"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 1, ഞായറാഴ്‌ച

അയിത്തക്കാര്‍ ഹിന്ദുക്കളല്ല - കല്ലറ സുകുമാരന്‍
വൈക്കം സത്യാഗ്രഹത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ പട്ടിക ജാതി - വര്‍ഗ - പിന്നോക്ക വിഭാഗങ്ങള്‍ ഹിന്ദുക്കളല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതു കാണാം. ഇതര മതക്കാര്‍ക്കു പ്രവേശനം ഉള്ളിടം വരെ ഹിന്ദുക്കളല്ലാത്ത ഇതര മതക്കാരായ പിന്നോക്കരും വന്നുകൊള്ളട്ടെ എന്നായിരുന്നു തീരുമാനത്തിന്റെ പൊരുള്‍. ബാബാസാഹേബ് അംബേഡ്കര്‍, തൊട്ടുകൂടാത്തവര്‍ ഹിന്ദുക്കളല്ല, ഒരു വിഭിന്ന വര്‍ഗമാണെന്ന് ആധികാരികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. (What Congress and Gandhi have done to the Untouchables. Dr. Ambedkar - P175 - 181)


അവര്‍ ഹിന്ദു ക്ഷേത്രങ്ങളില്‍ കടക്കാന്‍ ശ്രമിച്ചതും അതിന് അംബേഡ്കര്‍ നേതൃത്വം നല്കിയതും അയിത്തക്കാര്‍ ഹിന്ദുക്കളായതുകൊണ്ടല്ല. മറിച്ച് അവരുടേതായിരുന്ന ദേവാലയങ്ങള്‍ ഹിന്ദുക്കള്‍ കൈവശപ്പെടുത്തിയതുകൊണ്ടും ആദിവാസികളുടെ കുലഗുരുവും ഗോത്രപിതാവുമായിരുന്ന ശിവനേയും കാളിയേയും മറ്റും സവര്‍ണരുടെ കുത്തകയാക്കിയതും മൂലമാണ്. ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്‍ക്കോ പട്ടിക വിഭാഗങ്ങള്‍ക്കോ ഒരു മതമെന്ന നിലയില്‍ ഹിന്ദുമതത്തോടുള്ള ബന്ധമെന്താണെന്ന് അവരെ ഹിന്ദുമതത്തിന്റെ തൊഴുത്തില്‍ കെട്ടി അച്ചാരം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ആലോചിക്കേണ്ടതുണ്ട്. സ്വര്‍ഗരാജ്യത്തിലും പുനര്‍ജന്മത്തിലും വിശ്വസിക്കാത്തവരും പ്രത്യേക ഉപാസനാ ക്രമങ്ങളുള്ളവരുമായ ദലിതര്‍ ഒരിക്കലും ഹിന്ദുക്കളല്ല. ഒരു പട്ടികജാതിക്കാരന്‍ ഹിന്ദുവാണെന്നു പറഞാഞാല്‍ അയാള്‍ ദലിത് സംസ്‌കൃതിയുടെ ഉപാസനകളും പുനര്‍ജന്മ - സ്വര്‍ഗാദി കാര്യങ്ങളില്‍ വര്‍ഗപരവും ഗോത്രപരവുമായ വിശ്വാസങ്ങള്‍ മാറി എന്നാണര്‍ത്ഥം. അയാള്‍ ഇന്ത്യയിലെ ആദിമവംശങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളും സിദ്ധാന്തങ്ങളും നിരാകരിച്ച് മറ്റൊരാളും അന്യമതവിശ്വാസിയുമായിത്തീരുന്നു. അംബേഡ്കര്‍ പരയുന്നത് ആര്യന്മാരും അനാര്യന്മാരും രണ്ട് ഉപാസനാക്രമമുള്ളവരും രണ്ട് വിഭിന്ന ദേശക്കാരെപ്പോലെ വ്യതിരിക്തത പുലര്‍ത്തുന്നവരുമാണെന്നാണ്. വിവാഹബന്ധങ്ങളില്ല, പന്തിഭോജനമില്ല, ഇടപഴകലില്ല, കണ്ടുകൂടാ തൊട്ടുകൂടാ തുടങ്ങിയ നിയമങ്ങള്‍ മൂലം ധ്രുവങ്ങളില്‍ നിലയുറപ്പിച്ചവര്‍. അയിത്തക്കാരന്റെ നിഴല്‍ തട്ടിയാല്‍പ്പോലും ഹിന്ദു അശുദ്ധനാകും. അംബേഡ്കര്‍ പറഞ്ഞു : - 'സത്യത്തില്‍ ഹിന്ദുക്കളും തൊട്ടുകൂടാത്തവരും തമ്മില്‍ ഒരു മുള്ളുകമ്പിവേലിയില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്. തൊട്ടുകൂടാ ത്തവരെ ഒരിക്കലും കടന്നുചെല്ലാന്‍ അനുവദിക്കാത്തതും കടക്കാന്‍ അവര്‍ക്കൊ രിക്കലും ആശിക്കാന്‍ കഴിയാത്തതുമായ ദേശീയ തലത്തിലുള്ള രോഗനിരോധന വലയമാണത്.' ഐക്യത്തിന് ഏറ്റവും വലിയ തടസം ഹിന്ദുമതമാണ്. വേറിടാനുള്ള ഒരു വ്യഗ്രതയാണ് ഹിന്ദുമതം സൃഷ്ടിക്കുന്നത്. രാഷ്ട്രീയമായ വേദികളില്‍ അയിത്തക്കാര്‍ ഹിന്ദുക്കളാണെന്നു പറയുന്നത് സിക്ക് ക്രൈസ്തവ ഇസ്ലാം മതക്കാരോട് കൂടുതല്‍ കണക്കു പറഞ്ഞ് രാഷ്ട്രീയ ലാഭം നേടുന്നതിനും മതത്തിനുള്ളില്‍ അയിത്തക്കാരാ കയാല്‍ അവര്‍ക്കൊന്നും കൊടുക്കാതെ മുഴുവനും അപഹരിക്കാനുള്ള രാഷ്ട്രീയ തട്ടിപ്പാണ്.

ഹിന്ദുമതത്തില്‍ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര എന്ന് നാല് ജാതികളേയുള്ളൂ. ഈ ചതുര്‍വര്‍ണക്കാരെ വര്‍ണവ്യവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ എന്ന അര്‍ത്ഥത്തില്‍ സവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഋഗ്വേദം പത്താം അധ്യായത്തിലെ പുരുഷസൂക്തം പ്രതിപാദിക്കും പ്രകാരം ബ്രഹ്മാവ് സരയൂ നദീതീരത്ത് ബ്രഹ്മാവര്‍ത്തത്തില്‍ വെച്ച് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് ജാതികളെ സൃഷ്ടിച്ചിട്ടുണ്ട്. പുലയനേയും പറയനേയും തീയനേയും ആശാരിയേയും ഒന്നും ബ്രഹ്മാവ് സൃഷ്ടിച്ചതല്ല.

ബ്രാഹ്മണോസ്യ മുഖാസീത്
ബാഹുരാജസ്യകൃതഃ
ഊരുഃ തദസ്യ, വൈശ്യഃ
പാദാഭ്യാം ശൂദ്രോ അജായത.

(വിഷ്ണുപുരാണം 1 ആം അധ്യായം 6 ആം ശ്ലോകം)

മേല്‍വ്യവസ്ഥപ്രകാരം നാലുജാതികളല്ലാത്തവര്‍ ആരും ദൈവസൃഷ്ടിയില്‍ പെട്ടവരല്ല. അവരുടെയെല്ലാം ഗര്‍ഭപാത്രവും യോനിയും ഏതായിരുന്നുവെന്ന് ഹിന്ദുമതഗ്രന്ഥങ്ങള്‍ വിവരിക്കുന്നുണ്ട്. അത് ബ്രാഹ്മണഋഷിയായ വസിഷ്ഠന്റെ കാമധേനുവെന്ന പശുവിന്റെ ചാണകത്തിലുണ്ടായ പുഴുക്കളാണ് ഈഴവരാദി പിന്നോക്കക്കാര്‍ (മഹാഭാരതം. ആദിപര്‍വം, 174 ആം അധ്യായം 36 ആം പദ്യം) ഈ ചാണകപ്പുഴുക്കളെ ദൈവസൃഷ്ടിയില്‍പ്പെട്ട മനുഷ്യരായ ഹിന്ദുക്കള്‍ വിഹരിക്കുന്ന വൈക്കം ക്ഷേത്രപരിസരത്ത് പാദമൂന്നാന്‍ എങ്ങനെ അനുവദിക്കും എന്നതായിരുന്നു ട്രസ്റ്റിയേയും യാഥാസ്ഥിതിക സവര്‍ണരേയും ആശയക്കുഴപ്പത്തിലാക്കിയത്. അതുകൊണ്ട് ചാതുര്‍വര്‍ണ്യവ്യവസ്ഥയെ അനുകൂലിക്കാത്ത അവര്‍ണരോട് ഒടുങ്ങാത്ത പക വെച്ചുപുലര്‍ത്തുകയും ഇതരമതസ്ഥര്‍ക്ക് ഹിന്ദുക്കളുടെ അടുത്തെത്താവുന്നത്ര ദൂരത്തുപോലും അവര്‍ണര്‍ക്കുവന്നുകൂടാ എന്നു വിലക്കുകയും ചെയ്തു.

പിന്നോക്കക്കാരും ദലിതരും ശൂദ്രരോ ഹിന്ദുക്കളോ അല്ല. (അതേപുസ്തകം). അവര്‍ ആദിശൂദ്രരോ നവശൂദ്രരോ എന്നു പോലും പറയാന്‍ പാടില്ലാത്തതാണ്. ഈ ജനതയെ ആദി ഇന്ത്യന്‍സ് എന്ന് വിളിച്ചാല്‍ അത് പൂര്‍ണമായും ശരിയായിരിക്കും. ശര്‍മ, വര്‍മ, ഗുപ്ത, ദാസ എന്നീ നാല് ജാതിപ്പേരുകള്‍ സവര്‍ണര്‍ നാലുകൂട്ടരും വ്യക്തിനാമത്തോടു ചേര്‍ക്കുകയും ജാതിനിലനിര്‍ത്തുകയും ചെയ്തപ്പോള്‍ അവര്‍ണ വിഭാഗങ്ങള്‍ ആരും പേരിനോട് ചേര്‍ത്ത് ജാതിപ്പേര്‍ ഉപയോഗിക്കുകയോ പൂണൂല്‍ ധരിക്കുകയോ ഭസ്മചന്ദനാദി പൂശി ഹൈന്ദവത്തം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ചില വിശ്വകര്‍മ വിഭാഗക്കാര്‍ സവര്‍ണരെ അനുകരിച്ച് ഇതെല്ലാം ചെയ്തു പോരുന്നതായി കാണാം.

ആര്യന്മാര്‍ ഇന്ത്യയിലെ കുടിയേറ്റക്കാരായതുകൊണ്ടാണ് ജനസംഖ്യയില്‍ അവര്‍ 15% മാത്രമായിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ഒരിക്കലും ഒരിടത്തും ഭൂരിപക്ഷക്കാരാകാന്‍ കഴിയില്ല. ആഫ്രിക്കന്‍ നാടുകളില്‍പ്പോലും വെള്ളക്കാര്‍ കേവലം 20% മാത്രമാണ്. പഞ്ചാബിലെ നയ്യാറുകളും കേരളത്തിലെ നായന്മാരും ഇറാനില്‍ നിന്നും വന്ന ആര്യന്മാരാണെന്ന് എന്‍ കെ ശര്‍മ സമര്‍ത്ഥിക്കുന്നുണ്ട്. (BC's Nither Sudras Nor Hindus - N K Sharma.) അതുകൊണ്ടാണ് വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം ഭാരതത്തിന്റെ ഭ്രാന്താലയമാണെന്ന് തോന്നുംവിധം തികച്ചും ഭ്രാന്തമായ മര്‍ദ്ദനോപാധികള്‍ കൊണ്ട് അവര്‍ അവര്‍ണരെ ആക്രമിച്ചു കീഴടക്കിയത്. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം. Vol. III. P. 187)

വൈക്കം ക്ഷേത്രവളപ്പിലുള്ള ദളവാക്കുളത്തിന്റെ ചരിത്രം എന്‍ കെ ജോസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതോ ചില ഈഴവര്‍ ആ കുളത്തില്‍ കുളിച്ചു എന്ന കുറ്റത്തിന് വേലുത്തമ്പി ദളവ ആ പ്രദേശത്തു ഒട്ടനവധി ഈഴവരെ പിടിച്ചു കെട്ടിക്കൊണ്ട്  വന്ന് അവരുടെ തല വെട്ടി കിണറ്റിലിട്ടു. പില്ക്കാലത്ത് പ്രസ്തുത കുളം ദളവാക്കുളം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ക്ഷേത്ര വളപ്പില്‍ നില്ക്കുന്ന തെങ്ങിലെ തേങ്ങ മാസം തോറും ഇടുന്നത് ബ്രാഹ്മണ പൂജാരിമാരല്ല. പട്ടികജാതി ക്കാരായ പരവന്മാരാണ്. തേങ്ങയില്‍ പുണ്യാഹം തളിക്കുകയോ, അവര്‍ പ്രവേശിച്ച ഭാഗത്ത് ഹോമം നടത്തി ശുദ്ധീകരിക്കുകയോ ചെയ്യാറില്ല. ബ്രാഹ്മണന്റെ ഇല്ലത്തും ക്ഷേത്രങ്ങളിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ആശാരിമാരാണ്. അയിത്തമെന്ന പ്രതിഭാസം കേവലം ഒരു തട്ടിപ്പും തങ്ങളുടെ വമ്പത്തം ഉറപ്പിക്കാനുള്ള ഒരു ഉപാധിയും മാത്രമാണ്. മുന്‍കാലങ്ങളില്‍ ബ്ര്ഹ്മണ ഇല്ലങ്ങളിലും ഈറ്റില്ലങ്ങളിലും പ്രസവ ശുശ്രൂഷക്കുവേണ്ടി ബംഗി തുടങ്ങിയ അയിത്തജാതി സ്ത്രീകള്‍ക്കും അവരുടെ പുരുഷന്മാര്‍ക്കും നിരുപാധികം കടന്നുചെല്ലാമായിരുന്നു എന്നു പറഞ്ഞാല്‍ സവര്‍ണരുടെ ആവശ്യത്തിനുവേണ്ടിച്ചെന്നാല്‍ അയിത്തമില്ല. അല്ലാത്തപ്പോള്‍ അവര്‍ വളരെ ദൂരെ നില്ക്കണം.

മേല്‍ക്കാര്യത്തില്‍ വളരെ വ്യക്തമായ ധാരണയോടെയാണ് റീജന്റായിരുന്ന സേതുലക്ഷ്മിഭായി മഹാറാണി ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. അയിത്ത ജാതിക്കാര്‍ ശൂദ്രരോ ഹിന്ദുക്കളോ അല്ലെന്ന് അറിയാമായിരുന്നതുകൊണ്ട് വൈക്കം ക്ഷേത്ര പാര്‍ശ്വപാത ഉപയോഗിക്കുന്നതില്‍ അഹിന്ദുക്കളായ ക്രൈസ്തവ - ഇസ്ലാം മതക്കാര്‍ക്കു വരാവുന്നിടംവരെ മാത്രം അയിത്തജാതിക്കാര്‍ക്കും വരാമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, കിഴക്കേ നട അവര്‍ക്ക് നിഷിദ്ധവും അപ്രാപ്യവുമായിരുന്നു. എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനമുള്ളതെന്നതോ പോകട്ടെ, ഹിന്ദുമതത്തിലെ ഏറ്റവും താണ ജാതിക്കാരായ ശൂദ്രര്‍ക്കു വരാവുന്നിടം വരെ കടന്നുചെല്ലാന്‍ അയിത്തക്കാരെ അനുവദിച്ചില്ല. ഇതിനുകാരണം അയിത്തക്കാര്‍ യാതൊരു വിധത്തിലും ഹിന്ദുമതത്തിന്റെ ഭാഗമാകുന്നില്ല എന്നതാണ്.

1931 ല്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍വെച്ച് ഗാന്ധി ഈ സത്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 'അയിത്തജാതിക്കാര്‍ ക്രിസ്തുമതത്തിലോ, ഇസ്ലാംമതത്തിലോ, സിക്കുമതത്തിലോ ചേരുന്നതിനും പ്രത്യേക വോട്ടവകാശം ചോദിക്കുന്നതിനും ഞാനെതിരല്ല. ഇപ്പോള്‍ത്തന്നെ അവര്‍ക്കെല്ലാം പ്രത്യേകം വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അയിത്തക്കാര്‍ ഹിന്ദുമതത്തിന്റെ ഭാഗമായിരിക്കുകയും വോട്ടവകാശം ചോദിക്കുകയും ചെയ്യുന്നത് എനിക്ക് അശേഷം സഹിക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വോട്ടവകാശം നല്കുന്നതിനെ ഞാന്‍ എന്റെ ജീവന്‍ പകരം നല്കിക്കൊണ്ടുപോലും എതിര്‍ക്കുക തന്നെ ചെയ്യും.' (ഡോ. അംബേഡ്കറും വട്ടമേശസമ്മേളനവും - വി എ ആദിച്ചന്‍) ഗാന്ധിയുടെ ഈ നിലപാട് ഹിന്ദുക്കള്‍ക്ക് ഇതരമതക്കാരോടുള്ളതിനേക്കാള്‍ ഏത്രയോ ഇരട്ടി ശത്രുത അയിത്തജാതിക്കാ രോടുണ്ടായിരുന്നുവെന്നതിന് തെളിവാണ്.

* വൈക്കം സത്യാഗ്രഹം സത്യവും മിഥ്യയും - കല്ലറ സുകുമാരന്‍