"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 1, ഞായറാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍:19 ഫെബ്രുവരി 1918 - ദേവികുളം ഡിവിഷനിലെ പുതുവല്‍ഭൂമിയെ സംബന്ധിച്ച നിയമങ്ങല്‍ ഭേദഗതി വരുത്തുന്നതിനുള്ള ആവശ്യകത.


ദേവികുളം ഡിവിഷനിലെ പുതുവല്‍ഭൂമിയെ സംബന്ധിച്ച നിയമങ്ങല്‍
ഭേദഗതി വരുത്തുന്നതിനുള്ള ആവശ്യകത.

ശ്രീ.ആങ്കുര്‍ മീരാറാവൂത്തര്‍ (Ankur Mira Routher, Member nominated)

ഇങ്ങനെ അഭിപ്രായപ്പെട്ടു.

പീരുമേടു പകുതിയിലെ കിഴക്കേ പകുതിയിലും വടക്കേ പകുതിയിലും വസ്തുക്കള്‍ക്ക,് തറവില യഥാക്രമം 25 രൂപയായും 1 രൂപയായും നിര്‍ണ്ണയിച്ചിട്ടുള്ളത് വളരെ ഭാരിച്ചതാണ്. അതായത് അമിതകൂലി കൊടുത്ത് തൊഴിലെടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയും, വന്യജീവികള്‍ കൃഷികള്‍ നശിപ്പിക്കുന്ന ദു:സ്ഥിതിയും അവിടെയുണ്ട്. അമിതമായ തറവില കൊടുക്കാന്‍ കഴിയാത്തിനാല്‍ ധാരാളം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവരുടെ ഭൂമി ഉപേക്ഷിച്ചുപോകേണ്ടി വന്നിട്ടുണ്ട്. ദേവികുളം ഭാഗത്ത് എല്ലാ 

പ്രദേശത്തുമുള്ള ഭൂമി,തേയില, കാപ്പി എന്നീ കൃഷിക്ക് ഉപയുക്തമാണ് എന്നുള്ള വിശ്വാസത്തില്‍ അവിടെയുള്ള മുഴുവന്‍ ഭൂപ്രദേശങ്ങള്‍ക്കും വലിയ തറവിലയാണ് സര്‍ക്കാര്‍ ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇതു ശരിയല്ല. അതുകൊണ്ട് ഒരേക്കര്‍ സ്ഥലത്തിന് 3 രൂപ എന്ന നിരക്കില്‍ ഒരു നിര്‍ണ്ണയം നടത്തി, ആ ഭൂമി കര്‍ഷകര്‍ക്ക് പതിച്ചു കൊടുത്ത് പണം വസൂലാക്കി കുറേക്കൂടി ആശ്വാസകരമായ ഒരേര്‍പ്പാട് കൃഷിക്കാര്‍ക്കുണ്ടാക്കികൊടുക്കേണ്ടതാണ്. തേയിലയും കാപ്പിയുമൊക്കെ കൃഷിചെയ്യുന്ന യഥാര്‍ത്ഥ കര്‍ഷകരില്‍ നിന്ന് കുറേക്കൂടി ഉയര്‍ന്ന തറവില ഈടാക്കുന്നതില്‍ തെറ്റില്ല. എന്നാലത് മറ്റു കൃഷി ചെയ്യുന്ന പാവപ്പെട്ടവരോട് പാടില്ല.

ദിവാന്റെ മറുപടി:- രേഖപ്പെടുത്തിയിട്ടുണ്ട്.

കേറിക്കിടക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ പുലയര്‍
അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍.

ശ്രീ അയ്യന്‍കാളി (Member Nominated) പശ്ചാത്താപപൂര്‍വ്വം ഇങ്ങനെ പറഞ്ഞു.

പുലയര്‍ക്ക് 500 ഏക്കര്‍ പുതുവല്‍ഭൂമി വിളപ്പില്‍ പകുതിയില്‍ പതിച്ചു കൊടുക്കാനുത്തരവായിട്ടുണ്ട്. അതു പതിച്ചു നല്‍കാനുള്ള നടപടി നാളിതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ പ്രസ്തുത വസ്തുവിലുള്ള തടികളൊക്കെ മുഴുവനായും വനംവകുപ്പു വെട്ടിയെടുത്തിട്ടുമുണ്ട്. അതുപോലെതന്നെ ജനങ്ങളില്‍ നിന്ന് തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തുമുള്ള പേഷ്‌ക്കാര്‍മാര്‍ക്കു ലഭിച്ച 3000 അപേക്ഷക രില്‍ ഒരാളുടെ അപേക്ഷപോലും ഭൂമി നല്‍കി തീര്‍പ്പാക്കാനധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. അധ:സ്ഥിത ജനവിഭാഗക്കാര്‍ക്ക് അനുകൂലമായി ഗവണ്‍മെന്റ് ഇറക്കിയ ഉത്തരവുകളൊന്നും കീഴുദ്യോഗസ്ഥന്മാര്‍ നടപ്പില്‍ വരുത്തുന്നില്ല. അതുകൊണ്ട് മേല്‍പറഞ്ഞ 3000 അപേക്ഷകളിന്മേല്‍ എന്തു നടപടിയെടുത്തുവെന്നും ആ അപേക്ഷകള്‍ എങ്ങനെ തീര്‍പ്പാക്കിയെന്നും വിശദമായൊരന്വേഷണം ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ശ്രീ അയ്യന്‍കാളി ആവശ്യപ്പെട്ടു. കീഴ്ജീവനക്കാര്‍ ഗവണ്‍മെന്റിന്റെ ഉത്തരവ് പാലിക്കാന്‍ കര്‍ശന നടപടികളെടുക്കണമെന്നും ശ്രീ അയ്യന്‍കാളി പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു.

ദിവാന്റെ മറുപടി:-

മെമ്പറുടെ നിവേദനത്തിന് വേണ്ട പരിഗണന നല്‍കുന്നതായിരിക്കും. ഭൂമി പതിച്ചുകൊടുക്കുന്നത് പുരോഗതിയിലാക്കുവാന്‍ പേഷ്‌ക്കാര്‍മാരുടെ പക്കല്‍ നിന്ന് പ്രത്യേക റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതായിരിക്കും.

പുതുവല്‍ഭൂമി പതിച്ചുകിട്ടുന്നതു സംബന്ധിച്ച് ഹിന്ദു പുലയര്‍ക്കുള്ള
സങ്കട അപേക്ഷ.

ശ്രീകുറുമ്പന്‍ ദൈവത്താന്‍ (Member Nominatd)

തറവില കൂടാതെ ഓരോരുത്തര്‍ക്കും ഒരേക്കര്‍ വീതം പുതുവല്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള ഉത്തരവ് ലഭിച്ചതില്‍ ഗവണ്‍മെന്റിനോട് പുലയ സമുദായക്കാര്‍ അതീവ നന്ദിയുള്ളവരാണെന്ന് ശ്രീ കുറുമ്പന്‍ ദൈവത്താന്‍ പറഞ്ഞു. എന്നാല്‍ കീഴുദ്യോഗസ്ഥന്‍മാരുടെ നിസ്സഹകരണം മൂലം പുലയര്‍ നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാകാതെ കിടന്നുപോയി. മദ്ധ്യതിരുവിതാംകൂറില്‍ 1093-ല്‍ 4000 -ല്‍ അധികം വരുന്ന അപേക്ഷകള്‍ പുതുവല്‍ഭൂമി പതിച്ചു കിട്ടാന്‍ നല്‍കിയതില്‍ കേവലം 100 അപേക്ഷകര്‍ക്കു മാത്രമേ ഭൂമി നല്‍കിയിട്ടുള്ളൂ.

ഒരു സ്ഥലത്ത് 50 ഏക്കറോ, 100 ഏക്കറോ ഒന്നിച്ചുകിടക്കുന്ന ഭൂമി പുലയര്‍ക്ക് അളന്നുനിര്‍ണ്ണയിച്ച് അവരുടെ പേരില്‍ കൊടുത്താല്‍ അവര്‍ക്കു കൂട്ടമായി ഒരുമിച്ചു ജീവിക്കാനതുപകരിക്കും. അങ്ങനെ നല്‍കുന്ന ഭൂമിയില്‍ അവര്‍ക്ക് യോജിച്ച് കൂട്ടായി ആദായകരമായി കൃഷിചെയ്യാനും, ആ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും സാധിക്കും. നാടിന്റെ എല്ലാ ഭാഗത്തും ഇങ്ങനെയുള്ള സമ്പ്രദായം നടപ്പില്‍ വരുത്തണം. താഴെപ്പറയുന്ന സര്‍വ്വേ നമ്പരുകളില്‍ ഇത്തരം ഇടചേര്‍ന്ന സ്ഥലങ്ങള്‍ പതിച്ചു നല്‍കാനുള്ളതായി അറിയാന്‍ കഴിഞ്ഞു.

(1) റാന്നി പകുതിയില്‍ 781/1, 923/1, 751/1, 702/1 എന്നീ വസ്തുക്കള്‍.
(2) തോന്നല്ലൂര്‍ പകുതിയില്‍ 5/1,
(3) കൊട്ടാരക്കര പകുതിയില്‍ 295/1, 291/5 എന്നീ വസ്തുക്കള്‍.
(4) എഴുകോണ്‍പകുതിയില്‍ 298/2
(5) അഞ്ചല്‍ പകുതിയില്‍ 822/1,
(6) പുനലൂര്‍ പകുതിയില്‍ 354/1, 538/1, എന്നീ സ്ഥലങ്ങള്‍.
(7) കിഴക്കേകല്ലടപകുതിയില്‍ 5548/1
(8) വെളിയം പകുതിയില്‍ 360/1,

മേല്‍ പറഞ്ഞ വസ്തുക്കള്‍ പുലയര്‍ക്കായി മാറ്റി വെയ്ക്കാനും, അത് പതിച്ചു കൊടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും റവന്യൂ വകുപ്പിന് കര്‍ശനായ ഉത്തരവു കൊടുക്കണമെന്ന് ശ്രീ.അയ്യന്‍കാളി അഭ്യര്‍ത്ഥിയ്ക്കുകയുണ്ടായി.
ദിവാന്റെ മറുപടി:
മെമ്പറുടെ നിവേദനം പരിഗണിക്കുന്നതായിരിക്കും.