"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, നവംബർ 17, വെള്ളിയാഴ്‌ച

ജയദേവന്‍ പടിഞ്ഞാറ്റില്‍: മലയാളത്തിലെ ആദ്യത്തെ നാഗവംശ ചരിത്രകാരന്‍

ജയദേവന്‍ പടിഞ്ഞാറ്റില്‍

നാഗവംശത്തെക്കുറിച്ച് കേരളത്തില്‍ നടന്നിട്ടുള്ള ആദ്യപഠനം ജയദേവന്‍ പടിഞ്ഞാറ്റില്‍ എന്ന മഹാനുഭവനില്‍ നിന്ന് ആരംഭിക്കുന്നതായി കരുതാം. 1979 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'സാമൂഹ്യ ചിന്തകള്‍' എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായത്തിലാണ് നാഗവംശപഠനം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മൊത്തം 46 പേജുള്ള പ്രസ്തുത ഗ്രന്ഥത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. രണ്ടാം ഭാഗത്തിലെ 'വര്‍ഗവ്യത്യാസം തൊട്ടുകൂടായ്മയുടെ ഉത്ഭവകാരണം' എന്ന രണ്ടാം അധ്യായത്തിലാണ് നാഗവംശ പഠനമുള്ളത്. ഇതാകട്ടെ, ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ 'അസ്പൃശ്യര്‍' എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയാണ്. 

ഗ്രന്ഥത്തിന്റെ ആദ്യപേജില്‍, പശ്ചാത്തലത്തില്‍ ശ്രീബുദ്ധനുള്ള ഡോ. അംബേ ഡ്കറുടെ ചിത്രവും അതിനടിയില്‍ ഇംഗ്ലീഷിലുള്ള കുറിപ്പും കൊടുത്തിട്ടുണ്ട്. അവസാന പേജിലാകട്ടെ മഹാത്മാ അയ്യന്‍ കാളിയുടെ ചിത്രവും അതിന് മുകളിലായി ഇംഗ്ലീഷിലുള്ള വിവരണവും കൊടുത്തിട്ടുണ്ട്. ലഭ്യമായ കൃതിയുടെ പകര്‍പ്പില്‍ കവര്‍പേജ് ഇല്ല. ചരിത്രകാരനും എഴുത്തുകാരനുമായ കുന്നുകുഴി എസ് മണിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്നുമാണ് ഈ പ്രതി കണ്ടെത്തിയത്.

ജയദേവന്‍ പടിഞ്ഞാറ്റിലിനെക്കുറിച്ച് ഇന്ന് അറിയുവാന്‍ കുന്നുകുഴി എസ് മണിയുടെ വാക്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. പത്തനം തിട്ട സ്വദേശിയാണ് ജയദേവന്‍. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയി രുന്നത്. ഏതെങ്കിലും ഗവണ്മെന്റ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നിരിക്കാമെന്നല്ലാതെ കൃത്യമായി എവിടെ എന്നോര്‍മിക്കാന്‍ മണിക്ക് ആകുന്നില്ല. ജയദേവന്റെ മകള്‍ തിരുവനന്തപുരത്ത്, ഉയര്‍ന്ന തസ്തികയില്‍ ഉദ്യോഗസ്ഥയായിരുന്നിട്ടുണ്ടെന്നും മണി ഓര്‍ക്കുന്നു. ജയദേവന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള മറ്റ് അറിവുകള്‍ നിശ്ശേഷം ലഭിക്കാതായി എന്ന് മണി പറയുന്നു.

പുസ്തകത്തിന്റെ സമര്‍പ്പണം - ഗ്രന്ഥത്തിലെ അതേ വാചകങ്ങള്‍ പകര്‍ത്തുന്നു; 'ദിവംഗതരായ, വെള്ളയില്‍ ശ്രീ പി കെ രാമന്‍ (9-6-1972), പൂവത്തൂര്‍ ആദിച്ച നാദിത്യന്‍ (16-9-1973) എന്നീ അഭിവന്ദ്യ പിതൃഗുരുക്കന്മാരുടെ പാവനസ്മരണക്കു മുമ്പില്‍' എന്നു മാത്രം കുറിച്ചിട്ടുണ്ട്. 'പിതൃഗുരുക്കന്മാര്‍' എന്ന് ചേര്‍ത്ത് പറഞ്ഞിരി ക്കുന്നതുകൊണ്ട്, പരാമൃഷ്ടര്‍ ജയദേവന്റെ ഗുരുക്കന്മാരാണോ പിതാക്കന്മാരോണോ എന്ന് വേര്‍തിരിച്ചറിയാന്‍ നിവൃത്തിയില്ല. സമര്‍പ്പണത്തിന് തൊട്ടു താഴെയായി ബ്ലോക്ക് എടുത്ത ജയദേവന്റെ ഫോട്ടോ ചേര്‍ത്തിട്ടുണ്ട്.

ജയദേവന്‍ 'ഹരിജന്‍ ഇന്റര്‍നാഷനല്‍' എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തി ച്ചിരുന്നുവെന്നും എംഎല്‍എ / മന്ത്രിയായിരുന്ന കെ കെ ബാലകൃഷ്ണന്‍ പ്രസ്തുത സംഘടനയുടെ രക്ഷാധികാരിയായിരുന്നുവെന്നും മറ്റുമുള്ള വിവരം ആമുഖത്തില്‍ പ്രസ്താവിച്ചു കാണുന്നു. ജയദേവന്റെ ദലിത് വിമോചന സംഘടനാപ്രവര്‍ത്തന ത്തിന്റെ ചുരുക്കം ആ പ്രസ്താവനയില്‍ നിന്നു ലഭിക്കുകയാല്‍ അതിവിടെ പകര്‍ത്തുന്നു; ' ഭാരതാരാമം' ദ്വൈവാരികയുടെ ഒരു 'ഹരിജന - ഗിരിജന സപ്ലിമെന്റ്' പ്രസിദ്ധീകരിക്കു കയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ചുവടുവെപ്പ്. ശ്രീ അയ്യന്‍ കാളിയുടെ പേരില്‍ ഒരു 'സ്മാരകോപഹാരം' പൊതുജനങ്ങള്‍ക്ക് കാഴ്ചവെക്കുകയായിരുന്നു ഞങ്ങളുടെ മറ്റൊരു ലക്ഷ്യം. ഹരിജനങ്ങളേയും ഗിരിജനങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മേല്‍പറ യപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ ബുദ്ധിജീവികളുടേയും പ്രമുഖ പത്രങ്ങളുടേയും പ്രശംസക്കു പാത്രമായി. മൂന്നാമത്തെ പടിയിലേക്ക് ഞങ്ങളിതാ കടക്കുകയാണ്.

ഭാരതത്തിലെ ഹരിജന - ഗിരിജന - പിന്നോക്കാദിവര്‍ഗങ്ങളുടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'സാമൂഹ്യചിന്തകള്‍' എന്ന ഗ്രന്ഥം, അംഗീകരിച്ച് പൊതുജന ശ്രദ്ധക്കായി, ഞങ്ങളിതാ പ്രസിദ്ധീകരിക്കുന്നു. - ബുക്ക് കമ്മിറ്റി ഹരിജന്‍സ് ഇന്റര്‍ നാഷനല്‍'. 

'ഭാരതാരാമം' മാസികയുടെ പ്രസിദ്ധീകരണം അക്കാലത്തുതന്നെ നിലച്ചിരുന്നുവെന്ന് കുന്നുകുഴി എസ് മണി പറയുന്നു.

നാഗവംശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളത്രയും ഡോ. അംബേഡ്കറുടെ പഠനങ്ങളുടെ സ്വതന്ത്ര പരിഭാഷയാണെന്ന് സൂചിപ്പിച്ചുവല്ലോ. എല്ലാ വശങ്ങളും ശ്രദ്ധയോടെ വിശകലനം ചെയ്തിട്ടുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോഴും ജയദേവന്‍ നാഗവംശപഠന ശാഖക്ക് കനത്ത സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് കാണാം. ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികളുടെ പരിഭാഷകള്‍ പിന്നീടാണല്ലോ പ്രസിദ്ധീകൃതമാകുന്നത്. പക്ഷെ വിശകലനത്തിലൊരിടത്തുപോലും ഡോ. അംബേഡ്കറുടെ പേര് അദ്ദേഹം പരാമര്‍ശിക്കാതിരുന്നത് വലിയൊരു പോരായ്മയാണ്. ഡോ. അംബേഡ്കറുടെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് സ്വന്തമായി ജയദേവന്‍ ഒരു നിഗമനത്തിലെ ത്തിച്ചേരുന്നില്ല എന്നതും അംബേഡ്കറൈറ്റുകളുടെ നീരസത്തിന് വഴിവെച്ചേക്കാം.

ദാസന്മാരും, ദസ്യൂക്കളും, കിരാതന്മാരും, അസുരരും കേരളരും, പാണ്ഡ്യരുമെല്ലാം നാഗവംശത്തില്‍പ്പെടുന്നു എന്നതുള്‍പ്പെടെ ഡോ. അംബേഡ്കറെ അങ്ങേയറ്റം സ്വീകരിക്കുന്ന ജയദേവന്‍ ഒരിടത്തുപോലും വിമര്‍ശനമുന്നയിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. 'ദ്രാവിഡ' എന്ന പദം വംശവുമായി ബന്ധപ്പെട്ടല്ല, നാഗന്മാരുടെ ഭാഷയുമായി ബന്ധപ്പെട്ടാണ് ഉതുത്തിരിഞ്ഞുവന്നതെന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണം ജയദേവന്‍ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെതന്നെ ദ്രാവിഡ ഭാഷ (ദമിള - തമിഴ്) യില്‍ 'സരൈ' എന്ന പദംകൊണ്ടാണ് നാഗവംശത്തെ വിശേഷിപ്പിക്കുന്നതെന്നുള്ള ഡോ. അംബേഡ്കര്‍ നിരീക്ഷണത്തെ പകര്‍ത്തുന്ന ജയദേവന്‍ ഗ്രന്ഥരചനയില്‍ പാലിക്കുന്ന കൃത്യത ശ്ലാഘനീയമാണ്. നദി എന്ന അര്‍ത്ഥത്തിലാണ് നാഗം എന്ന സംജ്ഞയും ദമിള ഭാഷയിലെ സരൈ എന്ന പദവും നിഷ്പന്നമായതെന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണത്തെ ഉദ്ഗ്രഥിക്കാന്‍ ജയദേവന് കഴിഞ്ഞിട്ടുണ്ട്.

ഡോ. അംബേഡ്കറുടെ നിരീക്ഷണങ്ങള്‍ക്കുപുറത്ത് ജയദേവന്‍ മറ്റ് നിരീക്ഷണങ്ങളേ യോ ഗ്രന്ഥങ്ങളേയോ ആശ്രയിച്ചിട്ടില്ല. ഇഗ്നേഷ്യസ് കാക്കനാടന്‍ പരിഭാഷപ്പെ ടുത്തി, കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേഡ്കറുടെ പ്രസ്തുത കൃതി സുലഭമായതിനാല്‍, അതിലുള്ള നാഗവംശചരിതം ഇവിടെ വിസ്തരിക്കേണ്ടതില്ലെന്ന് തോന്നുന്നു. ഒരു കാര്യം ഉറപ്പിക്കാം, നാഗവംശത്തേക്കുറിച്ചുള്ള ഏതൊരു പഠനവും ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറില്‍ നിന്നുമാത്രമാണ് ആരംഭിക്കുന്നത്!കല്ലറ സുകുമാരന്‍: സാധുവായ മനുഷ്യന്‍ ധീരനായ വിപ്ലവകാരി - പി ആര്‍ രാജുമോന്‍

പി ആര്‍ രാജുമോന്‍

1999 ല്‍ ഇന്നലെകളില്‍ കല്ലറസുകുമാരന്‍ എന്ന പേരില്‍ 30 പേജുകളുള്ള ഒരു ലഘുവിവരണം ഞാനെഴുതി അച്ചടിച്ചു പ്രദ്ധീകരിച്ചിരുന്നു. അതാണ് കല്ലറസുകുമാര നെക്കുറിച്ചുള്ള ആദ്യത്തെ ലേഖനമെന്നു ഞാന്‍ കരുതുന്നു. തുടര്‍ന്ന് ശ്രീ. എലിക്കളം ജയകുമാര്‍ അല്പം കുടി വിപുലമായി കല്ലറസുകുമാരന്റെ ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി.

വൈക്കം താലുക്കിലെ വെച്ചുര്‍ വില്ലേജില്‍ കുടവെച്ചുര്‍ എന്ന കൊച്ചുഗ്രാമത്തില്‍ ഒരു കൃഷിപ്പണിക്കാരനായി ഒതുങ്ങേണ്ടിയിരുന്ന എന്നെ സാമുഹ്യ രാഷ്ട്രീയ ട്രേഡു യുണിയന്‍ മേഖലകളിലേക്കു കൈപിടിച്ചുയര്‍ത്തുകയും ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി,സെന്റര്‍ ഓഫ് കേരളാ ട്രേഡ് യുണിയന്‍സ് സംസ്ഥാന പ്രസിഡന്റ്,ബഹുജന്‍ സമാജ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സാരഥ്യം വഹിക്കുവാന്‍ എന്നെ പ്രാപ്തനാക്കുകയും ചെയ്ത എന്റെ ഗുരുനാഥനാണ് അനശ്വരനായ കല്ലറ സുകുമാരന്‍. മറ്റൊരാള്‍ പോള്‍ ചിറക്കരോടാണ്.ഈ രണ്ടു വ്യക്തിത്വങ്ങളുടേയും പാവനസ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. അവരോടൊപ്പം എന്റെ വളര്‍ച്ചയില്‍ എന്നെ സഹായിച്ച നുറുകണക്കായ സഹപ്രവര്‍ത്തകരോടും പതിനായിരക്കണക്കായ അനുയായികളോടും എനിക്കുള്ള നന്ദിയും കടപ്പാടും ഹ്യദയപുര്‍വ്വം അറിയിക്കട്ടെ.

ആരായിരുന്നു കല്ലറ സുകുമാരന്‍ ?

മികച്ച സംഘാടകനും, പ്രഗത്ഭ വാഗ്മിയും, സാഹിത്യകാരനും,പ്രമുഖ ദലിത് നേതാവുമായിരുന്നു. പോരാട്ടത്തിന്റെ ചരിത്രത്തിന്റെ പൊരുളറിഞ്ഞവന്‍, നാടിന്റെ ചുവരെഴുത്തുകള്‍കണ്ടവന്‍, സ്വന്തം ജനതയുടെ വികാരങ്ങള്‍ ഹ്യദയത്തില്‍ ഉള്‍ക്കൊണ്ടവന്‍, സ്വന്തം വര്‍ഗ്ഗത്തിനായി ജനിക്കുകയും ജീവിക്കുകയും ചെയ്തവന്‍ സ്വന്തം ജീവിതം വിറകുകൊള്ളിപ്പോലെ കത്തിച്ചു മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന മഹാന്‍.ഇതൊക്കെയാണ് എന്റെ അനുഭവത്തിലെയും ഓര്‍മ്മകളിലേയും കല്ലറ സുകുമാരന്‍. 1939 ഓഗസ്റ്റു 4 ന് ജനനം. പതിനെട്ടു വയസ്സില്‍ ആരംഭിച്ച പൊതു പ്രവര്‍ത്തനം.ഒട്ടേറെ കര്‍മ്മമണ്ഡലങ്ങള്‍ താണ്ടി നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചു പട്ടികജാതി പട്ടിക വര്‍ഗ്ഗ ദലിത് ക്രൈസ്തവ പോരാട്ടങ്ങള്‍, ദലിത്- പിന്നോക്ക- മതന്യുനപക്ഷ ജനതയുടെ വിമോചന പോരാട്ടങ്ങളിലെത്തി 1996 ഒക്‌ടോബര്‍ 12 ന്‍ കാലയവനിക്കു പിന്നില്‍ മറയുമ്പോള്‍ മര്‍ദ്ദിത ജനതയുടെ ഒരു യുഗം അവസാനിക്കുകയായിരുന്നു. എല്ലാവരേയും സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും കഴിയുന്ന ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. അടുത്തറിഞ്ഞ കാലം മുതല്‍ ആത്മാര്‍ത്ഥതയോടെ സഹകരിക്കുകയും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു പോന്നു.ഞാനുമായി പങ്കുവെയ്ക്കാത്ത രഹസ്യങ്ങള്‍ പോലുമില്ലായിരുന്നു ആ മനസ്സില്‍ ആഡംബരങ്ങളോ ആര്‍ഭാടങ്ങളോ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ജന ലക്ഷങ്ങളുടെ നേതാവായി വളര്‍ന്നിട്ടും യാതൊരുവിധ ജാഡകളുമില്ലാതെ ആള്‍കുട്ടത്തിലൊരുവനായി മാത്രം അറിയപ്പെടാന്‍ താല്പര്യപ്പെട്ടിരുന്ന മഹാമനസ്‌കന്‍. വസ്ത്രധാരണങ്ങളില്‍ അലക്കിതേച്ച ഷര്‍ട്ടും മുണ്ടും മാത്രം ധരിച്ചിരുന്നു. ഭക്ഷണ കാര്യത്തില്‍ കഞ്ഞിയും കപ്പയും കാന്താരിചമ്മന്തിക്കുമപ്പുറത്തേക്ക് ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. പല നേതാക്കളും സഹപ്രവര്‍ത്തകരും നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ തേടുമ്പോള്‍,കല്ലറ സുകുമാരനെന്ന നേതാവ് കഞ്ഞികിട്ടുന്ന തട്ടുകട അന്വേഷിക്കുമായിരുന്നു.

സമ്മേളന സ്ഥലങ്ങളിലേക്ക് ഒരു ടാക്‌സി കാറില്‍ നേതാവ് വന്നിറങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്കഭിമാനമാണത്.പണവും അവര്‍ നല്‍കും .എന്നാല്‍ കല്ലറ സുകുമാരന്‍ ലൈന്‍ ബസില്‍ വന്നിറങ്ങി കാല്‍ നടയായി സമ്മേളന വേദിയിലെത്തും.സമ്മേളനം കഴിഞ്ഞാല്‍ സ്ഥലത്തെ നല്ല ഹോട്ടലില്‍ നേതാവിനെ താമസിപ്പിക്കാന്‍ അനുയായികള്‍ തയ്യാറാണ്.പക്‌ഷേ അദ്ദേഹം പ്രവര്‍ത്തകരുടെ കുടിലില്‍ വന്ന് കഞ്ഞിയും ചമ്മന്തിയും കഴിച്ച് അവിടെയുള്ള പായില്‍ കിടന്നുറങ്ങാന്‍ മാത്രമാണി ഷ്ടപ്പെട്ടിരുന്നത്.ഏതു പ്രവര്‍ത്തകന്റേയും ഏതാവശ്യങ്ങള്‍ക്കും ഓടിയെത്തു മായിരുന്നു.എന്തെങ്കിലും കാര്യം സാധിക്കാന്‍ വരുന്നവര്‍ രണ്ടുപായക്ക്റ്റ് സിഗരറ്റാണ് കാണിക്കയായി കൊണ്ടു വരുന്നത്.

അമിതമായ പുകവലി ഒരു പരിധി വരെ ആരോഗ്യത്തെ പ്രതികുലമായി ബാധിച്ചിരുന്നു. എല്ലാവരേയും സ്‌നേഹിക്കുകയും ,വിശ്വസിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന എളിമയുടെ സാക്ഷാത്കാരമായിരുന്നുവെങ്കിലും ശത്രുക്കള്‍ക്കു ഒട്ടും കുറവില്ലായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതകരമായിരുന്ന വളര്‍ച്ചയില്‍ ജനപിന്തുണയില്‍, പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവുകളില്‍ നേതാവായിരുന്നുവെങ്കിലും സംഘടനാ രംഗത്തുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥമാക്കുമായിരുന്നു. അപ്പോഴെല്ലാം താങ്ങും തണലുമായി ഞാനും ഞാനടക്കമുള്ള ഒരു സുഹ്യദ് വലയവും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു പോന്നു.കേരളത്തിന്റെ സാമുഹ്യ-രാഷ്ട്രീയ ട്രേഡ് യുണിയന്‍ മേഖലകളില്‍ പ്രോജ്വലിച്ചു നിന്ന മഹാപ്രതിഭയെങ്കിലും ഇത്രയും സാധുവായൊരു നേതാവിനെ എനിക്കെവിടേയും കാണാന്‍ കഴിഞ്ഞിട്ടില്ല. രാജകീയ പ്രൗഡിയില്‍ ജീവിക്കുവാന്‍ അവസരങ്ങളുണ്ടായിരുന്നിട്ടും അതൊന്നും ആഗ്രഹിക്കാതെ എന്നും സാധാരണക്കാരനായി തുടരാനായിരുന്നു ആഗ്രഹം. നല്ലൊരു വീടു നിര്‍മ്മിക്കാനോ സംഘടനാ കാര്യങ്ങള്‍ക്ക് യഥാസമയം ഓടിയെത്താന്‍ ഒരു വാഹനം വാങ്ങുവാനോ സ്വന്തം ആണ്‍മക്കള്‍ക്ക് ഒരു ജോലി സമ്പാദിച്ചുകൊടുക്കുവാനോ കഴിയുമായിരുന്നുവെങ്കിലും സ്വന്തം കാര്യത്തെക്കുറിച്ച് ഒരിക്കല്‍ പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. എന്നും സംഘടന, പാര്‍ട്ടി, ട്രേഡ് യുണിയന്‍ അതിലണിനിരന്ന ജനതയുടെ പ്രശ്‌നങ്ങള്‍ ഇതിനുപ്പറും മറ്റൊരു ചിന്തകളും കല്ലറസുകുമാരനു ണ്ടായിരുന്നില്ല.1981 ലാണ് ഞാനാദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.

ഞാന്‍ താമസിക്കുന്ന എന്റെ ഗ്രാമത്തില്‍ ഈഴവര്‍ക്കാണ് ആധിപത്യം.രണ്ടാം സ്ഥാനം ദലിതര്‍ക്കാണെങ്കിലും അവര്‍ സംഘടിതരല്ല. ഈഴവ-പുലയ സംഘട്ടനം ഇവിടെ ഒരു സ്ഥിരം സംഭവമായിരുന്നു. ഈഴവര്‍ തല്ലും ദലിതര്‍ കൊള്ളും എന്തിന് തല്ലിയെന്നുപോലും ആരും ചോദിക്കാറുമില്ല. 1981 ല്‍ ഇവിടെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈഴവപക്ഷത്തു ചേര്‍ന്നു.ദലിതര്‍ എല്ലാപാര്‍ട്ടികളിലുമുണ്ടെങ്കിലും പാര്‍ട്ടികള്‍ ദലിതരെ കൈവിട്ടു.പിന്നെയുള്ളത് പുലയര്‍ മഹാസഭയാണ്. അടിയെന്ന് എഴുതി കാണിച്ചാല്‍ അവര്‍ വീട്ടിലെത്തും. ഇതായിരുന്നു സ്ഥിതി. ഇവിടെ കല്ലറ സുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും ആരാധകരായ രണ്ടു വ്യക്തികളുണ്ടായിരുന്നു.അവരോടു മറ്റു ദലിതര്‍ക്ക് പുച്ഛവുമായിരുന്നു. ഒന്ന് എന്റെ പിതാവ് പുതുവലില്‍ പി.കെ.രാഘവന്‍. (മരിച്ചുപോയി) രണ്ട് കാഥികന്‍ വൈക്കം തങ്കപ്പന്‍ (ജീവിച്ചിരിപ്പുണ്ടു) ഇവര്‍ രണ്ടുപേരും ചേര്‍ന്നു നാട്ടില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് കല്ലറ സുകുമാരന്‍ നേത്യത്വം നല്‍കുന്ന കേരളാഹരിജന്‍ ഫെഡറേഷന്റെ വൈക്കം താലുക്ക് നേതാക്കളെ കണ്ട് സംസാരിക്കുകയും അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ പഠിച്ചു.പോലീസില്‍ ബന്ധപ്പെട്ടു നാട്ടില്‍ സാമാധാനാന്തരീക്ഷമുണ്ടാക്കാനുള്ള അവസരമൊരുക്കി.

അങ്ങനെ കേരളാഹരിജന്‍ഫെഡറേഷന്റെ 482-ാം നമ്പര്‍ ബ്രാഞ്ചു കുടവെച്ചുരില്‍ രജിസ്റ്റ്ര്‍ ചെയ്തു പ്രവര്‍ത്തനമാരാംഭിക്കാനുള്ള കാര്യങ്ങള്‍ നടക്കുകയും കുറെ യുവാക്കള്‍ രംഗത്ത് വരികയും കല്ലറ സുകുമാരന്റെ പ്രസ്ഥാനമാണ് ഹരിജനങ്ങള്‍ക്കാവശ്യമെന്നു തിരിച്ചറിയുകയും അതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വൈകാതെ തന്നെ ബ്രാഞ്ചു ഉദ്ഘാടനസമ്മേളനം തീരുമാനിച്ചു.ഏകദിന സെമിനാറും വൈകുന്നേരം റാലിയും പൊതുസമ്മേളനവും ,നോട്ടീസ്, പോസ്റ്റര്‍,വാഹന പ്രചാരണം തുടങ്ങി.ഗംഭിരമായ പരിപാടികളോടെ തുടക്കംകുറിച്ചു.രാവിലെ 10 മണിയായപ്പോള്‍ വെള്ളപോളിയ്സ്റ്റര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു കറുത്ത കട്ടിയുള്ള ഫ്രയിം,ഉണ്ട കണ്ണട ധരിച്ചു കയ്യില്‍ ഒരു വിധം വലിയ ഒരു സുട്ട്‌കെയ്‌സും തുക്കിപിടിച്ചും ഒരു കറുത്ത ചെറിയ മനുഷ്യന്‍ ഞങ്ങളുടെ മുമ്പിലെത്തി. അതാണ് കല്ലറ സുകുമാരനെന്ന് എന്റെ പിതാവു എന്നോടു വന്നു പറഞ്ഞപ്പോള്‍ എനിക്കും ത്യപ്തിയായില്ല.അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ ഇതുപോലെ തന്നെ സുട്ട്‌കെയ്‌സും പിടിച്ചു പൊക്കം കുറഞ്ഞു സാമാന്യം വണ്ണമുള്ള സുമുഖനായ ഒരു മനുഷ്യന്‍ വന്നിറങ്ങി. അതായിരുന്നു. ശ്രീ പോള്‍ ചിറക്കരോട്.വലിയ പൊക്കവും വണ്ണവും കുടവയറും, വില കുടിയ വസ്ത്രങ്ങളും ധരിച്ച് വരുന്ന മേലാളന്മാരായ നേതാക്കളെ മാത്രം കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് ഈ നേതാക്കളെ അത്രയ്ക്കു കണ്ടുപിടിച്ചില്ല എന്ന സത്യം മറച്ചുവയ്ക്കുന്നില്ല. സെമിനാര്‍ ആരംഭിച്ചുകല്ലറ സുകുമാരനെന്ന കൊച്ചു മനുഷ്യന്റെ വായ് തുറന്ന് നാവിന്‍ തുമ്പില്‍ നിന്നുതിര്‍ന്നു വീണ തീപ്പൊരികള്‍ ഈ രാജ്യത്തെ ചാമ്പലാക്കാന്‍ കഴിയുന്നതാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്നു പോള്‍ ചിറക്കരോടിന്റെ ഊഴം വന്നു. സാഹിത്യകാരനായ അദ്ദേഹത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും ആയിരം അര്‍ത്ഥങ്ങളുണ്ടാക്കുന്ന വാചകങ്ങളും ഫലിതങ്ങളുമെല്ലാം ചേര്‍ന്ന തീവ്രമായ ഒരു തകര്‍പ്പന്‍ പ്രസംഗം ഞങ്ങളിലെ ഉറങ്ങിക്കിടന്ന വിപ്ലവകാരികള്‍ ഉണര്‍ന്നു.

ആവേശതിമിര്‍പ്പോടെ വൈകുന്നേരം റാലിയും പൊതു സമ്മേളനവും നടന്നു. 4 മണിക്കാരംഭിച്ച സമ്മേളനം രാത്രി 10.30 നു അവസാനിച്ചപ്പോള്‍ കേരളത്തിന്റെ മണ്ണില്‍ മര്‍ദ്ദിത ജനതയുടെ നേതാക്കള്‍ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും മാത്രമാണെന്നു ഞങ്ങള്‍ ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു. ഇന്നലകളില്‍ ദലിതരെ ആക്രമിച്ചവരെ ഞങ്ങള്‍ തിരിച്ചാക്രമിച്ചു തുടങ്ങി. ഒടുവില്‍ ഇരുവിഭാഗങ്ങളും ഒരു ഒത്തുതീര്‍പ്പിന് വേദിയൊരുക്കി.ഇന്നു എന്റെ നാട്ടില്‍ എന്റെ ജനതയെ ആരും ആക്രമിക്കില്ല. ശക്തി സംഭരിക്കു..... തിരിച്ചടിക്കു... എന്ന ആപ്ത വാക്യം നെഞ്ചിലേറ്റി വീടുകളില്‍ നിന്നും വീടുകളിലേക്കും ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കും ഞാനും സുഹ്യത്തുക്കളും പ്രായാണമാരംഭിച്ചു.കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും പകര്‍ന്നു തന്ന ആശയങ്ങളുമായിഞാന്‍ വിജയകരമായി ജൈത്രയാത്ര ആരംഭിച്ചു. 1981 ല്‍ കോട്ടയം ടൗണ്‍ എല്‍.പി.എസ് ഹാളില്‍ കെ.എച്ച്.എഫിന്റെ 1000 സന്നദ്ധ സേവകര്‍ക്കായി ഒരാഴ്ചക്കാലം നീണ്ടു നിന്ന നേത്യത്വ പരിശീലന ക്യാമ്പിലും പങ്കെടുത്തുകഴിഞ്ഞപ്പോള്‍ ആരുടെ ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ കഴിയുമെന്ന തന്റേടമുണ്ടായി. ജനങ്ങളെ സംഘടിപ്പിക്കാനും വേദികളില്‍ പ്രസംഗിക്കാനുമുള്ള എന്റെ കഴിവുകള്‍ എത്രയും വേഗം. എന്നെ നേത്യനിരകളിലേ ക്കാനയിച്ചു തുടങ്ങി. കേരള ഹരിജന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍. യുവജന ഫെഡറേഷന്‍ തുടങ്ങിയ കോവളം കമലാസനന്റേയും തട്ടയില്‍ രാമചന്ദ്രന്റേയും നേത്യത്വത്തിലുണ്ടായിരുന്ന സംഘടനകള്‍ കുടി കെ.എച്ച്.എഫിനെ മാത്യസംഘട നയായി അംഗീകരിച്ചപ്പോള്‍ കെ.എച്ച്.എഫ്. ഒരു വന്‍ ശക്തിയായി വളര്‍ന്നു.

1983 ല്‍ ഗുരുവായുര്‍ ക്ഷേത്ര ഊട്ടുപുരയില്‍ ബ്രാഹ്മണനായിരുന്നിട്ടും പുണുലില്ലായെന്ന കാരണത്താല്‍ സ്വാമി ആനന്ദ തീര്‍ത്ഥ,മര്‍ദ്ദനമേറ്റ സംഭവം അറിഞ്ഞയുടന്‍ കല്ലറ സുകുമാരന്റെ നേത്യത്വത്തില്‍ ഒരു പ്രതിഷേധ ജ്വാല ഉയര്‍ന്നു. തിരുവന്തപുരത്തു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 101 സന്നദ്ധഭടന്മാരേടൊപ്പം ഗുരുവായുരി ലേക്ക് നടത്തിയ ഐതിഹാസികമായ മാര്‍ച്ചാണു അയിത്താചാര വിരുദ്ധ തീര്‍ത്ഥാടന പദയാത്ര. ബ്രാഹ്മണര്‍ക്കു മാത്രമായി നടത്തുന്ന നമസ്‌കാര സദ്യ അവസാനിപ്പിച്ചേ ഞങ്ങള്‍ മടങ്ങു എന്നു പ്രഖ്യാപിച്ചു കൊണ്ടു വടക്കോട്ടു നീങ്ങിയ സമരജാഥയ്ക്കു എസ്.എന്‍.ഡി.പി.യോഗം, എസ്.ആര്‍.പി.തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പിന്തുണ നല്‍കുകയും ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുതരികയും ചെയ്തപ്പോള്‍ സമര ജ്വാല ആളിപ്പടര്‍ന്ന് കര്‍ണ്ണാടക-തമിഴ്‌നാടു ആന്ധ്രാ സംസ്ഥാനങ്ങളിലെ പ്രമുഖ ദലിത് നേതാക്കളും കേരളത്തിലെത്തി ഈ അയിത്താചാര വിരുദ്ധസമരത്തിനു പിന്തുണ നല്കിയതോടെ വാര്‍ത്താമാധ്യമങ്ങളില്‍ കല്ലറസുകുമാരനെന്ന നേതാവു തിളങ്ങി. വിശ്വഹിന്ദു പരിഷത്ത് വിശാലഹിന്ദു സമ്മേളന്‍, ആര്‍.എസ്.എസ്.തുടങ്ങിയ സംഘടനകള്‍ എതിര്‍ക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരൊക്കെ ഈ സമരത്തെ അനുകുലിക്കുക മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളില്‍ കല്ലറ സുകുമാരന് പുര്‍ണ്ണ കുംഭം നല്കി സ്വീകരിക്കുകയായിരുന്നു.

കെ.എച്ച്.എഫും കല്ലറസുകുമാരനും കേരളത്തിനകത്തും പുറത്തും ചര്‍ച്ചാവിഷയമായി മാറുകയും പത്രമാധ്യമങ്ങള്‍ അത്മാര്‍ത്ഥമായി സഹായിക്കുകയും ചെയ്തപ്പോള്‍ കല്ലറ സുകുമാരന്റെ യശസ്സ് വാനോളം ഉയരുകയായിരുന്നു. കല്ലറ സുകുമാരനും പേരും പ്രശസ്തിയും ഉണ്ടാക്കുമെന്നു തിരിച്ചറിഞ്ഞ പട്ടികജാതി സംഘടനകള്‍ ചില തറ വേലകള്‍ കാണിക്കാനും മടിച്ചില്ല. ഹരിജന്‍ സമാജം പ്രസിഡന്റ് എം.കെ. കുഞ്ഞോലിന്റെ നേത്യത്വത്തില്‍ കല്ലറ സുകുമാരനും കുടെ വരുന്ന ജാഥാ അംഗങ്ങളും അവശ ക്രിസ്ത്യാനികളാണെന്നും അവരെ അമ്പലത്തില്‍ പ്രവേശിപ്പിക്കരുതെന്നുള്ള അച്ചടിച്ച നോട്ടീസുകള്‍ ത്യശ്ശുര്‍ ജില്ലയിലുട നീളം വിതരണം ചെയ്തു. എന്നാല്‍ ഒരു ഹൈന്ദവ സംഘടനകളും അതു ചെവിക്കൊണ്ടില്ല.കല്ലറ സുകുമാരന്റെ ആവശ്യം ന്യായമാണെന്നു മനസ്സിലാക്കിയ ഗുരുവായുര്‍ ദേവസ്വം ബോര്‍ഡും അടിയന്തിരമായി കുടി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും ബ്രാമണര്‍ക്കുമാത്രമായുള്ള നമസ്‌കാര സദ്യ അവസാനിപ്പിക്കാമെന്നു തീരുമാനിക്കുകയും 1983 ഫെബ്രുവരു 13ന് രാവിലെ ഗുരുവായുര്‍ ക്ഷേത്രാങ്കണത്തിലെത്തിയ കല്ലറ സുകുമാരനേയും ജാഥാ അംഗങ്ങളേയും ദേവസ്വം ബോര്‍ഡിന്റെ നേത്യത്വത്തില്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചാനയിച്ച് ഊട്ടുപുരയില്‍ കൊണ്ടു ചെന്നു ബ്രാഹ്മണര്‍ക്കൊപ്പമിരുത്തി ഭക്ഷണം നല്‍കിയപ്പോള്‍ 500 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു അനാചാരമാണ് അവസാനിക്കപ്പെട്ടത്. ഗുരുവായുരപ്പന്റെ ഭക്തനും എല്ലാ മലയാളമാസം 1-ാം തീയതിയും ഗുരുവായുരില്‍ ദര്‍ശനം നടത്തുന്ന കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ.കരുണാകരന്‍ പോലും അന്നാദ്യമായാണ് ഊട്ടുപുരയില്‍ കാല്‍കുത്തിയത്.

ഗാന്ധിജി തോറ്റിടത്ത് കല്ലറ സുകുമാരന്‍ വിജയിച്ചു എന്നാണ് ഇംഗ്ലീഷ് പത്രങ്ങള്‍ പോലും എഴുതിയത്.കല്ലറ സുകുമാരനെ നേതാവാക്കി വളര്‍ത്തിയ ഏറ്റവും പ്രാധാന സമരമാണിത്.ഈ സമരത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും, ജാഥാ അംഗങ്ങളുടെ ലീഡറുമായിരുന്നു. കല്ലറ സുകുമാരന്റെ ദൗത്യം വിജയിപ്പിക്കാന്‍ സഹായിച്ചവരില്‍ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റായിരുന്ന ശ്രീ.എം.കെ. രാഘവന്‍ വക്കീല്‍, എസ്..ആര്‍.പി.നേതാവ് ശ്രീ.കെ.വി.വാസുദേവന്‍ എന്നിവരെ ഒരിക്കലും വിസ്മരിക്കാനാവില്ല.

കല്ലറ സുകുമാരന്‍ ഒരു നേതാവായി വളര്‍ന്ന് തുടര്‍ന്ന് അവശ ക്രൈസ്തവ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ബിഷപ്പ് ഹൗസ് മാര്‍ച്ച്, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭുമിക വേണ്ടിയുള്ള ആദിവാസി മാര്‍ച്ച്, ജാതി വിരുദ്ധ ജാഥ തുടങ്ങി കേരളത്തില്‍ അനാചരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ കല്ലറ സുകുമാരന്റെ നേത്യത്വത്തില്‍ എണ്ണമറ്റ പ്രക്ഷോഭസമരങ്ങള്‍ അരങ്ങു തകര്‍ത്തുകയുണ്ടായി. ഇത്രയേറെ സെമിനാറുകളും സിമ്പോസിയങ്ങളും,സമരങ്ങളും, മാര്‍ച്ചുകളും നടത്തിയ ഒരു സംഘടനയും കേരളത്തിലുണ്ടാകില്ല. ഏതു വിഷയങ്ങളെയും അപ്പോള്‍ തന്നെ പ്രതികരിക്കുന്ന പ്രതികരണ ശേഷിയുള്ള കരുത്തനായ നേതാവായിരുന്നു കല്ലറ സുകുമാരന്‍ ഹരിജനെന്ന പദം ഉപേക്ഷിച്ചു ദലിത് എന്ന പദം സ്വീകരിച്ചു. കെ.എച്ച്.എഫ്. എന്ന സംഘടന ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷനുമായി മര്‍ദ്ദിത ജനതയുടെ പ്രശ്‌നം ഗൗരവമായ രാഷ്ട്രീയ പ്രശ്‌നമാണെന്ന അംബേദ്കറുടെ ആശയം അംഗീകരിച്ചു കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും രുപം നല്‍കാന്‍ തീരുമാനിക്കുകയും ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി 1983 ഏപ്രില്‍ 20ന് ഇന്‍ഡ്യന്‍ ലേബര്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടി രുപീകരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി രുപീകരിച്ചപ്പോള്‍ സംഘടനയില്‍ നെല്ലും പതിരും തിരിയുന്നതു പോലൊരു മാറ്റം സംഭവിച്ചു. മറ്റു പല പാര്‍ട്ടികളില്‍ നിന്നും വിട്ടു നില്‍ക്കാനാവാത്ത കുറെ നേതാക്കളും പ്രവര്‍ത്തകരും ഐ.ഡി.എഫ് വിട്ടുവെങ്കിലും ഐ.എല്‍.പി.എന്ന തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെല്ലാ ഗ്രാമങ്ങളിലേക്കും വേരോടി. തൊഴിലാളികളെ തൊളിലാളികള്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന പേരില്‍ ഏറെ പ്രസക്തി നേടി.തെരെഞ്ഞെടുപ്പു വേദികളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞു. അധികാരത്തിലെത്താനായില്ലെങ്കിലും അടിത്തട്ടു ജനതയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ഐ.എല്‍.പിക്കു. കഴിഞ്ഞുവെന്നതു നിസ്സാരമല്ല.കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും നേത്യത്വം നല്‍കുന്ന IDF, CKTU, ILP, എന്നീ മുന്നു പ്രസ്ഥാ നങ്ങള്‍ കേരളക്കരയിലെ അയിത്തജാതിക്കാരുടെ മര്‍ദ്ദിത ജനതയുടെ വിമോചന സമര സംഘടനകളായി വളര്‍ന്നുവന്നു. 1995-ല്‍ കേരളത്തിലെ മികച്ച ദലിത് നേതാവും സാഹിത്യകാരനും എന്ന പേരില്‍ കല്ലറ സുകുമാരനും ഭാരതീയ ദലിത് സാഹിത്യ അക്കാഡമിയുടെ അംബേദ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചു.കേരളത്തിലും ഇന്‍ഡ്യയിലും ഇന്നോളം ദലിതര്‍ക്കുവേണ്ടി രചിച്ചിട്ടുള്ള ദലിത് സാഹിത്യ ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും ,ദലിത് സാഹിത്യകാരന്‍മാരെ സംഘടിപ്പിച്ച് ദലിത് സാഹിത്യ സംഘം രുപീകരിക്കുകയും ചെയ്തു. 

കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ദലിതരുടെ ചരിത്ര ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിച്ചു ദലിത് സാഹിത്യകാരന്‍മാരെ വിളിച്ചു പൊന്നാട അണിയിച്ചു സ്വീകരിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന IDF ന്റെ മഹാസമ്മേളനത്തില്‍ കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ.എന്‍.കെ. േജാസിനെ പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ദലിത് ബന്ധു എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇന്നും അദ്ദേഹം അറിയപ്പെടുന്നത് ദലിത് ബന്ധു എന്‍.കെ. ജോസ് എന്ന പേരിലാണ്. ഹരിജന്‍ പ്രശ്‌നങ്ങളില്‍ ഒരഭിവീക്ഷണം മുതല്‍ വിമോചനത്തിന്റെ അര്‍ത്ഥ ശാസ്ത്രം വരെ 20 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. അച്ചടിച്ചു പ്രസിദ്ധീകരിച്ചു കേരളത്തിലെ ദലിതര്‍ക്കു സമ്മാനിച്ചു. ഇന്ന് കേരളത്തിലെ മുഴുവന്‍ ദലിത് നേതാക്കളും പ്രസംഗിക്കുന്നതും സംസാരിക്കുന്നതും കല്ലറ സുകുമാരന്റെ ക്യതികളിലെ വാചകങ്ങള്‍ മാത്രമാണെന്നു പറഞ്ഞാല്‍ അതു തികച്ചും നുറു ശതമാനവും സത്യവുമാണ്. ദലിത് സംഗമങ്ങള്‍സംഘടിപ്പിച്ചു ദലിത് നേതാക്കളെ വിളിച്ചു വരുത്തി ദലിതര്‍ക്ക് ഒറ്റ സംഘടന എന്ന ആശയത്തിനുവേണ്ടി പലഘട്ടങ്ങളിലും കല്ലറ സുകുമാരന്‍ വീട്ടുവീഴ്ചകള്‍ക്കു തയ്യാറായിട്ടുണ്ട്. പ്രയോജനമുണ്ടായിട്ടില്ല കേരളക്കരയില്‍ ഡോ.അംബേദ്കര്‍ എന്ന പദവും ആരായിരുന്നു ഡോ. അംബേദ്കര്‍ എന്നും എന്താണ് അംബേദ്കറുടെ ആശയങ്ങളെന്നും പ്രചരിപ്പിച്ച ആദ്യ ദളിത് നേതാവ് കല്ലറ സുകുമാരനാണ്. അംബേദ്കര്‍ ആശയങ്ങളുടെ പ്രചുര പ്രചാരകന്‍ അദ്ദേഹമാണ്. അതിനുശേഷമാണ് പല നേതാക്കളും സംഘടനകളും അംബേദ്കറെ അറിയുന്നത്.

ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പുരോഗമിച്ചുകൊ ണ്ടിരിക്കുമ്പോഴും ദേശീയ തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍ഷിറാം നേത്യത്വം നല്‍കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വളര്‍ച്ചയും കല്ലറ സുകുമാരനും സഹപ്ര വര്‍ത്തകരും വീക്ഷിച്ചുകൊണ്ടിരുന്നു. ഐ.എല്‍.പി.യുടെ ആശയങ്ങളുമായി യോജിക്കുന്ന ബി എസ് പി എന്ന ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ കല്ലറ സുകുമാരന്‍ ബാഗ്ലുരില്‍ ചെന്ന് കാന്‍ഷിറാംനെ കണ്ടു സംസാരിച്ചു. ILP, BSPയില്‍ ലയിപ്പിച്ചു കൊണ്ട് കേരളത്തില്‍ ആടജയില്‍ പ്രവര്‍ത്തനമാരംഭിക്കാമെന്നു സമ്മതിക്കുകയും 1989 ഓഗസ്റ്റ 15 നു തിരുവനന്തപുരം ബാങ്ക് എംപ്ലോയിസ് യുണിയന്‍ ഹാളില്‍ നടന്ന സമ്മേള നത്തില്‍ ILP,ആടജ യില്‍ ലയിച്ചതോടെ കല്ലറ സുകുമാരന്‍ രുപം നല്‍കിയ പ്രസ്ഥാനവും അനുയായികളും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. വൈകാതെ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ രുപീകരിച്ചു സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. ഐ.എല്‍.പി.യുടെ കല്ലറ സുകുമാരനും കേരള ചേരമര്‍ സംഘ ത്തിന്റെ ചാമക്കാല്‍ രാജപ്പന്‍വിശ്വകര്‍മ്മാ മഹാസഭയുടെ കെ. വാസുദേവന്‍ ദലിത് ക്രിസ്റ്റ്യന്‍ ഫെഡറേഷന്റെ വി.സി.മത്തായി എന്നീ നാലുപേര്‍ കണ്‍വീനര്‍മാരായി ഞാനടക്കമുള്ളവര്‍ കമ്മിറ്റിയംഗങ്ങളായും BSP കേരളത്തില്‍ പടയോട്ടമാരംഭിച്ചു. തുടര്‍ന്ന് കല്ലറ സുകുമാരാന്‍ പ്രസിഡന്റും, ഹാജി മൊയ്തീന്‍ ഷാ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു. കല്ലറ സുകുമാരന്റെ ജനപിന്തുണയും നേത്യത്വ പാടവവും കണ്ടു അസുയാലുക്കളായ ഭാഗ്യാന്വേഷികളായ പുതിയ നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടിക്കുള്ളുല്‍ ഗ്രുപ്പു കളിയാരംഭിച്ചു. കല്ലറ സുകുമാരനെ ഒഴിവാക്കുവാനും കല്ലറ സുകുമാരന്‍ നേത്യത്വം നല്‍കിയ ഐ.ഡി. എഫിനെ തകര്‍ക്കാനും CKTU വിനെ ആടജയോടൊപ്പം നിര്‍ത്താനുമുള്ള കുതന്ത്രങ്ങളുടെ ഭാഗമായി പാര്‍ട്ടിയിലും IDFലും വിള്ളലുകള്‍ സ്യഷ്ടിച്ചു. 30 വര്‍ഷക്കാലം ഒരു മനസ്സോടെ നിന്ന കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും രണ്ടു ചേരികളിലായി ആദ്യം ഐ.ഡി.എഫിനെ പിളര്‍ത്തി. അന്നാദ്യമായി കല്ലറ സുകുമാരന്‍ ഹ്യദ്രോഹിയായി ആശുപത്രിയിലായി, പലരും കല്ലറ സുകുമാരന്റെ അന്ത്യം കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി എത്ര പണം മുടക്കേണ്ടി വന്നാലും ജീവന്‍ രക്ഷിച്ചെടുക്കണമെന്ന വാശിയില്‍ ഞാനും എന്റെ സുഹ്യത്തുക്കളും ഊണുമുറക്കവും ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം നിന്നു. നുറുപേരുടെ പോലും പിന്തുണയില്ലാത്ത ചില നേതാക്കള്‍ കേന്ദ്ര ബന്ധമുപയോഗിച്ച് കല്ലറ സുകുമാരനെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടത്തിയപ്പോഴൊക്കെ ജനങ്ങളെ അണി നിരത്തി ഞങ്ങള്‍അതിനെയൊക്കെ നേരിട്ട് വിജയം കൈവരിച്ചുവെങ്കിലും സംഘടനയിലും പാര്‍ട്ടിയിലും യുണിയനിലുമെല്ലാം ഗ്രുപ്പുകളുണ്ടായി. ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞ പ്രവര്‍ത്തകര്‍ ശത്രുക്കളായി മാറി. 4 പതിറ്റാണ്ടുകള്‍ സത്യസന്ധമായും നിഷ്‌കളങ്കമായും ധീരമായും കല്ലറ സുകുമാരന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങള്‍ ബി.എസ്.പി. ബന്ധം തിരിച്ചടിയായി മാറിയെന്നതാണ് സത്യം. ഇന്ന് ബി എസ് പി കല്ലറ സുകുമാരന്റെ അനുയായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്യമായിരിക്കുന്നു. എവിടെ നിന്നോ വന്ന ആരുടെയൊക്കെയോ കൈകളിലാണ് ബി. എസ്.പി. അതുകൊണ്ട് തന്നെ അതിന്റെ ഭാവിയും കേരളത്തില്‍ അവസാനിച്ചിരിക്കുന്നു.ഇത്തരം സംഭവങ്ങള്‍ കല്ലറ സകുകുമാരനെ മാനസികമായി തളര്‍ത്തിയിരുന്നു.1996 ഒക്‌ടോബര്‍ 12 ന് ആ മഹാരഥന്‍ ഹ്യദ്രോഗം മുലം കാലയവനികയുടെ പിന്നില്‍ മറയുമ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരു ജനതയുടെ സ്വപ്നങ്ങളായിരുന്നു. മര്‍ദ്ദിത ജനതയ്ക്കായി സാമുഹിക സംഘടനയും ട്രേഡ് യുണിയന്‍ പ്രസ്ഥാനവും, രാഷ്ട്രീയ പാര്‍ട്ടിയും സാഹിത്യ സംഘവും രുപീകരിച്ചു സെമിനാറുകളും പഠനക്ലാസുകളും സമ്മേളനങ്ങളും സമരങ്ങളും കൊണ്ടു കേരളത്തെ ഇളക്കി മറിച്ച മര്‍ദ്ദിത ജനതയെ ബോധവല്‍ക്കരിച്ച അസംഘടിതരെ സംഘടിപ്പിച്ച ജനനേതാവായ കല്ലറസുകുമാരനെന്ന സുര്യന്‍ അസ്തമിച്ചുവെങ്കിലും അദ്ദേഹം രചിച്ച പുസ്തക ങ്ങളിലുടേയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടവരിലുടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.

അണയുകയില്ലൊരു നാളും 
അടിമതന്‍ ചിന്തയില്‍
ആളിപ്പടരുമീ അഗ്നിജ്വാല


2017, നവംബർ 16, വ്യാഴാഴ്‌ച

പ്രകാശ്: കഴുത്തറുക്കപ്പെട്ട ഏകലവ്യന്‍..!!!

image link;ഒരു പ്രതിഭയെക്കൂടി കൊന്നെടുത്തിരിക്കുന്നു. ചെന്നൈയിലെ ഗവണ്മെന്റ് ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ സിറാമിക് ഡിസൈന്‍ കോഴ്‌സിന് പഠിക്കുകയായിരുന്ന പ്രകാശ് എന്ന ദലിത് വിദ്യാര്‍ത്ഥി വെല്ലൂരുള്ള വസതിയില്‍ 2017 ഒക്ടോബര്‍ 25 ന് കെട്ടിത്തൂ ങ്ങി ആത്മഹത്യ ചെയ്ത വാര്‍ത്ത 'ദി ഹിന്ദു' വെബ് പത്രിക റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ത്ഥിബനും സെന്താമരൈയുമാണ് പ്രകാശിന്റെ അച്ഛനമ്മമാര്‍. പാര്‍ത്ഥിപന്‍ ഗവ. ആശുപത്രിയില്‍ ജീവനക്കാരനാണ്. തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കിയാണ്, അച്ഛനമ്മമാര്‍ പ്രകാശിന്റെ പഠനച്ചെലവിനുള്ള തുക കണ്ടെത്തിയത്. അതോടെ കുടുംബം ഭവനരഹിതരായി. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനുവേണ്ട അധി കച്ചെലവ് കണ്ടെത്താന്‍ പ്രയാസമായതിനാല്‍ പ്രകാശ് വെല്ലൂരുള്ള വസതിയില്‍ നിന്നും കോളേജില്‍ വന്നുപോയാണ് പഠനം തുടര്‍ന്നിരുന്നത്. കുട്ടിയായിരിക്കു മ്പോള്‍ത്തന്നെ പ്രകാശ്, ചിത്രരചനയിലും പെയിന്റിഗിലും അസാധാരണ വൈഭവം പ്രകടിപ്പിച്ചിരുന്നു. കാള്‍ സാഗന് തുല്യനായ ഒരു ശാസ്ത്രസാഹിത്യകാരനായി ഉയരണമെന്ന് ആഗ്രഹിച്ചിരുന്ന രോഹിത് വെമുലയെ പോലെ ചിത്രകലയിലെ ചരിത്രപുരുഷന്മാരുടെ ഇടയിലേക്ക് വളര്‍ന്ന് വലുതാകണമെന്ന മോഹം പ്രകാശും വെച്ചുപുലര്‍ത്തിയിരുന്നു.

കോളേജില്‍ നിന്നും സമര്‍ത്ഥനായ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് രണ്ടുതവണ പ്രകാശ് കരസ്ഥമാക്കിയിട്ടുണ്ട്. സമ്പൂര്‍ണ മികവിനുള്ള അവാര്‍ഡിന് പ്രകാശിനെ പരിഗണി ക്കപ്പെട്ടത് പക്ഷെ, ഫാക്കല്‍റ്റിയിലുള്ള അധ്യാപകരില്‍ ദുരയുളവാക്കി. എല്ലാം തികഞ്ഞവര്‍ എന്ന അഹങ്കാരം വെച്ചുപുലര്‍ത്തിയിരുന്ന ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകരുടെ കാഴ്ചപ്പാടില്‍ ഹീനജാതിക്കാരന്‍ കഴിവുകെട്ടവനായിരുന്നു. അധ്യാപ കരുടെ ഈ മുന്‍വിധിയെയാണ് രണ്ടുവര്‍ഷത്തെ മികവിനുള്ള അംഗീകാരം നേടിടെ യുത്തതിലൂടെ പ്രകാശ് ഉച്ചാടനം ചെയ്തത്. അതിന് അവര്‍ പകരംവീട്ടിയത്, മറ്റ് വിദ്യാര്‍ത്ഥികളുടെ മുമ്പില്‍വെച്ച് പ്രകാശിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു കൊണ്ടായിരുന്നു. 

എല്ലാം തികഞ്ഞവരും, ലോകത്തെ മറ്റെല്ലാ ജനവിഭാഗങ്ങളേയും അടക്കിഭരിക്കാന്‍ അധികാരപ്പെട്ടവര്‍ എന്ന അഹങ്കാരം വെച്ചുപുലര്‍ത്തിയ, സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍, ബെര്‍ലില്‍ ഒളിമ്പിക്‌സില്‍ 4 മെഡല്‍ നേടിയെ കറുത്തവര്‍ഗ ക്കാരന്‍ ജെസ്സി ഓവന്‍സിനെ കണ്ട്് കലികയറി സ്‌റ്റേഡിയം വിട്ടുപോയ സംഭവത്തിന് ചരിത്രം സാക്ഷി! ഈ സുപ്രീമസി പോളിസിയാണ് പ്രകാശിന്റെ ജീവന്‍ അപഹരിച്ചത്. ആറുമാസങ്ങള്‍ക്കു മുമ്പ് അധ്യാപകര്‍ തന്നെ അധിക്ഷേപിക്കുന്നതായി പ്രകാശ് അമ്മയെ അറിയിച്ചിരുന്നു. കുടുംബത്തിന് ആ അറിവ് വലിയ ആഘാതമാ യിരുന്നു. കാരണം മിടുക്കനായ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡിന് രണ്ടുവട്ടം തെരഞ്ഞെ ടുക്കപ്പെട്ട ഒരാള്‍ അധ്യാപകരാല്‍ അധിക്ഷേപിക്കപ്പെടുകയോ? അമ്മ സെന്താ മരൈ പത്രലേഖകര്‍ക്കു മുന്നില്‍ വിതുമ്പി.... 

പ്രകാശ് കൊല്ലപ്പെട്ടശേഷം ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് വളരെ നിസ്സംഗമായ സമീപനമാണ് ലഭിക്കുന്നതെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട സന്നദ്ധസംഘടനയായ 'എവിഡന്‍സ്'ന്റെ വക്താവായ എ കതിര്‍ പത്രലേഖകര്‍ക്കു വെളിപ്പെടുത്തി. എവിഡന്‍സ് മാത്രമാണ് ഈ കാര്യത്തില്‍ സമാശ്വാസത്തിനായി പാര്‍ത്ഥിബന്റേയും സെന്താമരൈയുടേയും കൂടെയുള്ളത്.

ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യമിതാണ്, കഴിവുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാ ണല്ലോ പ്രകാശിനെ രണ്ടുവട്ടം മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡിനായി അധ്യാപകര്‍ തെരഞ്ഞെടുത്തത്. അയാള്‍ ഇപ്പോള്‍ ഇല്ലായ്മചെയ്യപ്പെട്ടിരിക്കുന്നു. ശേഷിക്കുന്നത് കഴിവ് കുറഞ്ഞവര്‍ മാത്രം. ഈ കഴിവുകുറഞ്ഞവരെക്കൊണ്ടാണോ ജാതിഹിന്ദുക്കള്‍ രാജ്യത്തെ പുരോഗതിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്? 

ഏകലവ്യനെ നിര്‍വീര്യനാക്കിക്കൊണ്ടല്ല അരുമശിഷ്യനെ ഒന്നാം സ്ഥാനത്ത് എത്തിക്കേണ്ടത്. ഏകലവ്യന്‍ ആര്‍ജിച്ചതിനേക്കാള്‍ ഉപരിയായ ശേഷികള്‍ ശിഷ്യന് (അര്‍ജുനന്) പകര്‍ന്നുകൊടുക്കണമായിരുന്നു. അതായിരിക്കണം ഒരു ഗുരുവിന്റെ ധര്‍മം. ഇവിടെ ദ്രോണാചാര്യര്‍ പ്രവര്‍ത്തിച്ചത് ധര്‍മത്തിന് വിരുദ്ധമാണ്. 
2017, നവംബർ 15, ബുധനാഴ്‌ച

അഭിമുഖം: ആന്ധ്രയിലെ ദലിത് ജീവിതം - ഗോഗു ശ്യാമള / നിഖില ഹെന്റി


ഒരിക്കല്‍ മാവോയിസ്റ്റ് എന്നും മറ്റൊരിക്കല്‍ ദലിത് എന്നും മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെട്ട തെലുങ്കാന എഴുത്തുകാരിയാണ് ഗോഗു ശ്യാമള. കവിയും കഥാകൃത്തും അക്കാദമിക്കും എന്നു മാത്രമല്ല ദലിത് ഫെമിനിസ്റ്റ് എന്ന പദവികൂടിയുണ്ട് ശ്യാമളയ്ക്ക്. മുഖ്യധാര സവര്‍ണ്ണ ഫെമിനിസ്റ്റുകളുടെ നല്ലപിള്ള പട്ടികയില്‍ ഒതുങ്ങാതെ, ദലിത്‌സ്ത്രീസ്വത്വത്തെ പ്രണയിക്കുകയും വളര്‍ത്തുകയും ആണ് ശ്യാമള ഇന്ന്. ''അന്വേഷി വിമന്‍സ് സ്റ്റഡി സെന്റര്‍'' എന്ന അക്കാദമിക സ്ത്രീവാദ സംഘടനയില്‍ ദലിത സ്ത്രീകളുടെ ചരിത്രം പുനര്‍ നിര്‍മ്മിച്ച് വരികയാണ് ഈ ചരിത്രകാരി. 

നിഖില ഹെന്റി : ആക്ടിവിസ്റ്റായും ദലിത് എഴുത്തുകാരി എന്ന നിലയിലും താങ്കള്‍ ഏറെ ദൂരം താണ്ടിയല്ലോ. ഈ യാത്രയുടെ തുടക്കം എവിടെനിന്നായിരുന്നു.? 
ഗോഗു ശ്യാമള : എന്റെ അച്ഛന്‍ ബാലയ്യ, കൃഷിക്കാരനായിരുന്നു. മാദിക ജാതിക്കാരാണ് ഞങ്ങള്‍. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിട്ടാണ് ജീവിച്ചു പോന്നിരുന്നത്. അമ്മയും എന്റെ മുന്ന് സഹോദരങ്ങളും കൃഷിപണിയില്‍ എന്നും വ്യാപൃതരായിരുന്നു. ഞാന്‍ തീരെ മെലിഞ്ഞ്, എല്ലിച്ച കുട്ടിയായതിനാല്‍ പണിയൊന്നും ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെ എന്നെ പഠിക്കാന്‍വിടാന്‍ അച്ഛനെ പ്രേരിപ്പിച്ച ഒരു സംഭവമുണ്ടായി. എന്റെ ഗ്രാമത്തില്‍ (പെദ്ദമൂര്) അക്ഷ രാഭ്യാസമുള്ളവര്‍ ആരും തന്നെയുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍. എന്റെ വീട്ടിലും അതേ സ്ഥിതി തന്നെ. അപ്പോഴാണ് സ്ഥലം പാട്ടത്തിന് ലഭിക്കാന്‍ സര്‍ക്കാര്‍ സമ്മതം ആവശ്യമായത്. പാട്ടസംവിധാനമാണ് സര്‍ക്കാര്‍ ഭൂമിയില്‍ കിടികിടപ്പുള്ളവര്‍ ആ ഭൂമി പാട്ടത്തിന് (lease) എടുക്കാന്‍ അപേക്ഷ കൊടുക്കണം. എന്റെ അച്ഛന്‍ 10 വര്‍ഷത്തേക്ക് പാട്ടം ചോദിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കയറി ഇറങ്ങി. റവന്യു ഭാഷ ഇംഗ്ലീഷിലും ഉറുദുവിലുമാണ് അന്നുണ്ടായിരുന്നത്. 

എന്റെ അച്ഛനാണെങ്കില്‍ തെലുഗു മാത്രമേ സംസാരിക്കാനറിയു. ബ്രോക്കര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരെയും പ്രീതിപ്പെടുത്താന്‍ ഒരുപാട് പണവും സമയവും ചെലവായി. അതിനു പുറമെ, നിരക്ഷരനാണ് എന്ന അപകര്‍ഷതാബോധവുും എന്റെ അച്ഛനുണ്ടായി. അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലെ വലിയ പണ്ഡിതനാണെന്ന് ഓര്‍ക്കണം. പാട്ടും കവിതയും ഡപ്പുമുട്ടും എല്ലാം അറിയാം. ഈ സംഭവത്തിന് ശേഷം അദ്ദേഹം മക്കളില്‍ ഒരാളെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. എനിക്ക് കൃഷിപണി ഒന്നും അറിയാത്തതിനാല്‍ എന്നെ പഠിപ്പിക്കാന്‍ തെരഞ്ഞെടുത്തു. ഈ തീരുമാനമാണ് എന്നെ ഞാനാക്കിയത്. 

പഠിക്കുമ്പോള്‍ താങ്കളുടെ ലക്ഷ്യം എന്തായിരുന്നു. ?

എന്നെ സ്‌കൂളില്‍ അയച്ചപ്പോള്‍ മുതല്‍ അച്ഛന് ഞാന്‍ വലിയ സര്‍ക്കാര്‍ ജോലിക്കാരിയാകണം എന്നായിരുന്നു ആഗ്രഹം. എന്നെ പഠിപ്പിക്കാന്‍ മുണ്ട് മുറുക്കിയുടുത്താണ് കുടുംബം കഴിഞ്ഞിരുന്നത്. ഞാന്‍ പത്താം തരം വരെ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചത്. ഇന്റര്‍മീഡിയറ്റിന് സയന്‍സ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. ഡോക്ടറാകാന്‍. എന്നാല്‍ ഇതിനെല്ലാം വലിയ പണചെലവായതിനാല്‍ അച്ഛന് വലിയ വിഷമമായിരുന്നു. അത് മനസ്സിലാക്കി ഹിസ്റ്ററി എടുക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. ഹൈദ്രബാദിലെ സോഷ്യല്‍ വെല്‍ഫയര്‍ ഹോസ്റ്റലിലേക്ക് മാറി. പിന്നീട് ഒരു ചാന്‍സ് കിട്ടിയപ്പോള്‍ ലാബ് ടെക്‌നീഷ്യന്‍ കോച്ചിംഗും തുടങ്ങി. എന്റെ ജീവിതം വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന വഴിതിരിവിലേക്ക് വരുന്നതും, ഞാന്‍ വിദ്യാഭ്യാസം തന്നെ വേണ്ടെന്ന് വെക്കുന്നതും ഇവിടെ വെച്ചാണ്. 

വിദ്യാഭ്യാസം വേണ്ടെന്ന് വെക്കാന്‍ കാരണമെന്തായിരുന്നു?
ദലിതര്‍ക്കുവേണ്ടിയുള്ളതാണല്ലോ സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റല്‍. അവിടെ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് ജാതിവിവേചനം എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഭക്ഷണം കിട്ടാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഉള്ളതുതന്നെ വളിച്ചതും പുളിച്ചതും എല്ലാമായിരിക്കും. ഇത് സഹിക്കാന്‍ കഴിയാതെ ഞങ്ങള്‍ എട്ട് പത്ത് പെണ്‍കുട്ടികള്‍ ഒരു ലെഫ്റ്റിസ്റ്റ് വിദ്യാര്‍ത്ഥിസംഘടനയുടെ സഹായത്താല്‍ സമരത്തിനിറങ്ങി. ഞങ്ങള്‍ പത്രങ്ങളിലേക്ക് കത്തുകള്‍ കൊടുത്തുവിടാന്‍ തുടങ്ങി. എല്ലാം ഹോസ്റ്റല്‍ മാനേജ്‌മെന്റിന് എതിരാണ്. വാര്‍ഡനും മറ്റ് ഉദ്യോഗസ്ഥരും ഇതറിഞ്ഞ് ഞങ്ങളുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി. എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം ഞാന്‍ വഴി പിഴച്ചവളാണെന്നായിരുന്നു. ഞാന്‍ നേതാക്കളുടെ കൂടെ കറ ങ്ങിയടിച്ച് നടക്കുകയാണ്. സെക്കന്റ്‌ഷോ സിനിമക്ക് പോകുന്നു എന്നെല്ലാം. ചുരുക്കി പറഞ്ഞാല്‍ സ്വഭാവം നന്നല്ല. എന്റെ അച്ഛന് ഇത് കേട്ട് ഒരുപാട് ദുംഖം ഉണ്ടായി. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഹോസ്റ്റലില്‍ നിന്നതാകട്ടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനായിരുന്നു. പഠനം നിര്‍ത്താന്‍ അധികം നാള്‍ വേണ്ടി വന്നില്ല. 

രാഷ്ട്രീയ പ്രവര്‍ത്തനം തെരെഞ്ഞെടുക്കാന്‍ വ്യക്തിപരം എന്നതിനുപരി എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായിരുന്നോ? 
എല്ലാ രാഷ്ട്രീയവും വ്യക്തിപരമായ തരത്തില്‍ തന്നെയാണ് തുടങ്ങുന്നത്. നമ്മെ സ്പര്‍ശിക്കുന്ന കാര്യങ്ങളോടുള്ള പ്രതികരണമാണ് രാഷ്ട്രീയം. ഞാന്‍ പൂര്‍ണ്ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങാനും തീവ്ര രാഷ്ട്രീയ പ്രവര്‍ത്തനമായ നക്‌സിലസത്തില്‍ പങ്ക് കൊള്ളാനും കാരണം വളരെ വ്യക്തിപരമായിരുന്നു. എന്നെ പഠിപ്പിക്കാന്‍ എന്റെ വീട്ടുകാര്‍ക്ക് കഴിവുണ്ടായിരുന്നില്ല. എനിക്കാണെങ്കില്‍ കൃഷിപണി ചെയ്യണ്ട. എന്നാലെന്റെ ആവശ്യങ്ങള്‍ പറഞ്ഞ് വീട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരു നേരം പോലും ഭക്ഷണം കഴിക്കാതെ പഠിച്ച കാലമുണ്ട്. ഈ സ്ഥിതിയില്‍ ഒരു ആൃലമവേശിഴ ടുമരല തന്നത് രാഷ്ട്രീയപ്രവര്‍ത്തനമാണ്. പിന്നീട് 1983-84ല്‍ ഞാന്‍ എന്നെ തന്നെ വിപ്ലവത്തിന് വിട്ട് കൊടുത്തു. എന്റെ സാഹചര്യങ്ങളുള്ള മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം അങ്ങനെ ഒരു നാള്‍ വ്യക്തിപരം എന്നത് രാഷ്ട്രീയ വത്കൃതമായി.

നക്‌സല്‍ കാലഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് (Caste Conflict) ഉണ്ടായിരുന്നെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു.?
നക്‌സല്‍ അനുഭവങ്ങള്‍ Democratic എന്നു പറയുന്ന ഒരു സംഘടനയില്‍ Cast Hierarchy എങ്ങനെയുണ്ടാകുമെന്നാണ് എന്നെ പഠിപ്പിച്ചത്. നക്‌സല്‍ കാലഘട്ടത്തില്‍ നല്ല ഓര്‍ഗനൈസര്‍ എന്ന പദവി എനിക്കുണ്ടായിരുന്നു. എന്നാല്‍ നല്ല നേതാക്കള്‍ എന്ന അംഗീകാരം മുഴുവന്‍ റെഡ്ഡി, കമ്മ ജാതികളില്‍ പെടുന്ന നേതാക്കള്‍ക്കായിരുന്നു. ഞാന്‍ കഷ്ടപ്പെട്ട് ആളുകളെ സംഘടിപ്പിച്ച് യോഗത്തിന് കൊണ്ടുവരും. ദിവസങ്ങളോളം നടന്നാണ് ആളുകളെ സംഘടിപ്പിക്കുന്നത്. എന്നാല്‍ പൊതുയോഗത്തില്‍ മേല്‍പറഞ്ഞ ''ഉയര്‍ന്ന'' ജാതിക്കാരയാരിക്കും. ഈ നേതൃത്വ നിരയെ സ്വീകരിക്കാന്‍ ഞാന്‍ നല്ലൊരണിയായി ഇങ്ങനെ നിരന്തരമായ ഒരു ജാതിയുദ്ധം നക്‌സല്‍ പ്രസ്ഥാനത്തിനുള്ളില്‍ തന്നെയുണ്ടായിരുന്നു. 

ഈ Cast Conflict - ല്‍ പ്രസ്ഥാനത്തെ ചോദ്യം ചെയ്ത അവസരം ഉണ്ടായിട്ടുണ്ടോ?
1986 -ലെ കാരംചടു കൂട്ടകൊലതന്നെയാണ് മറക്കാനാവാത്തത്. ദലിതവാടയിലെ ഒരു കുളം എരുമയെ കഴുകി മലിനമാക്കരുതെന്ന് ഒരു ദലിതസ്ത്രീ, റെഡ്ഡി സമുദായത്തില്‍പ്പെട്ട ഒരുവനോട് പറഞ്ഞതാണ് കുരുതിക്ക് കാരണം. ആറുപേരെയാണ് അന്ന് അവിടെ കൊന്നെടുക്കിയത്. പല കമ്മ്യൂണിസ്റ്റ്. നക്‌സല്‍ ദലിത് നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍, പ്രസ്ഥാനത്തില്‍ സവര്‍ണ്ണനേതാക്കള്‍ക്കിടയില്‍ പൊതുവെയുള്ള പറച്ചില്‍ കാരംചടുവില്‍ ഒരു ജന്മി -കുടിയാന്‍ സംഘര്‍ഷം ആണെന്നാണ്. ഞങ്ങളില്‍ ചിലര്‍ ജാതിപ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ ശ്രമിച്ചത് അവര്‍ക്ക് ദഹിച്ചിരുന്നില്ല. ആ കാലഘട്ടത്തിലാണ് ഞാന്‍ അംബേദ്ക്കര്‍ പഠനം ഗൗരവമായി കാണാന്‍ തുടങ്ങിയത്. മാര്‍ക്‌സിസവും, മാവോയിസവും നല്‍കാത്ത ഉത്തരങ്ങള്‍ അംബേദ്ക്കര്‍ എനിക്ക് തന്നു. ഇതിന് ശേഷം പ്രസ്ഥാനത്തില്‍ തന്നെ മാറ്റമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു. അംബേദ്ക്കര്‍- മാര്‍ക്‌സ് പാരലല്‍ പഠനങ്ങള്‍ തുടങ്ങി. അപ്പോളാണ് അത്ര നാളും നേതാക്കളായ സവര്‍ണ്ണര്‍ക്ക് ഒന്നും അറിയില്ലെന്ന് മനസ്സിലായത്. ദലിത തത്വശാസ്ത്രം താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അന്ന് തുടങ്ങിയ അംബേദ്ക്കര്‍ പഠനം ഞാന്‍ ഇന്നും നിര്‍ത്തിയിട്ടില്ല. ഇന്റര്‍മീഡിയറ്റിന് ശേഷം നിര്‍ത്തിയ പഠനം പുനരാരംഭിയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും അംബേദ്ക്കര്‍ തത്വശാസ്ത്രമാണ്. പിന്നെ ബി.എയും എല്‍.എല്‍ബിയും ജോലി കിട്ടാന്‍ വേണ്ടി ചെയ്തതാണ് അംബേദ്ക്കറാണ് എന്റെ അടിസ്ഥാനം.

സ്ത്രീ പ്രസ്ഥാനങ്ങളുമായുള്ള കൂടിചേരല്‍ എന്നാണുണ്ടായത്. അതിനുള്ള കാരണം? 
എല്‍.എല്‍.ബി എടുത്തതിനുശേഷം ഒരു ജോലി തിരഞ്ഞുള്ള നടപ്പായിരുന്നു. അപ്പോഴെക്കും എന്റെ വിവാഹം കഴിഞ്ഞിരുന്നു. മകനും ജനിച്ചു. ഒരു ജോലി അത്യാവശ്യമായിരുന്നു. ജോലിതിരച്ചിലിനുമിടയിലും ഞാന്‍ പല പൊതുയോഗങ്ങളിലും പങ്കെടുത്തിരുന്നു. അതിനിടയില്‍ വീണ് കിട്ടിയതാണ് അന്വേഷി സെന്റര്‍ ഫോര്‍ വമിന്‍സ് സ്റ്റഡീസില്‍ റിസര്‍ച്ചിനുള്ള അവസരം. തുടക്കത്തിലെ ഞാന്‍ സ്ത്രീകളെന്നത് ഒരു Homogenous Category ആണെന്ന വാദത്തെ എതിര്‍ക്കുകയായിരുന്നു. അന്നുമുതല്‍ ദലിതസ്ത്രീ ജീവിതവും കലയും രേഖപ്പെടുത്തുകയാണ് എന്റെ രാഷ്ട്രീയവും കലയും ജോലിയും ജീവിതവുമെല്ലാം. 

ദലിതസ്വത്വം പീഢിതരുടെ സ്വത്വമാണെന്നാണ് പല സവര്‍ണ്ണ ചരിത്രരേഖകളും കണക്കാക്കുന്നത്. എന്നാല്‍ താങ്കളുടെ ചരിത്രപഠനങ്ങളും എഴുത്തും ദലിത ജീവിതത്തെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ?

വര്‍ഷങ്ങളോളം Brahma-nical Ideology യുടെ അടിച്ചമര്‍ത്തല്‍ സഹിച്ചവരാണ് ദലിതര്‍. എന്നാല്‍, ''ഉയര്‍ന്ന'' ജാതിക്കാര്‍ അഴിച്ചുവിട്ട ആക്രമങ്ങള്‍ സഹിച്ചു കഴിയുന്നവര്‍ എന്ന വ്യക്തിത്വം മാത്രമല്ല ദലിതര്‍ക്കുള്ളത്. 

ആന്ധ്രപ്രദേശില്‍ പത്യേകിച്ച് തീരപ്രദേശങ്ങളില്‍ (ആന്ധ്രാ എന്നറിയപ്പെടുന്ന ഭാഗം) 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തികമായും സാംസ്‌ക്കാരികമായും ബ്രാഹ്മണരെക്കാള്‍ ഉയര്‍ന്ന് നിന്നിരുന്ന ഒരു ദലിത സമൂഹമുണ്ടായിരുന്നു. ബ്രാഹ്മണപ്രീതി ദലിതര്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ ദലിതരെ നികൃഷ്ടരായി കരുതുമ്പോള്‍ തൊട്ടുകൂടായ്മയെ കുറിച്ചോര്‍ത്ത് ദുഃഖിച്ചുകഴിയുകയായിരുന്നില്ല ദലിതര്‍. ബര്‍മ്മ പോലുള്ള അയല്‍രാജ്യങ്ങളിലേക്ക് അവര്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങി. പണം കൊയ്യലായിരുന്നു പ്രധാന ലക്ഷ്യം. അന്ന് ബ്രാഹ്മണര്‍ കടല്‍ കടന്ന് പോകാത്ത സമയമായിരുന്നു എന്നോര്‍ക്കണം. ഇങ്ങനെ ധനികരായി തിരിച്ചു വന്ന ദലിതര്‍, ബ്രാഹ്മണര്‍ക്കും, റെഡ്ഡി കമ്മ മുതലായ ''ഉയര്‍ന്ന'' ജാതിക്കാര്‍ക്കും ഒരു വെല്ലുവിളിയായിരുന്നു. ഇവര്‍ സ്ഥാപിച്ച ഒരു Symbolic Untouchability യെയാണ് ദലിതര്‍ തച്ചുടക്കുന്നത്. ദലിതര്‍ നല്ല വസ്ത്രം ധരിക്കുക, മണ്‍പാത്രങ്ങള്‍ക്ക് പകരം സ്റ്റീല്‍പാത്രങ്ങള്‍ ഉപയോഗിക്കുക, കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക, ഇതൊന്നും സഹിക്കാനായില്ല. തങ്ങളെക്കാള്‍ ദലിതര്‍ വളര്‍ന്നു പോകുമോ എന്ന കോംപ്ലക്‌സ്. ദലിതരെ കൊന്നൊടുക്കുന്നതിന് കാരണം തെരഞ്ഞ് നടക്കുകയായിരുന്നു ഇക്കൂട്ടര്‍.

ബര്‍മ്മയില്‍ നിന്ന് വന്ന ദലിതരായ പുത്തന്‍ പണക്കാര്‍ ഉച്ചഭക്ഷണത്തിന് നെയ്യ് വിളമ്പിയാല്‍ കുറ്റമായി. ഒരു ഗ്രാമം മുഴുവനായിരിക്കും സവര്‍ണ്ണര്‍ കത്തിച്ചു കളയുക. ഇത്തരം സാഹചര്യങ്ങളിലും ദലിതര്‍ ശക്തമായി ചെറുത്തു നിന്നി രുന്നു. ദലിതരുടെ ചെറുത്ത് നില്‍പ്പിനെ കുറിച്ച് പറയാതെ പീഢനങ്ങളെ കുറിച്ച് മാത്രം പറയുന്നത് ഒരു ബ്രാഹ്മണിക്കല്‍ രീതിയാണ്. ദലിതസ്വത്വത്തെ ചരിത്രത്തില്‍ നിന്ന് മാച്ച് കളയാനുള്ള മാര്‍ഗ്ഗം. ഞാനെഴുതുമ്പോള്‍ ദലിത ചരിത്രത്തിലെ ഈ വിളളലുകളെ അടയ്ക്കാനാണ് നോക്കുന്നത്. ദലിതജീവിതം ആഘോഷിക്കേണ്ടതുകൂടിയാണ്. ബ്രാഹ്മണ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ട. 

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ദലിതര്‍ സ്വതന്ത്രരായിരുന്നെന്ന് താങ്കള്‍ വാദിക്കുന്നു ണ്ടല്ലോ. നാഷണലിസ്റ്റ് നേതൃത്വം ആന്ധ്രയില്‍ ഉയര്‍ന്ന് വന്ന കാലത്ത് ദലിതര്‍സ്വാ തന്ത്ര്യത്തിന് വേണ്ടി പൊരുതിയിരുന്നില്ല. എന്ന ഒരു കാഴ്ച്ചപാടുണ്ട്. അത് ശരിയാണോ ? 

നാഷണലിസ്റ്റുകള്‍ സവര്‍ണ്ണരായിരുന്നു. ബ്രാഹ്മണിക്കല്‍ തത്വങ്ങള്‍കൊണ്ടു നടന്നിരുന്ന ഇവരെ ദലിതര്‍ എങ്ങനെ മിത്രങ്ങളായി കരുതും. 

തെലുങ്കാനയിലെ ദലിതര്‍ നിസാമിനെ പിന്തുണയ്ക്കുന്നവരായിരുന്നു. ദലിതരെ ഹിന്ദുക്കളായി കണക്കാക്കാത്തതിനാല്‍ നിസാമിന്റെ പ്രോത്സാഹനം അവര്‍ക്ക് ലഭിച്ചിരുന്നു. നിസാമിന്റെ അംബാസിഡര്‍ പദവിപോലും ദലിതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ആന്ധ്രയിലാകട്ടെ മിഷനറി സ്‌കൂളുകളില്‍ പഠിച്ച ദലിതരെ സായ്പിന്റെ ആളുകളായാണ് കരുതിയിരുന്നത്. അംബേദ്ക്കര്‍ താന്‍ ഹിന്ദുവല്ലെന്നും ബുദ്ധമതക്കാരനാണെന്നും പ്രഖ്യാപിച്ച കാലത്ത് ദലിതരെ ബുദ്ധിസ്റ്റുകളായി കണക്കാക്കിയിരുന്നു. ആന്ധ്രാപ്രദേശില്‍ ദലിതരെ ഗാന്ധിയുടെയും നെഹ്രുവിന്റേയും പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ് നാഷണലിസ്റ്റുകള്‍ ശ്രമിച്ചത്. ഗാന്ധിവാദികളായ ദലിതരെ അവര്‍ തിരഞ്ഞു പിടിച്ച് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. അംബേദ്ക്കര്‍വാദികളെ അവര്‍ക്ക് കണ്ടുകൂടായിരുന്നു. അപ്പോഴാണ് ദലിതര്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളായത്. ദലിതസ്വാതന്ത്ര്യസമരം ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്‌ററ് വിപ്ലവസമരമായിരുന്നു. ഈ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ശക്തി സത്യത്തില്‍ ദലിത ശക്തിയായിരുന്നു. 

പക്ഷേ എന്തുകൊണ്ട് ദലിത പിന്തുണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനിറുത്താന്‍ കഴിഞ്ഞില്ല. ഇന്ന് സംസ്ഥാനത്തെ കമ്മ്യൂണിസം അപഹാസ്യമായ ഒന്നാണല്ലോ ?

ഭൂസമരം കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിവച്ചപ്പോള്‍ അത് നക്‌സല്‍ മാര്‍ഗത്തിലൂടെ യായിരുന്നു. അവരുടെയൊപ്പം ആയുധമേന്താന്‍ ദലിതരുമുണ്ടായിരുന്നു. കമ്മ്യൂണി സത്തെ സംബന്ധിച്ചിടത്തോളം ഭൂസമരം ഒരു ക്ലാസ്സ് വാര്‍ ആയിരുന്നു. എന്നാല്‍ ദലിതര്‍ക്ക് അതൊരു കാസ്റ്റ്‌വാറും. 1952-ലെ പൊതുതിരഞ്ഞെടുപ്പുവരെ ദലിത കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് ശക്തിയുള്ളതായിരുന്നു. തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ ദലിത പിന്തുണയെ വോട്ടാക്കി മാറ്റി. അതൊരു ചതിയായിരുന്നു. പൂന പാക്റ്റ് പ്രകാരം ഒരു സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് നേതാവും, ഒരു ദലിത് കമ്മ്യൂണിസ്റ്റ് നേതാവും ഒരേ മണ്ഡലത്തില്‍ നിന്ന് വോട്ട് ചോദിച്ചു. ജനം കോണ്‍ഗ്രസ്സിനെ പാടേ മറന്നു, നെഹ്രുവിനെക്കാള്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാവി നാരായണന്‍ റെഡ്ഡിക്കും ദലിതനായ സുംക ആചലുവിനും കിട്ടി. എന്നാല്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ റെഡ്ഡിയുടെ പേര് മാത്രം രേഖപ്പെടുത്തി. കൂടെ നിന്ന് ജയിച്ച ആചലുവിനെ അവര്‍ മറന്നു. ദലിതന്റെ റോള്‍ ആര്‍ക്കും ഓര്‍ക്കണ്ട. ഇന്ന് സംസ്ഥാനത്ത് ഭൂസമരം നടത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു റെഡ്ഡി, കമ്മ പാര്‍ട്ടിയാണ്. 

നക്‌സലെറ്റ് എന്ന മുഖം കൂടി താങ്കള്‍ക്കുണ്ടല്ലോ? നക്‌സിലസവും ദലിതരെ ചതിക്കുയായിരുന്നോ ?

എന്റെ നക്‌സല്‍ അനുഭവങ്ങള്‍ പ്രസ്ഥാനത്തിനുള്ളിലെ Caste ഒശലൃമൃരവ്യ യെ കുറിച്ച് പഠിപ്പിച്ച പാഠങ്ങള്‍ വലുതാണ്. എഴുതാനും വായിക്കാനും അറിയില്ല എന്ന പേരില്‍ ദലിതരെ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഒരിക്കലും ഇരുത്തിയിരുന്നില്ല. മാര്‍ക്‌സിനെയും മാവോയെയും പഠിച്ചവര്‍ മാത്രമാണ് പാര്‍ട്ടിയെ നയിച്ചിരുന്നത്.ദലിത അനുഭവങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ആയുധം എടുത്ത ദലിതര്‍ വെറും അണികള്‍ മാത്രം. എന്നാല്‍ നക്‌സലെറ്റ് പ്രസ്ഥാനത്തില്‍ പങ്കാളികളായ പലരും 1982-ല്‍ തിരെഞ്ഞടുപ്പിനോടനുബന്ധിച്ച് ആയുധം വെച്ച് കീഴടങ്ങി. പിന്നീട് സംഭവിച്ചതാണ് യഥാര്‍ത്ഥ ദലിത കുരുതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ലഭിച്ചതോടെ മിലിറ്ററി പവര്‍ എന്നത് ഡെമോക്രാറ്റിക് പവര്‍ ആയി മാറി സവര്‍ണ്ണ കമ്മ്യൂണിസ്റ്റുകളുടെ കയ്യിലായി ഈ ഡെമോക്രാറ്റിക് പവര്‍. അത്രനാളും ആയുധമേന്തിയ ദലിതര്‍ വെറും ചണ്ടി. പിന്നീട് നടന്നത് ലോക്കപ്പ് മരണങ്ങളുടെ ഒരു പരമ്പരയായിരുന്നു. ആയുധവും ജനപിന്തുണയും ഇല്ലാത്ത ദലിതരെ പോലീസുകാര്‍ കൊന്നൊടുക്കി സവര്‍ണ്ണ നക്‌സലെറ്റുകളെ ജാമ്യത്തിലിറക്കാന്‍ ആളുണ്ടായിരുന്നു. ഞങ്ങള്‍ പ്രസ്ഥാനം വിടാന്‍ വെറെയെന്തെ ങ്കിലും കാരണം വേണോ ? 

കവയത്രിയും ചെറുകഥാകൃത്തും എന്ന നിലയില്‍ താങ്കള്‍ ഇന്നറിയപ്പെടുന്നു. എഴുത്തും കലയും സര്‍വ്വദേശീയമാണെന്നാണ് ശുദ്ധകലയുടെ വക്താക്കള്‍ പറയുന്നത്. താങ്കളുടെ എഴുത്തിനെ അടിസ്ഥാനമാക്കി തെലുഗു സാഹിത്യത്തെ എങ്ങനെയാണ് കരുതുന്നത്. ?

സവര്‍ണ്ണര്‍ക്ക് കലയില്ലെന്ന് ആദ്യമേ പറയട്ടെ. ദലിത കലയുടെ വ്യാപ്തി അപാരമാണ്. 30 തരം രാഗങ്ങള്‍ അറിയുന്ന ഒക്കന്‍ കലാകാരിയുടെ മുന്നില്‍ സവര്‍ണ്ണസംഗീതം ഒന്നുമല്ല. എന്നാല്‍ ദലിതകലയെ ശുദ്ധകലയുടെ പേര് പറഞ്ഞ് അപരവത്കരിക്കുകയാണ് സവര്‍ണ്ണര്‍ ചെയ്തത്. ദലിതന് കവിത പ്രസിദ്ധീകരിക്ക ണമെങ്കില്‍, പാട്ട് പാടണമെങ്കില്‍ സവര്‍ണ്ണന്റെ അഭിപ്രായം ചോദിക്കണം. എന്റെ കവിതകളും കഥകളും ആദ്യം ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. കാരണം അതില്‍ നിറഞ്ഞു നിന്ന അമര്‍ഷം തന്നെ. ബ്രാഹ്മണവിമര്‍ശനം അച്ചടിക്കാന്‍ എല്ലാവര്‍ക്കും പ്രയാസം. പ്രസിദ്ധീകരണങ്ങളുടെ സവര്‍ണ്ണ ചിന്താഗതി തുറന്ന് കാണിക്കുന്ന ഒരു സംഭവമുണ്ടായി. ഒരു ദലിതസ്ത്രീയുടെ പ്രസവത്തെ ചുറ്റിപറ്റിയുള്ള ഒരു കഥ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. കഴിഞ്ഞില്ല. എന്നാല്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ ആളുണ്ടായി. എന്താണ് മാറ്റമെന്നല്ലേ. കഥയുടെ അവസാനം ഞാന്‍ മാറ്റി. എന്റെ അച്ഛന്‍ എന്റെ അമ്മയെകൊല്ലുന്നതാണ് പുതിയ കഥാവസാനം. കുടുംബത്തിനകത്തും ദലിതര്‍ ദലിതര്‍ക്കെതിരെ തിരിയുന്നതിനെകുറിച്ചെഴുതിയാല്‍ അത് നല്ല സാഹിത്യമായി. ദലിത ജീവിതം നികൃഷ്ടമായി ചിത്രീകരിച്ചാല്‍ അത് ശ്രേഷ്ഠം. 

സവര്‍ണ്ണസ്ത്രീക്കുമുണ്ടോ ഈ ''ദലിതഭയം''. ഫെമിനിസം സവര്‍ണ്ണവാദമാണെന്ന് താങ്കള്‍ പറഞ്ഞതായി വായിച്ചു. ദലിത സ്ത്രീ എന്ന നിലയില്‍ സവര്‍ണ്ണഫെമിനിസത്തെ താങ്കള്‍ എങ്ങനെ കാണുന്നു. ?

സവര്‍ണ്ണ സ്ത്രീകള്‍ ഉയര്‍ത്തി കാണിക്കുന്ന സ്ത്രീവാദം സവര്‍ണ്ണസ്ത്രീവാദം തന്നെയാണ്. ദലിതസ്ത്രീക്ക് അതില്‍ സ്ഥാനമില്ല. സവര്‍ണ്ണസ്ത്രീക്ക് ഫെമിനിസം ഒരു സ്റ്റൈലാണ്. ദലിതസ്ത്രീക്ക് ഫെമിനിസം എന്നാല്‍ ജീവന്‍മരണപ്രശ്‌നമാണ്. പുരുഷ-സവര്‍ണ്ണ സ്ത്രീപീഢനങ്ങളില്‍ നിന്ന് ഒരു വിടുതലായാണ് പലരും ഫെമിനിസത്തെ കരുതുന്നത്. ഈയിടെ നടന്ന ഒരു പെണ്ണെഴുത്ത് ചര്‍ച്ചയെ കുറിച്ച് പറയാം.ഈ ചര്‍ച്ചയില്‍ സവര്‍ണ്ണ, ദലിത, മുസ്ലീംസ്ത്രീകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ സവര്‍ണ്ണസ്ത്രീ യൂടെ കുത്തകയായിരുന്നു. ദലിത മുസ്ലീം സ്ത്രീകള്‍ ചര്‍ച്ചയുടെ അരികുകളില്‍ പരുങ്ങിയിരിക്കേണ്ടിവന്നു. ദലിത സ്ത്രീക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കരഞ്ഞും വിലപിച്ചും സഹായം അഭ്യര്‍ത്ഥിച്ചു ചെന്നിരുന്നെങ്കില്‍ സവര്‍ണ്ണസ്ത്രീകള്‍ കേട്ടേനെ. എന്നാല്‍ ഒരു happy, light സംഭാഷണം ദലിത സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന അഭിപ്രായമാണ്. ആ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയ ദലിതകവികള്‍ മട്ടിപൂല്യ (മണ്‍പൂക്കള്‍) എന്ന സംഘടന ഉണ്ടാക്കി. അതും പല സവര്‍ണ്ണ ഫെമിനിസ്റ്റുകള്‍ക്കും സഹിച്ചിട്ടില്ല. 

അമേരിക്കയിലെ ബ്ലാക്ക് ഫെമിനിസം ഇന്ന് വൈറ്റ് ഫെമിനിസത്തേക്കാള്‍ ഉയര്‍ന്ന പദവിയിലാണ് നില്‍ക്കുന്നത്. ഇന്ത്യയിലെ ദലിതസ്ത്രീവാദത്തിന് ഇങ്ങനെയൊരു ഭാവി പ്രവചിക്കാന്‍ ആകുമോ?
ദലിതസ്ത്രീവാദം ഇനിയും ഒരു Organised Institution ആയിട്ടില്ല. 80 കളിലെ കാരംചടു, ചുണ്ടൂരു ദലിതക്കൂട്ടക്കൊലയുടെ കാലത്ത് ദലിതസ്ത്രീവാദം ശക്തമായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളെ ചുറ്റിപറ്റിയല്ലാതെ ദലിതസ്ത്രീവാദത്തിന് ഒരു അടിത്തറയില്ല. ദലിതസ്ത്രീ ചരിത്രത്തെ സൃഷ്ടിക്കുന്നതിലൂടെ ഈ അടിത്തറ പാകാനാകും. എഴുതപ്പെടാത്ത ഒരു വാമൊഴി സംസ്‌കാരം ദലിത സ്ത്രീക്കുണ്ട്. ഈ സംസ്‌ക്കാരത്തെ പുനര്‍നിര്‍മ്മിക്കണം. അതിനുവേണ്ടിയുള്ള തത്രപാടിലാണ് പല ദലിതസ്ത്രീകളും ദലിതസ്ത്രീവാദം കിേെശൗേശേീിമഹശലെ ചെയ്യുന്നതോടെ സവര്‍ണ്ണസ്ത്രീവാദം ഇല്ലാതാകും. ഇന്ന് കാണുന്ന ഫെമിനിസ്റ്റ് Institution അധികനാള്‍ നില്‍ക്കില്ല. 2017, നവംബർ 13, തിങ്കളാഴ്‌ച

ജാനകി ബായ്: ഇന്നും മൂക്ക് മുറിക്കല്‍ ശിക്ഷക്ക് വിധേയരാകുന്ന രാവണഭഗിനികമാര്‍...


മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ രെഞ്ജ്വാ ഗ്രാമത്തിലെ ജാതിഹിന്ദുവായ നരേന്ദ്ര സിംഗിന്റെ വയലിലെ അടിമപ്പണിക്കാരാണ് ജാന്‍കി ബായ് ഉം അവരുടെ ആണ്‍തുണയായ രാഘ്വേന്ദ്രയും. പതിവുപോലെ പണിക്കെത്തണമെന്ന് നരേന്ദ്ര സിംഗ് ആജ്ഞാപിച്ചുവെങ്കിലും, അതിമാരകമായ വിഷാംശമുള്ള കീടനാശിനി പ്രയോഗിക്കാന്‍ പ്രയാസമുള്ളതിനാല്‍ ഇരുവരും അന്ന് പണിക്കെത്തിയില്ല. 

ക്ഷുഭിതനായ നരേന്ദ്ര സിംഗും അയാളുടെ അച്ഛന്‍ സാഹേബ് സിംഗും പാഞ്ഞെത്തി രാഘ്വേന്ദ്രയെ തല്ലി അവശനാക്കി. മര്‍ദ്ദനമേറ്റ് വീണ രാഘ്വേന്ദ്രയേയും കൂട്ടി ജാനികി ആശുപത്രിയിലേക്ക് പോകുംവഴി, നരേന്ദ്ര സിംഗും അച്ഛനും വീണ്ടുമെത്തി ഇരുവരേയും മര്‍ദ്ദിച്ചു. അതിനടുത്ത ദിവസം, മധ്യപ്രദേശ് വിമന്‍സ് കമ്മീഷന്‍ മുമ്പാകെ മര്‍ദ്ദനത്തെ സംബന്ധിച്ച പരാതികൊടുക്കുവാനായി പോകുമ്പോള്‍ ജാനകി ബായിയെ തടഞ്ഞു നിര്‍ത്തി നരേന്ദ്ര സിംഗ് ഒരു കൈക്കോടാലി കൊണ്ട് അവരുടെ മൂക്കു മുറിച്ചു...!!! 2017 ആഗസ്റ്റ് 16 നാണ് ജാതിഹിന്ദുക്കളെ കോരിത്തരിപ്പിച്ച ഈ ദലിത് ഹിംസ നാട്ടില്‍ അരങ്ങേറിയത്.

ജാനകി ബായിക്ക് 35 വയസാണ് പ്രായം. മധ്യപ്രദേശ് വിമണ്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ലതാ വംഖാഡേ ജാനകി ബായിക്ക് ഏറ്റ മുറിവ് മാരകമാണെന്ന് കണ്ടെത്തി. എന്നാല്‍ പോലീസ്, ഇരുവിഭം ജനങ്ങളുടെ ഇടയില്‍ നാളുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ധന്യത്തിലെത്തിയതുമാത്രമാണ് ഈ സംഭവമെന്ന നിസംഗതയില്‍ കാര്യങ്ങളെ നിസ്സാരവത്കരിച്ചു. പട്ടികജാതി / വര്‍ഗ അതിക്രമ നിരോധനനിയമമുള്‍പ്പെടെ മറ്റെല്ലാ വകുപ്പുകളും ചുമത്തി നരേന്ദ്ര സിംഗിനും അച്ഛനുമെതിരേ കേസുമെടുത്തിട്ടുണ്ട്.

നിയമങ്ങളുടെ കെട്ടുറപ്പുണ്ടായിട്ടും ദലിതര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കോ ദലിത് സ്ത്രീകള്‍ ഏല്‍ക്കേണ്ടിവരുന്ന അവമതികള്‍ക്കോ ഒരു കുറവും വന്നുകാണുന്നില്ല. ദലിത് സ്ത്രീത്വം രാമരാജ്യത്തെ ലക്ഷ്ണണന്റെ ഖഡ്ഗപ്രയോഗത്താല്‍ അപമാനിതയായ ശൂര്‍പ്പണഖയുടെ അവസ്ഥയില്‍ നിന്നും ഇതുവരെ വിമോചിതരായിട്ടില്ല. 19 ആം നൂറ്റാണ്ടിലെ കേരളത്തില്‍, നീതികേടിനെതിരേ കിങ്കരന്മാര്‍ക്കുമുന്നിലേക്ക് മുലരിഞ്ഞു നീട്ടിയ നങ്ങേലി മറ്റൊരു സാക്ഷ്യം...!! 

ദലിതന്റെ ജീവന് എന്തു വില? മാരകമായ കീടനാശിനി പ്രയോഗം കൊണ്ട് അവന് ജീവഹാനി സംഭവിച്ചാല്‍ ജാതിഹിന്ദുവിന് എന്തു ചേതം? അവന്റെ പശുവിന് ഒരു പോറല്‍ പോലും പറ്റരുതേ... കീടനാശിനിയുടെ ഗുണനിലവാര പരിശോധന ക്കായാണല്ലോ ദലിത് ഉടലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കീടനാശിനി പ്രയോഗം ദലിത് ഉടലുകളെ ദോഷകരമായി ബാധിക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍, പിന്നെ ജാതിഹിന്ദു അവന്റെ പശുവിനെക്കൊണ്ട് ആ വിള തീറ്റിക്കുകയില്ല! ഇതാണ് പരീക്ഷണം....!

huffingtonpost.in
mid-day.com
ndtv.com


ഓണാഘോഷം: ഒരു വിയോജനക്കുറിപ്പ് - കല്ലറ സുകുമാരന്‍

ചേരമാന്‍ പെരുമാള്‍ 

(1991 ആഗസ്റ്റില്‍ എഴുതിയ ലേഖനം)

മലയാളികളുടെ മഹോത്സവമായി ഓണം ആര്‍ഭാടപൂര്‍വ്വം നൂറ്റാണ്ടുകളായി ആഘോഷിച്ചുപോരുന്ന ഒരാചാരമാണ്. കോടിക്കണക്കിന് രൂപ വാരിക്കോരി ചെലവഴിച്ച് ഓണാഘോഷം നടത്തുമ്പോള്‍ അതിന്റെ കെടുതികളെക്കുറിച്ച് അധികമാരും ആലോചിക്കുന്നില്ല. ഒരു വിഭാഗത്തിനെങ്കിലും ഓണം മാനസിക പീഡനമാണ്.

ഓണത്തെ സംബന്ധിച്ച് നാട്ടില്‍ ബോധപൂര്‍വ്വം പ്രചരിക്കപ്പെട്ടിട്ടുള്ള കഥ മഹാബലി ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മടങ്ങിവരുന്ന ദിവസമാണ് തിരുവോണമെന്നാണ്. മഹാവിഷ്ണുവിന്റെ ദശാവതാരകഥയില്‍ ആറാമതായി അവതരിച്ച പരശുരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത കേരളത്തില്‍ അഞ്ചാമത് അവതരിച്ച വാമനന്‍ പുതിയ ഭരണക്രമമുണ്ടാക്കി എന്നാണല്ലോ വിശ്വാസം. മാനുഷരെല്ലാരു മൊന്നുപോലെ കഴിയാന്‍ സഹായിച്ച് സകല ജനതയ്ക്കും സ്വര്‍ഗ്ഗീയ സുഖം പ്രദാനം ചെയ്ത അസുര ചക്രവര്‍ത്തിയെ ചതിയില്‍പ്പെടുത്തി ചവുട്ടിതാഴ്ത്തി (ചവുട്ടി കൊന്ന്) ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ഇന്നിവിടെ നരകസമാനമായ ദുരിതങ്ങള്‍ സൃഷ്ടിച്ചതിന്റെ ഉടമാവകാശം മഹാവിഷ്ണുയെന്ന ദൈവത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുന്നു. എന്നിട്ട് ആ ദൈവത്തെ ആരാധിക്കുന്നു. പരശുരാമന്‍ മഴുവെറിഞ്ഞ് കടല്‍ മാറ്റി കേരളം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്ന കഥയും വാമനന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്ന കഥയും കേരളത്തിന്റെ മണ്ണില്‍ ബ്രാഹ്മണര്‍ അല്ലാത്തവര്‍ക്ക് ഒരു തരി മണ്ണിനുപോലും അവകാശമില്ലായെന്ന അവബോധം സൃഷ്ടിക്കുന്നുണ്ട്. ഇന്ന് പരശുറാം എക്‌സ്്രപസ്സ് പോലും പീഡിതന്റെ കരളിലാണ് കൂരമ്പായി തറയ്ക്കുന്നത്.

ഓണത്തിന്റെ ചരിത്ര പശ്ചാത്തലം കെട്ടു കഥകള്‍ ഉപേക്ഷിച്ച് വസ്തു നിഷ്ഠമായി പരിശോധിക്കാന്‍ നമ്മുടെ ചരിത്രകാരന്‍മാര്‍ അധികം പേരും വിമുഖരാണ്. കാരണം അവരിലേറെപ്പേരും ഓണത്തിന്റെ ആവിര്‍ഭാവത്തോടെ അതിന്റെ ഗുണഭോക്താക്കളായവരില്‍പ്പെടും. തിരുവങ്ങാട് കൃഷ്ണക്കുറുപ്പിനെപ്പോലുള്ള ചരിത്രകാരന്മാരുടെ കേരള ചരിത്രം പരശുരാമനിലൂടെ എന്നു തുടങ്ങിയ ഏതാനും ചില ചരിത്രഗ്രന്ഥങ്ങളെ കൃതജ്ഞതാപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ഓണാഘോഷം വിളവെടുപ്പ് മഹോത്സവമാണെങ്കില്‍ വിളവെടുപ്പ് കഴിയുന്നത് ചിങ്ങമാസത്തിലല്ല കന്നികൊയ്‌ത്തോടുകൂടിയാണ് എന്നെങ്കിലും സമ്മതിക്കേണ്ടിവരും.

പെരുമാളും പരാമരനും

സംഘകാലത്തിനു തൊട്ടുപിറകേ ചേരരാജക്കന്മാരുടെ ഭരണം കേരളത്തില്‍ ഉറപ്പിക്കപ്പെട്ടു. കോയമ്പത്തൂര്‍ വരെ വികസിച്ചിരുന്ന കേരളത്തിന്റെ മണ്ണില്‍ ആദിയന്‍, ചേരന്‍, പെരുഞ്ചേറ്റുതയന്‍ തുടങ്ങിയ പള്ളിവാണ പെരുമാള്‍വരെയുള്ള പെരുമാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു. പെരുമാള്‍ എന്ന സ്ഥാനപേരുതന്നെ തമിഴ്പദമായ പെരും+അംബ = പെരുമാള്‍ (വലിയ മനുഷ്യന്‍/രാജാവ്) എന്നാണല്ലോ. പാലൈ, മുല്ലൈ, മരുതം, നൈതല്‍, കുറുഞ്ഞി എന്നീ ഐന്തിണൈ ഭൂപ്രദേശങ്ങള്‍ ഒട്ടേറെ നാട്ടുരാജ്യങ്ങളായി വികസിച്ചു. തിണൈവാസികളുടെ ഇടയില്‍ ജാതിയോ ഉപജാതിയോ മറ്റ് അസ്പൃശ്യതകളോ ഇല്ലാതിരുന്ന സംഘകാലം വിട്ട് തൊഴിലിന്റെ പേര് ജാതിപ്പേരായി മാറിയ പെരുമാള്‍ ഭരണകാലഘട്ടം ജാതിയ സമത്വങ്ങള്‍ അശേഷമില്ലാതിരുന്ന കാലവുമായിരുന്നു. മഹോദയപുരം ആസ്ഥാനമാക്കി പള്ളിവാണപെരുമാള്‍ ചക്രവര്‍ത്തിയായി നാട് ഭരിക്കുമ്പോള്‍ ഇന്നത്തെ ദലിത് പിന്നോക്ക (മതന്യൂന പക്ഷംവും) മല്ലാതെ മറ്റ് യാതൊരു വര്‍ഗ്ഗ വംശങ്ങളുടെ നേരിയ സാന്നിദ്ധ്യം പോലും കേരളത്തിന്റെ മണ്ണില്‍ ഇല്ലായിരുന്നു. ആര്യാവര്‍ത്തനം വിട്ട് വിന്ധ്യാപര്‍വ്വതത്തിന് തെക്ക് ആര്യന്മാര്‍ എത്തിയിരുന്നില്ല.

ക്രിസ്തുവര്‍ഷം 974 ല്‍ മഹോദയപുരം ആസ്ഥാനമാക്കി ഒടുവില്‍ നാടുവാണ പള്ളിവാണപെരുമാള്‍ ചക്രവര്‍ത്തിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാമന്തരാജാവായിരുന്ന കോലത്തിരി ഉദയവര്‍മ്മനുമായി (കാസര്‍കോട്) അഭിപ്രായസംഘട്ടനമുണ്ടായി. ചക്രവര്‍ത്തിയോട് പക വീട്ടാന്‍ ഉദയവര്‍മ്മന്‍ മാര്‍വാറാരാജാവായിരുന്ന വാഗ്പതിയെചെന്നുകണ്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കി. ബ്രാഹ്മണനായ വാഗ്പതിയുടെ പുത്രന്‍ പരാമരനെയും സൈന്യത്തെയും ക്ഷണിച്ചുകൊണ്ടുവന്ന് സ്വന്തം സൈന്യത്തോട് കൂടി പെരുമാളിനെ പരാജയപ്പെടുത്തി. പരാമരന്റെ ആയുധം പരശു (കോടാലി) ആയിരുന്നതുകൊണ്ട് പരാമരന്‍ പരശുരാമനായി അറിയപ്പെട്ടു.

ഭീമന് ഗദയും ബലരാമന് കലപ്പയും കൃഷ്ണന് ചക്രവും അര്‍ജ്ജുനന് അസ്ത്രവും ആയുധമായിരുന്നത് പോലെ പരാമരന്റെ ആയുധം കോടാലിആയിപ്പോയത് പെരുമാള്‍ വംശങ്ങളുടെ കണ്ഠകോടാലിയായി മാറി. നാടു പിടിച്ചെടുത്ത് വൈദേശികാധിപത്യം കേരളത്തിന്റെ മണ്ണിലുറപ്പിച്ച് ബ്രാഹ്മണനായ പരശുരാമന്‍ കേരളത്തിന്റെ ഉടമസ്ഥാവകാശം തന്നോടൊപ്പമുണ്ടായിരുന്ന ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തത് ഈ നാടിന്റെ ജന്മാവകാശികളെ അനാഥരും അന്യരുമാക്കി. 

കേരളം ആര്യന്മാര്‍ക്ക് കീഴടങ്ങിയതിന്റെ ആഹ്‌ളാദം അത്തം തുടങ്ങി തിരുവോണം വരെയുളള 10 ദിവസം അവര്‍ ആര്‍ഭാടപൂര്‍വ്വം ആഘോഷിച്ചുവെന്നതാണ് ചരിത്രസത്യം നാടും, വീടും നഷ്ടപ്പെട്ട ജനത ചരിത്ര സത്യം മനസ്സിലാക്കാതെ അന്യരുടെ ആഹ്ലാദതിമിര്‍പ്പില്‍ പങ്കുചേരുകയും ഓണം ആഘോഷിക്കുകയും ചെയ്യുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടതിന്റെ ഘനീഭവിച്ച ദുഖം ഉളളില്‍ പേറി വിതുമ്പിക്കരയുന്ന, വര്‍ഷങ്ങളായി ആ ദിനം ദുഖാചരണമായി ആചരിക്കുന്ന അനേകം കുടുംബങ്ങളില്‍ ഒന്നില്‍പ്പെട്ട അംഗമാണ് ഇതെഴുതുന്ന ആള്‍.

അധ:സ്ഥിതരുടെ മഹാബലി
മഹാബലി എന്നത് ഒരു വ്യക്തിയുടെയോ രാജാവിന്റെയോ, പേര് ആയിരുന്നില്ല. നരബലി, മൃഗബലി എന്നതുപോലെ നീണ്ട ദിവസങ്ങള്‍ കൊണ്ട് രാജ്യ വ്യാപകമായി നടത്തിയ കൂട്ടക്കുരുതിയായിരുന്നു മഹാബലിയെന്ന പേരില്‍ അറിയപ്പെടേണ്ടത്. ഇന്ത്യയില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ ബലി എന്ന പേര് ചേര്‍ത്ത് സ്ഥലനാമ ങ്ങളുണ്ട്. ബലിപ്പൂര്‍, ബലിപ്പട്ടണം. മഹാബലിപുരം, തുടങ്ങി ആന്ധ്രയിലും, ഡല്‍ഹിയിലും, തമിഴ്‌നാട്ടിലും, കര്‍ണ്ണാടത്തിലും ഒക്കെ ഉളള സ്ഥല നാമങ്ങള്‍ മഹാബലി ഭരിച്ചിരുന്ന രാജ്യങ്ങളായിരുന്നില്ല. അവിടെയെല്ലാം ആദിമ ജനതക്കെതിരെ ആര്യന്മാര്‍ നടത്തിയ കൂട്ടക്കുരുതികളെ അനുസ്മരിക്കുന്ന സ്ഥലനാമങ്ങളുണ്ടായതാണ്. ഇന്ന് ബെല്‍ച്ചി, കീഴ് വെണ്മണി, ദ്വിയോളി, ഗുണ്ടൂര്‍, ഫറുക്കാബാദ്, രാമായണ്‍പൂര്‍, നരസിംഹപൂര്‍, വില്ലുപുരം, പാന്തുനഗര്‍, പിപ്ര, തുടങ്ങി ഇന്ത്യയില്‍ എമ്പാടും അധ:സ്ഥിതര്‍ക്കെതിരെ മഹാബലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 

ആര്യന്മാര്‍ കീഴ്‌പ്പെടുത്തിയ പള്ളിവാണപ്പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തുപോയി എന്നാണ് അവര്‍ പറഞ്ഞുപരത്തിയ നുണ എന്നാല്‍ നൂറ്റാണ്ടു യുദ്ധത്തിന്റെ ഘട്ടത്തില്‍ ക്രിസ്തുവര്‍ഷം 1010-ല്‍ മൈസൂര്‍ രാജാവായിരുന്ന ജഗദേക്കമല്ലന്‍, സുമാദ്രാ ദീപില്‍ നിന്നും കണ്ടെടുത്ത പൊന്നിന്‍കീരീടം ചേരമാന്‍ പെരുമാളിന്റെതായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതോടെ അദ്ദേഹം മക്കയിലേക്ക് പോയതല്ല മറിച്ച് സുമാദ്രാ ദ്വീപിലേക്ക് പരശുരാമനാല്‍ നാടുകടത്തപ്പെട്ടതാണ് എന്ന് വെളിവായിരിക്കുന്നു. 

ഓണാഘോഷത്തിനുവേണ്ടി ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് ആയി നല്‍കുമ്പോള്‍ ഒരു ദിവസത്തെ വേതനം പോലും ലഭിക്കാത്തവരും തിരുവോണ ദിനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവരും, കേരളത്തിന്റെ മണ്ണില്‍ ലക്ഷങ്ങളുണ്ടെന്ന് ആരറിയുന്നു. മറ്റൊരു വിഭാഗം ആളുകള്‍ക്ക് ഓണാഘോഷത്തിന് മുമ്പ് പെന്‍ഷന്‍ കുടിശിക നല്കുമ്പോള്‍ കാലവര്‍ഷക്കെടുതിമൂലം കൂലിവേലപോലും ലഭിക്കാതെ ദിനരാത്രങ്ങള്‍ കൊടും പട്ടിണിയില്‍ തളളിനീക്കുന്നവരും നിരവധിയുണ്ട്. എല്ലാവരാലും ചവിട്ടിയരയ്ക്കപ്പെട്ട മൂക ജീവികള്‍ സത്യാന്വേഷണം എവിടെ എങ്ങനെ തുടങ്ങണമെന്ന് തിട്ടമില്ലാത്ത അവസ്ഥയില്‍ നമ്മുടെ നാട് ഇന്ന് അനാഥമാണ്. അതേ നമ്മുടെ നാടും നമ്മളും തീര്‍ച്ചയായും അനാഥമാണ്. തിരുവോണ ദിവസവും വിശന്നു കരയുന്ന മണ്ണിന്റെ മക്കളുടെ പൊന്നോമന കുഞ്ഞുങ്ങളില്‍ മാത്രം നമുക്ക് നമ്മുടെ പ്രതീക്ഷകള്‍ അര്‍പ്പിക്കാം..
2017, നവംബർ 11, ശനിയാഴ്‌ച

ചിമ്മ ആഹിര്‍വാര്‍: തൊണ്ണൂറാമത്ത വയസ്സില്‍ വധശിക്ഷയേറ്റുവാങ്ങിയ ദലിത് വൃദ്ധന്‍


ഉത്തര്‍ പ്രദേശിലെ ഹമീര്‍പൂര്‍ സ്വദേശിയായിരുന്നു ചിമ്മ (Khimma Ahirwar). ജാതിഹിന്ദുക്കളുടെ വധശിക്ഷക്കു വിധേയനാകുമ്പോള്‍ 90 വയസ്സായിരുന്നു പ്രായം. കുറ്റം, നാട്ടില്‍ത്തന്നെയുള്ള മയ്ദാനി ബാബ ക്ഷേത്രത്തില്‍ (ശിവക്ഷേത്രം) പ്രവേശിക്കാന്‍ ശ്രമിച്ചു!

പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്ന 'പിണ്ഡ് ദാന്‍' നടത്തുന്നതിനായാണ് തന്റെ വൈഫിനോടും മകനോടുമൊപ്പമെത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. അവരെ കണ്ടപ്പോള്‍ സഞ്ജയ് തിവാരി എന്ന ജാതിഹിന്ദു പാഞ്ഞെത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചു. ചിമ്മ യാതൊന്നും മറുത്തുപറയാതെ നിന്നപ്പോള്‍ കലികയറിയ സഞ്ജയ് തിവാരി ഒരു കോടാലി എടുത്തുകൊണ്ടുവന്ന് ആദ്യം ആ വൃദ്ധനെ വെട്ടിക്കീറി. അതിനുശേഷം വെട്ടിനുറുക്കിയിട്ട ചിമ്മയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴുച്ചു കത്തിച്ചു! (കൊന്നയാള്‍ തന്നെ ചിതയുമൊരുക്കി!)

കാന്‍പൂരില്‍ നിന്നും 140 കി. മീ അകലെ ഹമീര്‍പൂര്‍ ജലൗണ്‍ ജില്ലകള്‍ക്കു മധ്യേ ബില്‍ഗൗണിലാണ് മയ്ദാനി ബാബ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മറ്റനേകം ആളുകള്‍ നോക്കിനില്ക്കവേയാണ് തിവാരി ഈ കൊടും പാതകം ചെയ്തത്. ഒരു മനുഷ്യജീവനെ ക്ഷേത്രത്തിന് മുന്നിലിട്ട്, അയാളുടെ മകനും വൈഫും നോക്കിനില്‌ക്കെ പച്ചക്ക് വെട്ടിക്കീറിയപ്പോള്‍ ജാതിഹിന്ദുവിന് എന്ത് പുണ്യമാണ് ലഭിച്ചതെന്ന് ജനധിപ ത്യവിശ്വാസികളുടെ പൊതുമനസ് വിലയിരുത്തട്ടെ.

സഞ്ജയ് തിവാരി മദ്യപാനിയും നിരവധി കേസുകളില്‍ പ്രതിയായ ക്രിമിനനലുമാ ണെന്ന വിലയിരുത്തലാണ്, 90 വയസുള്ള വയോവൃദ്ധനെ അരുംകൊല ചെയ്ത കുറ്റത്തിന് ആശ്വാസമായി ആദ്യം ലഭിക്കുന്ന ന്യായീകരണം. തിവാരി തന്നെയും ആക്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പ്രധാന പൂജാരിയായ ശിവ് ശങ്കറും ആ ആശ്വാസ ദായകരെ പിന്തുണക്കുന്നു. 

സഞ്ജയ് തിവാരി നിയമത്തിന്റെ കോടതിയില്‍ നിന്നും രക്ഷപെട്ടേക്കാം. അദ്ദേഹമൊക്കെ വിശ്വസിക്കുന്ന ഈശ്വരന്റെ കോടതി എന്തേ ഇതുവരേയും അദ്ദേഹത്തെ രക്ഷപ്പെടുത്തിയില്ല? ഒരു ഭക്തനെ ക്രിമിനലാക്കി നിര്‍ത്തുകയല്ലേ, വാസ്തവത്തില്‍ ദൈവം സഞ്ജയ് തിവാരിയോട് ചെയ്തിരിക്കുന്നത്? ചിമ്മയോട് ദൈവം കരുണ കാണിച്ചു! ആ വൃദ്ധന് മോക്ഷം കൊടുത്തു. ഇത്തിരി വൈകിപ്പോയി എന്നു മാത്രം. 90 ആം വയസില്‍ ജനിച്ചയാളല്ല ചിമ്മ. 89 ആം വയസിലും പിതൃതര്‍പ്പണ ത്തിന് ഈ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടായിരിക്കണം. 90 വയസ് തികയട്ടെ എന്നു കരുതിയിട്ടായിരിക്കണം മോക്ഷം കൊടുക്കാന്‍ ഇത്രയും വൈകിയത്.

ചത്ത പശുവിനെ പോലും വെട്ടിക്കീറരുത്..! ക്രൂരമാണ്. മനുഷ്യനെ പച്ചജീവനോടെ വെട്ടിക്കീറാം..! പാപമില്ല.

വിശ്വാസമൊക്കെ എന്ത്....?

അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്
(പുസ്തകം - അക്കാദമിക് പ്രഷര്‍; ശംബൂകവധം)

hindustantimes.com
indiatoday.intoday.inജയേഷ് സോളങ്കി: കലാപരിപാടി ആസ്വദിച്ച കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങി!ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ബോര്‍സാദ് താലൂക്കിലെ ഭദ്രാനിയ ഗ്രാമവാസി യായിരുന്ന ജയേഷ് സോളങ്കി, കൊലചെയ്യപ്പെടുമ്പോള്‍ 21 വയസ് പ്രായമേ ആയിരുന്നുള്ളൂ. കുറ്റം, സവര്‍ണരുടെ ക്ഷേത്രത്തിനു പുറത്തിരുന്ന് നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറുന്ന നൃത്തപരിപായിയായ 'ഗര്‍ബ' കണ്ടാസ്വദിച്ചു എന്നതാണ്. 2017 ഒക്ടോബര്‍ ഒന്നിനാണ് 8 പേരടങ്ങുന്ന പട്ടേല്‍ ജാതിക്കാരായ ഒരു സംഘം യുവാക്കള്‍ ജയേഷിന്റെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 4 മണിക്കാണ് ജയേഷിനെ ജാതിഹിന്ദുക്കള്‍ വധശിക്ഷക്ക് വിധേയനാക്കിയത്.

മെട്രിക്കുലേഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വഡോദരയിലെത്തി സെക്യൂരിറ്റി ജീവനക്കാനായി ജോലി ചെയ്തുവരികയായിരുന്നു ജയേഷ് സോളങ്കി. അതിനിടയില്‍ പരീക്ഷ പാസായി ഉപരിപഠനത്തിന് ചേരുന്നതിനുള്ള പരിശ്രമത്തിലും ജയേഷ് ഏര്‍പ്പെട്ടിരുന്നു. നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് അവധിയായതിനാലാണ് വീട്ടിലെത്തിയത്. തന്റെ മച്ചുനന്‍ 23 വയസുള്ള പ്രകാശ് സോളങ്കിയുടെ പ്രേരണക്ക് വഴങ്ങിയാണ് ജയേഷ് അയാളോടൊപ്പം ഗര്‍ബ കാണാന്‍ ക്ഷേത്രത്തിലേക്ക് പോയത്. പ്രകാശിന്റെ സഹോദരിമാരും തങ്ങളുടെ സമുദായത്തില്‍പ്പെട്ട മറ്റ് പെണ്‍കുട്ടികളും നേരത്തേതന്നെ ഗര്‍ബയില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയിട്ടുണ്ടായിരുന്നു. അവരെ തിരികെ കൂട്ടുന്നതിനുകൂടിയായാണ് പ്രകാശ് ക്ഷേത്രത്തിലേക്ക് പോകാന്‍ താത്പര്യം കാണിച്ചത്. താന്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും, ക്ഷേത്ര ത്തിന് പുറത്തിരുന്നു മാത്രമേ ഗര്‍ബ കാണുകയുള്ളൂ എന്നൊരു നിബന്ധനയും ജയേഷ് പ്രകാശിന് മുമ്പാകെ വെച്ചിരുന്നു. പ്രകാശ് വന്ന് വിളിക്കുമ്പോള്‍ ജയേഷ്, ഉറങ്ങുക യായിരുന്ന തന്റെ അമ്മയെ വിളിച്ചുണര്‍ത്തി, താന്‍ ഇപ്പോള്‍ പുറത്തുപോകുക യാണെന്നും തിരികെ വന്ന് വഡോദരയിലേക്ക് മടങ്ങുമെന്നും അറിയിച്ചിരുന്നു. അത് ജയേഷിന്റെ അന്ത്യയാത്രാമൊഴിയാകുമെന്ന് ആ അമ്മയും കരുതിയിരിക്കാനിടയില്ല.

ക്ഷേത്രത്തിന് പുറത്തിരുന്ന് ജയേഷും പ്രകാശും ഗര്‍ബ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉയര്‍ന്ന ജാതിക്കാരനായ സഞ്ജയ് പട്ടേല്‍ അവരുടെ അടുത്തുവന്ന് എന്താണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആരാഞ്ഞു. തങ്ങള്‍ ഗര്‍ബ കാണുകയാണെന്ന് പറഞ്ഞപ്പോള്‍ സഞ്ജയ് പട്ടേല്‍ അവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം അവിടെ നിന്നും കടന്നുപോയി. പ്രശ്‌നം അവിടെ തീര്‍ന്നുവെന്നാണ് ജയേഷും പ്രകാശും കരുതിയിരുന്നത്. എന്നാല്‍ സഞ്ജയ് പട്ടേല്‍ 7 പേരടങ്ങുന്ന മറ്റ് പട്ടേല്‍ മാരോടൊപ്പം തിരികെ വന്നു. 'ദലിതനൊന്നും ഗര്‍ബകാണാന്‍ പാടില്ല' എന്ന് ആക്രോശിച്ചുകൊണ്ട് സംഘം ഇരുവരേയും ആക്രമിച്ചു. പ്രകാശിനെ രണ്ടുപട്ടേല്‍മാര്‍ ചേര്‍ന്ന് വരിഞ്ഞുമുറിക്കി ബന്ധനസ്ഥനാക്കിയപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ജയേഷിനെ വളഞ്ഞാക്രമിച്ച് തല ഭിത്തിയിലിടിച്ച് കൊല്ലുകയായിരുന്നു. 

അക്രമികള്‍ പോയിക്കഴിഞ്ഞ്, അതിലേ കടന്നുപോയ ചിലരുടെ സഹായത്തോടെ പ്രകാശ്, ജയേഷിനെ ഒരു സ്‌കൂട്ടറിന് പുറകില്‍ വഹിച്ചുകൊണ്ട് ബോര്‍സാദില്‍ത്ത ന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സ അപര്യാപ്തമാ യതിനെത്തുടര്‍ന്ന് 16 കിലോ മീറ്റര്‍ അകലെ കരംസാദില്‍ സ്ഥിതിചെയ്യുന്ന പ്രമുഖസ്വാമി മെഡിക്കല്‍ കോളേജില്‍ ജയേഷിനെ എത്തിച്ചു. അവിടെ എത്തി യപ്പോള്‍ അധികൃതര്‍ ജയേഷിന്റെ മരണം സ്ഥിരീകരിച്ചു!

കൂലിപ്പണിക്കാരനായ ഭായ്‌ലാല്‍ഭായ് ആണ് ജയേഷിന്റെ അച്ഛന്‍. സംഭവം നടക്കുമ്പോള്‍ അമ്മ മധുബെന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജയേഷിന്റെ ഏക സഹോദരിയെ വഡേദരയില്‍ വിവാഹംചെയ്തയച്ചിരിക്കുകയാണ്.

ഈ സംഭവത്തിന് മുമ്പ് ഗുജറാത്തില്‍ ഗാന്ധിനഗര്‍ ജില്ലയിലെ ദലിത് സമുദായ ത്തില്‍പ്പെട്ട രണ്ട് യുവാക്കളെ, സെപ്തംബര്‍ 25 നും 29 നും, മീശവളര്‍ത്തി എന്ന കുറ്റും ചുമത്തി ജാതിഹിന്ദുക്കള്‍ ആക്രമണത്തിന് വിധേയരാക്കിയിരുന്നു 

സെപ്തംബര്‍ 29 പത്താന്‍ ജില്ലയിലെ, നാല്‌പേരടങ്ങുന്ന ഒരു ദലിത് കുടുംബത്തെ ജാതിഹിന്ദുക്കള്‍ ചേര്‍ന്ന് വീടാക്രമിച്ച് തല്ലിപ്പുറത്താക്കി, ഗര്‍ബ ആഘോഷം നടക്കുന്നതിനിടെ തന്നെ.

ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. പലയിടങ്ങളിലും ജാതിഹിന്ദുക്കള്‍ നടത്തിയിരുന്ന ആഘോഷപരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ദലിത് വ്യക്തിത്വങ്ങളെ ക്ഷണിച്ചിരുന്നു. അത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്ന് അപ്പോള്‍ത്തന്നെ സ്വതന്ത്ര ചിന്താഗതിക്കാരും മാധ്യമങ്ങളും വിലയിരുത്തിയിരുന്നു. അത് അത്രയും വാസ്തവമാണെന്ന് ജയേഷ് സോളങ്കിയുടെ കൊലപാതകം തെളിയിക്കുന്നു. ഒരിടത്ത് സ്വീകരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുകയും മറ്റൊരിടത്ത് വധശിക്ഷ നടപ്പാക്കുകയും?

ദലിതന്‍ സ്വന്തം നാട്ടില്‍ ആഘോഷിക്കുവാന്‍ പാടില്ല, അലങ്കരിക്കുവാന്‍ പാടില്ല, ആസ്വദിക്കുവാന്‍ പാടില്ല. അല്ലെങ്കില്‍ അവന്റെ ജന്മംതന്നെ അവന്‍ ചെയ്ത കുറ്റമായിരിക്കെ ഇങ്ങനെ വേര്‍പെടുത്തി പറയുന്നതില്‍ എന്തു പ്രസക്തി?

അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്
(പുസ്തകം: അക്കാദമിക് പ്രഷര്‍; ശംബൂകവധം)
Courtesy for Source: www.thewire.in

വൈക്കം സത്യാഗ്രഹത്തിന്റെ സത്യം - കല്ലറ സുകുമാരന്‍


നൂറ്റാണ്ടുകളുടെ ഇന്‍ഡ്യന്‍ ചരിത്രത്തില്‍, സാമൂഹിക നീതിക്കുവേണ്ടി നടന്ന ഏറ്റവും വലിയ സമരം വൈക്കം സത്യാഗ്രഹമാണ്. 1924 മാര്‍ച്ച്30ന് ആരംഭിച്ച് 1925 നവംബര്‍ 23ന് അവസാനിച്ച ആ സമരം 603ദിവസം നീണ്ടു പഞ്ചാബില്‍നിന്ന് എത്തിയ അകാലികള്‍ ഒരു മാസത്തേക്ക് സമരക്കാരുടെ ഭക്ഷണത്തിനായി 3000രൂപ ചെലവഴിച്ചതില്‍ നിന്നു മൂന്നുകാര്യങ്ങള്‍ വ്യക്തമാണ്. (1) ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമരസന്ദേശം അലയടിക്കുകയും മിക്ക സംസ്ഥാനക്കാരുടേയും സാന്നിധ്യ-സഹായങ്ങള്‍ ലഭിക്കുകയും ചെയ്തു. (2) സിക്കുകാരായ അകാലികളുടെ സാന്നിധ്യം, സാമൂഹികനീതി നിഷേധിക്കുന്നത് ഹിന്ദുമതത്തിന്റെ ആഭ്യന്തര പ്രശ്‌നമായല്ല, ദേശീയ പ്രശ്‌നമായിത്തന്നെ ഇതരമതക്കാര്‍ കാണുകയും എല്ലാവിഭാഗം ജനതയുടേയും സഹകരണം സമരത്തിന് ഉണ്ടാകുകയും ചെയ്തു. (3) 70 വര്‍ഷം മുമ്പ് 3000 രൂപ ഒരു മാസത്തെ ഭക്ഷണത്തിനു ചെലവഴിച്ചെന്നത് നൂറുകണക്കിനാളുകള്‍ ദൈനംദിനം സമരത്തില്‍ പങ്കെടുത്തതിനു തെളിവാണ്.

ഈ സമരത്തില്‍ പങ്കെടുത്ത ഇ.വി. രാമസ്വാമിനായ്ക്കര്‍ രണ്ടുപ്രാവശ്യമായി ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. (അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഞാനും നിങ്ങളും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, രാജഗോപാലാചാരി തുടങ്ങിയ ഉന്നത ശീര്‍ഷരുടെ സാന്നിധ്യംകൊണ്ടു സമരം ശ്രദ്ധേയമായി. നൂറ്റാണ്ടുകളായി ഇന്‍ഡ്യയില്‍ നിലവിലിരുന്ന സാമൂഹിക നീതി ശാസ്ത്രങ്ങള്‍ക്കെതിരെ ദേശീയമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായതു വൈക്കം സത്യാഗ്രഹത്തോടെയാണ്. അതിന്റെ ഗൗരവം ഉപേക്ഷിക്കാതെ മാര്‍ച്ച് 30ന് വൈക്കം സത്യാഗ്രഹത്തിന്റെ സപ്തതി ആഘോഷിക്കുകയാണ്. അടിത്തട്ടുകാരുടെ ആത്മാഭിമാനം തട്ടിയുണര്‍ത്തി അധികാരത്തിലേക്കുളള പ്രയാണത്തിന് ആക്കം കൂട്ടുകയാണു സപ്തതി ആഘോഷത്തിന്റെ ലക്ഷ്യം.

സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി ഇന്‍ഡ്യയില്‍ നടത്തിയ ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തന സമരത്തിന്റെ സേനാനികളെ കണ്ണില്‍ ചുണ്ണാമ്പ് പുരട്ടിയും ദേഹത്ത് ചൊറിയണ്ണം തേച്ചും റോഡില്‍ മണല്‍ വിരിച്ച് അതിനുമേല്‍ മുട്ടില്‍ നിര്‍ത്തിയും എരിവെയിലില്‍ മണലില്‍ മലര്‍ത്തിക്കിടത്തിയും ജയിലില്‍ പട്ടിണിക്കിട്ടും മറ്റും പീഡിപ്പിച്ചാണ് യാഥാസ്ഥിതികരും അവരുടെ സര്‍ക്കാരും നേരിട്ടത്. സംസ്‌ക്കാരസമ്പന്നമെന്നു പറയുന്ന കേരളത്തില്‍ സജാതീയ വിവാഹങ്ങളില്‍ വിശ്വസിക്കുകയോ പങ്കാളിയാവുകയോ ചെയ്യാത്തവര്‍ ആയിരത്തില്‍ ഒന്നുപോലുമില്ല. സജാതീയ വിവാഹത്തെ അംഗീകരിക്കുകയും ഒപ്പം ജാതിരഹിതരെന്ന് അവകാശപ്പെടുകയും ചെയ്യുന്ന വിചിത്രമായ ജാതി സങ്കല്‍പ്പമുളളവരാണ് അധികവും. ചെത്തുതൊഴിലാളി, കയര്‍തൊഴിലാളി, മത്സ്യതൊഴിലാളി, കര്‍ഷക തൊഴിലാളി മേഖലകളെല്ലാം തരംതിരിച്ച് പരിശോധിച്ചാ ല്‍ ഇന്നും ജാതിയുടെ തിമിരബാധയില്‍ത്തന്നെ ഈ തൊഴില്‍ രംഗങ്ങള്‍ അമര്‍ന്നിരിക്കുന്നതായി കാണാം. ഈഴവന് ക്ഷേത്ര പൂജാരിയാവാനുളള അവകാശം ജാതിയുടെ പേരില്‍ കോടതി നിഷേധിച്ചിരിക്കുന്ന ദശാസന്ധിയിലാണു വൈക്കം സത്യാഗ്രഹത്തിന്റെ സപ്തതി ആഘോഷിക്കുന്നത്.

വൈക്കം സത്യാഗ്രഹം കേവലം സഞ്ചാര സ്വാതന്ത്ര്യത്തിനോ ക്ഷേത്ര പ്രവേശന ത്തിനോ ആയിരുന്നില്ല. സമര കാരണമായ അയിത്താചാരത്തെ ഗാന്ധിജി, ഹിന്ദുക്കളുടെ ആഭ്യന്തര പ്രശ്‌നമായി മാത്രം കണ്ട്, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയ ക്രിസ്ത്യാനികളെയും സിക്കുകാരായ അകാലികളെയും സമരരംഗത്തുനിന്നും മാറ്റി. എന്നാല്‍, ഇരുപത് മാസം കഴിഞ്ഞ് സമരം തീര്‍ന്നപ്പോള്‍, കിഴക്കെനടയുടെത് ഒഴികെയുളള വഴികള്‍ അഹിന്ദുക്കള്‍ക്കു വരാവുന്നത്ര ദൂരം മാത്രം ഈഴവരാദി അയിത്തക്കാര്‍ക്കും വരാമെന്നായിരുന്നു തീരുമാനം. എന്നുപറഞ്ഞാല്‍, അയിത്ത ജാതിക്കാര്‍ ഹിന്ദുക്കളല്ല. മറിച്ച്, ക്രിസ്ത്യന്‍, സിക്ക്, മുസ്ലീം, ബുദ്ധമതക്കാരെപ്പോലെ അവരും അന്യമതക്കാരായി മാത്രം പരിഗണിച്ചാണു പ്രശ്‌നം പരിഹരിക്ക പ്പെടേണ്ടത്. 

603 ദിവസം നിരന്തര നിരാഹാര സത്യാഗ്രഹം നടത്തിയിട്ടും യാഥാസ്ഥിതികരുടെ മനസ്സില്‍ ഒരു മാറ്റവും വന്നില്ല മാനുഷിക മൂല്യങ്ങളും സഹജീവികളുടെ ദയനീയതയും വരേണ്യവര്‍ഗ്ഗത്തെ അശേഷം അലോസരപ്പെടുത്തിയില്ല. ക്ഷേത്രമതിലിനു പുറത്തുകൂടിയുളള സര്‍ക്കാര്‍ വക പൊതുനിരത്തില്‍, ഇതര മതക്കാര്‍ സഞ്ചരിക്കു ന്നിടത്ത് അയിത്തജാതിക്കാരും നടന്നുകൊളളട്ടെ എന്ന് ക്ഷേത്ര ട്രസ്റ്റിയായ ഇണ്ടന്‍തുരുത്തി മനയില്‍ ദേവദത്തന്‍ നമ്പൂതിരിപ്പാട് മാത്രം സമ്മതിച്ചിരുന്നെങ്കില്‍ സമരം ഒഴിവാക്കാമായിരുന്നു അതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയത് ശങ്കര-മനുസ്മൃതികളും വേദ വിധികളുമായിരുന്നു.

വൈദിക ബ്രാഹ്മണരുടെ കണ്ണില്‍ പിന്നാക്കരാദി അയിത്തജാതിക്കാര്‍ ദൈവസൃഷ്ടി യിലോ മനുഷ്യ ഗണത്തിലോ പെടുന്നവരല്ല. സരയൂനദിയുടെ തീരത്തുളള ബ്രഹ്മാ വര്‍ത്തത്തില്‍ വച്ച് ബ്രഹ്മാവ് നാലു ജാതികളെ സൃഷ്ടിച്ചു.

* ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ 
ഊരു തദസ്യ യദ് വൈശ്യ: പദ്ഭ്യാം ശുദ്രോ അജായത് 

എന്നാണ് പുരാണം. ഈശ്വര സൃഷ്ടിയില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശുദ്രര്‍ എന്ന നാലു ജാതികളേയുള്ളു. മറ്റുള്ളവര്‍ എങ്ങനെയുണ്ടായി എന്ന് മഹാഭാരതം ആദിപര്‍വ്വം 174-ാം അധ്യായം 34-ാം പദ്യം വിശദീകരിക്കുന്നുണ്ട്. ശുദ്രനു താഴെയുള്ള പഞ്ചമ-ചണ്ഡാല-പുറം ജാതി-ദസ്യുക്കളാരും മനുഷ്യരായി പരിഗണിക്കപ്പെട്ടിരുന്നില്ല. അവരെ മൃഗതുല്യം അടിമകളാക്കി പണിയെടുപ്പിച്ചും ചന്തയില്‍ വിറ്റും സ്വത്തു സമ്പാദിക്കുകയും നരബലി നടത്തി സ്വര്‍ഗം നേടുകയും ചെയ്തു വന്നു. 1855 ജുണ്‍ 24 നാണ് തിരുവിതാംകുറില്‍ പണ്ടാരവക അടിമകളെ മോചിപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടിമക്കച്ചവടനിരോധന നിയമം പാസായതുകൊണ്ടും ഇവിടെ ബ്രിട്ടിഷ് മേല്‍ക്കോയ്മ നിലനിന്നിരുന്നതുകൊണ്ടുമാണ് അധ:കൃതര്‍ രക്ഷപ്പെട്ടത്.

നഗ്‌നത മറയ്ക്കാനുള്ള സ്വാതന്ത്യത്തിന് അയിത്തജാതിക്കാര്‍ നടത്തിയ പോരാട്ടമാണ് കേരള ചരിത്രത്തില്‍ അറിയപ്പെടുന്നതില്‍വച്ച് ഏറ്റവും വലിയ മനുഷ്യാവകാശ സമരം. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ (നാടാര്‍) സ്തീകള്‍ ക്രിസ്തുമതത്തില്‍ ചേരുകയും മാറു മറക്കുകയും ചെയ്തതിനെ സവര്‍ണ്ണര്‍ എതിര്‍ത്തു(1992-ല്‍). ചാന്നാര്‍ സ്തീകള്‍ക്ക് നഗ്നത മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് 37 വര്‍ഷം നീണ്ട സമരം വേണ്ടി വന്നു. 8 പേര്‍ തുക്കിക്കൊല്ലപ്പെടുകയും ചെയ്തു. തുലുക്ക മതത്തിലോ ക്രൈസ്തവ മതത്തിലോ ചേര്‍ന്നുകൊണ്ട് ജാത്യാചാരം ലംഘിക്കാന്‍ പാടില്ലെന്ന് 1829-ല്‍ തിരുവെഴുത്തു വിളംബരം പുറപ്പെടുവിച്ച രാജാവ്, 37 വര്‍ഷത്തെ ചാന്നാര്‍ ലഹള കഴിഞ്ഞപ്പോള്‍, 1859-ല്‍ പുറപ്പെടുവിച്ച വിളംബരത്തില്‍, ഉയര്‍ന്ന ജാതി സ്തീകളെപ്പോലെ കീഴ്ജാതി സ്തീകള്‍ മാറു മറച്ചുകൊള്ളാന്‍ അനുവദിച്ചു. സ്ത്രീകളുടെ അന്നത്തെ ദയനീയ സ്ഥിതി മനസ്സിലാക്കാന്‍ 1664 ലെ വാടാനപ്പള്ളി (?) ശാസനം മുഖക്കണ്ണാടിയാണ്. സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോപ്പെട്ട പുരുഷന്‍മാര്‍ക്ക് വശംവദകളാകാത്ത സന്മാര്‍ഗഹീനകളായ സ്തീകളെ ഉടന്‍ വധിക്കേണ്ടതാണെ ന്നായിരുന്നു രാജകല്‍പ്പന

1829-ല്‍ ആരംഭിച്ച ചാന്നാര്‍ലഹള, അയ്യന്‍കാളിയുടെ പുലയ ലഹള എന്നീ മനുഷ്യാവകാശ സമരങ്ങളുടെ പുര്‍ത്തീകരണമായിരുന്നു 1924-ല്‍ വൈക്കത്ത് അരങ്ങേറിയത്. വൈക്കം സത്യാഗ്രഹത്തിന്റെ ഏറ്റവും വലിയ സാരഥി, ടി.കെ. മാധവനും അതിന്റെ ഉപഞ്ജാതാവ് ബാരിസ്റ്റര്‍ കെ.പി. കേശവമേനോനും ആയിരുന്നു. പ്രസ്തുത സമരത്തിന്റെ ചരിത്രമെഴുതിയവരില്‍ ദലിത് ബന്ധു എന്‍.കെ. ജോസ്, കെ.ആര്‍. നാരായണന്‍ എന്നിവരൊഴികെ ഭുരിപക്ഷംപേരും ബ്രാഹ്മണിസത്തിന് അനുരോധമായ നിലപാടു സ്വീകരിക്കുകയും ഈഴവര്‍ക്കു താഴെയുള്ള ജാതിക്കാരുടെ സമരപങ്കാളിത്തം പുര്‍ണ്ണമായും തമസ്‌കരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സമരത്തിന്റെ ഒന്നാം ദിവസം അറസ്റ്റുവരിച്ചു ജയിലില്‍ പോയ മൂന്നുപേര്‍, പുലയനായ കുഞ്ഞാപ്പിയും തീയനായ ബാഹുലേയനും നായരായ ഗോവിന്ദപണിക്കരുമായിരുന്നു. എന്നാല്‍ ഭുരിപക്ഷം ചരിത്രകാരന്മാരും കുഞ്ഞാപ്പിയെക്കുറിച്ചു മൗനം പാലിക്കുന്നു. ഒന്നാം ദിവസം കണ്ണില്‍ ചുണ്ണാമ്പു തേക്കപ്പെട്ട രണ്ടുപേര്‍ മണ്ഡപത്തില്‍ നാരായണന്‍ നായരും ആമചാടി തുരുത്തില്‍ കണ്ണന്‍ തേവനുമാണ്. തേവന്റെ അടുത്തു ചെന്നാല്‍ തീണ്ടുമെന്നുള്ളതുകൊണ്ട് ചുണ്ണാമ്പുകലക്കി മുഖത്തൊഴിക്കുകയായിരുന്നു.എങ്കിലും വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രമെഴുതിയ ഒരു ഡസനിലേറെ ചരിത്രകാരന്‍ മാരില്‍ കെ.ആര്‍. നാരായണനൊഴികെ മറ്റാരും ആമചാടി തേവനെ കണ്ടില്ലെന്നതു വൈരുധ്യമാണ്. വൈക്കം കാളി, കുഞ്ഞാച്ചന്‍, കുഞ്ഞിലാന്‍ നാരായണന്‍, അഴകന്‍, അനന്തന്‍ തുടങ്ങി ഒട്ടേറെ അധ:സ്ഥിതര്‍ പീഡനങ്ങളേല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.എന്നിട്ടും ചരിത്രകാരന്‍മാരുടെ ദൃഷ്ടിയില്‍ ചെറിയ വരൊന്നും ദൃശ്യരാകാതെ വന്നതിന്റെ ദുഷിത ഫലം ഇന്ന് ഭീകരമാണ്. അധ:സ്ഥിതര്‍ വിമോചനത്തിന്നു സ്വയം ശ്രമിച്ചില്ലെന്നു വരുത്തിത്തീര്‍ക്കാനും യജമാന വര്‍ഗ്ഗ ത്തിന്റെ സൗജന്യങ്ങള്‍ മാത്രമാണ് ഇന്നവര്‍ അനുഭവിക്കുന്ന നേട്ടങ്ങളെന്നു സ്ഥാപിച്ചു യജമാനത്തം തുടരാനും ചരിത്രകാരന്‍മാരുടെ ഈ അവഗണന ഇടയാക്കിയിട്ടുണ്ട്.

അയിത്തോച്ചാടന ലീഗിന്റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വൈക്കത്തെത്തിയ കെ.പി. കേശവമേനോന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ നാളെ രാവിലെ ക്ഷേത്രനടയിലെ തീണ്ടല്‍പ്പലക ലംഘിച്ച് പുലയര്‍ ഉള്‍പ്പെടെയുള്ള ആളുകളുമായി ഞാന്‍ ഒരു ജാഥ നടത്തും എന്നു പ്രഖ്യാപിച്ചതായി കെ. കേളപ്പന്‍, ഇടമറുക്, എ. ശ്രീധരമേനോന്‍, പി.കെ. ഗോപാലകൃഷ്ണന്‍, പുതുപ്പള്ളി രാഘവന്‍, എം.പി. മന്മഥന്‍ എന്നിവരെല്ലാം ഒന്നുപോലെ പറയുന്നു.എന്നാല്‍ ആരോടും ആലോചിക്കാതെയും ബന്ധപ്പെട്ട കോണ്‍ഗ്രസ് കമ്മറ്റിയുടേയോ അയിത്തോച്ചാടന ലീഗീന്റേയോ തീരുമാനമില്ലാതെയും, പിറ്റേന്നു നിയമം ലംഘിച്ച് അറസ്റ്റുവരിച്ചു ജയിലില്‍ പോകുമെന്നു പ്രഖ്യാപിക്കാന്‍ കേശവമേനോനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ്? ക്ഷണവികാരത്തില ധിഷ്ഠിതമായ പ്രഖ്യാപനമായി അതിനെ എഴുതിത്തള്ളാന്‍ ഏതു ചരിത്രകാരനാണു കഴിയുക.

പ്രൊഫ. എം.പി. മന്മഥന്‍ എഴുതിയ കേളപ്പന്റെ ജീവചരിത്രത്തില്‍ (104,105 പേജുകളില്‍) ഉല്ലലയില്‍ വച്ചു അന്നു (1924 ഫെബ്രു:29) രാവിലെ ഒരു പുലയ മഹാസമ്മേളനം നടന്നതായി പറയുന്നു. സമ്മേളനം കഴിഞ്ഞ്, അതില്‍ സംബന്ധി ച്ചവരെല്ലാം കുടി ജാഥയായി വന്നു മറ്റൊരു യോഗം നടത്തുകയും ആ യോഗത്തില്‍ കേശവമോനോന്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തു. പുലയ സമ്മേളനത്തില്‍, അയ്യന്‍കാളിയുടെ സഞ്ചാര സ്വാതന്ത്ര്യ-വിദ്യാഭ്യാസ-കര്‍ഷകത്തൊഴിലാളി സമരങ്ങളെല്ലാം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. 

1983ല്‍, മണി കെട്ടിയ കാളയെ പൂട്ടിയ വില്ലുവണ്ടിയില്‍ രാജവീഥിയിലൂടെ അയ്യന്‍കാളി നടത്തിയ സമരയാത്ര, 1889-ല്‍ ബാലരാമപുരം ചാലിയത്തെരുവിലേക്ക് സ്ത്രീകളേയും കുട്ടികളേയുംകൂട്ടി അയ്യന്‍കാളി നടത്തിയ സഞ്ചാര സ്വാതന്ത്ര്യ സമരയാത്ര, ഞങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍, നെല്ലു മുളയ്ക്കുന്ന പാടങ്ങളില്‍ പുല്ലു മുളപ്പിക്കും എന്നു പ്രഖ്യാപിച്ച് അദ്ദേഹം 1907ല്‍ നടത്തിയ കര്‍ഷകത്തൊഴിലാളി സമരം, മാറു മറയ്ക്കാനും കല്ലുമാലയൂരാനും വഴിനടക്കാനും ജോലിസമയം, കൂലി എന്നിവ തിട്ടപ്പെടുത്താനുളള സമരങ്ങള്‍ തുടങ്ങിയവയെല്ലാം സമ്മേളനം ചര്‍ച്ചാവിഷയ ങ്ങളാക്കി. പത്തുവര്‍ഷം നീണ്ട പുലയലഹളയില്‍ (90-ാമാണ്ട് ലഹളയില്‍) കൂടി ഒട്ടേറെ നേട്ടങ്ങളുണ്ടായി. അയ്യന്‍കാളി നിയമസഭയില്‍ പ്രവേശിച്ച് വ്യാഴവട്ടം കഴിഞ്ഞിട്ടും വൈക്കത്തെ പൊതുനിരത്തില്‍ ഈഴവര്‍ക്കുപോലും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. അയിത്തോച്ചാടന സന്ദേശവുമായി പുലയ യോഗത്തിലെത്തിയ സവര്‍ണ്ണര്‍, പുലയര്‍, സ്വയം കൈവരിച്ച സമര നേട്ടങ്ങള്‍ക്കുമുമ്പില്‍ നിഷ്പ്രഭരായി. അയ്യന്‍കാളി സഞ്ചാര സ്വാതന്ത്ര്യം നേടി മുപ്പത്തഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വൈക്കത്തു പൊതുനിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തീണ്ടല്‍ പലക കെ.പി. കേശവമേനോന് ഒരു വെല്ലുവിളിയായി. അതിനോടു പ്രതികരിക്കാതെ ഒളിച്ചോടാന്‍ അദ്ദേഹത്തിന്റെ അഭിമാന ബോധം അനുവദിച്ചില്ല. 1889ല്‍ അയ്യന്‍കാളി നടത്തിയ പോലെ ഒരു ജാഥയെങ്കിലും നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. (നിയമനിഷേധസമരപ്രഖ്യാപനം ഒരു രാത്രി കൊണ്ട് ഒരു മാസത്തേക്കു നീട്ടുകയും പിന്നീടതു സത്യാഗ്രഹമാക്കി ചുരുക്കുകയും ചെയ്തു.) ഇതിനിടയാക്കിയ പ്രേരണയും പ്രചോദനവും ഉല്ലലയില്‍ നടന്ന പുലയസമ്മേളനവും അതിലെ പ്രതിപാദ്യ പുരുഷനായ അയ്യന്‍കാളിയുമായിരുന്നുവെന്ന് സത്യാന്വേഷികള്‍ക്കു കണ്ടെത്താന്‍ വിഷമമില്ല.

സവര്‍ണ്ണരിലെ ഉത്പതിഷ്ണുക്കളും ഈഴവ-പുലയരാദി വിഭാഗങ്ങളും ഒരുമിച്ചുനടത്തിയ ഒരുസമരമായിരുന്നു വൈക്കം സത്യാഗ്രഹം. എന്നാല്‍ ദലിതരെ മുണ്ടുടുക്കാന്‍ പഠിപ്പിച്ചതുപോലും തങ്ങളാണെന്നു പറഞ്ഞു അവരുടെ യജമാന പദത്തിനു വേണ്ടി അവകാശവാദമുന്നയിക്കുന്നവര്‍ക്ക്, ആമചാടി തേവന്‍, കോട്ടയം കുഞ്ഞാപ്പി തുടങ്ങിയ അധഃസ്ഥിതര്‍ കൂടി സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നെന്നുവരുന്നത് ജാള്യമുള വാക്കുന്നതാണ്. അത്തരം ചരിത്രാവബോധം അധഃസ്ഥിതരുടെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്തും, വരേണ്യവര്‍ഗ്ഗത്തിന്റെ മേലാളത്തം നിഷേധിക്കാനുളള ഉള്‍ക്കരുത്തും ജനിപ്പിക്കും. 

ഗുരുനിത്യചൈതന്യയതി മനഃ ശാസ്ത്രം ജീവിതത്തില്‍ എന്ന ഗ്രന്ഥത്തില്‍ (പേജ് 255)പറയും പ്രകാരം, മദ്രാസിലെ ചിന്താദ്രിപ്പെട്ടില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയ ആദിദ്രാവിഡമഹാസഭ പ്രസിഡന്റിന്റെ മാല ഗാന്ധി തട്ടിയെറിയുകയും പറയന്‍ തൊട്ടശദ്ധുമാക്കിയ മാലയിട്ട് എ ന്നെ അശുദ്ധമാക്കരുതെന്നു പറയുകയും ചെയ്ത സംഭവം കോണ്‍ഗ്രസ്സില്‍ ചര്‍ച്ചാവിധേയമായി. തുടര്‍ന്ന് 1923 മേയില്‍ കോകനദയില്‍ നടന്ന അഖിലേന്‍ഡ്യാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും പ്രത്യേക ഭക്ഷണ ശാലകളും വെളളം കുടിക്കാന്‍ പ്രത്യേക പാത്രങ്ങളും വച്ചിരുന്നത് ഇ.വി.ആര്‍, ടി.കെ. മാധവന്‍ എന്നിവരെ ചൊടിപ്പിച്ചു. മൗലാന മുഹമ്മദലി അധ്യക്ഷ പ്രസംഗത്തില്‍ ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടിയാല്‍ അത് അയിത്തജാതിക്കാര്‍ക്കുകൂടിയു ളള സ്വാതന്ത്ര്യമായിരിക്കുമെന്നു പ്രഖ്യാപിക്കണമെന്നു ശഠിച്ചു. ഈ രാഷ്ട്രീയ ദശാസന്ധിയിലാണ് ഗാന്ധി അയിത്തോച്ചാടന ലീഗ് രൂപവത്ക്കരിച്ചതും അവര്‍ വൈക്കത്ത് സത്യാഗ്രഹം പ്രഖ്യാപിച്ചതും എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇതിന്റെ അര്‍ത്ഥം സാമൂഹിക അസമത്വവും നീതി നിഷേധവും ഇല്ലാ താക്കാന്‍ രാഷ്ട്രീയ പ്രതിവിധി അനിവാര്യമാണെന്നാണ്. അയിത്ത ജാതിക്കാരുടെ പ്രശ്‌നം രാഷ്ടീയമാണ്. അതു രാഷ്ട്രീ യമായിത്തന്നെ പരിഹരിക്കണം എന്ന് അംബേദ്ക്കര്‍ (ജാതി നിര്‍മൂലനം എന്ന ഗ്രന്ഥത്തില്‍)നിഷ്‌ക്കര്‍ഷിച്ചു.

1925 മാര്‍ച്ച് 10-ന് ഗാന്ധി വൈക്കത്ത് ഇണ്ടം തുരുത്തി മനയില്‍ ദേവദത്തന്‍ നമ്പൂതിരിയുമായി, ഒരുവര്‍ഷമായി നടക്കുന്ന സത്യാഗ്രഹം അവസാനിപ്പിക്കുവാന്‍ ചര്‍ച്ചനടത്തി. ഗാന്ധിയോടോപ്പം രാജ ഗോപാലാചാരി, രാമദാസ് ഗാന്ധി, കൃഷ്ണസ്വാമി അയ്യര്‍ എന്നിവരും, യാഥാസ്ഥിതികരു ടെ പക്ഷത്ത് ദേവദത്തന്‍ നമ്പൂതിരി, ഗണപതി അയ്യര്‍, വെങ്കിട രാമന്‍, തെക്കുംകൂര്‍ രാജ, വടക്കുംകൂര്‍ രാജ, വഴുതക്കാട്ടു രാജ, എം.കെ. രാമന്‍ പിളള തുടങ്ങിയവരുമുണ്ടായിരുന്നു. അയിത്തക്കാരെ വഴിനടക്കാന്‍ നിങ്ങള്‍ അനുവദിക്കാതെ വന്നാല്‍ മഹാഭൂരിപക്ഷം വരുന്ന അവര്‍ സംഘടിച്ചു നിങ്ങളെ എതിര്‍ത്താലോ എന്നു ഗാന്ധിചോദിച്ചപ്പോള്‍ ക്ഷേത്ര ട്രസ്റ്റി നമ്പൂതിരിപ്പാടു പറഞ്ഞമറുപടി, ചര്‍ച്ചയില്‍ പങ്കെടുത്തി രുന്ന മഹാദേവ ദേശായി (ഗാന്ധിയുടെ സെക്രട്ടറി) എന്റെ ഓര്‍മ്മകള്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിരുക്കുന്നത് ഇങ്ങനെയാണ് അയിത്ത ജാതിക്കാര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു സര്‍ക്കാര്‍ തടഞ്ഞു കൊളളും, ഇന്ന് ബാബരി മസ്ജിദ് തകര്‍ന്നുവീണപ്പോള്‍, സര്‍ക്കാരിനെക്കുറിച്ചുളള സവര്‍ണരുടെ സങ്കല്‍പ്പത്തിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്. 

1925 മാര്‍ച്ച് 9 മുതല്‍ 19 വരെ ഗാന്ധി, റീജന്റ് മഹാറാണി വരെയുളള ചര്‍ച്ചകള്‍ നടത്തി ദയനീയമായി പരാജയപ്പെട്ടു പിന്‍വാങ്ങി. അതിനു ശേഷം ഗാന്ധി പോലീസ് കമ്മീഷണര്‍ ഡബ്ല്യു എച്ച് പിറ്റുമായി ഒട്ടേറെ സന്ദേശങ്ങള്‍ കൈമാറി 254ദിവസം കഴിഞ്ഞ് പിറ്റിന്റെ സഹായംകൊണ്ട് സമരം ഭാഗികമായി വിജയിപ്പിച്ചു പിന്‍വലിച്ചു. 603 ദിവസത്തെ സമരത്തില്‍നിന്നു വ്യക്തമായ ഒരു യാഥാര്‍ത്ഥ്യം, ജാതി യുടെ ഗുണഫലം അനുഭവിക്കുന്ന ഒരാളും ആ സൗഭാഗ്യം നിരുപാധികം ഉപേക്ഷിക്കില്ലെന്നും ജാതി ശ്രേണിയുടെ ശീര്‍ഷത്തിലെത്തുന്നതിനു സമാനമായി മറ്റൊന്നും ഗുണഭോക്താ ക്കള്‍ക്ക് അനുഭവവേദ്യമാകുന്നില്ലെന്നുമാണ്. 

അന്നത്തെ ഇണ്ടന്‍തുരുത്തിമന ഇന്നത്തെ ചെത്തുതൊഴിലാളി യൂണിയനോഫീസായി മാറിയ പരിതഃസ്ഥിതിപ്പോലും ജാതിയുപേക്ഷിക്കാത്തതിന്റെ അര്‍ത്ഥം, ഉന്നത ജാതിക്കാരായി മരിക്കുന്നതിലുപരി ശ്രേഷ്ഠത മറ്റൊന്നില്ലെന്ന് അവര്‍ വിശ്വസിക്കുന്നു വെന്നാണ്. 

1924-ലെ വൈക്കം സത്യാഗ്രഹം മര്‍ദ്ദിതര്‍ അവരുടെ വിമോചന സമരം സ്വയം നടത്തി വിജയിച്ചുവന്നു വിട്ടു വീഴ്ച രഹിതമായ ജാതിയുടെ ഭീകരമുഖം വൈക്കം ക്ഷേത്ര നടയില്‍ നേരില്‍ കണ്ടു ജാതിയെ സംരക്ഷിക്കുന്നതു ഭരണ കൂടമാണെന്നും നാം മനസ്സിലാക്കി. സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് ജാതി നിലനില്‍ക്കണ മെന്നാഗ്ര ഹിക്കുന്നവര്‍ ഭരിച്ചാല്‍ ജാതി നിലനില്‍ക്കും ജാതി പോകണമെന്നാഗ്രഹിക്കുന്നവര്‍ ഭരിച്ചാല്‍ ജാതി പോകും എന്നാണ്.

ഇന്‍ഡ്യയില്‍ സാഹോദര്യം നിഷേധിക്കുന്നതും തമ്മില്‍ക്കൊല്ലാന്‍ പ്രേരിപ്പിക്കുന്നതും ഏകതാബോധം തകര്‍ക്കുന്നതും പുരോഗതിയെ പിറകോട്ടു വലിക്കുന്നതും ജാതി യാണ്. 6000 ജാതികളായി ഭിന്നിച്ചുനിന്നു തമ്മില്‍ കുത്തിമരി ക്കുന്ന അവസ്ഥക്കെതിരായി സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ നേടാന്‍ നാം തുടങ്ങിവച്ച സമരത്തിന്റെ സപ്തതിയാണു മാര്‍ച്ച് 30-ന്. 70 വര്‍ഷം മുന്‍പു വൈക്കം ക്ഷേത്രനടയില്‍ വരെ നമ്മുടെ പൂര്‍വികര്‍ എത്തിച്ചുതന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യ ത്തിന്റെയും കാരവാന്‍ മുന്നോട്ടു കൊണ്ടുപോകാന്‍, ജാതി ഉപേക്ഷിക്കുക, സമൂഹം ഒന്നിക്കുക എന്ന സന്ദേശത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഈ സപ്തതി നാളില്‍ സമര സേനാനികളുടെ പാവന സ്മരണയ്ക്കുമുന്‍പില്‍ പ്രതിജ്ഞ യെടുക്കുവാന്‍ നാം ഓരോരുത്തരും ധാര്‍മികമായി ബാധ്യസ്ഥരാണ്. 
- എഡിറ്റര്‍