"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 15, ഞായറാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍:1 മാര്‍ച്ച് 1921 - പുലയര്‍ താമസകാര്യത്തില്‍ അനുഭവിക്കുന്ന വിഷമതകള്‍


ഇടത്തട്ടുകാര്‍ക്ക് മുതലാളിമാരോട് മത്സരിച്ച് ഭൂമി സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്ന് അവരെ രക്ഷിക്കാനും, അവര്‍ക്ക് ഭൂമി ലഭ്യത കൈവരിക്കാനുമുള്ള ഉപാധി മെമ്പര്‍ മുമ്പോട്ടു വയ്ക്കുന്നു. ഭൂമിക്കു വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍, ആദ്യമാദ്യം നല്‍കുന്ന അപേക്ഷകര്‍ക്കു പ്രാധാന്യം നല്‍കുന്ന പഴയ രീതി പ്രയോജനപ്രദമാണ്. വസ്തുക്കള്‍ക്കു തറവിലയിടുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത (unreserved) മരങ്ങളുടെ വില ഉള്‍പ്പെടുത്താന്‍ പാടില്ല. ഇത്തരം മരങ്ങള്‍ അതായത് കത്തിക്കുന്നതിനുമാത്രം ഉപകരിക്കുന്നവയും, കെട്ടിട നിര്‍മ്മാണത്തിനു ആവശ്യമില്ലാത്തതുമായവ, നില്ക്കുന്ന വസ്തുക്കള്‍ മദ്ധ്യതാലൂക്കുകളില്‍ കിഴക്കുഭാഗങ്ങളിലും, കിഴക്കുള്ള താലൂക്കുകളിലുമാണുള്ളത്. അതായത് കമ്പോളത്തില്‍ നിന്ന് ദൂരം കൂടിയതിനാല്‍ ഇവിടങ്ങളില്‍ ക്രയവിക്രയവും സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു പോകലുമൊക്കെ 
അസാധ്യവുമാണ്. വിറകിന്റെ അധികലഭ്യതയുള്ള സ്ഥലമായതിനാല്‍ വിറകു വില്‍ക്കുമ്പോള്‍ നല്ല വില കിട്ടാത്ത സ്ഥിതിവിശേഷങ്ങളുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ തീവണ്ടി മുഖാന്തിരവും ജലമാര്‍ഗ്ഗവുമൊക്കെ ഗതാഗതം സാധ്യമാകുന്ന പ്രദേശങ്ങളുമുണ്ട്. ഇവിടെ വിറകുവില താരതമ്യേന മെച്ചമാണ്. ഇതൊക്കെ കണക്കിലെടുത്ത് വേണം ഇങ്ങനെ ഫലവത്തല്ലാത്ത ഭൂമിയുടെ വില നിശ്ചയിക്കപ്പെടേണ്ടത്. മരങ്ങളുടെ വളര്‍ച്ച കണ്ടെത്തിയ സര്‍വ്വേയറുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ തഹസ്സീല്‍ദാരെ അധികാരപ്പെടുത്തണം. റൂള്‍ 15 (iv) പ്രകാരം ലേലം ചെയ്തു പിടിക്കുന്ന ആളിന് പണം ഡിപ്പോസിറ്റ് ചെയ്യാന്‍ കുറഞ്ഞത് 15 ദിവസമെങ്കിലും അനുവദി ക്കുകയും അത് ഡിവിഷന്‍ പേഷ്‌കാര്‍ക്ക് പ്രസ്തുത കാര്യത്തില്‍ തൃപ്തികര മെന്നു തോന്നിയാല്‍ കാര്യകാരണസഹിതം ന്യൂനതകള്‍ പരിഹരിക്കാനുള്ള അധികാരം നല്‍കേണ്ടതുമാണ്. അടുത്തുള്ള വസ്തുക്കളുടെ ഇപ്പോഴത്തെ നിരക്കിലുള്ള തറവില ആവശ്യപ്പെടുന്നത് ഉചിതമല്ല, എന്നാല്‍ അതു ദ്രോഹനടപടിയുമാണ്. അവ നിയമപരമായി രജിസ്റ്റര്‍ ചെയ്‌തെടുക്കാമെന്ന ഉദ്ദേശ്യത്താല്‍ അവയില്‍ നിമ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പരിഷ്‌ക്ക രിച്ചെടുത്തവയായിരിക്കും. അവ പുതിയ ഭൂമിയുമായി താരതമ്യം ചെയ്തു വില നിര്‍ണ്ണയം നടത്തുന്നത് ശരിയായ രീതിയല്ല.

ഒരു വസ്തുവിന്റെ രണ്ടു ഫര്‍ലോംഗ് ദൂരത്തിലുള്ള വസ്തുക്കളുടെ മാര്‍ക്കറ്റ് വിലയെ അടിസ്ഥാനമാക്കിയാണ് പ്രസ്തുത വസ്തുവിന്റെ തറവില കണക്കാക്കേണ്ടത്. ഒരു ആധാരത്തില്‍ പറയുന്ന ക്രയവിക്രയവിലയെ ആശ്രയിച്ച് അത് മാര്‍ഗ്ഗദര്‍ശമായി സ്വീകരിച്ച് ഒരിക്കലും മറ്റൊരു വസ്തുവിന്റെ വില ശരിയായി നിര്‍ണ്ണയിക്കാനാവില്ല. മാര്‍ക്കറ്റ് വില കണക്കാക്കുന്നത് ഒരു വര്‍ഷത്തെ വിളവിന്റെ പത്തു മടങ്ങില്‍ നിന്ന് കൃഷിയുടെ ചെലവും കോര്‍ട്ടുഫീസ് നിയമത്തില്‍ പറയുന്ന നികുതിയും കുറച്ചാണ്. അതുകൊണ്ട് തന്നെയാണ് തൊട്ടടുത്ത ഭൂമി കണ്ടു മനസ്സിലാക്കി പുതിയ വസ്തുവിന്റെ തറവില സ്ഥിരോത്സാഹിയായ ഒരുവനു മനസ്സിലാക്കി പുതിയ ഭൂമിയിലേക്കു പ്രവേശിക്കാനാവുന്നത്. അപ്പോള്‍ ഒരു വസ്തുവിന്റെ മാര്‍ക്കറ്റ് വില എന്നു പറയുന്നത് തൊട്ടടുത്ത വസ്തുവില്‍ നിന്നുള്ള വരുമാനം കണക്കാക്കിയായിരിക്കണം. റൂള്‍ 22 എന്നു പറയുന്നത്. മാര്‍ക്കറ്റുവില നിശ്ചയിക്കാന്‍ തഹസ്സീല്‍ദാര്‍മാരുടെ പക്കലുള്ള ഒരായുധമാണ്. നല്ല വില മതിക്കുന്നതും വ്യവസ്ഥാപിതമായുള്ളതുമായ ഒരു ഭൂമിയും ലേലം ചെയ്യപ്പെടാതിരിക്കാനുമതുപകരിക്കും. ഈ നിയമത്തില്‍ അധ:സ്ഥിത ജനവിഭാഗക്കാര്‍ക്കായി ഇളവു നല്‍കി ചില സൗജന്യമനുവദിക്കുന്നത് അവര്‍ക്കാശ്വാസമാണ്. റൂള്‍ 39-ല്‍ ഒന്നും രണ്ടും പാര്‍ട്ടു പ്രകാരം വരണ്ട ഭൂമിക്ക് ഈടാക്കാവുന്ന പരമാവധി തറവില ഒരേക്കറിന് അത് 50 രൂപയും വലിയ ടൗണുകളില്‍ ഒരേക്കറിന് അത് 200 രൂപയുമാണ്. പരമാവധി തറവില നിര്‍ണ്ണയിക്കുന്ന ഒരു നിയമമില്ലാത്തത് പൊതുജനങ്ങളില്‍ ഭീതിയുളവാക്കി യിരിക്കയാണ്. കുറഞ്ഞപക്ഷം ദേവികുളം ഡിവിഷനിലെങ്കിലും വെള്ളക്കെട്ടുള്ള വസ്തുക്കള്‍ക്ക് 10 രൂപയായി തറവില കുറയ്‌ക്കേണ്ടതാണ്. മധുരയുടെ അതിര്‍ത്തി പ്രദേശത്തു ചേര്‍ന്നുകിടക്കുന്ന അതിവ്യാപകമായ പ്രദേശങ്ങള്‍ നെല്‍കൃഷിക്കു പറ്റിയതാണ്. എന്നാലീ പ്രദേശങ്ങള്‍ പല കാരണങ്ങളാല്‍ കൃഷിക്കായി ഉപയോഗിച്ചിട്ടില്ല. അതായത് ചെന്നെത്താ നുള്ള ബുദ്ധിമുട്ട് , കൃഷിക്കുവേണ്ടി ഭാരിച്ച തുക ചെലവാകുമെന്നത്, വന്യമൃഗങ്ങളില്‍ നിന്നു കൃഷിക്കുണ്ടാകുന്ന വലിയ നഷ്ടം ഇവയൊക്കെ യാണ് ഈ സ്ഥലങ്ങളില്‍ കൃഷി ചെയ്യാതിരിക്കുന്നതിനു കാരണം.

മേല്‍പറഞ്ഞ വസ്തുക്കളൊക്കെ ലേലം ചെയ്യാതെ അംഗീകൃത തിരുവിതാം കൂര്‍ കര്‍ഷകര്‍ക്കു പതിച്ചു കൊടുക്കാവുന്നതാണ്. റിസര്‍വ് വനത്തിന്റെ രണ്ടു ഫര്‍ലോംഗിനുള്ളിലുള്ള വനം പതിച്ചു കൊടുക്കുന്നതിനുള്ള നിരോധനം, രജിസ്റ്റര്‍ ചെയ്യേണ്ട വസ്തുവിനനുകൂലമായി മതിയാംവണ്ണം ചുരുക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം റിസര്‍വ്വ് വനങ്ങളാണ്. അതിലധികം വനം ഇനിയും വേണമെന്ന ഒരു നയം ഗവണ്‍മെന്റിനില്ല. അതുകൊണ്ട് റിസര്‍വ് വനത്തിന്റെ ആവശ്യത്തിലധികമുള്ള എല്ലാ വനപ്രദേശങ്ങളും പതിച്ചു കൊടുക്കാന്‍ പേഷ്‌ക്കാര്‍ വലിയ അധികാരമുള്ളയാളായിരിക്കണം. എന്തുകൊണ്ടെന്നാല്‍ റൂള്‍ 47 അര്‍ത്ഥശൂന്യമായ ഒന്നാണ്. മഹാരാജാവു തിരുമനസ്സിന്റെ പ്രജകള്‍ റൂള്‍ 47 ഡ്രാഫ്റ്റ് റൂള്‍ പ്രകാരം യാതൊരാനുകൂല പ്രയോജനവുമനു ഭവിക്കുന്നില്ല. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് 1000 രൂപയിലധികം വരുന്ന തറവില 10 വാര്‍ഷിക വരിസംഖ്യ തവണകളായി ഒടുക്കാനുള്ളനുമതിയുണ്ടാവണം. പ്രാദേശികബുദ്ധിമുട്ടുകളും ഗതാഗത ചെലവുകളും പരിഗണിച്ച് ഒന്നാം പട്ടികയിലുള്ള കാഞ്ഞിരപ്പള്ളി വടക്കു പകുതിയും കാഞ്ഞിരപ്പള്ളി തെക്കു പകുതിയും ഗ്രൂപ്പ്കഢ-ല്‍ ഉള്‍പ്പെടുത്തു കയും പെരുവന്താനം,പീരുമേട് എന്നീ പദ്ധതികള്‍ ഗ്രൂപ്പ് ഢ ലും ഉള്‍പ്പെടുത്തേണ്ടതാണ്.

ദിവാന്റെ മറുപടി:- മെമ്പര്‍ ഡ്രാഫ്റ്റ് റൂള്‍സിനെ സംബന്ധിച്ച് വളരെ സൃഷ്ടിപരമായ വിമര്‍ശനമാണു നടത്തിയത്. അതു തീര്‍ച്ചയായും ഗവണ്‍മെന്റിനു ഗുണകരമാണെന്ന് എനിക്കു തീര്‍ച്ചയാണ്. അവയൊ ക്കെയും വളരെ ഗൗരവതരമായ പരിഗണനകള്‍ക്ക് അര്‍ഹമാണ്.

പുലയര്‍ തങ്ങളുടെ താമസകാര്യത്തില്‍ അനുഭവിക്കുന്ന വിഷമതകള്‍

ശ്രീ അയ്യന്‍കാളി (Member Nominated) തന്റെ സമുദായക്കാര്‍ക്ക് തറവില കൂടാതെ ഭൂമി നല്‍കിയതില്‍ അഭിനന്ദിച്ചുകൊണ്ട് സംസാരമാരംഭിച്ചു. എന്നിരുന്നാലും ജനങ്ങള്‍ക്കു പ്രയോജനമുണ്ടാകണമെന്ന് വലിയ താല്പര്യത്തോടെ ഗവണ്‍മെന്റു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഘടകവിരുദ്ധ മായി ചില കീഴുദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഗവണ്‍മെന്റ് വാസ്തവത്തില്‍ അഭിമാനക്ഷതമുള്ളവരായിത്തീരുന്നു. വിളവങ്കോടു താലൂക്കില്‍ കളിയല്‍ പകുതിയില്‍ 3008, 3020 എന്നീ സര്‍വ്വേ നമ്പറുകളി ലുള്‍പ്പെട്ട വസ്തുക്കള്‍ പതിച്ചു കിട്ടുന്നതിനായി ആയിരക്കണക്കിനു പുലയര്‍ അപേക്ഷ നല്‍കിയതു തിരസ്‌കരിക്കപ്പെടുകയുണ്ടായി. റാന്നി പകുതിയില്‍ പുലയര്‍ അധിവസിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ഒരുക്കിയെടുത്ത് തങ്ങള്‍ക്കു പതിച്ചു കിട്ടുമെന്നു കരുതി വച്ചിരുന്ന 300 ഏക്കര്‍ ഭൂമി പതിച്ചു നല്‍കപ്പെട്ടത് സ്വാധീനമുള്ള ഒരു ക്രിസ്ത്യന്‍ കമ്പനിക്കാണ്. പ്രസ്തുത ഭൂമി കൈവശപ്പെടുത്തിയിരുന്ന പുലയരെ അവര്‍ ആട്ടിപ്പായിക്കുകയായിരുന്നു. പുലയര്‍ പ്രാണരക്ഷാര്‍ത്ഥം ഈ ഭൂമിയില്‍ നിന്ന് ഓടിപ്പോവുകയാണു ണ്ടായത്. അവര്‍ തങ്ങളുടെ യാതനകള്‍ വിവരിച്ച്‌കൊണ്ട് അധികൃതര്‍ക്കു പരാതിയയച്ചു. യാതൊരു ഫലവുമുണ്ടായിട്ടില്ല. പുലയര്‍ക്ക് ഭൂമി സൗജന്യമായി പതിച്ചു നല്‍കാനുള്ള ഗവണ്‍മെന്റുത്തരവുകള്‍ മരണപ്പെട്ട അക്ഷരങ്ങളായി നിലകൊണ്ടു. അവര്‍ കൈവശം വച്ചനുഭവിച്ചു കൊണ്ടിരുന്ന ഭൂമിയില്‍ പോലും മറ്റുള്ളവര്‍ അനധികൃതമായി പ്രവേശിച്ച്, അവരുടെ ഭൂമി തട്ടിയെടുക്കുന്നു. അത്തരം പ്രശ്‌നങ്ങളില്‍ വളരെ പെട്ടെന്നുള്ള പരിഹാര നടപടികളുണ്ടാകണമെന്നദ്ദേഹമഭ്യര്‍ത്ഥിച്ചു. ഭൂമി ഒഴുകുറിയായി പുലയര്‍ക്ക് അവരുടെ പേരില്‍ കൊടുക്കുകയും അത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കി പുതുക്കിയെടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു പതിച്ചുകൊടുക്കുകയും ചെയ്യുന്ന രീതി ഉണ്ടായി കാണുന്നു. മരച്ചീനി, വാഴ എന്നിവയാണ് അവര്‍ സാധാരണ നടുന്നത്. ഇത്രയുമൊക്കെ ചെയ്ത് അവര്‍ഭൂമി നന്നാക്കിയെടുത്ത് താമസിക്കുമ്പോള്‍ പ്രസ്തുത വസ്തുക്കള്‍ അവര്‍ക്ക് പതിച്ചു കൊടുക്കേണ്ടതാണ്.

ദിവന്റെ മറുപടി: മെമ്പര്‍ സൂചിപ്പിച്ച വിളവങ്കോടു താലൂക്കിലെ വസ്തുക്കളെ സംബന്ധിച്ചു പറയുകയാണെങ്കില്‍, ആ വസ്തുക്കള്‍ ഇപ്പോള്‍ സര്‍വ്വേ ചെയ്ത് ചെറിയ ചെറിയ തുണ്ടുഭൂമികളാക്കി കൊണ്ടിരിക്കുന്നു. മെമ്പര്‍ പറഞ്ഞ പ്രാദേശികപരാതികളിന്മേല്‍ അന്വേഷണം നടത്താന്‍ കൊല്ലം ദിവാന്‍ പേഷ്‌ക്കാറെ ചുമതലപ്പെടുത്തുന്നതായിരിക്കും. പുതുതായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന പുതുവല്‍ റൂള്‍സ് അതിന്റെ പൂര്‍ണ്ണരൂപത്തിലാ യാല്‍ അതു പുറത്തുവരുമ്പോള്‍ അതില്‍ പുതുവല്‍ ഭൂമിയിലെ വിലമതി ക്കുന്ന വികസനം (Valuable improvements) എന്ന് പ്രത്യേകമായി എഴുതി ചേര്‍ത്തിട്ടുള്ളത് ശ്രദ്ധിക്കുക.