"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 14, ശനിയാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 2 മാര്‍ച്ച് 1920ശ്രീ.വി.കുഞ്ഞുകൃഷ്ണന്‍പിള്ള (Member TIC, Attingal)

മദ്ധ്യതിരുവിതാംകൂറില്‍ കുറഞ്ഞപക്ഷം ഒരു സെക്കന്റ്‌ഗ്രേഡ് കോളേജുകൂടി ആവശ്യമാണെന്ന് ശ്രീ.വി.കുഞ്ഞുകൃഷ്ണന്‍പിള്ള വാദിച്ചു. സെക്കന്റ്ഗ്രൂപ്പ് സ്ഥാപിക്കുക, ആര്‍ട്ട്‌സ് കോളേജില്‍ ഫിലോസഫി ചെയര്‍ പുന:സ്ഥാപിക്കുക വനിതാ കോളേജില്‍ ബി.എ.ബിരുദക്ലാസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.

താഴെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തുടര്‍ന്നു നിര്‍ദ്ദേശിക്കുകയുണ്ടായി.
1) സംസ്ഥാനത്തിന്റെ നാലു ഡിവിഷനുകളില്‍ ഓരോന്നിലും ഒരു മെഡിക്കല്‍സ്‌കൂളും ഒരു ആയുര്‍വേദിക്ക് സ്‌കൂളും അനുവദിക്കുക.
2) ഒരു വ്യവസായ സ്‌കൂള്‍ സ്ഥാപിക്കുക.
3) ആറ്റിങ്ങലില്‍ ഒരു പെണ്‍പള്ളിക്കൂടം സ്ഥാപിക്കുക.
4) അര്‍ഹമായ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതാ 
അപേക്ഷകര്‍ക്ക് പെണ്‍പള്ളിക്കൂടങ്ങളില്‍ തൊഴില്‍ നല്‍കണമെന്ന 1918 മെയ് 19-ാം തീയതിയിലെ ജി.ഒ.നം.1713 എന്ന ഗവണ്‍മെന്റുത്തരവ് കര്‍ശനമായും പാലിക്കുന്നില്ല. ഈ ഉത്തരവ് നിലനില്‌ക്കേ 303 വനിതകള്‍ നിയമനം കാത്തിരിക്കയാണ്. പെണ്‍പള്ളിക്കുടങ്ങളില്‍ നിന്ന് ആണ്‍പള്ളിക്കൂടങ്ങളിലേക്ക് സ്ഥലം മാറ്റി നിയമിക്കേണ്ട 522 പുരുഷ അദ്ധ്യാപകരില്‍ അധികം പേരും ഇപ്പോഴും പെണ്‍ പള്ളിക്കൂടങ്ങളില്‍ തുടരുന്നുണ്ട്. ഈ സമ്പ്രദായം മാറ്റുക.

നാട്ടുഭാഷാ പഠനക്ലാസ്സിന്റെ അവസാനവര്‍ഷപരീക്ഷക്കുള്ള ഫീസടയ്ക്കാനും പരീക്ഷയെഴുതാനും അനുമതി ലഭിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് മതിയായ ഹാജരില്ലയെന്നും മറ്റുമുള്ള കാരണത്താല്‍, അവരെ പരീക്ഷയെഴുതാനനുവദിച്ചില്ല എന്ന പരാതിയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ ഒടുക്കിയ പരീക്ഷാഫീസ് തിരിച്ചു നല്‍കേണ്ടതാണ്.

(6) ഗവ. ധനസഹായമുള്ള പള്ളിക്കൂടങ്ങളിലും വിദ്യാഭ്യാസയോഗ്യതയുള്ളവരെ മാത്രമേ അദ്ധ്യാപകരായി നിയമിക്കാവൂ. അവരുടെ വേതനം പത്തു രൂപയായി നിജപ്പെടുത്തുകയും വേണം.
(7) സ്‌കൂളില്‍ പോകുന്നവരുടെ വലിയ ബുദ്ധിമുട്ട് ഒരുപാട് പുസ്തകങ്ങള്‍ പഠിക്കാനായി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നുവെന്നതും അവയുടെ ഭാരിച്ച വില അധികമാകുന്നുവെന്നതും സ്‌കൂളില്‍ പോകുന്നവരുടെ വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.

പുസ്തകങ്ങളുടെ എണ്ണം കുറയക്കേണ്ടതും അതുപോലെ വില കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. അതുമല്ലെങ്കില്‍ ആവശ്യമുള്ള പുസ്തകങ്ങള്‍ ഗവണ്‍മെന്റ,്പ്രതിഫലം കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കണം.

അനുയോജ്യമായ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്‌കൃതാദ്ധ്യാപനം കുറേക്കൂടി മെച്ചപ്പെടുത്തേണ്ടതാവശ്യമാണ്. പാഠപുസ്തകങ്ങള്‍ വേണ്ടവണ്ണം തെരഞ്ഞെടുക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കമ്മറ്റിയില്‍ സംസ്‌കൃതമറിയാവുന്നവരില്ല. ഈ കുറവു പരിഹരിക്കണം. നാട്ടുഭാഷാ പഠനസ്‌ക്കൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, എന്നീ ക്ലാസ്സുകളില്‍ സംസ്‌കൃതം നിര്‍ബന്ധ വിഷയമാക്കണം. ഹിസ് ഹൈനസ് മഹാരാജാസ് കോളേജില്‍ സംസ്‌കൃതത്തിന് ഓണേഴ്‌സ് കോഴ്‌സ് (ഒീിീൗൃ െഇീൗൃലെ) ആരംഭിക്കണം.

ശ്രീ അയ്യന്‍കാളി (Member nominated) തങ്ങള്‍ക്കുവേണ്ടി പകുതി ഫീസ് സൗജന്യം തുടങ്ങി മറ്റനേക കാര്യങ്ങള്‍ പ്രത്യേകമായി അനുവദിച്ച് തന്റെ സമുദായത്തിന് ഉത്തേജനം നല്‍കിയതിന് തന്റെ ജനങ്ങള്‍ പ്രകടിപ്പിച്ച പ്രത്യേക നന്ദി ശ്രീ അയ്യന്‍കാളി സഭയിലറിയിച്ചു. ആ സൗകര്യങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ ശ്രീ.അയ്യങ്കാളിഭ്യര്‍ത്ഥിക്കുകയും ചെയ്തു. പുലയരുടെ പാപ്പരത്തവും നിസ്സഹായവസ്ഥയും പരിഗണിച്ച് അവര്‍ക്ക് സ്‌കൂള്‍ ഫീസ് മുഴുവന്‍ സൗജന്യമായി അനുവദിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി. അവര്‍ക്കു നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായം, ചില തൊഴിലുകളും, അവര്‍ക്കു ചെയ്യാന്‍ പറ്റുന്ന ചില വ്യവസായങ്ങളും, അഭ്യസിപ്പിക്കുന്നതുള്‍പ്പെടുന്നതായിരിക്കണം. ആ മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ക്ക് വരുമാനമുണ്ടാക്കാം. അതു ചിലവിനുപകരിക്കും. രണ്ടു ദിവസങ്ങള്‍ക്കു മുമ്പു നടന്ന പുലയ സമ്മേളനത്തില്‍ വച്ചുത്തരവായ സ്‌കോളര്‍ഷിപ്പിന് ദിവാനോട് ശ്രീ അയ്യന്‍കാളി നന്ദി പ്രകടിപ്പിച്ചു. അവസാനമായി അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു. തന്റെ സമുദായത്തില്‍ നാലാം ക്ലാസ്സുവരെയുള്ളവര്‍ക്കു നാട്ടുഭാഷാപഠനം നിര്‍ബന്ധമാക്കണം. അവരുടെയിടയില്‍ വിദ്യാഭ്യാസം വ്യാപകമാക്കാന്‍ അത്തരം ഒരു പോം വഴി മാത്രമേ ഉപകരിക്കൂ.

ശ്രീ പി.എസ്.കൃഷ്ണപിള്ള (Member Thiruvalla Taluk) സ്‌ക്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷവും പാഠപുസ്തകങ്ങള്‍ മാറുന്നത് ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കുറഞ്ഞപക്ഷം മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പാഠപുസ്തകങ്ങള്‍ മാറ്റാവൂ എന്ന് അഭിപ്രായപ്പെട്ടു.