"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 10, ചൊവ്വാഴ്ച

ജാതിയുടെ മൂലകാരണം ഗോത്രബാഹ്യവിവാഹനിരോധനം തന്നെ.


👉(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 8,9)

ജാതിയുടെ വിവിധ ലക്ഷണങ്ങളെപ്പറ്റിയുള്ള വിമര്‍ശനപരമായ വിലയിരുത്തലില്‍ നിന്ന് സംശയാതീതമായി വെളിപ്പെടുന്ന ഒരു വസ്തുതയാണിത്: ഗോത്രബാഹ്യവിവാഹത്തിന്റെ നിരോധനം അഥവാ അഭാവം മാത്രമാണ് ജാതിയുടെ അന്തഃസത്ത. എന്നാല്‍ നരവംശശാസ്ത്ര ത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ ചിലരെങ്കിലും നിഷേധിച്ചേക്കും. ജാതിയുടെ പ്രശ്‌നങ്ങളില്ലാത്ത,





മിശ്രവിവാഹനിരോധനമില്ലാത്ത, സമൂഹങ്ങളുമുണ്ടല്ലോ. പൊതുവായ തലത്തില്‍ ഇത് ശരിയായിരിക്കാം. സാംസ്‌കാരികമായി ഭിന്നമായതും അകലങ്ങളില്‍ വര്‍ത്തിക്കുന്നതും പരസ്പരബന്ധമില്ലാത്തതും ഗോത്രബാഹ്യവിവാഹനിരോധനം പാലിക്കാത്തതുമായ സമൂഹങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ വീക്ഷണത്തില്‍ ഉപോത്ബലകമായി യുനൈറ്റഡ് സ്‌റ്റേറ്റ്‌സിലെ നീഗ്രോകളും വെള്ളക്കാരും 'അമരിന്ത്യര്‍' എന്നറിയപ്പെടുന്ന വിവിധ ഗോത്രവര്‍ഗക്കാരും ചിത്രീകരിക്കപ്പെടാം. എന്നാല്‍ കാര്യങ്ങള്‍ കൂട്ടിക്കുഴക്കരുത്. ഇന്ത്യയിലെ സ്ഥിതി ഭിന്നമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ഇന്ത്യയിലെ ജനങ്ങള്‍ ഏകരൂപമായ ഒരു ജനതയാണ്. നിശ്ചിത പ്രദേശങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യയിലെ വിവിധ വംശക്കാര്‍ ഏറെക്കുറേ പരസ്പരം ലയിക്കുകയും, ഏകരൂപമായ ജനതയുടെ ഏകമാനദണ്ഡമായ സാംസ്‌കാരികൈക്യം ആര്‍ജിക്കുകയും ചെയ്തിരിക്കുന്നു. ഈ ഐകരൂപ്യം ഒരു അടിസ്ഥാനമായി സ്വീകരിച്ചാല്‍ ജാതി മൊത്തം സ്വഭാവത്തില്‍ പുതിയൊരു പ്രശ്‌നമായിത്തീരുകയും, ഗോത്രബാഹ്യവിവാഹ നിരോധനമുള്ള സാമൂഹിക സംഘത്തിന്റെയോ ഗോത്രസംഘത്തിന്റെയോ സാമീപ്യം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അത് ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ഇന്ത്യയില്‍ 'ജാതി' എന്നതിനര്‍ത്ഥം, ജനസമൂഹത്തെ ഗോത്രബാഹ്യവിവാഹ നിരോധനം കൊണ്ട് പരസ്പരം ഇഴുകിച്ചേരാന്‍ അനുവദിക്കപ്പെടാത്ത നിശ്ചിതവും സുസ്ഥിരവുമായ ഘടകങ്ങളിലേക്ക് വെട്ടിനുറുക്കിയിടുക എന്നതാണ്. അപ്പോള്‍ ഗോത്രബാഹ്യവിവാഹ നിരോധനം മാത്രമാണ് ജാതിയുടെ പ്രത്യേക ലക്ഷണമെന്ന നിഗമനം അനിവാര്യമായിത്തീരുന്നു. ഗോത്രബാഹ്യ വിവാഹത്തെ എങ്ങനെ നിരോധിച്ചു നിര്‍ത്തുന്നു എന്നു വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ ജാതിയുടെ ഉത്പത്തിയും യാന്ത്രികവൃത്തിയും ഫലത്തില്‍ തെളിയിച്ചു എന്നു പറയാം.