"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 19, വ്യാഴാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 1 മാര്‍ച്ച് 1921പുതുവല്‍ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിന് അധ:സഥിത സമുദായക്കാരനുഭവിക്കേണ്ടവരുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ കുറുമ്പന്‍ ദൈവത്താന്‍ (Member Nominated) പുതുവല്‍ ഭൂമി പതിച്ചു നല്‍കുന്നകാര്യത്തില്‍ തന്റെ സൗജന്യങ്ങള്‍ സ്മരിച്ചുകൊണ്ട് മഹാരാജാവ് തിരുമനസ്സിന്റെ ഗവണ്‍മെന്റിനു നന്ദിയറിയിച്ചു. പക്ഷേ ഒരു കാര്യം ശ്രീ മെമ്പര്‍ ഉത്‌ബോധിപ്പിച്ചു. കഴിഞ്ഞ അസംബ്ലിയില്‍ പറഞ്ഞതുപോലെ തന്നെ 'പുതുവല്‍ ഭൂമി പതിച്ചുകൊടുക്കുന്നതുകൊണ്ട് ഗവണ്‍മെന്റിനുള്ള സദുദ്ദേശം സഫലമാകുന്നതേയില്ല'. പുലയര്‍, തലൂക്കാഫീസറന്മാര്‍ക്ക് നല്‍കിയ 'പുതുവല്‍ അപേക്ഷകള്‍' ചവറുകടലാസ്സുകളായി ഇപ്പോഴുമവശേഷിക്കുന്നു. കൊട്ടാരക്കരയിലെയും, പത്തനംതിട്ടയിലെയും പകുതികളില്‍ സംഭവിച്ച കാര്യങ്ങള്‍ മെമ്പര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പുതുവല്‍ഭൂമി ലഭിച്ചത് അതു 
പതിച്ചുകിട്ടുമെന്നാഗ്രഹിച്ച് വസ്തുക്കളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊക്കെ ചെയ്ത് കഴിഞ്ഞപ്പോള്‍ അവരെ അവിടെ നിന്നൊഴിപ്പിക്കുകയാണുണ്ടായത്. കൊട്ടാരക്കര താലൂക്കില്‍ വെളിയം പകുതിയില്‍ സര്‍വ്വേ നമ്പര്‍ 360/1-ല്‍ നിന്ന് പുലയ ജാതിക്കാരനായ ഒരാളെ നിയമവിരുദ്ധമായി ഒഴിപ്പിച്ച നടപടി ദിവാന്റെ പരിശോധന ഒന്നു കൊണ്ടു മാത്രം നിര്‍ത്തിവക്കേണ്ടിവന്നു. കന്നുകാലികളെ മേയ്ക്കുന്നതിനായി പ്രത്യേക സ്ഥലം കണ്ടെത്തുന്ന രീതി ബ്രിട്ടീഷ് ഇന്ത്യയില്‍ പൊതുവേ ഇല്ലായിരുന്നു. എന്നാലതിനായി കൊട്ടാരക്കര താലൂക്കില്‍ മാറ്റി വയ്ക്കപ്പെട്ട ബ്ലോക്ക് അനുയോജ്യമോ ഉപയോഗയോഗ്യമോ ആയിരുന്നില്ല. വെളിയത്ത് ഒരു മേച്ചില്‍ സ്ഥലം മാറ്റിയിട്ടാല്‍ അവിടെ അതു നന്നായിരിക്കും. അവിടെ ഒരു ഭജനമഠം കൂടി സ്ഥാപിക്കാനാളുകള്‍ക്ക് താല്പര്യമുണ്ട്. മോഡല്‍ കോളനികള്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ ഒരിനമായ ചെങ്ങന്നൂര്‍ താലൂക്കില്‍ ആലാ പകുതിയില്‍ സര്‍വ്വേ നമ്പര്‍ 2/1-ല്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന കോളനിപോലെ തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മോഡല്‍ കോളനികള്‍ സ്ഥാപിക്കണം. മേല്‍ തട്ടില്‍ നിന്ന് അനുകൂലമായ ഉത്തരവുകളുണ്ടാകുമ്പോള്‍തന്നെ ഗവണ്‍മെന്റിലെ ബന്ധപ്പെട്ട കീഴുദ്യോഗസ്ഥന്മാര്‍ തങ്ങള്‍ക്കനുകൂലമല്ലാതെയും അനുഭാവപൂര്‍വ്വമല്ലാതെയും പെരുമാറുന്നതു കഷ്ടമാണ്. വളരെ പൊക്കത്തിലുള്ളതും പാറക്കെട്ടുകളുള്ളതുമായ സ്ഥലങ്ങള്‍ കൃഷി ചെയ്യാന്‍ ഇവര്‍ക്കു പതിച്ചുകൊടുക്കുന്നു. എന്നിട്ട് മേന്മയുള്ള പുതുവല്‍ ഭൂമി ലേലം ചെയ്യുന്നു. ഈ രീതി മാറണം. പുതുവല്‍ ഭൂമി ലേലം ചെയ്തു പതിച്ചു കൊടുക്കുന്നത്, പുലയര്‍, പറയര്‍, കുറവര്‍, വേടര്‍, ഉള്ളാടര്‍ എന്നീ ജാതിക്കാര്‍ക്കു ഭൂമി കൊടുത്തിനു ശേഷം മാത്രമേ പാടുള്ളൂ. ഒരുകാര്യം മെമ്പര്‍ സ്വാഗതം ചെയ്യുകയുണ്ടായി. ഭൂമി മറ്റുള്ളവര്‍ അധീനപ്പെടുത്താതിരിക്കാനുള്ള നിയമംഗവണ്‍മെന്റ് നടപ്പാക്കുമെന്നുള്ളതും, അതുപോലെ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ഉപയുക്തമാക്കിത്തീര്‍ക്കുമ്പോള്‍ അതു സ്വാധീനിച്ച് അവ മറ്റുള്ളവര്‍ വസൂലാക്കുന്ന നടപടിയൊക്കെ ഇനി നിര്‍ത്താലക്കുമെന്ന ഗവ.നടപടിയും നല്ലതു തന്നെയാണെന്നു മെമ്പര്‍ ശ്രീ.കുറുമ്പന്‍ ദൈവത്താനഭിപ്രായപ്പെട്ടു. ഒരൂ കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി. അതായത് ധാരാളം പുലയര്‍ കൈതയുടെ ഇല ഉപയോഗിച്ച് ബാസ്‌ക്കറ്റും മറ്റും ഉണ്ടാക്കുന്ന ജോലി ചെയ്യാറുണ്ട്. റോഡരികത്തും, പുറംപോക്കിലുമൊക്കെ നില്ക്കുന്ന കൈതയുടെ ഇല വെട്ടിമുറിച്ചെടുക്കുന്നത് പൊതുമാരാമത്തു വകുപ്പ് കീഴുദ്യോഗസ്ഥന്മാര്‍ അനുവദിക്കുന്നില്ല. ഇതു പുലയരോടു ചെയ്യുന്ന ദ്രോഹ നടപടിയാണ്. ഇതവസാനിപ്പിക്കണം.

ദിവാന്റെ മറുപടി:- നിങ്ങളുന്നയിച്ച പരാതികളിലേറെയും കീഴുദ്യോഗസ്ഥന്മാരുടെ പ്രവൃത്തികളെപ്പറ്റിയാണ്. പ്രാദേശിക തലത്തിലുള്ള പരാതികള്‍ അവിടവിടെത്തന്നെയുള്ള ബന്ധപ്പെട്ട ഓഫീസറന്മാര്‍ തന്നെ പരിഹരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് പൊതുവേ ഉത്തരവിറക്കിയിട്ടുണ്ട്. കൂടാതെ ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാന്‍ ഒരു ഓഡിറ്റ് ഓഫീസറെക്കൂടി ചുമതലപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ സമീപിപ്പിക്കുകയാണെങ്കില്‍ അദ്ദേഹം ഈ പറഞ്ഞ കുറവുകളൊക്കെ പരിശോധിക്കും. കൂടാതെ കൈത ഇല വെട്ടിയെടുക്കുന്ന കാര്യം പറഞ്ഞുവല്ലോ. അക്കാര്യം പി.ഡബ്ല്യൂ.ഡി.ഓഫീസറന്മാരെ എഴുതിയറിയിച്ച് അതിനു പരിഹാരമുണ്ടാക്കാം.

ശ്രീ പി.എബ്രഹാം ഐസക് (Member Nominated) ഇങ്ങനെ ചൂണ്ടിക്കാട്ടി. അധ:സ്ഥിതര്‍ക്കായി ഉണ്ടാക്കിയ 1917ഏപ്രില്‍ 13-ാം തീയതിയിലെ ഏ.ഛ.ചീ.ഞ.2299 എന്ന ഉത്തരവിലല്ലാതെ ക്രമവിരുദ്ധമായി ഭൂമി, സ്വാധീനമുള്ളവര്‍ക്കു നല്‍കുന്ന ഏര്‍പ്പാട് ഉദ്യോഗസ്ഥര്‍ ഇപ്പോഴും നടത്തുന്നുണ്ട്. ഈ വിഭാഗക്കാരോട് യാതൊരു കാരുണ്യവും കരുണയുമവര്‍ക്കില്ലെന്നതിന്റെ തെളിവാണ് അവര്‍ നിര്‍മ്മാണം നടത്തി അഭിവൃദ്ധിപ്പെടുത്തിയ ഭൂമി സ്വാധീനശക്തികള്‍ക്കു കൊടുക്കുന്നത്.