"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 5, വ്യാഴാഴ്‌ച

1981 ലെ മകരജ്യോതിസ് - കല്ലിയൂര്‍ പ്രസന്നരാജ്ദേവസ്വംബോര്‍ഡിന്റേയും അയ്യപ്പസേവാസംഘത്തിന്റേയും നേതൃത്വത്തില്‍ പൊന്നമ്പലമേട്ടിലെ ആ പാറയുടെ മുകളില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഡ്രൈവറായ ഗോപിനാഥന്‍ എന്നൊരാള്‍ പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ചുയര്‍ത്തിക്കാണിക്കുന്നതാണ് ദിവ്യാത്ഭുതമെന്നു അയ്യപ്പഭക്തന്മാര്‍ കൊട്ടിഘോഷിക്കുന്ന മകരജ്യോതിസ് എന്ന് മാസികകളിലും മറ്റും ചിലര്‍ എഴുതിയതില്‍ നിന്നും മനസ്സിലായതോടെ യുക്തിവാദി കളുടെ ചെറിയസംഘങ്ങള്‍ ഏതാനും വര്‍ഷങ്ങലായി അവിടെ പോവുകയും നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ മകരജ്യോതിസ് എന്ന ഈ തട്ടിപ്പിന് പൊതുജനങ്ങളുടെ ഇടയില്‍ അപ്പോഴും വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് 1981 ലെ മകരജ്യോതിസ് കാണിക്കുന്ന ദിവസം യുക്തിവാദികള്‍ സംഘടിതമായി പൊന്നമ്പലമേട്ടിലെത്തിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ല്‍ പരം യുക്തിവാദികള്‍ അന്ന് പൊന്നമ്പലമേട്ടിലെത്തു കയുണ്ടായി.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം പി ശ്രീധരന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ധനുവെച്ചപുരം സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം പേരുടെ ഒരു വലിയ സംഘമാണ് തിരുവനന്തപുരത്തുനിന്നും അന്ന് പൊന്നമ്പലമേട്ടിലെത്തിയത്. ആ സംഘത്തില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. അന്ന് പൊന്നമ്പലമേട്ടിലെത്തിയ യുക്തിവാദികളുടെ ആദ്യ സംഘം ഞങ്ങളുടേതായിരുന്നു. ഞങ്ങളവിടെ എത്തുമ്പോള്‍ ദേവസ്വം ബോര്‍ഡിലെ ഏതാനും ഉദ്യോഗസ്ഥന്മാരും ഫോറസ്റ്റ് ഗാര്‍ഡുമാരും ഉണ്ടായിരുന്നു. കാവിവസ്ത്രധാരികളായവരടക്കം അവരില്‍ ചിലര്‍ അവിടെ വിശ്രമിക്കുകയായിരുന്നു. അവരുടെ സമീപത്തായി ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പികളും അവ കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും കിടപ്പുണ്ടായിരുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന ഒരു അലൂമിനിയം പാത്രം വാങ്ങി ഞങ്ങള്‍ കാപ്പി ഇട്ടു കുടിച്ചു. സമയം കഴിയുംതോറും പമ്പ, കൊച്ചുപമ്പ എന്നിവിടങ്ങളില്‍ പാര്‍ക്കുന്നവരും മൂഴിയാറില്‍ നിന്നും മറ്റും ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാരും കൂടാതെ യുക്തിവാദികളുടെ ചെറുസംഘങ്ങളും വന്നുകൊണ്ടിരുന്നു. ഇതിനിടെ മകരജ്യോതിസ് കത്തിക്കുന്നതി നെതിരായി ഞങ്ങള്‍ അത് കത്തിക്കാന്‍ വന്നവരുമായി സംസാരിച്ചു തുടങ്ങിയിരുന്നു. കാഴ്ചക്കാരായി എത്തിയിരുന്നവരിലും നല്ലൊരുവിഭാഗവും മനസാ ഞങ്ങള്‍ക്കനു കൂലമാണെന്നത് ഞങ്ങള്‍ക്കറിവുണ്ടായിരുന്നു. ഇതിനിടെ 'യുക്തിവാദി' പത്രാധിപര്‍ ഉണ്ണി കാക്കനാട്, 'യുക്തിവിചാര'ത്തിന്റെ മാനേജിംഗ് എഡിറ്റര്‍ എ വി ജോസ്, ടി എന്‍ ഭദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃശൂരില്‍ നിന്നും അറുപതോളം പേരുടെ വലിയൊരു സംഘവും അവിടെ എത്തിച്ചേര്‍ന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം കിട്ടി. അതോടൊപ്പം രംഗത്തിന് കൂടുതല്‍ ചൂടുപിടിച്ചു. പതിവായി മകരജ്യോതിസ് കത്തിച്ചുയര്‍ത്തുന്ന ഗോപിനാഥനോട് ഇപ്രാവശ്യം കത്തിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ അയാളത് സ്വീകരിച്ചില്ല. തുടര്‍ന്ന് വാഗ്വാദങ്ങളായി. മുദ്രാവാക്യം വിളിയായി. ഒടുവില്‍ ഗോപി കര്‍പ്പൂരം കത്തിച്ചുയര്‍ത്തു മ്പോള്‍ യുക്തിവാദികള്‍ക്ക് കത്തിക്കാനായി പന്തങ്ങള്‍ തയാറാക്കിവെച്ചു. വൈകുന്നേരം 6. 40 ആയപ്പോള്‍ ചുവന്ന സര്‍ച്ച്‌ലൈറ്റ് ശബരിമലയില്‍ നിന്നും പൊന്നമ്പലമേടിനഭിമുഖമായി തെളിയിച്ചു. മകരജ്യോതിസ് കാണിക്കുവാനുള്ള സിഗ്നലായിരുന്നു അത്. അത് മനസിലാക്കി ടി എന്‍ ഭദ്രന്‍, ഗോപി കര്‍പ്പൂരം കത്തിക്കാറുള്ള ഭാഗത്തിന് അല്പം വടക്കുമാറി ഒരു മത്താപ്പ് കത്തിച്ചു. അപ്പോഴേക്കും ആകാശവാണിയുടെ ദൃക്‌സാക്ഷി വിവരണത്തില്‍ 'അതാ മകരജ്യോതി പ്രത്യക്ഷപ്പെട്ടു' എന്നു പറയുകയുണ്ടായി. തുടര്‍ന്ന് പാത്രത്തില്‍ നിറച്ചിരുന്ന കര്‍പ്പൂരം ഗോപിയും കത്തിച്ചുയര്‍ത്തിക്കാണിച്ചു.. എന്നിട്ട് ഒരു ചാക്കുകൊണ്ട് മൂടിയിട്ട് താഴ്ത്തുകയും ചാക്കുമാറ്റിയിട്ട് വീണ്ടും ഉയര്‍ത്തുകയും ചെയ്തു. ഇങ്ങനെ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. ഇത്തരത്തില്‍ ചാക്കുകൊണ്ട് മൂടിയിട്ട് താഴ്ത്തുന്നതുകാരണം ശബരിമലയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു ദീപം ഉയര്‍ന്നു വരുന്നതായും പിന്നെ അപ്രത്യക്ഷമാകുന്നതായും വീണ്ടും ഉയര്‍ന്നുവരുന്നതായും തോന്നും. ഗോപിയുടെ കര്‍പ്പൂര ദീപത്തെത്തുടര്‍ന്ന് യുക്തിവാദികളുടെ കൈവശമുണ്ടായിരുന്ന പടക്കങ്ങളും പന്തങ്ങളും കത്തിച്ചു. തിരുവനന്തപുരത്തുനിന്നും എത്തിയിരുന്ന മാധവന്‍കുട്ടി ഏതാനും അമിട്ടുകളും പൊട്ടിച്ചു. ആകെക്കൂടി അവിടെ പ്രഭാപൂരംതന്നെയായിരുന്നു. അപ്പോള്‍ ആകാശവാണിയില്‍ നിന്നും കേട്ട ദൃക്‌സാക്ഷിവിവരണവും അടുത്ത ദിവസത്തെ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും മകരജ്യോതിസിന്റെ ദിവ്യതയുടെ മൂടുപടം വലിച്ചെറിയുവാന്‍ സഹായിച്ചു. കാരണം, അനേകം ദീപങ്ങള്‍ പലപ്രാവശ്യം കണ്ടുവെന്നും കര്‍പ്പൂരദീപം പോലെയും ഇടിമിന്നല്‍ പോലെയും മറ്റും കണ്ടുവെന്നും ഓരോരുത്തരുടേയും മനോധര്‍മം പോലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ അവര്‍ക്കാര്‍ക്കും മകരജ്യോതിസിന്റെ ദിവ്യത നഷ്ടപ്പെടുത്ത ണമെന്ന 
ആഗ്ര ഹമില്ലായിരുന്നുവെന്നതു പ്രസ്താവ്യമാണ്.

തലേദിവസവും ഏതാനും പേര്‍ പൊന്നമ്പലമേട്ടിലെത്തി ആ പാറമേല്‍ വിറകുകള്‍ കൂട്ടി കത്തിക്കുകയുണ്ടായി. അത് കണ്ടിട്ട് തലേദിവസവും ജ്യോതി കണ്ടതായി അടുത്ത ദിവസം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെയെല്ലാം വിശദമാക്കിക്കൊണ്ടും അന്ന് പൊന്നമ്പലമേട്ടിലെത്തിയ പ്രശസ്തവ്യക്തികളായ കേരളാ ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി എന്‍ നായര്‍, കണ്‍സര്‍വേറ്റര്‍ സുരേന്ദ്രനാശാരി, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ ശിവശങ്കരന്‍ നായര്‍ എന്നിവരുടെ ചിത്രങ്ങളും പൊന്നമ്പലമേട്ടില്‍ അന്നേ ദിവസം എത്തിയ വാഹനങ്ങളുടെ നമ്പറുകളും ഉള്‍പ്പെടുത്തിക്കൊണ്ടും പല പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കൂടാതെ 'മകരജ്യോതിസ് എന്ന തട്ടിപ്പ' ന്നെ പേരില്‍ യുക്തിവാദി സംഘത്തിന്റെ വകയായി സംസ്ഥാന പ്രസിഡന്റ് പവനന്‍ എഴുതിയ ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു. ഈ ലഘുലേഖയുടെ ആയിരക്കണക്കിന് കോപ്പികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചെറിയ വിലക്ക് വില്ക്കാന്‍ സാധിച്ചു. ഈ ലഘുലേഖയില്‍ക്കൂടി മകരജ്യോതിസ് മനുഷ്യര്‍ കര്‍പ്പൂരം കത്തിച്ച് കാണിക്കുന്നതാണെന്ന് വളരെയധികം പേരെ മനസിലാക്കിക്കാന്‍ കഴിഞ്ഞു. കൂടാതെ, തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ 81 ല്‍ തിരുവനന്തപുരത്ത് ആള്‍ ഇന്ത്യാ എക്‌സിബിഷന്‍ സംഘടിപ്പിച്ചപ്പോള്‍ അവിടെ യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വകയായി ഒരു സ്റ്റാള്‍ എടുക്കുകയും ആ സ്റ്റാളില്‍ക്കൂടി ലഘുലേഖയുടെ വളരെ കോപ്പികള്‍ വില്ക്കുകയും ചെയ്തു. മകരജ്യോതിസ് തട്ടിപ്പിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ അകറ്റുന്നതിന് ആ പ്രദര്‍ശനം സഹായിച്ചു. സ്റ്റാളില്‍ നിന്നിരുന്ന ഞങ്ങള്‍ അവിടെ പ്രദ്രര്‍ശിപ്പിച്ചിരുന്ന ഫോട്ടോകളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് വിശദീകരണം നല്കിക്കൊണ്ട് ചോദിച്ചു; 'പ്രമുഖരായ പല ഉദ്യോഗസ്ഥന്മാരുടേയും പേരുകളും ഫോട്ടോകളും വണ്ടികളുടെ നമ്പറുകളും ഉള്‍പ്പെടുത്തി മകരജ്യോതിസ് തട്ടിപ്പാണെന്ന് കാണിച്ചുകൊണ്ട് ലഘുലേഖ പ്രസിദ്ധീകരിച്ച യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് പവനന്റെ പേരില്‍ എന്തുകൊണ്ട് ദേവസ്വം അധികൃതരോ ഗവണ്‍മെന്റോ നിയമപരമായ നടപടികള്‍ സ്വീകരിച്ചില്ല? ' ഈ ചോദ്യം പലര്‍ക്കും കുറിക്കു കൊണ്ടു എന്നതാണ് സത്യം. ഇതേ ചോദ്യം വീണ്ടും ചോദിക്കട്ടെ.

-------------------------------------------------------------
*1984 ല്‍ യുക്തിചിന്ത ബുക്‌സ്, കല്ലിയൂര്‍, തിരുവനന്തപുരം പ്രസിദ്ധീകരിച്ച കല്ലിയൂര്‍ പ്രസന്നരാജിന്റെ 'മകരജ്യോതിസ് തട്ടിപ്പും പൊന്നമ്പലമേട്ടിലെ പൊലീസ് മര്‍ദ്ദനവും' എന്ന പുസ്തകത്തില്‍ നിന്നും.