965 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ രാജാജിയുടെ സ്വതന്ത്രാ പാര്‍ട്ടിയുടെ പിന്തുണയോടെ ഞാറക്കല്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. പ്രധാന എതിരാളികള്‍ അദ്ദേഹത്തിന്റെ ഗുരുനാഥനും, കെപിസിസി പ്രസിഡന്റ്, ആന്ധ്രാ പ്രദേശ് ഗവര്‍ണറുമൊക്കെയായിരുന്ന കെസി എബ്രഹാം മാസ്റ്ററും സിപിഎം ലെ എഎസ് പുരുഷോത്തമനും ആയിരുന്നു. എബ്രഹാം മാസ്റ്റര്‍ വിജയിച്ചു.

നിയമസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ നിയമസഭ പിരിച്ചു വിട്ടു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് 1970 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് സംവരണ നിയോജകമണ്ഡലത്തില്‍ നിന്നും, നാട്ടുകാരനും സുഹൃത്തും ബന്ധുവും മാര്‍ക്‌സിസ്റ്റ് നേതാവുമായിരുന്ന എംകെ കൃഷ്ണനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 1970 - 71 കാലഘട്ടത്തില്‍ സബോര്‍ഡി നേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 1977 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്നും സിപിഎം ലെ എസ് വാസുവിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.

സാമൂഹ്യ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അനര്‍ഹ സമുദായങ്ങളെ പട്ടികജാതി ലസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൂഢാലോചന നടത്തി യപ്പോള്‍ സ്വന്തം സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കര്‍മധീരനായ അദ്ദേഹം സമുദായാംഗങ്ങളെ സമരസജ്ജരാക്കിയതു നാം വിസ്മരിച്ചുകൂടാ. മതപരിവര്‍ത്തനം നടത്തിയവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ക്കെതരിരെ സമരപോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.

വൈപ്പിന്‍കരയിലെ പുലയരുടെ ഏകീകൃത സംഘടനയായിരുന്ന എവിപിവി സഭയുടെ പ്രസിഡന്റായും, മരണം വരെ അതിന്റെ ലീഗല്‍ അഡൈ്വസറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആദര്‍ശ നിഷ്ഠനും, കര്‍മധീരനുമായ അദ്ദേഹത്തിന് ഉചിതമായ അംഗീകാരം സമുദായത്തില്‍ നിന്നോ, അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നോ ലഭിച്ചില്ലായെന്നത് പരിതാപകരവും വിരോധാഭാസവുമായി നിലനില്‍ക്കുന്നു.

2000 നവംബര്‍ 10 ന് ടി എ പരമന്‍ അന്തരിച്ചു.

ടി കെ സീസര്‍ ബാബു,
സെക്രട്ടറി, ടി എ പരമന്‍ മെമ്മോറിയല്‍ ട്രസ്റ്റ്, എടവനക്കാട് പിഒ.

* ദി ആര്‍ക് മാസികയുടെ 2011 നവംബര്‍ ലക്കത്തിലാണ് ഈ കുറിപ്പുള്ളത്.