"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 6, വെള്ളിയാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍; 18 ഫെബ്രുവരി 1919 - പുതുവല്‍ഭൂമി പതിച്ചു നല്‍കുന്നതില്‍ പുലയരും മറ്റു അധസ്ഥിതരുമനുഭവിക്കുന്ന സങ്കടങ്ങള്‍
പത്തനംതിട്ട താലൂക്ക് രൂപീകരണത്തെ തുടര്‍ന്ന് ചില പ്രദേശങ്ങള്‍ നീക്കം ചെയ്തത് പരിഹരിക്കാനായി മറ്റു ചില താലൂക്കുകളിലെ ഏതാനും പകുതികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് കുന്നത്തൂര്‍ താലൂക്ക് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ആവശ്യകതശ്രീ എന്‍.പത്മനാഭപിള്ള (Member Nominated)

ഗവണ്‍മെന്റ്, ചെങ്ങന്നൂര്‍ താലൂക്ക് രണ്ടായി വിഭജിച്ച് പുതിയ താലൂക്കിന്റെ ആസ്ഥാനം പത്തനംതിട്ടയാക്കി നിജപ്പെടുത്താന്‍ പോകുന്നുവെന്ന തീരുമാനം പ്രാബല്യത്തിലായില്ലെങ്കിലും ഉടന്‍ ആ പ്രക്രിയ നടന്നിരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ കുന്നത്തൂര്‍ താലൂക്ക് വീണ്ടും രൂപവല്‍ക്കരിക്കേണ്ടിവരും. സൗകര്യാര്‍ത്ഥം കുന്നത്തൂര്‍ താലൂക്കിലെ വള്ളിക്കോട്, കൊടുമണ്‍, ഏനാതിമംഗലം എന്നീ പകുതികള്‍ പത്തനംതിട്ട താലൂക്കിനോടു ചേര്‍ക്കുന്നതിയാരിക്കും. അതുപോലെ തന്നെ കരുനാഗപ്പള്ളി താലൂക്കില്‍ നിന്ന് കുണ്ടറതാലൂക്കിലേക്ക് തേവലക്കര, മൈനാഗപ്പള്ളി എന്നീ പകുതികളും കൊല്ലം താലൂക്കില്‍നിന്ന് കിഴക്കേക്കല്ലട പകുതിയും കൊണ്ടുവരുന്നത് പ്രയോജനപ്രദമായിരിക്കും. പോരുവഴി കുന്നത്തൂര്‍ താലൂക്കിന്റെ മദ്ധ്യഭാഗമാകാനതുപകരിക്കും. അതുകൊണ്ടത,് കുന്നത്തൂര്‍ താലൂക്കിന്റെ ആസ്ഥാനമായി വളരെ അഭിമാനകരമായി പ്രഖ്യാപിക്കപ്പെടാനും സാധിക്കും. ആയതിനാല്‍ കുന്നത്തൂര്‍ താലൂക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ വീണ്ടും രൂപീകരിക്കണം. അപ്പോള്‍ പടനായര്‍കുളത്തെ മജിസ്‌ട്രേറ്റുകോടതി പോലെയുള്ള രണ്ട് സ്ഥാപനങ്ങളിലൊന്ന് പാടെ നിര്‍ത്തലാക്കേണ്ടിവരും. തന്നിമിത്തം ഗവണ്‍മെന്റിന് ഈ കുന്നത്തൂര്‍ താലൂക്ക് രൂപീകരണം കൊണ്ട് വലിയ സാമ്പത്തികനേട്ടമാണു ണ്ടാകുന്നത്.

ദിവാന്റെ മറുപടി: -എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പീരുമേടു താലൂക്ക് രണ്ടായി വിഭജിച്ച് ഒരു ഭാഗത്തിന്റെ ആറു സ്ഥാനം
കാഞ്ഞിരപള്ളിയാക്കി മാറ്റുകയും ചെയ്യുന്നതിന്റെ ആവശ്യകത.

ശ്രീ ഇട്ടിയവിറചാക്കോ (Member Nominated) 


ഇങ്ങനെ നിര്‍ദ്ദേശിച്ചു:- പീരുമേടു താലൂക്കിന്റെ അതിവിശാലമായ വലുപ്പവും, അവിടത്തെ ജോലിഭാരവും കണക്കിലെടുത്ത് ആ താലൂക്ക് രണ്ടായി വിഭജിച്ച് അതിലൊരു ഭാഗത്തിന്റെ ആസ്ഥാനം കാഞ്ഞിരപ്പള്ളിയാക്കി മാറ്റുന്നത് അനിവാര്യമായിരിക്കയാണ്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പീരുമേടു താലൂക്കില്‍ നിന്ന് മണിമല, ചിറക്കടവ്, ചെറുവള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ പകുതികള്‍ വേര്‍പെടുത്തി അവയെല്ലാം കൂട്ടിചേര്‍ത്ത് ഒരുപുതിയ താലൂക്ക് രൂപീകരിക്കണം. ഇപ്പറഞ്ഞ കാര്യം കഴിഞ്ഞ രണ്ട് അസംബ്ലി സമ്മേളനത്തിലും നിവേദനങ്ങളിലൂടെ അറിയിച്ചിരുന്നതും ഗവണ്‍മെന്റിന് പ്രസ്തുത താലൂക്ക് രണ്ടായി വിഭജിക്കുന്ന പ്രശ്‌നം ബോധ്യപ്പെട്ടിട്ടുള്ള സംഗതിയുമാണ്. എന്നാലീ നിര്‍ദ്ദേശം വേണ്ട വണ്ണം അംഗീകരിക്കപ്പെട്ടിട്ടില്ല. കാരണം അതിനുള്ള ചെലവ് കണ്ടെത്തേണ്ടതുണ്ട്. എന്നാലാകാര്യത്തില്‍ ഭയപ്പെടേണ്ടതില്ല. അതാത് കാഞ്ഞിരംപ്പള്ളി തഹസ്സീല്‍ദാര്‍ക്ക് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരം കൊടുക്കുകയും ഇപ്പോള്‍ നിലവിലുള്ള കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ മജിസ്‌ട്രേറ്റു കോടതികള്‍ രണ്ടും നിര്‍ത്തലാക്കുകയും അവിടത്തെ ഓഫീസ് ജീവനക്കാരെ കൂടി ഉപയോഗിക്കാന്‍ കഴിയുകയും ചെയ്താല്‍ ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ധനലാഭമുണ്ടാകും. അതുകൊണ്ട് മെമ്പര്‍ ശ്രീ.ചാക്കോ മേല്‍പ്പറഞ്ഞ പേരുമേഡ് താലൂക്ക് വിഭജിക്കാനഭ്യര്‍ത്ഥിച്ചു.

ദിവാന്റെ മറുപടി:- പറഞ്ഞതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

പാര്‍പ്പിട സ്ഥലമില്ലായ്മ കൊണ്ടു പുലയര്‍ നേരിടുന്ന വിഷമതകള്‍

ശ്രീ അയ്യന്‍കാളി (Member Nominated)

നെയ്യാറ്റിന്‍കര താലൂക്കില്‍ വിളപ്പില്‍ പകുതിയില്‍ പുലയര്‍ക്കുവേണ്ടി പതിച്ചു നല്‍കാന്‍ ഉത്തരവായ 500 ഏക്കര്‍ പുതുവല്‍ ഭൂമിയില്‍ ഇനിയുമവശേഷിക്കുന്നത് 242.8 ഏക്കര്‍ സ്ഥലം മാത്രമാണ്. ബാക്കി ഭൂമി മറ്റാളുകള്‍ കൈവശം വച്ചുകൊണ്ടിരിക്കുകയാണ്. ഈ 242.8 ഏക്കര്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശും പാറക്കെട്ടുള്ളതുമാണ്. അവശേഷിക്കുന്ന ഈ പ്രദേശം തന്നെ മറ്റാളുകള്‍ കൈവശപ്പെടുത്തിയോ എന്നു പരിശോധിക്കാനും അതു പെട്ടെന്നു പതിച്ചുകൊടുക്കാനുള്ള അടിയന്തിരനടപടികള്‍ എത്രയും പെട്ടെന്നു തന്നെയുണ്ടാവണമെന്നും അദ്ദേഹമാവശ്യപ്പെടുകയുണ്ടായി. വാഗ്ദാനം ചെയ്യപ്പെട്ട 500 ഏക്കറില്‍ പിന്നെയുള്ള ഭാഗം നെടുമങ്ങാടു താലൂക്കില്‍ ഉഴമലയ്ക്കല്‍ ആര്യനാട് എന്നീ പകുതികളിലും നെയ്യാറ്റിന്‍കര താലൂക്കിലെ മറ്റു പകുതികളില്‍ പാഴായിക്കിട ക്കുന്ന പ്രദേശങ്ങളിലുമുള്ള സ്ഥലങ്ങളും നല്‍കി പതിച്ചുകൊടുക്കാവുന്നതാണ്. ഈ സൗജന്യങ്ങള്‍ സംസ്ഥാന വ്യാപകമായ എല്ലാ താലൂക്കുകളിലുമുള്ള പുലയര്‍ക്ക് വ്യാപകമായി നല്‍കി, ഭൂമി പതിച്ചു കൊടുക്കേണ്ടതാണെന്നു ശ്രീ അയ്യന്‍കാളിയ ഭ്യര്‍ത്ഥിച്ചു.

ദിവാന്റെ മറുപടി:- എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

പുതുവല്‍ഭൂമി പതിച്ചു നല്‍കുന്നതില്‍ പുലയരും  
മറ്റ് അധസ്ഥിതരുമനുഭവിക്കുന്ന സങ്കടങ്ങള്‍.

ശ്രീ കുറുമ്പന്‍ ദൈവത്താന്‍ (Member Nominated)

പുലയര്‍, പറയന്‍ തുടങ്ങി മറ്റ് അധ:സ്ഥിതജനവിഭാഗക്കാര്‍ക്ക് പുതുവല്‍ഭൂമി സൗജന്യമായി പതിച്ചു നല്‍കാന്‍ ഗവണ്‍മെന്റുത്തരവിറക്കിയിട്ടുണ്ടെങ്കിലും ഉത്തരവിനെ തുടര്‍ന്ന് ഭൂമിയവര്‍ക്കു നല്‍കാനുള്ള നടപടികളൊന്നും തന്നെ പുരോഗമിച്ചിട്ടില്ല. ഇതു ബോധപൂര്‍വ്വമായ ഒരു തിരസ്‌ക്കരണം തന്നെയാണെന്ന് ശ്രീ കുറുമ്പന്‍ ദൈവത്താനഭിപ്രായപ്പെട്ടു.