"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 7, ശനിയാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍; 24 ഫെബ്രുവരി 1919 - പുലയക്കുട്ടികളെ സമ്പൂര്‍ണമായും ഫീസ് നല്കുന്നതില്‍ നിന്ന് ഒഴിവാക്കണംഇംഗ്ലീഷ് സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസ്സുകള്‍ നടത്തണമെന്ന ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവരെ അതില്‍ നിന്ന് മോചിക്കേണ്ടതിന്റെ ആവശ്യകത.
ശ്രീ.വി.കെ.ഗോവിന്ദപ്പിള്ള (Member T.I.C.Neyyattinkara)

1919 ഫെബ്രുവരി 24 ന് സഭയില്‍ ഇങ്ങനെ ബോധിപ്പിച്ചു. ഒരു ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അനുവദിച്ചു കിട്ടുന്നതിനു മുമ്പായി ആവശ്യമായ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുക. അതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കുക. അതു കൂടാതെ പതിനായിരം രൂപ ഡിപ്പോസിറ്റ് നല്‍കുക എന്നീ കാര്യങ്ങള്‍ നെയ്യാറ്റിന്‍കരക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുകയാണ്. ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റ് സ്‌കൂളുകള്‍ക്ക് കേവലം 33,300 രൂപ മാത്രമേ ചെലവഴിച്ചിരുന്നുള്ളൂ. അത് വിദ്യാഭ്യാസത്തിനു ചെലവിടുന്ന മൊത്തം


തുകയുടെ ഒന്നര ശതമാനം മാത്രമാണെന്ന് മെമ്പര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ഈ പ്രദേശവാസികളാകട്ടെ വളരെ ദരിദ്രരാണ്. തന്നെയുമല്ല അവരുടെ ധനപരമായ അവസ്ഥ പല കാരണങ്ങളാല്‍ ഓരോ വര്‍ഷവും തകര്‍ച്ചയി ലുമാണ്. പരിതാപകരമായ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണ മെങ്കില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസപരിജ്ഞാനം വേണ്ടത്ര ഇല്ലാതെ വിജയിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനായി വിദേശത്തു പോയി പഠിക്കാന്‍ കഴിയുകയില്ല. ഒരു വര്‍ഷക്കാലയളവിലുള്ള നാലാം-ഫോറം പഠനസമ്പ്രദായം നടപ്പിലാക്കുക യാണെങ്കില്‍ അത് ഗവണ്‍മെന്റിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതല്ല. സ്‌കൂള്‍ പഠനത്തിനാവശ്യമായ ഫണ്ട് വഹിക്കണമെന്നുള്ള ഗവണ്‍മെ ന്റിന്റെ കണ്ടെത്തലിനെ മെമ്പര്‍ വാദഗതികളോടെ ചോദ്യം ചെയ്തു. ഉന്നതവിദ്യാഭ്യാസം സാദ്ധ്യമാക്കുക എന്ന ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് അവരെ ആവശ്യമില്ലാത്തതും അസഹനീയവുമായ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കാതെ ഗവണ്‍മെന്റ് സഹായിക്കണമെന്ന് മെമ്പര്‍ അഭ്യര്‍ത്ഥിച്ചു.

ദിവാന്റെ മറുപടി:-നെയ്യാറ്റിന്‍കര നിവാസികള്‍ പ്രതിനിധിയായി അയച്ച മെമ്പര്‍മാരുടെ പ്രേരണയാലാണ് ഉന്നതവിദ്യാഭ്യാസരീതി അവലംബി ക്കാനിടയായത്. കൊട്ടാരക്കര സ്‌കൂളിലും ഇതേ വിധത്തിലാണ് വിദ്യാഭ്യാസരീതി നടപ്പിലാക്കിയത്. അവിടെ ഡിപ്പോസിറ്റ് ആവശ്യ പ്പെട്ടുവെങ്കിലും ആദ്യവര്‍ഷം അവിടെയുള്ളവര്‍ക്ക് അതു കൊടുക്കേ ണ്ടിയിരുന്നില്ല എന്നാണറിയാന്‍ കഴിഞ്ഞിട്ടുള്ളത്.


സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലുമുള്ള മലയാളം പള്ളിക്കൂടങ്ങളില്‍ അഞ്ചാം ക്ലാസ്സു മുതല്‍ സംസ്‌കൃതം ഐച്ഛിക വിഷയമാക്കുന്നതിന്റെ
അനിവാര്യത.

ശ്രീ എസ്.പത്മനാഭപണിക്കര്‍ (Member Nominated)

എല്ലാ ക്ലാസ്സുകള്‍ക്കും വേണ്ടി സംസ്‌കൃത കോളേജ് ആരംഭിക്കാനും, ആലുവായിലെ സംസ്‌കൃത കോളേജിന് ധനസഹായം നല്‍കാനും ഗവണ്‍മെന്റ് നല്‍കിയ സൗമനസ്യത്തിന് മെമ്പര്‍ നന്ദി പ്രകാശിപ്പിക്കുകയും, സംസ്‌കൃത പഠനം പ്രോത്സാഹിപ്പിക്കാനായി പരീക്ഷണാര്‍ത്ഥം ഓരോ താലൂക്കിലും ഒരു സംസ്‌കൃതപാഠശാല വീതം സ്ഥാപിക്കാന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഭാഷാപഠന സ്‌ക്കൂളുകളില്‍ ഇംഗ്ലീഷ് ഐഛികവിഷയമായി പഠിപ്പിക്കുന്ന സമ്പ്രദായം അതേപടി നിലനിര്‍ത്തുക തന്നെ വേണം. എന്തുകൊണ്ടെന്നാല്‍ കുട്ടികളെ കാലാനുസൃതമായി മാറ്റാനും അവര്‍ക്കു കൂടുതല്‍ വികാസമുണ്ടാക്കാനും അവരെ പ്രബുദ്ധരാക്കാനും അതു ഉപരിക്കുക തന്നെ ചെയ്യും. എന്നാല്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും താല്പര്യമുള്ള സംസ്‌കൃതപഠനം പ്രോത്സാഹിപ്പിക്കുന്നതാകയാല്‍ അവരുടെ മാതൃഭാഷാപഠനം കൂടുതല്‍ അഭിവൃദ്ധിപ്പെടും. അഞ്ചാംക്ലാസ്സുമുതല്‍ സംസ്‌കൃതം നിര്‍ബന്ധിത വിഷയമാക്കിയാല്‍ വളരെ നന്നായിരിക്കും. ആളുകള്‍ സംസ്‌കൃതം പഠിക്കാന്‍ കാട്ടുന്ന താല്പര്യം കണക്കിലെടുത്ത് സംസ്‌കൃതകോളേജ് നവീകരിച്ച് അതിന്റെ ഓരോ കാര്യവും കൂടുതല്‍ ആധുനിക വല്‍ക്കരിക്കാന്‍ അദ്ദേഹം പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

മാവേലിക്കരയിലെ കോയിപ്പള്ളി കാരാഴ്മയിലെ സംസ്‌കൃതപാഠശാലയ്ക്ക് ധനസഹായം കൊടുക്കണമെന്ന് അവസാനമായി അഭ്യര്‍ത്ഥിച്ചുകൊണ്ട് മെമ്പര്‍ സംസാരം ഉപസംഹരിച്ചു.

ദിവാന്റെ മറുപടി:- പറഞ്ഞ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

1919 ഫെബ്രു.24-ല്‍ അയ്യന്‍കാളി (Member Nominated) സമര്‍പ്പിച്ചത്.

തന്റെ സമുദായാംഗങ്ങള്‍ക്ക് മഹാരാജാവ് തിരുമനസ്സിന്റെ സര്‍ക്കാര്‍ നല്‍കിയ വിദ്യാഭ്യാസസംബന്ധവും മറ്റു പല പ്രകാരത്തിലുമുള്ള എല്ലാ സഹായങ്ങള്‍ക്കും ശ്രീ അയ്യന്‍കാളി ആദ്യം തന്നെ നന്ദി പ്രകാശിപ്പിച്ചു. കൂടാതെ സമുദായത്തെ അവശതകളില്‍ നിന്നുയര്‍ത്തിയെടുക്കാന്‍ താഴെപ്പറയുന്നവ കൂടി അനുകൂലമായി പരിഗണിക്കണമെന്നുമഭ്യര്‍ത്ഥിച്ചു.
1) പുലയകുട്ടികളെ സമ്പൂര്‍ണ്ണമായും ഫീസ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണം.
2) കൃഷിയും കൈത്തൊഴിലുകളും പുലയ കുട്ടികളെ പഠിപ്പിക്കണം.
3) സംസ്ഥാനത്തിന്റെ ചെലവില്‍ തന്നെ പുലയ കുട്ടികള്‍ക്ക് ആഹാരം നല്‍കണം.
4) പുലയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബഡ്ജറ്റിലൊരു ഭാഗം പ്രത്യേകമായി മാറ്റിവയ്ക്കുക. കൂടാതെ അതേ വര്‍ഷം തന്നെ ബഡ്ജറ്റുവിഹിതം പൂര്‍ണ്ണമായും അവര്‍ക്കു വേണ്ടി ചെലവഴിച്ചോയെന്നും ഉറപ്പു വരുത്തുക.
5) പുലയ കുട്ടികളെ കൈത്തൊഴിലുകള്‍ പഠിപ്പിക്കുന്ന പ്രത്യേക സ്ഥാപനങ്ങള്‍ അവര്‍ക്കു മാത്രമായി തുറക്കുകയും അവര്‍ക്കു സൗജന്യമായി താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സും അനുവദിക്കാനുള്ള നടപടികളെടുക്കുക.
6) സംസ്ഥാനത്തെ എല്ലാ സ്‌ക്കൂളുകളിലും അവര്‍ക്കു പ്രവേശനം നല്‍കാനവസരമുണ്ടാക്കുക.
7) ഓരോ വര്‍ഷവും എണ്ണത്തില്‍ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ പുലയകുട്ടികള്‍ക്കു നല്‍കുക.
ദിവാന്റെ മറുപടി:-
എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.