"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 24, ശനിയാഴ്‌ച

ഊക്കോട് ഗോപാലന്‍
1950 ജനുവരി 6 ന് ജനനം. അച്ഛന്‍ യശശ്ശരീരനായ നല്ല തമ്പി. അമ്മ യശശ്ശരീരയായ ശാരദ. പുലയ സമുദായാംഗം. വിദ്യാഭ്യാസം പ്രീ - ഡിഗ്രി. മാതാപിതാക്കള്‍ കര്‍ഷകത്തൊഴിലാളികള്‍. ഏഴംഗ കുടുംബത്തില്‍ രണ്ടാമന്‍. MSC LPS ഊക്കോട്, UPS ശാന്തിവിള, VHS നേമം, ഇന്റര്‍മീഡിയറ്റ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.


1970 മുതല്‍ പൊതുപ്രവര്‍ത്തനമാരംഭിച്ചു. 1977 ല്‍ കേരള ദലിത് (SC/ST) സാഹിത്യ പരിഷത്ത് രൂപീകരിച്ച് അതിന്റെ ജനറല്‍ സെക്രട്ടറിയായി. 1979 ല്‍ പരിഷത്തിന്റെ മുഖപത്രമായി 'നികുഞ്ജം' ത്രൈമാസിക പ്രസിദ്ധീകരണമാരംഭിച്ചു. 1990 മുതല്‍ ബഹുജനശബ്ദം മാസികയുടെ പത്രാധിപരായി. 1995 മുതല്‍ 'പ്രഹേളിക' സായാഹ്നപത്രത്തിന്റെ തിരുവനന്തപുരം ലേഖകനും തുടര്‍ന്ന് അക്രഡിറ്റഡ് ലേഖകനായി 2007 വരെ പ്രവര്‍ത്തിച്ചു. മുംബെയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'വെര്‍ഡിക്ട്' ഇംഗ്ലീഷ് വാരികയുടെ തിരുവനന്തപുരം കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചു. ഇതിനകം കേരളത്തിനകത്തും പുറത്തുമുള്ള 155 ല്‍ ഏറെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്.

ദലിത് സേവാ സമിതി വര്‍ക്കിംഗ് പ്രസിഡന്റ്, കാന്‍ഫെഡ് ജില്ലാ സെക്രട്ടറി, കേരള ആനുകാലിക പ്രസിദ്ധീകരണ പരിഷത്ത് ജനറല്‍ സെക്രട്ടറി, കേരള ദലിത് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ്, കേരള ദലിത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ആപ്പക്‌സ് ഫോറം ഓഫ് അംബേഡ്കറൈറ്റ്‌സ് സെക്രട്ടറി, അഖിലേന്ത്യാ സമതാ സൈനിക് ദള്‍ ദേശീയ സമിതി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, ബാബു ജഗ്ജീവന്‍ റാം കലാ സംസ്‌കൃതി ആന്റ് സാഹിത്യ അക്കാദമി (ന്യൂഡെല്‍ഹി) കേരള ഘടകം പ്രസിഡന്റ് തുടങ്ങിയവയുടെ പ്രവര്‍ത്തന രംഗത്തും പൊതുരംഗത്തും സമൂഹത്തിന് മൊത്തത്തിലും ദലിത് സമുദായ രംഗത്ത് പ്രത്യേകിച്ചും സ്വതന്ത്രവും ജനോപകാരപ്ര ദവുമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

1989 ല്‍ കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമീണ പത്രപ്രവര്‍ത്തകനുള്ള തൃശൂര്‍ സൗഹൃദവേദിയുടെ വി എസ് കേരളീയന്‍ അവാര്‍ഡ് ലഭിച്ചു. 1993 ല്‍ ലിറ്ററസി ഫോറം സംഘടിപ്പിച്ച 'സാക്ഷരതയും വികസനവും' എന്ന സംസ്ഥാനതല പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 1994 ല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ 'ഭാരതീയ വിദ്യാഭ്യാസ സങ്കല്പം' എന്ന ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 1995 ല്‍ ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേഡ്കര്‍ നാഷനല്‍ ഫെല്ലോഷിപ്പ് ലഭിച്ചു. 2013 ല്‍ ബാബു ജഗ്ജീവന്‍ റാം കലാ സംസ്‌കൃതി ആന്റ് സാഹിത്യ അക്കാദമിയുടെ 'ബാബു ജഗ്ജീവന്‍ റാം' നാഷനല്‍ അവാര്‍ഡ് ലഭിച്ചു.

ശ്രീനാരായണഗുരുദേവന്‍, മഹാത്മാ ജ്യോതിറാവു ഫൂലെ, അയ്യന്‍ കാളി, ഡോ. അംബേഡ്കര്‍ തുടങ്ങിയ മഹാത്മാക്കളും വിപ്ലവകാരികളുമായവരുടെ ആശയാദര്‍ശങ്ങല്‍ പ്രകീര്‍ത്തിച്ച് ദൂരദര്‍ശന്‍, ആകാശവാണി തുടങ്ങിയ ബഹുജനമാധ്യമങ്ങളില്‍ ചര്‍ച്ച, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടത്തിയിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാതിയുടെ ഭയാനവും ഭീകരവും ബീഭത്സവുമായ നികൃഷ്ട നിലപാടും ദുഷിച്ച മനോഭാവവും മൂലം വളരെ ബോധപൂര്‍വം സര്‍ക്കാര്‍ കലണ്ടര്‍ ഉള്‍പ്പെടെയുള്ള കലണ്ടര്‍ നിര്‍മാതാക്കള്‍ അവഗണിച്ച, അയ്യന്‍ കാളിയുടേയും അംബേഡ്കറുടേയും ജന്മദിനവും അവരുടെ ചരമദിനവും മള്‍ട്ടി കളര്‍ ചിത്രത്തോടെ ബഹുജനശബ്ദം മാസിക 1996 മുതല്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ചു വരുന്നു. 'ഞങ്ങള്‍ കാശുമുടക്കി അടിക്കുന്ന കലണ്ടറില്‍ ഞങ്ങള്‍ക്ക് സൗകര്യമുള്ളതു കൊടുക്കു'മെന്ന സവര്‍ണ ദാര്‍ഷ്ട്യങ്ങള്‍ക്കുള്ള മറുപടിയാണ് ബഹുജനശബ്ദ്ം മള്‍ട്ടി കളര്‍ ദലിത് റഫറന്‍സ് കലണ്ടര്‍.

ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടിലടി യുറച്ച് ആരുടേയും ഔദാര്യത്തിനോ സൗജന്യത്തിനോ വേണ്ടി ഓച്ഛാനിച്ചു നില്ക്കാതെ നിവര്‍ന്നുതന്നെ നടക്കുകയാണിപ്പോഴും. ജാതി മത കക്ഷി രാഷ്ട്രീയ ബന്ധമില്ലാത്ത വരുടെ അവസ്ഥ ഓര്‍ക്കുമല്ലോ. എന്നാല്‍ എല്ലാ ജാതിമതസ്ഥരിലുമുള്ള നിര്‍മല മനസ്‌കരുടേയും നിസ്തൂലമായ പിന്തുണയും പ്രോത്സാഹനവും സഹായസഹകര ണങ്ങളും നിര്‍ലോഭമായി ലഭിക്കുവാനുള്ള ഭാഗ്യമിപ്പോഴുമുണ്ട്. ജാതി സ്ത്രീധന രഹിത മിശ്രവിവാഹം, പ്രിയതമ വിജയ (ഗോള്‍ഡ്‌സ്മിത്ത് - തട്ടാന്‍) ഏകമകള്‍ സൗമ്യ രാജീവ് (ഞങ്ങളൊന്ന് ഞങ്ങള്‍ക്കൊന്ന്) ചെറുമകള്‍ അനാമിക എസ് രാജ്, മകള്‍ MA, PGDCA കേന്ദ്ര ടൂറിസം വകുപ്പിനു കീഴില്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (IHMCT) കോളേജില്‍ ജീവനക്കാരി, മരുമകന്‍ രാജീവ് അനന്തപുരി ചാനലില്‍ വീഡിയോ എഡിറ്റര്‍. സംസതൃപ്ത കുടുംബം. ദൈവകൃപയാല്‍ ജീവിക്കുന്നു.

(* ഊക്കോട് ഗോപാലന്‍ കയ്യൊപ്പോടുകൂടി നേരിട്ട് എഴുതി ഏല്പിച്ചതാണ്. ഒരു മാറ്റവും വരുത്തിയിട്ടില്ല - ബ്ലോഗര്‍)