"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 8, ഞായറാഴ്‌ച

1983 ലെ മകരജ്യോതിസും പൊലീസ് മര്‍ദ്ദനവും - കല്ലിയൂര്‍ പ്രസന്നരാജ്


📄മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തികച്ചും അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങളാണ് ഇക്കൊല്ലം പൊന്നമ്പലമേട്ടില്‍ അരങ്ങേറിയത്. നൂറ്റി അമ്പതോളം യുക്തിവാദികള്‍ ഇക്കൊല്ലം പൊന്നമ്പലമേട്ടില്‍ ചെല്ലുകയു ണ്ടായി. അവരില്‍ പലരേയും പൊലീസ് അടിക്കുകയും ഇടിക്കുകയും ബൂട്ട്‌സ് ഇട്ട് ചവിട്ടുകയും മറ്റും ചെയ്തു. പൊലീസിന്റെ മര്‍ദ്ദനമേറ്റ് ചിലര്‍ തീരെ അവശരാവുകയുണ്ടായി. ഒടുവില്‍ പൊലീസിന്റെ സഹായത്തോടെ കര്‍പ്പൂരം കത്തിച്ച് കാണിച്ച് മകരജ്യോതിസെന്ന തട്ടിപ്പു നടത്തുകയും ചെയ്തു. പൊലീസ് മര്‍ദ്ദനത്തേയും തുടര്‍ന്നു നടന്ന മകരജ്യോതിസ് തട്ടിപ്പിനേയും സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനുള്ള വായനക്കാരുടെ താത്പര്യ ത്തെ പരിഗണിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു.


Follow us on Facebook

1983 ജനുവരി 12 ബുധന്‍

തുടര്‍ച്ചയായി വര്‍ഷം തോറും പൊന്നമ്പലമേട്ടില്‍ പോകുന്നതിന് എനിക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും ഈ വര്‍ഷത്തെ മകരജ്യോതിസ് തട്ടിപ്പിനെ സംബന്ധിച്ച വിവരണങ്ങള്‍ രണരേഖ മാസികയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിനുവേണ്ടി ഞാനും പൊന്നമ്പലമേട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും രാത്രി 10 മണിക്ക് തിരുവനന്തപുരെ KSRTC ബസ് സ്റ്റേഷനില്‍ (തമ്പാനൂര്‍) എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ പൊന്നമ്പലമേട്ടില്‍ പോകാന്‍ തയാറായി 20 ല്‍ പരം യുക്തിവാദികളും അല്ലാത്തവരുമായവര്‍ ഉണ്ടായി രുന്നു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ധനുവച്ചപുരം സുകുമാരന്‍ അറിയിച്ചിരുന്നതനുസരിച്ചാണ് അവിടെ അവര്‍ എത്തിയിരുന്നത്.

ചെങ്ങന്നൂരുനിന്നും പുറപ്പെടുന്ന ആനത്തോട് വണ്ടിയില്‍ കയറിയാല്‍ കൊച്ചുപള്ളി എന്ന സ്ഥലത്തിറങ്ങാം. അവിടെ നിന്നും 5 കി. മീ നടന്നാലാണ് പൊന്നമ്പലമേട്ടിലെത്തുക. ചെങ്ങന്നൂര്‍ പോയിട്ട് അവിടെ നിന്നും ആ ബസില്‍ പോകണമെന്നാണ് ആഗ്രഹിച്ചതെങ്കിലും ഏതാനും ദിവസങ്ങളായി ആ ബസ് ഓടിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ അറിഞ്ഞതിനാല്‍ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടിവന്നു. കൊല്ലത്തുനിന്നും പുറപ്പെടുന്ന കക്കി - പമ്പ ബസില്‍ കയറി പമ്പ ഡാമിലിറങ്ങുക. അവിടെ നിന്നും 5 കി മീ നടന്ന് കൊച്ചുപമ്പയിലെത്താവുന്നതേയുള്ളൂ. ഈ ലക്ഷ്യത്തോടെ രാത്രിതന്നെ കൊല്ലത്തേക്കു ബസ് കയറി. രാവിലെ 7. 10 നായിരുന്നു പമ്പ ബസ്. അതിനാല്‍ രാത്രി ഏതാനും മണിക്കൂര്‍ കൊല്ലം ബസ്സ്റ്റാന്റിലുറങ്ങി.

ജനുവരി 13 വ്യാഴം

രാവിലെ 7. 10 ന് കൊല്ലത്തുനിന്നും പുറപ്പെട്ടു. ഞങ്ങള്‍ കയറിയ ബസ് മൂഴിയാര്‍ വഴി പമ്പയിലെത്തിയപ്പോള്‍ സമയം 3. 30 ആയിരുന്നു. അവിടത്തെ കാന്റീനില്‍ നിന്നും ചായകുടിച്ചശേഷം ഒരു മണിക്കൂര്‍കൊണ്ട് നടന്ന് കൊച്ചുപമ്പയിലെത്തി. അപ്പോള്‍ അവിടെ വണ്ടിപ്പെരിരിയാര്‍ വഴി, തിരുവനന്തപുരത്തുനിന്നും വില്യം ഫ്‌ളെച്ചറും മറ്റു നാലുപേരും തിരുവല്ലയില്‍ നിന്ന് രണ്ടുപേരും കായംകുളത്തുനിന്നും ഒരാളും എത്തി യിട്ടുണ്ടായിരുന്നു. കൂടാതെ കൊയിലാണ്ടിയില്‍ നിന്നുള്ള 6 പേരും അപ്പഴവിടെ എത്തിച്ചേര്‍ന്നു. അവര്‍ ശബരിമലയില്‍ പോയിട്ട് വരുന്നവ രായിരുന്നു.

രണ്ട് ദിവസം മകരജ്യോതിസ്

മകരജ്യോതിസ് യഥാര്‍ത്ഥത്തില്‍ കാണേണ്ടത് (കാണിക്കേണ്ടത്) നാളെയാണെങ്കിലും ഇന്നും കാണിക്കണമെന്നതായിരുന്നു പൊതുവേയുള്ള തീരുമാനം. അതനുസരിച്ച് എല്ലാവരും കൂടി പൊന്നമ്പലമേട്ടിലേക്ക് നടന്നു. അവിടെ എത്തിയ ഉടന്‍ മരകവിളക്ക് സാധാരണ കാണിക്കാറുള്ള പാറമേല്‍ ചുള്ളികളും മറ്റും കൂട്ടിവെച്ചു. അപ്പോള്‍ ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ട്രാന്‍സിസ്റ്ററില്‍ നിന്നും (പ്രാദേശികവാര്‍ത്ത) ഇന്നുച്ചക്കു ശേഷം ശബരിമലയിലുണ്ടായ തീപിടുത്തത്തില്‍ നിരവധി കടകളും മറ്റും കത്തിപ്പോയെന്നും നിരവധി പേര്‍ക്ക് പരിക്കുപറ്റിയെന്നും അറിഞ്ഞു. അവിടത്തെ ഈ ബഹളത്തിനിടയില്‍ ഞങ്ങളിവിടെ തീകൊളുത്തിയാലും ആരും കാണുകയില്ലെന്ന് ഞങ്ങളൂഹിച്ചു. അടുത്ത ദിവസത്തിലെ ഒരു പത്രത്തിലും ഞങ്ങളിന്ന് തീകത്തിച്ച വിവരം ഇല്ലാതിരുന്നതില്‍ നിന്നും ഞങ്ങളുടെ ഊഹം ശരിയാണെന്നു മനസ്സിലായി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ തലേദിവസം കത്തിച്ചത് അടുത്ത ദിവസം പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം പത്രക്കാര്‍ കണ്ടില്ലെങ്കിലും രണ്ടു ദിവസവും ജ്യോതിസ് കണ്ട പല അയ്യപ്പഭക്തന്മാരുമുണ്ട്.

വന്ന സ്ഥിതിക്കു തീകത്തിക്കാതെ മടങ്ങുന്നതു ശരിയല്ലെന്നു കരുതി സന്ധ്യയാകാനായി കാത്തിരുന്നു. 6. 40 ആയപ്പോള്‍ ഞങ്ങള്‍ ചുള്ളികള്‍ കത്തിച്ചു. 10 മിനിറ്റ്‌കൊണ്ട് അത് കത്തിത്തീര്‍ന്നു. ഉടനെ തന്നെ ഞങ്ങള്‍ അവിടെനിന്നും മടങ്ങി. കൂടുതല്‍ നടക്കാതിരിക്കാന്‍ വേണ്ടി ഞാനും വില്യം ഫ്‌ളെച്ചറും മറ്റേതാനും പേരും കൊച്ചുപമ്പയിലെ വീട്ടില്‍ ക്യാമ്പുചെയ്തു. ധനുവച്ചപുരം സുകുമാരന്‍ ഉള്‍പ്പെട്ട ഒരു വലിയഗ്രൂപ്പ് പമ്പ ഡാം യു പി സ്‌കൂളില്‍ പോയി ക്യാമ്പ് ചെയ്തു.