"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 12, വ്യാഴാഴ്‌ച

പട്ടിക്കും പൂച്ചക്കും അന്യായമായി കൊടുക്കുന്ന ഔദാര്യമല്ല സംവരണം

 

👉തത്വവും ചരിത്രവും

വര്‍ഗീയതയുടെ പേരില്‍ അവര്‍ ഇപ്പോള്‍ എതിര്‍ക്കുന്ന അതേ സംവരണ സമ്പ്രദായത്തിലൂ ടെയാണ് ഭരണവര്‍ഗം പരമാധികാരം നേടിയെടുത്തത്. ഈ പ്രസ്താവത്തിന്റെ സത്യം സ്വീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാകും. സംശയമുള്ളവര്‍ ഹിന്ദുക്കളുടെ ബൈബിള്‍ ആയ മനുസ്മൃതി വായിച്ചു നോക്കിയാല്‍ മതി. അതില്‍ എന്താണ് കണ്ടെത്തുക? അവര്‍ ഞെട്ടലോടെ കണ്ടെത്തുന്ന ഒരു നഗ്നസത്യം ഭരണവര്‍ഗത്തിലെ പ്രമുഖവും നായകഘടകവുമായ ബ്രാഹ്മണര്‍ രാഷ്ട്രീയാധികാരം നേടിയെടുത്തത് ബുദ്ധിശക്തിയിലൂടെയല്ല - ബുദ്ധിശക്തി ആരുടേയും കുത്തകയല്ല - കേവലം സാമുദായികത്വത്തിലൂടെയാണ് എന്നതത്രെ. മനുസ്മൃതിയുടെ നിയമമനുസരിച്ച് രാജാവിന്റെ കുലഗുരു, പ്രധാന ന്യായാധിപന്‍, ഹൈക്കോടതി ജഡ്ജിമാര്‍, രാജാവിന്റെ മന്ത്രിമാര്‍ എന്നീ പദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സര്‍വസൈന്യാധിപന്റെ സ്ഥാനം പോലും ബ്രാഹ്മണര്‍ക്ക് അനുയോജ്യമാണെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു.- അത് അവര്‍ക്കുവേണ്ടി 
സംവരണം ചെയ്യപ്പെട്ടതല്ലെങ്കിലും. തന്ത്രപ്രധാന പദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതിനാല്‍ കാര്യനിര്‍വാഹകസ്ഥാനങ്ങളും അവര്‍ക്ക് തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇതുകൊണ്ട് തീരുന്നില്ല, തന്റെ വര്‍ഗത്തിനുവേണ്ടി ലാഭകരവും അധികാരപരവുമായ തസ്തികകള്‍ സംവരണം ചെയ്യപ്പെട്ടതുകൊണ്ടു മാത്രം ബ്രാഹ്മണര്‍ തൃപ്തിപ്പെട്ടിരുന്നില്ല. കേവല സംവരണം കൊണ്ട് കാര്യമില്ലെന്നവര്‍ക്കറിയാം. അബ്രാഹ്മണ സമൂഹത്തില്‍ നിന്ന് തുല്യ യോഗ്യരായവര്‍ ഉയര്‍ന്നു വന്ന് സംവരണ സംവിധാനത്തെ തകിടംമറിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഭരണ നിര്‍വഹണ രംഗത്തെ എല്ലാ തസ്തികകളും ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതു കൂടാതെ വിദ്യാഭ്യാസം കുത്തകയാക്കിവെക്കുന്ന ഒരു നയം നിര്‍മിക്കപ്പെടുകയുണ്ടായി. നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ ശൂദ്രര്‍, അതായത് ഹിന്ദു സമൂഹത്തിലെ താഴെക്കിടക്കാര്‍ വിദ്യാഭ്യാസം നേടുന്നത് കുറ്റകരമാക്കി. കുറ്റക്കാര്‍ക്ക് ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷകള്‍ നല്കപ്പെട്ടു. അക്ഷരം പഠിക്കുന്ന ശൂദ്രന്റെ നാവറുക്കുകയും ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുകയും ചെയ്തു. ഈ സംവരണങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലില്ലായിരുന്നു. എന്നാല്‍ മനു സൃഷ്ടിച്ചുവിട്ട സംവരണങ്ങള്‍ അവസാനിച്ചെങ്കിലും നൂറ്റാണ്ടുകളിലൂടെ നിലനിന്നുപോന്ന അവയുടെ സാഹചര്യങ്ങള്‍ നിഷ്പന്നമാക്കിയ പ്രയോജനങ്ങള്‍ അവശേഷിക്കുന്നു. സംവരണം ചോദിക്കുന്ന തിലൂടെ അടിമവര്‍ഗം നൂതനവും അസാധാരണവുമായ ഒന്നും ചോദിക്കുന്നില്ല. സംവരണം വേണമെന്ന് ആവശ്യപ്പെടുന്നത് ഭരണവര്‍ഗത്തിന്റെ ആക്രമണപരമായ വര്‍ഗീയതയില്‍ നിന്ന് സംരക്ഷണം നേടാനാണ്. - (ഡോ. അംബേഡ്കര്‍. വാല്യം 17)

അശരണര്‍ക്ക് അനുകമ്പാപൂര്‍വം കൊടുക്കുന്ന ആനുകൂല്യവുമല്ല

സംവരണം ഔദാര്യമല്ല. അശരണര്‍ക്ക് കൊടുക്കുന്ന ആനുകൂല്യവുമല്ല. വിദ്യാഭ്യാസ അവകാശ ത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടതിനാല്‍ പിന്നോക്കം പോയ ഒരു ജനതയുടെ ഉന്നമനം ലകഷ്യമാക്കിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. നീതികേടിന്റെ ശാസനകളായ ഹൈന്ദവത, അത് ജനാധിപത്യ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പിടിച്ചടക്കിയ അധികാരമുപയോഗിച്ചാണ് ഒരു ജനതയെ വിദ്യാഭ്യാസം നേടുക എന്ന മനുഷ്യാവകാശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയത്. ജനാധിപത്യത്തിന്റെ കാലത്ത് അവകാശം എല്ലാ ജനതക്കും തുല്യമാണ്. വിദ്യാഭ്യാസം തഴയപ്പെട്ടവര്‍ക്ക് സമൂഹ്യ വ്യവസ്ഥയില്‍ തുല്യാവകാശം പ്രദാനം ചെയ്യുന്നതാണ് സംവരണം. അത് അമേരിക്കയിലെ 'നിയന്ത്രണ സന്തുലങ്ങള്‍'ക്ക് തുല്യമാണ്. അതായത് വെള്ളക്കാരുടേയും കറുത്തവര്‍ഗക്കാരുടേയും നേറ്റീവ് അമേരിക്കന്‍സിന്റേയും മറ്റ് കുടിയേറ്റ വിഭാഗങ്ങളുടേയും അധികാരത്തിലുള്ള തുല്യ പങ്കാളിത്തത്തെയാണ് നിയന്ത്രണ സന്തുലനം എന്ന പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. സംവരണ വിഭാഗത്തിനിടയിലും 'മെറിറ്റ്' പരിഗണനയുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 'അസ്പൃശ്യര്‍ക്ക് സംവരണം അനുവദിച്ചാല്‍ അവരിലെ കഴിവുള്ളവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടും' എന്ന് നിരീക്ഷിച്ച ഡോ. അംബേഡ്കര്‍ തന്നെ ഈ വസ്തുതയുടെ ലക്ഷണവും ഉദാഹരണവുമായി നമ്മുടെ മുന്നിലുണ്ട്. സംവരണം എന്ന് കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്നവര്‍ക്ക് സംവരണത്തിലെ തോതിനെ കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? പട്ടികജാതി - വര്‍ഗക്കാര്‍ക്ക് 10% സംവരണമേയുള്ളൂ, ബാക്കി 90% സംവരണവും മറ്റുള്ളവരാണ് അനുഭവിക്കുന്നത്. ആ 90% അനുഭവിക്കുന്നവരാണ് 10% സംവരണാവകാശം അനുഭവിക്കുന്ന പട്ടികജാതി - വര്‍ഗക്കാര്‍ക്കു നേരേ വാളോങ്ങുന്നത്. സംവരണത്തെ എതിര്‍ക്കുന്നവര്‍ പട്ടികജാതി - വര്‍ഗക്കാര്‍ക്ക് വിദ്യാഭ്യാസം നല്കരുതെന്നും അവരെ എക്കാലവും തങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുന്ന അടിമവര്‍ഗമായി നിലനിലനിര്‍ത്തണമെന്നും ആഗ്രഹിക്കുന്നവരാണ്.

പട്ടികജാതി - വര്‍ഗം എന്നു പറഞ്ഞാല്‍ എന്താണെന്നാണ് സംവരണ വിരുദ്ധരുടെ വിചാരം?

ആനുകൂല്യം പറ്റികളായ ഹീനജാതിക്കാര്‍ എന്നാണോ? അതോ, തങ്ങളുടെ മാത്രം അവകാശമായ 100% അധികാരത്തില്‍ നിന്ന് അന്യായമായി വിഹിതം പറ്റിയ ജനാധിപത്യ വിരുദ്ധരാണെന്നോ? ഇതൊക്കെയാണ് ധാരണയെങ്കില്‍ അത് എത്രയും വേഗം തിരുത്തുക. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണഘടനയിലാണ് ആ പ്രയോഗം ആദ്യം വരുന്നത്. അവര്‍ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും പാഴ്‌സികളേയും സിക്കുകാരേയും പ്രത്യേക ജനവിഭാഗങ്ങളായി പരിഗണിച്ചപ്പോള്‍ ഇതിലൊന്നിലും ഉള്‍പ്പെടുത്താനാവാതെ ബാക്കി വന്ന വിഭാഗങ്ങളെ പ്രത്യേകം 'പട്ടിക'പ്പെടുത്തി. അങ്ങനെയാണ് ആ പ്രയോഗം നിലവില്‍ വന്നത്. പട്ടികപ്പെടുത്തിയ സമുദായങ്ങള്‍ അസ്പൃശ്യ രുടേയും ആദിവാസികളുടേതുമായിരുന്നു. ഇവരാണ് വിദ്യാഭ്യാസ അവകാശം തടയപ്പെട്ട ദേശിക ജനത. ഇവിടെ ഇക്കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന വിശാലമായ കാഴ്ച്ചപ്പാടും ശ്രദ്ധിക്കേണ്ടതാണ്. അതായത് അസ്പൃശ്യരെ അവര്‍ ഹിന്ദുവിന്റെ ഭാഗമായി കണ്ടിരുന്നില്ല. അസ്പൃശ്യര്‍ ഹിന്ദുക്കളാണെങ്കില്‍ ഹിന്ദു അനുഭവിക്കുന്ന സര്‍വിധ അവകാശങ്ങളും എല്ലാ ഹിന്ദുക്കളിലും തുല്യമായിരിക്കണമല്ലോ?

എന്താണ് മണ്ഡല്‍ കമ്മീഷന്‍ ?

സംവരണവിരുദ്ധര്‍ ഇപ്പോഴും കരുതിയിരിക്കുന്നത് അത് പട്ടികജാതി - വര്‍ക്കാരുടെ സംവരണ തോത് വര്‍ദ്ധിപ്പിക്കാനുള്ള ഏര്‍പ്പാടാണെന്നാണ്. വാസ്തവം അവര്‍ മനസിലാക്കട്ടെ. അത് പിന്നോക്ക വിഭാഗങ്ങളെ സംവരണത്തിലൂടെ പുരോഗതിയിലെത്തിക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ്. 1979 ല്‍ ജനതാ പാര്‍ട്ടി ഇന്ത്യ ഭരിക്കുമ്പോള്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് പിന്നോക്കക്കാരില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി, ഇടക്കാലത്ത് ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ബിന്ദേശ്വരി പ്രസാദ് മണ്ഡലിനെ അധ്യക്ഷനായി ഒരു കമ്മീഷനെ നിയോഗിച്ചത്. പിന്നോക്കക്കാര്‍ക്ക് 27 % സംവരണം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മൊറാര്‍ജി ദേശായി ഗവണ്മെന്റോ തുടര്‍ന്ന് വന്ന ഇന്ദ്രിരാ ഗാന്ധിയോ രാജീവ് ഗാന്ധിയോ തയാറായില്ല. എന്നാല്‍ 1990 ല്‍ പ്രധാനമന്ത്രി യായിരുന്ന വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയാറായി. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തി. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യയാകെ കലുഷിതമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എങ്കിലും പിന്നോക്കക്കാരെ കണ്ടെത്തുന്ന നടപടി തുടരാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നവംബര്‍ ഏഴിന് പിന്നോക്ക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി വി പി സിംഗ് അവതരിപ്പിച്ച വിശ്വാസപ്രമേയം 346 ന് എതിരേ 142 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു! സംവരണത്തെ എതിര്‍ത്ത് വോട്ടു ചെയ്ത 346 പേരില്‍ 116 എം പി മാര്‍ പിന്നോക്കക്കാരായിരുന്നു! സ്വന്തം സമൂഹത്തെ ഒരു വലിയ പരിഥിയോളെമെങ്കിലും സംരക്ഷിക്കു മായിരുന്ന, സംവരണാര്‍ഹരായ പിന്നോക്കക്കാര്‍ സംവരണത്തെ എതിര്‍ത്താണ് വോട്ടുചെയ്തത് എന്ന വസ്തുത സംവരണാവകാശ സമരചരിത്രത്തിലെ ഏറ്റവും നാണംകെട്ട വശമാണ്. ആ അവരാണ് ഇന്ന് പട്ടികജാതി - വര്‍ഗക്കാരെ ഉദ്ദേശിച്ച് 'പട്ടിക്കും പൂച്ചക്കും' മാത്രമുള്ളതാണ് സംവരണം എന്ന് അധിക്ഷേപിക്കുന്നത്.

വാല്‍ക്കഷണം:

കേരളത്തിലെ പിന്നോക്കാരും മണ്‍പാത്രനിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചവരുമായ വേളാര്‍ സമുദായക്കാരുടെ സംഘടനാ സമ്മേളനത്തില്‍ പ്രസംഗിച്ച എംഎല്‍എ എം സ്വരാജ്, വേളാര്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. വേളാര്‍ സമുദായത്തെ പട്ടികജാതി - വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്ന് ആരും പറയാനിടയില്ല. പക്ഷെ സംവരണം ലക്ഷ്യമാക്കിയാണ് ഇങ്ങനെ ഒരു പ്രഖ്യാപനം എം സ്വരാജ് നടത്തിയിട്ടുള്ളതെങ്കില്‍ അവര്‍ക്കുള്ള സംവരണം പട്ടികജാതി - വര്‍ഗത്തിനുള്ള 10% ല്‍ നിന്നാണോ, മറ്റുള്ളവര്‍ക്കുള്ള 90% ല്‍ നിന്നാണോ ലഭ്യമാക്കുക എന്ന കാര്യം തുറന്നു പറയുക തന്നെ വേണം. അല്ലാത്ത പക്ഷം വേളാര്‍ സമുദായത്തെ ഒരു ജനപ്രതിനിധി വഞ്ചിക്കുകയാണെന്ന് വിലയിരുത്തേണ്ടി വരും. പട്ടിക ജാതി - വര്‍ഗ ലിസ്റ്റ് വിപുലമാകുന്നതോടെ സംവരണ തോതും വര്‍ദ്ധിപ്പിക്കേണ്ടേ?


* 'ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍' കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്. (വാല്യം 17)
* 'ഇരുപതാം നൂറ്റാണ്ട്' വര്ഷാനുചരിതം' ഡി സി ബുക്‌സ് കോട്ടയം.
* 'സംവരണത്തിന്റെ രാഷ്ട്രീയം' രാജഗോപാല്‍ വാകത്താനം.
* 'ചരിത്രം നഷ്ടപ്പെട്ടവര്‍' ബി ആര്‍ പി ഭാസ്‌കര്‍