"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 10, ചൊവ്വാഴ്ച

1983 ലെ മകരജ്യോതിസും പൊലീസ് മര്‍ദ്ദനവും: 2 - കല്ലിയൂര്‍ പ്രസന്നരാജ്



ജനുവരി 14 വെള്ളി

രാവിലെ എണീറ്റ് ചൂടുകാപ്പി കുടിച്ചെങ്കിലും തണുപ്പു മാറിയില്ല. പത്തുമണിയോടുകൂടി പമ്പയില്‍ നിന്നും കുളിച്ചു, ഉച്ചവരെ വിശ്രമം തന്നെയായിരുന്നു. കൊച്ചുപമ്പയില്‍ നിന്നും പൊന്നമ്പലമേട്ടിലേക്കു പോകുന്ന വഴിക്കുവെച്ച് ഒരു പക്ഷെ ഞങ്ങളെ പൊലീസ് തടഞ്ഞേക്കാമെന്ന സംശയം ഉണ്ടായിരുന്നതിനാല്‍ പൊലീസ് എത്തുന്നതിന് മുമ്പായി ഉച്ചയൂണുകഴിഞ്ഞാലുടന്‍ തന്നെ പൊന്നമ്പലമേട്ടിലേക്ക് പുറപ്പെടണമെന്നാ യിരുന്നു ഇന്നലെ രാത്രിതന്നെ തീരുമാനിച്ചിരുന്നത്.

അതനുസരിച്ച് സ്‌കൂളില്‍ ക്യാമ്പ് ചെയ്തിരുന്നവരില്‍ സുകുമാരന്‍ ഉള്‍പ്പെട്ട കുറച്ചുപോര്‍ രണ്ടേകാല്‍മണിയായപ്പോഴേക്കും കൊച്ചുപമ്പയിലെത്തി. ഇന്നലെ രാത്രിമുതലുള്ള വിശേഷങ്ങള്‍ അവരോടു തിരക്കിയപ്പോള്‍ ഇതിനകം പല ജില്ലകളില്‍ നിന്നായി കൂടുതല്‍ യുക്തിവാദികള്‍ അവിടെ എത്തിയിട്ടുള്ളതായി പറഞ്ഞു. കരുനാഗപ്പള്ളിയില്‍ നിന്നും കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ആറിന്റെ നേതൃത്വത്തില്‍ ഒരു ടെമ്പോയില്‍ 20 പേരും വടക്കാഞ്ചേരി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കാറുകളില്‍ 27 പേരടങ്ങുന്ന സംഘവും കടാതെ പയ്യന്നൂര്‍, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ചെറിയസംഘങ്ങളും അവിടെ എത്തിയിട്ടുള്ളതായി പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടു നില്ക്കുമ്പോള്‍ നാല് ജീപ്പ് നിറയെ പൊലീസ് പൊന്നമ്പലമേട്ടിലേക്കു പോയി. ആ ജീപ്പുകളെ ക്യാമറയില്‍ പകര്‍ത്താന്‍ ഒരു സുഹൃത്ത് ശ്രമിച്ചപ്പോള്‍ ജീപ്പിലിരുന്നുകൊണ്ട് ''എടുക്കാതെടാ' എന്നു വിളിച്ചു പറയുന്നതു കേട്ടു. പക്ഷെ അതിനകം ക്ലിക് ചെയ്തു കഴിഞ്ഞിരുന്നു. നേരത്തേ പൊലീസ് സംഘം സ്‌കൂളിനടുത്തുള്ള ക്യാന്റീനില്‍ ചെന്ന് അവിടെയുണ്ടായിരുന്ന യുക്തിവാദികളെ എണ്ണിനോക്കുകയും പൊലീസിന്റെ നമ്പര്‍ ചിലര്‍ കുറിച്ചെടുത്തപ്പോള്‍ പൊലീസ് തങ്ങളുടെ നമ്പറുകളെ ഊരിയെടുത്ത് പോക്കറ്റില്‍ ആക്കുകയും ചെയ്തുവത്രെ. പിന്നീട് പൊന്നമ്പലമേട്ടില്‍ നടന്ന മര്‍ദ്ദനത്തിന്റെ വെളിച്ചത്തില്‍ പൊലീസിന്റെ ഈ പ്രവൃത്തി ദുരൂഹമായിരിക്കുന്നു.

സ്‌കൂളില്‍ ക്യാമ്പുചെയ്തിരുന്നവരെല്ലാം എത്തിച്ചേര്‍ന്നിരുന്നില്ലെങ്കിലും പൊലീസ് പൊന്നമ്പലമേട്ടിലേക്ക് പോയിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഒട്ടും വൈകാന്‍ പാടില്ലെന്ന നിഗമനത്തില്‍ സുകുമാരന്റെ നേതൃത്വത്തില്‍ മുപ്പതോളം പേരടങ്ങുന്ന ആദ്യസംഘം പൊന്നമ്പലമേട്ടിലേക്കു നടന്നു.

മണ്ണെണ്ണയും കത്തികളും

മിക്കവരുടേയും കൈവശം എന്തെങ്കിലും സാധനങ്ങളുണ്ടായിരുന്നു. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ കുറിക്കാന്‍ വേണ്ടി പേപ്പറും പേനയും. ചിലരുടെ കൈവശം ടോര്‍ച്ച്. തിരിച്ചുവരുമ്പോള്‍ പന്തംകത്തിച്ചു പിടിക്കാന്‍ വേണ്ടിയുള്ള മണ്ണെണ്ണയും തുണിയും രണ്ടുമൂന്നുപേരുടെ കൈവശം കരുതി. കാട്ടിലൂടെയുള്ള ഒരു യാത്രയല്ലേ എന്നു കരുതി കഠാരയോ ചെറുതോ വലുതോ ആയ കത്തികളോ കരുതിയവരായിരുന്നു ചിലര്‍. ഈ ആയുധങ്ങള്‍ കരുതിയിരുന്നത് ആരെങ്കിലുമായി ഒരു സംഘട്ടനത്തിനുവേണ്ടിയല്ലെന്നും വന്യമൃഗങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നുവെന്നും പറയേണ്ടതില്ലല്ലോ. രാവിലെ പമ്പാ ഡാമിനടുത്തുള്ള കാട്ടില്‍വെച്ച് ഒരു ആനയെ കണ്ട് ചിലര്‍ക്ക് ഓടേണ്ടിവന്നുവെന്നതൊഴിച്ച് വന്യമൃഗങ്ങലില്‍ നിന്നും ആക്രമണമൊന്നും ഉണ്ടായില്ലെങ്കിലും കത്തികളും മറ്റും വെച്ചിരുന്നതുകാരണം പലര്‍ക്കും പൊലീസില്‍ നിന്നും കൂടുതല്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു.